കാഞ്ഞാർ: വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്ന ജല അഥോറിറ്റിയുടെ കാഞ്ഞാർ പാലത്തോട് ചേർന്നുള്ള പമ്പ് ഹൗസിലേക്കുള്ള വലിയ പൈപ്പ് തകർന്നു. കാഞ്ഞാർ പാലത്തിനു സമാന്തരമായി നടപ്പാലം നിർമിക്കുന്നതിനായി എത്തിച്ച ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് നീക്കിയപ്പോഴാണ് പ്രധാന പമ്പിംഗ് ലൈൻ തകർന്നത്.
ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾക്കായി മലങ്കര ഡാം തുറന്ന് വിട്ടിരുന്നതിനാൽ ദിവസങ്ങളായി പമ്പിംഗ് ചെറിയ തോതിലാണ് നടത്തിയിരുന്നത്. ഇന്നലെ ഉച്ചയോടെ തകർന്ന പൈപ്പ് അറ്റകുറ്റപ്പണി നടത്തി പന്പിംഗ് നടത്തിയെങ്കിലും സമർദംമൂലം വീണ്ടും പൈപ്പ് പൊട്ടുകയായിരുന്നു.
അറ്റകുറ്റപ്പണിക്ക് ആവശ്യമായ പൈപ്പുകൾ എറണാകുളത്തുനിന്നുമേ ലഭിക്കുകയുള്ളൂവെന്നും ഇന്നു മാത്രമേ അറ്റകുറ്റപ്പണി നടക്കുകയുള്ളൂവെന്നും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തിയാലും ഈ ഭാഗം കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചാലേ പന്പിംഗ് നടക്കുകയുള്ളൂ. അതിനാൽ പ്രശ്നം പരിഹരിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് സൂചന.
ഞരളംപുഴ ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്ന് കുടിവെള്ളം ലഭിച്ചിരുന്ന വീടുകളിൽ വെള്ളം എത്താത്തത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കും.അറക്കുളം പഞ്ചായത്തിലേക്കുള്ള കുടിവെള്ള പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം മുടങ്ങിയിരുന്നു. ഇവിടെ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് വാർഡ് മെംബറും ഏതാനും ഗുണഭോക്താക്കളും ചേർന്ന് കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണി നടത്തുകയായിരുന്നു.
Tags : nattu vishesham Pipe bursts bridge construction