കാഞ്ഞങ്ങാട്: കൂലിപ്പണിയും ക്ഷേത്രത്തിലെ സേവനവുമായി കഴിഞ്ഞുപോന്ന വെള്ളിക്കോത്ത് സ്വദേശി കെ. രത്നാകരന് (57) കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരുകോടി രൂപ സമ്മാനനേട്ടം. കഴിഞ്ഞദിവസം നറുക്കെടുത്ത സമൃദ്ധി ലോട്ടറിയുടെ ഒന്നാംസമ്മാനമാണ് രത്നാകരനെ തേടിയെത്തിയത്.
വർഷങ്ങളായി കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന രത്നാകരൻ ഇതോടൊപ്പം അടോട്ട് മൂത്തേടത്ത് കുതിര് പുതിയസ്ഥാനം ക്ഷേത്രത്തിലെ കൂട്ടായിക്കാരനായും പ്രവർത്തിച്ചുവരികയായിരുന്നു. പെരളം തട്ടുമ്മലിലെ ചെറിയൊരു വീട് മാത്രമാണ് സ്വന്തമായുള്ളത്. ഭാര്യ ദാക്ഷായണി വീട്ടമ്മയാണ്. മക്കളായ രഞ്ജുനാഥ്, അഞ്ജു, സഞ്ജുനാഥ് എന്നിവരും ചെറിയ ജോലികൾ ചെയ്ത് കഴിയുന്നവരാണ്.
കാഞ്ഞങ്ങാട് ടൗണിലെ ഏജൻസിയിൽ നിന്നു ലോട്ടറി ടിക്കറ്റെടുത്ത് വെള്ളിക്കോത്തും പരിസരപ്രദേശങ്ങളിലും നടന്നു വില്പന നടത്തുന്ന മാവുങ്കാൽ സ്വദേശി കൃഷ്ണന്റെ പക്കൽ നിന്നാണ് ടിക്കറ്റെടുത്തത്. പതിവായി ലോട്ടറി ടിക്കറ്റെടുക്കുന്ന രത്നാകരൻ കഴിഞ്ഞദിവസം കൃഷ്ണനെ കണ്ടപ്പോൾ വിളിച്ചുവരുത്തി ടിക്കറ്റെടുക്കുകയായിരുന്നു.
ഇതിനു മുന്പ് 5000 രൂപ വരെ രത്നാകരന് സമ്മാനം ലഭിച്ചിട്ടുണ്ട്. സമ്മാനം കിട്ടിയ ടിക്കറ്റ് കേരള ഗ്രാമീൺ ബാങ്ക് മഡിയൻ ശാഖയിൽ ഏല്പിച്ചു.
Tags : Nattuvishesham Local News Prosperity