മിഥുനമാസ പൂജകള്‍ക്കായി നട തുറന്ന ഇന്നലെ വൈകുന്നേരം ശബരിമല സന്നിധാനത്തുണ്ടായ ഭക്തജനത്തിരക്ക്.
പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്ക് കാലത്ത് ഡോക്ടര്‍മാരെ വിട്ടുനല്‍കാനാകില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ എന്ന നിലയില്‍ ഡോ.കെ.ജെ. റീന പുറപ്പെടുവിച്ച ഉത്തരവ് വിവാദത്തില്‍. ആരോഗ്യ വകുപ്പിന്റെ ഡോക്ടര്‍മാരെ ശബരിമലയില്‍ നിയോഗിച്ചുവരുന്നത് സംസ്ഥാന ഗവണ്മെന്റാണ്. കാലങ്ങളായി തുടര്‍ന്നുവരുന്ന മാറ്റമില്ലാത്ത നയത്തിന്റെ ഭാഗമായ നടപടിക്രമങ്ങളാണ് ഡയറക്ടര്‍ പ്രത്യേക ഉത്തരവിലൂടെ തിരുത്താന്‍ ശ്രമിച്ചത്.
ഇനിമുതല്‍ ശബരിമല മണ്ഡലകാല ഡ്യൂട്ടിക്ക് ഡോക്ടര്‍മാരെ വിട്ടുനല്‍കാനാകില്ലെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന ഡോ.റീന ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് നല്കിയ കത്തില്‍ പ്രതിപാദിക്കുന്നത്്. ഡ്യൂട്ടിക്ക് എത്തുന്ന ഡോക്ടര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്യുന്നില്ലെന്നും യാത്രച്ചെലവ് നല്കുന്നതില് കാലതാമസം ഉണ്ടാക്കുന്നുവെന്നുമാണ് ഡയറക്ടറുടെ വാദം.
കോടതി ഡ്യൂട്ടിക്ക് ദിവസേന പോയി വരുന്ന നൂറുകണക്കിന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ആയതിന്റെ ചെലവ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് പാസാക്കി നല്‍കുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ്. ശബരിമലയില്‍ നിലനില്‍ക്കുന്ന സൗകര്യങ്ങള്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഒരേപോലെ ദേവസ്വം ബോര്‍ഡ് ഒരുക്കുന്നുണ്ട്.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തിരുന്ന് വിചിത്രമായ കുറ്റം കണ്ടെത്തിയ ഡോ. റീനയുടെ ഏകപക്ഷീയ നടപടിയില്‍ അന്വേഷണം ആവശ്യമാണെന്ന് സാമൂഹിക പ്രവര്ത്തകന് അഡ്വ. കളത്തൂര്‍ ജയസിംഗ് മുഖ്യമന്ത്രിക്കു നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
മാനദണ്ഡങ്ങളും ഭക്തജനങ്ങളുടെ താത്പര്യങ്ങളും ഹനിക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് പിറകില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്.
നിലവില്‍ റീന ഡയറക്ടര്‍ സ്ഥാനത്ത് ഇല്ലെങ്കില്‍കൂടി ഇത്തരം കാര്യങ്ങളില്‍ റീനയ്ക്ക് എതിരേ സമഗ്ര അന്വേഷണം ആവശ്യമാണ്. ശബരിമല മണ്ഡലകാല ഡ്യൂട്ടിക്ക് ആരോഗ്യവകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് കേഡര്‍ ഡോക്ടര്‍മാരെ നിയോഗിക്കണമെന്നും കളത്തൂര്‍ ജയസിംഗ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ പരിശോധിക്കാന്‍ ആവശ്യമായ ഡോക്ടര്‍മാരുടെ അഭാവം ആരോഗ്യവകുപ്പ് നേരിടുന്നു. എന്നാല്‍ രോഗികളെ ആശുപത്രികളില്‍ പരിശോധിക്കാന്‍ ഉത്തരവാദിത്വമില്ലാത്ത നൂറുകണക്കിന് ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പില്‍ വിവിധ അഡ്മിനിസ്ട്രേറ്റീവ് കേഡര്‍ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജയസിംഗ് പരാതിയില്‍ ചൂണ്ടിക്കാട്ടി.