പറവൂര്‍: സാധാരണക്കാരുടെ പ്രധാന ആശ്രയമായ പൊതുഗതാഗത സംവിധാനത്തെ ഏറ്റവും മികച്ച രീതിയില്‍ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. ആലുവ-പറവൂര്‍ റൂട്ടില്‍ പുതുതായി അനുവദിച്ച നാല് കെ.എസ്.ആര്.ടി.സി. ബസുകളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായ പഠനങ്ങള്‍ നടത്തി ഏറ്റവും പ്രഫഷണലായ രീതിയിലായിരിക്കും കെഎസ്ആര്‍ടിസിയെ മുന്നോട്ട് കൊണ്ടുപോവുക. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ഉറപ്പാക്കും. അടുത്ത ആറു മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയില്‍ വലിയ തോതിലുള്ള ഗുണപരമായ മാറ്റം ദൃശ്യമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിലെ പുതിയ സര്‍വീസുകളുടെ പരീക്ഷണം വിജയകരമായാല്‍ ഈ റൂട്ടില്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കും.ആലുവ-പറവൂര്‍ റൂട്ടില്‍ മാത്രമല്ല, കേരളത്തില്‍ എവിടെയെല്ലാം യാത്രാത്തിരക്കുണ്ടോ, എവിടെയൊക്കെയാണോ വണ്ടികളില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് അവിടെയെല്ലാം പുതിയ ബസുകള്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഓര്‍ഡിനറി ബസുകളും രണ്ട് ടൗണ്‍ ടു ടൗണ്‍ ബസുകളുമാണ് ഈ റൂട്ടില്‍ പുതുതായി ഓടിത്തുടങ്ങിയത്. പറവൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ രമേശ് ഡി. കുറുപ്പ്, നോര്‍ത്ത് പറവൂര്‍ അസിസ്റ്റന്റ്ട്രാന്സ്പോര്ട്ട് ഓഫീസര്‍ എ. അനില്‍ കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam