പുലിക്കളിക്കു മുന്നോടിയായി വിയ്യൂർ ദേശം ഒരുക്കിയ ചമയപ്രദർശനം.
തൃശൂർ: അസുരതാളം കൊട്ടിക്കയറുന്പോൾ, അരമണിയും വയറും കുലുക്കി വന്യമായ ചുവടുകളുമായി മടവിട്ടിറങ്ങുന്ന പുലികൾക്കൊപ്പം ചേരാൻ തൃശൂർ നഗരം തയാർ. പുലിമടകളിൽനിന്നു വരയൻപുലികളും പുള്ളിപ്പുലികളും കരിന്പുലികളും ഇന്നു വൈകീട്ട് നാലുമുതല് സ്വരാജ് റൗണ്ടിലേക്കു കുതിച്ചെത്തും. നിറങ്ങളും താളവും ചുവടുകളും മേളവും ചേർന്ന് നഗരവീഥികൾ പുലിക്കടലായി മാറുന്ന കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം.
ഒന്പതുദേശങ്ങൾ, നാനൂറ്റിയന്പതിലേറെ പുലികൾ, നൂറുകണക്കിനു കലാകാരൻമാർ, പുലിക്കളിപ്രേമികൾ ചേർന്നൊഴുകുന്ന ജനസാഗരം... തൃശൂരിന്റെ തനതു കലാരൂപമായ പുലിക്കളിമഹോത്സവത്തിന് അരങ്ങുണരുകയാണ്. ഓരോ ദേശത്തിനും സ്വന്തം താളവും ഭാവവും അത്ഭുതങ്ങളും. ഓണാഘോഷത്തേക്കാൾ ഉപരി തൃശൂരിന്റെ മണ്ണും മനസും പാരന്പര്യവും ഒരുമിച്ചു ചുവടുവയ്ക്കുന്ന മഹോത്സവത്തിന് പുലിമടകൾ ഒരുങ്ങിക്കഴിഞ്ഞു.
കാനാട്ടുകരദേശം
51 പുലിക്കളി കലാകാരൻമാരും 35 ചെണ്ടയുമായാണു കാനാട്ടുകരദേശം പുലിക്കളി മഹോത്സവത്തിനിറങ്ങുന്നത്. സമകാലികം, ദൈവികം, പുലിവണ്ടി എന്നിങ്ങനെ അത്ഭുതപ്പെടുത്തുന്ന ടാബ്ലോയും പുലിവണ്ടിയുമാണ് ഇന്നു മത്സരിക്കാനെത്തുന്നതെന്നു സംഘാടകർ പറയുന്നു. ഒന്നാംസ്ഥാനം തന്നെ നോട്ടമിട്ടാണു പുലിവണ്ടിയുടെ ക്രമീകരണം. 22 കലാകാരൻമാർ പുലിവണ്ടിയിൽ തന്നെ ഉണ്ടായിരിക്കും. കേരളവർമ കോളജിലാണ് കാനാട്ടുകര ദേശത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നത്.
പാട്ടുരായ്ക്കൽദേശം
പാട്ടുരായ്ക്കൽദേശത്തിന്റെ പ്രത്യേകത പ്രധാനമായും പുലികളെ എടുത്തുകാണിച്ചുള്ള ടാബ്ലോയാണ്. തട്ടുതട്ടായ രീതിയിൽ ഏഴുപുലികളെയെങ്കിലും ഉൾപ്പെടുത്തുന്ന പരന്പരാഗത ടാബ്ലോയാണ് ഇത്തവണയും. സമകാലിക ടാബ്ലോ വേറെയുമുണ്ട്. പുലിവണ്ടിയുടെ സർപ്രൈസ് പുറത്തുവിടില്ല. 51 പുലികളിൽ മൂന്നു പെണ്പുലികളും ഒരു ട്രാൻസ്ജെൻഡർ പുലിയും ഉൾപ്പെടുന്നു. 35 ചെണ്ടക്കാരും മാറ്റിക്കൊട്ടാൻ അഞ്ചുപേർ വേറെയും 20 ചമയക്കാരും ഉൾപ്പെടെയാണു പുലിയിറക്കം.
