പാലത്തിന്റെ നിർമാണം നിലച്ച നിലയിൽ.
മുക്കൂട്ടുതറ: മുക്കൂട്ടുതറ - ചാത്തൻതറ റോഡിൽ പലകക്കാവിൽ തോടിന് കുറുകെയുള്ള പാലത്തിന്റെ നിർമാണം നിലച്ചിട്ട് ആറ് മാസം. ഇതോടെ അക്കരെ കടക്കാൻ രണ്ട് കിലോമീറ്റർ ചുറ്റി സഞ്ചരിച്ച് നാട്ടുകാർ.
വെച്ചൂച്ചിറ പഞ്ചായത്തിലെ അഞ്ചാം വാർഡായ ഓലക്കുളത്താണ് ഈ ദുരിതസ്ഥിതി. മുൻ റാന്നി എംഎൽഎയുടെ ഫണ്ടിൽ 20 ലക്ഷം ചെലവിട്ടാണ് നിർമാണം തുടങ്ങിയത്. തോടിന് കുറുകെയുണ്ടായിരുന്ന കലുങ്ക് പൊളിച്ചു മാറ്റിയ ശേഷം ഉയരമേറിയ നിലയിലാണ് പാലത്തിന്റെ ജോലികൾ തുടങ്ങിയത്. ഇരു വശങ്ങളിലും കോൺക്രീറ്റ് ഭിത്തികൾ നിർമിച്ച ശേഷം ജോലികൾ നിലയ്ക്കുകയായിരുന്നു. ഇനി പാലത്തിനുള്ള മേൽഭാഗം കോൺക്രീറ്റ് ചെയ്യാനുണ്ട്. ഒപ്പം ഇരു വശങ്ങളിലും അപ്രോച്ച് റോഡുകൾ നിർമിക്കുകയും വേണം.
കഴിഞ്ഞ ആറ് മാസമായി നിർമാണം മുടങ്ങിയത് മൂലം ജനങ്ങൾ കടുത്ത യാത്രാ ദുരിതം നേരിടുകയാണെന്ന് വാർഡ് അംഗം ഷിജി പറഞ്ഞു. ഇക്കാര്യത്തിൽ എംഎൽഎ അടിയന്തരമായി ഇടപെട്ട് നിർമാണം പുനരാരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.