University News
തിരുവനന്തപുരം: 2026ലെ ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു. പരീക്ഷാ വിജ്ഞാപനം hseportal.kerala.gov.in ൽ ലഭ്യമാണ്.
2026 ലെ ഒന്നാം വർഷ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 12 മുതൽ 17 വരെ നടക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ ഒടുക്കേണ്ട അവസാന തീയതി സെപ്റ്റംബർ 10 വരെയും 600 രൂപ സൂപ്പർ ഫൈനോടു കൂടി പരീക്ഷാ ഫീസ് ഒടുക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 വരെയുമാണ്.
Kerala
കോഴഞ്ചേരി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏഴാമത് പരിസ്ഥിതി ലോല മേഖലകളുടെ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകൾ ഉൾപ്പെട്ട ഗുരുതര സാഹചര്യം ചർച്ച ചെയ്യുന്നതിന് സർവകക്ഷിയോഗവും അടിയന്തര നിയമസഭ സമ്മേളനവും വിളിച്ചു ചേർക്കണമെന്ന് കേരള കോൺഗ്രസ് - എം ചെയർമാൻ ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.
60 ദിവസങ്ങൾക്കകം വിജ്ഞാപനം സംബന്ധിച്ച് ആക്ഷേപങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കേണ്ടതാണ്. എന്നാൽ വിജ്ഞാപനം ഇറങ്ങിയിട്ട് 35 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ഇനി 25 ദിവസങ്ങൾക്കുള്ളിൽ കേരളത്തിന്റെ നിർദേശങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം പരിഗണിച്ച് പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം 92 ആയി കുറയ്ക്കണമെന്ന നിർദേശമാണ് കേരളം കേന്ദ്രസർക്കാരിനു സമർപ്പിച്ചത്.
കേരളത്തിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച നിജസ്ഥിതി ജനങ്ങളെ അറിയിക്കാൻ സർക്കാർ ധവളപത്രം ഇറക്കണം. എൽഡിഎഫ് ഉപനേതാവ് സംബന്ധിച്ച വിഷയം സിപിഎമ്മും സിപിഐയും ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തിയാല്‍ പരിഹരിക്കാനാകുന്നതേയുള്ളൂവെന്ന് ജോസ് അഭിപ്രായപ്പെട്ടു.
Education
തിരുവനന്തപുരം: 2025-27 അധ്യയന വർഷത്തെ ഡിഎൽഎഡ് ജനറൽ കോഴ്സിന്റെ രണ്ടാം സെമസ്റ്റർ റെഗുലർ & സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 19, 22, 23 തീയതികളിൽ നടക്കും.
പരീക്ഷാ വിജ്ഞാപനം https:// par eekshabhavan.kerala.gov.in ൽ ലഭ്യമാണ്.
Editorial
12 വർഷം, ഏഴു വിജ്ഞാപനങ്ങൾ, എണ്ണമറ്റ നിവേദനങ്ങൾ... ഭരണകൂടം പരിസ്ഥിതിലോല മേഖല (ഇഎസ്എ)യിൽ പെടുത്തിയ 131 വില്ലേജുകളിലെ ലക്ഷക്കണക്കിനു മനുഷ്യർ സ്വന്തം മണ്ണിലെ വനവാസത്തിൽ തുടരുകയാണ്. അവരുടെ വീടും പറന്പും വിദ്യാലയങ്ങളും ആരാധനാലയങ്ങളും കടകളും മറ്റു സ്ഥാപനങ്ങളുമൊക്കെ കേന്ദ്രം ജൂലൈ 27നു പുറപ്പെടുവിച്ച ഏഴാം വിജ്ഞാപനത്തിലും ഇഎസ്എയിൽതന്നെ നിലനിർത്തിയിരിക്കുന്നു. പശ്ചിമഘട്ടസംരക്ഷണത്തിന് 2010ൽ മാധവ് ഗാഡ്ഗിലും 2013ൽ കസ്തൂരി രംഗനും സമർപ്പിച്ച റിപ്പോർട്ടുകളെ തുടർന്നാണ് 2014ൽ ആദ്യ കരടുവിജ്ഞാപനം പുറത്തിറക്കിയത്.
റിപ്പോർട്ടുകളിലെ വൈരുധ്യങ്ങളും ജനവിരുദ്ധതകളും അത് അനുഭവിക്കേണ്ടിവന്നവരുടെ പ്രതിഷേധങ്ങളും മൂലം അന്തിമറിപ്പോർട്ട് പുറത്തിറങ്ങിയില്ല. പകരം നിശ്ചിത ഇടവേളകളിൽ വിജ്ഞാപനങ്ങൾ! പരിസ്ഥിതിലോലെമെന്നു മുദ്രകുത്തി കൃഷിഭൂമിയിലെ അവകാശങ്ങൾ നിഷേധിച്ച് ലക്ഷക്കണക്കിനു മനുഷ്യരെ 12 വർഷം വനവാസത്തിലാക്കിയ അഭിനവ കൗരവ-ശകുനിമാർ പുതിയൊരു വിജ്ഞാപനത്തിലൂടെ അജ്ഞാതവാസവും കൽപിച്ചിരിക്കുന്നു. മനഃസാക്ഷിയുണ്ടോ?
കർഷകരെയും ദളിതരെയും ആദിവാസികളെയും കരുക്കളാക്കിയുള്ള ഈ ചൂതുകളി ഡൽഹിയും തിരുവനന്തപുരവും അവസാനിപ്പിക്കാൻ വൈകിയിരിക്കുന്നു. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ ഏഴാം വിജ്ഞാപനത്തിലും കേരളത്തിൽ 9,993.7 ചതുരശ്ര കിലോമീറ്ററാണ് ഇഎസ്എ പരിധിയിൽ വരുന്നത്. പഴയ വിസ്തൃതിയിൽ മാറ്റമില്ലെങ്കിലും, പഞ്ചായത്ത്/വില്ലേജ് വിഭജനത്തെ തുടർന്ന് ഇഎസ്എ ഗ്രാമങ്ങളുടെ എണ്ണം 123ൽ നിന്ന് 131 ആയി ഉയർന്നു. നിർദിഷ്ട പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇഎസ്എ) വിസ്തൃതിയിൽ മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് കേരളം.
