University News
ഞാൻ പ്ലസ് ടു പഠനം കഴിഞ്ഞ് രണ്ടു വർഷത്തെ ഐടി ഐ പ്രോഗ്രാം പൂർത്തിയാക്കി. ഇപ്പോൾ ഡിസൈനിംഗ്/ ഡ്രസ് മേക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട ഷോർട്ട് ടൈം പ്രോഗ്രാം കേരളത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്നു. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് ഈ വിധമുള്ള പ്രോഗ്രാം ഉണ്ടെന്നറിയുന്നു. അത്തരം സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അവർ നടത്തുന്ന പ്രോഗ്രാമുകളും മറ്റുകാര്യങ്ങളും?
നിഷ കുമാരി, നെല്ലിക്കുഴി, കോതമംഗലം.
വസ്ത്ര നിർമാണ രംഗത്ത്, വസ്ത്ര നിർമാണത്തിലെ ഫാഷൻ ഡിസൈൻ രംഗവുമായി ബന്ധപ്പെട്ട് മികവുറ്റ ഷോർട്ട് ടൈം പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്ന പഠന പരിശീലന കേന്ദ്രങ്ങൾ കേരളത്തിൽ കുറവാണ്.
എന്നാൽ, കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരൽ എക്സ്പോർട്ട് പ്രമോഷൻ കൗണ്സിലിന്റെ പരിശീലന വിഭാഗമായ എടിഡിസിയുടെ പരിശീലന സെന്ററുകളിലൂടെ ഗുണനിലവാരമുള്ള വസ്ത്ര ഡിസൈൻ, വസ്ത്ര നിർമാണം എന്നിവ പഠിപ്പിക്കുന്ന ഹ്രസ്വകാല പ്രോഗ്രാമുണ്ട്.
ഒരു വർഷക്കാലം മാത്രം പഠന ദൈർഘ്യമുള്ള ഡിപ്ലോമ പ്രോഗ്രാമുകളാണ് എടിഡിസി സെന്ററുകൾ വഴി നൽകുന്നത്. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇത്തരം എടിഡിസി സെന്ററുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
അതിന്റെ ഭാഗമായി കേരളത്തിൽ രണ്ടു സെന്ററുകൾ പ്രവർത്തിക്കുന്നു. ഒന്ന് കണ്ണൂരിലും മറ്റൊന്ന് തിരുവനന്തപുരത്തും.
ഈ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ് വിജയിച്ചിട്ടുണ്ടാകണം.
പ്രവേശനം ലഭിച്ചാൽ ഒരു വർഷത്തെ ട്യൂഷൻ ഫീസായി 95,000 രൂപ കൊടുക്കേണ്ടതുണ്ട്. ഈ തുക ഒന്നിച്ചടയ്ക്കാതെ രണ്ട് ഗഡുക്കളായി കൊടുക്കുന്നതിന് സെന്റർ അനുവദിക്കുന്നുണ്ട്. മുകളിൽ സൂചിപ്പിച്ച രണ്ട് സെന്ററുകളിലും രണ്ടു പ്രോഗ്രാമുകളാണ് നടക്കുന്നത്. 1) അപ്പാരൽ മാനുഫാക്ചറിംഗ് ടെക്നോളജി. 2) ഫാഷൻ ഡിസൈൻ ടെക്നോളജി.
അപ്പാരൽ മാനുഫാക്ചറിംഗ് ടെക്നോളജി
വസ്ത്ര നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളിൽനിന്ന് വസ്ത്രങ്ങൾ നിർമിക്കുന്നത് മുതൽ മാർക്കറ്റിൽ വിറ്റഴിക്കുന്നതുവരെയുള്ള വസ്ത്ര നിർമാണ വ്യവസായത്തിലെ കാര്യങ്ങൾ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ആവശ്യമായ കണ്ടെന്റുകൾ ഉൾപ്പെടുത്തിയിട്ടുള്ള സ്കീമും സിലബസും ആണ് പ്രോഗ്രാമിന്റേത്. ഒരു വർഷമാണ് പരിശീലനകാലവാധി.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, ക്വാളിറ്റി കണ്ട്രോളർ, ഇൻഡസ്ട്രിയൽ എൻജിനിയറിംഗ് അസിസ്റ്റന്റ് എന്നിവയാണ് ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്കുള്ള തൊഴിൽ മേഖലകൾ.
കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ തയ്യൽ ടീച്ചർ തസ്തികയിലേക്ക് ഈ യോഗ്യത നേടിയിട്ടുള്ളവരെ കൂടി പരിഗണിക്കും.
ഫാഷൻ ഡിസൈൻ ടെക്നോളജി
ഫാഷൻ ഡിസൈനിലെ പ്രായോഗിക പരിശീലനം ഈ കോഴ്സിൽ നല്കുന്നു. പ്രധാനമായും എംബ്രോയിഡറി, നീഡിൽ ക്രാഫ്റ്റ് എന്നിവയിൽ കൂടുതൽ ഉൗന്നൽ ഈ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്. ഈ പ്രോഗ്രാം പൂർത്തീകരിക്കുന്നവർക്ക് പ്രധാനമായും തുറക്കപ്പെടുന്ന തൊഴിലവസരങ്ങൾ ഡിസൈനർ, സ്റ്റൈലിസ്റ്റ്, ഫാഷൻ മർച്ചന്ഡൈസർ, പാറ്റേണ് മേക്കർ തുടങ്ങിയ ജോബ് റോളുകളാണ്.
കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം ഈ പ്രോഗ്രാമുകളിലേക്ക് വർഷത്തിൽ രണ്ട് വട്ടം പ്രവേശനം നൽകുന്ന രീതിയാണ് പിന്തുടരുന്നത്. ഓരോ വർഷവും ജനുവരിയിലും മേയിലും ആയിരിക്കും പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നതും തുടർന്ന് ക്ലാസുകൾ ആരംഭിക്കുന്നതും.
പ്രോഗ്രാം പൂർത്തീകരിക്കുന്നവർക്ക് ഇന്റേണ്ഷിപ് നൽകുന്നതിനുള്ള അവസരവും മന്ത്രാലയം പ്രത്യേകമായി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.atdcindia .co.in സന്ദർശിക്കുക.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
([email protected])
University News
ഭിന്നശേഷി പുനരധിവാസ പ്രോഗ്രാമുകള് (റിഹാബിലിറ്റേഷന് പ്രോഗ്രാംസ്) നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ടല്ലോ. ഈ വിധം പരിശീലനം കൊടുക്കുന്ന പ്രോഗ്രാമുകളെ നിയന്ത്രിക്കുന്ന രാജ്യത്തെ സ്റ്റാറ്റ്യൂട്ടറി ബോര്ഡ് ഏതാണ്? ഈ വിഷയവുമായി ബന്ധപ്പെട്ട് ഉപരിപഠനം നല്കുന്ന രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങള് ഏതെല്ലാമാണ്?
-മൈക്കിള് ജോസഫ്, ഈരാറ്റുപേട്ട.
ജീവിതത്തില് ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കുന്നതിന് ആവശ്യമായ പ്രോഗ്രാമുകള് രാജ്യത്തെ വിവിധ സര്വകലാശാലകള് നല്കുന്ന പ്രോഗ്രാമുകളുടെ ഗുണഗണങ്ങള് നിശ്ചയിക്കുന്നതിനായി ദേശീയതലത്തില് റീഹാബിലിറ്റേഷന് കൗണ്സില് ഓഫ് ഇന്ത്യ എന്ന പേരില് ഒരു സ്റ്റാറ്റ്യൂട്ടറി കൗണ്സില് പ്രവര്ത്തിക്കുന്നു. സ്റ്റാറ്റ്യൂട്ടറി ബോഡിയുടെ അനുവാദത്തോടെയും അംഗീകാരത്തോടെയുംകൂടി മാത്രമേ റിഹാബിലിറ്റേഷനുമായി ബന്ധപ്പെട്ട പ്രോഗ്രാമുകള് രാജ്യത്തെ ഏതെങ്കിലും കോളജുകളിലോ യൂണിവേഴ്സിറ്റികളിലോ നടത്താന് കഴിയൂ.
താഴെപ്പറയുന്നവയാണ് ഈ മേഖലയില് ഉയര്ന്ന പുലര്ത്തുന്ന രാജ്യത്തെ പ്രീമിയര് ഇന്സ്റ്റിറ്റ്യൂട്ടുകള്:
1) Ali Yavar Jung National Institute of Speech and Hearing Disabilities, Mumbai.
2)Central Institute of Psychiatry,Ranchi.
3) National Institute of Mental Health and Neurosciences, Bengaluru (NIMHANS)
4) All India Institute for Speech and Hearing, Manasagangotri, Mysore.
5) National Institute for Empowerment of Persons with Multiple disabilities, Kovalam, Chennai.
6) National Institute for the Empowerment of Persons with Intellectual Disabilities, Secunderabad (NIEPMD))
മുകളില് പറഞ്ഞ സ്ഥാപനങ്ങള്ക്കൊപ്പം തന്നെ പ്രാധാന്യത്തോടെ കാണാവുന്ന ഏതാനും ചില സ്ഥാപനങ്ങള് ആണ് താഴെ പറയുന്നത്:
1. National Institute of Speech and Hearing, Sreekariyam.Thiruvananthapuram (NISH)
2. Ramakrishna Mission Vivekananda University,Coimbatore.
3. Swami Vivekanand National Institute of Rehabilitation Training and Research, Olatpur Odisha.
4. Spastic Society of Tamilnadu, Chennai
മുകളില് സൂചിപ്പിച്ച ഇന്സ്റ്റിറ്റ്യൂട്ടുകള് ഉള്പ്പെടെ നമ്മുടെ രാജ്യത്ത് 650 കൂടുതല് റിഹാബിലിറ്റേഷന് പ്രോഗ്രാമുകള് ഓഫര് ചെയ്യുന്ന സ്ഥാപനങ്ങള് പ്രവര്ത്തിക്കുന്നുണ്ട്. കേരളത്തില് 25 കൂടുതല് സ്ഥാപനങ്ങള് ഭിന്നശേഷി പുനരധിവാസ പ്രോഗ്രാമുകള് പഠിപ്പിക്കുന്ന സ്ഥാപനങ്ങളായി പ്രവര്ത്തിക്കുന്നു. ഈ സ്ഥാപനങ്ങള് പ്രവര്ത്തിക്കുന്ന സ്ഥലങ്ങള്, ഇവയുടെ അംഗീകാരം, ഇവര് നടത്തുന്ന ഭിന്നങ്ങളായ പ്രോഗ്രാമുകള് എന്നിവയെ കുറിച്ച് കൂടുതല് അറിയുന്നതിനായി https://rehabcouncil. nic. in വെബ്സെറ്റ് സന്ദര്ശിക്കുക.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
([email protected])
University News
കൊല്ലം കുണ്ടറയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ റീജണൽ സെന്റർ ആണോ? ഈ സ്ഥാപനത്തിലേക്കുള്ള അഡ്മിഷൻ ഏതുവിധേനയാണ് നടത്തുന്നത്? ബിരുദതലത്തിൽ ഫാഷൻ ടെക്നോളജിയുടെ ഏതെല്ലാം പ്രോഗ്രാമുകളാണ് ഈ സ്ഥാപനം നൽകുന്നത്?
രതീഷ് കുമാർ, ചിറയിൻകീഴ്.
കൊല്ലം കുണ്ടറയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള സർക്കാരിന്റെ സെന്റർ ഫോർ എൻജിനിയറിംഗ് എഡ്യൂക്കേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. ഫാഷൻ ടെക്നോളജിയിൽ പ്രോഗ്രാം ഓഫർ ചെയ്യുന്ന ഈ സ്ഥാപനം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ റീജണൽ സെന്റർ അല്ല. എന്നാൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള എന്ന കുണ്ടറയിലെ ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്പോൾ അതിലേക്ക് ആവശ്യമായ അക്കാഡമിക്, ട്രെയിനിംഗ് പ്രോഗ്രാമുകൾക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകിയതും നൽകിക്കൊണ്ടിരിക്കുന്നതും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി ആണ്. അതിനാലാണ് അത്തരം ഒരു സംശയം പഠിതാക്കളുടെ ഇടയിൽ ഉണ്ടാകാൻ കാരണം.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള (ഐഎഫ്ടികെ) നാലുവർഷം പഠന ദൈർഘ്യമുള്ള ബിരുദ പ്രോഗ്രാമായ ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡിഎസ്) പ്രോഗ്രാമാണ് ഓഫർ ചെയ്യുന്നത്. ആകെ 60 സീറ്റുകളാണുള്ളത്. കേരള സർക്കാറിന്റെ എല്ലാവിധ സംവരണ നിയമങ്ങളും പാലിച്ചുകൊണ്ടാണ് പ്രവേശന നടത്തുന്നത്.
ഒരു സെമസ്റ്ററിൽ 48,000 രൂപയാണ് ട്യൂഷൻ ഫീസ്. കൂടാതെ പ്രവേശന സമയത്ത് രജിസ്ട്രേഷൻ ഫീയായി 2000 രൂപയും 5000 രൂപ കോഷൻ ഡെപ്പോസിറ്റും പ്രവേശന സമയത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ അടയ്ക്കണം.
നാലുവർഷത്തെ പഠന ദൈർഘ്യമുള്ള ബാച്ചിലർ ഇൻ ഡിസൈൻ (ബിഡിസ്) പ്രോഗ്രാമിലേക്ക് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിലേക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഒരു പരീക്ഷ നടത്താറുണ്ട്.
ലാൽ ബഹദൂർ ശാസ്ത്രി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്ന സ്ഥാപനത്തെയാണ് ഈ അഭിരുചി പരീക്ഷ പരീക്ഷ നടത്തുന്നതായി സ്ഥാപനം ചുമതലപ്പെടുത്തിയിട്ടുള്ളത്. ജനറൽ എബിലിറ്റി ടെസ്റ്റ്, ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് എന്നിവ അടങ്ങുന്നതാണ് പരീക്ഷ.
നാലുവർഷ ബാച്ചിലർ ഇൻ ഡിസൈൻ പ്രോഗ്രാമിലേക്കു പ്രവേശിക്കുന്നതിനുള്ള അക്കാദമിക യോഗ്യത ഏതെങ്കിലും ഒരു അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു പരീക്ഷ ജയിച്ചിരിക്കുക എന്നതാണ്.
മുൻതവണകളിലെ പ്രവണതകൾ പരിഗണിച്ചാൽ ജൂണ് മാസത്തിലെ രണ്ടാമത്തെ വാരത്തോട് ചേർന്നാണ് സെന്റർ അതിന്റെ പുതിയ വർഷത്തിലേക്കുള്ള അഭിരുചി പരീക്ഷ നടത്തുന്നത്.
മുൻ വർഷങ്ങൾ നടന്ന അഭിരുചി പരീക്ഷയിൽ ചോദിച്ചിട്ടുള്ള ചോദ്യപേപ്പറുകൾ സർവകലാശാലയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
നാലുവർഷം ദൈർഘ്യമുള്ള ബാച്ചിലർ ഇൻ ഡിസൈൻ പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് ഫാഷൻ മേഖലയിലെ ഡിസൈനർ സ്റ്റൈലിസ്റ്റ്, എലിസ്ട്രേറ്റർ ഡിസൈനർ തുടങ്ങി വിവിധങ്ങളായ മേഖലകളിൽ തൊഴിലവസരങ്ങൾ ലഭിക്കാം. എഐസിടിയുടെ അംഗീകാരമുള്ള ഈ പ്രോഗ്രാമിന് കേരള സർവകലാശാലയിൽ അഫിലിയേഷൻ ഉണ്ട്.
**** **** ****
ഞാൻ പത്താം ക്ലാസ് പഠനത്തിനുശേഷം പ്ലസ് ടു പഠനം നടത്താതെ പോളിടെക്നിക്ക് ഡിപ്ലോമ എൻജിനിയറിംഗ് പാസായ ആളാണ്. എനിക്കിപ്പോൾ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദ പഠനം നടത്തണമെന്നുണ്ട്. കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ പ്ലസ് ടു വിജയിക്കാത്തവർക്ക് അല്ലെങ്കിൽ ഡിപ്ലോമ പാസായിട്ടുള്ളവർക്ക് ഉപരിപഠനത്തിനുള്ള പ്രവേശനം നൽകുന്നുണ്ടോ?
മുഹമ്മദ് ഫൈസൽ, ഇടുക്കി.
കേരളത്തിലെ മൾട്ടി ഡിസിപ്ലിനറി സർവകലാശാലകളായ കേരള യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി അടക്കമുള്ള സർവകലാശാലകളിൽ ബിരുദ പഠനത്തിന് ആവശ്യം വേണ്ട അടിസ്ഥാന യോഗ്യത പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ അതിനു തത്തുല്യമായ യോഗ്യതയാണ്. ഈ യോഗ്യത നേടാത്ത വിദ്യാർഥികളെ ഉപരിപഠനത്തിന് ഈ സർവകലാശാലകൾ പ്രവേശനം നൽകാറില്ല.
എന്നാൽ, ശ്രീനാരായണഗുരു ഓപ്പണ് സർവകലാശാല പത്താം ക്ലാസ് ജയിച്ചതിനു ശേഷം രണ്ടുവർഷ സർക്കാർ അംഗീകാരമുള്ള ഡിപ്ലോമ പ്രോഗ്രാമുകൾ പാസായിട്ടുള്ളവർക്കു ബിരുദ പഠനത്തിന് അവസരം ലഭിക്കുന്നതിന്റെ ഭാഗമായി തീരുമാനമെടുത്തിട്ടുണ്ട്. ഈ തീരുമാനത്തിന് സർവകലാശാലയുടെ സിൻഡിക്കറ്റും അക്കാദമി കൗണ്സിലും യുജിസിയും ഉന്നത വിദ്യാഭ്യാസ വകുപ്പും അനുമതി നൽകിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ശ്രീ നാരായണ ഓപ്പണ് സർവകലാശാലയിൽ താങ്കൾക്ക് ബിരുദത്തിനു ചേരാവുന്നതാണ്.
കേന്ദ്ര സർവകലാശാലയായ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ് യൂണിവേഴ്സിറ്റി പന്ത്രണ്ടാം ക്ലാസ് ജയിക്കാത്തവർക്ക് ബ്രിഡ്ജ് പ്രോഗ്രാം നൽകി ലിബറലൈസ്ഡ് ബിരുദം നൽകുന്നുണ്ട്. എന്നാൽ, ഈ പ്രോഗ്രാം കേരളത്തിലെ സർവകലാശാലകൾ അംഗീകരിക്കുകയോ കേരള പി എസ്സി അംഗീകരിക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ ഈ പ്രോഗ്രാം പഠിക്കുന്ന വിദ്യാർഥികൾക്ക് കരിയർ പ്രോഗ്രസ് ഉണ്ടാക്കുന്നതിന് സഹായകമല്ല. എന്നാൽ ശ്രീനാരായണഗുരു ഓപ്പണ് സർവകലാശാല നൽകുന്ന പ്രോഗ്രാം കേരള പിഎസ്സി, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അടക്കമുള്ള സ്ഥാപനങ്ങളുടെ അംഗീകാരം ഉണ്ടായിരിക്കും.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
([email protected])
University News
ടെക്നിക്കൽ ഹൈസ്കൂളിലേക്കുള്ള പ്രവേശന രീതികളും അവിടെ പഠിപ്പിക്കുന്ന വിഷയങ്ങളെ സംബന്ധിച്ചും ടെക്നിക്കൽ ഹൈസ്കൂൾ പഠനം പൂർത്തീകരിക്കുന്നതിലൂടെ ഏതെങ്കിലും തരത്തിലുള്ള പ്രത്യേകമായ റിസർവേഷൻ ഉപരിപഠനത്തിനുണ്ടോ എന്ന് കാര്യങ്ങൾ വിവരിക്കാമോ?
കെ.എസ്. അഭിലാഷ്, മുക്കൂട്ടുതറ, എരുമേലി.
ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് കേരള സർക്കാർ സ്കൂൾ പഠനകാലഘട്ടത്തിൽ തന്നെ വിദ്യാർഥികളിൽ സാങ്കേതിക തൊഴിൽ നൈപുണ്യം നേടുന്നതിലേക്കായി പ്രത്യേകമായി രൂപകല്പന ചെയ്തിട്ടുള്ള സ്കൂൾ രീതിയാണ് ടെക്നിക്കൽ ഹൈസ്കൂളുകൾ എന്ന പേരിൽ അറിയപ്പെടുന്നത്.
സംസ്ഥാനത്ത് ആകെ 39 ടെക്നിക്കൽ ഹൈസ്കൂളുകളാണുള്ളത്. ഏഴാം ക്ലാസിനുശേഷം എട്ട്, ഒന്പത്, പത്ത് ക്ലാസ് പഠനമാണ് ടെക്നിക്കൽ ഹൈസ്കൂളുകളിൽ നടക്കുക. എട്ട്, ഒന്പത്, പത്ത് ക്ലാസുകളിൽ പഠിപ്പിക്കുന്ന എല്ലാ പൊതു വിഷയങ്ങളും ടെക്നിക്കൽ ഹൈസ്കൂളിലും പഠിപ്പിക്കുന്നുണ്ടാവും. എന്നാൽ, സാങ്കേതിക പഠനം മുൻനിർത്തിയുള്ള സിലബസ് ആയതിനാൽ ബയോളജി വിഷയം ടെക്നിക്കൽ ഹൈസ്കൂളുകളിൽ ഒരു പാഠഭാഗമായി പഠിപ്പിക്കുന്നില്ല. ഇവ കൂടാതെ പഠിതാവിന്റെ പ്രാപ്തിയും അഭിരുചിയും താത്പര്യവും മനസിലാക്കി ഏതെങ്കിലും ഒരു ട്രേഡിൽ പ്രത്യേകമായ സാങ്കേതിക പരിശീലനവും പുതു വിഷയങ്ങളുടെ പഠനത്തോടൊപ്പം നൽകിവരുന്നു.
അടിസ്ഥാനപരമായി ഈ സ്കൂൾ സിസ്റ്റത്തിലൂടെ ചെറുപ്പത്തിലെ തന്നെ കുട്ടികളിൽ സാങ്കേതിക വിഷയങ്ങൾ പഠിക്കുന്നതിനുള്ള താത്പര്യവും അതിൽ പരിശീലനവും നൈപുണ്യവും സൃഷ്ടിച്ചെടുക്കുന്നതോടെ തുടർപഠനകാലത്ത് സാങ്കേതിക മേഖലയിൽ ഉപരിപഠനത്തിനും കരിയർ കണ്ടെത്തുന്നതിനും ഏറെ സഹായിക്കും. എട്ടാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്ന കുട്ടി ആ വർഷം പൊതുവിദ്യാഭ്യാസത്തിൽ കാണുന്ന തരത്തിൽ ഇംഗ്ലീഷ്, മലയാളം, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, സോഷ്യൽ സയൻസ്, ഐടി എന്നീ പൊതു വിഷയങ്ങളും അടിസ്ഥാന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളും പഠിക്കുന്നു. ഒന്പത്, പത്ത് ക്ലാസിൽ ഈ പൊതു വിഷയങ്ങൾ കൂടാതെ എൻജിനിയറിംഗ് വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകളും ഉണ്ടാകും. പഠിതാവിന്റെ അഭിരുചിയും പ്രാപ്തിയും അനുസരിച്ച് ഏതെങ്കിലും ഒരു ട്രേഡിൽ പ്രത്യേകമായ പരിശീലനവും നൽകും.
ഏഴാം ക്ലാസ് ജയിച്ചവർക്കും, ഇപ്പോൾ ഏഴാം ക്ലാസ് പരീക്ഷ റിസൾട്ട് കാത്തിരിക്കുന്നവർക്കും 2026 -27 അധ്യയനവർഷത്തെ ടെക്നിക്കൽ ഹൈസ്കൂളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാം.
2026 -27 അക്കാദമി വർഷം എട്ടാം ക്ലാസിലേക്ക് അപേക്ഷിക്കുന്ന വിദ്യാർഥി 2026 ജൂണ് ഒന്നിന് 16 വയസ് കഴിയാൻ പാടില്ല.
ഏത് സ്കൂളിലാണോ ഒരു വിദ്യാർഥി പ്രവേശനം ആഗ്രഹിക്കുന്നത് ആ സ്കൂളിലേക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിദ്യാർഥിയുടെ ഏഴാം ക്ലാസിലെ മാർക്കും മറ്റു കാര്യങ്ങളും പരിഗണിച്ചാണ് പ്രവേശനം നൽകുന്നത്. സ്കൂളിൽ അനുവദിച്ചിട്ടുള്ള ഇൻടേക്കിനേക്കാൾ കൂടുതൽ വിദ്യാർഥികൾ പ്രവേശനത്തിനായി അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ സ്കൂൾതലത്തിൽ കുട്ടികൾക്ക് പ്രവേശന പരീക്ഷ നടത്തും. ആ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നൽകുക. ഈ അഭിരുചി പരീക്ഷയിൽ ഏഴാം ക്ലാസിൽ അവർ പഠിച്ചിട്ടുള്ള കണക്ക്, ഇംഗ്ലീഷ്, മലയാളം, സാമൂഹ്യശാസ്ത്രം, പൊതുവിജ്ഞാനം, യുക്തിവിചാരം എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ഒരു ഒബ്ജക്റ്റീവ് പരീക്ഷയായിരിക്കും നടത്തുക.
ടെക്നിക്കൽ ഹൈസ്കൂളിൽനിന്ന് പത്താംതരം ജയിക്കുന്നവർക്കു കേരളത്തിലെ പോളിടെക്നിക് കോളജുകളിൽ ഡിപ്ലോമ പഠിക്കുന്നതിന് 10 ശതമാനം സീറ്റ് മാറ്റിവച്ചിട്ടുണ്ട്. ടെക്നിക്കൽ ഹൈസ്കൂളിൽ നിന്ന് പത്താംതരം ജയിക്കുന്നവർക്ക് കേരളത്തിലെ പ്ലസ് ടു സ്കൂളുകളിൽ 11, 12 ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നതിന് യാതൊരുവിധ തടസവുമില്ല.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
([email protected])
Kerala
തൃശൂർ: എഫ്സിആർഎ ഭേദഗതിയെക്കുറിച്ചുള്ള ക്രൈസ്തവസമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പു കമ്മീഷനും സത്വര നടപടികൾ സ്വീകരിക്കണമെന്ന് തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
നിലവിലുള്ള വിദേശ സംഭാവന നിയന്ത്രണ നിയമം തന്നെ വളരെ ശക്തമായതിനാൽ പുതിയ ബിൽ കൊണ്ടുവരാനുള്ള നീക്കം സംശയാസ്പദമാണെന്നും ബിഷപ്സ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
നിയമം നിലവിൽ വന്നാൽ ക്രൈസ്തവസമൂഹത്തെ മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന സന്നദ്ധസംഘടനകളെയും ബാധിക്കും.
ന്യൂനപക്ഷത്തിന്റെ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി മാത്രമേ കേന്ദ്രസർക്കാരിന്റെ ഈ നിയമഭേദഗതിയെ കാണാനാകൂ. ഇതിനെതിരേ ശക്തമായ ചെറുത്തുനില്പ് സംഘടിപ്പിക്കാൻ സഭാസമൂഹം നിർബന്ധിതരാകുമെന്നു മാർ താഴത്ത് ഓർമിപ്പിച്ചു.
University News
കേരളത്തിൽ സംഗീതം, കഥകളി, നൃത്തം പോലുള്ള കലാരൂപങ്ങൾ കേരളത്തിലെ സർവകലാശാലകൾ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളായി നടത്താറുണ്ടല്ലോ? എന്നാൽ, കേരളത്തിന്റെ ആയോധന കലയായ കളരിപ്പയറ്റ് ഈ വിധത്തിൽ ഏതെങ്കിലും സർവകലാശാല പ്രോഗ്രാമായി നടത്തുന്നുണ്ടോ?
അനൂപ് രാഘവൻ, ചെട്ടികുളങ്ങര.
നിലവിൽ കേരളത്തിലെ ഒരു സർവകലാശാലയും കളരിപ്പയറ്റ് പോലുള്ള ആയോധനകല പഠിപ്പിക്കുന്നതിലേക്കുള്ള ബിരുദ ബിരുദാനന്തര ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളൊന്നും നടത്തുന്നില്ല.
കേരളത്തിലെ മിക്ക സർവകലാശാലകളും അവരുടെ ലൈഫ് ലോംഗ് ലേണിംഗ് ഡിപ്പാർട്ട്മെന്റുകൾ വഴി യോഗ, നാച്ചുറോപ്പതി, ജൈവകൃഷി പോലുള്ള മേഖലകളെ ബന്ധപ്പെടുത്തി ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. പ്രത്യേകിച്ച് മഹാത്മാഗാന്ധി സർവകലാശാല കോട്ടയത്തിന്റെ ലൈഫ് ലോംഗ് ലേണിംഗ് ഡിപ്പാർട്ട്മെന്റ് ഈ മേഖലയിൽ ഒരുപടി മുൻപിലാണ്.
കേരളത്തിന്റെ മാത്രം ആയോധനകലയായ കളരി പോയിട്ട് പാരന്പര്യ കലാരൂപങ്ങളായ തെയ്യമോ മറ്റ് അനുബന്ധ കലാരൂപങ്ങളോ നമ്മുടെ സർവകലാശാലകളിൽ ബിരുദതലത്തിലോ ഡിപ്ലോമ തലത്തിലോ സർട്ടിഫിക്കറ്റ് തലത്തിലോ പ്രോഗ്രാമുകൾ നടത്തുന്നില്ല.
അടുത്തനാളിൽ കണ്ണൂർ സർവകലാശാലയുടെയും കേരള ഫോക്ലോർ അക്കാദമിയുടെയും ഭാഗത്തുനിന്ന് ഒരറിയിപ്പ് ഉണ്ടായിട്ടുണ്ട്. കേരള ഫോക്ലോർ അക്കാദമി സംസ്ഥാനത്തെ പ്രധാനപ്പെട്ട മൾട്ടി ഡിസിപ്ലിനറി സർവകലാശാലയായ കണ്ണൂർ സർവകലാശാലയുമായി ചേർന്ന് കളരിപ്പയറ്റ്, യോഗ, തെയ്യം തുടങ്ങിയ നാടൻ കലകൾ പഠിപ്പിക്കുന്നതിനുള്ള നാടൻ കലാമണ്ഡലം തുടങ്ങാൻ തീരുമാനമായി. കണ്ണൂർ സർവകലാശാലയും കേരള ഫോക്ലോർ അക്കാദമിയും ഇതുമായി ബന്ധപ്പെട്ട ധാരണപത്രം ഒപ്പിട്ടുകഴിഞ്ഞു.
അക്കാദമി നൽകുന്ന വിവരങ്ങൾ പ്രകാരം ആദ്യം ആരംഭിക്കുക കളരി അഭ്യാസവുമായി ബന്ധപ്പെട്ട പ്രോഗ്രാമായിരിക്കും. ആറുമാസം പഠനകാലയളവുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമായിരിക്കുമത്. 1100 പേർക്കായിരിക്കും പ്രവേശനം. തിയറി ക്ലാസുകൾക്ക് ശേഷം അല്ലെങ്കിൽ അതോടൊപ്പം കളരിപ്പയറ്റ് അഭ്യസിപ്പിക്കുന്ന കളരി ഗുരുക്കളുടെ നേതൃത്വത്തിൽ പ്രായോഗിക പരിശീലനവും നൽകും.
കേരള ഫോക്ലോർ അക്കാദമിയുടെ പത്രക്കുറിപ്പുകൾ പ്രകാരം കളരിപ്പയറ്റ് പ്രോഗ്രാം ആരംഭിച്ചതിനു ശേഷം കണ്ണൂർ സർവകലാശാലയുടെ സർട്ടിഫിക്കേഷനോടെ യോഗയും തുടർന്ന് തെയ്യം അടക്കമുള്ള അനുഷ്ഠാനകലകളും പഠിപ്പിക്കാൻ ധാരണയായിട്ടുണ്ട്.
ഫോക്ലോർ അക്കാദമി, കണ്ണൂർ സർവകലാശാലയുമായി ചേർന്ന് പഞ്ചലോഹ പ്രതിമ വിഗ്രഹ നിർമാണത്തിന് പരിശീലനം നൽകുന്ന ഒരു പ്രോഗ്രാം കൂടി ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്([email protected])
University News
ഞാൻ പ്ലസ് ടു വിദ്യാർഥിയാണ്. ബിരുദ പഠനത്തിനുശേഷം സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറാകണമെന്നാണ് ആഗ്രഹം. കേരള സർക്കാരിന്റെ സിവിൽ സർവീസ് അക്കാദമി ഏതെങ്കിലും ഫൗണ്ടേഷൻ പ്രോഗ്രാമുകൾ വേനൽ അവധിക്കാലത്ത് നടത്തുന്നുണ്ടോ? ഉണ്ടെങ്കിൽ അത് എവിടെയാണ്?
ശ്രീലക്ഷ്മി കെ.ആർ., പത്തനംതിട്ട.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ സെന്റർ ഫോർ കണ്ടിന്യുയിംഗ് എഡ്യുക്കേഷന്റെ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി 2026 ഏപ്രിൽ മാസത്തിൽ തുടങ്ങത്തക്ക വിധം വിദ്യാർഥികൾക്കായി സിവിൽ സർവീസ് ടാലന്റ് ഡെവലപ്മെന്റ് പ്രോഗ്രാം, ഫൗണ്ടേഷൻ പ്രോഗ്രാം എന്നിവ ആരംഭിക്കുന്നുണ്ട്.
ടാലന്റ് ഡെവലപ്മെന്റ് കോഴ്സ് എന്ന പേരിലും സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് എന്ന പേരിലും രണ്ട് വിഭാഗമായാണ് പ്രോഗ്രാമുകൾ നടത്തുന്നത്. ഇതിൽ സിവിൽ സർവീസ് ഫൗണ്ടേഷൻ പ്രോഗ്രാം ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വേണ്ടിയുള്ളതാണ്. എന്നാൽ, ടാലന്റ് ഡെവലപ്മെന്റ് കോഴ്സ് ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് സിവിൽ സർവീസ് പഠനത്തിലേക്ക് ആപ്റ്റിട്യൂഡ് ഉണ്ടാക്കുന്നതിനുവേണ്ടി നടത്തപ്പെടുന്ന പ്രോഗ്രാമാണ്.
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി താഴെ കൊടുക്കുന്ന സെന്ററുകളില്ലാണ് ഈ പ്രോഗ്രാമുകൾ നൽകുന്നത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, പത്തനംതിട്ട ജില്ലയിലെ കോന്നി, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, എറണാകുളം ജില്ലയിലെ ആലുവ, തൃശൂർ ജില്ലയിലെ ആളൂർ, പാലക്കാട്, മലപ്പുറം ജില്ലയിലെ പൊന്നാനി, കണ്ണൂർ ജില്ലയിലെ കല്യാശേരി, കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഈ അവധിക്കാല പ്രോഗ്രാമുകൾ നടക്കുന്നത്.
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി നൽകിയിട്ടുള്ള പത്രക്കുറിപ്പ് പ്രകാരം 2026 ഏപ്രിൽ മാസം ആറാം തീയതി ക്ലാസ് തുടങ്ങും. kscss. org വഴി താത്പര്യമുള്ളവർക്ക് പ്രോഗ്രാമിൽ ചേരുന്നതിലേക്കായി അപേക്ഷ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 - 2313065, 8281098863, 82810988861 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്([email protected])
University News
മഹാത്മാഗാന്ധി സർവകലാശാല ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാം ആരംഭിക്കുന്നു എന്ന് അറിയാൻ ഇടയായി. സർവകലാശാലയുടെ ഏത് കാന്പസിലാണ് ഈ പ്രോഗ്രാം നടക്കുന്നത്? പ്രവേശനം ലഭിക്കുന്നത് ഏതെങ്കിലും പ്രവേശന പരീക്ഷ എഴുതേണ്ടതുണ്ടോ?
വിനീത് രാജ്, കൊല്ലം.
കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയുടെ മെയിൻ കാന്പസിൽ തന്നെയാണ് ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാം സർവകലാശാല ആരംഭിക്കുന്നത് എന്നാണ് അറിയിച്ചിട്ടുള്ളത്.
2026 -27 അക്കാദമിക വർഷം തന്നെ പ്രോഗ്രാം ആരംഭിക്കുമെന്നും സർവകലാശാല പത്രക്കുറിപ്പ് അറിയിക്കുന്നു.
ബിഎ ബിഎഡ്, ബിഎസ്സി ബിഎഡ് എന്നീ രണ്ട് ഡുവൽ മേജർ ബിരുദ കോഴ്സുകൾ ആണ് ആദ്യഘട്ടത്തിൽ സർവകലാശാല തുടങ്ങുന്നത്. ഈ പ്രോഗ്രാമുകളിലേക്കു പ്രവേശനം നൽകുന്നതിന് ഈ വർഷം സർവകലാശാല പ്രത്യേകമായ ഒരു പ്രവേശന പരീക്ഷ നടത്തുന്നില്ല. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നാഷണൽ കോമണ് എൻട്രൻസ് ടെസ്റ്റ് സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ രണ്ടു പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി പരിഗണിക്കുന്ന പ്രവേശന പരീക്ഷ.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന എൻസിഇടി എക്സാമിനേഷൻ സ്വാഭാവികമായും ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് നാഷണൽ ഇംപോർട്ടൻസുകളായ ഐഐടികളിലും മറ്റ് സ്ഥാപനങ്ങളിലും നാഷണൽ എഡ്യൂക്കേഷൻ പോളിസിയുടെ ഭാഗമായി ആരംഭിച്ചിട്ടുള്ള ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന് പ്രവേശനം നൽകുന്നതിനായി ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയാണ്.
കേരളത്തിൽ ഏതെങ്കിലും ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾ പ്രവർത്തിക്കുന്നുണ്ടോ?
ഹരികുമാർ കെ.വി., രണ്ടാർകര,
മൂവാറ്റുപുഴ.
കേരളത്തിൽ ഇപ്പോൾ രണ്ട് ഡീംഡ് ടു ബി സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഒന്നാമത്തേത്, കേരള സർക്കാരിന്റെ നിയന്ത്രണമുള്ള ചെറുതുരുത്തിയിൽ പ്രവർത്തിക്കുന്ന കേരള കലാമണ്ഡലം.
2006ലാണ് യുജിസി കേരള കലാമണ്ഡലത്തെ കല്പിത സർവകലാശാലയായി പ്രഖ്യാപിച്ചത്. പൂർണമായും കഥകളിയും മറ്റ് അനുബന്ധ കലാരൂപങ്ങളും പരിശീലിപ്പിക്കുന്നത്തിനായി വള്ളത്തോൾ നാരായണമേനോന്റെ നേതൃത്വത്തിൽ 1930ൽ ആരംഭിച്ച കേരള കലാമണ്ഡലം ഇപ്പോൾ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ആയാണ് പ്രവർത്തിക്കുന്നത്.
സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു ഡീംഡ് ടു ബി യൂണിവേഴ്സിറ്റി കൂടി കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ പിറവത്തിനടുത്തുള്ള പേപ്പതിയിലാണ് ചിന്മയ വിശ്വവിദ്യാപീഠം സർവകലാശാല പ്രവർത്തിക്കുന്നത്. 2016ലാണ് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ ഈ സർവകലാശാലയ്ക്ക് പ്രവർത്തന അനുമതി നൽകിയത്. പ്രധാനമായും ഈ സർവകലാശാല വേദാന്തവും സംസ്കൃതവും ഭാരതീയ തത്വചിന്തയും മറ്റുമായി ബന്ധപ്പെട്ട പഠന മേഖലകളിലും മനഃശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുമാണ് ബിരുദബിരുദാനന്തര പ്രോഗ്രാമുകൾ നടത്തിയിരുന്നത്.
എന്നാൽ, കഴിഞ്ഞവർഷം സർവകലാശാലയുടെ കാന്പസിൽ പരിഷ്കരണങ്ങൾ വരുത്തിക്കൊണ്ട് ബിരുദ, ബിരുദാന തലത്തിൽ അടിസ്ഥാന സയൻസിലും ഹ്യുമാനിറ്റീസിലും കൊമേഴ്സിലും വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളും സാങ്കേതിക മേഖലയിൽ ബിടെക് അടക്കമുള്ള പ്രോഗ്രാമുകളും സർവകലാശാല ഓഫർ ചെയ്യുന്നുണ്ട്.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
([email protected])
University News
ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിക്ക് എവിടെയൊക്കെയാണ് സ്വന്തം കാന്പസുകൾ ഉള്ളത്? സ്വന്തം കാന്പസുകളൾ അല്ലാതെ അഫിലിയേറ്റഡ് കാന്പസുകൾ ഉണ്ടോ? ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി നടത്തുന്ന എംബിഎ പ്രോഗ്രാം ഏതൊക്കെ കാന്പസുകളിലാണുള്ളത്. അതിലേക്കുള്ള പ്രവേശന രീതി എന്നാണ്?
അനീഷ് എം.എൻ., തൊടുപുഴ.
ചെന്നൈ ആസ്ഥാനമായാണ് ഇന്ത്യൻ മാരിടൈം സർവകലാശാല പ്രവർത്തിക്കുന്നത്. തുറമുഖ, ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കീഴിലാണ് യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നത്. യൂണിവേഴ്സിറ്റിക്ക് കോൽക്കത്ത, മുംബൈ പോർട്ട്, നവീ മുംബൈ, കൊച്ചി, ചെന്നൈ, വിശാഖപട്ടണം എന്നിവിടങ്ങളിലായി ആറു കാന്പസുകളാണുള്ളത്. ഇവ കൂടാതെ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 18 കോളജുകൾ കൂടിയുണ്ട്. എന്നാൽ, സർവകലാശാലയുമായി അഫിലിയേഷൻ ഇല്ലാത്തതും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിന്റെ അംഗീകാരമുള്ളതുമായ 25 സ്ഥാപനങ്ങൾ സർവകലാശാലയുടെ വിവിധ പ്രോഗ്രാമുകളിലേക്കായി നടത്തുന്ന പ്രവേശന പരീക്ഷയായ ഐഎംയു സിഇടി പരീക്ഷയിൽ ലഭിക്കുന്ന സ്കോറുകൾ പരിഗണിച്ച് അവരുടേതായ സ്ഥാപനങ്ങളിൽ പ്രവേശനം നൽകുന്നുണ്ട്.
ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി പ്രധാനമായി നടത്തുന്ന പ്രോഗ്രാമുകൾ
1)ബിടെക് നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനിയറിംഗ് (നാലുവർഷം).റസിഡൻഷൽ പ്രോഗ്രാം. വിശാഖപട്ടണം കാന്പസിൽ മാത്രം.
2) ബിടെക് നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിംഗ് (നാലു വർഷം)
റസിഡൻഷൽ പ്രോഗ്രാം. വിശാഖപട്ടണം കാന്പസിൽ മാത്രം.
3) ബിടെക് മറൈൻ എൻജിനിയറിംഗ് (നാലു വർഷം)റസിഡൻഷൽ പ്രോഗ്രാം. ചെന്നൈ, കോൽക്കത്ത, മുംബൈ പോർട് കാന്പസുകളിൽ ലഭ്യമാണ്.
4)ബിഎസ്സി നോട്ടിക്കൽ സയൻസ് ( മൂന്നുവർഷം)റസിഡൻഷൽ പ്രോഗ്രാം. കൊച്ചി, ചെന്നൈ, നവി മുംബൈ എന്നീ കാന്പസുകളിൽ ലഭ്യമാണ്.
5) ബിബിഎ (മൂന്നു വർഷം)നോണ് റസിഡൻഷൽ ആണ്. വിശാഖപട്ടണം, ചെന്നൈ, കൊച്ചി കാന്പസുകളിൽ.
6) എംടെക് (രണ്ടു വർഷം)എംടെക് പ്രോഗ്രാമുകൾ നോണ് റസിഡൻഷൽ ആണ്. വിശാഖപട്ടണം, കോൽക്കത്ത സെന്ററുകൾ മാത്രം.
7) ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് (ഒരു വർഷം)റസിഡൻഷൽ പ്രോഗ്രാം. ചെന്നൈ, നവി മുംബൈ കാന്പസുകൾ.
8)പിജി ഡിപ്ലോമ ഇൻ മറൈൻ എൻജിനിയറിംഗ് (ഒരു വർഷം)റസിഡൻഷൽ പ്രോഗ്രാം. മുംബൈ പോർട്ടിൽ മാത്രം.
9)എംബിഎ പ്രോഗ്രാമുകൾ- ഈ പ്രോഗ്രാമുകൾ സർവകലാശാല ഓഫർ ചെയ്യുന്നത് ഓണ്ലൈൻ രീതിയിലും ഓഫ്ലൈൻ രീതിയിലും ആണ്. രണ്ട് രീതിയിൽ നടക്കുന്ന പ്രോഗ്രാമുകളുടെയും പഠന കാലാവധി രണ്ടു വർഷമാണ്. ഓഫ് ലൈൻ രീതിയിൽ നടക്കുന്ന പ്രോഗ്രാം റസിഡൻഷൽ ആണ്.
കൊച്ചി, ചെന്നൈ, കോൽക്കത്ത, വിശാഖപട്ടണം എന്നീ കാന്പസുകൾ.
എംബിഎ മാരിടൈം മാനേജ്മെന്റ് പ്രോഗ്രാമാണ് ഓണ്ലൈൻ രീതിയിൽ നടക്കുന്നത്.
10) പിജി ഡിപ്ലോമ ഇൻ മാരിടൈം ലോ (ഒരു വർഷം)ഈ പ്രോഗ്രാം ഓണ്ലൈൻ രീതിയിലാണ് നടക്കുന്നത്.
ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ എംബിഎ പഠിക്കുന്നതിന് അപേക്ഷ സമർപ്പിക്കാൻ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കുക. കൂടാതെ പത്താം തരത്തിലെ പരീക്ഷയിലോ പന്ത്രണ്ടാം തരത്തിലെ പരീക്ഷയിലോ അല്ലെങ്കിൽ ബിരുദത്തിലോ ഇംഗ്ലീഷ് ഭാഷ ഒരു വിഷയമായി പഠിച്ചിട്ടുണ്ടാവണം. ഈ വിഷയം 50 ശതമാനം മാർക്കോടെ ജയിച്ചിട്ടും ഉണ്ടാകണം.
2026 അധ്യന വർഷം ആരംഭിക്കുന്ന ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ പ്രോഗ്രാമുകൾക്ക് പ്രവേശനം ലഭിക്കുന്നതിലേക്കായി നടത്തുന്ന ഐഎംയു സിഇടി പ്രവേശന പരീക്ഷാ വിജ്ഞാപനം യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപ്രകാരം, 2026 ഏപ്രിൽ 24 വരെ അപേക്ഷകൾ സമർപ്പിക്കാം. മേയ് 24ന് പരീക്ഷ നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.imu.edu.in വെബ്സൈറ്റ് സന്ദർശിക്കുക.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
([email protected])
University News
മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകൾ നടത്തുന്ന എംഎ /എംഎസ്സി ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഏകജാലകം വഴിയാണല്ലോ പ്രവേശനം. ഇതേ വിധത്തിൽ തന്നെയാണോ മഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ എംഎ /എംഎസ്സി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം?
കെ.എൻ. രാജേഷ് കുമാർ, പയ്യന്നൂർ.
മഹാത്മാഗാന്ധി സർവകലാശാല കോട്ടയത്തിന്റെ കീഴിലുള്ള സ്റ്റാറ്റ്യൂട്ടറി ഡിപ്പാർട്ട്മെന്റുകൾ നടത്തുന്ന ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് സർവകലാശാല ഓരോ അധ്യായന വർഷം ആരംഭിക്കുന്നതിനു മുന്പ് തന്നെ ഈ പ്രോഗ്രാമുകളിലേക്കുള്ള പഠിതാക്കളെ തെരഞ്ഞെടുക്കുന്നതിനായി പ്രവേശന പരീക്ഷ നടത്താറുണ്ട്.
കേരളത്തിലെ എല്ലാ ജില്ലകളിലെയും കുട്ടികൾക്ക് പരീക്ഷ എഴുതുന്ന വിധത്തിൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി പരീക്ഷാ കേന്ദ്രങ്ങളും നൽകാറുണ്ട്. ഈ വിധത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയിൽ മികവ് തെളിയിക്കുന്ന കുട്ടികളുടെ റാങ്ക് ലിസ്റ്റ് തയാറാക്കി ഓരോ വ്യത്യസ്ത ഡിപ്പാർട്ട്മെന്റുകളും അവർ ഓഫർ ചെയ്യുന്ന പ്രോഗ്രാമുകൾക്ക് അനുയോജ്യരാണോയെന്ന് പരിശോധിക്കുന്നതിനുള്ള ഇന്റർവ്യൂ/ഗ്രൂപ്പ് ഡിസ്കഷൻ മുതലായവ കൂടി നടത്തി അന്തിമമായ ഒരു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ എല്ലാ വിധ സർക്കാർ നിശ്ചയിച്ചിട്ടുള്ള സംവരണ തത്വങ്ങളും പാലിക്കപ്പെട്ടാണ് യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ടറി ഡിപ്പാർട്ട്മെന്റുകൾ വ്യത്യസ്ത ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത്.
ഓരോ പ്രോഗ്രാമിനും നിശ്ചയിക്കപ്പെട്ടിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അടിസ്ഥാന യോഗ്യതയുടെ അവസാന വർഷ പഠനം നടത്തിക്കൊണ്ടിരിക്കുന്നവർക്കും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇതിനുള്ള വിജ്ഞാപനം സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
എന്നാൽ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിൽ (ഓട്ടോണമസ് കോളജുകൾ ഒഴികെ )നൽകുന്ന എല്ലാ ബിരുദാനന്തര പ്രോഗ്രാമിലേക്കും പ്രവേശനം നൽകുന്നത് കോമണ് അലോട്ട്മെന്റ് പ്രോസസിലൂടെയാണ്. ഇത് രണ്ടും വ്യത്യസ്തങ്ങളായ രീതികളാണ്.
University News
ഞാന് എംജി യൂണിവേഴ്സിറ്റിയുടെ കീഴിലെ ഒരു ഓട്ടോണമസ് കോളജില് മൂന്നാം വര്ഷം ബികോം വിദ്യാര്ഥിയാണ്. എന്റെ ബികോം പ്രോഗ്രാം വൊക്കേഷണല് പ്രോഗ്രാമാണ്. എനിക്ക് ബികോം ജയിച്ചശേഷം എംജി സര്വകലാശാലയില്നിന്ന് അഡീഷണല് ഇലക്ടീവ് ആയി ബികോം കോര്പറേഷന് എഴുതാനാവുമോ? ഓട്ടോണമസ് കോളജില്നിന്ന് ബികോം വൊക്കേഷന് കഴിയുന്ന എനിക്ക് സര്വകലാശാലയ്ക്ക് കീഴില് എംകോം പ്രോഗ്രാം പഠിക്കാന് കഴിയുമോ?
