മുനമ്പം ഹാർബറിൽ വള്ളങ്ങളിൽ നിന്നും ലേലം ചെയ്യാൻ ഇറക്കി വച്ച പൂവാലൻ ചെമ്മീൻ
വൈപ്പിൻ: ചെമ്മീൻ കയറ്റുമതി കുറവെങ്കിലും മൺസൂൺ കാല ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്നതോടെ ചെമ്മീനിന്റെ വില കുത്തനെ ഉയർന്നു. ഇപ്പോൾ പരമ്പരാഗത വള്ളങ്ങൾക്ക് ലഭിക്കുന്ന പൂവാലൻ, നാരൻ ചെമ്മീനുകൾക്ക് മാർക്കറ്റുകളിൽ വൻ വിലയാണ്.
ഇടത്തരം പൂവാലൻ ചെമ്മീൻ ഹാർബറുകളിൽ നിന്നും മൊത്ത വിലയ്ക്കെടുക്കുമ്പോൾ തന്നെ കിലോയ്ക്ക് 200 രൂപയ്ക്ക് മേൽ വില വരുന്നുണ്ട്. അതേപോലെ വലിയ നാരൻ ചെമ്മീന് 500 ഉം ചെറിയതിന് 220നു മേലും വിലയുണ്ട്. പുഴ, ചെമ്മീൻ കെട്ട് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന നാരൻ, ചൂടൻ, തെള്ളി ചെമ്മീനുകൾക്കും മാർക്കറ്റിൽ വൻ വിലയാണ്.
ടൂറിസം മേഖലയിലും ഹോട്ടൽ വ്യവസായത്തിലും ഉണ്ടായിട്ടുള്ള വളർച്ചയും ചെമ്മീനിന്റെ വിലവർധനയ്ക്ക് കാരണമായി മാർക്കറ്റുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നു. ഇനി ട്രോളിംഗ് നിരോധനം അവസാനിച്ച് ബോട്ടുകൾ കടലിൽ പോയി തുടങ്ങിയാൽ ചെമ്മീനിന്റെ വില കുറയുമെന്നും ഇവർ അഭിപ്രായപ്പെടുന്നു.
Tags : Local News Nattuvishesham Ernakulam