Tech
നാവിഗേഷൻ ആപ്പിൽ നിന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സെർച്ച് പ്ലാറ്റ്ഫോമിലേക്കുള്ള ഗൂഗിൾ മാപ്സിന്റെ വളർച്ചയാണ് ഇപ്പോൾ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. ഗൂഗിളിന്റെ എഐ സാങ്കേതികവിദ്യയായ ജെമിനിയുടെയും ‘ആസ്ക് മാപ്സ്’ പോലുള്ള ഫീച്ചറുകളുടെയും പിന്തുണയോടെ, ഉപഭോക്താക്കൾക്കായി നേരിട്ട് ഭക്ഷണം ഓർഡർ ചെയ്യാനുള്ള സംവിധാനം ആപ്പിൽ ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ പൂർണ്ണതോതിൽ ലഭ്യമായിട്ടില്ല. യാത്രയിലായിരിക്കുമ്പോൾ പോലും ഉപഭോക്താവിന് കഴിക്കാൻ തോന്നുന്ന വിഭവങ്ങൾ മാപ്സിനോട് ആവശ്യപ്പെടാമെന്നും, പ്രാദേശിക റെസ്റ്റോറന്റുകൾ കണ്ടെത്തി മാപ്സ് തന്നെ ആ ഓർഡർ നൽകും. നിലവിൽ ഒരു റെസ്റ്റോറന്റ് കണ്ടെത്തിയ ശേഷം ഓർഡർ ചെയ്യാനായി മറ്റ് ഫുഡ് ഡെലിവറി ആപ്പുകളെ ആശ്രയിക്കേണ്ടി വരുന്ന രീതി ഇനി അവസാനിക്കും.
ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ചാറ്റ്ബോട്ട് എന്നതിനപ്പുറം, മനുഷ്യർക്ക് വേണ്ടി ജോലികൾ സ്വയം ചെയ്തുതീർക്കുന്ന ‘എഐ ഏജന്റുകൾ രൂപീകരിക്കാനുള്ള ഗൂഗിളിന്റെ വിപുലമായ പദ്ധതികളുടെ ഭാഗമാണിത്. കലണ്ടർ മാനേജ്മെന്റ്, അപ്പോയിന്റ്മെന്റ് ബുക്കിംഗ് എന്നിവയ്ക്കുശേഷം ദൈനംദിന ജീവിതത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ഫുഡ് ഓർഡറിംഗിലേക്ക് ജെമിനി എഐ കടക്കുന്നത് ഉപഭോക്താക്കൾക്ക് വലിയ രീതിയിൽ സമയം ലാഭിക്കാൻ സഹായിക്കും.
ഗൂഗിൾ മാപ്സ് നേരിട്ട് റെസ്റ്റോറന്റുകളുമായി ബന്ധിപ്പിച്ചാണോ അതോ നിലവിലുള്ള തേർഡ് പാർട്ടി ഡെലിവറി സർവീസുകൾ വഴിയാണോ ഇത് സാധ്യമാക്കുക എന്നതിൽ വ്യക്തത വന്നിട്ടില്ല. കൂടാതെ, ഈ പ്രോസസ് പൂർണമായും ക്ലൗഡ് അധിഷ്ഠിതമാണോ അതോ ഡിവൈസിലുള്ള എഐ സാങ്കേതികവിദ്യയെ ആശ്രയിച്ചാണോ പ്രവർത്തിക്കുക എന്നതിലും വ്യക്തതയില്ല. പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചറുകൾ ചിലപ്പോൾ ഔദ്യോഗികമായി പുറത്തിറങ്ങാറില്ലെങ്കിലും, ഗൂഗിൾ തങ്ങളുടെ എകോസിസ്റ്റത്തിലേക്ക് ജെമിനിയെ വേഗത്തിൽ സംയോജിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഈ ഫീച്ചർ അധികം വൈകാതെ യാഥാർഥ്യമാകുമെന്നാണ് വിലയിരുത്തൽ.
Tech
പുതിയ ഫീച്ചർ പരീക്ഷിച്ച് വാട്സ്ആപ്പ്, ഉപയോക്താക്കളുടെ ചാറ്റിംഗ് അനുഭവം കൂടുതൽ എളുപ്പമാക്കുന്നതിനായാണ് ഈ പുതിയ പരീക്ഷണം. കോൺടാക്റ്റിലുള്ളവർ ഓൺലൈനിലാണോ എന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ 'ഗ്രീൻ ഡോട്ട്' ഇൻഡിക്കേറ്ററാണ് വാട്സാപ്പ് പരീക്ഷിക്കുന്നത്.
ആൻഡ്രോയിഡ് പതിപ്പുകളിൽ ഈ ഫീച്ചർ നേരത്തെ പരീക്ഷണഘട്ടത്തിലായിരുന്നുവെങ്കിൽ, ഇപ്പോൾ ഐഒഎസ് ബീറ്റാ പതിപ്പുകളിലും ഇത് ലഭ്യമാക്കിത്തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റുകളെക്കുറിച്ച് വിവരങ്ങൾ പുറത്തുവിടുന്ന വാബീറ്റാഇൻഫോ ആണ് ഈ വിവരം പുറത്തുവിട്ടത്. വാട്സാപ്പ് ഐഒഎസ് ബീറ്റാ പതിപ്പ് 26.26.19.72ൽ ഈ മാറ്റം ദൃശ്യമാണ്.
നിലവിലെ പരീക്ഷണങ്ങൾ പ്രകാരം, ഒരു വ്യക്തി ഓൺലൈനാണെങ്കിൽ അവരുടെ 'കോൺടാക്റ്റ് ഇൻഫോ' പേജിലെ പ്രൊഫൈൽ ചിത്രത്തിന് താഴെ വലതുഭാഗത്തായിട്ടാണ് ഈ ചെറിയ പച്ച വട്ടം കാണാൻ സാധിക്കുക. ആ വ്യക്തി ഓഫ്ലൈനാകുന്നതോടെ ഈ അടയാളം അപ്രത്യക്ഷമാകും. എന്നാൽ, ചാറ്റ് ലിസ്റ്റിലോ പ്രധാന ചാറ്റ് വിൻഡോയിലോ നിലവിൽ ഈ ഇൻഡിക്കേറ്റർ ലഭ്യമാക്കിയിട്ടില്ല. പ്രൊഫൈൽ പേജിൽ മാത്രം ഒതുങ്ങിനിൽക്കുന്നതിനാൽ നിലവിൽ ഇതിന്റെ ഉപയോഗം പരിമിതമാണെന്നും വിലയിരുത്തലുകളുണ്ട്.
ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഈ ഫീച്ചർ ഭീഷണിയാകില്ല. വാട്സ്ആപ്പിൽ തങ്ങളുടെ ലാസ്റ്റ് സീൻ, ഓൺലൈൻ സ്റ്റാറ്റസ്' എന്നിവ മറച്ചുവെച്ചിട്ടുള്ള ആളുകളുടെ പ്രൊഫൈലിൽ ഈ പച്ചക്കുത്ത് ദൃശ്യമാകില്ല. നിലവിൽ പരിമിതമായ ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്. എല്ലാ ഉപയോക്താക്കൾക്കുമായി ഇത് എപ്പോൾ ഔദ്യോഗികമായി പുറത്തിറക്കുമെന്ന കാര്യത്തിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.
ഫോൺ നമ്പർ കൈമാറാതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന 'യൂസർനെയിം' ഫീച്ചർ കൊണ്ടുവരാൻ വാട്സാപ്പ് അടുത്തിടെ തീരുമാനിച്ചിരുന്നു. ഇത് ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കുമെങ്കിലും, പ്ലാറ്റ്ഫോമിലൂടെയുള്ള സൈബർ കുറ്റകൃത്യങ്ങളും വ്യാജ തട്ടിപ്പുകളും വർദ്ധിക്കാൻ ഇത് കാരണമായേക്കുമെന്ന് ആശങ്കയുയർന്നിട്ടുണ്ട്.
ഈ സുരക്ഷാസാഹചര്യങ്ങൾ മുൻനിർത്തി, ഈ ഫീച്ചർ എല്ലാവരിലേക്കും എത്തിക്കുന്നതിന് മുൻപായി ഇതിന്മേൽ വിശദമായ ഒരു പുനപരിശോധന നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
Tech
യുഎസും ചൈനയും തമ്മിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തർക്കങ്ങൾ മുറുകുന്നതിനിടയിൽ, ചൈനീസ് ടെക് ഭീമന്മാരായ അലിബാബ തങ്ങളുടെ ജീവനക്കാർക്ക് ക്ലോഡ് കോഡ് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നു. ജൂലൈ 10 മുതൽ ഈ നിരോധനം പ്രാബല്യത്തിൽ വരും.
ആന്ത്രോപിക് കമ്പനിയുടെ ജനപ്രിയ എഐ പ്രോഗ്രാമിംഗ് ടൂളായ ക്ലോഡ് കോഡിനെ ഉയർന്ന സുരക്ഷാസാധ്യതയുള്ള സോഫ്റ്റ്വെയറുകളുടെ പട്ടികയിലാണ് അലിബാബ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പകരമായി കമ്പനിയുടെ സ്വന്തം എഐ കോഡിംഗ് ടൂളായ ക്വോഡർ ഉപയോഗിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ചൈനീസ് കമ്പനികൾക്കും അവരുടെ വിദേശ അനുബന്ധ സ്ഥാപനങ്ങൾക്കും തങ്ങളുടെ എഐ ടൂളുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ആന്ത്രോപിക് നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു. എങ്കിലും ചില സാങ്കേതിക ലൂപ്പ്ഹോളുകൾ വഴി ചൈനയിലെ ഉപയോക്താക്കൾ ക്ലോഡ് ഉപയോഗിക്കുന്നത് തുടരുകയായിരുന്നു. ഇത് തടയാൻ ആന്ത്രോപിക് രഹസ്യമായി ചില നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, പിന്നീട് കമ്പനി തന്നെ ഇത് പിൻവലിച്ചതായി വ്യക്തമാക്കി.
യുഎസിന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും കുറഞ്ഞ ചിലവിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന എഐ മോഡലുകളുമായി ചൈനീസ് കമ്പനികൾ വിപണിയിൽ മുന്നേറുകയാണ്. കഴിഞ്ഞ മാസം ബീജിംഗ് ആസ്ഥാനമായുള്ള ഇസഡ്.എഐ എന്ന സ്റ്റാർട്ടപ്പ് പുറത്തിറക്കിയ 'GLM-5.2' എന്ന മോഡൽ കോഡിംഗ് രംഗത്ത് സിലിക്കൺ വാലിയെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പടിഞ്ഞാറൻ രാജ്യങ്ങളിലെ വമ്പൻ എഐ മോഡലുകളോട് കിടപിടിക്കുന്ന പ്രകടനമാണ് ഇത് കാഴ്ചവെക്കുന്നത്.
ക്ലോഡ് ഫാബിൾ 5 , മൈത്തോസ് 5 തുടങ്ങിയ അത്യാധുനിക എഐ മോഡലുകൾക്ക് മേൽ യുഎസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിയന്ത്രണങ്ങൾ അടുത്തിടെ നീക്കിയതായും ആന്ത്രോപിക് അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ യുഎസും ചൈനയും തമ്മിലുള്ള എഐ സാങ്കേതിക യുദ്ധം കൂടുതൽ ശക്തമാകുമെന്നാണ് ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.
Tech
ന്യൂഡൽഹി: ഇന്ത്യൻ ഐടി മേഖല നിയമനങ്ങളിൽ മന്ദഗതി നേരിടുമ്പോഴും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ തൊഴിലവസരങ്ങൾ കുതിച്ചുയരുന്നതായി റിപ്പോർട്ട്. പുതിയ സാങ്കേതികവിദ്യകൾക്ക് അനുസൃതമായി കമ്പനികൾ തങ്ങളുടെ പ്രവർത്തനശൈലി മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് എഐ തസ്തികകളിലേക്ക് ജീവനക്കാരെ വൻതോതിൽ നിയമിക്കുന്നത്.
കഴിഞ്ഞ ജൂൺ മാസത്തിൽ ഐടി മേഖലയിലെ മൊത്തത്തിലുള്ള നിയമനങ്ങൾ 3 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ, എഐ തസ്തികകളിലെ നിയമനങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. ഒന്നര ലക്ഷത്തിലധികം കമ്പനികൾ നൗക്രി വെബ്സൈറ്റിൽ നൽകിയ തൊഴിൽ പരസ്യങ്ങൾ വിശകലനം ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ആഗോള സാമ്പത്തിക പ്രതിസന്ധിയും പരമ്പരാഗത ബിസിനസ് രീതികൾക്ക് എഐ ഉയർത്തുന്ന വെല്ലുവിളികളും കാരണം ഉപഭോക്താക്കൾ ചിലവുകൾ ചുരുക്കിയത് 315 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ ഐടി വ്യമ്പനികളെ കടുത്ത സമ്മർദത്തിലാഴ്ത്തിയിരുന്നു. ഈ സാഹചര്യത്തിലും എഐ മേഖലയിലെ നിയമനങ്ങൾ വർധിക്കുന്നത് ശ്രദ്ധേയമാണ്.
ടെക് കമ്പനികൾ നിലവിൽ എവിടെയാണ് കൂടുതൽ നിക്ഷേപം നടത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ മാറ്റമെന്ന് നൗക്രിയുടെ മാതൃകമ്പനിയായ ഇൻഫോ എഡ്ജ് സിഇഒ ഹിതേഷ് ഒബറോയ് പറഞ്ഞു. എഐ എന്നത് കമ്പനികളുടെ പ്രധാന പ്രവർത്തന മേഖലയായി മാറിക്കൊണ്ടിരിക്കുകയാണെന്നും, അനുഭവസമ്പന്നരും പ്രഗത്ഭരുമായ ഉദ്യോഗാർഥികൾക്കാണ് വിപണിയിൽ ഇപ്പോൾ ഡിമാൻഡ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വെയർ കയറ്റുമതിക്കാരായ ടാറ്റാ കൺസൾട്ടൻസി സർവീസസ് തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിന് തുല്യമായി എഐ ഏജന്റുകളെ തങ്ങളുടെ തൊഴിൽ സേനയുടെ ഭാഗമാക്കാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. 2026 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ടിസിഎസിന്റെ മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ 23,000ത്തിലധികം കുറവ് രേഖപ്പെടുത്തിയിരുന്നു.
ഐടി മേഖലയ്ക്ക് പുറമെ രാജ്യത്തെ മറ്റ് 14 പ്രധാന മേഖലകൾ പരിശോധിക്കുമ്പോൾ എഐ, മെഷീൻ ലേണിംഗ് തസ്തികകളിൽ മൊത്തത്തിൽ 25 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇൻഷുറൻസ്, കൺസ്യൂമർ ഗുഡ്സ് മേഖലകളിലാണ് ഈ കാലയളവിൽ ഏറ്റവും കൂടുതൽ തൊഴിൽ നിയമനങ്ങൾ നടന്നത്.
Tech
ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച തിരക്കേറിയ ഉത്പന്ന വിപണനത്തിനൊരുങ്ങുകയാണ് ആപ്പിൾ. കഴിഞ്ഞദിവസം മാക്ക്റൂമേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2026 അവസാനത്തോടെ 16 പുതിയ അത്യാധുനിക ഉപകരണങ്ങളാണ് ആപ്പിൾ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്. ഐഫോണുകൾ, ആപ്പിൾ വാച്ചുകൾ, മാക് കമ്പ്യൂട്ടറുകൾ, ഐപാഡുകൾ, സ്മാർട്ട് ഹോം ഹാർഡ്വെയറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റായ സിരിയുടെ നവീകരിച്ച പതിപ്പ് വൈകിയതിനെതുടർന്ന് മാറ്റിവച്ചിരുന്ന മറ്റ് പല ഉത്പന്നങ്ങളും വരും മാസങ്ങളിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. സിരിയുടെ പുത്തൻ പതിപ്പ് ബീറ്റാ വേർഷനിൽ എത്തിയതോടെയാണ് ഈ വഴിത്തിരിവ്.
ഈ നിരയിലെ ഏറ്റവും പ്രധാന ആകർഷണം ആപ്പിളിന്റെ ആദ്യത്തെ മടക്കാവുന്ന ഫോണായ 'ഐഫോൺ അൾട്രാ' ആയിരിക്കും. 7.7 ഇഞ്ച് വലുപ്പമുള്ള ഉള്ളിലെ മടക്കാവുന്ന സ്ക്രീനും, 5.3 ഇഞ്ച് വലുപ്പമുള്ള പുറമെയുള്ള സ്ക്രീനുമാണ് ഇതിന്റെ പ്രത്യേകത. പതിവ് ഫേസ് ഐഡിക്ക് പകരം ടച്ച് ഐഡി സപ്പോർട്ടുള്ള പവർ ബട്ടണായിരിക്കും ഈ ഫോണിലുണ്ടാവുക. വരാനിരിക്കുന്ന ഐഒഎസ് 27 ഒരേസമയം ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കാനുള്ള മികച്ച മൾട്ടിടാസ്കിങ് സൗകര്യവും ഇതിലൊരുക്കും.
ഇതിനൊപ്പം പുതിയ എ20 പ്രോ ചിപ്പിന്റെ കരുത്തിൽ എത്തുന്ന ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയും ആപ്പിൾ അവതരിപ്പിച്ചേക്കും. ചെറുതാക്കിയ ഡയനാമിക് ഐലൻഡ്, മെച്ചപ്പെടുത്തിയ ക്യാമറ കൺട്രോൾ ബട്ടൺ, വേരിയബിൾ അപ്പർച്ചർ ക്യാമറ സാങ്കേതികവിദ്യ, ആപ്പിളിന്റെ അടുത്ത തലമുറ സി2 മോഡം, സാറ്റലൈറ്റ് അധിഷ്ഠിത 5ജി വെബ് ബ്രൗസിങ് എന്നിവയും ഇവയുടെ സവിശേഷതകളാണ്.
പുതിയ ആപ്പിൾ വാച്ചുകളും ഐപാഡുകളും
ആപ്പിൾ വാച്ച് സീരീസ് 12, ആപ്പിൾ വാച്ച് അൾട്രാ 4 എന്നിവ കൂടുതൽ വേഗതയേറിയ പ്രൊസസ്സറുകളുമായി എത്തും. ഇതിൽ ടച്ച് ഐഡിയും കൂടുതൽ ആരോഗ്യ സൂചകങ്ങൾ അളക്കാനുള്ള സെൻസറുകളും ഉണ്ടായേക്കും. കൂടാതെ ആപ്പിൾ മാപ്സിനായുള്ള സാറ്റലൈറ്റ് ഫീച്ചറുകൾ, സാറ്റലൈറ്റ് വഴി ഫോട്ടോകൾ പങ്കുവെക്കാനുള്ള സൗകര്യം എന്നിവയും ഉണ്ടാകും.
ടാബ്ലറ്റ് വിഭാഗത്തിൽ, ബേസിക് മോഡൽ ഐപാഡുകൾക്ക് ആപ്പിൾ ഇന്റലിജൻസ് സപ്പോർട്ട് ചെയ്യുന്ന എ18 അല്ലെങ്കിൽ
എ19 ചിപ്പുകൾ ലഭിച്ചേക്കും. ഐപാഡ് മിനിയാവട്ടെ ഒഎൽഇഡി ഡിസ്പ്ലേ, പുത്തൻ പ്രൊസസ്സർ, മികച്ച സ്പീക്കറുകൾ, മെച്ചപ്പെട്ട വാട്ടർ റെസിസ്റ്റൻസ് എന്നിവയോടെയായിരിക്കും പുറത്തിറങ്ങുക.
മാക് കമ്പ്യൂട്ടറുകൾക്ക് M5, M6 അപ്ഗ്രേഡുകൾ
മാക് ശ്രേണിയിലും വലിയ മാറ്റങ്ങളാണ് വരുന്നത്. മാക് സ്റ്റുഡിയോ, മാക് മിനി, ഐമാക് എന്നിവ ഈ വർഷം അവസാനത്തോടെ എം5 സീരിസ് ചിപ്പുകളിലേക്ക് മാറും. അതേസമയം, പുതിയ തലമുറ എം6 ചിപ്പോട് കൂടിയ 14 ഇഞ്ച് മാക്ബുക്ക് പ്രോ കമ്പനി അവതരിപ്പിക്കുമെന്നും സൂചനയുണ്ട്.
2026 അവസാനത്തോടെയോ 2027 ആദ്യത്തോടെയോ പൂർണമായും പുനർരൂപകൽപ്പന ചെയ്ത മാക്ബുക്ക് അൾട്രായും വിപണിയിലെത്തും. ഒഎൽഇഡി ടച്ച്സ്ക്രീൻ, നേർത്ത ബോഡി, ഡയനാമിക് ഐലൻഡ്, എം5 പ്രോ അല്ലെങ്കിൽ എം5 മാക്സ് ചിപ്പുകൾ എന്നിവയായിരിക്കും ഇതിന്റെ സവിശേഷതകൾ.
സ്മാർട്ട് ഹോം ഉപകരണങ്ങൾ
സ്മാർട്ട് ഹോം മേഖലയിലും ആപ്പിൾ സജീവമാകുകയാണ്. 6 മുതൽ 7 ഇഞ്ച് വരെ വലുപ്പമുള്ള ചതുരാകൃതിയിലുള്ള ഡിസ്പ്ലേ, എ18 ചിപ്പ്, ആപ്പിൾ ഇന്റലിജൻസ്, ഫേസ്ടൈം സൗകര്യം, നവീകരിച്ച സിരി എന്നിവയുള്ള ഒരു പുതിയ ഹോം ഹബ് ആപ്പിൾ വികസിപ്പിക്കുന്നുണ്ട്. ഇത് മേശപ്പുറത്ത് വെക്കാനോ ചുവരിൽ ഘടിപ്പിക്കാനോ സാധിക്കുന്ന സ്മാർട്ട് ഹോം കൺട്രോളർ ആയി പ്രവർത്തിക്കും. ഇതിന് പുറമെ ആപ്പിൾ ടിവി, ഹോംപോഡ്, ഹോംപോഡ് മിനി എന്നിവയുടെ പുതിയ പതിപ്പുകളും വേഗതയേറിയ ചിപ്പുകൾ, വൈ-ഫൈ 7 സപ്പോർട്ട്, മെച്ചപ്പെട്ട ഓഡിയോ നിലവാരം എന്നിവയോടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ആപ്പിൾ ഔദ്യോഗികമായി ഈ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സാധാരണയായി സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കാറുള്ള ആപ്പിളിന്റെ ഹാർഡ്വെയർ ലോഞ്ച് ഇവന്റുകളിൽ വെച്ച് ഇവ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ഉപകരണങ്ങളുടെ വിപണി പ്രവേശം 2027 ആദ്യവാരങ്ങളിലേക്ക് നീളാനും സാധ്യതയുണ്ട്.
Tech
ന്യൂയോർക്ക് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നതിനായുള്ള മത്സരം മുറുകുന്നതിനിടെ, തങ്ങളുടെ സബ്സ്ക്രിപ്ഷൻ നിരക്കുകളും എപിഐ സേവനങ്ങളുടെ വിലയും കുറയ്ക്കാൻ എഐ കമ്പനിയായ ഓപ്പൺഎഐ ആലോചിക്കുന്നതായി റിപ്പോർട്ട്. ആന്ത്രാപിക് അടക്കമുള്ള എതിരാളികളിൽ നിന്നുള്ള കടുത്ത വെല്ലുവിളി നേരിടുന്നതിനും ഉപഭോക്താക്കളെ നിലനിർത്തുന്നതിനുമാണ് കമ്പനിയുടെ ഈ നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എഐ സേവനങ്ങളുടെ വർധിച്ചുവരുന്ന ചെലവിനെക്കുറിച്ച് ഉപഭോക്താക്കൾ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കമ്പനി വിലക്കുറവിനെക്കുറിച്ച് ആലോചിക്കുന്നത്. എഐ പ്രോസസ്സിംഗിനായി ഉപയോഗിക്കുന്ന ടോക്കണുകളുടെ നിരക്ക് കുറയ്ക്കുന്ന കാര്യം ഓപ്പൺഎഐയുടെ സജീവ പരിഗണനയിലാണ്. എപിഐ വഴിയും എന്റർപ്രൈസ് സേവനങ്ങൾ വഴിയും എഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ ഈ ടോക്കണുകളുടെ അളവ് അടിസ്ഥാനമാക്കിയാണ് കമ്പനികൾ നിരക്ക് ഈടാക്കുന്നത്.
എഐ സാങ്കേതികവിദ്യ വൻതോതിൽ ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ വരുന്ന ചെലവിനെകുറിച്ച് ലോകമെമ്പാടുമുള്ള കമ്പനികൾ ഇപ്പോൾ ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷങ്ങളിൽ കമ്പനികൾ എഐ മേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തുകയും വലിയ അളവിൽ ടോക്കണുകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. എഐ രംഗത്ത് 'ടോക്കൺമാക്സിങ്' എന്നറിയപ്പെട്ടിരുന്ന ഈ പ്രവണത പക്ഷേ, നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ദീർഘകാലം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് പല കമ്പനികളും വ്യക്തമാക്കുന്നത്.
വിലനിർണയം കമ്പനി നേരിടുന്ന വലിയൊരു പ്രതിസന്ധിയാണെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ തന്നെ നേരത്തെ സമ്മതിച്ചിരുന്നു. നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും, വിപണിയിലെ മത്സരം കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കളെ കൂടെ നിർത്താൻ ഇതാണ് ഏക പോംവഴിയെന്നാണ് കമ്പനിക്കുള്ളിലെ വിലയിരുത്തൽ. ഓപ്പൺഎഐയുടെ പ്രധാന എതിരാളികളായ ആന്ത്രാപിക്കും സമാനമായ വിലക്കുറവ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതായാണ് വിവരം. ഇതോടെ വരും ദിവസങ്ങളിൽ എഐ വിപണിയിൽ കടുത്ത വിലയുദ്ധത്തിന് സാക്ഷ്യം വഹിച്ചേക്കാം.
അതേസമയം, എഐ മേഖലയിലെ നിക്ഷേപകരുടെ ആവേശം മുൻപത്തെ അപേക്ഷിച്ച് അല്പം കുറഞ്ഞു വരുന്ന സമയത്താണ് ഈ പുതിയ നീക്കങ്ങൾ നടക്കുന്നത്. വില കുറയ്ക്കാൻ ആലോചിക്കുമ്പോഴും വിപണി വിപുലീകരിക്കാനുള്ള ശ്രമങ്ങളുമായി ഓപ്പൺഎഐ മുന്നോട്ട് പോവുകയാണ്. കമ്പനി ഉടൻ തന്നെ ഐപിഒയ്ക്ക് അപേക്ഷ നൽകുമെന്നും, വൺ ട്രില്യൺ ഡോളർ (ഒരു ലക്ഷം കോടി ഡോളർ) മൂല്യമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ ആന്ത്രാപിക്കും പബ്ലിക് ലിസ്റ്റിംഗിനായി ഒരുങ്ങുന്നതോടെ എഐ ലോകത്തെ മത്സരം പുതിയൊരു തലത്തിലേക്ക് കടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
Tech
ന്യൂഡൽഹി: ടെലിഗ്രാം വഴി വ്യാജ സിനിമകളും ഒടിടി ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ നടപടി ശക്തമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. പകർപ്പവകാശം ലംഘിക്കുന്ന ഇത്തരം ചാനലുകളും ഉള്ളടക്കങ്ങളും ഉടൻ നീക്കം ചെയ്യണമെന്നും, സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ടെലിഗ്രാമിനോട് ആവശ്യപ്പെട്ടു.
രാജ്യത്തെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കുന്നതിന്റെയും പകർപ്പവകാശ സംരക്ഷണ നിയമങ്ങൾ ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. ഇന്ത്യയിലെ സിനിമാ മേഖല, ബ്രോഡ്കാസ്റ്റർമാർ, ഒടിടി പ്ലാറ്റ്ഫോമുകൾ, നിർമാതാക്കൾ, വിതരണക്കാർ എന്നിവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഓൺലൈൻ വ്യാജപതിപ്പുകളിൽ നിന്ന് ഡിജിറ്റൽ സാമ്പത്തിക രംഗത്തെ രക്ഷിക്കുന്നതിനുമാണ് ഈ നീക്കമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്ന 3,000ത്തിലധികം ടെലിഗ്രാം ചാനലുകൾക്കെതിരെ മുൻപ് സർക്കാർ നടപടിയെടുത്തിരുന്നു. ഐടി നിയമപ്രകാരവും ഐടി ചട്ടങ്ങൾ പ്രകാരവും ഒരു ഇന്റർമീഡിയറി എന്ന നിലയിൽ ടെലിഗ്രാമിന് വലിയ ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. വ്യാജ ചാനലുകൾ കണ്ടെത്താൻ പൂർണമായും സർക്കാരിനെ മാത്രം ആശ്രയിക്കാൻ ടെലിഗ്രാമിന് കഴിയില്ല. ഓരോ ചാനലുകൾക്കെതിരെയായി മാത്രം നടപടിയെടുക്കുന്ന രീതി ഐടി നിയമം 2000, ഐടി ചട്ടങ്ങൾ 2021 എന്നിവ പ്രകാരമുള്ള പ്ലാറ്റ്ഫോമിന്റെ ഉത്തരവാദിത്ത നിർവഹണത്തിന് പകരമാകില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
പകർപ്പവകാശ ലംഘനം വെറുമൊരു സിവിൽ കുറ്റമല്ലെന്നും പകർപ്പവകാശ നിയമം 1957, സിനിമാട്ടോഗ്രാഫ് നിയമം 1952 എന്നിവ പ്രകാരം ഇതൊരു ക്രിമിനൽ കുറ്റമാണെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വ്യാജപതിപ്പുകൾ തടയാൻ സ്വമേധയാ മുൻകൈ എടുക്കണമെന്നാണ് സർക്കാരിന്റെ നിലപാട്.
Tech
ന്യൂ ഡൽഹി : ഇന്ത്യൻ വിപണിയിൽ പ്രമുഖ ബ്രാൻഡുകളുടെ തെരഞ്ഞെടുത്ത സ്മാർട്ട്ഫോണുകളുടെ വില കുത്തനെ കൂട്ടി. ആപ്പിൾ തങ്ങളുടെ ഐപാഡ്, മാക്ബുക്ക് മോഡലുകളുടെ വില വർധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ, റിയൽമി, നതിംഗ് എന്നിവയും വില പുതുക്കി നിശ്ചയിച്ചത്. മോഡലുകൾക്ക് അനുസരിച്ച് 1,000 രൂപ മുതൽ 7,000 രൂപ വരെയാണ് വർധനവ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ചയെത്തുടർന്ന് റാം , സ്റ്റോറേജ് തുടങ്ങിയ മെമ്മറി ഘടകങ്ങളുടെ ആഗോള വിപണിയിലെ വിലക്കയറ്റമാണ് സ്മാർട്ട്ഫോൺ കമ്പനികളെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
വിവോ തങ്ങളുടെ എക്സ്, വി, ടി, വൈ, സീരിസ് ഉൾപ്പെട്ട നിരവധി ഫോണുകൾക്കാണ് വില കൂട്ടിയിരിക്കുന്നത്. ഇതിൽ ഏറ്റവും വലിയ വിലവർധനവ് ഉണ്ടായത്, വിവോ എക്സ്300എഫ്ഇ മോഡലിനാണ്. ഈ ഫോണിന്റെ 256ജിബി, 512ജിബി പതിപ്പുകൾക്ക് മുന്പത്തേക്കാൾ 7000 രൂപയാണ് വർധിച്ചത്. ഇതിന് പുറമെ വിവോ വി70എഫ്ഇ, ടി5എക്സ്, ടി4ലൈറ്റ് എന്നിവയുൾപ്പെടെയുള്ള മോഡലുകൾക്ക് 2,000 രൂപ മുതൽ 5,000 രൂപ വരെ വർധിച്ചിട്ടുണ്ട്.
നതിംഗ് തങ്ങളുടെ 4എ സീരിസിന്റെ വിലയിൽ 4000 രൂപയാണ് വരെയാണ് വർധിപ്പിച്ചത്. നതിംഗ് ഫോൺ 4എയുടെ അടിസ്ഥാന മോഡലായ 8ജിബി + 128ജിബി പതിപ്പിന് ഇനി മുതൽ 39,999 രൂപ നൽകണം. ഈ സീരീസിലെ മറ്റ് ഉയർന്ന സ്റ്റോറേജ് മോഡലുകൾക്കും വില കൂടിയിട്ടുണ്ട്.
റിയൽമി 16, റിയൽമി 16 പ്രോ പ്ലസ് എന്നീ മോഡലുകൾക്ക് 4,000 രൂപ വരെ വില വർധിപ്പിച്ചു. എന്നാൽ, ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസം നൽകിക്കൊണ്ട് റിയൽമി 16 പ്രോ മോഡലിന്റെ തെരഞ്ഞെടുത്ത പതിപ്പുകൾക്ക് 3,000 രൂപ വരെ കമ്പനി കുറച്ചിട്ടുമുണ്ട്. ഫോൺ നിർമാണത്തിനാവശ്യമായ അനുബന്ധ സാമഗ്രികളുടെ കനത്ത വിലക്കയറ്റം കാരണം ഉപഭോക്തൃ ഇലക്ട്രോണിക്സ് വിപണിയിൽ മൊത്തത്തിൽ വിലവർധനവിന്റെ ട്രെൻഡാണ് കാണാൻ സാധിക്കുന്നത്.
Tech
നിങ്ങളുടെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നത് ഇനി കുറച്ചുകൂടി എളുപ്പമായി. ആധാർ ആപ്പിൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ ഒരു പുതിയ സവിശേഷത അവതരിപ്പിച്ചു, ആളുകൾക്ക് അവരുടെ സ്മാർട്ട്ഫോണുകളിൽ നിന്ന് നേരിട്ട് ഇമെയിൽ ഐഡി ചേർക്കാനോ അപ്ഡേറ്റ് ചെയ്യാനോ സാധിക്കും. 2026 ജൂലൈ 1 മുതൽ ആറ് മാസത്തേക്ക് ഈ സേവനം സൗജന്യമായി ലഭ്യമാണ്, കൂടാതെ ആൻഡ്രോയിഡിലും എഒഎസിലും പ്രവർത്തിക്കുന്നു.
ഫീച്ചർ ലൈവായി രണ്ട് ദിവസത്തിനുള്ളിൽ, 2.5 ലക്ഷത്തിലധികം ആളുകൾ ഇതിനകം തന്നെ ആപ്പ് ഉപയോഗിച്ച് അവരുടെ ഇമെയിൽ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. നിങ്ങളുടെ ആധാറിൽ ഒരു ഇമെയിൽ ഐഡി ലിങ്ക് ചെയ്തുകഴിഞ്ഞാൽ, ആധാർ പ്രാമാണീകരണ അഭ്യർത്ഥന നടത്തുമ്പോഴെല്ലാം ഉപയോക്താക്കൾക്ക് തത്സമയ ഇമെയിൽ അറിയിപ്പുകൾ ലഭിക്കും, ഇത് അവരുടെ ഐഡന്റിറ്റി വിശദാംശങ്ങൾ ആരൊക്കെ ആക്സസ് ചെയ്യുന്നുവെന്ന് അറിയാൻ ആളുകളെ സഹായിക്കും.
ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ ആപ്പ് വഴി കൂടുതൽ ആക്സസ് ചെയ്യുന്നതിനായി യുഐഡിഎഐ നടത്തുന്ന വിപുലമായ നീക്കത്തിന്റെ ഭാഗമാണ് ഇമെയിൽ അപ്ഡേറ്റ് സവിശേഷത. ആധാർ ആപ്പ് ഇതിനകം തന്നെ ഉപയോക്താക്കൾക്ക് അവരുടെ ഫോണുകളിൽ നിന്ന് നേരിട്ട് അവരുടെ മൊബൈൽ നമ്പറും വിലാസവും അപ്ഡേറ്റ് ചെയ്യാൻ അനുവദിക്കുന്നു.
ഇതുവരെ, 40 ദശലക്ഷത്തിലധികം ആളുകൾ അവരുടെ മൊബൈൽ നമ്പറുകൾ അപ്ഡേറ്റ് ചെയ്യാൻ ആപ്പ് ഉപയോഗിച്ചു, അതേസമയം ഏകദേശം ഒരു ദശലക്ഷം ആളുകൾ അവരുടെ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഇത് ഉപയോഗിച്ചു. പുതിയ സവിശേഷത ഉപയോഗിക്കുന്നതിന്, താമസക്കാർക്ക് അവരുടെ ഉപകരണത്തിൽ ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യാനോ അപ്ഡേറ്റ് ചെയ്യാനോ കഴിയും, കൂടാതെ ആപ്പിനുള്ളിൽ നിന്ന് ഇമെയിൽ അപ്ഡേറ്റ് ഓപ്ഷൻ ആക്സസ് ചെയ്യാനും കഴിയും.
ക്യുആർ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ, ഫേസ് ഓതന്റിക്കേഷൻ, ബയോമെട്രിക് ലോക്ക് ആൻഡ് അൺലോക്ക്, ഓതന്റിക്കേഷൻ ഹിസ്റ്ററി ട്രാക്കിംഗ് എന്നിവയും ആപ്പ് പിന്തുണയ്ക്കുന്നു, ഇത് ഉപയോക്താക്കൾക്ക് അവരുടെ ആധാർ എവിടെ, എപ്പോൾ ഉപയോഗിച്ചുവെന്ന് കാണാൻ അനുവദിക്കുന്നു. ഒരു ഉപകരണത്തിൽ അഞ്ച് ആധാർ പ്രൊഫൈലുകൾ വരെ ഇത് പിന്തുണയ്ക്കുന്നു, ഇത് കുടുംബങ്ങൾക്ക് ഒരേ സ്ഥലത്ത് ഒന്നിലധികം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു.
Tech
ന്യൂഡല്‍ഹി: ഇലക്ട്രിക് റിക്ഷകള്‍ ഓട്ടത്തിനിടെ മൊബൈല്‍ ആപ്പിലൂടെ നിശ്ചലമാക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ ചൈനീസ് ബാറ്ററി മാനേജ്മെന്റ് ആപ്പുകളെ ആപ്പ് സ്റ്റോറില്‍ നിന്നും പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യാന്‍ ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍. ബിഎടി-ബിഎംഎസ്, ലോസിഗി, ഇപോച്ച്-ഐ അയോണ്‍ തുടങ്ങിയ ആപ്പുകള്‍ നീക്കം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്.
ബ്ലൂടൂത്ത് സൗകര്യമുള്ള ലിഥിയം അയോണ്‍ ബാറ്ററികളെ നിയന്ത്രിക്കുന്ന ആപ്പുകളാണിവ. ബാറ്ററിയുടെ വോള്‍ട്ടേജ്, താപനില, ചാര്‍ജിങ്, സൈക്കിളുകള്‍, ബാറ്ററികളുടെ ആരോഗ്യം തുടങ്ങിയവ തത്സമയം നിരീക്ഷിക്കുന്നതിനാണ് ഈ ആപ്പ് ഉപയോഗിക്കുന്നതെങ്കിലും ഇപ്പോള്‍ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്നാണ് നിഗമനം.
ആപ്പിലൂടെ ബാറ്ററി ഓണ്‍, ഓഫ് ചെയ്യാനുള്ള സൗകര്യമാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. സമീപത്തുകൂടി പോകുന്ന റിക്ഷയുടെ ബാറ്ററിയുമായി ബ്ലൂടുത്ത് ബന്ധിപ്പിച്ച ശേഷമാണ് ഓഫ് ചെയ്യുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ തടസ്സപ്പെടുത്താനോ വിദൂരത്തിരുന്ന് ഓഫാക്കാനോ മറ്റേതെങ്കിലും ആപ്പുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ അവയും ബ്ലോക്ക് ചെയ്യുമെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പല റിക്ഷകളുടെയും വില കുറഞ്ഞ ബ്ലൂടൂത്ത് ബാറ്ററി സംവിധാനങ്ങള്‍ക്ക് കൃത്യമായ പാസ്വേഡ് സുരക്ഷയില്ല. അതുകൊണ്ട് ആര്‍ക്കും ഡിഫോള്‍ട്ട് സംവിധാനം ഉപയോഗിച്ച് ബാറ്ററിയുമായി ബ്ലൂടൂത്ത് ബന്ധിപ്പിക്കാം. 20 മുതല്‍ 15 മീറ്റര്‍ അകലെയുള്ളവര്‍ക്കു ഇത്തരത്തില്‍ ഡ്രൈവര്‍ അറിയാതെ ബാറ്ററി ഓഫ് ചെയ്യാം. വഴി ദൂരെനിന്ന് ഇ-റിക്ഷകളെ പ്രവര്‍ത്തനരഹിതമാക്കുന്ന നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.
ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി ഭരണകൂടം ഗതാഗതവകുപ്പിന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇത്തരം ആപ്പുകള്‍ നീക്കം ചെയ്യാന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭീഷണിയുയർത്തുന്ന ഇത്തരം ആപ്പുകൾ പ്ലാറ്റ്ഫോമുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഗൂഗിൾ, ആപ്പിൾ തുടങ്ങിയ കമ്പനികളുമായി ചേർന്ന് മന്ത്രാലയം സ്ക്രീനിംഗ് നടപടികൾ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
Tech
ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ മറച്ചുവെക്കാൻ സഹായിക്കുന്ന ഫീച്ചറുകൾക്കെതിരെ ഇന്ത്യയിൽ കേന്ദ്ര സർക്കാർ നടപടികൾ കർശനമാക്കുന്നു. വാട്സ്ആപ്പിന്റെ പുതിയ യൂസർനെയിം ഫീച്ചറിനെതിരെ വിശദീകരണം തേടിയതിന് തൊട്ടുപിന്നാലെ, ടെലിഗ്രാം , സിഗ്നൽ എന്നിവയ്ക്കും കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചു.
ഫോൺ നമ്പറുകൾ വെളിപ്പെടുത്താതെ സന്ദേശങ്ങൾ അയക്കാൻ അനുവദിക്കുന്ന ഫീച്ചറുകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ എന്ത് മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാനാണ് നോട്ടീസിലെ നിർദ്ദേശം. ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് മേലുള്ള സർക്കാർ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയാണിത്. വ്യാജരേഖ ചമയ്ക്കൽ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, ഫിഷിംഗ്, 'ഡിജിറ്റൽ അറസ്റ്റ്' തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി.
ജൂൺ മാസത്തിൽ കേന്ദ്ര സർക്കാർ ടെലിഗ്രാം താത്ക്കാലികമായി നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആപ്പുകളിലെ സുരക്ഷാ ഫീച്ചറുകൾ നേരിട്ട് പരിശോധിക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഫോൺ നമ്പറുകൾക്ക് പകരം യൂസർനെയിം ഉപയോഗിച്ച് ആളുകളെ തിരയാൻ അനുവദിക്കുന്ന ഫീച്ചർ ഈ ആഴ്ചയാണ് വാട്സാപ്പ് അവതരിപ്പിച്ചത്.
എന്നാൽ ഇതിന്റെ ആഗോളതലത്തിലുള്ള ലോഞ്ച് താത്ക്കാലികമായി നിർത്തിവെക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനകം ഇതിന്റെ കൃത്യമായ കാരണം ബോധിപ്പിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും വാട്സ്ആപ്പിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രമുഖ വ്യക്തികളുടെയോ, ബാങ്കുകളുടെയോ, സർക്കാർ സ്ഥാപനങ്ങളുടെയോ പേരുകളിൽ വ്യാജ യൂസർനെയിമുകൾ ഉണ്ടാക്കി ആളുകളെ പറ്റിക്കാൻ ഈ ഫീച്ചർ കാരണമായേക്കുമെന്നാണ് സർക്കാരിന്റെ പ്രധാന ആശങ്ക. എന്നാൽ, തങ്ങളുടെ ഈ ഫീച്ചർ മറ്റ് ആപ്പുകളെപ്പോലെ പരസ്യമായി തെരയാൻ കഴിയുന്ന ഒന്നല്ലെന്നും, കൃത്യമായ യൂസർനെയിം അറിഞ്ഞാൽ മാത്രമേ ചാറ്റ് തുടങ്ങാൻ സാധിക്കൂ എന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു.
കൂടുതൽ സുരക്ഷയ്ക്കായി 'യൂസർനെയിം കീ' എന്നൊരു അധിക സുരക്ഷാ ലെയറും തങ്ങൾ ഒരുക്കുന്നുണ്ടെന്ന് വാട്സ്ആപ്പ് അറിയിച്ചു. ഫോൺ നമ്പറുകൾ മറച്ചുവെക്കുന്നത് സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് സർക്കാർ നിലപാട്. നേരത്തെ ടെലിഗ്രാമിലെ സമാനമായ യൂസർനെയിം ഫീച്ചറിനെതിരെയും സർക്കാർ രംഗത്തുവന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സിഗ്നലിനും ടെലിഗ്രാമിനും കേന്ദ്രം ഔദ്യോഗികമായി നോട്ടീസ് അയച്ചിരിക്കുന്നത്.
Tech
റോബോട്ടിക്സ് കമ്പനിയായ യുബിടെക് പുതിയ ഹ്യൂമനോയിഡ് റോബോട്ട് പുറത്തിറക്കി. വ്യവസായ മേഖലയിലെ ഓട്ടോമേഷന്‍ അപ്പുറം സാധാരണ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ റോബോട്ടിനെ വികസിപ്പിച്ചിരിക്കുന്നത്. 'യു1' എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്യൂമനോയിഡ് റോബോട്ട് പരമ്പര, വീടുകളിലും പ്രായമായവരുടെ പരിചരണത്തിനും പ്രീമിയം സർവീസ് മേഖലകൾക്കും അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഫാക്ടറി ആവശ്യങ്ങൾക്ക് പുറമെ, റോബോട്ടിക്സ് കമ്പനികൾ ഉപഭോക്തൃ വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള പ്രവണതയുടെ ഭാഗമായാണ് ഷെൻഷെൻ ആസ്ഥാനമായുള്ള യുബിടെക്കിന്റെ ഈ പുതിയ നീക്കം. ലൈറ്റ്, പ്രോ , അൾട്രാ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ യു1 ലഭ്യമാകും. ഇതിന്റെ വില 119,800 യുവാൻ (ഏകദേശം 17,650 ഡോളർ) മുതൽ 990,000 യുവാൻ (ഏകദേശം 138,000 ഡോളർ) വരെയാണ്. പുരുഷൻ, സ്ത്രീ രൂപങ്ങളിൽ ലഭ്യമാകുന്ന റോബോട്ടുകൾക്ക് യഥാക്രമം 183 സെന്റീമിറ്ററും 168 സെന്റീമീറ്ററും ഉയരമുണ്ട്.
88 സെർവോ ജോയിന്റുകളും സിലിക്കൺ പുറംഭാഗവുമുള്ള ഈ റോബോട്ടുകളിൽ റോക്ക്ചിപ്പിന്റെ ആർകെ3588 പ്രൊസസ്സറിലാണ് ഇമോഷണൽ എഐ സിസ്റ്റം പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ക്ലൗഡിൽ സൂക്ഷിക്കുന്നതിന് പകരം ഡിവൈസിൽ തന്നെ ലോക്കലായി സൂക്ഷിക്കുന്നു എന്നതിനാൽ സ്വകാര്യത കൂടുതൽ സുരക്ഷിതമായിരിക്കും.
സംഭാഷണം, കണ്ണ് ചിമ്മിയുള്ള ആശയവിനിമയം , വൈകാരികമായ ഇടപെടലുകൾ എന്നിവയിലൂടെ മനുഷ്യരുമായി സാമൂഹിക ബന്ധം സ്ഥാപിക്കാൻ ഈ റോബോട്ടിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മനുഷ്യന്റെ 20ലധികം വികാരങ്ങളെ 90 ശതമാനത്തിലധികം കൃത്യതയോടെ തിരിച്ചറിയാൻ ഇതിന് കഴിയുമെന്നാണ് യുബിടെക് പറയുന്നത്. എങ്കിലും യഥാർഥ സാഹചര്യങ്ങളിൽ ഈ അവകാശവാദം ഇതുവരെ സ്വതന്ത്രമായി പരിശോധിക്കപ്പെട്ടിട്ടില്ല.
നിലവിൽ ഫാക്ടറികളിലും ലോജിസ്റ്റിക്സ് മേഖലയിലും ഉപയോഗിക്കുന്ന റോബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, വീടുകളിലും കെയർ സെന്ററുകളിലും കുട്ടികൾക്കും പ്രായമായവർക്കും വളർത്തുമൃഗങ്ങൾക്കും ഒപ്പം സുരക്ഷിതമായി പ്രവർത്തിക്കാൻ യു1 റോബോട്ടുകൾക്ക് കഴിയും.
ലോഞ്ച് ചെയ്ത ഉടൻ തന്നെ യു1 സീരീസിനായി 13,000-ത്തിലധികം ഓർഡറുകൾ ലഭിച്ചതായി യുബിടെക് സ്ഥാപകനും സിഇഒയുമായ സൂ ജിയാൻ അറിയിച്ചു. പ്രീ ഓർഡറുകൾക്കായി ജൂലൈ 15 വരെ 3,000 യുവാൻ റീഫണ്ടബിൾ ഡിപ്പോസിറ്റ് നൽകി ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാം.
ചൈനയിലെ ഹ്യൂമനോയിഡ് റോബോട്ട് വിപണി അതിവേഗം വളരുകയാണെന്നാണ് മോർഗൻ സ്റ്റാൻലിയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപ് കണക്കാക്കിയ 28,000 യൂണിറ്റുകളിൽ നിന്ന് 2026ഓടെ ചൈനയിലെ ഹ്യൂമനോയിഡ് റോബോട്ട് ഷിപ്പ്മെന്റ് 50,000 യൂണിറ്റായി ഉയരുമെന്നും 2030ഓടെ ഇത് പ്രതിവർഷം 446,000 യൂണിറ്റുകളിൽ എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Tech
ന്യൂഡൽഹി: വാട്സ്ആപ്പിൽ യൂസർനെയിം സംവിധാനം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും മെറ്റയും തമ്മിൽ തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിർണായക പ്രഖ്യാപനവുമായി ഇന്ത്യൻ മെസ്സേജിങ് ആപ്പായ അരാട്ടൈ. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി അരാട്ടൈ ആപ്പിലെ യൂസർനെയിം അധിഷ്ഠിത അക്കൗണ്ട് ഫീച്ചർ ഒഴിവാക്കുകയാണെന്ന് സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പ് അറിയിച്ചു.
തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. പുതിയ ഡിജിറ്റൽ സുരക്ഷാ മാനദണ്ഡങ്ങളും സർക്കാർ നിർദ്ദേശങ്ങളും പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ശ്രീധർ വെമ്പ് വ്യക്തമാക്കി. എന്നാൽ ഈ മാറ്റം എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യം കമ്പനി കൃത്യമായി വ്യക്തമാക്കിയിട്ടില്ല.
ഭാരത സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അടുത്തിടെ വാട്സ്ആപ്പിന്റെ പുതിയ യൂസർനെയിം ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് തടഞ്ഞിരുന്നു. മൊബൈൽ നമ്പറുകൾ പരസ്യമാക്കാതെ, ടെലിഗ്രാം മാതൃകയിൽ യൂസർനെയിം മാത്രം ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ അനുവദിക്കുന്നതായിരുന്നു വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ.
ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് ഇത് വലിയ സഹായമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും, സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും നടത്തുന്നവരെ കണ്ടെത്താൻ ഇത് തടസമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ വന്നപ്പോൾ, ടെലിഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യപ്പെടുന്ന കാര്യം സർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാട്സ്ആപ്പിന് മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് അയച്ചതും അരാട്ടൈ ആപ്പ് അടിയന്തരമായി ഈ ഫീച്ചർ പിൻവലിക്കാൻ തീരുമാനിച്ചതും.
കേന്ദ്ര സുരക്ഷാ മാനദണ്ഡങ്ങളോട് പൂർണ്ണമായി സഹകരിച്ചുകൊണ്ട് യൂസർനെയിം സംവിധാനം നിർത്തലാക്കുന്ന ആദ്യത്തെ ഇന്ത്യൻ മെസ്സേജിങ് ആപ്പായി മാറിയിരിക്കുകയാണ് സോഹോയുടെ അരാട്ടൈ. സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾക്ക് പകരമായി ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഒരു പ്രമുഖ ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്ഫോമാണ് അരാട്ടൈ.
Tech
ജാപ്പനീസ് ടെക് ഭീമന്മാരായ സോണി തങ്ങളുടെ ജനപ്രിയ ഗെയിമിംഗ് കൺസോളായ പ്ലേസ്റ്റേഷന്റെ ഫിസിക്കൽ ഗെയിം ഡിസ്കുകളുടെ വിൽപ്പന പൂർണമായും നിർത്തലാക്കാൻ കമ്പനി തീരുമാനിച്ചതായി പ്രഖ്യാപിച്ചു. വീഡിയോ ഗെയിമിംഗ് ലോകത്ത് വലിയൊരു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് സോണിയുടെ ഈ നിർണായക തീരുമാനം.
2028 ജനുവരി മുതൽ പുറത്തിറങ്ങുന്ന പുതിയ പ്ലേസ്റ്റേഷൻ ഗെയിമുകൾ ഇനി ഡിജിറ്റൽ ഡൗൺലോഡുകളായി മാത്രമേ ലഭ്യമാകൂ എന്ന് സോണി ഇന്ററാക്ടീവ് എന്റർടെയ്മെന്റ് അറിയിച്ചു.ഗെയിമർമാരുടെ വാങ്ങൽ ശീലങ്ങളിൽ ഉണ്ടായ വലിയ മാറ്റമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സോണി വ്യക്തമാക്കി. ആളുകൾ കടകളിൽ പോയി സിഡികളും ഡിസ്കുകളും വാങ്ങുന്നതിനേക്കാൾ കൂടുതൽ ഓൺലൈനായി ഗെയിമുകൾ ഡൗൺലോഡ് ചെയ്ത് കളിക്കാനാണ് ഇപ്പോൾ താല്പര്യപ്പെടുന്നത്.
2025 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലെ കണക്കുകൾ പ്രകാരം, പ്ലേസ്റ്റേഷൻ 4, പ്ലേസ്റ്റേഷൻ 5 ഗെയിം വിൽപ്പനയുടെ 85 ശതമാനവും ഡിജിറ്റൽ ഡൗൺലോഡുകൾ വഴിയായിരുന്നു. വെറും 15 ശതമാനം ആളുകൾ മാത്രമാണ് ഫിസിക്കൽ ഡിസ്കുകൾ വാങ്ങിയത്.
ഈ പുതിയ തീരുമാനം 2028ന് മുൻപ് ഇറങ്ങിയ പഴയ ഗെയിമുകളെ ബാധിക്കില്ലെന്ന് സോണി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ വിപണിയിലുള്ള ഡിസ്കുകൾ കടകൾ വഴി തുടർന്നും വാങ്ങാൻ സാധിക്കും. എന്നാൽ ഭാവിയിൽ വരാനിരിക്കുന്ന പുത്തൻ ഗെയിമുകൾക്ക് ഡിസ്കുകൾ ഉണ്ടാകില്ല.
അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6' എന്ന ഗെയിമിന്റെ ഫിസിക്കൽ ബോക്സിനുള്ളിൽ ഡിസ്കിന് പകരം ഡൗൺലോഡ് കോഡ് മാത്രമായിരിക്കും ഉണ്ടാകുക എന്ന വാർത്ത വലിയ ചർച്ചയായിരുന്നു.
ഡിജിറ്റൽ യുഗത്തിലേക്കുള്ള ഈ മാറ്റം ഗെയിം സിഡികൾ വിറ്റിരുന്ന കടകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഗെയിം റീട്ടെയ്ലറായ 'ഗെയിംസ്റ്റോപ്പ്' കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1,300ലധികം സ്റ്റോറുകളാണ് പൂട്ടിപ്പോയത്. ഇതോടൊപ്പം തങ്ങളുടെ പഴയ ഗെയിമിംഗ് സിസ്റ്റങ്ങളായ പ്ലേസ്റ്റേഷൻ 3, പ്ലേസ്റ്റേഷൻ വീറ്റ എന്നിവയ്ക്കുള്ള ഡിജിറ്റൽ സ്റ്റോർ പിന്തുണയും സോണി അവസാനിപ്പിക്കുകയാണ്.
ഈ വർഷം അവസാനം മുതൽ തെരഞ്ഞെടുക്കപ്പെട്ട വിപണികളിലും, അടുത്ത വർഷത്തോടെ ആഗോളതലത്തിലും ഈ സ്റ്റോറുകൾ അടച്ചുപൂട്ടും. ഇതിനുശേഷം ഈ പഴയ കൺസോളുകളിൽ പുതിയ ഗെയിമുകൾ വാങ്ങാൻ സാധിക്കില്ല. എങ്കിലും മുൻപ് വാങ്ങിയ ഗെയിമുകൾ തുടർന്നും ഡൗൺലോഡ് ചെയ്യാം.
Tech
ന്യൂഡൽഹി: പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണായ ഗാലക്സി A27 (Galaxy A27) വിപണിയിൽ അവതരിപ്പിച്ചു. 120Hz റിഫ്രഷ് റേറ്റും 1400 നിറ്റ്സ് ബ്രൈറ്റ്നസുമുള്ള 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഇൻഫിനിറ്റി ഒ സൂപ്പർ അമലോഡ് ഡിസ്പ്ലേയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് സംരക്ഷണവും പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാൻ IP64 റേറ്റിംഗും ഫോണിനുണ്ട്.
4nm ക്ലാസ് ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 ഒക്ടാ-കോർ പ്രൊസസ്സറാണ് ഇതിന് കരുത്ത് പകരുന്നത്. 6GB / 8GB റാം വേരിയന്റുകളിലും 128GB / 256GB സ്റ്റോറേജ് ഓപ്ഷനുകളിലും ഫോൺ ലഭ്യമാണ്. മെമ്മറി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 2TB വരെ വർദ്ധിപ്പിക്കാം. മൂന്ന് പിൻ ക്യാമറകളാണ് ഫോണിലുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഉള്ള 50MP പ്രധാന ക്യാമറ, 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2MP മാക്രോ സെൻസർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കായി 12MP ഫ്രണ്ട് ക്യാമറയും ഒരുക്കിയിട്ടുണ്ട്.
25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. കൂടാതെ ടൈപ്പ് സി പോർട്ട്, സ്റ്റീരിയോ സ്പീക്കർ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം സ്ലോട്ട് എന്നിവയും ഇതിലുണ്ട്.
ആൻഡ്രോയിഡ് 16 അധിഷ്ഠിതമായ സാംസങ്ങിന്റെ സ്വന്തം വൺ യുഐ 8.5 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 6 വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റുകളും 2032 വരെയുള്ള സുരക്ഷാ അപ്ഡേറ്റുകളും കമ്പനി ഉറപ്പുനൽകുന്നു.
ബ്ലാക്ക്, ബ്ലൂ, ലൈറ്റ് ഗ്രീൻ, ലൈറ്റ് പിങ്ക് എന്നീ നാല് ആകർഷകമായ നിറങ്ങളിൽ ഫോൺ ലഭ്യമാകും. നിലവിൽ അമേരിക്ക, യൂറോപ്പ് തുടങ്ങിയ തെരഞ്ഞെടുത്ത വിപണികളിലാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. അവിടെ ഇതിന്റെ പ്രാരംഭ വില ഏകദേശം 349.99 ഡോളറാണ് (ഏകദേശം 33,033 ഇന്ത്യൻ രൂപ). അടുത്ത മാസം (ജൂലൈ) ഈ ഫോൺ ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tech
ബംഗളൂരു : സെമികണ്ടക്ടർ നിർമാണ രംഗത്ത് ചരിത്രപരമായ നേട്ടവുമായി ആഗോള സാങ്കേതികവിദ്യ കമ്പനിയായ ഐബിഎം. പരമ്പരാഗത ചിപ്പ് നിർമാണ രീതികൾ നേരിടുന്ന പരിമിതികളെ മറികടന്ന്, ലോകത്തിലെ ആദ്യത്തെ സബ്1 നാനോമീറ്റർ ചിപ്പ് സാങ്കേതികവിദ്യ കമ്പനി പുറത്തിറക്കി. 0.7 നാനോമീറ്റർ (അല്ലെങ്കിൽ 7 ആങ്സ്ട്രോം) നോഡിലുള്ള ട്രാൻസിസ്റ്റർ ആർക്കിടെക്ചറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
കമ്പ്യൂട്ടിംഗ്, സ്മാർട്ട്ഫോണുകൾ, ഗൃഹോപകരണങ്ങൾ, വാർത്താവിനിമയ സംവിധാനങ്ങൾ, ഗതാഗതം, മറ്റ് നിർണായക ഇൻഫ്രാസ്ട്രക്ചറുകൾ എന്നിവയിലെല്ലാം സെമികണ്ടക്ടറുകൾ ഇന്ന് പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഐബിഎമ്മിന്റെ
പുതിയ സബ്1 നാനോമീറ്റർ സാങ്കേതികവിദ്യയിലൂടെ ഒരു മനുഷ്യന്റെ നഖത്തിന്റെ വലിപ്പമുള്ള ചെറിയ ചിപ്പിൽ ഏകദേശം 10,000 കോടി (100 ബില്യൺ) ട്രാൻസിസ്റ്ററുകൾ ഉൾക്കൊള്ളിക്കാൻ സാധിക്കും. ഇത് 2021ൽ ഐബിഎം തന്നെ അവതരിപ്പിച്ച 2 നാനോമീറ്റർ ചിപ്പിന്റെ സാന്ദ്രതയേക്കാൾ ഇരട്ടിയാണ്.
ഐബിഎമ്മിന്റെ ഈ പുതിയ കണ്ടെത്തൽ കമ്പ്യൂട്ടിംഗ് രംഗത്തെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഇത് സാങ്കേതികവിദ്യയെ നാനോമീറ്റർ യുഗത്തിനും അപ്പുറം ആറ്റങ്ങളുടെ തലത്തിലേക്ക് എത്തിച്ചിരിക്കുന്നു. ഞങ്ങളുടെ പുതിയ 'നാനോസ്റ്റാക്ക്' ആർക്കിടെക്ചറിലൂടെ ഞങ്ങൾ ചെറിയ ട്രാൻസിസ്റ്ററുകൾ നിർമിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ചിപ്പുകളുടെ പ്രവർത്തനക്ഷമതയും ഊർജ്ജക്ഷമതയും നാടകീയമായി വർദ്ധിപ്പിക്കുന്നതിനായി അവയുടെ നിർമ്മാണരീതിയെത്തന്നെ പുനർനിർവ്വചിക്കുകയാണ്," എന്ന് ഐ.ബി.എം റിസർച്ച് ഡയറക്ടർ ജേ ഗാംബെറ്റ പറഞ്ഞു.
ഇതോടൊപ്പം തന്നെ 'ആൻഡെറോൺ' എന്ന പേരിൽ ഒരു പ്യുവർ-പ്ലേ ക്വാണ്ടം ഫൗണ്ടറി രൂപീകരിക്കാനുള്ള പദ്ധതിയും ഐബിഎം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഐബിഎമ്മിന് കീഴിലുള്ള സ്വതന്ത്ര കമ്പനിയായി പ്രവർത്തിക്കുന്ന ആൻഡെറോൺ, ക്വാണ്ടം കമ്പ്യൂട്ടിംഗിലും സെമികണ്ടക്ടർ മേഖലയിലുമുള്ള ഐബിഎമ്മിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി ലോകത്തിലെ ഭൂരിഭാഗം ക്വാണ്ടം വേഫറുകളും യുണൈറ്റഡ് സ്റ്റേറ്റ്സിൽ തന്നെ നിർമിക്കാൻ സഹായിക്കും.പുതിയ നാനോസ്റ്റാക്ക് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സബ്-1 നാനോമീറ്റർ ചിപ്പുകൾ അടുത്ത 5 വർഷത്തിനുള്ളിൽത്തന്നെ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ചു തുടങ്ങാൻ സാധിക്കുമെന്നാണ് ഐബിഎം പ്രതീക്ഷിക്കുന്നത്.
Tech
ബീജിംഗ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്ററുകൾക്കായി പുനരുപയോഗ ഊർജ്ജം വൻതോതിൽ പ്രയോജനപ്പെടുത്താനുള്ള ചൈനയുടെ ശ്രമങ്ങൾ കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. ഡാറ്റാ സെന്ററുകളുടെ ഉയർന്ന വൈദ്യുതി ആവശ്യകത കൃത്യമായി പ്രവചിക്കാനുള്ള ബുദ്ധിമുട്ടും, അധിക ബാധ്യത ഏറ്റെടുക്കാൻ ഗ്രിഡ് ഓപ്പറേറ്റർമാർ മടിക്കുന്നതുമാണ് പദ്ധതിക്ക് തടസ്സമാകുന്നത്.
എഐ അധിഷ്ഠിത ഡാറ്റാ സെന്ററുകൾക്ക് തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കുന്നത് ചൈന തന്ത്രപ്രധാനമായ മുൻഗണനയായിട്ടാണ് കാണുന്നത്. ഈ വർഷമാദ്യം പുറത്തിറക്കിയ ചൈനയുടെ 2026ലെ ഗവൺമെന്റ് വർക്ക് റിപ്പോർട്ടിൽ കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചറും പവർ സപ്ലൈ ശൃംഖലകളും തമ്മിലുള്ള ശക്തമായ സംയോജനം ഉറപ്പാക്കുമെന്ന് രാജ്യം പ്രഖ്യാപിച്ചിരുന്നു.
ഈ പദ്ധതിയുടെ ഭാഗമായി, അതിവേഗം വളരുന്ന ഡാറ്റാ സെന്റർ വ്യവസായത്തിലേക്ക് നേരിട്ട് ഹരിത വൈദ്യുതി എത്തിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. 2023ൽ ഈ മേഖലയിലെ ആകെ ഊർജ്ജ ഉപഭോഗത്തിന്റെ 11 ശതമാനം മാത്രമായിരുന്ന പുനരുപയോഗ ഊർജ്ജത്തിന്റെ പങ്ക്, 2030ഓടെ 80 ശതമാനമായി (നാലിൽ അഞ്ച് ഭാഗം) ഉയർത്താനാണ് ചൈന ലക്ഷ്യമിടുന്നത്.
ചൈനീസ് പവർ കമ്പനിയായ സ്റ്റേറ്റ് പവർ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷന്റെ ഡയറക്ടർ പെയ് ഷാൻപെങ് വ്യക്തമാക്കിയതനുസരിച്ച്, 2026നും 2030നും ഇടയിൽ ചൈനയിലെ ഡാറ്റാ സെന്ററുകളിൽ നിന്നുള്ള വൈദ്യുതി ആവശ്യകത 300 ബില്യൺ മുതൽ 500 ബില്യൺ കിലോവാട്ട് അവർ വരെ വർദ്ധിക്കും. ഇത് ഈ കാലയളവിലെ ആകെ വൈദ്യുതി ആവശ്യകതയുടെ 18 ശതമാനത്തോളം വരും. ഈ കണക്കിന്റെ ഏറ്റവും കുറഞ്ഞ പരിധി പോലും യുകെയുടെ മൊത്തം വാർഷിക വൈദ്യുതി ഉപഭോഗത്തിന് തുല്യമാണ് എന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
എന്നാൽ, പരമ്പരാഗത വ്യവസായങ്ങളായ അലുമിനിയം സ്മെൽറ്റിംഗ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ, ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ആവശ്യകതയിലെ വ്യതിയാനങ്ങൾ മുൻകൂട്ടി കാണാൻ പ്രയാസമാണ്. ഇത് ഹരിതോർജ്ജ ദാതാക്കൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
"ഡാറ്റാ സെന്ററുകൾക്ക് അവരുടെ വൈദ്യുതി ഉപഭോഗം എളുപ്പത്തിൽ ക്രമീകരിക്കാൻ കഴിയില്ല. ജിപിയു പോലുള്ള ഉപകരണങ്ങൾ വളരെ ചിലവേറിയതായതിനാൽ, വാങ്ങിക്കഴിഞ്ഞാൽ അവ പരമാവധി വേഗത്തിലും തീവ്രതയിലും ഉപയോഗിക്കാനാണ് ഓപ്പറേറ്റർമാർ താത്പ്പര്യപ്പെടുന്നത്," പെയ് ഷാൻപെങ് വ്യക്തമാക്കി. വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനേക്കാൾ ഉപരിയായി കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, ഡാറ്റാ സെന്ററുകളിലേക്ക് നേരിട്ടുള്ള ഹരിതോർജ്ജ ശൃംഖലകൾ സ്ഥാപിക്കുന്നത് ഗ്രിഡ് ഓപ്പറേറ്റർമാരുടെ ഭാഗത്തുനിന്നും കടുത്ത എതിർപ്പിന് കാരണമാകുന്നുണ്ട്. ഇത്തരം നെറ്റ്വർക്കുകൾ വരുന്നത് തങ്ങളുടെ വൈദ്യുതി വിപണിയെ ബാധിക്കുമെന്നും, അടിസ്ഥാന സൗകര്യ വികസനത്തിനായി നടത്തിയ വൻ നിക്ഷേപങ്ങൾ തിരിച്ചുപിടിക്കാൻ പ്രയാസമാകുമെന്ന ആശങ്കയിലാണ്.
എഐ ആവശ്യങ്ങൾക്കായി ഡാറ്റാ സെന്ററുകൾ അതിവേഗം സ്ഥാപിക്കുന്നത് ചൈനയിലെ പല ഭാഗങ്ങളിലും നിലവിൽ തന്നെ പവർ ഗ്രിഡുകൾക്ക് വലിയ ഭാരമായി മാറിയിട്ടുണ്ട്. ഡാറ്റാ സെന്ററുകളിലെ വൈദ്യുതി ഉപഭോഗത്തിന്റെ 15 ശതമാനമെങ്കിലും സമയബന്ധിതമായി ക്രമീകരിക്കാൻ കഴിഞ്ഞാൽ, അടുത്ത 3 മുതൽ 5 വർഷത്തിനുള്ളിൽ ഗ്രിഡുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് സ്റ്റേറ്റ് ഗ്രിഡ് ജിബെയ് ഇലക്ട്രിക് പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ വാങ് സെലിൻ അഭിപ്രായപ്പെട്ടു.
Tech
അമേരിക്കയിൽ ഫിഫ ലോകകപ്പ് ആവേശ കൊടുമുടി കയറുമ്പോൾ, മൈതാനത്തെ താരങ്ങൾക്കൊപ്പം തന്നെ പ്രഫഷണൽ കായികരംഗത്തിന്റെ ശ്രദ്ധ കവരുകയാണ് മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന ഔദ്യോഗിക പന്തായ ‘ട്രിയോണ്ട’ (Trionda). അഡിഡാസ് വികസിപ്പിച്ചെടുത്ത ഈ പന്ത് കായിക എൻജിനീയറിംഗിലെ ഒരു പുതിയ നാഴികക്കല്ലാണ്. കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങളുടെ കൂട്ടായ്മയെ പ്രകീർത്തിക്കുന്ന രൂപകൽപ്പനയും റഫറിമാരെ സഹായിക്കുന്ന അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും ചേർന്നതാണ് ട്രിയോണ്ട. ‘മൂന്ന് തരംഗങ്ങൾ’ എന്നർഥം വരുന്ന സ്പാനിഷ് വാക്കിൽ നിന്നാണ് പന്തിന് ഈ പേര് നൽകിയിരിക്കുന്നത്.
മുൻകാല ലോകകപ്പുകളിൽ സെൻസറുകൾ പന്തിന്റെ കൃത്യം മധ്യഭാഗത്താണ് ഉറപ്പിച്ചിരുന്നതെങ്കിൽ, ട്രിയോണ്ടയിൽ അഡിഡാസ് ഒരു വശത്തായി ഘടിപ്പിക്കുന്ന ‘സൈഡ്-മൗണ്ടഡ് ചിപ്പ് സിസ്റ്റം’ ആണ് അവതരിപ്പിച്ചിരിക്കുന്നത്. പന്തിന്റെ നാല് പ്രധാന പാനലുകളിൽ ഒന്നിൽ ഘടിപ്പിച്ചിരിക്കുന്ന ഈ ട്രാക്കിംഗ് സെൻസർ പന്തിന്റെ സ്വാഭാവിക ചലനത്തെ ബാധിക്കാതിരിക്കാൻ, ബാക്കിയുള്ള മൂന്ന് പാനലുകളിലും പ്രത്യേക കൗണ്ടർ-ബാലൻസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി പന്ത് കിക്ക് ചെയ്യുമ്പോഴും പാസ് ചെയ്യുമ്പോഴും കൃത്യമായ ഫ്ലൈറ്റ് സ്റ്റെബിലിറ്റി ഉറപ്പാക്കുന്നു. ഉള്ളിൽ ഇലക്ട്രോണിക് ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ, ഓരോ മത്സരത്തിന് മുൻപും ഈ പന്തുകൾ ഇൻഡക്ഷൻ ചാർജിംഗ് വഴി ചാർജ് ചെയ്യേണ്ടതുണ്ട്.
ടെക്നോളജി കമ്പനിയായ ‘കിനെക്സോണുമായി’ ചേർന്ന് വികസിപ്പിച്ച 500Hz IMU മോഷൻ സെൻസർ ചിപ്പാണ് ട്രിയോണ്ടയുടെ പ്രധാന കരുത്ത്. സെക്കൻഡിൽ 500 തവണ പന്തിന്റെ ചലനങ്ങൾ രേഖപ്പെടുത്തുന്ന ഈ സെൻസർ വേഗത, സ്പിൻ, ദിശ എന്നിവ തത്സമയം വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റത്തിലേക്ക് കൈമാറുന്നു. പ്ലെയർ ട്രാക്കിംഗ് ക്യാമറകളുമായി ചേർന്ന് പ്രവർത്തിക്കുന്ന എഐ സംവിധാനം, പന്ത് കൃത്യമായി ഏത് മില്ലിസെക്കൻഡിലാണ് കിക്ക് ചെയ്തതെന്ന് കണ്ടെത്തുകയും ഓഫ്സൈഡ് തീരുമാനങ്ങൾ വളരെ വേഗത്തിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, പന്തിൽ എപ്പോഴാണ് സ്പർശനം ഉണ്ടായതെന്ന് കൃത്യമായി തിരിച്ചറിയുന്ന ‘ടച്ച് റെക്കഗ്നിഷൻ’ സംവിധാനം വഴി ഹാൻഡ്ബോൾ വിവാദങ്ങൾ പരിഹരിക്കാനും പന്ത് ലൈനിന് പുറത്തുപോകുന്നതിന് തൊട്ടുമുമ്പ് അവസാനമായി ആരാണ് തൊട്ടതെന്ന് കണ്ടെത്താനും റഫറിമാർക്ക് സാധിക്കും.
സാങ്കേതികവിദ്യയ്ക്കൊപ്പം പന്തിന്റെ ബാഹ്യ രൂപകൽപ്പനയിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നാല് പാനലുകൾ മാത്രം ഉപയോഗിച്ച് തെർമൽ ബോണ്ടിംഗ് സാങ്കേതികവിദ്യയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. തുന്നലുകളില്ലാത്ത ഈ ഘടന മഴയത്തും ഈർപ്പമുള്ള സാഹചര്യങ്ങളിലും പന്ത് വെള്ളം ആഗിരണം ചെയ്യുന്നത് തടയുന്നു. പന്തിന്റെ ആഴത്തിലുള്ള സീമുകൾ വായുവിലൂടെയുള്ള ഇതിന്റെ സുഗമമായ പറക്കലിനെ സഹായിക്കുമ്പോൾ, ഉപരിതലത്തിലെ പ്രത്യേക എംബോസ്ഡ് ഐക്കണുകൾ കളിക്കാർക്ക് മികച്ച ഗ്രിപ്പ് നൽകുന്നു. വായു മർദ്ദം കൃത്യമായി നിലനിർത്താൻ ബ്യൂട്ടൈൽ ബ്ലാഡർ ഉപയോഗിച്ചുള്ള പോളിയുറീൻ സ്കിൻ ആണ് പന്തിന് നൽകിയിരിക്കുന്നത്. ചുരുക്കത്തിൽ, കേവലമൊരു കളി എന്നതിനപ്പുറം ഫുട്ബോളിനെ കൃത്യതയാർന്ന ഡാറ്റാ വിപ്ലവത്തിലേക്ക് നയിക്കുകയാണ് ട്രിയോണ്ട എന്ന ഈ സ്മാർട്ട് പന്ത്.
Tech
ആഗോളതലത്തിൽ മെമ്മറി, സ്റ്റോറേജ് ചിപ്പുകൾക്ക് നേരിടുന്ന കടുത്ത ക്ഷാമം കാരണം ഉത്പാദനചെലവ് വർധിക്കുന്നതിനാൽ ഐഫോൺ, ഐപാഡ്, മാക്ബുക്ക് എന്നിവയുടെ അടുത്ത പതിപ്പുകൾക്ക് വില കൂടിയേക്കും. ചിപ്പുകളുടെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലിരട്ടിയോളം വർധിച്ചതായും, ഇതുവരെ കമ്പനി ഈ അധികചെലവ് സ്വയം വഹിക്കുകയായിരുന്നുവെന്നും എന്നാൽ നിലവിലെ സാഹചര്യം ഒട്ടും സുസ്ഥിരമല്ലെന്നും ആപ്പിൾ സിഇഒ ടിം കുക്ക് വ്യക്തമാക്കി.
ഏതൊക്കെ ഉത്പ്പന്നങ്ങളെയാണ് ഇത് ബാധിക്കുകയെന്നോ എപ്പോഴാണ് വില വർദ്ധനവ് ഉണ്ടാകുകയെന്നോ അദ്ദേഹം കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും, വരാനിരിക്കുന്ന സാമ്പത്തിക പാദത്തെ ഇത് ബാധിച്ചേക്കാമെന്ന് അദ്ദേഹം സൂചന നൽകി. പ്രത്യേകിച്ചും മാക് മിനി, മാക് സ്റ്റുഡിയോ എന്നിവ വിപണിയിൽ ആവശ്യത്തിനനുസരിച്ച് എത്തിക്കാൻ മാസങ്ങളെടുത്തേക്കും. 2026 സെപ്റ്റംബറിൽ ടിം കുക്ക് പദവി ഒഴിഞ്ഞ ശേഷം ചുമതലയേൽക്കുന്ന പുതിയ സിഇഒ ജോൺ ടെർനസും സമാനമായ രീതിയിൽ വർദ്ധിച്ചുവരുന്ന ചെലവുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലുണ്ടായ വൻ കുതിച്ചുചാട്ടവും ഡാറ്റാ സെന്ററുകൾക്കായി കമ്പനികൾ വൻതോതിൽ മെമ്മറി ചിപ്പുകൾ വാങ്ങിക്കൂട്ടുന്നതുമാണ് 'റാംഗെദ്ദോൻ' (RAMageddon) എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിസന്ധിക്ക് കാരണം. ആപ്പിളിനെക്കൂടാതെ ഡെൽ പോലുള്ള മറ്റ് പ്രമുഖ ബ്രാൻഡുകളെയും ഇത് ബാധിച്ചിട്ടുണ്ട്. 2026 സെപ്റ്റംബറിൽ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 18 സീരീസിനെ ഈ വിലവർദ്ധനവ് നേരിട്ട് ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ടെക് ഇൻസൈറ്റ്സ് ഗവേഷകരുടെ കണക്കുകൂട്ടൽ പ്രകാരം, തങ്ങളുടെ ലാഭവിഹിതത്തിൽ കുറവുണ്ടാകാതിരിക്കാൻ അടുത്ത ഐഫോൺ പ്രോ മോഡലിന് ഏകദേശം 270 ഡോളർ വരെ (നിലവിലെ ഐഫോൺ 17 പ്രോയുടെ പ്രാരംഭ വില 1,099 ഡോളറാണ്) ആപ്പിളിന് വർധിപ്പിക്കേണ്ടി വന്നേക്കാം.
Tech
സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലേക്ക് പൂർണമായി മാറാനുള്ള മെറ്റയുടെ നീക്കം വൻ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഈ പരിവർത്തനത്തിന്റെ ഭാഗമായി കമ്പനിയിൽ വലിയ തോതിലുള്ള ജീവനക്കാരുടെ വെട്ടിക്കുറയ്ക്കലും പുനഃക്രമീകരണവുമാണ് നടക്കുന്നത്. ഈ പ്രക്രിയ സുഗമമായിരുന്നില്ലെന്നും നിരവധി പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും മെറ്റാ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് വ്യക്തമാക്കി.
കടുത്ത മത്സരമുള്ള എഐ മേഖലയിൽ മുൻപന്തിയിലെത്താനുള്ള മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനയാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി എഐ വിഭാഗത്തിന് മുൻഗണന നൽകിക്കൊണ്ട് മെറ്റ തങ്ങളുടെ ജീവനക്കാരുടെ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തിവരികയായിരുന്നു. മേയ് മാസത്തിൽ കമ്പനിയുടെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം (ഏകദേശം 8,000 പേരെ) മെറ്റ പിരിച്ചുവിട്ടു. മാർച്ചിലെ കണക്കനുസരിച്ച് 78,000 ജീവനക്കാരായിരുന്നു കമ്പനിയിലുണ്ടായിരുന്നത്.
പിരിച്ചുവിടലിനൊപ്പം തന്നെ ഏഴായിരത്തോളം ജീവനക്കാരെ എഐ സംബന്ധമായ പുതിയ ടീമുകളിലേക്ക് മാറ്റി നിയമിക്കുകയും ചെയ്തു. നിലവിലെ പുനഃസംഘടനകൾ വിലയിരുത്തുമ്പോൾ മെറ്റയിലെ അഞ്ചിൽ ഒരാളെ വീതം ഈ മാറ്റങ്ങൾ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എഐ അടിസ്ഥാന സൗകര്യങ്ങൾക്കും, പ്രതിഭകളെ കണ്ടെത്തുന്നതിനും, പുതിയ ഉത്പന്നങ്ങൾക്കുമായി കമ്പനി കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. കൂടാതെ, മനുഷ്യർ ചെയ്തിരുന്ന പല ജോലികളും എഐ ഏജന്റുകളെ ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാൽ, ഈ മാറ്റങ്ങൾ വിചാരിച്ചത്ര എളുപ്പമായിരുന്നില്ലെന്ന് സക്കർബർഗ് വ്യക്തമാക്കുന്നു.
"ഈ മാറ്റങ്ങളുടെ സങ്കീർണത കണക്കിലെടുക്കുമ്പോൾ, ഞങ്ങൾക്ക് ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, ഇനിയും തെറ്റുകൾ ഉണ്ടായേക്കാം," സക്കർബർഗ് മെമ്മോയിൽ കുറിച്ചു.
കൂടുതൽ ജോലിനഷ്ടം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ എന്നാൽ ഈ വർഷം ഇനി കമ്പനിയിലുടനീളം ഒരു പിരിച്ചുവിടൽ പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞ് സക്കർബർഗ് ജീവനക്കാർക്ക് ഉറപ്പ് നൽകി. എങ്കിലും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി പൂർണമായ ഒരു ഗ്യാരണ്ടി നൽകാൻ അദ്ദേഹം തയ്യാറായിട്ടില്ല. എഐ പരിശീലനത്തിലേക്കും വികസനത്തിലേക്കും മാറ്റപ്പെട്ട ജീവനക്കാർക്ക്, കമ്പനിയുടെ മുൻഗണനകൾ മാറുന്നതിനനുസരിച്ച് ഭാവിയിൽ മറ്റ് വിഭാഗങ്ങളിലേക്ക് മാറാൻ അവസരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ചരിത്രത്തിൽ യുക്രൈൻ എന്നും ഒരു പോരാട്ടഭൂമിയായിരുന്നു. ഒരു ഭാഗത്ത് റഷ്യ, മറുഭാഗത്ത് യൂറോപ്പ്. അങ്ങനെ ഇരു ശക്തികൾക്കും ഇടയിൽ നൂറ്റാണ്ടുകളായി ഞെരിഞ്ഞമർന്ന ഒരു രാജ്യം. ഒടുവിൽ 1991ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ യുക്രൈൻ സ്വതന്ത്ര രാജ്യമായി മാറി. എന്നാൽ, ആ സ്വാതന്ത്ര്യം അധികകാലം ശാന്തമായിരുന്നില്ല. 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തു. പിന്നീട് 2022 ഫെബ്രുവരിയിൽ, ലോകം ഉറക്കത്തിലായിരിക്കെ, റഷ്യൻ സൈന്യം യുക്രൈനിന്റെ അതിർത്തി കടന്നു. ആ യുദ്ധങ്ങൾ ഇന്നും തുടരുന്നു.
യുദ്ധം തുടങ്ങിയ നാളുകളിൽ യുക്രൈനിന്റെ കൈവശം ഉണ്ടായിരുന്നത് ഒരു ചെറിയ സൈന്യവും പഴകിയ ആയുധങ്ങളും മാത്രമായിരുന്നു. റഷ്യൻ ടാങ്കുകളെ നേരിടാൻ ആർട്ടിലറി ഷെൽ പോലും തികഞ്ഞിരുന്നില്ല. ഈ ആവിശ്യത്തിൽനിന്നാണ്, ആധുനിക യുദ്ധചരിത്രത്തെതന്നെ മാറ്റിമറിക്കാൻ പ്രാപ്തിയുള്ള ആ തീരുമാനം ജനിച്ചത്.
ഡ്രോൺ ഹീറോ
രണ്ടാം ലോകമഹായുദ്ധകാലം മുതൽ സൈനിക ആവശ്യങ്ങൾക്കായി പരീക്ഷിക്കപ്പെട്ടിരുന്ന, പിന്നീട് ദശകങ്ങളോളം ഗവേഷണ ലാബുകളുടെ മൂലയിൽ ഒതുങ്ങിപ്പോയ, ഒടുവിൽ സാധാരണക്കാരുടെ വിനോദോപകരണമായി മാറിയ ആ ചെറിയ യന്ത്രം ഇന്നു ഉക്രെയ്ൻ യുദ്ധഭൂമിയിലെ ഏറ്റവും നിർണായക സാന്നിധ്യമാണ് - ഡ്രോൺ.
2022ൽ യുദ്ധം തുടങ്ങിയതോടെ യുക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കി ഒരു കാര്യം തിരിച്ചറിഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങൾ ആയുധവും പണവും നൽകും, പക്ഷേ സൈനികരെ അയയ്ക്കില്ല. അതിനാൽ റഷ്യയുടെ വൻ സൈനിക മേധാവിത്വത്തിനെതിരെ ഉക്രെയ്നു സ്വന്തം വഴി കണ്ടെത്തണം. യുദ്ധം ജയിക്കണമെങ്കിൽ ആകാശം കീഴടക്കണം എന്ന അഭിപ്രായമുള്ള സെലൻസ്കി ഒരു തീരുമാനം എടുത്തു. ഡ്രോൺ ഉത്പാദനം ഒരു ദേശീയ അജൻഡയാക്കി മാറ്റുക.
ഡ്രോൺ തന്ത്രം
എന്നാൽ, യുക്രൈനും ഡ്രോണും തമ്മിലുള്ള ബന്ധം 2022ൽ തുടങ്ങിയതല്ല. 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തപ്പോൾ തന്നെ യുക്രൈൻ ഡ്രോൺ സാധ്യതകളെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയിരുന്നു. Ukrspecsystems, Deviro തുടങ്ങിയ കമ്പനികൾ ആ കാലത്തു ചെറിയ തോതിൽ നിരീക്ഷണ ഡ്രോണുകൾ നിർമിക്കുന്നുണ്ടായിരുന്നു. പക്ഷേ അന്ന് അത് ഒരു വ്യവസായമായിരുന്നില്ല, ഒരു ചെറിയ തുടക്കം മാത്രമായിരുന്നു. 2022 വരെ ആ തുടക്കം ആരും ഗൗരവമായി എടുത്തിരുന്നില്ല.
2022 ഫെബ്രുവരിക്കു ശേഷം ആ ചിത്രം പൂർണമായും മാറി. ആദ്യ നാളുകളിൽ യുദ്ധക്കളത്തിൽ യുക്രൈൻ ഉപയോഗിച്ചത് തുർക്കിയിൽനിന്നു വാങ്ങിയ Bayraktar TB2 ഡ്രോണുകളായിരുന്നു. ആകാശത്തുനിന്നു റഷ്യൻ ടാങ്കുകളെ കൃത്യതയോടെ തകർക്കുന്ന ആ ദൃശ്യങ്ങൾ ലോകം അമ്പരപ്പോടെ കണ്ടു.
സ്വന്തം ഡ്രോൺ
എന്നാൽ, വാങ്ങിയ ഡ്രോൺകൊണ്ട് ഒരു യുദ്ധം ജയിക്കാനാകില്ല എന്നു മുൻകൂട്ടി കണ്ട യുക്രെയ്ൻ , സ്വന്തം ഡ്രോൺ ഉണ്ടാക്കണമെന്ന ഒരൊറ്റ ലക്ഷ്യത്തിലേക്കു തിരിഞ്ഞു. തുടർന്ന് യുക്രെയ്ൻ സർക്കാർ ഒരു അസാധാരണ നീക്കമാണ് നടത്തിയത്. വലിയ പ്രതിരോധ കമ്പനികൾക്കു മാത്രം ആയുധ നിർമാണം വിട്ടുകൊടുക്കാതെ ചെറുകിട ടെക് സ്റ്റാർട്ടപ്പുകളെയും സർവകലാശാലകളെയും സാധാരണ എൻജിനീയർമാരെയും യുദ്ധത്തിന്റെ ഭാഗമാക്കി. ഗാരേജുകളിലും ചെറിയ വർക്ക്ഷോപ്പുകളിലും പോലും ഡ്രോണുകൾ നിർമിക്കപ്പെട്ടു. വീഡിയോ ഗെയിം കളിച്ചുകൊണ്ട് വളർന്ന ഒരു തലമുറ യഥാർഥ യുദ്ധഭൂമിക്കായി ഡ്രോണുകൾ നിയന്ത്രിക്കാൻ തുടങ്ങി.
ഡ്രോൺ വാഴ്ച
ആ സമയത്താണ് യുക്രൈൻ വിവിധ തരത്തിലുള്ള ഡ്രോണുകളെ യുദ്ധത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. തുടക്കത്തിൽ തുർക്കിയിൽനിന്നു വാങ്ങിയ Bayraktar TB2 ഡ്രോണുകളാണ് റഷ്യൻ ടാങ്കുകൾക്കും സൈനിക വാഹനങ്ങൾക്കും നേരെ കൃത്യമായ ആക്രമണങ്ങൾ നടത്തിയത്. എന്നാൽ, വളരെ വേഗംതന്നെ യുക്രൈൻ ചെലവ് കുറഞ്ഞ ഫസ്റ്റ് പെഴ്സൺ വ്യൂ ഡ്രോണുകളിലേക്കു തിരിഞ്ഞു.
സാധാരണ റേസിംഗ് മത്സരങ്ങൾക്കായി ഉപയോഗിച്ചിരുന്ന ചെറിയ FPV ഡ്രോണുകളിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച് അവയെ പറക്കുന്ന മിസൈലുകളാക്കി മാറ്റി. അതോടൊപ്പം Shark, Leleka, Fury പോലുള്ള നിരീക്ഷണ ഡ്രോണുകൾ റഷ്യൻ സൈനിക നീക്കങ്ങൾ കണ്ടെത്താൻ ഉപയോഗിച്ചു. പിന്നീട് ദൂരപരിധിയേറിയ ബീവർ ഡ്രോണുകളും സമുദ്ര ഡ്രോണുകളും യുദ്ധത്തിന്റെ ഭാഗമായതോടെ റഷ്യയുടെ അതിർത്തിക്കുള്ളിലും കരിങ്കടലിലും വരെ യുക്രൈൻ ആക്രമണശേഷി വ്യാപിച്ചു.
ഈ മുന്നേറ്റത്തിന് പിന്നിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നാണ് മിഖായ്ലോ ഫെദോറോവ്. യുക്രൈനിന്റെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മന്ത്രിയായ ഫെദോറോവ് യുദ്ധകാലത്ത് “ആർമി ഓഫ് ഡ്രോൺസ്” എന്ന പദ്ധതിക്കു നേതൃത്വം നൽകി. എന്നാൽ, അത് വെറും ഒരു സർക്കാർ പദ്ധതി മാത്രമായിരുന്നില്ല. ഒരു രാജ്യം മുഴുവൻ സാങ്കേതിക യുദ്ധത്തിലേക്ക് മാറിയതിന്റെ പ്രതീകമായിരുന്നു അത്.
ലോകമെമ്പാടുമുള്ള സംഭാവനകൾ ശേഖരിച്ച് ഡ്രോണുകൾ വാങ്ങുകയും അതിനൊപ്പം ആഭ്യന്തര നിർമാണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയും യുദ്ധത്തിന്റെ ഭാഗമാക്കിയായിരുന്നു ഫെദോറോവിന്റെ പ്രവർത്തനം. സാധാരണ ജനങ്ങളിൽനിന്നു തുടങ്ങി വിദേശ വ്യവസായികളിലേക്കും ടെക് സമൂഹങ്ങളിലേക്കും വരെ സഹായ അഭ്യർഥന എത്തി. ആയിരക്കണക്കിനു ചെറിയ ഡ്രോണുകളും കാമറകളും കമ്യൂണിക്കേഷൻ സംവിധാനങ്ങളും അങ്ങനെ യുക്രൈനിലേക്ക് എത്തി.
പരിശീലനകേന്ദ്രങ്ങൾ
അതേസമയം, സർക്കാർ മറ്റൊരു വലിയ കാര്യം കൂടി മനസിലാക്കിയിരുന്നു. വെറും ഡ്രോൺ വാങ്ങിയാൽ മാത്രം യുദ്ധം ജയിക്കാനാകില്ല. അതിനെ നിയന്ത്രിക്കാൻ ആളുകളെയും വേണം. അങ്ങനെ രാജ്യത്തുടനീളം ഡ്രോൺ ഓപ്പറേറ്റർമാർക്കായി പ്രത്യേക പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. ഏതാനും ആഴ്ചകളുടെ പരിശീലനംകൊണ്ട് തന്നെ ഒരു സാധാരണ യുവാവിനെ ഡ്രോൺ പൈലറ്റാക്കി മാറ്റാനാകുമെന്ന് യുക്രെയ്ൻ തിരിച്ചറിഞ്ഞു. വീഡിയോ ഗെയിമുകളിലും സിമുലേഷൻ സാങ്കേതിക വിദ്യകളിലും പരിചയമുള്ള യുവാക്കൾ അതിവേഗം ഈ രംഗത്തേക്ക് എത്തി. ഒരു സാധാരണ സൈനികനെ പരിശീലിപ്പിക്കാൻ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരുമ്പോൾ, ഒരു FPV ഡ്രോൺ പൈലറ്റിനെ വളരെ വേഗത്തിൽ യുദ്ധസജ്ജനാക്കാൻ സാധിച്ചു.
യുദ്ധതന്ത്രം മാറിമറിച്ചു
ഈ മാറ്റം യുദ്ധഭൂമിയിലെ തന്ത്രങ്ങളെയും പൂർണമായി മാറ്റിമറിച്ചു. മുമ്പു വലിയ സൈനിക യൂണിറ്റുകൾക്കു മാത്രം ലഭ്യമായിരുന്ന നിരീക്ഷണ ശേഷി ഇപ്പോൾ ചെറിയ സംഘങ്ങൾക്കു പോലും ലഭിച്ചു. മുന്നണിയിൽ ഒളിച്ചിരുന്ന ഒരു ചെറിയ സംഘം പോലും ആകാശത്തു പറക്കുന്ന ഡ്രോണിലൂടെ കിലോമീറ്ററുകൾ അകലെയുള്ള റഷ്യൻ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി. ഒരു ബങ്കറിനുള്ളിൽ ഇരുന്ന സൈനികൻ സ്ക്രീനിലൂടെ യുദ്ധഭൂമി കാണുകയും ഏതാനും സെക്കൻഡുകൾക്കുള്ളിൽ ആക്രമണം നടത്തുകയും ചെയ്യുന്ന പുതിയ യുദ്ധരീതികൾ രൂപപ്പെട്ടു.
പ്രതിരോധം ശക്തം
ഡ്രോൺ നിർമിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഡ്രോണിനെ തടയാനുള്ള സാങ്കേതിക വിദ്യയും. കാരണം യുദ്ധം നീണ്ടുനിന്നതോടെ റഷ്യയും ഷഹീദ് കമികാസി ഡ്രോണുകൾ ഉൾപ്പെടെയുള്ള ഡ്രോൺ ആക്രമണങ്ങൾ അതിവേഗത്തിൽ ശക്തമാക്കുകയായിരുന്നു. ഇതോടെയാണ് യുക്രൈൻ ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, സിഗ്നൽ ജാമറുകൾ, ആന്റി ഡ്രോൺ ഗണുകൾ, റഡാർ സാങ്കേതിക വിദ്യകൾ, ഡ്രോൺ ട്രാക്കിംഗ് സോഫ്റ്റ്വെയറുകൾ എന്നിവയുടെ വികസനത്തിലേക്കു ശക്തമായി തിരിഞ്ഞത്.
റഷ്യൻ ഡ്രോണുകളുടെ സിഗ്നലുകൾ തടസപ്പെടുത്താനും ജിപിഎസ് സംവിധാനങ്ങളെ കുഴക്കാനും ഡ്രോണുകളെ വഴിതെറ്റിക്കാനും കഴിയുന്ന സംവിധാനങ്ങൾ അവർ വികസിപ്പിച്ചു. ചില മേഖലകളിൽ ആർട്ടിഫിഷൽ ഇന്റലിജൻസും ഉപയോഗിച്ചു തുടങ്ങി. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ആകാശത്തു പറക്കുന്ന ഒരു ചെറിയ ഡ്രോണിനെ തിരിച്ചറിഞ്ഞ് അതിന്റെ ദിശ കണ്ടെത്തി ആക്രമണം നടത്താൻ കഴിയുന്ന സംവിധാനങ്ങൾ വരെ യുദ്ധഭൂമിയിൽ എത്തി.
അമേരിക്ക പോലും പഠിക്കുന്നു
ഇന്ന് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ യുക്രൈൻ യുദ്ധഭൂമി അനുഭവങ്ങളിൽനിന്ന് പഠിക്കുകയാണ്. ചില റിപ്പോർട്ടുകൾ പ്രകാരം അമേരിക്കൻ പ്രതിരോധ സ്ഥാപനങ്ങൾ പോലും യുക്രെയ്ൻ വികസിപ്പിച്ച ഡ്രോൺ സാങ്കേതിക വിദ്യകളും ഡ്രോൺ പ്രതിരോധ സംവിധാനങ്ങളും പഠനത്തിനും സഹകരണത്തിനുമായി പരിഗണിക്കുന്നുണ്ട്.
ഒരു കാലത്ത് ആയുധങ്ങൾക്കായി പാശ്ചാത്യ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഒരു രാജ്യം ഇന്ന് ആ രാജ്യങ്ങളെത്തന്നെ പുതിയ യുദ്ധപാഠങ്ങൾ പഠിപ്പിക്കുന്ന സ്ഥിതിയിലേക്കു മാറിയിരിക്കുന്നത്. യുദ്ധത്തിന്റെ ചാരത്തിൽനിന്ന് ഉയർന്ന ആ ഡ്രോൺ വിപ്ലവം ഇനി യുക്രൈനിന്റെ മാത്രം കഥയല്ല. ഭാവിയിലെ എല്ലാ യുദ്ധങ്ങളുടെയും മുഖം എങ്ങനെയായിരിക്കുമെന്ന് ലോകത്തോടു പറയുന്ന മുന്നറിയിപ്പാണ്.
Business
രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ പേയ്മെന്റ് മേഖല സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള പണമടയ്ക്കല്‍ രീതികളെ ലളിതമാക്കുകയാണ്. ഡിജിറ്റല്‍ സൗകര്യങ്ങള്‍ കൂടുതലായി വികസിക്കുമ്പോള്‍ പൗരന്മാര് ഏതാനും ഓണ്‍ലൈന്‍ യൂട്ടിലിറ്റികള്‍ക്ക് പകരം ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനത്തിലുള്ള സേവനങ്ങളുടെ വിപുലമായ ശ്രേണി ഉപയോഗിക്കുന്നു.
പതിറ്റാണ്ടുകളായി, സര്‍ക്കാര്‍ കുടിശ്ശികകള്‍ അടയ്ക്കുന്നതിന് പലപ്പോഴും പേപ്പര്‍വര്‍ക്കുകള്‍, ക്യൂവുകള്‍, ആവര്‍ത്തിച്ചുള്ള ഓര്മപ്പെടുത്തലുകള് എന്നിവ ആവശ്യമായിരുന്നു. എന്നാല്‍, ഇന്ന് ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇത്തരം പേയ്മെന്റുകൾ മിനിറ്റുകൾക്കുള്ളിൽ ചെയ്തുതീർക്കാൻ സാധിക്കും. പലപ്പോഴും പരിചിതമായ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകൾ വഴി. ഈ പരിവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദു ഭാരത് കണക്റ്റ് ആണ്.
ഇത് വിവിധ സര്‍ക്കാര്‍, യൂട്ടിലിറ്റി സേവനങ്ങള്‍ക്കായി പരസ്പരം പ്രവര്‍ത്തിക്കാവുന്ന പേയ്മെന്റുകൾ സാധ്യമാക്കുന്നു. പ്ലാറ്റ്ഫോമിന്റെ ഏകീകൃത ചട്ടക്കൂട് പൗരന്മാര്ക്കും സര്‍ക്കാരിനും ഇടയിലുള്ള ഇടപാടുകള്‍ എളുപ്പത്തിലും വേഗത്തിലുമാക്കുന്നു കൂടുതല്‍ വിശ്വസനീയവും.
രാജ്യത്തുടനീളം വൈദ്യുതി ബില്ലുകള്‍, മുനിസിപ്പല്‍, ജല നികുതികള്‍, ഫാസ്റ്റ് ടാഗ് റീചാര്‍ജുകള്‍, ഇ ചലാനുകള്‍, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, നാഷണല്‍ പെന്ഷന് സ്കീം (എന്‍പിഎസ്) സംഭാവനകള്‍ എന്നിവ അടയ്ക്കാന്‍ പൗരന്മാര് ഭാരത് കണക്റ്റ് പ്രാപ്തമാക്കിയ ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നു. ഈ മാറ്റം ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ഉപഭോക്തൃസര്ക്കാര് (സി2ജി) ഡിജിറ്റല്‍ വിജയഗാഥകളില്‍ ഒന്നാണ്.
ഇന്ന്, ഭാരത് കണക്റ്റിന്റെ നെറ്റ്വര്ക്കില് 29ലധികം വിഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 22,000ത്തിലധികം ബില്ലര്‍മാര്‍ ഉള്‍പ്പെടുന്നു, കൂടാതെ 700ലധികം ആപ്പുകള്‍ വഴി ഇവ ആക്സസ് ചെയ്യാവുന്നതാണ്. ഈ മുന്നേറ്റം ഇതിനെ ഇന്ത്യയിലെ ഏറ്റവും വിപുലമായ ഇന്ററോപ്പറബിള്‍ പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചറുകളില്‍ ഒന്നാക്കി മാറ്റിയിരിക്കുന്നു.
എന്‍പിസിഐ ഭാരത് ബില്‍പേ ലിമിറ്റഡിന്റെ (എന്‍ബിബിഎല്‍) എംഡിയും സിഇഒയുമായ നൂപൂര്‍ ചതുര്‍വേദിയുടെ അഭിപ്രായത്തില്‍, ഈ മാറ്റം വേഗതയെ മാത്രമല്ല, വിശ്വാസത്തെയും ശീലത്തെയും വളര്‍ത്തുന്നു. 'ഡിജിറ്റല്‍ പേയ്മെന്റുകൾ പൗരന്മാര് സര്‍ക്കാര്‍ സേവനങ്ങളുമായി ഇടപഴകുന്ന രീതിയെ അടിസ്ഥാനപരമായി മാറ്റിയതായി അവര്‍ പറയുന്നു.
'ഒരു ഏകീകൃത പേയ്മെന്റ് ചട്ടക്കൂട് പൗരന്മാര്ക്ക് സേവനങ്ങളിലുടനീളം ഒരേ നിലവാരത്തിലുള്ള ഉറപ്പും സുതാര്യതയും അനുഭവിക്കാന്‍ സഹായിക്കുന്നു. ഇത് വലിയ തോതിലുള്ള അഡോപ്ഷന്‍ നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണെന്ന് നുപൂർ ചതുര്‍വേദി പറഞ്ഞു. സ്ഥിരതയും ലാളിത്യവും വഴിയാണ് വിശ്വാസം കെട്ടിപ്പടുക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ അതിന്റെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ ശക്തമാക്കുന്നു, പൗരന്മാരും ഗവണ്മെന്റും തമ്മിലുള്ള ഇടപാടുകള്‍ ലളിതമാക്കുന്നതില്‍ ഭാരത് കണക്റ്റ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ന്, ഒരു സര്‍ക്കാര്‍ ബില്‍ അടയ്ക്കുന്നതിന് ഒരു ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതോ ഓണ്‍ലൈനായി പലചരക്ക് സാധനങ്ങള്‍ക്ക് പണം നല്കുന്നതോ പോലെ ഒരു വ്യത്യാസവുമില്ല. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വളരുമ്പോള്‍ സര്‍ക്കാര്‍ സംബന്ധമായ ഇടപാടുകള്‍ തീര്‍ക്കുന്നത് ദിനചര്യയുടെ ഒരു ചെറിയ ഇടവേളയില്‍ സംഭവിക്കാം. അത് ഒരു ചായ തയ്യാറാകുന്നതിന് മുമ്പ് തന്നെ പരിഹരിക്കപ്പെടുന്നത്ര ലളിതമായി മാറുന്നു.
Tech
ആൻഡ്രോയിഡ് ഉപയോക്താക്കൾ വർഷങ്ങളായി കാത്തിരുന്ന ഒരു പ്രധാന മാറ്റവുമായി വാട്സ്ആപ്. ദൈനംദിന ചാറ്റിംഗ് കൂടുതൽ ലളിതവും വേഗതയേറിയതുമാക്കാൻ ലക്ഷ്യമിട്ട്, മെസ്സേജുകളിൽ ലോംഗ് പ്രസ്സ് ചെയ്യുമ്പോൾ വരുന്ന ആക്ഷൻ മെനു പൂർണ്ണമായും പരിഷ്കരിക്കുകയാണ്.
നിലവിൽ പരിമിതമായ ബീറ്റാ ഉപയോക്താക്കൾക്കായി ലഭ്യമാക്കിത്തുടങ്ങിയ ഈ പുത്തൻ ഡിസൈൻ, തെരഞ്ഞെടുത്ത മെസ്സേജിന് തൊട്ടടുത്ത് തന്നെ ഒരു 'കോൺടെക്സ്റ്റുവൽ മെനു' ആയിട്ടായിരിക്കും ദൃശ്യമാവുക. ഇതിലൂടെ ഐഫോൺ ഉപയോക്താക്കൾക്ക് നിലവിൽ ലഭിക്കുന്നതിന് സമാനമായ അനുഭവം ആൻഡ്രോയിഡിലും കൊണ്ടുവരാനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നത്. 2023ൽ തന്നെ ഇതിന്റെ പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നെങ്കിലും, നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇത് പൊതുജനങ്ങളിലേക്ക് എത്തുന്നത്.
ഒരു മെസ്സേജ് ഫോർവേഡ് ചെയ്യാനോ, എഡിറ്റ് ചെയ്യാനോ, അല്ലെങ്കിൽ മറ്റ് കാര്യങ്ങൾക്കോ സ്ക്രീനിന്റെ മുകളിലുള്ള ടൂൾബാറിനെയും 'ത്രീഡോട്ട്' മെനുവിനെയുമാണ് ആശ്രയിച്ചിരുന്നത്. ഇത് പലപ്പോഴും ഉപയോക്താക്കളുടെ ശ്രദ്ധ സ്ക്രീനിന്റെ പല ഭാഗങ്ങളിലേക്ക് മാറ്റേണ്ടി വരുന്നതിന് കാരണമാകുന്നു. എന്നാൽ പുതിയ മാറ്റത്തോടെ ഇതിന് പരിഹാരമാകും. വാബീറ്റാഇൻഫോ റിപ്പോർട്ട് പ്രകാരം, വാട്സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റാ വേർഷൻ 2.26.23.8ലാണ് ഈ പുതിയ മെനു ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇനിമുതൽ മെസ്സേജിൽ തൊട്ടുപിടിക്കുമ്പോൾ അതിനടുത്ത് തന്നെ മെനു പ്രത്യക്ഷപ്പെടും.ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫീച്ചറുകൾ ഇതിൽ മുന്നിൽത്തന്നെ കാണാം. കുറച്ചുമാത്രം ഉപയോഗിക്കുന്ന മറ്റ് ഓപ്ഷനുകൾ മോർ, എന്ന പ്രത്യേക സെക്ഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് സ്ക്രീൻ കൂടുതൽ ഭംഗിയുള്ളതാക്കുന്നു.ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകൾ വ്യത്യസ്ത ഡിസൈൻ ശൈലികളാണ് പിന്തുടരുന്നതെങ്കിലും, ഇരുവിഭാഗം ഉപയോക്താക്കൾക്കും ഒരേപോലെയുള്ള ആപ്പ് അനുഭവം നൽകാനാണ് വാട്സ്ആപ്പ് ഇപ്പോൾ ശ്രമിക്കുന്നത്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഒരുപോലെ ഈ ഫീച്ചർ ലഭ്യമാകും.
നിലവിൽ ബീറ്റാ ഉപയോക്താക്കൾക്ക് മാത്രം ലഭ്യമായ ഈ ഫീച്ചർ, പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാകുന്നതോടെ വരും ആഴ്ചകളിൽ തന്നെ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കളിലേക്കും എത്തും. ഈ മാറ്റം വാട്സ്ആപ്പിനെ പൂർണ്ണമായി മാറ്റിമറിച്ചേക്കില്ലെങ്കിലും, കോടിക്കണക്കിന് ആളുകളുടെ നിത്യേനയുള്ള ചാറ്റിംഗ് കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റുമെന്നുറപ്പാണ്.
Auto
പൂക്കി സിഎമ്മിന്റെ വാഗ്ദാനങ്ങള്‍ കേട്ട് കിനാവ് കണ്ട പൂക്കികളെല്ലാം അല്പം ദുഃഖിതരാണെന്ന് സാമൂഹിക മാധ്യമങ്ങളിലെ വിലാപങ്ങൾ അടയാളപ്പെടുത്തുന്നു. വാഹനങ്ങളിൽ മോഡിഫിക്കേഷന് അനുവദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാക്കുകള്‍ ജെന്‍ സികള്‍ ഏറ്റെടുത്തിരുന്നു.
തീ തുപ്പുന്ന സൈലന്‍സറുകളും കണ്ണഞ്ചപ്പിക്കുന്ന ഹെഡ് ലൈറ്റുകളും അലോയ് വീലുകളും വച്ച് വാഹനങ്ങള്‍ മോഡിഫൈ ചെയ്യാനായി കാത്തിരുന്നവര്‍ക്ക് നിരാശ സമ്മാനിച്ചു കൊണ്ടാണ് മോട്ടോര്‍ വാഹന വകുപ്പ് യാതൊരു നിയമതടസവുമില്ലാതെ നടത്താവുന്ന 18 തരത്തിലുള്ള മോഡിഫിക്കേഷനുകളുടെ ശിപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിച്ചത്.
എന്നാല്‍ ഇതില്‍ പലതും കേരളത്തില്‍ നേരത്തെ തന്നെ അനുവദനീയമായവയാണെന്നാണ് ഒരു വിഭാഗം വാഹന പ്രേമികൾ ചൂണ്ടിക്കാട്ടുന്നത്. സ്ട്രക്ചറല്‍ ഓള്ട്ടേറഷന് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ എംവിഡിയുടെ നിര്‍ദേശങ്ങളില്‍ ഇല്ല.
മോഡിഫിക്കേഷന് പ്രേമികള്‍ കാത്തിരുന്ന ബോഡി മോഡിഫിക്കേഷനോ സൈലന്‍സറുകള്‍ക്കോ ടയറുകള്‍ക്കോ രൂപമാറ്റം വരുത്താമെന്ന ഒരു നിര്‍ദേശങ്ങളും ലിസ്റ്റില്‍ ഇല്ല.
ഓള്‍ട്ടറേഷന്‍ ഉള്‍പ്പെടുന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 52 പരാമര്‍ശിക്കാതെയുള്ള റിപ്പോര്‍ട്ടാണ് നിലവില്‍ മുഖ്യമന്ത്രിക്ക് എംവിഡി കൈമാറുന്നത്.
എംവിഡിയുടെ അനുമതിയില്ലാതെ വാഹനങ്ങളില്‍ വരുത്താവുന്ന മോഡിഫിക്കേഷന് ഇവയൊക്കെയാണ്:
* സീറ്റ് കവറുകള്‍, ഫ്ളോര്‍ മാറ്റുകള്‍, സ്റ്റിയറിംഗ് വീല്‍ കവറുകള്‍, ക്രോം ഗാര്‍ണിഷ്, ഡോര്‍ വൈസറുകള്‍, മഡ് ഫ്ളാപ്പുകള്.
* അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍ പതിക്കാം.
* വാഹനത്തിനുള്ളില്‍ ഇന്റീരിയര്‍ ആംബിയന്റ്സ് ലൈറ്റിംഗ് ഉപയോഗിക്കാം.
*ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം വയ്ക്കാം.
*കൂടുതല്‍ സ്പീക്കറുകള്‍ ഘടിപ്പിക്കാം.
