കാട്ടാനകളുടെ പോരാട്ടത്തിനിടെ ഒടിഞ്ഞു കനാലിൽ വീണ ആനക്കൊന്പ്.
തെന്മല: കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങി കൊമ്പുകോർത്തു. ഗ്രാമപഞ്ചായത്തിലെ ചാലിയക്കര അക്വഡേറ്റ് പാലത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് കാട്ടാനകൾ തമ്മിൽ കൊമ്പുകോർത്തത്. മൽപ്പിടുത്തത്തിന് ഒടുവിൽ ഒരു ആന അക്കോഡേറ്റ് പാലത്തിന്റെ കൈവരികൾ തകർത്തു പത്തടി താഴ്ചയുള്ള കനാലിലേക്ക് വീണു. വീഴ്ചയുടെ ആഘാതത്തിൽ ഒരു കൊമ്പ് ഒടിഞ്ഞു വെള്ളത്തിൽ പോയി.
പുലർച്ചെ ചാലിയക്കര എ വി ടി എസ്റ്റേറ്റിൽ ടാപ്പിംഗിനായി എത്തിയ തൊഴിലാളികൾ കനാൽ പാലത്തിന്റെ കൈവരികൾ തകർന്ന് കിടക്കുന്നത് കാണുകയും വാഹനങ്ങൾ അപകടത്തിൽ പെട്ടതാണോ എന്ന് സംശയിച്ചു നോക്കിയപ്പോഴാണ് വെള്ളത്തിൽ ആനക്കൊമ്പ് കിടക്കുന്നത് കണ്ടത്. ഉടൻതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെള്ളത്തിൽ നിന്നും ആനക്കൊമ്പ് എടുത്ത് സൂക്ഷിക്കുകയും ചെയ്തു.
പ്രദേശത്ത് വന്യമൃഗ ശല്യം അതിരൂക്ഷമായിരിക്കുകയാണ്. അതിലാവിലെ തോട്ടം ജോലിക്കായി പോകുന്ന തൊഴിലാളികളെയാണ് വന്യമൃഗ ശല്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. കാട്ടാന ആക്രമണം തടയുന്നതിനായി സ്ഥാപിച്ച സോളാർ വേലികളും കിടങ്ങുകളും തകർന്നിട്ട് വർഷങ്ങളാകുന്നു . പുനരുദ്ധരിക്കുന്നതിന് നടപടി സ്വീകരിക്കാത്തതും വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതിന് പ്രധാന കാരണമാകുന്നു.