ദേശീയപാതയിലെ നിലവാരമില്ലാത്ത ഹാന്‍ഡ് റെയിലും വീതിയില്ലാത്ത ഫുട്പാത്തും.
ചാത്തന്നൂര്‍ : വാഹനങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്കി കോടികള്‍ മുടക്കുന്ന ദേശീയപാത പദ്ധതിയില്‍ നടപ്പാത, സീബ്രാ ലൈന്‍, അടിപ്പാത എന്നിവ ഒഴിവാക്കിയത് ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ജനാധിപത്യവേദി കൊല്ലം ആരോപിച്ചു.
പലയിടത്തും സര്‍വീസ് റോഡിന്റെ വശത്ത് കാല്‍നടയാത്രക്കാര്‍ക്കായി സ്ഥാപിച്ചിരിക്കുന്ന ഹാന്‍ഡ്റെയില്‍ ഗുരുതരമായ നിലവാരക്കുറവ് ഉള്ളതാണെന്ന് ജനാധിപത്യ വേദി ചൂണ്ടിക്കാട്ടി. നിലവാരം കുറഞ്ഞ സ്റ്റീലില്‍, ഒരു തരത്തിലുമുള്ള ഭംഗിയോ ഈടോ ഇല്ലാത്ത സാധാരണ പെയിന്റ് അടിച്ചാണ് ഹാന്‍ഡ്റെയില്‍ പിടിപ്പിച്ചിരിക്കുന്നത്. പൗഡര്‍ കോട്ടിംഗോ എപ്പോക്സി കോട്ടിംഗോ നല്കേണ്ടിടത്ത് കോട്ടിംഗ് പോലും നല്‍കിയിട്ടില്ല.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ണമായും തുരുമ്പെടുത്ത് തകരും. അപ്പോള്‍ ഇത് കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും വലിയ മരണക്കെണിയായി മാറും. ഐആര്‍സി 103 - 2012 മാനദണ്ഡ പ്രകാരം കുറഞ്ഞത് 1.8 മീറ്റര്‍ വീതിയുള്ള ശാസ്ത്രീയ നടപ്പാതയാണ് നിര്‍മിക്കേണ്ടത്.
സ്കൂള്‍, ആശുപത്രി, അങ്ങാടി എന്നിവിടങ്ങളില്‍ ഓരോ 500 മീറ്ററിലും സുരക്ഷിതമായ അടിപ്പാത,മേല്‍പ്പാലം നിര്‍ബന്ധമാക്കണം. നിലവിലുള്ള ഹാന്‍ഡ്റെയിലുകള്‍ പൊളിച്ച്, നിലവാരമുള്ള പൗഡര്‍,എപ്പോക്സി കോട്ടിംഗ് ഉള്ളവ സ്ഥാപിക്കണം. ബസ് സ്റ്റോപ്പുകളിലേക്ക് സുരക്ഷിതമായ നടപ്പാതയും കാത്തിരിപ്പ് കേന്ദ്രവും ഏര്‍പ്പെടുത്തണം.
മാനദണ്ഡം പാലിക്കാത്ത ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ നടപടിയെടുക്കണം. വാഹനങ്ങള്‍ക്ക് പറക്കാന്‍ ആറുവരിയും മനുഷ്യന് നടക്കാന്‍ ഒരടി സ്ഥലവുമില്ലാത്ത വികസനം വികസനമല്ല, അത് വിവേചനമാണ്.
കാല്നടയാത്രക്കാരന് ഈ നാട്ടിലെ രണ്ടാംതരം പൗരനല്ലെന്ന് ജനാധിപത്യ വേദി ഓര്‍മിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ അധികാരികള്‍ അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മനുഷ്യാവകാശ കമ്മീഷനെയും ഹൈക്കോടതിയെയും സമീപിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്കി.
എന്‍സിആര്‍ബി കണക്കുകള്‍ പ്രകാരം 2023-ല്‍ കേരളത്തില്‍ മാത്രം 1,450-ല്‍ അധികം കാല്‍നടയാത്രക്കാര്‍ റോഡപകടത്തില്‍ മരിച്ചു. ഇതില്‍ 60 ശതമാനവും ദേശീയപാതകളിലാണ്. റോഡ് വാഹനത്തിനു മാത്രമുള്ളതല്ല, മനുഷ്യനും കൂടിയുള്ളതാണ്. എന്നും ജനാധിപത്യവേദി കൊല്ലം ഭാരവാഹിള് ഓര്‍മിപ്പിച്ചു.