ദേശീയ പാതയിലേക്ക് ചാഞ്ഞ് നിൽക്കുന്ന റെയിൽവേ ഭൂമിയിലെ മരങ്ങൾ
കൊട്ടാരക്കര: കൊല്ലം- തിരുമംഗലം ദേശീയ പാതയോരത്ത് എഴുകോൺ കോളന്നൂരിനും അമ്പലത്തുംകാലയ്ക്കും ഇടയിൽ അപകട ഭീതി വിതച്ച് വൻമരങ്ങൾ. റെയിൽവേ ഭൂമിയിലെ അൻപതിലധികം മരങ്ങളാണ് തീർത്തും അപകടാവസ്ഥയിൽ റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നത്.
വ്യാഴാഴ്ച വൈകിട്ടുണ്ടായ കാറ്റിൽ രണ്ട് മരങ്ങൾ കടപുഴകി ദേശീയ പാതയിൽ പതിച്ചിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തങ്ങളൊഴിവായത്. ഏറെ നേരമെടുത്താണ് മറിഞ്ഞ മരങ്ങൾ വെട്ടിമാറ്റി ദേശീയ പാതയിലെ ഗതാഗതം പുനസ്ഥാപിച്ചത്. മറിഞ്ഞ രണ്ട് മരങ്ങളും റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്നതല്ല. എന്നാൽ ഇനിയുള്ളവയിൽ മിക്കതും റോഡിലേക്കാണ് ചാഞ്ഞ് നിൽക്കുന്നത്. ശിഖരങ്ങൾ റോഡിന്റെ മറുവശത്ത് എത്തി നിൽക്കുന്നുണ്ട്. ഇവമറിഞ്ഞാൽ വലിയ ദുരന്തങ്ങളുണ്ടായേക്കും.
മഹാഗണി മരങ്ങളാണ് കൂടുതൽ. മാവും കാറ്റാടിയും പെരുമരവുമൊക്കെ കൂട്ടത്തിലുണ്ട്. വേനൽക്കാലത്ത് നല്ല തണൽ നൽകുന്ന ഈ മരങ്ങളെല്ലാം യാത്രക്കാർക്ക് ആശ്വാസമാണ്. എന്നാൽ മഴക്കാലത്ത് കൂടുതൽ ഭീതി വിതയ്ക്കുന്നു. റെയിൽവേ ഭൂമിയിലെ മരങ്ങളായതിനാൽ പൊതുമരാമത്ത് വകുപ്പിനോ പഞ്ചായത്തിനോ ശിഖരങ്ങൾ വെട്ടിമാറ്റാൻ പോലും കഴിയാതെ വരുന്നു.
തണൽ മരങ്ങളുടെ കീഴിലായി പെട്ടിക്കട കച്ചവടക്കാരുണ്ട്. മരം കടപുഴകിയാൽ ഇവരുടെ മുകളിൽ പതിക്കുമെന്ന് ഉറപ്പാണ്. ഏത് സമയവും വാഹനങ്ങൾ കടന്നുപോകുന്ന ദേശീയ പാതയാണ്. ഇതുകൂടാതെ തണൽ പറ്റി വാഹനങ്ങൾ നിറുത്തിയിടാറുമുണ്ട്. മറുവശത്ത് കായിക മത്സരങ്ങളും മറ്റും നടക്കുന്ന സ്റ്റേഡിയമാണ്. മത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്നവരും കാഴ്ചക്കാരുമൊക്കെ മരങ്ങളുടെ തണലിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
എഴുകോൺ കോളന്നൂരിനും അമ്പലത്തുംകാലയ്ക്കും ഇടയിൽ റെയിൽവേ ഭൂമിയിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തിരമായി മുറിച്ച് നീക്കണമെന്നാണ് പൊതു ആവശ്യം.