റെയിൽ വൺ ആപ്പ്
കോഴിക്കോട്: ഒറ്റ ആപ്പിൽ റെയിൽവേയുടെ മുഴുവൻ സേവനങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ അവതരിപ്പിച്ച റെയിൽ വൺ ആപ്പില്‍ കുടുങ്ങി യാത്രക്കാര്‍.
അറ്റകുറ്റപ്പണിയുടെ പേരിൽ രാത്രികാലങ്ങളിൽ സേവനങ്ങൾ നിർത്തിവയ്ക്കുന്നതു പതിവാകുന്നതോടെ അടിയന്തര യാത്രകൾക്കു ടിക്കറ്റ് ബുക്ക് ചെയ്യേണ്ടവരടക്കം ദുരിതത്തിലാകുകയാണ്. മറ്റു റെയിൽവേ സേവനങ്ങളും ഒരേ സമയം തടസപ്പെടുന്നതിനാൽ യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ പോലും ലഭിക്കാതെ വരുന്ന സാഹചര്യവുമുണ്ട്.
2026 മാർച്ചോടെ റെയിൽവണ്ണിന് 2.57 കോടി ഡൗൺലോഡുകൾ ലഭിച്ചതായാണ് കണക്ക്. പ്രതിദിനം ശരാശരി 7.64 ലക്ഷം ടിക്കറ്റുകൾ ഇതിലൂടെ ബുക്ക് ചെയ്യുന്നുണ്ട്. ഇത്രയേറെ ഉപയോക്താക്കളും ഇടപാടുകളുമുള്ള സംവിധാനമാണ് ഇടയ്ക്കിടെ അറ്റകുറ്റപ്പണിയുടെ പേരിൽ നിർത്തിവയ്ക്കുന്നത്. വ്യാഴാഴ്ച രാത്രി മുതല്‍ പുലര്‍ച്ചെവരെ മണിക്കൂറുകളോളമാണ് ആപ്പ് പണിമുടക്കിയത്.
അസൗകര്യത്തിൽ ഖേദിക്കുന്നുവെന്ന ഒറ്റവരി അറിയിപ്പിൽ പ്രശ്നം അവസാനിപ്പിക്കാതെ ആവർത്തിച്ചുള്ള സേവന തടസങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാണു യാത്രക്കാരുടെ ആവശ്യം. റെയിൽവേ സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുകയെന്ന ലക്ഷ്യത്തോടെ 2025 ജൂലൈ ഒന്നിനാണ് റെയിൽ വൺ അവതരിപ്പിച്ചത്. ഐആർസിടിസി റെയിൽ കണക്ട്, മൊബൈൽ യുടിഎസ്, എൻടിഇഎസ് തുടങ്ങിയ വിവിധ ആപ്പുകളിലെ സേവനങ്ങൾ ഏകോപിപ്പിച്ചാണ് പുതിയ സംവിധാനം ഒരുക്കിയത്.
റിസർവ്ഡ്, അൺറിസർവ്ഡ് ടിക്കറ്റ് ബുക്കിംഗ്, ട്രെയിനുകളുടെ തത്സമയ വിവരങ്ങൾ, പിഎൻആർ പരിശോധന, കോച്ച് സ്ഥാനവിവരം, ഭക്ഷണം ഓർഡർ ചെയ്യൽ, പരാതി രജിസ്ട്രേഷൻ, റീഫണ്ട്, ഡിജിലോക്കർ ബന്ധിപ്പിക്കൽ, താമസസൗകര്യ ബുക്കിംഗ്, തുടങ്ങിയ സേവനങ്ങൾ ഒറ്റ ആപ്പിൽ ലഭ്യമാക്കുകയാണു റെയിൽവണ്ണിന്റെ സവിശേഷത.
Tags : Passengers Stuck RailOne App Services Delayed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash