ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്ററിന്റെ ആശീർവാദകർമം മാർ റാഫേൽ തട്ടിൽ നിർവഹിക്കുന്നു.
കൊച്ചി: സീറോമലബാർ സഭയുടെ വിശ്വാസ പാരമ്പര്യം, ചരിത്രം, ആരാധനാപാരമ്പര്യം, സംസ്കാരം, കലാപൈതൃകം എന്നിവ സംരക്ഷിക്കുകയും പഠിക്കുകയും ഗവേഷണം നടത്തുകയും വരുംതലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നതിനായി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സജ്ജമാക്കിയ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്ററിന്റെ ആശീർവാദം നടന്നു.
മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ആശീർവാദകർമം നിർവഹിച്ചു. സഭയുടെ 34-ാമത് മെത്രാൻ സിനഡിൽ പങ്കെടുക്കാനെത്തിയ എല്ലാ മെത്രാന്മാരും പങ്കെടുത്തു.
മുൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും മെത്രാന്മാരും ചേർന്നാണ് സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. സഭയുടെ സമ്പന്നമായ പൈതൃകവും ചരിത്രസ്മരണകളും ശാസ്ത്രീയമായി രേഖപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനൊപ്പം ഗവേഷകർക്കും വിദ്യാർഥികൾക്കും വിശ്വാസികൾക്കും പഠനത്തിനാവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനായി ഹിസ്റ്റോറിക്കൽ ലൈബ്രറിയും ഡിജിറ്റൽ ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.
മ്യൂസിയോളജിസ്റ്റ് ഡോ. ജോൺ ഫിലിപ്പോസിന്റെ നേതൃത്വത്തിലാണ് സെന്റ് തോമസ് ഹെറിറ്റേജ് സെന്റർ വിഭാവനം ചെയ്ത് സജ്ജീകരിച്ചിരിക്കുന്നത്. സീറോമലബാർ സഭയുടെ ചരിത്രവും പൈതൃകവും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ രേഖപ്പെടുത്തുകയും പഠനവിധേയമാക്കുകയും ചെയ്യുന്ന പ്രധാന കേന്ദ്രമായി സെന്റർ മാറും.
ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ, ഫാ. ഡോ. ജോബിൻ കാഞ്ഞിരത്തിങ്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
മാർത്തോമാ ശ്ലീഹായുടെ ഇന്ത്യയിലെ സുവിശേഷപ്രഘോഷണ പാരമ്പര്യം മുതൽ സീറോ മലബാർ സഭയുടെ വളർച്ചയുടെയും വിശ്വാസജീവിതത്തിന്റെയും വിവിധ ഘട്ടങ്ങളുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ, പൈതൃകവസ്തുക്കൾ, ആരാധനയ്ക്കുള്ള ഉപകരണങ്ങൾ, കലാസൃഷ്ടികൾ തുടങ്ങിയവ സംരക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നതിനായി സെന്റ് തോമസ് ഹെറിറ്റേജ് മ്യൂസിയവും ഹെറിറ്റേജ് സെന്ററിലുണ്ടാകും.
സഭയുടെ ചരിത്രവും പൈതൃകവും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്ന സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മ്യൂസിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടക്കും.
Tags : SyroMalabar Heritage&ResearchCenter Blessed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash