നിശാന്ത് ഘോഷ്
കണ്ണൂര്‍: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന ഹയർസെക്കൻഡറി തുല്യതാ പരീക്ഷകൾ അടുത്ത മാസം ആരംഭിക്കാനിരിക്കുന്പോഴും പാഠപുസ്തകങ്ങൾ ലഭിക്കാതെ പഠിതാക്കൾ. പ്ലസ് വൺ, പ്ലസ് ടു തുല്യതാ പരീക്ഷയക്ക് രജിസ്റ്റർ ചെയ്ത പഠിതാക്കളാണ് പാഠപുസ്തങ്ങൾ കാണാതെ പരീക്ഷാ ഹാളിലേക്ക് പോകേണ്ട അവസ്ഥ നേരിടുന്നത്.
പരീക്ഷ കലണ്ടർ പ്രകാരം പ്ലസ് വൺ തുല്യതാ പരീക്ഷ അടുത്ത മാസം മൂന്നു മുതൽ 18 വരെയും പ്ലസ് ടു പരീക്ഷ നാലു മുതൽ 18 വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ ഹയർസെക്കൻഡറി പരീക്ഷാർഥികളുടെ രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ മാസം ആരംഭിച്ചിട്ടുമുണ്ട്. ഈ മാസം 15 വരെയാണ് പിഴയില്ലാതെ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. പലകാര്യങ്ങളാൽ പഠനം നടത്താനാകാത്തവർക്കും പാതി വഴിയിൽ പഠനം നിർത്തിയവർക്കും തുടർ പഠനം എന്ന നിലയിൽ ആരംഭിച്ച പദ്ധതിയാണ് തുല്യതാ പരീക്ഷകൾ.
പാഠപുസ്തകങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥയില്‍ ഓണ്‍ലൈന്‍ സൈറ്റില്‍നിന്ന് പാഠഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനാണ് മിഷൻ നിർദേശം. പത്താം ക്ലാസ് പാസായവർ, സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യത പാസായവർ, പ്രീഡിഗ്രി, പ്ലസ് ടു തോറ്റവർ എന്നിവർക്കാണ് ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ നടത്തുന്നത്. പരീക്ഷ പാസായാൽ ഇവർക്ക് ഉപരിപഠനം, പിഎസ്സി പരീക്ഷകൾ എന്നിവ സാധ്യമാകും. സർക്കാർ ജോലിയിലുള്ളവർക്ക് ഉദ്യോഗക്കയറ്റത്തിനും തുല്യതാ സർട്ടിഫിക്കറ്റ് മതിയാകുമെന്നിരിക്കെയാണ് പുസ്തകം പോലും കാണാതെ പഠിതാക്കൾ പരീക്ഷയെഴുതേണ്ടി വരുന്നത്.
സംസ്ഥാന സാക്ഷരതാമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് നടത്തുന്നത്. സാക്ഷരതാ മിഷനാണ് പുസ്തകങ്ങള്‍ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും.
എന്നാല്‍ കഴിഞ്ഞ വര്‍ഷം തുല്യതാ പഠിതാക്കള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ അച്ചടിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. രജിസ്ട്രേഷൻ കുറഞ്ഞ ജില്ലകളിൽ പഴയപുസ്തകങ്ങൾ ഉപയോഗപ്പെടുത്തിയാണ് പ്രശ്നം പരിഹരിച്ചത്. എന്നാൽ കൂടുതൽ പഠിതാക്കളുള്ള ജില്ലകളിൽ കുറച്ചുപേർക്കു മാത്രമാണ് പുസ്തങ്ങൾ നൽകിയത്.
സംസ്ഥാനത്ത് പത്തായിരത്തോളം പേരാണ് തുല്യതാ പരീക്ഷയ്ക്കായി രജിസ്ട്രേഷന് നടത്തിയത്. പ്ലസ് വണ്‍ രജിസ്ട്രേഷന് 2,600 രൂപയും പ്ലസ് ടുവിന് 2300 രൂപയുമാണ് ഫീസ്. രണ്ടു കോടിയിലേറെ രൂപ രജിസ്ട്രേഷന് ഇനത്തിൽ മാത്രം ലഭിച്ചിട്ടുണ്ടെന്നിരിക്കെയാണ് പുസ്തകം പോലും അച്ചടിക്കാതിരിരുന്നത്.
കൂടാതെ സാക്ഷരതാ മിഷന്റെ അക്ഷര കൈരളിയുടെ വരിസംഖ്യയായ 180 രൂപയും പഠിതാക്കളിൽനിന്ന് ഈടാക്കുന്നുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ മാതൃകാ ചോദ്യങ്ങൾ ഉണ്ടാകുമെന്നത് പഠിതാക്കൾക്ക് ഏറെ ആശ്വാസമായിരുന്നുവെങ്കിലും ഇതും കൃത്യമായി ലഭിക്കുന്നില്ല.
പതിനഞ്ച് വര്‍ഷമായി പുതിയ പ്രേരക്കുമാരെ നിയമിക്കാത്തതും തുടർ വിദ്യാഭ്യാസ പദ്ധതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിരമിച്ചവർക്കു പകരം പുതിയ പ്രേരക്കുമാർ എത്താത്ത അവസ്ഥയാണ്. നേരത്തെ സംസ്ഥാനത്ത് മൂവായിരത്തോളം പ്രേരക്കുമാരുണ്ടായിരുന്നിടത്ത് ഇപ്പോൾ ഇതിന്റെ പകുതി പേരെയുള്ളൂ. സാക്ഷരതാ പ്രേരക്കുമാരെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനര്‍നിയമിച്ചതും സാക്ഷരതാ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
Tags : Nattuvishesham Local News students