തൊടുപുഴ: കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയുടെ സന്തുലനവും താളംതെറ്റുമ്പോള്‍ പ്രകൃതിയിലേക്കുള്ള മടക്കയാത്രയിലാണ് ഇടുക്കി ജില്ലയില്‍ ആലക്കോട് പഞ്ചായത്തിലെ ആനക്കയം, തലയനാട് പ്രദേശം. നയനമനോഹരമായ മലങ്കര ജലാശയത്തിനു സമീപം എംവിഐപി വക സ്ഥലത്ത് വച്ചുപിടിപ്പിച്ച മുളങ്കാടുകള്‍ ആരുടെയും മനംകവരും. പച്ചപ്പട്ട് വിരിച്ചപോലെ നില്ക്കുന്ന മുളങ്കാടുകള്‍ അത്ര ഹൃദയഹാരിയാണ്. ആലക്കോട് പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളുടെ സംഗമസ്ഥാനമായ ഇവിടം പ്രകൃതിക്ക് കുളിരേകി കുടചൂടി നില്‍ക്കുകയാണ്.
പച്ചപ്പിന്റെ ഈ കേദാരത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഒരുകോടി രൂപയുടെ ബജറ്റ് പദ്ധതിക്ക് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഒരു വര്‍ഷം മുമ്പ് രൂപം നല്‍കിയിരുന്നു. മുന്‍ സംസ്ഥാന ബജറ്റില്‍ ഇതിനുള്ള തുക വകയിരുത്തുകയും ചെയ്തിരുന്നു. ആനക്കയം-കോളപ്ര റോഡിന് ഇരുവശത്തുമായി പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ഈ മുളങ്കാടുകള്‍ നല്കുന്ന സുഖശീതളിമ ഒന്നുവേറെ തന്നെ. മുളങ്കാടിന്റെ ഇളംതെന്നലേറ്റ് ദൃശ്യചാരുത നുകരാന്‍ ധാരാളം പേരാണ് ഇവിടെയെത്തുന്നത്.
സിനിമാ നിര്‍മാതാക്കളുടെയും അഭിനേതാക്കളുടെയും ഇഷ്ട ലൊക്കേഷനാണ് ഇവിടം. മലങ്കര ജലാശയത്തോട് ചേര്‍ന്നുനില്‍ക്കുന്ന മുളങ്കൂട്ടങ്ങളുടെ അഴകാണ് ഇവിടേക്ക് സിനിമാരംഗത്തുള്ളവരെ ഉള്‍പ്പെടെ ആകര്‍ഷിക്കുന്നത്. മുളങ്കാടുകള്‍ സംരക്ഷിച്ച് അടിസ്ഥാന സൗകര്യം ഒരുക്കി ഇവിടം മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കാനാണ് ലക്ഷ്യമിടുന്നത്. മുളങ്കാടുകള്‍ സംരക്ഷിക്കുന്നതിനൊപ്പം ചില്‍ഡ്രന്‍സ് പാര്‍ക്ക്, നടപ്പാതകള്‍, ഓപ്പണ്‍ ജിംനേഷ്യം എന്നിവ ഒരുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.പദ്ധതിയുടെ ഡിപിആര്‍ തയാറാക്കുന്നതിനു മുന്നോടിയായി മുന്‍ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി മുളങ്കാടുകള്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് വിശദമായ പദ്ധതിരേഖ തയാറാക്കാന്‍ നിര്‍ദേശവും നല്കി.
പിന്നീട് ഡിപിആര്‍ തയാറാക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപ നീക്കിവച്ചിരുന്നു. സര്‍ക്കാര്‍ ഫണ്ടിനു പുറമേ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൂടി ലഭ്യമാക്കി പദ്ധതി വിപുലമായി നടപ്പാക്കാനാണ് ആലോചന. മലങ്കര ജലാശയത്തിന്റെയും മുളങ്കാടിന്റെയും വശ്യത നുകരാന്‍ ധാരാളം സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.
Tags : nattu vishesham Green thorn forests