പെരുമ്പാവൂരിൽ ടെലിവിഷൻ റിപ്പയറിംഗ് സെന്ററിൽ തീപിടിച്ചപ്പോൾ.
കൊച്ചി: പെരുമ്പാവൂരിൽ ടെലിവിഷൻ റിപ്പയറിംഗ് സെന്ററിൽ തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ചേലക്കുളം കാവുങ്ങൽപറമ്പിനു സമീപം പ്രവർത്തിക്കുന്ന താജുദീന്റെ ഉടമസ്ഥതയിലുള്ള ടിവി കെയർ എന്ന സ്ഥാപനത്തിലാണ് പുലർച്ചെ ഒന്നിനു തീപിടിച്ചത്.
വീടിനോടു ചേർന്നുള്ള കടയിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ സോളാർ ബാറ്ററിയിൽനിന്നു തീ ഉയരുകയായിരുന്നു. ഉടൻതന്നെ താജുദീൻ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഇൻവെർട്ടറും ബാറ്ററിയും പൊട്ടിത്തെറിച്ചു തീ പടരുകയായിരുന്നു. തുടർന്ന് തീ വീട്ടിലേക്കും പടർന്നു.
പട്ടിമറ്റം, പെരുമ്പാവൂർ, ആലുവ എന്നിവിടങ്ങളിൽനിന്നുള്ള നാല് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിൽ ലേസർ മെഷീൻ, ബോൾ സിംഗ് മെഷീൻ, 15 കെവി സോളാർ സിസ്റ്റം, ഏകദേശം 150 ടെലിവിഷനുകൾ, സ്പെയർ പാർട്സുകൾ എന്നിവയും ഉടമയുടെ വീടിന്റെ ഒരു ഭാഗവും കത്തിനശിച്ചു.
Tags : Fire Accident Service Centre Television Perumbavoor