Sports
സൂറിച്ച്: പ്രധാന ടൂർണമെന്റുകളിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതി ഉപേക്ഷിച്ചതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ അറിയിച്ചു.
യുവേഫയുൾപ്പെടെ ലോകമെമ്പാടുമുള്ള ഫുട്ബോൾ സമിതികളിൽനിന്ന് എതിർപ്പ് ശക്തമായതിനെത്തുടർന്നാണു പിൻവാങ്ങൽ. ഫിഫയുടെ ഇവന്റുകൾക്കു മേൽനോട്ടം വഹിക്കുന്ന പുതിയൊരു വാണിജ്യ ഉപസ്ഥാപനത്തിലെ ചെറിയ ഓഹരികൾ വിൽക്കുന്നതായിരുന്നു ഈ നിർദേശം.
വിവാദ പദ്ധതി
ലോകകപ്പ് മത്സരങ്ങളുടെയും ക്ലബ് ലോകകപ്പിന്റെയും ടിവി സംപ്രേഷണം, ടിക്കറ്റ് വിൽപന തുടങ്ങിയ വാണിജ്യ അവകാശങ്ങൾ നിയന്ത്രിക്കാനായി 2000 കോടി രൂപ (20 ബില്യൺ ഡോളർ) മൂല്യമുള്ള ‘ഫിഫ ഫോർവേഡ് എന്റർപ്രൈസ്’ എന്ന ഉപകമ്പനി രൂപീകരിക്കാൻ പദ്ധതിയിട്ടിരുന്നു.
ഈ കമ്പനിയുടെ 20% ഓഹരികൾ സ്വകാര്യ നിക്ഷേപകർക്കു വിറ്റ് 420 കോടി രൂപ (4.12 ബില്യൺ ഡോളർ) സമാഹരിക്കാനായിരുന്നു നീക്കം. ഫിഫയുടെ 211 അംഗ അസോസിയേഷനുകൾക്കുള്ള ധനസഹായം വർധിപ്പിക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
ഈ നിക്ഷേപകസംഘത്തെ നയിക്കാൻ എത്തിയത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നറുടെ സഹോദരൻ ജോഷ്വ കുഷ്നറുടെ ‘ത്രൈവ് ഇറ്റേണൽ’ എന്ന പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായിരുന്നു.
Sports
ന്യൂജേഴ്സി: ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരെ വേട്ടയാടുന്ന ലോകകപ്പ് ശാപം ഇത്തവണയും മാറിയില്ല. കലാശപ്പോരാട്ടത്തിൽ ഒന്നാം റാങ്കുകാരായ അർജന്റീനയെ എക്സ്ട്രാ ടൈമിൽ തകർത്തുവിട്ട് രണ്ടാം റാങ്കുകാരായ സ്പെയിൻ ലോകകിരീടത്തിൽ മുത്തമിട്ടു.
1993-ൽ ഫിഫ ഒഫീഷ്യൽ റാങ്കിംഗ് സംവിധാനം ആരംഭിച്ചതു മുതൽ ഇന്നുവരെ ലോകകപ്പിനെത്തുമ്പോൾ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഒരു ടീമും കിരീടം ഉയർത്തിയിട്ടില്ല. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫിഫ റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാർ നേർക്കുനേർ വന്ന കനത്ത ഫൈനൽ പോരാട്ടത്തിനൊടുവിലാണ് സ്പെയിനിന്റെ കിരീടധാരണം.
ടൂർണമെന്റിലുടനീളം ഒന്നാം റാങ്കുകാരായി പൊരുതിയ അർജന്റീനയ്ക്ക് ഒടുവിൽ രണ്ടാം സ്ഥാനക്കാരായ സ്പാനിഷ് പടയ്ക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. 2010-ൽ ദക്ഷിണാഫ്രിക്കയിൽ കന്നിക്കിരീടം നേടിയതിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ വിശ്വവിജയികളാകുന്നത്.
2022ൽ ഖത്തറിൽ അർജന്റീന ലോക ചാമ്പ്യന്മാരാകുമ്പോൾ ഫിഫ റാങ്കിങ്ങിൽ അവർ മൂന്നാം സ്ഥാനത്തായിരുന്നു. കിരീടം നേടിയ ശേഷവും ബ്രസീലിന് പിന്നിൽ രണ്ടാമതായിരുന്ന അർജന്റീന 2023-ലാണ് അവർ റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്.
ഇത്തവണ ലോകകപ്പ് ടൂർണമെന്റിനിടെ ഇടയ്ക്ക് രണ്ടാം സ്ഥാനത്തേക്ക് പോയെങ്കിലും ഫൈനലിന് തൊട്ടുമുമ്പ് അവർ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. എന്നാൽ, റാങ്കിങ്ങിലെ ഈ ഒന്നാം നമ്പർ പദവി ഒടുവിൽ അർജന്റീയ്ക്ക് നിർഭാഗ്യത്തിന്റെ ശാപമായി മാറുകയായിരുന്നു.
Sports
നോര്വെയുടെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. മൂന്നാം മിനിറ്റില് നോര്വെയുടെ പാട്രിക് ബെര്ഗിന്റെ ക്ലിനിക്കല് ഫിനിഷിംഗ്. ബ്രസീല് ഗോള്വലയുടെ വലത് മേല്ത്തട്ടില് പന്ത് തുള്ളിക്കളിച്ചെങ്കിലും റഫറിയുടെ ഓഫ് സൈഡ് ഫ്ളാഗ് ഉയര്ന്നിരുന്നു. നോര്വെയുടെ അലക്സാണ്ടര് സോര്ലോത്തായിരുന്നു ഓഫ് സൈഡില് കുരുങ്ങിയത്.
എട്ടാം മിനിറ്റില് ബ്രസീലിന്റെ റൈഡ് നോര്വെ ഗോള് മുഖത്തേക്ക്. ബ്രൂണോ ഗിമാറാഷും ഗബ്രിയേല് മാര്ട്ടിനെല്ലിയും ചേര്ന്നു നയിച്ച ആക്രമണം മത്തേവൂസ് കുന്യയിലൂടെ പെനാല്റ്റി ബോക്സില്. എന്നാല്, കുന്യയെ നോര്വെ ഡിഫെന്ഡര് ക്രിസ്റ്റഫര് അജര് വീഴ്ത്തി. റഫറി വിഎആര് പരിശോധിച്ചു. ബ്രസീലിന് അനുകൂലമായി സ്പോട്ട് കിക്ക്.
ലീഡ് നേടാന് ബ്രസീലിനു ലഭിച്ച സുവര്ണാവസരം. എന്നാല്, കിക്കെടുത്ത ബ്രൂണോ ഗിമാറാഷിനു പിഴച്ചു. ബ്രസീല് താരത്തിന്റെ ബലഹീന കിക്ക്, നോര്വെ ഗോള്കീപ്പര് ഓര്ജന് നൈലാന്ഡ് ഇടത്തേക്കു ചാടി തട്ടിത്തെറിപ്പിച്ചു... 80,663 കാണികള് നിറഞ്ഞ സ്റ്റേഡിയത്തിലെ ബ്രസീല് ആരാധകരുടെ ശ്വാസം നിലച്ച നിമിഷം.
അതേസമയം, നോര്വീജിയന് ആരാധകരുടെ ആഹ്ലാദത്തിമിര്പ്പ്... ആദ്യ 15 മിനിറ്റില് 70 ശതമാനവും പന്തിന്റെ നിയന്ത്രണം നോര്വെയുടെ പക്കലായിരുന്നു എന്നതും ഈ പെനാല്റ്റി നഷ്ടത്തോടു ചേര്ത്തുവായിക്കണം.
വിനിസ്യൂസ് ജൂണിയര് കളത്തില് ഉണ്ടായിരുന്നെങ്കിലും ഗിമാറാഷ് പെനാല്റ്റി കിക്ക് എടുത്തതിനെതിരേ വിമര്ശനമുയര്ന്നു. എന്നാല്, മത്സരശേഷം മുഖ്യപരിശീലകന് ആഞ്ചെലോട്ടി പറഞ്ഞത് ഇങ്ങനെ: “നെയ്മര്, റാഫീഞ്ഞ എന്നിവര് സ്റ്റാര്ട്ടിംഗ് ഇലവനില് ഇല്ലാതിരുന്നതിനാല് പെനാല്റ്റി എടുക്കാനുള്ള മൂന്നാമത്തെ ചോയിസായിരുന്ന ഗിമാറാഷ് സ്പോട്ട് കിക്ക് എടുക്കുകയായിരുന്നു”.
Kerala
പാലാ: പാലാ- തൊടുപുഴ പാതയിൽ ഇന്നലെ രാവിലെ കാർ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തിനിടയിൽ കാണാതായ ആപ്പിൾ മൊബൈൽ ഫോൺ കണ്ടുകിട്ടി. പ്രധാനപ്പെട്ട വിവരങ്ങൾ അടങ്ങിയ ഫോൺ പോയത് ഉടമയിൽ പരിഭ്രാന്തി പരത്തിയിരുന്നു. മഴ പെയ്തതിനെത്തുടര്ന്ന് റോഡില് തെന്നി നിയന്ത്രണംവിട്ടാണ് കാർ മറിഞ്ഞതെന്നു കരുതുന്നു.
തുടർന്ന് ഇന്നലെ ഉച്ചയോടെ കൈത്തോട്ടിലേക്കു കാർ മറിഞ്ഞ ഭാഗത്തെല്ലാം അപകടത്തിൽപ്പെട്ടവരും സുഹൃത്തുക്കളുമെല്ലാം ചേർന്നു തെരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എമർജൻസി ടീം ഈരാറ്റുപേട്ട എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകർ വാഹനത്തിനടിയിൽ വെള്ളത്തിൽനിന്നാണ് ഫോൺ കണ്ടെടുത്തു കൊടുത്തത്.
പാലായിൽനിന്നു തൊടുപുഴയിലേക്കു പോവുകയായിരുന്ന കാർ ഇന്നലെ രാവിലെ പത്തോടെ സംരക്ഷണ കുറ്റികൾ തകർത്തു തോട്ടിലേക്കു മറിയുകയായിരുന്നു. അപകടത്തിൽ വാഹനം ഏതാണ്ട് പൂർണമായി തകർന്നു.
എങ്കിലും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറ്റുമാനൂർ സ്വദേശികളായ യുവതിയും യുവാവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പാലാ കൊല്ലപ്പള്ളിക്കടുത്ത് ഐങ്കൊമ്പിലാണ് അപകടമുണ്ടായത്. ആറു സംരക്ഷണ കുറ്റികൾ തകർത്താണ് കാർ തോട്ടിലേക്കു മറിഞ്ഞത്. ഇതിനിടയിൽ കാറിലുണ്ടായിരുന്ന യാത്രക്കാരിയുടെ ഒന്നര ലക്ഷം രൂപ വരുന്ന ആപ്പിൾ മൊബൈൽ ഫോൺ കാണാതാവുകയായിരുന്നു.
District News
കണ്ണൂർ: നഗരത്തിൽ നഷ്ടപ്പെട്ട ഒന്നര പവൻ സ്വർണമാല മണിക്കൂറുകൾക്കകം പോലീസ് കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി. കണ്ണൂർ ടൗണിൽനിന്ന് സ്വർണമാല നഷ്ടപ്പെട്ടതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിർണായക വഴിത്തിരിവുണ്ടായത്.
പരാതി ലഭിച്ചയുടൻ തന്നെ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ ഉടമയുടെ കഴുത്തിൽനിന്ന് മാല താഴെ വീഴുന്നതും തൊട്ടുപിന്നാലെ നടന്നുവന്ന രണ്ടു സ്ത്രീകൾ അത് എടുത്തുകൊണ്ടുപോകുന്നതും വ്യക്തമായിരുന്നു. പിന്നീട് ഈ സ്ത്രീകൾ എവിടേക്കാണ് പോയതെന്ന് സിസിടിവി കാമറകളിലൂടെ പോലീസ് പിന്തുടർന്നു. "റൂട്ട്മാപ്പിൽ' ഇവർ അടുത്തുള്ള ഒരു കടയിൽ കയറിയതായി കണ്ടെത്തിയതാണ് അന്വേഷണത്തിൽ സഹായകമായത്.
കടയിൽ മൊബൈൽ ഫോൺ വാങ്ങാനായി അന്വേഷിച്ചെത്തിയ ഈ സ്ത്രീകളുടെ ഫോൺ നമ്പർ അവിടുത്തെ സെയിൽസ് ഗേൾ കുറിച്ചെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽനിന്ന് പോലീസിന് മനസിലാക്കാൻ സാധിച്ചു.
തുടർന്ന് ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർ സെയിൽസ് ഗേളുമായി ബന്ധപ്പെട്ട് നമ്പർ ശേഖരിക്കുകയും മാല ലഭിച്ച സ്ത്രീകളെ ഫോണിൽ വിളിക്കുകയും ചെയ്തു. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം അവരിൽനിന്ന് സ്വർണമാല തിരികെ വാങ്ങി. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽവച്ച് എസ്ഐ ടി.എം. വിപിൻ യഥാർഥ ഉടമയ്ക്ക് മാല കൈമാറി.
Leader Page
കേരളത്തിലെ രാഷ്ട്രീയ ചർച്ചകളിൽ ഒഴിച്ചുകൂടാനാകാത്ത രണ്ട് പദങ്ങളാണ് കമ്യൂണിസവും ഇടതുപക്ഷവും. എന്നാൽ, ഇവ രണ്ടും ഒന്നാണോ അതോ വ്യത്യസ്തമാണോ എന്ന ചോദ്യം പ്രസക്തമാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കേരളത്തിൽ എങ്ങനെ സ്വാധീനം ഉറപ്പിച്ചു എന്നും ആധുനികകാലത്ത് അത് നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്നും പരിശോധിക്കാം.
1950കളിൽ കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ബഹുജന അടിത്തറ പാകുന്നതിൽ കലയും സാഹിത്യവും വലിയ പങ്കു വഹിച്ചു. പ്രമുഖ നാടകകൃത്ത് തോപ്പിൽ ഭാസി രചിച്ച ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം അക്കാലത്ത് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായകമായി. എന്നാൽ, നാല് പതിറ്റാണ്ടുകൾക്കുശേഷം പഴയകാല നക്സൽ പ്രവർത്തകനായിരുന്ന സിവിക് ചന്ദ്രൻ ‘നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി?’ എന്ന നാടകമെഴുതിയത് കേരളീയ രാഷ്ട്രീയ മണ്ഡലത്തിൽ വലിയ ചർച്ചകൾക്കും കോളിക്കങ്ങൾക്കും വഴിവച്ചു.
സിവിക് ചന്ദ്രൻ വിവാദനായകനായിരുന്ന കാലത്ത് തലശേരിയിൽ നടന്ന കെസിവൈഎം സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം ഇന്നും പ്രസക്തമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തെയും പ്രായത്തെയും ബന്ധിപ്പിച്ചുകൊണ്ട് അദ്ദേഹം അന്ന് പറഞ്ഞു: “മുപ്പതു വയസുവരെ നിങ്ങൾ കമ്യൂണിസ്റ്റായില്ലെങ്കിൽ നിങ്ങൾക്ക് ഹൃദയമില്ല, മുപ്പതു കഴിഞ്ഞും കമ്യൂണിസ്റ്റായി തുടർന്നാൽ നിങ്ങളുടെ തലയിൽ തലച്ചോറില്ല.” പാർട്ടിയുടെ കർക്കശമായ ചട്ടക്കൂടുകളെ വിമർശിക്കാനാണ് അദ്ദേഹം ഈ വാക്യം ഉപയോഗിച്ചത്.
കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ ഒരുകാലത്ത് ലോകത്തിന്റെ വലിയൊരു ഭാഗത്തെ സ്വാധീനിച്ചിരുന്നുവെങ്കിലും, ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽതന്നെ അതിന്റെ പ്രായോഗിക പരിമിതികൾ ലോകം തിരിച്ചറിഞ്ഞു. എങ്കിലും, ഈ ചിന്താധാര ഇപ്പോഴും സജീവമായി നിലനിൽക്കുന്ന അപൂർവം ഇടങ്ങളിലൊന്നാണ് കേരളം. കേരളത്തിലെ സാധാരണക്കാർ മാത്രമല്ല, ക്രൈസ്തവ-മുസ്ലിം-ഹൈന്ദവ മതമേലധ്യക്ഷന്മാർപോലും പലപ്പോഴും കമ്യൂണിസ്റ്റ് സ്വാധീനത്തിലായിട്ടുണ്ട്. കാലംചെയ്ത പൗലോസ് മാർ പൗലോസും നിരണം യാക്കോബായ സഭയുടെ ഭദ്രാസനാധിപൻ മാർ കൂറിലോസും വിമോചന ദൈവശാസ്ത്രത്തിന്റെ പ്രമുഖ വക്താവായിരുന്ന ഫാ. എസ്. കാപ്പനും തങ്ങളുടെ മതപരമായ സ്വപ്നങ്ങൾക്കു മുകളിൽ കമ്യൂണിസ്റ്റ് ആദർശങ്ങളെ പ്രതിഷ്ഠിച്ചവരാണ്.
എന്താണ് കമ്യൂണിസം?
ഭൂമി, ഫാക്ടറികൾ, യന്ത്രങ്ങൾ തുടങ്ങിയ ഉത്പാദന ഉപാധികളുടെ പൊതു ഉടമസ്ഥതയിലൂടെ വർഗരഹിതവും ചൂഷണരഹിതവുമായ ഒരു സാമൂഹിക-സാമ്പത്തിക ഘടന സൃഷ്ടിക്കാനാണ് കമ്യൂണിസം ലക്ഷ്യമിടുന്നത്. “ഓരോരുത്തരും സ്വന്തം കഴിവിനനുസരിച്ച് അധ്വാനിക്കുക, ഓരോരുത്തർക്കും അവരവരുടെ ആവശ്യാനുസരണം വിഭവങ്ങൾ ലഭ്യമാക്കുക”-എന്നതാണ് ഈ വ്യവസ്ഥിതിയുടെ അന്തഃസത്ത. സ്വകാര്യസ്വത്ത് എന്ന സങ്കൽപ്പത്തെ പൂർണമായും നിരാകരിക്കുന്ന ഈ പ്രത്യയശാസ്ത്രം, സമ്പത്ത് ഒരു ചെറിയ വിഭാഗത്തിൽ കേന്ദ്രീകരിക്കുന്നത് തടയാനും തൊഴിലാളിവർഗ സർവാധിപത്യത്തിലൂടെ സാമൂഹിക സമത്വം ഉറപ്പാക്കാനും ശ്രമിക്കുന്നു. കാൾ മാർക്സ്, ഫ്രെഡറിക് ഏംഗൽസ് എന്നിവരാണ് ഈ വിപ്ലവകരമായ ചിന്താഗതി വികസിപ്പിച്ചെടുത്തത്.
കമ്യൂണിസ്റ്റ് ദർശനപ്രകാരം ലോകചരിത്രം എന്നത് വർഗസമരങ്ങളുടെ പരിണതഫലമാണ്. മുതലാളിത്തം തകരുകയും സോഷ്യലിസത്തിലൂടെ കടന്ന് പൂർണമായ കമ്യൂണിസത്തിൽ എത്തുകയും ചെയ്യുമ്പോൾ ഭരണകൂടങ്ങൾപോലും ആവശ്യമില്ലാത്ത ഒരു സ്വതന്ത്ര സമൂഹം നിലവിൽ വരുമെന്ന് ഈ സിദ്ധാന്തം വിഭാവന ചെയ്യുന്നു.
ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ചരിത്രം
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നടന്ന ഫ്രഞ്ച് വിപ്ലവകാലത്താണ് രാഷ്ട്രീയത്തിലെ ‘ഇടത്-വലത്’ വേർതിരിവുകൾ രൂപപ്പെടുന്നത്. 1789ലെ ഫ്രഞ്ച് നാഷണൽ അസംബ്ലിയിൽ രാജാധികാരത്തെയും പാരമ്പര്യത്തെയും മതവിശ്വാസത്തെയും അനുകൂലിച്ചവർ അസംബ്ലിയിൽ വലതുവശത്തിരുന്നു. എന്നാൽ, വിപ്ലവത്തെ അനുകൂലിച്ചവരും മാറ്റം ആഗ്രഹിച്ചവരും ജനാധിപത്യം പൂർണരൂപത്തിൽ വരണമെന്ന് വാദിച്ചവരും അസംബ്ലിയിൽ ഇടതുഭാഗത്തായിരുന്നു. തികച്ചും ആകസ്മികമായ ഈ ഇരിപ്പിട ക്രമീകരണമാണ് പിൽക്കാലത്ത് ആഗോള രാഷ്ട്രീയത്തിലെ പ്രത്യയശാസ്ത്ര വേർതിരിവിന്റെ അടയാളമായി മാറിയത്.
പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ ഈ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ലോകമെമ്പാടും പടർന്നു. ദേശീയത, പാരമ്പര്യ സംരക്ഷണം, സ്വകാര്യ മൂലധനം എന്നിവ വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖമുദ്രകളായി. എന്നാൽ, ഇടതുപക്ഷ ചിന്താധാരകൾ സാമൂഹിക സമത്വം, മതനിരപേക്ഷത, മനുഷ്യാവകാശം, തൊഴിലാളി-സ്ത്രീ മുന്നേറ്റം എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ട് വലിയ തോതിൽ വികസിച്ചു. ഇപ്പോൾ കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയും ഇടതുപക്ഷ ചിന്തയുടെ ഭാഗമായി മാറി.
കമ്യൂണിസവും ഇടതുപക്ഷവും കേരള രാഷ്ട്രീയത്തിൽ
കേരളത്തിൽ 1930കളിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്നാണ് ഇന്നത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വളർന്നത്. ഭൂപരിഷ്കരണം, തൊഴിലാളി ക്ഷേമം തുടങ്ങിയ മേഖലകളിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ചരിത്രപരമായ മാറ്റങ്ങൾ കൊണ്ടുവന്നു. എന്നാൽ, മാർക്സിയൻ സിദ്ധാന്തങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ പലപ്പോഴും യഥാർഥ ജനാധിപത്യരീതികൾ വിസ്മരിക്കപ്പെട്ടു.
ഇടതുപക്ഷ ദർശനവും കമ്യൂണിസവും ഒന്നാണെന്ന മിഥ്യാധാരണ കേരള സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്നു. ഈ അബദ്ധധാരണയുടെ ഫലമായി കേരളത്തിലെ ഇടതുപക്ഷ ചിന്തകളുടെ പൂർണ നിയന്ത്രണം കമ്യൂണിസ്റ്റ് നേതാക്കളുടെ കൈകളിലെത്തി. ഇത് ആധുനിക ലോകത്തിന് അനുയോജ്യമായ രീതിയിൽ സ്വതന്ത്രമായ ഇടതുപക്ഷ ചിന്തകൾ വളരുന്നതിനെ തടസപ്പെടുത്തി. പുരോഗമനപരമായ പല ഇടതുപക്ഷ ആശയങ്ങളും മലയാളികൾക്കു വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിയാതെ പോകുന്നത് ഈ കമ്യൂണിസ്റ്റ് വിദ്വേഷത്തിന്റെ പേരിലാണ്.
National
ന്യൂഡൽഹി: കേരളത്തിലും പശ്ചിമബംഗാളിലും സർക്കാരുകളുടെ കനത്ത തോൽവിയിലും ചില സമാനതകളുണ്ട്. മുഖ്യമന്ത്രിമാരായ പിണറായി വിജയന്റെയും മമത ബാനർജിയുടെയും ശൈലിയും ധാർഷ്ട്യവും ഏകാധിപത്യ രീതികളുമാണ് കേരളത്തിൽ യുഡിഎഫിനും ബംഗാളിൽ ബിജെപിക്കും വിസ്മയ വിജയം സമ്മാനിച്ചതെന്ന് എതിരാളികൾ പറയുന്നു.
