സുകുമാര കുറുപ്പ്
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തള്ളിപോലീസ്. പ്രചരിക്കുന്ന വിവരങ്ങളിൽ വ്യക്തത വന്ന സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ബ്രൂണെയിൽ കണ്ടെത്തിയത് സുകുമാര കുറുപ്പിനെയല്ലെന്നും തൃശൂർ സ്വദേശിയാണെന്നും പോലീസ് സ്ഥിരീകരിച്ചു.
വ്യാജ പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കുറുപ്പിനെ കണ്ടെത്തിയെന്ന പ്രചാരണം പുറത്തുവന്നതിനു പിന്നാലെ ഇന്റർപോളിനെ സമീപിക്കുമെന്ന തരത്തിൽ ചർച്ചകൾ ഉണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ അന്തർദേശീയ ഏജൻസിയുടെ സഹായം തേടേണ്ടതില്ലെന്നാണ് ക്രൈംബ്രാഞ്ച് ഉന്നതവൃത്തങ്ങളുടെ വിലയിരുത്തൽ.
സൈബർ ഹാക്കറുടെ സഹായത്തോടെ ഇത്തരമൊരു പ്രചാരണം ഉണ്ടാകാമെന്ന മുന്നറിയിപ്പ് സ്പെഷ്യൽ ബ്രാഞ്ച് നേരത്തെ നൽകിയിരുന്നതായും പോലീസ് പറയുന്നു. അതിനാലാണ് തുടക്കം മുതൽ വിഷയത്തിൽ അമിതാവേശം കാണിക്കാതിരുന്നതെന്നും ഉന്നത പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
42 വർഷമായി പോലീസ് തെരയുന്ന പിടികിട്ടാപ്പുള്ളിയാണ് സുകുമാര കുറുപ്പ്. ഇന്റർപോളിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും കുറുപ്പ് ഇപ്പോഴും ഉൾപ്പെട്ടിട്ടുണ്ട്. രോഗബാധിതനായിരുന്ന കുറുപ്പ് മരിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ പോലീസ് നടത്തുന്നതിനിടെയാണ് ബ്രൂണെയിൽ കുറുപ്പിനെ കണ്ടെത്തിയെന്ന വെളിപ്പെടുത്തൽ പുറത്തുവന്നത്.
ബ്രൂണെയിൽ കണ്ടെത്തിയത് കുറുപ്പല്ലെന്ന് സ്ഥിരീകരിച്ചതോടെ വ്യാജ പ്രചാരണത്തിന്റെ ഉറവിടത്തിലേക്കാണ് ക്രൈംബ്രാഞ്ച് നീങ്ങുന്നത്. മുൻ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐയും കൊച്ചിയിലെ ഒരു സൈബർ വിദഗ്ധനും വെളിപ്പെടുത്തലിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
സുകുമാര കുറുപ്പിനെക്കുറിച്ചുള്ള അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും. കുറുപ്പിനെ കണ്ടെത്തിയെന്ന പേരിൽ നടന്ന വ്യാജ പ്രചാരണത്തിന്റെ ഉദ്ദേശ്യവും ഇതോടൊപ്പം അന്വേഷിച്ച് റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
Tags : Sukumara Kurup Fake News Kerala Police Crime Branch