തൊടുപുഴ: എല്‍ഡിഎഫ് സര്‍ക്കാര്‍ നല്കിയ ബഫര്‍ സോണ്‍ ശിപാര്‍ശകളാണ് ഇപ്പോള്‍ കരട് വിജ്ഞാപനമായി മാറിയിരിക്കുന്നതെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. കഴിഞ്ഞ ജൂണ്‍ രണ്ടിന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ പുറത്തുവന്ന കരടുവിജ്ഞാപനത്തില്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക്, കുറിഞ്ഞിമല വന്യജീവി സങ്കേതം, പാമ്പാടുംചോല ദേശീയോദ്യാനം, ആനമുടി ചോല ദേശീയോദ്യാനം, ചിന്നാര്‍ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെല്ലാം ബഫര്‍ സോണ്‍ യാഥാര്‍ഥ്യമാകുകയാണ്.
നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ മറ്റു തിരുത്തലുകള്‍ ഉണ്ടായില്ലെങ്കില്‍ അന്തിമ വിജ്ഞാപനത്തിലൂടെ കരടു വിജ്ഞാപനത്തിലെ ബഫര്‍ സോണ്‍ പ്രഖ്യാപനം യാഥാര്‍ഥ്യമാകും.
2016ല്‍ കേരളത്തിലെ എല്ലാ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ബഫര്‍ സോണ്‍ നിശ്ചയിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് നിശ്ചിത സമയപരിധി കഴിഞ്ഞ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയാത്തതിനാല്‍ റദ്ദാക്കപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും കരടു വിജ്ഞാപനത്തിനായി ശിപാര്‍ശകള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു.
2018ലെ പ്രളയത്തിന്റെയും പ്രകൃതിക്ഷോഭത്തിന്റെയും പേരില്‍ ഒരു കിലോമീറ്റര്‍ ആകാശദൂരം ജനവാസകേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ബഫര്‍ സോണായി നിശ്ചയിച്ചാണ് ശിപാര്‍ശ സമര്‍പ്പിച്ചത്. അത് കരടു വിജ്ഞാപനമായി മാറി. ആ ഘട്ടത്തില്‍ സുപ്രീംകോടതി ഇടപെടുകയും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാണെന്ന് വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഇത് വലിയ പ്രതിഷേധത്തിന് കാരണമായി.
സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ജനവാസ കേന്ദങ്ങളെ ഒഴിവാക്കുന്നതിനും ഇതു പൂജ്യമാക്കി നിജപ്പെടുത്തുന്നതിനും അനുമതി തേടി.സുപ്രീംകോടതി പ്രസ്തുത റിവ്യൂ പെറ്റീഷന് അംഗീകരിച്ചതിനെത്തുടര്‍ന്നു ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും ബഫര്‍ സോണില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള അവസരമാണ് സര്‍ക്കാരിന് ലഭിച്ചത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കരടു വിജ്ഞാപനം കഴിഞ്ഞ ആറു മാസം മുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുക്കി നല്കിയ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഉണ്ടായതാണ്.
നിലവിലെ യുഡിഎഫ് സര്‍ക്കാരിന് യാതൊരു ബന്ധവുമില്ലാത്തതാണ്. വിജ്ഞാപനം അനുസരിച്ച് ജനവാസകേന്ദ്രങ്ങളെ ബഫര്‍ സോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സര്‍ക്കാരിനും മാത്രമാണ്. പ്രാഥമിക പരിശോധനയില്‍ തോട്ടങ്ങള്‍ ബഫര്‍ സോണ്‍ പരിധിയില്‍ വന്നതായാണ് വ്യക്തമാകുന്നത്. എന്നാല്‍ ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ബഫര്‍ സോണില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നാണ് യുഡിഎഫ് നിലപാട്.
തോട്ടം മേഖലയും അവിടെ താമസിക്കുന്ന തൊഴിലാളികളും ബഫര്‍ സോണില്‍ ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ ഇതു തിരുത്തപ്പെടണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി സണ്ണി ജോസഫിന് കത്തുനല്‍കി. അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്.
സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസും കൂട്ടരും തങ്ങളുടെ സര്‍ക്കാര്‍ ചെയ്ത തെറ്റുകള്‍ക്ക് യുഡിഎഫിനെ പഴിച്ചിട്ട് കാര്യമില്ലെന്നും ജനവികാരം ഭയന്ന് പുകമറ സൃഷ്ടിച്ച് മുന്നണിയെ കുറ്റപ്പെടുത്തിയാല്‍ പൊതുസമൂഹം അതു തിരിച്ചറിയുമെന്നും എംപി പറഞ്ഞു.
Tags : nattu vishesham Buffer zone notification