കേരളത്തിൽ 19 മന്ത്രിമാരിൽ 13 പേരും തോറ്റന്പിയപ്പോൾ മുഖ്യമന്ത്രി വിജയൻ തോൽക്കാതെ രക്ഷപ്പെട്ടു. ബംഗാളിലാകട്ടെ മുഖ്യമന്ത്രി മമതയടക്കം മത്സരിച്ച 35 മന്ത്രിമാരിൽ 22 പേരും തോറ്റുതൊപ്പിയിട്ടു.
മുഖ്യമന്ത്രിക്കുപുറമെ ധനകാര്യം, വ്യവസായം, വൈദ്യുതി, വിദ്യാഭ്യാസം, ഗതാഗതം, സ്ത്രീ-ശിശു വികസനം, ഭവന നിർമാണം തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിമാർ ബിജെപി തരംഗത്തിൽ കടപുഴകി വീണു.
സ്വന്തം മണ്ഡലമായ ഭവാനിപുരിൽ പഴയ സഹപ്രവർത്തകനായ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് 15,105 വോട്ടുകളുടെ വ്യത്യാസത്തിലാണു മമത തോറ്റത്. സുവേന്ദുവിന് 73,917 വോട്ട് (53.02%) ലഭിച്ചപ്പോൾ മമതയ്ക്ക് 58,812 വോട്ടാണു (42.19%) ലഭിച്ചത്. സിപിഎമ്മിന്റെ ശ്രീജിബ് ബിശ്വാസിന് 3,556 വോട്ടും കോണ്ഗ്രസിന്റെ പ്രദീപ് പ്രസാദിന് വെറും 1,257 വോട്ടുമാണ് ഇവിടെ ലഭിച്ചത്.
2021ൽ മമതയെ മുഖ്യമന്ത്രിയായിരിക്കെ നന്ദിഗ്രാമിൽ 1,956 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയാണ് ഇത്തവണ ഭവാനിപുരിലും നന്ദിഗ്രാമിലും മത്സരിച്ച് രണ്ടിടത്തും ജയിച്ചത്. മമത സർക്കാരിലെ പഴയ മന്ത്രിയായിരുന്ന സുവേന്ദു 2020 ഡിസംബറിലാണു തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നത്.
നന്ദിഗ്രാമിൽ തോറ്റെങ്കിലും 2021ലെ ഉപതെരഞ്ഞെടുപ്പിൽ ഇതേ ഭവാനിപുരിൽനിന്നു 58,835 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചാണു മൂന്നാം തവണ മുഖ്യമന്ത്രിയായി മമത നിയമസഭയിലെത്തിയത്. 2026ലെ തെരഞ്ഞെടുപ്പിൽ ഇപ്പോൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെ 25,301 വോട്ടിനു പരാജയപ്പെടുത്തിയതും ഇതേ മണ്ഡലത്തിലായിരുന്നു.
Sports
മാലി: 2026 സാഫ് അണ്ടര് 20 പുരുഷ ഫുട്ബോള് ഫൈനലില് മുന് ചാമ്പ്യന്മാരായ ഇന്ത്യക്കു തോല്വി.
നിശ്ചിത സമയത്ത് മത്സരം ഗോള്രഹിത സമനിലയില് അവസാനിച്ചതോടെ വിധി നിര്ണയിക്കാന് ഷൂട്ടൗട്ട് അരങ്ങേറി.
ഷൂട്ടൗട്ടില് ബംഗ്ലാദേശ് 4-3ന്റെ ജയം സ്വന്തമാക്കി. ഋഷി, ഡോഡും എന്നിവരാണ് ഇന്ത്യയുടെ സ്പോട്ട് കിക്കുകള് നഷ്ടപ്പെടുത്തിയത്.
സെമിയില് 5-0നു ഭൂട്ടാനെ കീഴടക്കിയാണ് ഇന്ത്യ ഫൈനലില് പ്രവേശിച്ചത്. നേപ്പാളിനെ (1-0) മറികടന്നായിരുന്നു ബംഗ്ലാദേശിന്റെ ഫൈനല് പ്രവേശം.
2025ല് ബംഗ്ലാദേശിനെ ഫൈനലില് 4-3നു ഷൂട്ടൗട്ടില് കീഴടക്കി ഇന്ത്യ കിരീടം നേടിയിരുന്നു. ഇന്ത്യയാണ് (നാല്) സാഫ് അണ്ടര് 20 കിരീടം ഏറ്റവും കൂടുതല് പ്രാവശ്യം സ്വന്തമാക്കിയത്.
Kerala
കൊച്ചി: സംസ്ഥാനത്തെ റെയില്വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നഷ്ടപ്പെട്ട മൊബൈല് ഫോണുകള് റെയില്വേ പോലീസ് കണ്ടെത്തി ഉടമകള്ക്കു തിരികെ നൽകി.
വിവിധയിടങ്ങളില്നിന്നായി കണ്ടെത്തിയ 40 ഫോണുകളാണ് എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷനില് സംഘടിപ്പിച്ച ചടങ്ങില് കൈമാറിയത്. ഒരിക്കലും തിരിച്ചുകിട്ടില്ലെന്നു കരുതിയ മൊബൈല് ഫോണുകള് തിരികെ ലഭിച്ചപ്പോള് പലരും വികാരഭരിതരായി.
കേന്ദ്ര ടെലികമ്യൂണിക്കേഷന് വകുപ്പിനു കീഴിലെ സെന്ട്രല് എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര് (സിഇഐആര്) മുഖേന 66 ഫോണുകളാണ് റെയില്വേ പോലീസ് കണ്ടെത്തിയത്.
ഒരാഴ്ച മുതല് ഒരു വര്ഷം മുമ്പുവരെ പരാതിപ്പെട്ടവരുടെ ഫോണുകളും ബംഗളൂരുവില്നിന്നടക്കം ഉടമകളെയും ഇത്തരത്തില് കണ്ടെത്തി. മറ്റു ഫോണുകള് അടുത്ത ദിവസങ്ങളില് കൈമാറും. എറണാകുളം സ്വദേശി ഡിജിന് ഫോണ് കൈമാറി എസ്പി മുഹമ്മദ് നദിമുദീന് പരിപാടി ഉദ്ഘാടനം ചെയ്തു.
എറണാകുളം-20, കോട്ടയം-നാല്, ആലപ്പുഴ-അഞ്ച്, തിരുവനന്തപുരം-10, കോഴിക്കോട്-10, തൃശൂര്-11, ഷൊര്ണൂര്-അഞ്ച് എന്നിങ്ങനെയാണു കണ്ടെത്തിയ വിവിധ സ്റ്റേഷനുകളില്നിന്നുള്ള ഫോണുകളുടെ എണ്ണം.
സിഇഐആര്
സിഇഐആറില് പരാതിപ്പെടുന്നതോടെ നഷ്ടപ്പെട്ട മൊബൈല് ഫോണ് പ്രവര്ത്തനരഹിതമാകും. പുതിയ സിം ഇട്ട് ഫോണ് ഉപയോഗി9ക്കാന് ശ്രമിക്കുന്നതോടെ സിം ഉടമയുടെ വിവരങ്ങളടക്കം പോലീസിനും പരാതിക്കാരനും മെസേജായി ലഭിക്കും. ഇതോടെ സിം ഉടമയെ കണ്ടെത്തി ഫോണ് കസ്റ്റഡിയിലെടുക്കുകയാണു ചെയ്യുന്നത്.
Sports
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റണിൽ ഫൈനലിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് പരാജയം. ചൈനീസ് തായ്പേയ് താരം ലിൻ ചുൻ-യി ആണ് ലക്ഷ്യയെ തോൽപ്പിച്ചത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലിൻ ചുന്നിന്റെ വിജയം. സ്കോർ 21-15, 22-20.
District News
കേതമംഗലം: കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി നൽകി റവന്യൂ വകുപ്പ് ജീവനക്കാരി മാതൃകയായി. മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും കഴിഞ്ഞ ഒന്പതിന് വൈകിട്ടാണ് ഒരു പവൻ തൂക്കമുള്ള സ്വർണ പാദസ്വരം കോതമംഗലം താലൂക്ക് ഓഫീസിലെ ജീവനക്കാരി കെ.കെ. സജിതയ്ക്ക് ലഭിച്ചത്. അപ്പോൾ തന്നെ മേലധികാരിയെ അറിയിക്കുകയും ചെയ്തു.
അതിനു ശേഷം നടത്തിയ അന്വേഷണത്തിൽ മിനി സിവിൽ സ്റ്റേഷനിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരി കെ.ഐ. നിജ യുടേതാണെന്ന് കണ്ടെത്തി. തുടർന്ന് താലൂക്ക് ഓഫീസിലെ ഹെഡ്ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസിൽദാർ കെ.എം. സുബൈറിന്റെ സാനിധ്യത്തിൽ സ്വർണാഭരണം ഉടമയ്ക്ക് നൽകുകയും ചെയ്തു
Leader Page
യാദൃച്ഛികമായിട്ടാണ് ‘വലിയപാഠാരംഭം’ എന്ന പേരിൽ ഒരു കൃതിയുടെ പിഡിഎഫ് കോപ്പി ലഭിച്ചത്. പുസ്തകത്തിന്റെ പേര് കണ്ടപ്പോൾ, അതൊരു മതബോധനഗ്രന്ഥമായിരിക്കുമെന്നു കരുതി മാറ്റിവച്ചു. അങ്ങനെ ചിന്തിക്കാൻ കാരണമുണ്ട്. 1772ൽ റോമിലെ സേക്രഡ് കോണ്ഗ്രിഗേഷൻ ഓഫ് ദി പ്രൊപ്പഗേഷൻ ഓഫ് ദി ഫെയ്ത്ത് പ്രസിദ്ധീകരിച്ച, മലയാളത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട, ക്ലെമന്റ് പിയാനിയസിന്റെ ‘സംക്ഷേപ വേദാർഥം’ പോലെ ഒരു ക്രിസ്തീയ മതബോധന ഗ്രന്ഥമായിരിക്കും “വലിയ പാഠാരംഭ”വും എന്നു കരുതിപ്പോയി.
2018ൽ ആരംഭിച്ച അക്ഷരസമരം കത്തിനില്ക്കുന്ന സമയമായിരുന്നതിനാലും അത് അയച്ചുതന്നത് അക്ഷരസമരത്തിൽ പങ്കാളിയായ കൊയിലാണ്ടി ഗവണ്മെന്റ് കോളജ് ചരിത്രാധ്യാപകനും സുഹൃത്തുമായ ഡോ. ശ്രീജിത്ത് ആയതിനാലും രണ്ടും കല്പിച്ച് അതിന്റെ ഒരു പ്രിന്റ് എടുത്തു. അതു പരിശോധിച്ചുനോക്കിയപ്പോഴാണ് ആ കൃതിയുടെ മൂല്യവും മഹത്വവും മനസിലായത്. അതിന്റെ ഓരോ പേജും കൗതുകവും ജിജ്ഞാസയും വിസ്മയവും ജനിപ്പിച്ചു. അതിന്റെ അവതാരികതന്നെ അന്പരപ്പിച്ചു കളഞ്ഞു;
അതിങ്ങനെ
സംസ്കൃതസ്വരങ്ങളാമാദ്യമാമെഴുത്തുകൾ |
സംസ്കൃതവർഗ്ഗങ്ങളാം വ്യഞ്ജനങ്ങളും പിന്നെ ||
സ്വരത്തിൽ കുറവാകും ദ്രാവിഡക്കൂട്ടങ്ങളും |
സ്വരസംയുക്തമായ വർഗ്ഗങ്ങൾ പിന്പുണ്ടിതിൽ ||
അന്തത്തിൽ ചേർന്നീടുന്ന വർഗ്ഗങ്ങളന്പോടു ഞാൻ |
അനുസ്വാരം കൂടുന്ന വർഗ്ഗവുമുരച്ചിതു ||
അന്തമാധമസ്ഥങ്ങൾ തന്നാലെ ഭവിക്കുന്നു |
അക്ഷരസംയുക്തത്താൽ ഭേദങ്ങളനുക്രമാൽ ||
അർദ്ധാക്ഷരങ്ങളെല്ലാമർദ്ധമേഹങ്ങളത്രെ |
അർത്ഥത്തെ കുറിപ്പിപ്പാനുണ്ടു സംഖ്യാവർണ്ണവും ||
രണ്ടാമംശത്തിൽ പിന്നെ കൂട്ടവായനാപദം |
ഇണ്ടലാം യത്നമേറെയില്ലാതെ കിടാക്കൾക്കും ||
ഏകാക്ഷരികളാകും വാക്കുകളുടെ ശേഷം |
ഏകസ്വരത്തിനോടു ചേരുമർദ്ധാക്ഷരങ്ങൾ ||
ഏകന്നേൻ അന്പോടിന്നു ബുദ്ധിയിൽ ദൃഢം ചെയ്വാൻ |
ഏകദേശമെന്നല്ല ചാലവെ സമസ്തവും ||
ത്വരിതം ബാലന്മാരിൽ ബുദ്ധിവർദ്ധനത്തിന്നു |
ദ്വിത്വാക്ഷരികളോടുമർദ്ധാക്ഷരങ്ങൾ ചേർന്നും ||
വിഘ്നം കൂടാതെ തന്നെ കാണുന്നു ത്ര്യക്ഷരികൾ |
ദ്വിഗുണിതങ്ങളാകും ബഹ്വാക്ഷരികൾ താനും ||
മൂന്നാമതാകും പങ്കിൽ വായനയാരംഭിച്ചു |
മുന്നം ഗുണമായുള്ള വാക്യം കഥിച്ചിട്ടഹൊ ||
പിന്നീടിൽ ബുദ്ധിവാക്കാം പഴഞ്ചൊൽ കാങ്കെ ഭവാൻ |
നിന്ദകളികൂടാതെ നോക്കെണം നാലാം കഥ ||
അനുതുല്യമായുള്ള ഏക ഉപമ കാണ്മിൻ |
അനുതാപകഥയും കഥിച്ചതുമോർക്കുന്പോൾ ||
അനുതാപം പൂണ്ടുടൻ ദൈവത്തെ തേടീടുവിൻ |
അനുരാഗഭാവേന ശബരീവാക്യം കേൾപ്പിൻ ||
മഹാഭാരതമാകും കർണ്ണപർവ്വത്തിൽനിന്നും |
സാഹസമുള്ള ബാലന്മാർക്കു ബോധം വരുവാൻ ||
സഹദേവന്റെ വാക്യശ്ലോകങ്ങളവസാനം |
സഹായം പഠിക്കുവാൻ സത്യദൈവമെന്നറി ||
‘കേക’വൃത്തത്തിൽ കവിതാരൂപത്തിൽ പുസ്തകത്തിന്റെ ഉള്ളടക്കം കൃത്യവും ഹൃദ്യവുമായി ഒരു ‘കാപ്സ്യൂൾ’പരുവത്തിൽ ചേർത്തിരിക്കുകയാണ്!
പുസ്തകം അവസാനിക്കുന്നതാകട്ടെ, ‘മട്ട’ത്തിന്റെ (Set square) ആകൃതിയിൽ, ചതുഷ്ക്രിയ പഠിപ്പിക്കുന്നതിന് ഉപകരിക്കുന്ന ഒരു വിസ്മയചിത്രവുമായി.
മലയാളഭാഷയ്ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത നിഘണ്ടുവും വ്യാകരണവും ഉൾപ്പെടെ വിലപ്പെട്ട സംഭാവനകൾ നല്കി അനുഗ്രഹിച്ച ജർമൻ മിഷനറി ഡോ. ഹെർമൻ ഗുണ്ടർട്ട് 1848ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ 1871ലെ പതിനൊന്നാമത്തെ പതിപ്പാണ് എന്റെ പക്കലെത്തിയത്. അതു പ്രസിദ്ധീകരിച്ചിരിക്കുന്നത്, മാംഗളൂരിൽ സി. സ്റ്റോൾസ് ബാസൽ മിഷൻ ബുക്ക് ആൻഡ് ട്രാക്റ്റ് ഡെപ്പോസിറ്ററിയിൽനിന്നാണ്. അതിന്റെ വിലയോ; രണ്ട് അണ (12 പൈസ)!
അദ്ഭുതപ്പെടുത്തിയ ഒരു കാര്യം, ഈ കൃതിയെപ്പറ്റി കേട്ടുകേൾവിയല്ലാതെ കണ്ടിട്ടുള്ളവരാരും എന്റെ അറിവിലില്ല എന്നതാണ്. എന്തുകൊണ്ട് ഈ കൃതി ഇങ്ങനെ അവഗണിക്കപ്പെട്ടും വിസ്മരിപ്പിക്കപ്പെട്ടും പോയി എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നു! ഗുണ്ടർട്ട് കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോഴാണ് ഗുണ്ടർട്ട് എന്ന മഹാനായ മലയാളിയെപ്പറ്റി ചിലരെങ്കിലും ചിന്തിക്കാൻ തുടങ്ങിയത്. അങ്ങനെ ചിന്തിക്കുകയും എഴുതുകയും ചെയ്തിട്ടുള്ളവരിൽ പ്രധാനികളാണ് ഡോ. സ്കറിയ സക്കറിയ, ഡോ. ചെറിയാൻ കുനിയന്തോടത്ത്, ഡോ. വള്ളിക്കാവ് മോഹൻദാസ്, ഡോ. അജയപുരം ജ്യോതിഷ്കുമാർ, ഡോ. ശ്രീജിത്ത് മുതലായവർ. അവരുടെ പഠനങ്ങളിൽ “വലിയ പാഠാരംഭ”ത്തെപ്പറ്റി പറയുന്നുണ്ട്.
അക്ഷരസമരവുമായി മുന്പോട്ടു നീങ്ങിയപ്പോൾ എതിർവാദമുന്നയിച്ചവരെ പ്രതിരോധിക്കാൻ “വലിയ പാഠാരംഭം” ഏറെ പ്രയോജനപ്പെട്ടു. ഒരു ഭാഷയെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് ആക്ഷരികഭാഷയായ മലയാളത്തെ സംബന്ധിച്ചിടത്തോളം, എഴുത്തും വായനയും അഭ്യസിക്കാതെ മുന്നോട്ടു നീങ്ങാനാവില്ലല്ലോ. ആ നിലയ്ക്ക് എഴുത്തും വായനയും പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും “വലിയ പാഠാരംഭ”ത്തേക്കാൾ മെച്ചപ്പെട്ട ഒരു കൃതി വേറെ ഉണ്ടെന്നു തോന്നുന്നില്ല. മലയാളഭാഷയെ സംബന്ധിച്ച് ഒരുപാട് പഠനങ്ങളും പാഠങ്ങളുമുണ്ടല്ലോ. അവയുടെയെല്ലാം ആരംഭം “വലിയ പാഠാരംഭ”ത്തിലുണ്ടെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും.
ഹെർമൻ ഗുണ്ടർട്ടിനെ മഹാനായ മലയാളി എന്നു വിശേഷിപ്പിക്കുന്നതോടൊപ്പം മഹാനായ മനഃശാസ്ത്ര വിദഗ്ധൻ, മഹാനായ വിദ്യാഭ്യാസവിചക്ഷണൻ, മഹാനായ വിദ്യാഭ്യാസ പ്രവർത്തകൻ, മഹാനായ അധ്യാപകശ്രേഷ്ഠൻ എന്നെല്ലാംകൂടി വിശേഷിപ്പിക്കേണ്ടതായിട്ടുണ്ട് എന്നാണ് “വലിയ പാഠാരംഭം” എന്ന ഒറ്റകൃതി വിലയിരുത്തുന്പോൾ തോന്നിപ്പോകുന്നത്.
തന്റെ “വലിയപാഠാരംഭം” ഏതെങ്കിലും ലൈബ്രറിയിലിരുന്ന് ഒറ്റയിരിപ്പിൽ എഴുതി തയാറാക്കിയതല്ല എന്ന സൂചന നല്കിക്കൊണ്ടാണ് ഗുണ്ടർട്ട് ആ പുസ്തകം അവതരിപ്പിക്കുന്നത്. മുഖവുരയുടെ ആരംഭം ശ്രദ്ധിക്കാം: “ംരം പാഠാരംഭത്തെ ഏറിയ കൊല്ലമായി ഗുരുക്കന്മാരുടെയും കുട്ടികളുടെയും ഉതവിക്കായിട്ടു തീർത്തിരിക്കുന്നു.” (‘ഈ’ എന്നതിന്റെ പഴയ ലിപിയാണ് ‘ംരം’) അതായത്, ഏറെനാളായി അദ്ദേഹം സ്വന്തം നിലയിൽ പരീക്ഷിച്ചു ബോധ്യപ്പെട്ട കാര്യങ്ങളാണ് ഈ പുസ്തകത്തിന്റേത് എന്ന് അടിവരയിട്ടു പറയുന്നു. “ഏട്ടിലെ പശു പുല്ലുതിന്നുകേല” എന്നു പറയുന്നതുപോലെ, ഈ പാഠപുസ്തകം കുട്ടികൾക്കു പ്രയോജനപ്പെടണമെങ്കിൽ ഗുരുവിന്റെ സഹായം കൂടിയേ തീരൂ എന്നദ്ദേഹം എടുത്തുപറയുന്നുണ്ട്. അതേസമയം, ഓരോ ഗുരുവിന്റെയും വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും അദ്ദേഹം അങ്ങേയറ്റം ആദരിക്കുന്നുമുണ്ട്.
താൻ സ്വന്തമായി വികസിപ്പിച്ചെടുത്ത പഠനരീതി അവതരിപ്പിക്കുന്പോൾ, അദ്ദേഹം കാണിക്കുന്ന, ഔചിത്യബോധവും വിശാലവീക്ഷണവും ശ്രദ്ധേയമാണ്. തന്റെ പഠനരീതി ഒരു കാരണവശാലും അദ്ദേഹം അടിച്ചേൽപ്പിക്കുന്നില്ല. “ബുദ്ധിമാന്മാർ സാരമായത് എടുത്താൽ മതി” എന്നാണദ്ദേഹം പറയുന്നത്. അതുപോലെതന്നെ, സ്വന്തമായ ഒരു പാഠ്യക്രമം ചിട്ടപ്പെടുത്തിയെടുക്കുന്നതിന് അധ്യാപകർക്ക് പൂർണമായ സ്വാതന്ത്ര്യം നല്കുന്നതോടൊപ്പം, അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഗുണ്ടർട്ടിന്റെ തന്നെ വാക്കുകൾ: “ംരം പാഠാരംഭത്തെ ഏറിയ കൊല്ലമായി ഗുരുക്കന്മാരുടെയും കുട്ടികളുടെയും ഉതവിക്കായിട്ടു തീർത്തിരിക്കുന്നു. എന്നാൽ ംരം ചെറുപുസ്തകംകൊണ്ടു കുട്ടികൾക്കുവേണ്ടുന്ന ഉപകാരം വരേണ്ടതിന്നു ഗുരുക്കന്മാരുടെ സഹായം ആവശ്യം എന്നു സമ്മതം ഉണ്ടാകുമല്ലൊ. ഓരോ ഗുരുക്കന്മാർക്കു അവരുടെ പഠിപ്പുക്രമങ്ങൾ ഉണ്ടെങ്കിലും അവരവർക്കു സലാം ചെയ്തു, നന്നായി എന്നു തോന്നുന്ന ചില ക്രമങ്ങളെ പറവാൻ തുനിയുന്നു. ബുദ്ധിമാന്മാർ സാരമായതു എടുത്താൽ മതി.” (വലിയ പാഠാരംഭം, പുറം 3)
അതേസമയം, വിവാദമായ പുതിയ വിദ്യാഭ്യാസ ചട്ടക്കൂട്ടിൽ, പഠിപ്പിക്കുന്നതുപോലും ഉദ്ഗ്രഥന സിദ്ധാന്തമനുസരിച്ചു വേണമെന്ന ശാഠ്യത്തിലാണ് സർക്കാർ. സ്ഥൂലത്തിൽനിന്നു സൂക്ഷ്മത്തിലേക്ക് എന്ന ക്രമമാണു പാലിക്കേണ്ടതെന്നും അതനുസരിച്ച് ആശയം, വാക്യം, വാക്ക്, അക്ഷരം എന്ന ക്രമമാണു സ്വീകരിക്കേണ്ടതെന്നുമാണ് എസ്സിഇആർടിയുടെ നിലപാട്. സൂക്ഷ്മത്തിൽനിന്നു സ്ഥൂലത്തിലേക്ക് (അക്ഷരം, വാക്ക്, വാക്യം, ആശയം) എന്നതു പഴഞ്ചൻ രീതിയായതിനാൽ, അതു പാടില്ലെന്നും അവർ ശഠിക്കുന്നു. അങ്ങനെ, പറഞ്ഞുപറഞ്ഞ്, അക്ഷരമേ വേണ്ടാ എന്ന നിലവരെ എത്തി. അങ്ങനെ, അക്ഷരമാല പാഠപുസ്തകത്തിൽനിന്നു വെട്ടിനീക്കി. നമ്മുടെ മാതൃഭാഷയുടെ അക്ഷരസന്പത്തിന്റെ മഹത്വം മനസിലാക്കാതെ കാട്ടിക്കൂട്ടിയ ഒരു ആന മണ്ടത്തരം!
ബ്രാഹ്മി ഭാഷയിൽനിന്നുരുത്തിരിഞ്ഞ്, തമിഴിന്റെയും സംസ്കൃതത്തിന്റെയും സംരക്ഷണത്തിൽ വളർന്ന്, മണിപ്രവാള ഭാഷയിലൂടെയും കണ്ണശ്ശ ഭാഷയിലൂടെയും സഞ്ചരിച്ച്, വട്ടെഴുത്തും കോലെഴുത്തും കടന്ന്, ചെറുശേരിയുടെയും എഴുത്തച്ഛന്റെയും അർണോസ് പാതിരിയുടെയും കരസ്പർശത്തിലൂടെ കരുത്താർജിച്ച്, ഗുണ്ടർട്ടിന്റെയും എ.ആർ.ന്റെയും പരിപോഷണത്താൽ നവോന്മേഷം പ്രാപിച്ച്, കുരുന്നുകളുടെ വിരൽത്തുന്പിൽപോലും വിരിഞ്ഞുവികസിച്ചുനിന്ന അക്ഷരപ്പൂക്കളാണ് പാഠപുസ്തകത്തിൽനിന്നു വെട്ടിനീക്കപ്പെട്ടത്. അഞ്ചുവർഷക്കാലം നീണ്ടുനിന്ന അക്ഷരസമരത്തിലൂടെ വെട്ടിനീക്കപ്പെട്ട അക്ഷരമാല പാഠപുസ്തകത്തിൽ പുനഃപ്രതിഷ്ഠിക്കാൻ നമുക്കു കഴിഞ്ഞെങ്കിലും നമ്മുടെ ഇളംതലമുറ ഇന്നും സാക്ഷര നിരക്ഷരരായി കഴിയുന്നു.
ഫലമോ? നമ്മുടെ കുട്ടികൾ എവിടെയും പുറംതള്ളപ്പെടുന്നു. പേരുകേട്ട പോലീസ് മേധാവി എന്നതിലുപരി, ഒരു സാമൂഹികപരിഷ്കർത്താവ് എന്ന നിലയിൽ ശോഭിക്കുന്ന ഡോ. ഋഷിരാജ്സിംഗ്, ആറായിരത്തോളം വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർഥികളും രക്ഷാകർത്താക്കളുമായി ആശയവിനിമയം നടത്തി ആഴത്തിൽ പഠിച്ചശേഷം ഇക്കഴിഞ്ഞ ദിവസം ദീപികയിൽ എഴുതി: “അക്ഷരപരിജ്ഞാനമില്ലായ്മ മലയാളിയെ യുപിഎസ്സി പോലുള്ള ഓൾ ഇന്ത്യാ ലെവൽ പരീക്ഷകളിൽ പിന്നോട്ടടിക്കുമെന്നത് ഞെട്ടലോടെയാണെങ്കിലും നമ്മൾ കേട്ടേ മതിയാവൂ.”
Kerala
പാലക്കാട്: പട്ടാമ്പി ടൗണിൽ ലോട്ടറി കടയിൽ മോഷണം. പട്ടാമ്പി-ഗുരുവായൂർ റോഡിൽ റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷന് സമീപത്തെ സൗമ്യ ലോട്ടറി ഏജൻസിയുടെ ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്.
കടയിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകളും 10,000 രൂപയും നഷ്ടമായെന്നാണ് വിവരം. ഞായറാഴ്ചയാണ് സംഭവം.
ഞായറാഴ്ച രാവിലെ ജീവനക്കാരനെത്തി കട തുറക്കാൻ നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. പൂട്ട് പൊളിച്ചാണ് മോഷണം നടന്നത്.
ഉടമയുടെ പരാതിന്മേൽ പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Sports
ദുബായി: അണ്ടർ 19 ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി പാക്കിസ്ഥാൻ. ഫൈനലിൽ ഇന്ത്യയെ 191 റൺസിന് തോൽപ്പിച്ചാണ് പാക്കിസ്ഥാൻ കിരീടം സ്വന്തമാക്കിയത്.
പാക്കിസ്ഥാൻ ഉയർത്തിയ 348 റൺസ് പിന്തുടർന്ന ഇന്ത്യ 26.2 ഓവറിൽ 156 റൺസിൽ ഓൾഔട്ടായി. 36 റൺസെടുത്ത ദീപേഷ് ദേവേന്ദ്രൻ ആണ് ഇന്ത്യയുടെ ടോപ്സ്കോറർ. വൈഭവ് സൂര്യവൻഷി 26 റൺസെടുത്തു. മറ്റാർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാനായില്ല.
പാക്കിസ്ഥാന് വേണ്ടി നാല് വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയ അലി റാസയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. മുഹമ്മദ് സയ്യാം, അബ്ദുൾ ശുഭാൻ, ഹുസൈഫ അഹ്സാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 347 റൺസെടുത്തത്. വെടിക്കെട്ട് സെഞ്ചുറിയുമായി കളംവാണ ഓപ്പണർ സമീർ മിൻഹാസിന്റെ ഇന്നിംഗ്സാണ് പാക്കിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. 113 പന്തിൽ 17 ബൗണ്ടറികളും ഒമ്പതു സിക്സറുമുൾപ്പെടെ 172 റൺസാണ് സമീർ അടിച്ചുകൂട്ടിയത്.
അതേസമയം, അർധസെഞ്ചുറിയുമായി അഹമ്മദ് ഹുസൈൻ (56) മികച്ച പിന്തുണ നല്കി. ഇരുവരും ചേർന്ന് മൂന്നാംവിക്കറ്റിൽ ഇതുവരെ 137 റൺസാണ് കൂട്ടിച്ചേർത്തത്. ഹംസ സഹൂർ (18), ഉസ്മാൻ ഖാൻ (35), ഫർഹാൻ യൂസഫ് (19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഇന്ത്യയ്ക്കു വേണ്ടി ദീപേഷ് ദേവേന്ദ്രൻ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഹെനിൽ പട്ടേലും ഖിലാൻ പട്ടേലും രണ്ടു വിക്കറ്റ് വീതവും കനിഷ്ക് ചൗഹാൻ ഒരു വിക്കറ്റും വീഴ്ത്തി.
Kerala
പാലക്കാട്: സിപിഎമ്മിന് വീണ്ടും തിരിച്ചടി. 30 വര്ഷം ഭരിച്ച വടക്കഞ്ചേരി പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സിപിഎം മുന് ബ്രാഞ്ച് സെക്രട്ടറിയുമായി കൈകോർത്താണ് കോൺഗ്രസ് പഞ്ചായത്ത് തിരിച്ച് പിടിച്ചെടുത്തത്.
പാർട്ടി നടപടി നേരിട്ട് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പ്രസാദിനെ പഞ്ചായത്ത് പ്രസിഡന്റാക്കും.30 വർഷത്തിന് ശേഷമാണ് വടക്കഞ്ചേരി പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുന്നത്. വടക്കഞ്ചേരി 17-ാം വാർഡ് പ്രധാനിയിൽ നിന്ന് 182 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രസാദ് ജയിച്ചത്.
പഞ്ചായത്തിലുള്ള 22 സീറ്റിൽ യുഡിഎഫിനും എൽഡിഎഫിനും ഒമ്പത് വീതം സീറ്റ് വീതമാണ് ലഭിച്ചത്. സ്വതന്ത്രനായ പ്രസാദ്, എൻഡിഎ മൂന്ന് എന്നിങ്ങനെയാണ് മറ്റ് സീറ്റ് നില. ഇതോടെയാണ് പ്രസാദിനെ ഒപ്പം കൂട്ടാൻ കോൺഗ്രസ് തീരുമാനിച്ചത്.
ബിജെപി മൂന്ന് വാർഡുകളിൽ വിജയിച്ചെങ്കിലും ഇരുപക്ഷത്തെയും പിന്തുണയ്ക്കില്ല. സിപിഎമ്മിൽ നിന്നും നടപടി നേരിട്ടവരുടെ കൂട്ടായ്മ വോയ്സ് ഓഫ് വടക്കഞ്ചേരിയുടെ പേരിലാണ് പ്രസാദ് മത്സരിച്ചത്. 182 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രസാദ് വിജയിച്ചത്. 2015-20 കാലഘട്ടത്തിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ച് പഞ്ചായത്തംഗവുമായിരുന്നു പ്രസാദ്.
Kerala
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ മത്സരിച്ച യൂത്ത് കോൺഗ്രസ് നേതാവ് വി.എ.സുജിത് പരാജയപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി ബിബിൻ കണ്ണൻ ആണ് ഇവിടെ വിജയിച്ചത്. യൂത്ത്കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് ആണ് സുജിത്.
കുന്നംകുളം പോലീസ് കസ്റ്റഡി മർദനം പുറത്തുവന്നതിലൂടെ സുജിത് വാർത്തകളിൽ ഇടം നേടിയിരുന്നു. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം.
വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പോലീസിനോട് സുജിത്ത് വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ കുന്നംകുളം എസ്ഐ നുഹ്മാൻ, സുജിത്തിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചുവെന്നാണ് ആരോപണം.
മദ്യപിച്ച് പ്രശ്നമുണ്ടാക്കി, പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്ന വ്യാജക്കുറ്റങ്ങൾ ചുമത്തി സുജിത്തിനെ ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.
Kerala
പത്തനംതിട്ട: സിപിഎം വനിതാ നേതാവ് ലസിത നായർ പന്തളം നഗരസഭയിലെ എട്ടാം വാർഡിൽ തോറ്റു. "തീവ്രത' പരാമർശം നടത്തിയ നേതാവാണ് ലസിത നായർ.
നഗരസഭാ പ്രതിപക്ഷ നേതാവായിരുന്നു ലസിത നായർ. രാഹുൽ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രപീഡനമെന്നും മുകേഷ് എംഎൽഎയുടെ തീവ്രത കുറഞ്ഞ പീഡനം എന്നായിരുന്നു വിവാദ പരാമർശം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും മുകേഷിന്റെ കേസും രണ്ട് പശ്ചാത്തലത്തിലുള്ളതാണ് എന്നായിരുന്നു ലസിത നായരുടെ പ്രസ്താവന. രാഹുലിന്റേത് അതിതീവ്രമായ പീഡനവും മുകേഷിന്റേത് തീവ്രത കുറഞ്ഞതുമാണ്.
മുകേഷിന്റേത് പീഡനമാണെന്ന് സിപിഎം അംഗീകരിച്ചിട്ടില്ലെന്നും ആയിരുന്നു ലസിതയുടെ വിവാദ പരാമര്ശം. മുകേഷിന് എതിരെ കോടതിയുടെ ശിക്ഷാനടപടികൾ ഒന്നും ഉണ്ടായിട്ടില്ല. വ്യക്തമായ തെളിവുകളോ പരാതിയോ ഇല്ലാത്തതുകൊണ്ടാണ് മുകേഷ് പുറത്തുനിൽക്കുന്നത്. രണ്ടും രണ്ട് പശ്ചാത്തലത്തിലുള്ളത് ആണെന്നാണ് ലസിത പറഞ്ഞത്.
Kerala
ഇടുക്കി: കട്ടപ്പന നഗരഭയിൽ മത്സരിച്ച എഐസിസി അംഗവും മുൻ എംഎൽഎയുമായ ഇ.എം. അഗസ്തി പരാജയപ്പെട്ടു.
മൂന്ന് തവണ എംഎൽഎ, ജില്ലാ ബാങ്ക് പ്രസിഡന്റ്. കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് തുടങ്ങിയ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാവാണ് ഇം.എം. അഗസ്തി.
കട്ടപ്പന നഗരസഭ 22-ാം വാർഡ് ഇരുപതേക്കറിലാണ് അഗസ്തി മത്സരിച്ചത്. ഇടതുപക്ഷ സ്ഥാനാർഥി സി.ആർ. മുരളി 60 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വാർഡ് പിടിച്ചെടുത്തത്. സിപിഎം ലോക്കൽ സെക്രട്ടറിയാണ് സി.ആർ. മുരളി.
Kerala
പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാൻ തോറ്റു. അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഫെനി നൈനാൻ. ഇവിടെ ബിജെപി സീറ്റ് നിലനിർത്തി.
ഫെനി നൈനാൻ മൂന്നാം സ്ഥാനത്താണ്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസിൽ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.
പത്തനംതിട്ട നഗരസഭ പതിനാറാം വാർഡിൽ 248 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിമതൻ ബിബിൻ ബേബി വിജയിച്ചു. കോൺഗ്രസ് പ്രതിപക്ഷനേതാവ് ജാസിം കുട്ടിയെ ആണ് തോൽപ്പിച്ചത്. അതേ സമയം, രാഹുലിന്റെ മറ്റൊരു വിശ്വസ്തൻ ജയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ റിനോ പി രാജൻ 240 വോട്ടിന് ഏറത്തു പഞ്ചായത്ത് ആറാം വാർഡിൽ നിന്നാണ് വിജയിച്ചത്.
Sports
മഡ്ഗാവ്: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. സിംഗപ്പുരിനെതിരായ നിര്ണായകമായ ഹോം മത്സരത്തില് ലീഡെടുത്ത ശേഷം ഇന്ത്യ 2-1 തോൽവി വഴങ്ങുകയായിരുന്നു.
തോൽവിയോടെ ഇന്ത്യ അടുത്ത വർഷത്തെ ഏഷ്യൻ കപ്പിനു യോഗ്യത നേടാതെ പുറത്തായി. ഫറ്റോര്ഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സോംഗ് യുയി യങ്ങാണ് (44, 56) സിംഗപ്പൂരിനായി ഗോളുകൾ നേടിയത്. ലാലിയൻസുവാല ഛാംഗ്തെയാണ് (14) ഇന്ത്യയ്ക്കായി ഗോൾ നേടിയത്.
മത്സരം തുടങ്ങി 14-ാം മിനിറ്റിൽ തന്നെ ചാംഗ്തെയിലൂടെ ഇന്ത്യ മുന്നിലെത്തി. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ സോംഗ് യുയി യങ്ങിലൂടെ സിംഗപ്പൂർ ഒപ്പമെത്തി. പിന്നാലെ 58-ാം മിനിറ്റിൽ യങ്ങിലൂടെ സിംഗപ്പൂർ ലീഡെടുത്തതോടെ ഇന്ത്യ ഞെട്ടി.
സമനില ഗോളിനായി മാറ്റങ്ങൾ വരുത്തി ഇന്ത്യ പൊരുതിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഗ്രൂപ്പ് സിയിൽ നാല് മത്സരങ്ങൾ കളിച്ച ഇന്ത്യയ്ക്ക് രണ്ട് സമനിലയും രണ്ട് തോൽവിയുമാണുള്ളത്.