മിന്നൽപ്രളയത്തിൽ മരിച്ചവരുടെ ബന്ധുക്കൾ ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിംഗ് ആശുപത്രിക്കു മുമ്പിൽ പരസ്പരം ആശ്വസിപ്പിക്കുന്നു.
കാഠ്മണ്ഡു: മിന്നൽപ്രളയം നാശം വിതച്ച നേപ്പാളിൽ മരണം 579 ആയി. വിദേശികളടക്കം രണ്ടായിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ടിബറ്റൻ അതിർത്തിയിൽ രൂപംകൊണ്ട തടാകം ഏതു നിമിഷവും തകരാമെന്ന് നേപ്പാൾ അധികൃതർ മുന്നറിയിപ്പു നൽകി. ഇതു വീണ്ടും മിന്നൽപ്രളയത്തിനു കാരണമാകുമെന്നാണ് ആശങ്ക.
ബുധനാഴ്ച റസുവ ജില്ലയിലാണു മിന്നൽപ്രളയമുണ്ടായത്. മധ്യനേപ്പാളിലൂടെ കുതിച്ചൊഴുകിയ പ്രളയജലം സർവവും തുടച്ചുനീക്കി. ആയിരക്കണക്കിനു വീടുകളും ഒട്ടേറെ റോഡുകളും പാലങ്ങളും ജലവൈദ്യുത പദ്ധതികളും തകർന്നു. പ്രളയം തകർത്തെറിഞ്ഞ പ്രദേശങ്ങളിലേക്കു ഗതാഗതം പുനഃസ്ഥാപിക്കാൻ 42 ബെയ്ലി പാലങ്ങൾ നിർമിക്കാൻ ഇന്ത്യയോടും ചൈനയോടും നേപ്പാൾ സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. മൂന്നു ഡസനിലേറെ പാലങ്ങളാണ് പ്രളയത്തിൽ തകർന്നത്.
രക്ഷാപ്രവർത്തനം മൂന്നാം ദിവസവും അവിരാമം തുടരുകയാണ്. തകർന്ന റോഡുകളും പാലങ്ങളും രക്ഷാപ്രവർത്തനത്തിനു തടസം സൃഷ്ടിക്കുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണു രക്ഷാദൗത്യം മുന്നേറുന്നത്. 15,000ത്തിലേറെ സുരക്ഷാ സൈനികർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്. ഇതുവരെ 4500 പേരെ രക്ഷപ്പെടുത്തി. ഇവരിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്.
എട്ടു ജില്ലകളിലാണ് മിന്നൽപ്രളയം നാശം വിതച്ചത്. ഇന്ത്യൻ അതിർത്തിയോടു ചേർന്നുള്ള ചിത്വൻ ജില്ലയിൽനിന്നു മാത്രം 233 മൃതദേഹം കണ്ടെടുത്തു. നേപ്പാളിലെ മിക്ക മേഖലകളിലും ആശുപത്രിമോർച്ചറികൾ മൃതദേഹങ്ങൾകൊണ്ടു നിറഞ്ഞിരിക്കുകയാണ്. മിന്നൽപ്രളയമുണ്ടായ റസുവയിൽനിന്ന് 200 കിലോമീറ്റർ അകലെനിന്നു വരെ മൃതദേഹങ്ങൾ കണ്ടെടുത്തു.
ബിഹാറിൽ ഗണ്ഡക് നദിയിൽനിന്നു വ്യാഴാഴ്ച നാലു മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. നേപ്പാളിൽനിന്ന് ഒഴുകിയെത്തിയതാണ് ഇവയെന്നാണു നിഗമനം. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. ടിബറ്റിൽ ഇതുവരെ അഞ്ചുപേർ മരിച്ചതായി ചൈനീസ് അധികൃതർ അറിയിച്ചു. 558 പേരെ കണ്ടെത്താനുണ്ട്.
85 ഇന്ത്യക്കാരുൾപ്പെടെ 129 വിദേശ ടൂറിസ്റ്റുകളെ വിവിധ മേഖലകളിൽനിന്നു രക്ഷപ്പെടുത്തിയെന്ന് നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു. 36 രാജ്യങ്ങളിലെ 575 വിനോദസഞ്ചാരികളാണു മിന്നൽപ്രളയത്തിൽ കാണാതായത്.
Tags : NepalFloods FlashFloods Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash