കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല
റിമിനി (ഇറ്റലി): വെസ്റ്റ് ബാങ്ക് ഇപ്പോൾ ഒരു ‘നിയമരഹിത ഭൂമി’യായി മാറിയിരിക്കുകയാണെന്ന് ജറൂസലെമിലെ ലത്തീൻ പാത്രിയാർക്കിസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. അവിടെ കുടിയേറ്റക്കാരും പലസ്തീൻ ജനതയും തമ്മിലുള്ള സംഘർഷങ്ങൾ നിരന്തരം വർധിച്ചുകൊണ്ടിരിക്കുന്നു.
ഫലപ്രദമായ സുരക്ഷാ-നിയമ തടസങ്ങളൊന്നുമില്ലാതെയാണ് ഈ സാഹചര്യം തുടരുന്നതെന്നും ‘ജനങ്ങളുടെ സൗഹൃദത്തിനായുള്ള റിമിനി മീറ്റിംഗി’ന്റെ അവസാനദിന സന്ദേശത്തിൽ കർദിനാൾ പറഞ്ഞു.
അധിനിവേശത്തിന്റെയും അക്രമത്തിന്റെയും പശ്ചാത്തലത്തിൽ, അപരവത്കരണത്തെ എതിർത്തുകൊണ്ടും ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണച്ചുകൊണ്ടും അടിത്തട്ടിൽനിന്ന് പ്രത്യാശ വളർത്തിയെടുക്കേണ്ടതിന്റെയും മതാന്തര സംഭാഷണം പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.കുടിയേറ്റക്കാരുടെ നിരന്തരമായ അക്രമത്തിന്റെ ഒരു സാഹചര്യം നിലനിൽക്കുന്നു എന്നത് വ്യക്തമായ വസ്തുതയാണ്.
പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ കാഴ്ചപ്പാട് അൽപ്പം വിശാലമാക്കാനും പുതിയ സാധ്യതകൾ സൃഷ്ടിക്കാനും കൂടുതൽ ശക്തമായ നയതന്ത്ര ശ്രമങ്ങളിലൂടെ ഈ തകർച്ച തടയാൻ സഹായിക്കാനും ശ്രമിക്കണം. എന്തു ബലഹീനതകളുണ്ടെങ്കിലും, ആയുധങ്ങളും അക്രമങ്ങളും സൈനിക ശക്തിയും ഒഴിവാക്കി സംഘർഷം പരിഹരിക്കാൻ ശ്രമിക്കാനുള്ള ഏക വഴി നയതന്ത്രം മാത്രമാണെന്ന് കർദിനാൾ ചൂണ്ടിക്കാട്ടി.
ഗാസയിലേക്കും അദ്ദേഹം ശ്രദ്ധ തിരിച്ചു. അവിടെ കാര്യങ്ങൾ വളരെ ദാരുണമായി അധഃപതിച്ചിരിക്കുന്നു, മനുഷ്യത്വപരമായ വീക്ഷണകോണിൽനിന്ന് നോക്കുമ്പോൾ അത് വലിയ തകർച്ചയിലാണ്. എങ്കിലും, രാഷ്ട്രീയമായി അവിടെ ഒട്ടേറെ ചർച്ചകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ചു വ്യക്തമാക്കിയ ഇസ്രായേലും പലസ്തീനും ഉൾപ്പെടുന്ന ദ്വിരാഷ്ട്ര പരിഹാരം, ഇസ്രേലികൾക്കും പലസ്തീനികൾക്കും തങ്ങളുടെ സ്വന്തം മണ്ണിൽ ഒരു വീടുണ്ടെന്ന് അംഗീകരിക്കാനുള്ള ഏക വഴിയാണ്- അദ്ദേഹം പറഞ്ഞു.വൈകാതെതന്നെയോ അല്ലെങ്കിൽ പിന്നീടോ മാർപാപ്പ വിശുദ്ധ നാട്ടിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
Tags : WestBank IllegalLand CardinalPisaballa Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash