Kerala
കോട്ടയം: ചെക്ക് കേസിൽ തടവ് ശിക്ഷ ലഭിച്ച പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകി പരാതിക്കാരൻ. പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോന്റെ അഭിഭാഷകനാണ് കത്ത് നൽകിയത്.
മാണി സി. കാപ്പന് നാല് കേസുകളിലായി മൂന്നര വർഷത്തെ തടവ് ശിക്ഷയുണ്ടെന്നും ശിക്ഷ ഒരുമിച്ച് അനുഭവിക്കാൻ കോടതി ഉത്തരവില്ലെന്നും പരാതിക്കാരൻ കത്തിൽ പറഞ്ഞു. രണ്ടു വർഷത്തിൽ കൂടുതൽ തടവ് ശിക്ഷയുണ്ടെങ്കിൽ അയോഗ്യനാക്കണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരം കാപ്പനെ മാറ്റിനിർത്തണമെന്നാണ് ആവശ്യം. പാലാ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേഷ് മേനോന്റെ പരാതിയിലടക്കം നാല് കേസുകളിലാണ് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയാണ് മാണി സി. കാപ്പനെ തടവിന് ശിക്ഷിച്ചത്. വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കാപ്പനെതിരെ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. മൂന്നുകോടിയിലധികം രൂപ മാണി സി. കാപ്പൻ തട്ടിയെടുത്തുവെന്നാണ് കേസ്.
അതേസമയം ഇക്കഴിഞ്ഞ ദിവസം കോടതി ജാമ്യമില്ലാ വാറണ്ട് പിൻവലിച്ചതോടെ മാണി സി. കാപ്പന് ആശ്വാസമായി. കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെ തുടർന്നാണ് കോടതിയുടെ നടപടി. ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാനാണ് മാണി സി കാപ്പന്റെ തീരുമാനം. കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് കാപ്പന്റെ നിലപാട്.
വിധിക്കെതിരെ അപ്പീൽ നൽകാൻ മുപ്പത് ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമവിധി വന്നിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. അതേസമയം മാണി സി. കാപ്പനെതിരായ വിധി രാഷ്ട്രീയ ആയുധമാക്കുകയാണ് ഇടതുപക്ഷം. സംഭവം പാലാ നിയോജക മണ്ഡലത്തിന് തന്നെ അപമാനകരമാണെന്ന് ജോസ് കെ. മാണി എംപി അഭിപ്രായപ്പെട്ടു.
International
ധാക്ക: ഷെയ്ക്ക് ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് വീണ്ടും ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ധാക്കയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് ത്രിവേദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയുമായി മെച്ചപ്പെട്ട നയതന്ത്രബന്ധം പുലർത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഒരുങ്ങേണ്ടതുണ്ടെന്നും താരിഖ് റഹ്മാൻ പറഞ്ഞു.
കൂടിക്കാഴ്ചയിൽ പ്രധാനപ്പെട്ട ഉഭയകക്ഷി വിഷയങ്ങളും ചർച്ചയായി. മുൻ പ്രധാനമന്ത്രി ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് പിന്നീട് പ്രസ്താവനയിൽ പറഞ്ഞു. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് ത്രിവേദി നേരത്തേ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദിനെയും വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാനെയും സന്ദർശിച്ചിരുന്നു.
ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽനിന്നു ബംഗ്ലാദേശ് വിട്ടുനിന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണു കൂടിക്കാഴ്ച നടന്നത്. കഴിഞ്ഞ ദിവസം ഹസീന ഡൽഹിയിൽ ഓൺലൈനായി മാധ്യമങ്ങളെ കണ്ടത് ബംഗ്ലാദേശിനെ ചൊടിപ്പിച്ചിരുന്നു.
ജയിലോ വധശിക്ഷയോ നേരിടേണ്ടിവന്നേക്കാമെങ്കിലും ഡിസംബറിൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതായി ഹസീന പറഞ്ഞിരുന്നു. ഹസീനയുടെ മാധ്യമസമ്മേളനം രാജ്യത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തിയെന്നും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ബംഗ്ലാദേശ് രോഷം പ്രകടിപ്പിച്ചു. അടുത്തിടെയാണ് ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ദിനേഷ് ത്രിവേദി ചുമതലയേറ്റത്.
District News
ചിറക്കടവ്: തെക്കേത്തുകവല ചെറുവള്ളി പടിഞ്ഞാറേടത്ത് പി.ആർ. ബാബു(55)വിനെ അയൽവാസികൾ കമ്പിവടികൊണ്ട് മർദിച്ച കേസിൽ എസ്സി-സ്ടി നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യവുമായി കുടുംബത്തിന്റെ പരാതി.
ഈ മാസം രണ്ടിന് രാത്രി 9.30ന് അയൽവാസികളുടെ പുരയിടത്തിലെ കയ്യാലയിലെ കല്ലുകൾ ഇളക്കിമാറ്റി എന്നാരോപിച്ചായിരുന്നു മർദനമെന്നാണ് പരാതി. മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ബാബുവിന്റെ മൊഴിപ്രകാരം ജാതി അധിക്ഷേപവും ചെവിക്കേറ്റ ഗുരുതര പരിക്കും ഒഴിവാക്കി ബിഎൻഎസ് വകുപ്പുപ്രകാരമാണ് കേസെടുത്തതെന്ന് ഇവർ ആരോപിക്കുന്നു. കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബാബുവിന്റെ കുടുംബം കാഞ്ഞിരപ്പള്ളി ഐടിഡി ഓഫീസിൽ പരാതി നൽകി. പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ശിപാർശയോടെ പരാതി ജില്ലാ പ്രോജക്ട് ഓഫീസർക്കും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കും കൈമാറി.
Kerala
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. നെയ്യിൽ കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സന്നിധാനത്തേക്ക് ആവശ്യമായ നെയ്യ് മിൽമയുടെ പാക്കറ്റുകളിലാണ് ശബരിമലയിൽ എത്തിച്ചിരുന്നത്. പമ്പയിലെ ലാബിൽ ഇതിന്റെ പരിശോധനകളും നടത്തിയിരുന്നു.
എങ്കിലും നെയ്യ് കൊണ്ടുപോകുന്ന വഴികളിലോ അതോ പമ്പയിൽ വച്ചോ പാക്കറ്റുകൾ മാറ്റിയിരിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യങ്ങൾ മുൻനിർത്തിയാണ് സംഭവത്തിൽ സമഗ്രമായ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.
Kerala
കൊച്ചി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്തെ യുവജനങ്ങൾ നയിക്കുന്ന പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യരാജ്യത്തിനു തീരാ കളങ്കമാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ.
24 ലക്ഷം പേർ എഴുതിയ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ മൂല്യനിർണയം പാളിയതും കേന്ദ്രസർക്കാരിന്റെ വലിയ വീഴ്ചതന്നെയാണ്.
ജനാധിപത്യരീതിയിൽ സമരം നടത്തിയ വിദ്യാർഥികളെ അതിക്രൂരമായി മർദിച്ച പോലീസ് നടപടി തികച്ചും മനുഷ്യത്വരഹിതമാണെന്നും കേന്ദ്രസർക്കാർ സമരക്കാരുമായി ചർച്ച നടത്തി പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി എന്നിവർ ആവശ്യപ്പെട്ടു.
Kerala
തൃശൂർ: നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കെ. കരുണാകരന്റെ സ്വപ്നമായിരുന്നു നെടുമ്പാശേരി വിമാനത്താവളം.
രാജ്യത്തെ എണ്ണപ്പെട്ട വിമാനത്താവളമായി നെടുമ്പാശേരി മാറിയതിൽ നന്ദി പറയേണ്ടത് കരുണാകരനോടാണെന്നും സുധീരൻ പറഞ്ഞു. കരുണാകരന്റെ 108-ാം ജന്മവാർഷികത്തോടനുബന്ധിച്ചു തൃശൂരിലെ മുരളീമന്ദിരത്തിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരൻ.
കരുണാകരന്റെ സ്വപ്നമായിരുന്നു നെടുമ്പാശേരി വിമാനത്താവളം. ജനപങ്കാളിത്തത്തോടെ നെടുമ്പാശേരി വിമാനത്താവളം യാഥാർഥ്യമാക്കി സർക്കാരിനു കീഴിൽ കൊണ്ടുവന്നത് ഇന്ത്യ കണ്ട വികസനരംഗത്തെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു.
നെടുമ്പാശേരിയെ സംബന്ധിച്ചിടത്തോളം കരുണാകരൻ ഫോർമുല വിജയകരമായി പ്രാവർത്തികമാക്കാൻ സാധിച്ചു. ഇന്ന് എണ്ണപ്പെട്ട വിമാനത്താവളമായി നെടുമ്പാശേരി മാറിയത് അഭിമാനകരമാണ്. അതിന് നന്ദി പറയേണ്ടത് ലീഡർ കരുണാകരനോടാണെന്ന് സുധീരൻ പറഞ്ഞു.
കരുണാകരന്റെ പേര് നെടുമ്പാശേരി വിമാനത്താവളത്തിന് നൽകുക എന്നുള്ളത് ന്യായമായ ആവശ്യമാണ്. പല സർക്കാരുകൾ വന്നിട്ടുണ്ടെങ്കിലും അത് യാഥാർഥ്യമായിട്ടില്ല. ഇനിയെങ്കിലും നെടുമ്പാശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകാൻ സാധിക്കട്ടെയെന്ന് പ്രത്യാശിക്കുന്നുവെന്നും സുധീരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐ നിലപാടില് മാറ്റമില്ലെന്ന് മുന് മന്ത്രിയും ഒല്ലൂർ എംഎൽഎയുമായ കെ. രാജൻ. സംസ്ഥാന സെക്രട്ടറി അതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞതാണെന്നും രാജന് പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന കാര്യത്തില് നേരത്തെ കൃത്യമായി അഭിപ്രായം പറഞ്ഞിരുന്നു. ആ കാര്യത്തില് ഉറച്ച് നില്ക്കുന്നു. ഒരു മാറ്റവുമില്ല. മാറ്റം ഉണ്ടാക്കാന് ഉദ്ദേശിക്കുന്നുമില്ല – കെ രാജന് വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സിപിഐയില് ഭിന്നസ്വരമുയര്ന്നുവെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. ജനങ്ങളെ ബാധിക്കാത്ത വിഷയത്തില് വാശിപിടിക്കരുതെന്ന് സംസ്ഥാന എക്സിക്യൂട്ടൂവ് യോഗത്തില് ചില നേതാക്കള് ചൂണ്ടിക്കാട്ടി.
മുന്നണി തിരിച്ചടി നേരിടുന്ന ഘട്ടത്തില് എല്ലാവരും ഒന്നിച്ച് നില്ക്കണമെന്നും ആവശ്യം ഉയര്ന്നു. പാര്ട്ടിയെ മാത്രം ബാധിക്കുന്ന പ്രശ്നത്തെ മുഖ്യഅജണ്ടയായി ഉയര്ത്തി ഇറങ്ങരുത്. മുന്നണി തിരിച്ചടി നേരിടുന്ന ഘട്ടത്തില് എല്ലാവരും ഒന്നിച്ച് നില്ക്കണം.
ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില് ആരുമായും തര്ക്കിക്കാം, എന്നാല് പാര്ട്ടി കാര്യത്തില് അത് പാടില്ല. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില് വിട്ടുവീഴ്ച പാടില്ലെന്ന അഭിപ്രായവും സംസ്ഥാന എക്സിക്യൂട്ടൂവ് യോഗത്തില് ചിലര് പ്രകടിപ്പിച്ചു.
National
ന്യൂഡല്ഹി: സന്നദ്ധസംഘടനകളെ നിയന്ത്രിക്കാനല്ല, മറിച്ച് ഞെരിച്ചു കൊല്ലാന് ലക്ഷ്യമിടുന്ന എഫ്സിആര്എ നിയമത്തിലെ ചട്ട ഭേദഗതികള് പിന്വലിക്കണമെന്ന് എഐസിസി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല് എംപിയും സിപിഎം നേതാവ് ജോണ് ബ്രിട്ടാസ് എംപിയും ആവശ്യപ്പെട്ടു.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ഭേദഗതി ചെയ്ത ചട്ടങ്ങള് പൊതുസമൂഹത്തിനു നേരെയുള്ള വ്യവസ്ഥാപിത ആക്രമണമാണെന്നും അവ ഉടന് പിന്വലിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്ഗ്രസ് ജനറല് സെക്രട്ടറി വേണുഗോപാല് കത്തെഴുതി.
ഉദ്യോഗസ്ഥര്ക്ക് അനിയന്ത്രിതമായ വിവേചനാധികാരം നല്കുന്ന വിവാദ വ്യവസ്ഥകളുള്ള പുതിയ ചട്ടഭേദഗതി ഉടന് പിന്വലിച്ച് ബന്ധപ്പെട്ടവരുമായി ഫലപ്രദമായ ചര്ച്ചയ്ക്കു കേന്ദ്രം തയാറാകണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില് രാജ്യസഭയിലെ സിപിഎം നേതാവ് ബ്രിട്ടാസ് ആവശ്യപ്പെട്ടു.
നിയന്ത്രണ മേല്നോട്ടത്തിനും സ്ഥാപന സ്വയംഭരണത്തിനും ഇടയിലുള്ള സൂക്ഷ്മമായ സന്തുലിതാവസ്ഥ തടസപ്പെടുത്തുന്നതാണു എഫ്സിആര്എ ചട്ട ഭേദഗതികളെന്ന് വേണുഗോപാല് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ അടിസ്ഥാന വികസന, സാമൂഹിക ക്ഷേമ ചട്ടക്കൂടുകളുടെ നട്ടെല്ലായ സര്ക്കാരേതര സംഘടനകളെ (എന്ജിഒകള്) ശ്വാസം മുട്ടിക്കാനാണു പുതിയ ചട്ടങ്ങള് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് വേണുഗോപാല് കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: വ്യക്തിഗത നേട്ടങ്ങൾക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന വിവാദത്തെത്തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും സുപ്രീംകോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജി അന്വേഷണം നടത്തണമെന്നും എഐസിസി മാധ്യമ വിഭാഗം തലവൻ പവൻ ഖേരയും മധ്യപ്രദേശ് പിസിസി പ്രസിഡന്റ് ജിത്തു പട്വാരിയും കോൺഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഈ ഭൂമി ഇടപാട് ഓഹരിവിപണിയിലെ ‘ഇൻസൈഡർ ട്രേഡിംഗിന്’ തുല്യമാണെന്ന് പവൻ ഖേര പറഞ്ഞു. ഉജ്ജയിനിലെ പ്രത്യേക പ്രദേശങ്ങൾ വികസിപ്പിക്കുമെന്ന വിവരം യാദവ് കുടുംബത്തിനു മുൻകൂട്ടി ലഭിച്ചിരുന്നു. അവർ നേരത്തേതന്നെ ഭൂമി വാങ്ങിക്കൂട്ടി. അങ്ങനെ മോഹൻ യാദവ് മുഖ്യമന്ത്രിയെന്ന പദവി ദുരുപയോഗം ചെയ്തുവെന്നും പവൻ ഖേര കുറ്റപ്പെടുത്തി.
ഉജ്ജയിൻ മാസ്റ്റർ പ്ലാനിൽ സർക്കാർ മാറ്റം വരുത്തിയിട്ടുണ്ടോയെന്നും ഈ പദ്ധതികളുടെ സമയക്രമം പരസ്യമാക്കാൻ കഴിയുമോയെന്നും ജിത്തു പട്വാരി ആരാഞ്ഞു. എല്ലാം സുതാര്യമാണെങ്കിൽ ബിജെപി ജുഡീഷൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും ജിത്തു ആവശ്യപ്പെട്ടു.
Kerala
പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട്ടെ കൗൺസിലർ പ്രശോഭ് സി. വത്സൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡുകൾ. പാലക്കാട് നഗരത്തിൽ ഉടനീളം പ്രശോഭിനെതിരെ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
ദളിത് രക്ഷാസമിതിയുടെ നേതൃത്വത്തിലാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. പാലക്കാടിന് അപമാനം എന്ന വാചകമാണ് ഫ്ലക്സ് ബോർഡിലുള്ളത്.
കഴിഞ്ഞ ദിവസം പ്രശോഭിന്റെ ജാമ്യാപേക്ഷ പരിഗണിച്ച മണ്ണാർക്കാട് എസ്സി/എസ്ടി കോടതി ജാമ്യം നിഷേധിച്ചിരുന്നു. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്ര ഗുരുതര കുറ്റകൃത്യം ചെയ്തയാൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു.
ഇക്കഴിഞ്ഞ മാർച്ച് മാസം 27നാണ് പ്രശോഭിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നത്. ജോലി വാഗ്ദാനം ചെയ്ത് സൗഹൃദം നടിച്ച പ്രശോഭ്, താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തുവെന്നും ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം, പാലക്കാട് ടൗൺ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനിടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.
Kerala
തിരുവനന്തപുരം: വെമ്പായം ഹാപ്പി ലാന്റ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്ന് പതിനാലോളം പേർക്ക് പരിക്കറ്റ സംഭവം ആർഡിഒ തലത്തിൽ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. പാർക്ക് മാനേജ്മെന്റ് , പഞ്ചായത്ത് സെക്രട്ടറി, ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർക്ക് മുൻകൂർ നോട്ടീസ് നൽകിയ ശേഷം സ്ഥലം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കണം.
അപകടത്തിനുള്ള കാരണങ്ങൾ, പാർക്കിന് പഞ്ചായത്തിന്റെ ലൈസൻസുണ്ടോ, അപകടമുണ്ടായ യന്ത്രത്തിന് ഫിറ്റ് നെസ് സർട്ടിഫിക്കേറ്റുണ്ടോ, അപകടത്തിന് ഇരയായവരുടെ വിശദാംശങ്ങൾ, അപകടം ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികൾ, പാർക്കിലെ നീന്തൽകുളത്തിന്റെ ഉപയോഗക്ഷമത എന്നിവ പരിശോധിക്കണം. ആർഡിഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ 3 ആഴ്ചക്കകം വിശദമായ റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണം.
അപകടമുണ്ടായ യന്ത്രത്തിന് ഫിറ്റ് നെസ് ലഭിച്ച ശേഷമാണോ പാർക്കിന് പഞ്ചായത്ത് ലൈസൻസ് നൽകിയതെന്ന് മാണിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. അപകടത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളും മൂന്ന് ആഴ്ചക്കകം സമർപ്പിക്കണം.
ഡിവൈഎസ്പി തലത്തിൽ അന്വേഷണം നടത്തി റൂറൽ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. ജില്ലാ കളക്ടർ, റൂറൽ ജില്ലാ പൊലീസ് മേധാവി എന്നിവരുടെ പ്രതിനിധികളും മാണിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കമ്മീഷൻ ആസ്ഥാനത്ത് ജൂലൈ നാലിന് രാവിലെ 10 ന് നടക്കുന്ന സിറ്റിംഗിൽ ഹാജരാകണമെന്നും കമ്മീഷൻ നിർദേശിച്ചു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
National
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം ആവശ്യപ്പെട്ട് ടിവികെ എംഎൽഎ. അണക്കെട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ ഇടുക്കിയിലേക്ക് ഒഴുക്കുന്ന വെള്ളം തമിഴ്നാടിന് നൽകണമെന്നാണ് ആവശ്യം.
കമ്പം എംഎൽഎ ജഗനാഥ് മിശ്രയാണ് ആവശ്യം ഉന്നയിച്ചത്. ഡാമിലെ നിലവിലെ സംഭരണ ശേഷി കൂട്ടരുതെന്നും ടിവികെ എംഎൽഎ ആവശ്യപ്പെട്ടു.
നിലവിലെ സംഭരണ ശേഷി വർധിപ്പിക്കേണ്ടതില്ല. നിലവിലെ സാഹചര്യത്തിൽ ഡാം നിറയുമ്പോൾ അധികമായി വരുന്ന വെള്ളം ഇടുക്കിയിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. ഇത് തമിഴ്നാട്ടിലേക്ക് ഒഴുക്കണമെന്നാണ് ജഗനാഥ് മിശ്ര ആവശ്യമുന്നയിച്ചത്.
Kerala
മലപ്പുറം: ഫോൺവിളി വിവാദത്തിൽ മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരെ അന്വേഷണം വേണമെന്ന് മുൻ എംഎൽഎ പി.വി. അൻവർ. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് അൻവർ കത്ത് നൽകി.
സുജിത്ത് ദാസിനെ കുറ്റവിമുക്തനാക്കിയ വകുപ്പുതല അന്വേഷണത്തിൽ പുനഃപരിശോധന വേണമെന്നും ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിയിലും പുനരന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ടിൽ വീഴ്ച്ചയുണ്ട്. ഹാജരാകാനുള്ള നോട്ടീസ് പോലും എസ്ഐടി നൽകിയില്ല. എസ്ഐടി അന്വേഷണത്തിലും പുനഃപരിശോധനക്ക് ഉത്തരവിടണമെന്നും സുജിത്ത് ദാസിനെതിരെ ക്രിമിനൽ നടപടി വേണമെന്നും പി.വി. അൻവർ ആവശ്യപ്പെടുന്നു.
Kerala
കാസര്ഗോഡ്: പയ്യന്നൂര് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം തൃക്കരിപ്പൂര് മണ്ഡലത്തില് തോല്വിക്കു പ്രധാന കാരണമായതായും കണ്ണൂര് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടില്ലെങ്കില് പാര്ട്ടിതന്നെ അവസാനിക്കുമെന്നും സിപിഎം തൃക്കരിപ്പൂര് ഏരിയാ കമ്മിറ്റിയിൽ രൂക്ഷവിമര്ശനം.
എം.വി. ഗോവിന്ദന് നേതൃസ്ഥാനത്തുനിന്നും മാറിനില്ക്കണമെന്നും അല്ലാത്തപക്ഷം അദ്ദേഹം പങ്കെടുക്കുന്ന പരിപാടികള് ബഹിഷ്കരിക്കുമെന്നും ഭൂരിഭാഗം അംഗങ്ങളും നിലപാടെടുത്തു.
കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നേതാക്കളുടെ പെട്ടി ചുമക്കുന്ന അമുല് ബേബിയാണെന്നും, പി. ജയരാജനും കെ.കെ. ശൈലജയും നേതൃസ്ഥാനത്തേക്കു വരണമെന്നും ആവശ്യമുയര്ന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ നിയോഗിക്കപ്പെട്ട സമിതി ജൂലൈ ആദ്യം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ.
169 സീറ്റിൽ മത്സരിച്ചെങ്കിലും 59 സീറ്റ് മാത്രമാണ് ഡിഎംകെയ്ക്കു ലഭിച്ചത്.
International
ലണ്ടൻ: എപ്സ്റ്റീൻ ബന്ധമുള്ള പീറ്റർ മാൻഡൽസണിനെ യുഎസ് അംബസഡറായി നിയമിച്ചതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറുടെ രാജിക്കായി വീണ്ടും ശബ്ദമുയർത്തി പ്രതിപക്ഷം.
മാൻഡൽസണിന്റെ പശ്ചാത്തലം പരിശോധിക്കാതെയാണ് സ്റ്റാർമർ സർക്കാർ നിയമനം നല്കിയതെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണിത്.
ദേശസുരക്ഷയെ വഞ്ചിച്ച സ്റ്റാർമർ രാജിവയ്ക്കണമെന്ന് മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് കിമി ബാഡനോക്ക് സോഷ്യൽ മീഡിയയിൽ കുറിച്ചു. പാർലമെന്റിനെയും ബ്രിട്ടീഷ് ജനതയെയും തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവിയും ആവശ്യപ്പെട്ടു.
അതേസമയം, പശ്ചാത്തല പരിശോധനയിലുണ്ടായ വീഴ്ചയെക്കുറിച്ച് സ്റ്റാർമറിനോ വിദേശകാര്യമന്ത്രിക്കോ അറിവുണ്ടായിരുന്നില്ലെന്ന് സർക്കാർ വക്താവ് പ്രതികരിച്ചു.
2024ലാണ് മാൻഡൽസൺ യുഎസ് അംബാസഡറായി നിയമിക്കപ്പെട്ടത്. ജയിലിൽ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധമുണ്ടെന്ന കാര്യം പുറത്തുവന്നതോടെ മാൻഡൽസണിനു രാജിവയ്ക്കേണ്ടിവന്നു.
ഫെബ്രുവരിയിൽ ബ്രിട്ടീഷ് പോലീസ് മാൻഡൽസണിനെ അധികാര ദുർവിനിയോഗത്തിന് അറസ്റ്റ് ചെയ്തെങ്കിലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.
Kerala
വടകര: തെറ്റായ വിവരങ്ങളും അശ്ലീലവും ദ്വയാര്ഥ പ്രയോഗങ്ങളും ഉപയോഗിച്ചുള്ള വ്യാജ പ്രചാരണത്തിനെതിരേ നടപടി തേടി യുഡിഎഫ്-ആര്എംപിഐ സ്ഥാനാര്ഥിയായ കെ.കെ. രമ രംഗത്ത്.
ചോമ്പാല് ഹാര്ബറില് സ്ഥാനാര്ഥിയെ തടഞ്ഞുവെന്ന് അവകാശപ്പെടുന്ന വീഡിയോയും പോസ്റ്റുകളും നിരവധി സോഷ്യല് മീഡിയ പ്രൊഫൈലുകള് പ്രചരിപ്പിക്കുകയാണ്. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നു റൂറല് എസ്പിക്കു നല്കിയ പരാതിയില് കെ.കെ. രമ ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ 24നു ഷെഡ്യൂള് ചെയ്ത പരിപാടി സമാധാനപരമായും പൊതുജന സഹകരണത്തോടെയും പൂര്ത്തിയാക്കിയിരുന്നു. എന്നാല്, നിര്മിതബുദ്ധിയടക്കം ഉപയോഗിച്ച് (എഐ) കെട്ടിച്ചമച്ച വാര്ത്ത ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുകയാണ്.
സ്ഥാനാര്ഥിയായ തന്നെയും താന് പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ മുന്നണിയെയും അപകീര്ത്തിപ്പെടുത്തി തെറ്റായ വിവരണത്തിലൂടെ വോട്ടര്മാരെ സ്വാധീനിക്കുകയും തീരദേശ മേഖലയില് ചേരിതിരിവുണ്ടാക്കി സംഘര്ഷം സൃഷ്ടിക്കുകയുമാണ് ഇതിനു പിന്നില്.
പോസ്റ്റുകളുടെ ഉത്ഭവം കണ്ടെത്തി ഉത്തരവാദികളായവര്ക്കെതിരേ കര്ശന നടപടി സ്വീകരിക്കണമെന്ന് കെ.കെ. രമ പരാതിയില് ആവശ്യപ്പെട്ടു.
International
അബുദാബി: ഇറാന്റെ ഭീഷണികളെ പ്രതിരോധിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം സുഗമമാക്കാൻ രാജ്യാന്തര സേനയെ വിന്യസിക്കണമെന്ന ആവശ്യവുമായി യുഎഇ രംഗത്ത്. ഈ രാജ്യാന്തര സമുദ്ര ദൗത്യ സൈനികസഖ്യത്തിന്റെ ഭാഗമാകാൻ തങ്ങൾ തയാറാണെന്നും യുഎഇ വ്യക്തമാക്കി.
ദൗത്യത്തിനായി തങ്ങളുടെ നാവികസേനയെ ഏതുസമയവും വിട്ടുനൽകാൻ തയാറാണെന്നും അമേരിക്കയെയും പാശ്ചാത്യരാജ്യങ്ങളെയും യുഎഇ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
ഹോർമുസിനായി കഴിയുന്നത്ര വിശാലമായ ഒരു രാജ്യാന്തര ദൗത്യസേന രൂപീകരിക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇറാനെതിരേ യുദ്ധം ചെയ്യാനല്ല ഈ ദൗത്യസേനയെന്നും യുഎഇ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ആഗോള സമ്പദ്വ്യവസ്ഥയ്ക്കെതിരേ ഇറാൻ യുദ്ധം ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ടെന്ന കടുത്ത നിലപാടിലാണ് യുഎഇ.
നാവികസേനയുടെ അകമ്പടിയില്ലാതെ കടലിടുക്ക് വീണ്ടും തുറക്കാൻ എളുപ്പവഴിയില്ലെന്നാണു ഗൾഫ് രാജ്യങ്ങളും ട്രംപ് ഭരണകൂടവും വിശ്വസിക്കുന്നത്. എത്രയും പെട്ടെന്നുതന്നെ കപ്പലുകൾക്ക് കടലിടുക്കിലൂടെ സ്വതന്ത്രമായി കടന്നുപോകാൻ കഴിയുന്ന തരത്തിൽ ഭരണകൂടം പ്രവർത്തിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
തങ്ങൾക്കുനേരേ ഇറാൻ ആക്രമണങ്ങൾ തുടരുന്നതിൽ ഗൾഫ് രാജ്യങ്ങൾ അസ്വസ്ഥരാണ്. അതിനാൽത്തന്നെ ഇറാനെ സൈനികപരമായി നിർവീര്യമാക്കണമെന്നാണ് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതുപോലൊരു അവസരം ഇനി ലഭിക്കില്ലെന്നും കിട്ടിയ അവസരം ഉപയോഗിച്ച് ഇറാന്റെ സൈനികശേഷി പൂർണമായും ഇല്ലാതാക്കണമെന്നും ഈ രാജ്യങ്ങൾ ആവശ്യപ്പെടുന്നു.
ഇറാൻ ഇതുവരെ നടത്തിയ ഏകദേശം 85 ശതമാനം ആക്രമണങ്ങളും ലക്ഷ്യം വച്ചത് ഗൾഫ് രാജ്യങ്ങളെയാണെന്ന് കഴിഞ്ഞദിവസം ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ആരോപിച്ചിരുന്നു. ഇറാൻ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
National
ന്യൂഡൽഹി: എംപിമാരെ സസ്പെൻഡ് ചെയ്ത തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം.
കോണ്ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സമാജ്വാദി പാർട്ടി എംപി ധർമേന്ദ്ര യാദവ്, എൻസിപിയുടെ സുപ്രിയ സുലെ, ഡിഎംകെയുടെ കനിമൊഴി, തൃണമൂൽ കോണ്ഗ്രസിന്റെ ശതാബ്ദി റോയ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജുവിനെ സന്ദർശിച്ച് സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതിനുപിന്നാലെ ഇന്നലെ നടന്ന കാര്യനിർവഹണ സമിതിയിൽ കോണ്ഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷും സസ്പെൻഷൻ പിൻവലിക്കുന്ന കാര്യം ഉന്നയിച്ചു. കൂടിയാലോചനകൾക്കുശേഷം വിഷയത്തിൽ തീരുമാനം അറിയിക്കാമെന്നാണു കേന്ദ്രസർക്കാർ പ്രതികരിച്ചത്.
Kerala
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യയും തമ്മിലുള്ള പ്രശ്നം മാപ്പ് പറഞ്ഞതു കൊണ്ടുമാത്രം തീരില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ്. ഗണേഷ് മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്.
ഗണേഷിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം നടത്താനൊരുങ്ങുകയുമാണ് യൂത്ത് കോൺഗ്രസ്. വിഷയത്തിൽ മുഖ്യമന്ത്രിക്കും പോലീസിനുമെതിരെയും വിമർശനം ശക്തമാക്കുകയാണ്. മന്ത്രിയുടെ ഭാര്യ പരാതി ഉന്നയിച്ചിട്ടും പോലീസ് അനങ്ങിയില്ലെന്നും ഒത്തുതീർപ്പിനായി കുറ്റകൃത്യം മറച്ചു വച്ചുവെന്നുമാണ് വിമർശനം.
അതേസമയം, ഗണേഷ് കുമാർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും മുൻ ഡിജിപി ആർ. ശ്രീലേഖക്കുമെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് പരാതി നൽകിയത്.
ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവച്ചെന്നാണ് പരാതിയിലെ ആരോപണം. കഴിഞ്ഞ ദിവസം ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രശ്നം മുഖ്യമന്ത്രിയുടെ മകളോടും ശ്രീലേഖയോടും സംസാരിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവർക്കുമെതിരെ യൂത്ത് കോൺഗ്രസ് തിരിഞ്ഞത്.
District News
കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ടില് നടക്കുന്ന കര്ഷക സ്വരാജ് അനിശ്ചിതകാല സത്യഗ്രഹം സര്ക്കാര് ഇടപെട്ട് അവസാനിപ്പിക്കണമെന്നും വന്യജീവികളുടെ ആക്രമണങ്ങളില് നിന്ന് കര്ഷകരെ സഹായിക്കാന് ആവശ്യമായ നടപടികള് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് സ്വീകരിക്കണമെന്നും കേരള കോണ്ഗ്രസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വെള്ളരിക്കുണ്ടില് നടക്കുന്ന സമരം ആറുമാസത്തോളമായി നടന്നുവരികയാണ്. ജനങ്ങളെക്കാള് പ്രാധാന്യം നല്കുന്നത് മൃഗങ്ങള്ക്കാണെ സര്ക്കാര് നിലപാടില് മാറ്റം വന്നാല് മാത്രമേ ഇവിടെ സാധാരണക്കാര്ക്ക് ജീവിക്കാന് കഴിയുകയുള്ളൂവെന്ന് യോഗം അഭിപ്രായപ്പെട്ടു.
കര്ഷക സ്വരാജ് സത്യഗ്രഹ പന്തലില് ഒരുദിവസം നിരാഹാര സമരം ഇരുന്ന പാര്ട്ടി ജില്ലാ കമ്മിറ്റിയംഗം ബിനോയി വള്ളോപ്പള്ളിയെ യോഗം അഭിനന്ദിച്ചു.
ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി ജോര്ജ് പൈനാപള്ളി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല് സെക്രട്ടറി പ്രിന്സ് ജോസഫ്, ജില്ലാ സെക്രട്ടറി നിസാം ഫലാക്ക്, കെ.എ. സാലു, സക്കറിയാസ് വാടാന, ടോമി കുരുവിളാനി, ബാലഗോപാലന് പെരളത്ത്, ബിനോയ് വെള്ളോപള്ളി, ജയിംസ് കണിപ്പള്ളി, ജോസ് തെക്കുംകാട്ടില്, ഷോബി പാറേക്കാട്ടില്, ജോസ് ചിത്രകുഴിയില് എന്നിവര് പ്രസംഗിച്ചു.
Kerala
കൊച്ചി: കൊച്ചി ബിനാലെയിൽ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ച കലാസൃഷ്ടി പ്രദർശിപ്പിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കെസിബിസി ജാഗ്രതാ കമ്മീഷൻ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകി.
വർഷങ്ങൾക്കുമുമ്പ് ഒരു മാസികയിൽ പ്രസിദ്ധീകരിക്കുകയും വിവാദമായതിനെത്തുടർന്ന് പിൻവലിക്കുകയും ചെയ്ത അതേ കലാസൃഷ്ടി പൊതുജന പങ്കാളിത്തത്തോടെ സാമൂഹിക ഐക്യവും കൂട്ടായ്മയും പരിപോഷിപ്പിക്കുന്ന കൊച്ചി ബിനാലെ പോലുള്ള പരിപാടികളിൽ ഉൾപ്പെടുത്തപ്പെടാൻ ഇടയായത് അപലപനീയമാണ്.
ക്രൈസ്തവ സന്യാസിനികളെ അവഹേളിക്കുകയും വിശ്വാസികൾ പരിപാവനമായി കാണുന്ന അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിക്കുകയും ചെയ്യുന്ന ഇത്തരം കലാസൃഷ്ടികൾ മത വികാരത്തെ വ്രണപ്പെടുത്തുന്നതാണ് -കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ലൈംഗിക കുറ്റവാളിയാണെന്ന് ബിജെപി നേതാവ് സി. കൃഷ്ണകുമാർ. കോൺഗ്രസിന്റെ സൈബർ ആക്രമണം ഭയന്നാണ് പലരും രാഹുലിനെതിരെ പരാതി പറയാൻ മടിക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു.
ഇനിയെങ്കിലും കോൺഗ്രസ് രാഹുലിനെതിരെ കടുത്ത നടപടിയെടുക്കണം. എംഎൽഎ സ്ഥാനം രാജിവയ്പ്പിക്കണമെന്നും സി കൃഷ്ണകുമാർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിലെ സ്ത്രീ സമൂഹത്തിന് ഒന്നാകെ ഭീഷണിയാണ്. സിപിഐഎം തിരഞ്ഞെടുപ്പ് വിഷയം മാത്രമാക്കുന്നു. എത്രയും വേഗം പൊലീസ് ലൈംഗിക കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്ന് കൃഷ്ണകുമാർ ആവശ്യപ്പെട്ടു.
രാഹുലിന്റെ അറസ്റ്റ് ഉടൻ ഉണ്ടായില്ലെങ്കിൽ ബിജെപി സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് സി കൃഷ്ണകുമാർ മുന്നറിയിപ്പ് നൽകി. രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കോൺഗ്രസ് നേതൃത്വത്തിന് മറ്റൊരു യുവതി പരാതി നൽകുകയായിരുന്നു. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയാണ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയവർക്ക് പരാതി നൽകിയത്.
വിവാഹവാഗ്ദാനം നൽകി ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡനമെന്നും ഗർഭം ധരിക്കാൻ നിർബന്ധിച്ചെന്നും പരാതിയിലുണ്ട്. രാഹുലിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ച യുവതിയാണ് പരാതിക്കാരി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ദേവസ്വം ബോർഡിന്റെ 1998 മുതലുള്ള എല്ലാ തീരുമാനങ്ങളും അന്വേഷിക്കട്ടെ. പ്രതി പട്ടികയിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
വിരമിച്ചവർക്കെതിരെ അന്തിമ റിപ്പോർട്ടിനു ശേഷമായിരിക്കും നടപടി. കുറ്റക്കാരെന്നു കണ്ടെത്തിയാൽ പെൻഷൻ അടക്കം തടയും. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളി കൊടുത്തു വിടാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. താൻ അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ രാജിവയ്ക്കാം.
സ്മാർട്ട് ക്രിയേഷൻസിനു നൽകിയ സ്വർണം അടക്കം പിടിച്ചെടുക്കണമെന്നും പ്രശാന്ത് പറഞ്ഞു. പാളിക്ക് തൂക്കക്കുറവുണ്ടെന്ന വിജിലൻസ് റിപ്പോർട്ടും അദ്ദേഹം തള്ളി. ഇൗ പ്രാവശ്യം സ്വര്ണപ്പാളി കൊണ്ടുപോയതിന്റെ ഉത്തരവാദിത്വം ബോര്ഡിനാണ്.
ബോര്ഡ് കൃത്യമായി ആലോചിച്ചും മാനദണ്ഡങ്ങള് പാലിച്ചുമാണ് കൊടുത്തുവിട്ടത്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാത്തരം ആശങ്കകൾക്കും ദുരൂഹതകൾക്കും ഒരന്ത്യം വേണം. ബോർഡ് അത്തരമൊരു നിലപാട് സ്വീകരിച്ചതിനാലാണ് ഈ കാര്യങ്ങളെല്ലാം പുറത്തുവന്നത്.
നഷ്ടപ്പെട്ട സ്വർണമെല്ലാം പിടിച്ചെടുക്കണം. ഭഗവാന്റെ ഒരുതരി പൊന്നുപോലും കട്ടുകൊണ്ടുപോകാൻ ഈ സർക്കാരോ ദേവസ്വം മന്ത്രിയോ ബോർഡോ കൂട്ടുനിന്നിട്ടില്ല. വിജിലൻസ് റിപ്പോർട്ട് പുറത്തുവരുന്നതുവരെ ക്ഷമിക്കൂവെന്നും അദ്ദേഹം പറഞ്ഞു.