കാസര്‍ഗോഡ്: പാലിനും മുട്ടയ്ക്കും പാചകവാതകത്തിനും ഉള്‍പ്പെടെ തീവിലയായതോടെ വിദ്യാലയങ്ങളില്‍ ഭക്ഷണ വിതരണം പ്രതിസന്ധിയില്‍. സ്കൂള്‍ തുറന്ന് വിദ്യാര്‍ഥികള്‍ക്ക് രണ്ടു കറികളോടു കൂടിയ ഭക്ഷണം നല്കിത്തുടങ്ങിയെങ്കിലും സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍ വര്‍ധനയില്ലാത്തത് സ്കൂള്‍ അധികൃതരെ പ്രയാസത്തിലാക്കുന്നു. കഴിഞ്ഞ അധ്യയനവര്‍ഷത്തെ നിരക്കിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉച്ചഭക്ഷണത്തിനുള്ള പണം വിദ്യാലയങ്ങള്‍ക്കു നല്‍കുന്നത്. അന്നത്തേതിനേക്കാള്‍ സാധനങ്ങളുടെ വില വര്‍ധിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം 150 മില്ലി ലിറ്റര്‍ വീതം പാലും ആഴ്ചയില്‍ ഒരു ദിവസം മുട്ടയും നല്‍കണം. പാലിന് ഈ മാസം മുതല്‍ ലിറ്ററിനു 60 രൂപയാണ്. എന്നാല്‍ സ്കൂള്‍ അധികൃതര്‍ക്ക് പാലിനു ലിറ്ററിനു 52 രൂപ മാത്രമാണ് നല്‍കുന്നത്. ഒരു മുട്ടയ്ക്ക് ആറു രൂപ നിരക്കിലാണ് സര്‍ക്കാര്‍ നല്‍കുന്നത്.
വിപണിയില്‍ മുട്ടയ്ക്ക് ചില സമയങ്ങളില്‍ എട്ടുരൂപ വരെയാകാറുണ്ട്. പ്രീപ്രൈമറി-പ്രൈമറി വിദ്യാര്‍ഥിക്ക് 6.78 രൂപയും അപ്പര്‍ പ്രൈമറി വിദ്യാര്‍ഥിക്ക് 10.17 രൂപയുമാണ് ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുക. പാചകവാതക സിലിണ്ടറിന് ജൂണ്‍ മുതല്‍ 960 രൂപയാണ്. എന്നാല്‍ കഴിഞ്ഞ അധ്യയനവര്‍ഷം അവസാനിക്കുമ്പോള്‍ 930 രൂപയായിരുന്നു. 1200 വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ മാസത്തില്‍ 18 സിലിണ്ടറെങ്കിലും വേണം. പഴങ്ങള്‍, പച്ചക്കറികള്‍, വെളിച്ചെണ്ണ തുടങ്ങിയ എല്ലാം സാധനങ്ങള്‍ക്കു വില വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ അധ്യയന വര്‍ഷം ആഴ്ചയില്‍ ഒരു ദിവസം നല്കാന് നിര്‍ദേശിച്ചിരുന്ന വിവിധ തരത്തിലുള്ള ബിരിയാണികള്‍ ഇത്തവണ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പട്ടികയില്‍ വെജ് ബിരിയാണിയായി മാറി. കഴിഞ്ഞതവണ പല വിദ്യാലയങ്ങളിലും വിവിധ തരത്തിലുള്ള ബിരിയാണി നല്‍കിയിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ നല്കുന്ന നിരക്കിനേക്കാള്‍ കൂടുതല്‍ തുക ബിരിയാണിക്കു ചെലവാകുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. പ്രവൃത്തി ദിവസങ്ങളില്‍ 10-ാം ദിവസം വെജിറ്റബിള്‍ ബിരിയാണിയും ദാല്കുറുമ അല്ലെങ്കില്‍ മുട്ടക്കറിയും നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
ചോറിനു പുറമേ ചില ദിവസങ്ങളില്‍ കാരറ്റ് ചോറ്, നാരങ്ങ ചോറ്, തേങ്ങ ചോറ് എന്നിവയും ഇത്തവണത്തെ പട്ടികയിലുണ്ട്. ചക്കക്കുരു പുഴുക്ക്, കടല മസാല, കാബേജ് തോരന്‍, ചീര തോരന്‍, വന്‍പയര്‍ കറി, വാഴക്കൂമ്പ്, ചെുപര് തോരന്‍, വെജിറ്റബിള്‍ കുറുമ തുടങ്ങിയ വിവിധ തരത്തിലുള്ള കറികള്‍ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഫണ്ടിന്റെ ലഭ്യത അനുസരിച്ചും കുട്ടികളുടെ താത്പര്യം കണക്കിലെടുത്തും മത്സ്യം, മാംസം എന്നിവ മെനുവില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ കഴിഞ്ഞ അധ്യയനവര്‍ഷം ഭക്ഷണം നല്‍കാനായി കാസര്‍ഗോഡ് ജില്ലയില്‍ വിനിയോഗിച്ചത് 26 കോടിയിലേറെ രൂപയാണ്. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ മുഴുവന്‍ തുകയും സ്കൂള്‍ അധികൃതര്‍ക്ക് നല്‍കിയതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഉച്ചഭക്ഷണത്തിനായി 17 കോടിയോളം രൂപയും പാലും മുട്ടയും നല്‍കുന്നതിനായി ഒമ്പതു കോടിയിലേറെ രൂപയുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുകളായി ജില്ലയിലെത്തിയത്. മുന്‍കാലങ്ങളില്‍ ഉച്ചഭക്ഷണത്തിനു ആവശ്യമായ സാധനങ്ങള്‍ വാങ്ങിയ വകയിലുള്ള തുക കൃത്യസമയത്ത് സര്‍ക്കാരില്‍നിന്നു ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു.
സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് മധ്യവേനലവധി സമയത്ത് നല്‍കേണ്ടിയിരുന്ന സമാശ്വാസ തുക അവധി കഴിഞ്ഞിട്ടും കിട്ടിയില്ല. മാസത്തില്‍ 2000 രൂപ വീതം ഏപ്രില്‍, മേയ് മാസങ്ങളിലായി 4000 രൂപയാണ് നല്‍കേണ്ടത്. 97 പാചക തൊഴിലാളികളാണ് നിലവിലുള്ളത്. 500 വിദ്യാര്‍ഥികള്‍ ഉള്ള വിദ്യാലയങ്ങളില്‍ ഒരാളെയും അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാലയങ്ങളില്‍ രണ്ടു തൊഴിലാളികളെയുമാണ് നിയമിക്കേണ്ടത്.
Tags : nattu vishesham Equipment is expensive