നിർമാണം അവസാനഘട്ടത്തിലായ കീച്ചേരിക്കടവ് പാലം.
ചെട്ടികുളങ്ങര: ചെട്ടികുളങ്ങര- ചെന്നിത്തല പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് അച്ചൻകോവിലാറ്റിൽ നിർമിക്കുന്ന കീച്ചേരിക്കടവ് പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. പാലത്തിന്റെ കോൺക്രീറ്റ് പണികളും പാർശ്വഭിത്തി നിർമാണവും പൂർത്തിയായി. കൈവരി ഉറപ്പിക്കലും അനുബന്ധ റോഡുകളുടെ നിർമാണവും മാത്രമാണ് ബാക്കിയുള്ളത്.
വടക്കുഭാഗത്ത് 150 മീറ്ററും തെക്ക് ഭാഗത്ത് 50 മീറ്ററുമാണ് അനുബന്ധ റോഡ് നിർമിക്കുന്നത്. 120 മീറ്റർ നീളമുള്ള പാലത്തിന്റെ നിർമാണച്ചെലവ് ഭൂമിവിലയുൾപ്പടെ 16.5 കോടി രൂപയാണ്. 2021ൽ തുടങ്ങിയ പാലംപണി പല കാരണങ്ങളാൽ പലതവണ തടസപ്പെട്ടിരുന്നു . 2021 നവംബറിലാണ് അച്ചൻകോവിലാറ്റിൽ കീച്ചേരിക്കടവിൽ പാലംപണി തുടങ്ങിയത്. 2023ൽ പണിതീർക്കാനായിരുന്നു കരാറെങ്കിലും തുടക്കംമുതലേ വിവാദങ്ങളിൽപ്പെട്ട് പാലംപണി അനന്തമായി നീണ്ടുപോകുകയായിരുന്നു.
അനുമതിയില്ലാതെ പഞ്ചായത്ത് റോഡ് പാലത്തിനായി കൈയേറിയെന്ന ആരോപണത്തെത്തുടർന്ന് ഏറെനാൾ പണി നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. പാലത്തിനോടു ചേർന്നുള്ള നടപ്പാതയുടെ വീതികുറച്ച് രൂപരേഖയിൽ മാറ്റംവരുത്തിയ ശേഷമാണ് പണി വീണ്ടും തുടങ്ങാനായത്. ഇതിനിടെ, വാർപ്പിനിടയിൽ പാലത്തിന്റെ ബീം തകർന്നുവീണ് രണ്ടുപേർ മുങ്ങി മരിച്ചതും പണിമുടങ്ങാൻ കാരണമായി.
കരിപ്പുഴ ഭാഗത്തുനിന്ന് തട്ടാരമ്പലം ജംഗ്ഷനിൽ വരാതെതന്നെ ചെന്നിത്തലവഴി മാന്നാർ, ചെങ്ങന്നൂർ, തിരുവല്ല ഭാഗങ്ങളിലേക്കു പോകാൻ കീച്ചേരിക്കടവുപാലം ഏറെ സഹായകമാകും. തട്ടാരമ്പലം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ഇത് ഉപകരിക്കും. കടവൂർക്കുളം-അച്ചംവാതുക്കൽ റോഡിൽ കീച്ചേരിക്കടവിൽ പാലം വരുന്നതോടെ ഈ ഗ്രാമീണമേഖലയിലെ യാത്രാസൗകര്യം ഗണ്യമായി വർധിക്കും.
കരിപ്പുഴ, മറ്റം പാടശേഖരങ്ങളിൽ കാർഷികയന്ത്രങ്ങൾ എത്തിക്കുന്നതിനും കൊയ്ത്തിനു ശേഷമുള്ള നെല്ലെടുപ്പിനും ഇത് സഹായകമാകും.