ശിവഗിരിയിൽ നടന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
ശിവഗിരി (തിരുവനന്തപുരം): ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾ പ്രദാനം ചെയ്ത ഊർജമാണ് ഇന്നും കേരളത്തിലെ എല്ലാ സാമൂഹിക മുന്നേറ്റങ്ങളുടെയും ശക്തിയെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.
അഗാധമായ അറിവും തപസിലൂടെ നേടിയ ആത്മബലവും സമൂഹനന്മയ്ക്കായി വിനിയോഗിച്ച ത്യാഗിവര്യനായിരുന്നു ഗുരുവെന്നും സ്പീക്കർ പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ 172-ാമത് ജയന്തി ആഘോഷത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടന്ന ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതു മതത്തിൽപ്പെട്ട മനുഷ്യനും മനസിലും ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്നാവണം എന്നതായിരുന്നു ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന സന്ദേശത്തിന്റെ സാരം. മനുഷ്യൻ മനുഷ്യനെ അശുദ്ധവസ്തുവായി കരുതിയിരുന്ന അവസ്ഥ മാറ്റി, മാനവികതയുടെ സന്ദേശം മനുഷ്യഹൃദയങ്ങളിലെത്തിച്ച, കേരള സാമൂഹിക നവോത്ഥാനത്തിന്റെ പ്രയോക്താവായിരുന്നു ശ്രീനാരായണ ഗുരു. ഇന്നും സാമൂഹികനീതിക്കായുള്ള പരിശ്രമങ്ങളുടെ വലിയ പ്രേരകശക്തിയും അദ്ദേഹമാണ്.
വിദ്യാഭ്യാസപദ്ധതി മാതമല്ല, കാർഷിക-വ്യവസായ രംഗങ്ങളിൽ പുതിയ മാനങ്ങൾ സൃഷ്ടിക്കാനുള്ള ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസത്തെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ബാങ്കിംഗ്, വ്യാപാരം തുടങ്ങിയ മേഖലകളിലും മുന്നേറാൻ ആഹ്വാനം ചെയ്തു. സാമൂഹികനീതിയും സമത്വവും നേടിയെടുക്കാൻ ഗുരു സ്വീകരിച്ച മാർഗം ഒരിക്കലും ഏറ്റുമുട്ടലിന്റേതോ സംഘർഷത്തിന്റേതോ ആയിരുന്നില്ല. സമന്വയത്തിലൂടെയും സ്വാശ്രയത്വത്തിലൂടെയുമാണ് സമത്വം കൈവരിക്കേണ്ടതെന്ന് നമ്മെ പഠിപ്പിച്ചു. രക്തരഹിതമായ സാമൂഹിക വിപ്ലവമാണ് ഗുരു വിഭാവന ചെയ്തതെന്നും സ്പീക്കർ പറഞ്ഞു.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എംപി, വി. ജോയി എംഎൽഎ, സ്വാമി ശുഭാംഗാനന്ദ, സ്വാമി വിരജാനന്ദഗിരി, സ്വാമി ശാരദാനന്ദ, വർക്കല നഗരസഭാ ചെയർപേഴ്സണ് ഗീതാ ഹേമചന്ദ്രൻ, കെ.ജി. ബാബുരാജൻ, ബി. ജയപ്രകാശ് കല്ലന്പലം എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന സമ്മേളനങ്ങളിൽ മന്ത്രിമാരായ എം. ലിജു, ബിന്ദു കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
Tags : Energy Imparted Strength Speaker ThiruvanchoorRadhakrishnan SreeNarayanaGuru Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash