പിലാത്തറ: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അവശയായി കണ്ടെത്തിയ പ്രിയവല്ലിയെ ചികിത്സ യ്ക്കു ശേഷം നാടും വീടും ചോദിച്ചറിഞ്ഞ് വീട്ടിലെത്തിച്ചപ്പോള്‍ വീട്ടുകാര്‍ കൈയൊഴിഞ്ഞു. ഇതോടെ വിഷമത്തിലായ പ്രിയവല്ലിയെ പിലാത്തറ ഹോപ്പ് പ്രവര്‍ത്തകര്‍ തമിഴ്നാട് പോലീസിന്റെ നിര്‍ദേശ പ്രകാരം ആശുപത്രിയിലാക്കി ഇവര്‍ക്ക് തിരിച്ചുവരേണ്ടി വന്നു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തിയ പ്രിയ വല്ലിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. 20 ദിവസത്തോളമുള്ള ചികിത്സയ്ക്ക് ശേഷം ഇവരില്‍നിന്ന് ചോദിച്ചറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിലാത്തറ ഹോപ് യൂണിറ്റ് സെക്രട്ടറി ജാക്വിലിന് ബിന്ന സ്റ്റാന്‍ലി, യുവ ഹോപ്പ് കോ -ഓര്‍ഡിനേറ്റര്‍ റിയാസ് പിലാത്തറ എന്നിവര്‍ ചേര്‍ന്നാണ് ട്രെയിനില്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്.
പരിയാരം പോലീസ്, മെഡിക്കല്‍ കോളജ് സ്റ്റാഫ്, സോഷ്യോളജി വകുപ്പ്, ലീഗല്‍ സര്‍വീസ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് നാട്ടിലെത്തിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. തിരുപ്പൂര്‍ പോലീസ് സ്റ്റേഷനിലേയും കളക്ടറേറ്റിലേയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് തിരുപ്പൂരിലെ വീട്ടിലേക്ക് പോയത്. അവിടെ എത്തിയപ്പോഴാണ് പ്രിയവല്ലിയുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെന്നും ആക്രിപെറുക്കി ജീവിക്കുന്ന സഹോദരി ഏറ്റെടുക്കാന്‍ തയാറല്ലെന്നും മനസിലായത്.
പറഞ്ഞാല്‍ അനുസരിക്കില്ലെന്നും വീട്ടില്‍ ആളില്ലാത്തപ്പോള്‍ ഇറങ്ങിപോകുമെന്നുമാണ് സഹോദരി പറഞ്ഞത്. ഇതോടെ വെട്ടിലായത് സദുദ്ദേശത്തോടെ ഇവരെ കൊണ്ടുപോയ ഹോപ്പിന്റെ പ്രവര്ത്ത കരാണ്. ഒടുവില്‍ തമിഴ്നാട് പോലീസിടപെട്ട് നടക്കാന്‍ ബുദ്ധിമുട്ടുള്ള പ്രിയവല്ലിയെ തിരുപ്പൂരിലെ ആശുപത്രിയിലാക്കി.
ഇവരെ അടുത്ത ദിവസം അഗതിമന്ദരത്തിലാക്കാമെന്ന തമിഴ്നാട് പോലീസിന്റെ ഉറപ്പ് കിട്ടിയതോടെയാണ് ഹോപ്പിന്റെ പ്രവര്‍ത്തകര്‍ക്ക് ആശ്വാസത്തോടെ മടങ്ങാനായത്.