ഹസീന മുഹമ്മദ്,ഈരാറ്റുപേട്ട.
എംജി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ഓട്ടോണമസ് കോളജില് വൊക്കേഷണല് ബികോം കഴിയുന്ന ഒരാള്ക്ക് അഡീഷണല് ഇലക്റ്റീവ് തെരഞ്ഞെടുക്കാന് കഴിയും. സര്വകലാശാല നല്കുന്ന മോഡല് ഒന്ന്, മോഡല് രണ്ട്, മോഡല് മൂന്ന് (വൊക്കേഷണല്) അടക്കമുള്ള ഏത് ബികോം പ്രോഗ്രാമുകളും പാസായാല് പ്രൈവറ്റ് രജിസ്ട്രേഷന് നടത്തി അഡീഷണല് ഇലക്ടീവ് എഴുതാന് യോഗ്യതയുണ്ട്. അഡീഷണല് ഇലക്ടീവിനായി രജിസ്ട്രേഷന് നടത്തുന്ന സമയത്ത് പഠിതാവ് മറ്റൊരു ഹയര് പ്രോഗ്രാമും ഈ സര്വകലാശാലയിലോ മറ്റേതെങ്കിലും സര്വകലാശാലകളിലൊ പഠിക്കാന് പാടുള്ളതല്ല.
എംജി സര്വകലാശാലയുടെ കീഴില് ബികോ പഠിച്ചിട്ടുള്ള ഏതൊരു വിദ്യാര്ഥിക്കും അത് ഓട്ടോണമസ് കോളജില് ആണെങ്കിലും സര്ക്കാര് എയ്ഡഡ് കോളജിലാണെങ്കിലും(മോഡല് ഒന്ന്, മോഡല് രണ്ട്, മോഡല് മൂന്ന് (വൊക്കേഷണല്)) എകോം പ്രോഗ്രാം പഠിക്കുന്നതിനുള്ള അക്കാഡമിക് യോഗ്യതയുണ്ട്.
ഞാന് ബാച്ച്ലര് ഓഫ് ഫൈന് ആര്ട്സ് (ബിഎഫ്എ) ജയിച്ചയാളാണ്. എനിക്ക് എംബിഎക്ക് അഡ്മിഷന് ലഭിക്കുമോ?
പ്രിയ നന്ദന്, കാവാലം
എംബിഎ പ്രോഗ്രാമിന് പ്രവേശനം ലഭിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണെങ്കിലും ഫൈന് ആര്ട്സിലുള്ള ബിരുദം എംബിഎക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള യോഗ്യതയായി പരിഗണിക്കുന്നില്ല. നിലവിലുള്ള ബിരുദ യോഗ്യതവച്ച് താങ്കൾക്കു എംബിഎക്ക് പ്രവേശനം നേടാന് കഴിയില്ല.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
Kerala
വിഴിഞ്ഞം: മുൻ വർഷത്തെപ്പോലെ വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള തർക്കത്തിന് ഇക്കുറിയും മാറ്റമുണ്ടായില്ല. ഉമ്മൻ ചാണ്ടിയാണ് ശില്പിയെന്ന് പ്രതിപക്ഷ നേതാവിന്റെ വാദത്തെ അവഗണിച്ച് മന്ത്രി കെ.എൻ. ബാലഗോപാലും രംഗത്തെത്തി. പദ്ധതി വി.എസ്. അച്യുതാനന്ദന്റേതാണെന്നും അന്ന് താൻ വി.എസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നെന്നും മന്ത്രി പറഞ്ഞു.
എന്നാൽ പ്രതിപക്ഷത്തെയോ കേന്ദ്രത്തെയോ പ്രത്യക്ഷമായി തൊടാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കേന്ദ്രത്തെ കുറ്റപ്പെടുത്തി വി.എൻ. വാസവൻ അധ്യക്ഷ പ്രസംഗം നടത്തിയപ്പോൾ വിഴിഞ്ഞം തുറമുഖ നിർമാണം ഇഴഞ്ഞതിലുള്ള പരിഭവം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമുണ്ടായി.
പിതൃത്വാവകാശം ഒഴിച്ചാൽ കാര്യമായ രാഷ്ട്രീയ പോർ വിളിയില്ലാതെയും കുറ്റപ്പെടുത്തലുകൾ ഇല്ലാതെയുമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട ഉദ്ഘാടന ദിനം കടന്നുപോയത്.
കേരളം വികസിക്കില്ലെന്ന് കരുതി പരിഹസിച്ചവർക്കും കുറ്റപ്പെടുത്തിയവർക്കുമുള്ള മറുപടിയാണ് വിഴിഞ്ഞം തുറമുഖമെന്ന് പ്രതിപക്ഷത്തെ പരോക്ഷമായി കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിക്ക് പുരോഗതി കുറഞ്ഞെന്ന് വി.ഡി. സതീശൻ അക്കമിട്ട് നിരത്തി പ്രസംഗിച്ചു.
തുറമുഖം ബൈപാസുമായി ബന്ധിപ്പിക്കുന്ന റോഡ് നിർമാണത്തിന്റെ കാലതാമസം, റിംഗ് റോഡ്, റെയിൽവേ, ടൗൺഷിപ്പ് എന്നിവ നടപ്പിലാകാതെ എന്തു വികസനമുണ്ടാകുമെന്നുള്ള ചോദ്യമായിരുന്നു സതീശന്റേത്.
Education
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ഓണ്ട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റ് (എൻഐഎഫടിഇഎം) രാജ്യത്ത് എത്ര എണ്ണം ഉണ്ട്? ഈ സ്ഥാപനങ്ങൾ ഓഫർ ചെയ്യുന്ന പ്രോഗ്രാമുകൾ ഏതെല്ലാമാണ്?
അരുണ് കുമാർ, തലശേരി.
നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ഓണ്ട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റിനു രാജ്യത്ത് രണ്ടു സ്ഥാപനങ്ങളാണുള്ളത്.
ദേശീയപ്രാധാന്യമുള്ള ഈ പഠന കേന്ദ്രങ്ങളിൽ ഫുഡ് ടെക്നോളജിയുമായി ബന്ധപ്പെട്ടു ബിരുദതലത്തിലും ബിരുദാനന്തരതലത്തിലും ഗവേഷണ രംഗത്തും വിവിധങ്ങളായ പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. ഭാരത സർക്കാരിന്റെ മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രീസിന്റെ കീഴിൽ വരുന്നതാണ് ഈ സ്ഥാപനങ്ങൾ.
ഇതിൽ ഒന്നാമത്തെ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ഓണ്ട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റ് ഹരിയാനയിലെ സോനാപേട്ടിലാണ് പ്രവർത്തിക്കുന്നത്. 2012ലാണു സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. സ്ഥാപനത്തിന്റെ മികവന്റെ അടിസ്ഥാനത്തിൽ 2019 പാർലമെന്റിൽ ബില്ല് അവതരിപ്പിച്ച് ഈ സ്ഥാപനത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് ആയി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.
എൻഐഎഫടിഇഎം സോനാപേട്ട് ഒരു കൽപിത സർവകലാശാലയാണ്.
സ്ഥാപനം ഓഫർ ചെയ്യുന്ന പ്രോഗ്രാമുകൾ ഇവയാണ്.
1) നാലു വർഷത്തെ ബാച്ച്ലർ ഓഫ് ടെക്നോളജി ഇൻ ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്.
വളരെ മികവാർന്ന ഈ പ്രോഗ്രാം ടെക്നോളജിക്കൽ സ്കില്ലും മാനേജർ സ്കില്ലും പഠിതാവിൽ സൃഷ്ടിക്കുന്ന വിധമാണ് ഈ പ്രോഗ്രാമിന്റെ സിലബസ് രൂപപ്പെടുത്തിയിട്ടുള്ളത്.
2) രണ്ടുവർഷത്തെ മാസ്റ്റർ ഓഫ് ടെക്നോളജി വ്യത്യസ്തങ്ങളായ അഞ്ചു സ്പെഷലൈസേഷനുകളോടെ ഈ സ്ഥാപനം പഠിതാക്കൾക്ക് ഓഫർ ചെയ്യുന്നു
a)എംടെക് ഇൻ ഫുഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്
b) ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെന്റ്
c) ഫുഡ് പ്രോസസ് എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റ്
d)ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്
e)ഫുഡ് പ്ലാൻസ് ഓപ്പറേഷൻസ് മാനേജ്മെന്റ്
f)പിഎച്ച്ഡി പ്രോഗ്രാമും എംബിഎയും എൻഐഎഫടിഇഎം, സോനാപേട്ട് ഓഫർ ചെയുന്നുണ്ട്.