ശങ്കരംകുളങ്ങര ദേശം
ചമയപ്രദർശനം വിജയകരമായി പൂർത്തിയാക്കിയ ശങ്കരംകുളങ്ങര ദേശത്തിന് 51 പുലികളും 35 ചെണ്ടക്കാരുമാണുള്ളത്. രണ്ടു കുട്ടിപ്പുലികളുമുണ്ട്. പുലിച്ചമയത്തിന്റെ ഭാഗമായ പെയിന്റടി തുടങ്ങിക്കഴിഞ്ഞു. ഇന്നു രാവിലെ ആറോടെ വര തുടങ്ങും. രണ്ടു ടാബ്ലോയും ഒരു പുലിവണ്ടിയുമുള്ളതിൽ സർപ്രൈസും കാത്തിരിപ്പുണ്ട്.
വിയ്യൂർ ദേശം
പുലിക്കളിയിൽ എപ്പോഴും വ്യത്യസ്തത പരീക്ഷിക്കുന്ന വിയ്യൂർ യുവജനസംഘം ഇത്തവണ മെറ്റാലിക് പെയിന്റിന്റെ വർണഭംഗി പുലിവരയിൽ ചാർത്താനാണു ശ്രമിക്കുന്നത്. സാധാരണ നിറങ്ങളിൽനിന്നു വ്യത്യസ്തമായി മംഗലാപുരം പുലിക്കളി മെത്തേഡ് ഉപയോഗിച്ച് ഇഷ്ടമുള്ള നിറങ്ങൾ കലർത്തിയെടുത്തുള്ള പുതുമ കാണികളെ ആകർഷിക്കുമെന്നാണു സംഘാടകരുടെ പ്രതീക്ഷ. പുലിവര ഇന്നു പുലർച്ചെ അഞ്ചരയോടെ ആരംഭിക്കും. എടുത്തുപറയേണ്ടത് പരന്പരാഗത ശൈലിയിലെ എരട്ടക്കൊട്ട് മേളം പരീക്ഷിക്കുമെന്നതാണ്. തൊണ്ണൂറുകളിലെ പുലിക്കളിയുടെ ഇരട്ടമുറുക്കം തിരിച്ചുകൊണ്ടുവരാനാണു ശ്രമം. സാധാരണ മൂന്നു കാലങ്ങളിൽ കൊട്ടിയിരുന്ന മേളം അഞ്ചുകാലങ്ങളായി കൊട്ടുമെന്നതാണു പ്രത്യേകത. 35 ചെണ്ടക്കാരും രണ്ടരവയസുള്ള കുഞ്ഞിപ്പുലി അടക്കം 51 പുലികളുമുണ്ട്. രണ്ടു ടാബ്ലോകളിൽ ഒന്ന് തൂഫാൻ ലഹരിവിരുദ്ധ സന്ദേശവുമായി ബന്ധപ്പെട്ടതാണ്.
ചക്കാമുക്ക് ദേശം
ചക്കാമുക്ക് ദേശം
പടുകൂറ്റൻ പ്ലോട്ടിലൂടെ ഇന്റർനാഷണൽ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടാനുള്ള ശ്രമത്തിലാണ്. ലോകത്തെ ഏറ്റവും വലിയ പ്ലോട്ടാണു ദേശം പരിചയപ്പെടുത്തുന്നത്. 48 അടി നീളവും 18 അടി ഉയരവുമുള്ള പ്ലോട്ടാണ് ആറുപണിക്കാരെ നിർത്തി ചെയ്തെടുത്തത്. 51 പുലികളിൽ എൽകെജി വിദ്യാർഥിയായ കുട്ടിപ്പുലിയും വനിതാപുലിയുമുണ്ട്.
കുട്ടൻകുളങ്ങര ദേശം
കുട്ടൻകുളങ്ങര ദേശം കൂറ്റൻ പുലിക്കപ്പൽ ടാബ്ലോയുമായാണ് മത്സരത്തിനിറങ്ങുന്നത്. പാലാഴി കടയുന്ന ടാബ്ലോയും ശ്രദ്ധയാകർഷിക്കും. രാവിലെ അഞ്ചോടെ പുലിവര ആരംഭിക്കും. ഉയരക്കുറവുള്ള വിഭാഗത്തിൽനിന്ന് ഒരാളും അഞ്ചുകുട്ടിപ്പുലികളുമടക്കം 45 പുലികളാണെത്തുന്നത്. സരിഗ ശിങ്കാരിമേളം സംഘമാണ് ചെണ്ട കൈകാര്യം ചെയ്യുന്നത്.
