പ്രതീകാത്മക ചിത്രം
കാഠ്മണ്ഡു: മോർച്ചറികൾ നിറഞ്ഞ് മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാതെ സങ്കടക്കാഴ്ചയായി നേപ്പാൾ. കാണാതായവരുടെ മൃതദേഹങ്ങൾ കിലോമീറ്ററുകൾ അപ്പുറത്തുനിന്നുമാണ് രക്ഷാപ്രവർത്തകർ കണ്ടെത്തുന്നത്.
റസുവ, നുവാക്കോട്ട് ജില്ലകളിൽനിന്നു കാണാതായവരുടെ മൃതദേഹങ്ങൾ ചിത്വാൻ, തനഹുൻ, നവാൽപരാസി, ഗൊർഖ തുടങ്ങിയ ജില്ലകളിൽനിന്നാണ് കണ്ടെത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചിത്വാനിൽ നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയതോടെ ഇവിടെ മോർച്ചറി സംവിധാനം പോരാതെയായി.
ഇതോടെ ഭരത്പുരിൽ അധികൃതർ താത്കാലിക സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ്. റസുവ, നുവകോട്ട്, ഗോർഗ തുടങ്ങിയ ജില്ലകളിൽനിന്ന് കാണാതായവരുടെ മൃതദേഹങ്ങൾ തെരഞ്ഞ് ബന്ധുക്കൾ ചിത്വാനിലേക്ക് ഒഴുകിയെത്തുകയാണ്. ചിത്വാനിലെ ആശുപത്രികളിൽ 50 മൃതദേഹങ്ങൾ വരെ സൂക്ഷിക്കാൻ കഴിയും.
താത്കാലിക മോർച്ചറികളിൽ ഏകദേശം 250 മൃതദേഹങ്ങൾ സൂക്ഷിക്കാൻ സാധിക്കുമെന്നും അധികൃതർ പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിൽനിന്നു പൊഖാരയിലേക്കു കൂടുതൽ മൃതദേഹങ്ങൾ എത്തിച്ചതോടെ ഇവിടെയും മോർച്ചറി സംവിധാനത്തിന്റെ പരിധി കഴിഞ്ഞു.
ഇവിടെ ആകെ 88 മൃതദേഹങ്ങൾ മാത്രമാണു സൂക്ഷിക്കാൻ കഴിയുക. എന്നാൽ തനാഹുൻ, ഗോർഖ, നവാൽപരസി ഈസ്റ്റ്, ധാഡിംഗ് എന്നിവിടങ്ങളിൽനിന്ന് ആകെ 93 മൃതദേഹങ്ങൾ പൊഖാരയിലേക്കു കൊണ്ടുവന്നതായി പറയുന്നു.
തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ അനിശ്ചിതമായി സൂക്ഷിക്കാൻ കഴിയില്ലെന്നും ബന്ധുക്കളെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ മറവുചെയ്യാൻ അധികൃതർ തയാറെടുക്കുകയാണെന്നും കാസ്കി പോലീസ് മേധാവി നബിൻ കാർക്കി പറഞ്ഞു.
Tags : NepalFloods Mortuaries Overflow Bodies PiledIp Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash