ദേശീയപാത 183ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപത്തെ കലുങ്കിന്റെ രണ്ടാംഘട്ട നിർമാണം ആരംഭിച്ചപ്പോൾ.
കാഞ്ഞിരപ്പള്ളി: മുന്നറിയിപ്പില്ലാതെ കലുങ്ക് നിർമാണം നടത്തിയതോടെ ജനങ്ങൾ ദേശീയപാതയിൽ കുടുങ്ങിയത് മണിക്കൂറോളം. ദേശീയപാത 183ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപത്തെ കലുങ്കിന്റെ രണ്ടാംഘട്ട നിർമാണമാണ് ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ തുടങ്ങിയത്. ഇതോടെ പേട്ടക്കവല മുതൽ 26-ാംമൈൽ വരെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.
കാലപ്പഴക്കം മൂലം പുതുക്കിപ്പണിയാനായി കഴിഞ്ഞ സെപ്റ്റംബർ 11നാണ് കലുങ്കിന്റെ പാതി ഭാഗം പൊളിച്ച് ആദ്യഘട്ട നിർമാണം ആരംഭിച്ചത്. ഇപ്പോൾ കലുങ്കിന്റെ ഇടതുവശത്തെ പകുതി ഭാഗത്തിന്റെ എർത്ത് കട്ടിംഗ് പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നത്.
എന്നാൽ, തിങ്കളാഴ്ച്ച പത്രം ഇല്ലാതിരുന്നതിനാലാണ് അറിയിപ്പ് നൽകുവാൻ കഴിയാതിരുന്നതെന്നും ഒരു മാസത്തേക്ക് കലുങ്കിന്റെ നിർമാണം പൂർത്തിയാകും വരെ ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്നും ദേശീയപാതാ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
Tags : Bridge construction nattuvishesham local news