പക്ഷേ, മഹാരാഷ്ട്രയ്ക്ക് 3,07,713 ചതുരശ്ര കിലോമീറ്ററും കർണാടകത്തിന് 1,91,791 ചതുരശ്ര കിലോമീറ്ററും ഭൂവിസ്തൃതിയുള്ളപ്പോൾ കേരളത്തിന്റേത് വെറും 38,863 ചതുരശ്ര കിലോമീറ്ററാണെന്നുകൂടി ശ്രദ്ധിക്കണം. അതിൽനിന്നാണ് 131 റവന്യു വില്ലേജുകളിലായി ലക്ഷക്കണക്കിന് ഏക്കര്‍ ജനവാസമേഖലകളും കൃഷിഭൂമിയും ഉള്‍പ്പെടെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇഎസ്എയായി ചാപ്പ കുത്തിയിരിക്കുന്നത്. കേരളത്തിന്റെ മൂന്നിരട്ടിയിലേറെ അതായത് 1,30,058 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള തമിഴ്നാടിന്റെ പരിസ്ഥിതിലോല പ്രദേശം വെറും 6,914 ചതുരശ്ര കിലോമീറ്ററേയുള്ളൂ. 1,96,024 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഗുജറാത്തിൽ വെറും 449 ചതുരശ്ര കിലോമീറ്ററേ ലോലമുള്ളൂ.
നിലവിലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ജൂലൈ 27ന് അവസാനിച്ചതോടെയാണ് പുതിയ വിജ്ഞാപനമിറക്കിയത്. കേരളത്തിൽ 12 വർഷമായി തുടരുന്ന അനിശ്ചിതത്വത്തിൽ സംസ്ഥാന സർക്കാരിനും പങ്കുണ്ട്. റവന്യു വില്ലേജുകളും അതിര്‍ത്തികളും തരംതിരിച്ച് ഫീല്‍ഡ് സര്‍വേ നടത്തുന്നതിൽ വര്‍ഷങ്ങളായുള്ള അലംഭാവവും വീഴ്ചയുമാണ് ഈ പ്രതിസന്ധിയെ ഇത്രത്തോളം വഷളാക്കിയതെന്ന് കെസിബിസി കഴിഞ്ഞദിവസം ചൂണ്ടിക്കാണിച്ചിരുന്നു. സമാനമായ ആശങ്കകള്‍ നിലനിന്നിരുന്ന തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ കൃത്യമായ ഉപഗ്രഹ-ഫീല്‍ഡ് സര്‍വേകള്‍ വഴി അതിര്‍ത്തികള്‍ വേര്‍തിരിച്ച് കേന്ദ്രത്തിനു സമര്‍പ്പിക്കുകയും സ്വന്തം സംസ്ഥാനങ്ങളിലെ ജനവാസകേന്ദ്രങ്ങളെ പരിധിയില്‍നിന്നു സംരക്ഷിച്ചുനിര്‍ത്തുകയും ചെയ്തു.
നിർഭാഗ്യവശാൽ കേരളം പരാജയപ്പെട്ടു. ജനവാസ മേഖലകൾ, തോട്ടങ്ങൾ, കൃഷിയിടങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി 9,993.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശം 8590.69 ചതുരശ്ര കിലോമീറ്ററായി ചുരുക്കണമെന്ന ആവശ്യമാണ് കേന്ദ്രം നിർദാക്ഷിണ്യം തള്ളിക്കളഞ്ഞത്. ആവശ്യങ്ങളും അപേക്ഷകളും സമർപ്പിക്കുന്നതിനൊപ്പം ആവശ്യമായ ഗൃഹപാഠങ്ങളും ചെയ്യേണ്ടതുണ്ട്. അതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ പുതിയ സർക്കാർ തിരുത്തണം.
60 ദിവസത്തിനകം, ഔദ്യോഗിക ഗസറ്റിലുള്ള വിജ്ഞാപനത്തിൽ കേരളത്തിന് അഭിപ്രായമറിയിക്കാം. സർക്കാർ എന്താണു ചെയ്യാൻ പോകുന്നതെന്ന് അറിയാൻ 12 വർഷം നാട്ടിലെ കാട്ടിൽ കഴിഞ്ഞ ജനത്തിന് അവകാശമുണ്ട്. നിർമാണപ്രവർത്തനങ്ങൾക്കും ഇഷ്ടമുള്ള കൃഷി ചെയ്യുന്നതിനും മരം മുറിക്കുന്നതിനുമൊക്കെ നിയന്ത്രണമുള്ള ഭൂമിയുടെ ക്രയവിക്രയം പോലും അസാധ്യമായിരിക്കുകയാണ്. സർക്കാരിന്റെ നിർബന്ധത്തിനു വഴങ്ങിയും ദാരിദ്ര്യത്താലും മലകളിലേക്കു കുടിയേറിയവർ, ക്ഷാമകാലത്ത് കേരളത്തെ തീറ്റിപ്പോറ്റിയവർ, വന്യജീവികൾക്കും മഹാമാരികൾക്കും പ്രകൃതിക്ഷോഭങ്ങൾക്കും ഇരയായിട്ടും കർഷകരായി തുടരുന്നവർ, സുഗന്ധവ്യഞ്ജനം ഉത്പാദിപ്പിച്ച് വിദേശനാണ്യം നേടിത്തരുന്നവർ...
നൂറ്റാണ്ടു പഴക്കമുള്ള അവഗണനയുടെയും ആക്ഷേപത്തിന്റെയും ചരിത്രവുമുണ്ട് പശ്ചിമഘട്ടത്തിന്. അവരുടെ ചോരയും നീരും ഊറ്റിക്കുടിച്ചവർക്ക് ഇപ്പോഴാണ് പ്രകൃതിയെ സ്നേഹിക്കാൻ തോന്നിയത്. പശ്ചിമഘട്ടത്തിലെ വനസമാനമായ കൃഷിയിടങ്ങളിലേക്കു നോക്കിയാലറിയാം ആരാണ് കേരളത്തെ പച്ചപ്പണിയിച്ചതെന്ന്. പരിസ്ഥിതിലോലമെന്ന കുരുക്കിട്ടുകൊടുത്താൽ ആ കരുത്തർ തലവച്ചുകൊടുത്തുകൊള്ളുമെന്ന് ആരെങ്കിലും കരുതിയാൽ തെറ്റിപ്പോയി.
കാടുവെട്ടിത്തെളിച്ചിടത്ത് പാർലമെന്റും നിയമസഭകളും കോടതികളും പരിസ്ഥിതി മന്ത്രാലയവും സംഘടനാ കാര്യാലയങ്ങളും ബഹുനില പാർട്ടി ഓഫീസുകളും രമ്യഹർമ്യങ്ങളും നിർമിച്ചവരേ, നിങ്ങൾ മനുഷ്യരുടെ ദുരിതങ്ങളിലേക്കു നോക്കൂ. നിങ്ങളുടെ സുഖവാസത്തിന് പശ്ചിമഘട്ടത്തിൽ അണക്കെട്ടുകളും പവർഹൗസുകളും ടൂറിസ്റ്റ് ബംഗ്ലാവുകളും നിലനിർത്താമെങ്കിൽ ഈ മനുഷ്യരും അവിടെയുണ്ടാകും. പരിസ്ഥിതിലോലം കാപട്യത്തിന്റെ ചൂതുകളിയാകരുത്.
Kerala
തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലകളെ സംബന്ധിച്ച് ഇപ്പോൾ കേന്ദ്രസർക്കാർ വീണ്ടും ഇറക്കിയിരിക്കുന്ന കരട് വിജ്ഞാപനത്തിൽ ജനങ്ങൾ കടുത്ത ആശങ്കയിലാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു ജനവാസ, കൃഷി മേഖലകൾ ഒഴിവാക്കി 98 വില്ലേജുകളിൽ മാത്രം ഇഎസ്എ ബാധമാകുംവിധം ഭേദഗതി നിർദേശം കേന്ദ്രത്തിനു സമർപ്പിച്ചിരുന്നുവെങ്കിലും അതംഗീകരിക്കാതെയാണു വീണ്ടും കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
മുന്നണി വ്യത്യാസം നോക്കാതെ സംസ്ഥാനത്തിന്റെ പൊതുവായ വിഷയമെന്ന നിലയിൽ ഒരുമിച്ചു മുന്നോട്ടു പോകേണ്ട വിഷയമായിട്ടും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇതേവരെ പ്രതികരിച്ചിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
Kerala
കൊച്ചി: പരിസ്ഥിതിലോല മേഖല (ഇഎസ്എ) നിശ്ചയിക്കുന്നതുസംബന്ധിച്ച് കേരളം നൽകിയ റിപ്പോർട്ടും നിർദേശങ്ങളും കേന്ദ്രം വെട്ടി. കൂടുതൽ ജനവാസ മേഖലകൾ പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കണമെന്നതുൾപ്പടെ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാതെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുതിയ ഇഎസ്എ കരട് വിജ്ഞാപനം പുറത്തിറക്കി.
കേരളത്തിലെ 131 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്റർ ഇഎസ്എ പ്രദേശമാകുമെന്ന 2024ലെ കരടിന്റെ ആവർത്തനമാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ പുതിയ വിജ്ഞാപനത്തിലുമുള്ളത്.
2024ലെ കരട് വിജ്ഞാപനത്തിനുശേഷം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കേരളം സമർപ്പിച്ച റിപ്പോർട്ടിൽ ഇഎസ്എയിൽനിന്ന് ജനവാസ മേഖലകള്‍ ഉൾപ്പെടെ 1300 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കണമെന്നും ബാധകമാകുന്ന വില്ലേജുകളുടെ എണ്ണം 98 ആക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ആ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടില്ല. അന്നു കേന്ദ്രം നിയോഗിച്ച ഉന്നതാധികാര സമിതിയുമായി മുഖ്യമന്ത്രി നേരിട്ടു ചർച്ച നടത്തി കേരളത്തിന്റെ ആശങ്കകളും ആവശ്യങ്ങളും അറിയിച്ചതാണ്. ഇതു സംബന്ധിച്ചും കേരളം തയാറാക്കിയ കീഹോൾ മാർക്കപ് ലാംഗ്വേജ് (കെഎംഎൽ) രേഖകളും ഇഎസ്എ അതിർത്തി നിർദേശങ്ങളും കേന്ദ്രത്തിനു കൈമാറി.
2024 ജൂലൈ 31ന് പുറത്തിറക്കിയ ഇഎസ്എ കരട് നോട്ടിഫിക്കേഷന്റെ കാലവധി പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് പുതിയ വിജ്ഞാപനം തയാറാക്കിയത്.
കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുന്ന കേരളത്തിലെ 9993.7 ചതുരശ്ര കിലോമീറ്ററിൽ 1500 ചതുരശ്ര കിലോമീറ്റർ (ഏകദേശം 3.7 ലക്ഷം ഏക്കർ) എങ്കിലും ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളുമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഇഎസ്എ സംബന്ധിച്ചു നേരത്തേയുള്ള കരടുകളിൽനിന്ന് വ്യത്യസ്തമായി പരാതികളോ നിർദേശങ്ങളോ അറിയിക്കാനുള്ള 60 ദിവസം കഴിഞ്ഞാൽ എന്നു വേണമെങ്കിലും വിജ്ഞാപനം അന്തിമമാകുമെന്ന പ്രത്യേക അറിയിപ്പും ഇക്കുറിയുണ്ട്. ജൂലൈ 27നാണ് വിജ്ഞാപനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ചത്.
അന്നുമുതൽ ആറു മാസത്തിനുള്ളിൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ നേരത്തേ നൽകിയിട്ടുള്ള തടസവാദങ്ങളിലും നിർദേശങ്ങളിലും ഗൗരവതരമായ കേന്ദ്രപരിഗണന ഉണ്ടായില്ലെങ്കിൽ കരട് വിജ്ഞാപനം കാര്യമായ മാറ്റങ്ങളില്ലാതെതന്നെ നിയമപരമായി അന്തിമവിജ്ഞാപനമാകും.
സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് ഇഎസ്എയിൽ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെടില്ലെന്ന് ഉറപ്പാക്കണമെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ആവശ്യപ്പെട്ടു.
University News
കാലിക്കട്ട് സർവകലാശാലയുടെ 2025 - 2026 വർഷത്തെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് ഏഴിന് നടത്താൻ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് അന്നേദിവസം സർവകലാശാല കാമ്പസിൽ മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരും പങ്കെടുക്കുന്ന രണ്ട് പരിപാടികൾ നടക്കുന്നതിനാൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പരിഗണിച്ച് ഓഗസ്റ്റ് 14 ലേക്ക് മാറ്റിവെച്ചതായി വിദ്യാർഥി ക്ഷേമവിഭാഗം ഡീൻ അറിയിച്ചു. പുതുക്കിയ തെരഞ്ഞെടുപ്പ് വിജ്ഞാപനവും സമയക്രമവും സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പിഎച്ച്ഡി പ്രവേശനം
കാലിക്കട്ട് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ പിഎച്ച്ഡി (നോൺ എൻട്രൻസ്, എനി ടൈം രജിസ്ട്രേഷൻ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രഫ. സി.ഡി. രവികുമാറിന് കീഴിൽ രണ്ട് ഒഴിവാണുള്ളത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകൾ സഹിതം ഓഗസ്റ്റ് ഏഴിന് രാവിലെ പത്തിന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകണം.
സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലയുടെ വടകര സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) എംസിഎ, ബിസിഎ, ബിഎസ്സി (എഐ) പ്രോഗ്രാമുകളിൽ എസ്സി / എസ്ടി സംവരണ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 28ന് രാവിലെ പത്തിന് സെന്ററിൽ ഹാജരാകണം. എസ്സി / എസ്ടി വിഭാഗക്കാർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 9846564142, 9446993188.
അധ്യാപക നിയമനം
കാലിക്കട്ട് സർവകലാശാലയുടെ മലപ്പുറം സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) എംസിഎ, ബിസിഎ, ബിഎസ്സി (എഐ) പ്രോഗ്രാമുകളുടെ മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇലട്രോണിക്സ് വിഷയങ്ങൾക്ക് മണിക്കൂർവേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ ഓഗസ്റ്റ് മൂന്നിന് രാവിലെ 10.30-ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9995450927, 9539682200.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ ബിഎസ്സി, ബിസിഎ (സിയുസിബിസിഎസ്എസ്) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എംഎ സോഷ്യോളജി, എംഎ ഇംഗ്ലീഷ് (സിബിസിഎസ്എസ് - 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഅപേക്ഷ
രണ്ടാം സെമസ്റ്റർ എംഎഡ് (2022 പ്രവേശനം മുതൽ) ജൂലൈ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഓഗസ്റ്റ് അഞ്ച് വരെയും 210 രൂപ പിഴയോടെ പത്ത് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 27 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൊമേർഷ്യൽ ആൻഡ് സ്പോക്കൺ ഹിന്ദി (2025 പ്രവേശനം) ജൂൺ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
National
ന്യൂഡൽഹി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ (ഇഎസ്എ) അന്തിമ വിജ്ഞാപനത്തിനൊരുങ്ങി കേന്ദ്രസർക്കാർ. കരട് വിജ്ഞാപനം പുറപ്പെടുവിച്ച് 12 വർഷത്തിനുശേഷമാണ് കേന്ദ്രം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനൊരുങ്ങുന്നത്.
ആദ്യഘട്ടത്തിൽ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ അന്തിമ വിജ്ഞാപനമായിരിക്കും പുറപ്പെടുവിക്കുക. പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിർത്തിനിർണയത്തെ സംബന്ധിച്ച തർക്കങ്ങൾ ഈ മൂന്ന് സംസ്ഥാനങ്ങളിൽ ഏകദേശം ഒത്തുതീർപ്പിലെത്തിയതിനാലാണ് ആദ്യ വിജ്ഞാപനത്തിൽ ഈ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയത്.
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ നിർദേശപ്രകാരമാണ് കേന്ദ്രം പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി നിർണയിക്കാനൊരുങ്ങുന്നത്. നേരത്തേ 2011ലെ ഗാഡ്ഗിൽ റിപ്പോർട്ട് മുഴുവൻ പശ്ചിമഘട്ടത്തെയും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്നു നിർദേശിച്ചിരുന്നെങ്കിലും ഇതിനെതിരേ കേരളത്തിലെ കർഷകരുൾപ്പെടെയുള്ളവരുടെ വ്യാപക പ്രതിഷേധമുണ്ടായതോടെയാണ് പുതിയ നിർദേശങ്ങൾക്കായി സർക്കാർ 2012ൽ കസ്തൂരിരംഗൻ സമിതിയെ നിയോഗിച്ചത്.
പശ്ചിമഘട്ടത്തിന്റെ നൂറ് ശതമാനവും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദേശത്തിൽനിന്നു വ്യത്യസ്തമായി പശ്ചിമഘട്ടത്തിന്റെ 37 ശതമാനം മാത്രം പ്രകൃതിദത്ത ഭൂപ്രകൃതിയായി കണക്കിലെടുത്ത് പരിസ്ഥിതിലോല പ്രദേശമായി സംരക്ഷിക്കണമെന്നായിരുന്നു കസ്തൂരിരംഗൻ റിപ്പോർട്ടിലെ നിർദേശം.
ആദ്യഘട്ടത്തിൽ ഏകദേശം 59,940 ചതുരശ്ര കിലോമീറ്റർ ഭൂമിയായിരുന്നു പശ്ചിമഘട്ടത്തിലെ സംരക്ഷിത ഭൂമിയായി നിർണയിക്കണമെന്നുള്ള നിർദേശമെങ്കിലും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് എതിർപ്പുകൾ ഉയർന്നതിനാൽ പല പ്രദേശങ്ങളെയും ആദ്യം നിർണയിച്ച അതിർത്തിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഖനന-ക്വാറി പ്രവർത്തനങ്ങൾ, വലിയതോതിൽ മലിനീകരണമുണ്ടാക്കുന്ന ‘റെഡ് കാറ്റഗറി’ വ്യവസായങ്ങൾ, തെർമൽ പവർ പ്ലാന്റുകൾ, വലിയ നിർമാണ-ടൗൺഷിപ്പ് പദ്ധതികൾ എന്നിവയ്ക്കു പൂർണ നിരോധനമുണ്ടാകും.