അയ്യന്തോൾദേശം
പുലിക്കളിയിൽ ഇത്തവണയും ചരിത്രം രചിക്കാനെത്തുന്ന അയ്യന്തോൾ ദേശത്തിന്റെ പുലികളെ നയിക്കുന്നത് പത്തുവയസുകാരി ആരാധ്യയാണ്. പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷിന്റെ കലാവിരുതിലൊരുക്കിയ ടാബ്ലോകളിലും പുലിവണ്ടിയിലും പുലിക്കളിപ്രേമികളെ അത്ഭുതപ്പെടുത്തുന്ന സർപ്രൈസുകൾ ഒളിപ്പിച്ചിട്ടുണ്ടെന്നു സംഘാടകർ പറയുന്നു. ജനസാഗരത്തിൽ നീന്തിത്തുടിക്കുന്നു എന്ന ആശയത്തിൽ മുൻവർഷങ്ങളിലൊരുക്കിയ പടുകൂറ്റൻ കപ്പലിനും പുലിമീനിനും ശേഷം ഇന്നു ജെൻസി തലമുറയെ പ്രതിനിധീകരിച്ച് റോബോട്ടിക്സ് ടൈഗറുമായാണു പുലിവണ്ടിയെത്തുക. 51 പുലികളും ദേശത്തിൽനിന്നു പുലിക്കളി മഹോത്സവത്തിനെത്തും.
സീതാറാംമിൽദേശം
ഒരു പുലിമട തന്നെ സെറ്റിട്ടാണ് ഇത്തവണ സീതാറാംമിൽദേശം പുലിക്കളിക്കു വേണ്ട എല്ലാ സാധനവും ഒരുക്കിവച്ചത്. കാടിന്റെ വന്യത നിറഞ്ഞ ഒരു ഗുഹയുണ്ടാക്കി അതിലാണ് പുലിക്കളിയുടെ എല്ലാ സംവിധാനവും വേഷവിധാനങ്ങളും ചമയങ്ങളും സൂക്ഷിച്ചത്. ടാബ്ലോയിലും പുലിവണ്ടിയിലും പലവിധ രഹസ്യങ്ങൾ ഒരുക്കിവെച്ചിട്ടുണ്ടെന്ന് സംഘാടകർ പറയുന്നു.
ഒളരിക്കരദേശം
പുലിക്കളിയിലേക്കുള്ള കന്നിവരവിൽ ഒന്നാംസ്ഥാനം നേടി മാത്രമേ മടക്കമുള്ളു എന്നു പ്രഖ്യാപിച്ചാണ് ഒളരിക്കരദേശത്തിന്റെ പുലിയിറക്കം. നാളിതുവരെ കണ്ടുപരിചയിച്ച പുലിക്കളി കളത്തിലിറങ്ങി പരീക്ഷിക്കാൻ തന്നെ ഇറങ്ങുന്ന ഒളരിക്കര ടോബ്ലോകളും പുലിവണ്ടിയും പുലികളുടെ പ്രത്യേകതകളുമെല്ലാം ഒളിപ്പിക്കുന്നു. ഒളരിക്കര ഗ്രാമീണ വായനശാലയുടെ പിന്തുണയോടെയാണ് പുലിക്കളിയിലേക്കുള്ള കടന്നുവരവ്. ചമയപ്രദർശനത്തിനു ലഭിച്ച വൻ ജനപങ്കാളിത്തവും മികച്ച അഭിപ്രായവും ആത്മവിശ്വാസം പകർന്നതായി സംഘാടകർ പറയുന്നു. ഇന്നലെ വൈകീട്ട് നാലരയ്ക്ക് ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയനാണ് ഒളരിക്കരദേശത്തിന്റെ ചായം അരയ്ക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
ഇനി പുലിക്കളിയുടെ വീറുകൊട്ടി മുറുകുന്ന സ്വരാജ് റൗണ്ടിൽ വാശിയുള്ള പ്രകടനം കാണാമെന്ന് പങ്കെടുക്കുന്ന ഒന്പതുദേശക്കാരും വെല്ലുവിളിക്കുന്നു. പുലികളുടെ പൂണ്ടുവിളയാട്ടത്തിനു സാക്ഷികളാനൊരുങ്ങുകയാണ് പുലിക്കളിപ്രിയരുടെ നാടും നഗരവും.
Tags : NattuVishesham DistrictNews