വണ്ടിപ്പെരിയാര്‍: വള്ളക്കടവില്‍ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന സഞ്ചാരികളെ കുമളിയിലെ ഓഫ് റോഡ് ജീപ്പ് ഡ്രൈവര്‍മാര്‍ മര്‍ദിച്ചു. സംഭവത്തില്‍ 20 പേര്‍ക്കെതിരേ കേസെടുത്തു. രണ്ടു പേരെ അറസ്റ്റ് ചെയ്തു.
മര്‍ദനമേറ്റ തൃശൂര്‍ സ്വദേശി ആശുപത്രിയില്‍ ചികിത്സ തേടി. ജീപ്പ് ഡ്രൈവര്‍മാരും കുമളി കൊല്ലം പട്ടട സ്വദേശികളും സഹോദരങ്ങളുമായ കലേഷ് കണ്ണന് (32), കാര്‍ത്തിക് കണ്ണന് (30) എന്നിവരെ വണ്ടിപ്പെരിയാര്‍ പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂരില്‍ നിന്ന് 27 പേരടങ്ങുന്ന സംഘമാണ് ബൈക്കുകളില്‍ സത്രം ഭാഗത്ത് സന്ദര്‍ശനത്തിനായി എത്തിയത്. ഓഫ് റോഡ് ജീപ്പുകള്‍ സവാരി നടത്തുന്ന റോഡിലൂടെ ബൈക്കുമായി എത്തിയത് ജീപ്പ് ഡ്രൈവര്‍മാര്‍ ചോദ്യം ചെയ്തു.
ഇതേത്തുടര്‍ന്ന് തര്‍ക്കവുമുണ്ടായി. ഇതിനുശേഷം ഇരുകൂട്ടരും പിരിഞ്ഞുപോയി. തുടര്‍ന്ന് ഡ്രൈവര്‍മാരുടെ യൂണിയന് നേതാക്കളിലൊരാള്‍ സഞ്ചാരികള്‍ താമസിച്ചിരുന്ന റിസോര്‍ട്ട് ഉടമയെ വിളിച്ച് അവരെ ഇറക്കിവിടണമെന്ന് നിര്‍ദേശിച്ചു. ഇതിന് തയാറാകാതെ വന്നതോടെ അഞ്ചു പേരടങ്ങുന്ന സംഘം റിസോര്‍ട്ടിലെത്തി. പുറത്തുനിന്നിരുന്ന സഞ്ചാരികളിലൊരാളെ മര്‍ദിച്ചു.
സഞ്ചാരികളെയും ഉടമയെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മര്‍ദനമേറ്റ തൃശൂര്‍ സ്വദേശി അനീഷ് (26)നല്കിയ പരാതിയില്‍ കേസെടുത്ത വണ്ടിപ്പെരിയാര്‍ പോലീസ് മുഖ്യപ്രതികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു.ആക്രമണത്തിനു കൂട്ടുനിന്ന ബാക്കിയുള്ളവരെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചു.
Tags : nattu vishesham jeep drivers beat tourists in Vandi Periyar