Kerala
അഞ്ചല്‍: വന്യ ജീവി സങ്കേതങ്ങളുടെ ചുറ്റുമുള്ളബഫർ സോൺ സീറോ പോയിന്റിൽ നിർത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്ന സുപ്രീംകോടതി വിധി നിലനിൽക്കെ അഞ്ച് വന്യജീവി സങ്കേതങ്ങളുടെ ചുറ്റും 17,500 ഏക്കർ സ്ഥലം ബഫർ സോൺ ആയി പ്രഖ്യാപിച്ച് ഇറക്കിയ കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് കേരള കർഷക ഫെഡറേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ശിപാർശ പ്രകാരം കേന്ദ്രസർക്കാരാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
കീഴാന്തൂർ, കാന്തല്ലൂർ, മറയൂർ എന്നീ വില്ലേജുകളിൽ ഉൾപ്പെടുന്ന പെട്ടിമുടി എസ്റ്റേറ്റ്, രാജമല, ആനമുടി വ്യൂ പോയിന്റ്, വാഗവറൈ, നയ്മക്കാട് എസ്റ്റേറ്റ്, കർപ്പൂര കൊടി, മറയൂർ, ബാബു നഗർ വണ്ണംതുറ, കാന്തല്ലൂർ, ചുറ്റുവറൈ തുടങ്ങിയ പ്രദേശങ്ങളാണ് പുതിയ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള എല്ലാ കരട് ബഫർ സോൺ നിർദേശങ്ങളും പരിശോധിക്കുകയും ബഫർ സോൺ പൂജ്യം പോയിന്റിൽ നിലനിർത്തിയിരിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മാക്സ്മിലൻ പള്ളിപ്പുറത്ത് ആവശ്യപ്പെട്ടു.
District News
തൊടുപുഴ: എല്‍ഡിഎഫ് സര്‍ക്കാര്‍ നല്കിയ ബഫര്‍ സോണ്‍ ശിപാര്‍ശകളാണ് ഇപ്പോള്‍ കരട് വിജ്ഞാപനമായി മാറിയിരിക്കുന്നതെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. കഴിഞ്ഞ ജൂണ്‍ രണ്ടിന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ പുറത്തുവന്ന കരടുവിജ്ഞാപനത്തില്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക്, കുറിഞ്ഞിമല വന്യജീവി സങ്കേതം, പാമ്പാടുംചോല ദേശീയോദ്യാനം, ആനമുടി ചോല ദേശീയോദ്യാനം, ചിന്നാര്‍ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെല്ലാം ബഫര്‍ സോണ്‍ യാഥാര്‍ഥ്യമാകുകയാണ്.
നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ മറ്റു തിരുത്തലുകള്‍ ഉണ്ടായില്ലെങ്കില്‍ അന്തിമ വിജ്ഞാപനത്തിലൂടെ കരടു വിജ്ഞാപനത്തിലെ ബഫര്‍ സോണ്‍ പ്രഖ്യാപനം യാഥാര്‍ഥ്യമാകും.
2016ല്‍ കേരളത്തിലെ എല്ലാ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ബഫര്‍ സോണ്‍ നിശ്ചയിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് നിശ്ചിത സമയപരിധി കഴിഞ്ഞ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയാത്തതിനാല്‍ റദ്ദാക്കപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും കരടു വിജ്ഞാപനത്തിനായി ശിപാര്‍ശകള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു.
2018ലെ പ്രളയത്തിന്റെയും പ്രകൃതിക്ഷോഭത്തിന്റെയും പേരില്‍ ഒരു കിലോമീറ്റര്‍ ആകാശദൂരം ജനവാസകേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ബഫര്‍ സോണായി നിശ്ചയിച്ചാണ് ശിപാര്‍ശ സമര്‍പ്പിച്ചത്. അത് കരടു വിജ്ഞാപനമായി മാറി. ആ ഘട്ടത്തില്‍ സുപ്രീംകോടതി ഇടപെടുകയും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാണെന്ന് വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഇത് വലിയ പ്രതിഷേധത്തിന് കാരണമായി.
സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ജനവാസ കേന്ദങ്ങളെ ഒഴിവാക്കുന്നതിനും ഇതു പൂജ്യമാക്കി നിജപ്പെടുത്തുന്നതിനും അനുമതി തേടി.സുപ്രീംകോടതി പ്രസ്തുത റിവ്യൂ പെറ്റീഷന് അംഗീകരിച്ചതിനെത്തുടര്‍ന്നു ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും ബഫര്‍ സോണില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള അവസരമാണ് സര്‍ക്കാരിന് ലഭിച്ചത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കരടു വിജ്ഞാപനം കഴിഞ്ഞ ആറു മാസം മുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുക്കി നല്കിയ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഉണ്ടായതാണ്.
നിലവിലെ യുഡിഎഫ് സര്‍ക്കാരിന് യാതൊരു ബന്ധവുമില്ലാത്തതാണ്. വിജ്ഞാപനം അനുസരിച്ച് ജനവാസകേന്ദ്രങ്ങളെ ബഫര്‍ സോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സര്‍ക്കാരിനും മാത്രമാണ്. പ്രാഥമിക പരിശോധനയില്‍ തോട്ടങ്ങള്‍ ബഫര്‍ സോണ്‍ പരിധിയില്‍ വന്നതായാണ് വ്യക്തമാകുന്നത്. എന്നാല്‍ ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ബഫര്‍ സോണില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നാണ് യുഡിഎഫ് നിലപാട്.
തോട്ടം മേഖലയും അവിടെ താമസിക്കുന്ന തൊഴിലാളികളും ബഫര്‍ സോണില്‍ ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ ഇതു തിരുത്തപ്പെടണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി സണ്ണി ജോസഫിന് കത്തുനല്‍കി. അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്.
സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസും കൂട്ടരും തങ്ങളുടെ സര്‍ക്കാര്‍ ചെയ്ത തെറ്റുകള്‍ക്ക് യുഡിഎഫിനെ പഴിച്ചിട്ട് കാര്യമില്ലെന്നും ജനവികാരം ഭയന്ന് പുകമറ സൃഷ്ടിച്ച് മുന്നണിയെ കുറ്റപ്പെടുത്തിയാല്‍ പൊതുസമൂഹം അതു തിരിച്ചറിയുമെന്നും എംപി പറഞ്ഞു.
Education
തിരുവനന്തപുരം: ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം ജൂണിൽ നടത്തുന്ന സേ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകൾ ജൂൺ 29ന് ആരംഭിച്ച് ജൂലൈ മൂന്നിന് അവസാനിക്കും.
അപേക്ഷകൾ പിഴകൂടാതെ ജൂൺ ഒന്നു വരെയും 600 രൂപ പിഴയോടുകൂടി ജൂൺ മൂന്നുവരെയും സ്കൂളുകളിൽ സമർപ്പിക്കാം. ഫീസ് ‘0202-01-102-93VHSE Fees’ എന്ന ശീർഷകത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ ഒടുക്കി അസൽ ചെലാൻ സഹിതം അപേക്ഷ വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയ സ്കൂളുകളിൽ സമർപ്പിക്കാം.
അപേക്ഷാ ഫോമും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും www.vhsems.kerala.gov.in എന്ന പോർട്ടലിൽ നിന്നും ലഭിക്കും.
District News
നീലേശ്വരം: രാജാ റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ സമയപരിധി വീണ്ടും ആറുമാസത്തേക്ക് നീട്ടി. റോഡിന്റെ ഇരുവശങ്ങളിലും നിന്നായി ഏറ്റെടുക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള അധിക തുകയായി 15.85 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ചുകൊണ്ട് കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് ഉത്തരവിറങ്ങിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
നേരത്തേ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ സമയപരിധി കഴിഞ്ഞ ഏപ്രിൽ 10ന് അവസാനിച്ച സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ സമയപരിധി വീണ്ടും നീട്ടിയത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കിഫ്ബിക്കു കീഴിൽ 40.91 കോടി രൂപ വകയിരുത്തി സാമ്പത്തികാനുമതി നൽകിയിരുന്ന പദ്ധതിയുടെ അടങ്കൽ തുക കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 52.13 കോടി രൂപയായി ഉയർത്തിയിരുന്നു.
ഏറ്റെടുക്കുന്ന ഭൂമിയുടെ കൃത്യമായ രൂപരേഖയും നഷ്ടപരിഹാരത്തുകയും സംബന്ധിച്ച സംശയങ്ങളും തർക്കങ്ങളും അവസാനിച്ച സാഹചര്യത്തിൽ അടുത്ത ആറുമാസത്തിനകം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതോടെ റോഡ് നവീകരണ പ്രവൃത്തികൾ തുടങ്ങാനാകും.
രാജാറോഡ് വികസനത്തിന്റെ അനുബന്ധ പദ്ധതിയായ കച്ചേരിക്കടവ് പാലം നിർമാണപ്രവൃത്തികൾ ഇപ്പോൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഉൾനാടൻ ജലപാതയ്ക്കു കൂടി സഹായകമായ രീതിയിൽ വില്ലിന്റെ ആകൃതിയിൽ മുകളിലേക്കു വളഞ്ഞ ഗർഡറുകളോടു കൂടിയ മധ്യഭാഗത്തിന്റെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്.
മഴക്കാലം നേരത്തേ എത്തിയതോടെ പാലം നിർമാണത്തിനായി പുഴയുടെ മധ്യത്തിൽ നിർമിച്ച ബണ്ട് തുറന്നുകൊടുക്കേണ്ടിവരുമോയെന്ന സംശയമുയർന്നിട്ടുണ്ട്. അങ്ങനെയായാൽ പാലംപണി കുറച്ചുകൂടി നീണ്ടുപോകും. എങ്കിലും റോഡ് വികസനവും പാലത്തിന്റെ നിർമാണവും ഏതാണ്ട് ഒരേസമയത്ത് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
National
പനാജി: ഗോവയിലെ പോണ്ട നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ബോംബെ ഹൈക്കോടതി അസാധുവാക്കി.
അടുത്തമാസം ഒന്പതിനു വോട്ടെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമാണ് ഹൈക്കോടതി ഗോവ ബെഞ്ചിലെ ജസ്റ്റീസ് വാൽമീകി മെനേസസും അമിത് ജംസന്ദേക്കറും റദ്ദാക്കിയത്.
നിയമസഭയുടെ കാലാവധി ഒരുവർഷത്തിൽ താഴെ മാത്രം അവശേഷിക്കേ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധുത ചോദ്യംചെയ്ത് രണ്ട് വോട്ടർമാർ സമർപ്പിച്ച ഹർജിയിലാണു തീരുമാനം.
മന്ത്രി രവി നായിക് കഴിഞ്ഞവർഷം ഒക്ടോബറിൽ മരണമടഞ്ഞതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്.
Education
തിരുവനന്തപുരം: 2026 വർഷത്തെ ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് (എൻടിഇസി) പരീക്ഷാവിജ്ഞാപനം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ https:// pareeks habhavan.kerala.gov.in/-ൽ ലഭ്യമാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മിനിമം വേതനം പുതുക്കുന്നതിനുള്ള കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
വിജ്ഞാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് രണ്ടു മാസത്തിനു ശേഷം പരാതികളും ആക്ഷേപങ്ങളുമുണ്ടെങ്കിൽ അതു പരിഗണിച്ച് സർക്കാർ വേതന പരിഷ്കരണം സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. 2022 ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തോടെ ആയിരിക്കും ശന്പള പരിഷ്കരണം നടപ്പിലാക്കുന്നത്.
