ഓച്ചിറ : ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളി പടനിലത്തു ഇന്നും നാളെയുമായി നടക്കും. ഓണാട്ടുകരയിലെ കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍പ്പെട്ട 52 കരകളില്‍നിന്നുള്ള മുന്നൂറോളം കളിസംഘങ്ങളാണ് പടനിലത്ത് ഏറ്റുമുട്ടുന്നത്.
ഓച്ചിറക്കളിക്കായി ഇടവം ഒന്നിന് കളരികളില്‍ വിളക്ക് തെളിച്ച് കളരിപൂജയും ആയുധപൂജയും ആരംഭിച്ചതാണ്. കളരിപരമ്പര ദൈവങ്ങളെ ധ്യാനിച്ച് ആശാന്മാര് യോദ്ധാക്കളില്‍ നിന്ന് ദക്ഷിണവാങ്ങി പരിശീലനം തുടങ്ങി.
ഇന്നലെ വൈകുന്നേരം പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളോടെ കളരികളില്‍ പൂജാദികര്‍മങ്ങള്‍ നടത്തി. ഇന്ന് രാവിലെ അങ്കച്ചമയങ്ങളോടെ യോദ്ധാക്കള്‍ ഘോഷയാത്രയോടെ പടനിലത്തേക്ക് നീങ്ങും. തുടര്‍ന്ന് ഉച്ചയോടെ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കുശേഷം ഘോഷയാത്ര നടക്കും.
കിഴക്കും പടഞ്ഞാറുമുള്ള ആല്‍ത്തറകള്‍, എട്ടുകണ്ടം, തകിടിക്കണ്ടം, ഒണ്ടിക്കാവ്, മഹാലക്ഷ്മി കോവില്‍, ഗണപതി ആല്‍ത്തറ എന്നിവിടങ്ങള്‍ വലംവെച്ച് ക്ഷേത്രഭരണസമിതി ഓഫീസിനു മുന്നിലെത്തും. തുടര്‍ന്ന് യോദ്ധാക്കള്‍ എട്ടുകണ്ടത്തിനു കിഴക്കും പടിഞ്ഞാറുമായി നിരന്ന് കരക്കളി നടത്തും. അതിനുശേഷം കുറച്ചുസമയം എട്ടുകണ്ടത്തിലും പോരാട്ടം നടത്തും. അതിനുശേഷം തകിടിക്കണ്ടത്തിലും കളി നടക്കും.
ഘോഷയാത്രയ്ക്ക് ഭരണസമിതി സെക്രട്ടറി ബി.എസ്. വിനോദ്, പ്രസിഡന്റ് രാജീവ് കടകംപള്ളി, ട്രഷറര്‍ സാഗര്‍ മക്കാടം, ഭരണസമിതി അംഗങ്ങള്‍, കരപ്രമാണിമാര്‍, സ്ഥാനികള്‍, ആശാന്മാര് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വിജയികള്‍ക്ക് ക്ഷേത്രഭരണസമിതി പാരിതോഷികം നല്കി ആദരിക്കും.
കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ ഇന്നു മുതല്‍ 19 വരെ വിപുലമായ രീതിയില്‍ കാര്‍ഷികമേളയും കന്നുകാലിപ്രദര്‍ശനവും നടക്കും. ഇതിനു പുറമേ കുടുംബശ്രീ, ഓച്ചിറ പഞ്ചായത്ത്, സിപിസിആര്‍ഐ, കാര്‍ഷിക സര്‍വകലാശാല എന്നിവയുടെ സഹകരണത്തോടെ വിവിധ സ്റ്റാളുകളും പടനിലത്തുണ്ടാകും. സ്റ്റാളുകളില്‍ കാര്‍ഷികപ്രദര്‍ശനവും വല്പനയും നടക്കും. മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലിപ്രദര്‍ശനം 17ന് നടക്കും.
ഓച്ചിറക്കളിക്കു മുന്നോടിയായി പടനിലവും പരിസരവും മാലിന്യമുക്തമാക്കി വൃത്തിയാക്കിയിട്ടുണ്ട്. ഓച്ചിറക്കളി പ്രധാനമായും നടക്കുന്ന എട്ടുകണ്ടവും തകിടിക്കണ്ടവും ശുചീകരിച്ചു. ചെളിയും മറ്റു മാലിന്യവും നീക്കംചെയ്തു. എട്ടുകണ്ടത്തിനു ചുറ്റും മണല്പാകി വൃത്തിയാക്കുകയും ചെയ്തു.
സൈന്യത്തോടൊപ്പം ഇറങ്ങിയ ധീരന്മാര്
കായംകുളം രാജ്യത്തെ ആക്രമിക്കാന്‍ തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡവര്‍മ ഇറങ്ങിയപ്പോള്‍ കളരിത്തറകളിലെ യോദ്ധാക്കള്‍ കായംകുളം രാജാവിന്റെ സൈന്യത്തോടൊപ്പം യുദ്ധത്തിനിറങ്ങി. രണ്ടാം കായംകുളം യുദ്ധത്തില്‍ രാജ്യത്തെ തിരുവിതാംകൂറില്‍ ചേര്‍ത്തു. കായംകുളം രാജാവിനെ സഹായിക്കാന്‍ അങ്കക്കച്ച കെട്ടിയിറങ്ങിയ കളരി യോദ്ധാക്കളുടെ ഓര്‍മയ്ക്കായാണ് എല്ലാവര്‍ഷവും ഓച്ചിറക്കളി നടക്കുന്നത്. ആയോധന കലയുടെ വൈഭവം പ്രകടമാകുന്ന ഓണാട്ടുകരയിലെ പ്രസിദ്ധിയാര്‍ജിച്ച ഓച്ചിറക്കളി ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്.
കളരിപ്പയറ്റിലെ അടവുകള്‍ തന്നെയാണ് ഓച്ചിറക്കളിക്കും പയറ്റുന്നത്. ആദ്യകാലങ്ങളില്‍ ഇരുതല മൂര്‍ച്ചയുള്ള കായംകുളം വാളും പരിചയും ഉപയോഗിച്ചിരുന്നു. 1857ല്‍ ഓച്ചിറകളിക്ക് മാരകായുധങ്ങള്‍ ഉപയോഗിക്കുന്നത് ദിവാന് നിരോധിച്ചു.
ഇപ്പോള്‍ അളക്കുകൊണ്ടുള്ള വാളും കൃത്രിമ പരിചയുമാണ് ഉപയോഗിക്കുന്നത്.
ഓടനാടിന്റെ പ്രതാപകാലത്ത് ഓച്ചിറയും ചക്കുവളളിയും ചെറിയനാടും നൂറനാടും കരുനാഗപ്പള്ളിയും കണ്ടിയൂരും പ്രധാന പടനിലങ്ങളായിരുന്നു. 52 കരകളില്‍ നിന്ന് നൂറുകണക്കിന് ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ അയ്യായിരത്തോളം അഭ്യാസികള്‍ രണ്ടു ദിവസത്തെ പയറ്റിനുവേണ്ടി എത്താറുണ്ടായിരുന്നു.
മുന്‍പൊക്കെ പടയാളികള്‍ക്ക് മുണ്ട് തറ്റുടുത്തതും തലയില്‍ കെട്ടുമായിരുന്നു വേഷമെങ്കില്‍ ഇപ്പോള്‍ അത് ബനിയനും ട്രൗസറിനും വഴിമാറിക്കൊടുത്തിരിക്കുകയാണ്.
Tags : Local News Nattuvishesham Kollam