ബിടെക് ബിരുദത്തിനു പ്രവേശനം ലഭിക്കാനായി പഠിതാവ് ജെഇഇ മെയിൻ പരീക്ഷയിൽ ഉയർന്ന റാങ്ക് ഉണ്ടാകണം. എംടെക് ആണ് ഇവിടെ പഠിക്കുന്നതെങ്കിൽ പ്രവേശനം ഗേറ്റ് പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും.
എംബിഎ പ്രോഗ്രാം ഈ സ്ഥാപനം ഓഫർ ചെയ്യുന്നത് രണ്ടു വർഷകാല ദൈർഘ്യമുള്ള പൂർണ സമയ പഠനമായിട്ടാണ്. 25 സീറ്റുകളാണ് ഈ പ്രോഗ്രാമായി സർവകലാശാല നൽകുന്നത്.
തമിഴ്നാട്ടിലെ തഞ്ചാവൂരിലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ഓണ്ട്രപ്രണർഷിപ്പ് മാനേജ്മെന്റ് പ്രവർത്തിക്കുന്നുണ്ട്.
1967ൽ കൃഷി അനുബന്ധമായ പഠനവുമായി ബന്ധപ്പെട്ട സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനം 2021ൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ബില്ലിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓണ്ട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റ് ആയി മാറിയത്.
തഞ്ചാവൂരിലെ എൻഐഎഫടിഇഎം ബിടെക് പ്രോഗ്രാമും എംടെക് പ്രോഗ്രാമും പിഎച്ച്ഡി പ്രോഗ്രാമും വിദ്യാർഥികൾക്കായി ഓഫർ ചെയ്യുന്നുണ്ട്. ബിടെക് പ്രോഗ്രാമിലേക്ക് പ്രവേശനം നൽകുന്നത് ജെഇഇ മെയിൻ പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിലാണ്. തഞ്ചാവൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓണ്ട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റ് തമിഴ്നാട് സർക്കാരിന്റെ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലാണ് അഫിലിയേഷൻ
Education
മഹാത്മാഗാന്ധി സർവകലാശാല കോട്ടയത്തിന്റെ യൂത്ത് ഫെസ്റ്റിവൽ പങ്കെടുത്ത ആളാണ് ഞാൻ. കോൽകളിയിൽ ഞങ്ങളുടെ ടീമിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. അന്ന് സർവകലാശാല നൽകിയ സർട്ടിഫിക്കറ്റ് എന്റെ പക്കൽനിന്നും നഷ്ടമായി. ആ സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?
മുഹമ്മദ് കാസിൽ, എറണാകുളം.
സർവകലാശാലയുടെ യുവജനോത്സവത്തിൽ സമ്മാനാർഹരാകുന്ന വിദ്യാർഥികൾക്ക് നൽകുന്ന മെറിറ്റ് സർട്ടിഫിക്കറ്റ് നഷ്ടമായാൽ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭി ക്കുന്നതിനു പ്രത്യേകമായ നിയമമില്ല. മഹാത്മാഗാന്ധി സർവകലാശാല നൽകുന്ന ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നഷ്ടമായാൽ ഡ്യൂപ്ലികേറ്റ് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകുന്നതിനു സർവകലാശാല പിന്തുടരുന്ന നിയമം തന്നെയാണ് കലോത്സവത്തിൽ പങ്കെടുത്ത് ലഭിച്ച മെറിറ്റ് സർട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനും സർവകലാശാല പിന്തുടരുന്ന നടപടി. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മഹാത്മാഗാന്ധി സർവകലാശാല നിർദേശിച്ചിട്ടുള്ള നിയമങ്ങൾ താഴെ പറയുന്നവയാണ്.
ഏതെങ്കിലും ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് നഷ്ടമായാൽ നഷ്ടമായ കാര്യത്തെ ബോധ്യപ്പെടുത്തി ഒരു നോട്ടറി പബ്ലിക്കിന്റെ സത്യവാംഗ് മൂലം അഥവാ അഫിഡവിറ്റ് 200 രൂപ മുദ്രപത്രത്തിൽ വാങ്ങണം. നഷ്ടപ്പെട്ട സർട്ടിഫിക്കറ്റ് ഒരിക്കലും ലഭിക്കാത്ത വിധം (Irrecoverably lost) നഷ്ടമായി എന്ന് നിർബന്ധമായും രേഖപ്പെടുത്തിയിട്ടുണ്ടാകണം.
ഒരു ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു സർവകലാശാല നിശ്ചയിച്ചിട്ടുള്ള ഫീസ് സർവകലാശാല ഫിനാൻസ് ഓഫീസറുടെ അക്കൗണ്ടിൽ ‘ഇ പേ’ വഴി അടച്ച് അതിന്റെ റെസിപ്റ്റ് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷയുടെ രേഖകൾക്കൊപ്പം ഹാജരാക്കണം. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് സർവകലാശാല നിശ്ചയിച്ചിട്ടുള്ള ഫീസ് കൂടാതെ സർവകലാശാല നിശ്ചയിച്ചിട്ടുള്ള തുക സെർച്ച് ഫീസ് ആയി സർവകലാശാല അക്കൗണ്ടിൽ അടയ്ക്കണം. സെർച്ച് ഫീ നിശ്ചയിക്കുന്നത് സർട്ടിഫിക്കറ്റ് ലഭിച്ച് എത്ര വർഷം കഴിഞ്ഞാണ് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന സമയവുമായി ബന്ധപ്പെട്ടായിരിക്കും.
ഈ ഫീസ് വിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ നല്കിയിട്ടുണ്ട്.
മുകളിൽ പറഞ്ഞിട്ടുള്ള ഡോക്യുമെന്റുകളോടൊപ്പം അപേക്ഷകൻ/അപേക്ഷക സർവകലാശാലയുടെ കണ്ട്രോളർ ഓഫ് എക്സാമിനേഷൻസിന് അഡ്രസ് ചെയ്തുകൊണ്ട് വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൂടി സമർപ്പിക്കണം.
ഡ്യൂപ്ലിക്കേറ്റ് ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുന്പോൾ മുകളിൽ പറഞ്ഞ രേഖകളോടൊപ്പം അപേക്ഷകൻ/ അപേക്ഷക പഠിച്ച കോളജിലെ പ്രിൻസിപ്പൽ നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതുണ്ട്. ഈ വിധം സർവകലാശാലയിൽ ലഭിക്കുന്ന അപേക്ഷകളിലാണ് പൊതുവേ മഹാത്മാഗാന്ധി സർവകലാശാല ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത്.
മുകളിൽ പറഞ്ഞ നടപടിക്രമങ്ങൾ തന്നെയാണ് മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ പങ്കെടുത്തു വിജയികളായവർക്ക് സർവകലാശാല നൽകിയ മെറിറ്റ് സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനും പിന്തുടരുന്നത്.
രണ്ടു കാര്യങ്ങൾ ഇവിടെ പ്രത്യേകമായി ഓർക്കേണ്ടതുണ്ട്. പ്രിൻസിപ്പലിന്റെ പക്കൽനിന്ന് ആവശ്യമുള്ള എൻഒസി കലോത്സവത്തിന്റെ മെറിറ്റ് സർട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റിനായി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല. ഡിഗ്രി സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിന് വെള്ളക്കടലാസിൽ അപേക്ഷകൻ കണ്ട്രോളർ ഓഫ് എക്സാമിനേഷനാണ് അപേക്ഷയിൽ അഡ്രസ് ചെയ്യേണ്ടത്. എന്നാൽ, കലോത്സവത്തിന് ലഭിച്ച മെറിറ്റ് സർട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിന് സമർപ്പിക്കുന്ന വെള്ളക്കടലസിലുള്ള അപേക്ഷയിൽ ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ് സർവീസസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എന്നായിരിക്കണം അഡ്രസ് ചെയ്യേണ്ടത്.
ഈ വിധത്തിൽ പൂർണമായും പൂരിപ്പിച്ച് ലഭിച്ചിട്ടുള്ള അപേക്ഷ പരിശോധിച്ച് സർവകലാശാല സത്യമാണെന്ന് ബോധ്യപ്പെട്ടാൽ കലോത്സവത്തിന് സർവകലാശാല നൽകിയ ഒർജിനൽ സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് നൽകും.