അടിസ്ഥാന ശന്പളം കൂടാതെ അധിക അലവൻസുകളും നിർദേശിച്ചിട്ടുണ്ട്. കിടത്തി ചികിത്സയില്ലാത്ത ആശുപത്രികളിൽ പതിനൊന്നോ അതിൽ അധികമോ ജീവനക്കാരുണ്ടെങ്കിൽ അടിസ്ഥാന ശന്പളത്തിന്റെ മൂന്നു ശതമാനമായിരിക്കും അധിക അലവൻസ്. 101 മുതൽ 300 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ അധിക അലവൻസ് താഴെ പറയുന്ന കണക്കിൽ:
മിനിസ്റ്റീരിയൽ (2.5%), നഴ്സിംഗ്(10%) പാരാമെഡിക്കൽ (3%), ഹെൽത്ത് കെയർ പ്രഫഷണൽസ് (10%)
►301 മുതൽ 500 ബെഡ് വരെ◄
മിനിസ്റ്റീരിയൽ (5%), നഴ്സിംഗ് (20%), പാരാമെഡിക്കൽ (6%), ഹെൽത്ത് കെയർ പ്രഫഷണൽസ് (20%)
►501 മുതൽ 700 ബെഡ് വരെ◄
മിനിസ്റ്റീരിയൽ (7.5%), നഴ്സിംഗ് (30%), പാരാമെഡിക്കൽ (9%), ഹെൽത്ത് കെയർ പ്രഫഷണൽസ് (30%)
►701 മുതൽ 800 ബെഡ് വരെ◄
മിനിസ്റ്റീരിയൽ (10%), നഴ്സിംഗ് (40%), പാരാമെഡിക്കൽ (12%), ഹെൽത്ത് കെയർ പ്രഫഷണൽസ് (40%)
►801 മുതൽ മുകളിലേക്ക്◄
മിനിസ്റ്റീരിയൽ (12.5%), നഴ്സിംഗ് (50%), പാരാമെഡിക്കൽ (15%), ഹെൽത്ത് കെയർ പ്രഫഷണൽസ് (50%)
കൂടാതെ, ഡിഎയും വാർഷിക ഇൻക്രിമെന്റും അനുവദിക്കും. സർവീസ് വെയ്റ്റേജും നിർദേശിച്ചിട്ടുണ്ട്. ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങളോട് ആക്ഷേപങ്ങളോ നിർദേശങ്ങളോ ഉണ്ടെങ്കിൽ സ്പെഷൽ സെക്രട്ടറി, തൊഴിലും നൈപുണ്യവും (ഇ) വകുപ്പ്, ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം -01 എന്ന വിലാസത്തിൽ അയയ്ക്കണം.
Kerala
കോഴിക്കോട്: പ്രതികളുടെ അസാന്നിധ്യത്തിലും ഇനി ക്രിമിനല്‍ കേസ് വിചാരണ നടത്താം. ഒളിവില്‍ പോകുന്ന പ്രതികളുടെ അസാന്നിധ്യത്തില്‍ വിചാരണ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023ലെ സെക്ഷന്‍ 356(8) പ്രകാരമുള്ള അധികാരങ്ങള്‍ വിനിയോഗിച്ചാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
നീതിനിര്‍വഹണം മനഃപൂർവം തടസപ്പെടുത്തുന്നതും വിചാരണ നീണ്ടുപോകുന്നതും ഒഴിവാക്കുകയാണു ലക്ഷ്യം. കര്‍ശനമായ നിയമവ്യവസ്ഥകള്‍ക്കു വിധേയമായി, പ്രഖ്യാപിത കുറ്റവാളികളുടെ കാര്യത്തിലാണു വിചാരണയ്ക്ക് അനുമതി.
മുമ്പുണ്ടായിരുന്ന നിയമവ്യവസ്ഥ പ്രകാരം പ്രതിയുടെ അസാന്നിധ്യത്തില്‍ വിചാരണയോ ശിക്ഷാവിധിയോ സാധ്യമായിരുന്നില്ല. വിചാരണയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ മനഃപൂര്‍വം പ്രതി ഒളിവില്‍ പോകുകയും ഭാവിയില്‍ ഇയാളെ പിടികൂടാന്‍ സാധ്യതയില്ലെന്നു കോടതിക്കു ബോധ്യപ്പെടുകയും ചെയ്താല്‍ പ്രതിയുടെ സാന്നിധ്യമില്ലാതെ വിചാരണയുമായി മുന്നോട്ടു പോകാന്‍ സെക്ഷന്‍ 356 കോടതിയെ അധികാരപ്പെടുത്തുന്നുണ്ട്.
സെക്ഷന്‍ 84 പ്രകാരം പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട വ്യക്തി ഒളിവില്‍ പോവുകയാണെങ്കില്‍ ഈ നിയമം ബാധകമാകും. പഴയ നിയമപ്രകാരം (സിആര്‍പിസി, 1973 (19)) കുറ്റങ്ങളില്‍ മാത്രമേ പ്രഖ്യാപനം സാധ്യമായിരുന്നുള്ളൂ.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം 10 വര്‍ഷമോ അതില്‍ കൂടുതലോ തടവ്, ജീവപര്യന്തം, അല്ലെങ്കില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ ഇതു ബാധകമാണ്. കുറ്റപത്രം സമര്‍പ്പിച്ച് 90 ദിവസത്തെ കാത്തിരിപ്പ് കാലാവധിക്കു ശേഷമേ പ്രതിയുടെ അസാന്നിധ്യത്തിലുള്ള വിചാരണ ആരംഭിക്കാന്‍ പാടുള്ളൂ. പ്രതി മനഃപൂര്‍വം ഒളിവില്‍ കഴിയുകയാണെന്നു പോലീസ് കോടതിയെ ബോധ്യപ്പെടുത്തണം.
University News
എംജി സര്‍വകലാശാലയുടെ 2025 വര്‍ഷത്തെ (ഡിസംബര്‍ സെഷന്) പിഎച്ച്ഡി പ്രവേശനത്തിനായി 31 വരെ അപേക്ഷിക്കാം. https://researchonline.mgu.ac.in/login എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം.
പരീക്ഷാ തീയതി
നാലാം സെമസ്റ്റര്‍ സിബിസിഎസ്എസ് (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്, 2013 അഡ്മിഷന് അവസാന സ്പെഷല്‍ മേഴ്സി ചാന്‍സ്) നാലാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബിഎസ്.സി സൈബര്‍ ഫോറന്‍സിക്ക് (2018 അഡ്മിഷന് റീഅപ്പിയറന്‍സ്, 2014 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) ഓഗസ്റ്റ് 2025 പരീക്ഷകള്‍ ഫെബ്രുവരി 18 മുതല്‍ നടക്കും.
വൈവ വോസി
എംകോം അവസാന സ്പെഷല്‍ മേഴ്സി ചാന്‍സ് (2001 ന് മുമ്പുള്ള അഡ്മിഷനുകള്‍ റെഗുലര്‍) (2002 ന് മുമ്പുള്ള അഡ്മിഷനുകള്‍ പ്രൈവറ്റ്) സെമസ്റ്റര്‍, ആനുവല്‍ സ്കീം ജനുവരി 2025 വൈവ വോസി പരീക്ഷകള്‍ ഫെബ്രുവരി ആറിന് ആലുവ യുസികോളജില്‍ നടക്കും.
പ്രാക്ടിക്കല്‍
ഒന്നാം സെമസ്റ്റര്‍ എംഎസ്്സി സുവോളജി (2025 അഡ്മിഷന് റെഗുലര്‍, 2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2019 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 30, ഫെബ്രുവരി നാല്, ഒമ്പതു തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ കുറ്റക്കാരനായ ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമായി. അയോഗ്യനാക്കി കൊണ്ടുള്ള നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ ഉടൻതന്നെ പുറത്തിറക്കും.
മൂന്ന് വർഷമാണ് ആന്റണി രാജുവിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇനിയുള്ള ആറ് വർഷത്തേയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
നേരത്തെ, കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ജനപ്രതിനിധിയും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു.
1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
തുടർന്ന് പ്രതി കേസിൽ നിന്നും ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ൽ പോലീസ് കേസെടുത്തു.
പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം.
കേസിൽ 29 സാക്ഷികളുണ്ടായിരുന്നെങ്കിലും19 പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.
Kerala
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാരിന് തിരിച്ചടി. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി.
പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. സ്ഥലമേറ്റെടുപ്പ് ചോദ്യം ചെയ്ത് ഗോസ്പല്‍ ഏഷ്യാ എന്ന സംഘടന സമർപ്പിച്ച ഹര്‍ജിയിലാണ് നടപടി.
വിമാനത്താവളത്തിനായി 2,570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് അത്യാവശ്യമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ല. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനങ്ങൾ ഇറങ്ങുന്ന വിമാനത്താവളങ്ങൾക്ക് പോലും 1,200 ഏക്കർ മതിയാകുമെന്നും ചീഫ് ജസ്റ്റീസ് സി. ജയചന്ദ്രന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ കീഴിലാണ് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2022 ഡിസംബര്‍ 30നാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഇറക്കിയത്. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഒരു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ അത് ആ പദ്ധതിക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ അളവ് മാത്രമായിരിക്കണം. എന്നാൽ ഈ കേസിൽ ഇത്രയധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കുന്നതിൽ സോഷ്യൽ ഇംപാക്ട് അസസ്മെന്റ് യൂണിറ്റും എക്സ്പെർട്ട് കമ്മിറ്റിയും സർക്കാരും പരാജയപ്പെട്ടെന്നും ഉത്തരവിൽ പറയുന്നു.
ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സർക്കാരിന്റെ വാദം കോടതി തള്ളി. വിമാനത്താവളത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി കണ്ടെത്താനും നിര്‍ദേശിച്ചു. തുടര്‍ന്ന് പുതിയ സാമൂഹ്യ ആഘാത പഠനത്തിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഠനസംഘത്തിൽ വിമാനത്താവളം, ഡാം തുടങ്ങിയ സാങ്കേതിക പദ്ധതികളെക്കുറിച്ച് അറിവുള്ള വിദഗ്ധരെ ഉൾപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
Kerala
തിരുവനന്തപുരം: വോട്ടെടുപ്പ് മാറ്റിവച്ച വാർഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. സ്ഥാനാർഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള വിജ്ഞാപനമാണ് പുറപ്പെടുവിക്കുക.
തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തെരഞ്ഞെടുപ്പ് നടക്കുക. ഈ വാർഡുകളിൽ നിലവിൽ സ്ഥാനാർഥികളായവർ വീണ്ടും പത്രിക സമർപ്പിക്കേണ്ടതില്ല.
തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട പഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാപെരുമാറ്റചട്ടം നിലനിൽക്കും.
തിരുവനന്തപുരം കോർപറേഷനിൽ കേവല ഭൂരിപക്ഷം കടക്കാൻ ബിജെപിക്ക് വിഴിഞ്ഞം വാർഡിൽ ജയിക്കേണ്ടതുണ്ട്. 101 അംഗ കൗൺസിലിൽ 50 സീറ്റുകളിലാണ് ഇപ്പോൾ ബിജെപി സ്ഥാനാർഥികൾ ജയിച്ചിരിക്കുന്നത്. ഇടതുപക്ഷം 29 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ നില മെച്ചപ്പെടുത്തിയ യുഡിഎഫ് സീറ്റ് നില 19 ആക്കി ഉയർത്തി.
രണ്ട് സ്വതന്ത്ര സ്ഥാനാർഥികളും വിജയിച്ചിട്ടുണ്ട്. പൊതുസ്വതന്ത്രനെ പുറത്തുനിന്ന് പിന്തുണച്ച് യുഡിഎഫും എൽഡിഎഫും ചേർന്ന് ഭരണം അട്ടിമറിക്കാനുള്ള സാധ്യതകളെ അകറ്റി നിർത്തണമെങ്കിൽ വിഴിഞ്ഞം വാർഡിൽ ബിജെപിക്ക് ജയിക്കേണ്ടതുണ്ട്.