*സുരക്ഷയ്ക്കായി ഡാഷ് കാമറ, റിവേഴ്സ് കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഘടിപ്പിക്കാം.
*ടൗ ഹൂക്കുകളും അനുവദനീയമാണ്.
*റൂഫ് കാരിയറുകള്‍ ഘടിപ്പിക്കാം.
* 50 ശതമാനം കാഴ്ച ലഭിക്കുന്ന സണ്‍ ഫിലിമുകളും ഒട്ടിക്കാം.
മുന്‍കൂര്‍ അനുമതി ആവശ്യമുള്ള മാറ്റങ്ങള്‍ ഇവയൊക്കെ:
* നിറം മാറ്റുന്നതിന് പണമടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടതാണ്.
* പുതിയ എഞ്ചിന് മാറ്റി വയ്ക്കുന്നതിന്.
* എല്‍പിജി/സിഎന്‍ജി തുടങ്ങിയ റെട്രോഫിറ്റ്മെന്റ് കിറ്റുകള്‍ ഘടിപ്പിക്കുന്നതിന്.
* സാധാരണ വാഹനത്തെ ഇലക്ട്രോണിക് വെഹിക്കിള്‍ ആയി മാറ്റുന്നതിന്.
* വാഹനത്തിന്റെ ചേസിസ് ഫ്രെയിം മാറ്റുന്നതിന്.
നേരത്തെ അനുവദനീയം
എന്നാല്‍ സീറ്റ് കവറുകള്‍, ഫ്ലോര്‍ മാറ്റുകള്‍ എന്നിവയില്‍ മാറ്റം വരുത്തുന്നത് നിയമവിരുദ്ധമല്ല. ഇത് നേരത്തെ തന്നെ പലരും ചെയ്യുന്നതാണ്. സ്റ്റിയറിംഗ് വീല്‍ കവറുകളും ഇഷ്ടത്തിന് അനുസരിച്ച് മാറ്റാവുന്നതാണ്.
ഇന്റീരിയര്‍ ആംബിയന്റ്സ് ലൈറ്റിംഗും നേരത്തെ മുതല്‍ തന്നെ വാഹനങ്ങളില്‍ കാണുന്നതാണ്. ഡാഷ് കാമറ, റിവേഴ്സ് കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കറുകള്‍ എന്നിവയോടെയാണ് മിക്ക വണ്ടികളും വാഹന നിര്‍മാതാകള്‍ പുറത്തിറക്കാറുള്ളത്.
വണ്ടിയുടെ ലോഗോയുടെ കളര്‍ മാറ്റാവുന്ന ക്രോം ഗാര്‍ണിഷ് മുമ്പും മോഡിഫിക്കേഷന് ചെയ്യുന്ന സ്ഥാപനങ്ങളില്‍ ചെയ്യാറുണ്ട്. ഇതിന് എംവിഡി പിഴ ചുമത്താറുമില്ല. മഡ് ഫ്ളാപ്പുകള് നേരത്തെയും കസ്റ്റമൈസ് ചെയ്യാറുണ്ട്.
ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ നിലവില്‍ പുറത്തിറങ്ങുന്ന വണ്ടികളില്‍ ഉണ്ടാവാറുണ്ട്. 2020 മുതല്‍ പുറത്തിറങ്ങുന്ന കിയ, ഹൈക്രോസ് വണ്ടികളില്‍ അടക്കം മിക്ക കാറുകളിലും ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം ഉണ്ടാവാറുണ്ട്.
ബ്രേക്ക്ഡൗണ്‍ ആവുന്ന, അല്ലെങ്കില്‍ അപകടത്തില്‍ പെടുന്ന വണ്ടികളെ വലിച്ചു കൊണ്ടു പോവാനുള്ള ടൗ ഹൂക്കുകളോടെയാണ് നിര്‍മാതാക്കള്‍ വാഹനങ്ങള്‍ പുറത്തിറക്കാറുള്ളത്.
റൂഫ് കാരയര്‍ മോഡിഫിക്കേഷന് നേരത്തെ ചെയ്യറുണ്ടെങ്കിലും ഇതുവരെ പിഴ ചുമത്തിയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ല. സണ്‍ ഫിലിമുകള്‍ ഒട്ടിക്കുന്നതില്‍ നേരത്തെ ബാന്‍ വന്നിരുന്നെങ്കിലും ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മാറ്റം വന്നിരുന്നു.
എംവിഡി നല്കിയ മുന്‍കൂര്‍ അനുമതി ആവശ്യമുള്ള മാറ്റങ്ങള്‍ ഉള്‍പ്പെടുന്ന ശുപാര്‍ശയില്‍ നിറം മാറ്റാനായി നേരത്തെ ചെയ്തു കൊണ്ടിരുന്ന അതേ പ്രോസസ് തന്നെയാണ്.
കളര്‍ മാറ്റുന്നതിനായി ആര്‍ടിഒയില്‍ പണമടച്ച് അനുമതി വാങ്ങിയ ശേഷം, നിറം മാറ്റം വരുത്തിയ വണ്ടി കൊണ്ടുപോയി കാണിക്കുകയാണ് നേരത്തെയും ചെയ്തിരുന്നത്. അപകടത്തില്‍ പെട്ട വണ്ടികള്‍ നന്നക്കുന്നതിനിടെയാണ് ചേസിസ് ഫ്രെയിം അടക്കമുള്ളവ മാറ്റം വരുത്തേണ്ടി വരിക.
റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള പഠനമാണ് ഗതാഗത വകുപ്പിന്റെ ഭാഗത്തു നിന്നു നടക്കുന്നത്. എംവിഡിയുടെ 18 തരം മോഡിഫിക്കേഷന് ലിസ്റ്റ് വരുന്നതിന് മുമ്പ് അപകടകരമല്ലാത്ത മോഡിഫിക്കേഷന് ഏതൊക്കെ ആയിരുന്നു, ഏതൊക്കെ വണ്ടികളാണ് മോഡിഫിക്കേഷന് എത്തിയിരുന്നത്, ഏത് പ്രായത്തിലുള്ളവരാണ് മോഡിഫിക്കേഷന് ചെയ്യാന്‍ എത്തിയിരുന്നത് എന്നതിനെ കുറിച്ച് പ്രതികരിക്കുകയാണ് കൊച്ചിയില്‍ മോഡിഫിക്കേഷന് നടത്തുന്ന ചില സ്ഥാപനങ്ങള്‍.
ഉജിത് കൃഷ്ണ
(മാനേജര്‍, മൈ കാര്‍പ്രസോ, കളമശേരി)
നിയമപരമായി മോഡിഫിക്കേഷന് ചെയ്യാം. കളര്‍ മാറ്റാന്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്ത് മാറ്റിയാല്‍ മതി. ബേസ് മോഡല്‍ ടയറുകള്‍ക്ക് കമ്പനി അനുവദിക്കുന്ന ടയര്‍ സൈസ് വരുത്താന്‍ കഴിയും. 15 സൈസ് ഉള്ള അലോയ്ക്ക് 16 ഇഞ്ച് വരെ വയ്ക്കാനാകും.
ഓവര്‍ സൈസ് ടയര്‍ നിയമവിരുദ്ധമാണ്. സണ്‍ ഫിലിം ഒട്ടിക്കുന്നത് അനുവദനീയമാണ്. 70 ശതമാനം വിസിബിലിറ്റി ഉള്ള ഷെയ്ഡ് ഉപയോഗിക്കാം. ഡാര്‍ക്നെസ് കൂടുതലുള്ളത് നിയമവിരുദ്ധമാണ്. ഓവര്‍ ആയി സ്റ്റിക്കറുകളും ഗ്രാഫിക്സും ചെയ്യുന്നത് നിയമവിരുദ്ധമാണ്. സൈലന്‍സറും എക്സോസ്റ്റും മാറ്റി ശബ്ദം കൂടുതല്‍ ആക്കുന്നത് നിയമവിരുദ്ധമാണ്.
എന്നാല്‍ വണ്ടിയില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതോ ടയറിന്റെ സൈസ് അല്‍പ്പം കൂട്ടുന്നതോ അപകടകരമല്ല. പക്ഷെ ഡ്രൈവ് ചെയ്യുന്ന ആള്‍ക്ക് അത് കംഫര്‍ട്ടബിള്‍ ആയിരിക്കില്ല. മോഡിഫൈഡ് വെഹിക്കിള്‍സ് ഓടിക്കാനുള സ്കില്ലും കൂടി ഉണ്ടാകണം. എക്സോസ്റ്റ് മാറ്റുന്നതാണ് അപകടകരമായ രീതിയില്‍ വരുന്നത്. അപകടം എന്നല്ല അത് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്നതാണ്.
18-30 വയസ് വരെയുള്ളവരാണ് കൂടുതലും മോഡിഫിക്കേഷന് എത്തുന്നത്. ചിലര്‍ക്ക് ഓഫ്റോഡ് ആയിരിക്കും ഇഷ്ടം. എന്നാല്‍ ചിലര്‍ക്ക് വണ്ടി ഷോകേസ് ചെയ്യാനായിരിക്കും ഇഷ്ടം. വണ്ടിയുടെ സ്റ്റാന്‍സ് ലോവര്‍ ചെയ്യുന്നതൊക്കെ ചെയ്താല്‍ വണ്ടി നല്ല ഭംഗിയായിരിക്കും കാണാന്‍.
കോളജ് വിദ്യാര്‍ഥികളാണ് അത് ചെയ്യുന്നത്. റേസര്‍മാരാണ് കൂടുതലും മോഡിഫിക്കേഷന് ചെയ്യുന്നത്. അവര്‍ ട്രാക്കിന് വേണ്ടിയുള്ള വണ്ടികളാണ് ചെയ്യുക. അത് റോഡിലേക്ക് എത്തില്ല.
നിയമങ്ങളെല്ലാം നോക്കിയാണ് മോഡിഫിക്കേഷന് നടത്തുക. സോഷ്യല്‍ മീഡിയയില്‍ ഓരോ വണ്ടിക്കും ഓരോ പേജുകള്‍ തന്നെയുണ്ട്. ഇങ്ങനെ മോഡിഫിക്കേഷന് ചെയ്ത് ഹിറ്റായി നില്ക്കുന്ന ആളുകളുണ്ട്.
കേരളത്തില്‍ പൊതുവെ വൃത്തിയായി മോഡിഫിക്കേഷന് ചെയ്യുന്ന ആള്‍ക്കാരാണ്. ഓവര്‍ ആയി മോഡിഫിക്കേഷന് ചെയ്യാറില്ല. ഡല്‍ഹിയില്‍ നിന്നൊക്കെ എത്തിക്കുന്ന വില കുറഞ്ഞ ബിഎംഡബ്ല്യു വാഹനങ്ങള്‍ മോഡിഫൈ ചെയ്ത് എടുക്കുന്ന പയ്യന്മാരുണ്ട്. പഴയ സ്വിഫ്റ്റ്, സിവിക്, ബെലേനോ, സ്കോഡ, പോളോ പോലെ പെര്‍ഫോമന്‍സ് ഉള്ള വണ്ടികള്‍ മോഡിഫൈ ചെയ്യുന്ന ആളുകളുണ്ട്.
സിദ്ദിഖ് പൂവത്ത്
(കാര്‍ ആക്സസറീസ് ഡീലേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന് എറണാകുളം ജില്ലാ പ്രസിഡന്റ്, ദ കാര്‍ ഷോപ്പ് - പാലാരിവട്ടം)
മോഡിഫിക്കേഷന് അപകടകരമല്ല. നമ്മള് ചെയ്യുന്നതൊക്കെ സര്‍ക്കാരിന് ടാക്സ് അടച്ച് വാങ്ങിച്ച് ചെയ്യുന്ന കാര്യങ്ങളാണ്, നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല.
എല്‍ഇഡി ബള്‍ബ് പിടിപ്പിക്കുന്നതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്നതാണ്. ഏറ്റവും നല്ല കമ്പനികളുടെ ലൈറ്റുകളൊക്കെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഉദ്യോഗസ്ഥര്‍ ഫൈന്‍ ഇടും.
ഓവര്‍ സൈസ്ഡ് വീല്‍ ഇടുന്നത്, ശബ്ദം വര്‍ധിപ്പിക്കുന്നത് ഒക്കെ നിയമലംഘനത്തില്‍ പെടും. കാര്‍ അസോസിയേഷന് ഡീലേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന് എന്ന അസോസിയേഷന് മെമ്പേഴ്സ് നിയമവിരുദ്ധമായ ഒന്നും ചെയ്യാറില്ല.
നിയമവിരുദ്ധമായ ഡാര്‍ക്ക് ഫിലിമുകളോ ഒന്നും ഒട്ടിക്കരുതെന്നും മറ്റ് നിയവിരുദ്ധമായ മോഡിഫിക്കേഷന് നടത്തുകയോ ചെയ്യരുതെന്നും പറഞ്ഞിട്ടുണ്ട്.
കാര്‍ സ്റ്റീരിയോ, ഹെഡ്ലൈറ്റ് ബള്‍ബ്, സ്റ്റിക്കര്‍ വര്‍ക്ക്, സ്പോയിലേഴ്സ്, ബംപര്‍ മോഡിഫിക്കേഷന് ഒക്കെയാണ് ഇവിടെ നടക്കുന്നത്. ഇതൊക്കെ കാണിക്കാന്‍ ചിലര്‍ സ്റ്റൈലിഷ് ആയി ഓടിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്.
മോഡിഫിക്കേഷന് നല്ലൊരു കടയില്‍ പോയി ചെയ്താല്‍ അപകടകരമാവില്ല. ഓണ്‍ലൈനില്‍ ഒക്കെ വാങ്ങി സ്വന്തമായി ചെയ്താല്‍ അപകടകരമാകും. കൂടുതലും യംഗ്സ്റ്റേഴ്സ് ആണ് കൂടുതല്‍ മോഡിഫിക്കേഷന് എത്തുന്നത്. ഥാര്‍ ആണ് കൂടുതലും മോഡിഫിക്കേഷന് എത്തുന്ന വണ്ടി.
അതേസമയം, യുവാക്കളാണ് വാഹനങ്ങളില്‍ മോഡിഫിക്കേഷന് നടത്തുന്നവരില്‍ ഏറെയും. ബോഡി മോഡിഫിക്കേഷന്, ശബ്ദം കൂടിയ സൈലന്‍സറുകള്‍, വലിയ ടയറുകള്‍ ഒക്കെ ഘടിപ്പിക്കുന്ന മോഡിഫിക്കേഷനുകളാണ് ഇവര്‍ കൂടുതലും ഇഷ്ടപ്പെടുന്നത്.
എന്നാല്‍ ഇത്തരത്തില്‍ മോഡിഫിക്കേഷന് നടത്തിയ വാഹനങ്ങളുമായി റോഡിലേക്ക് ഇറങ്ങിയാല്‍ നിയമം പഴയതു തന്നെ.
Tech
വാട്സാപ് ഐഫോൺ ഉപയോക്താക്കൾക്കായി അവതരിപ്പിച്ച മൾട്ടി അക്കൗണ്ട് ഫീച്ചർ കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. ഒരു ഐഫോണിൽ തന്നെ രണ്ട് വ്യത്യസ്ത വാട്സ്ആപ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ ഈ സൗകര്യം അനുവദിക്കുന്നു. ഇതിലൂടെ വ്യക്തിപരമായ ആശയവിനിമയങ്ങളും ജോലി സംബന്ധമായ ചാറ്റുകളും ഒരേ ആപ്പിൽ തന്നെ കൈകാര്യം ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കും.
വാബീറ്റ ഇൻഫോ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, വാട്സാപ് ഫോർ ഐഒഎസ് പതിപ്പ് 26.22.76 വഴിയാണ് ഈ സൗകര്യം കൂടുതൽ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് കമ്പനി ഈ ഫീച്ചർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിന്റെ ലഭ്യത പരിമിതമായിരുന്നു. ഇപ്പോൾ ഘട്ടംഘട്ടമായുള്ള വിപുലീകരണത്തിലൂടെ കൂടുതൽ ഐഫോൺ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാകുന്നുവെന്നാണ് റിപ്പോർട്ട്.
വാട്സാപിന്റെ അക്കൗണ്ട് മാനേജ്മെന്റ് വിഭാഗത്തിലൂടെയാണ് രണ്ടാമത്തെ അക്കൗണ്ട് ചേർക്കാൻ കഴിയുക. മറ്റൊരു മൊബൈൽ നമ്പർ ഉപയോഗിച്ച് പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യാനോ, ക്യുആർ കോഡ് സ്കാൻ ചെയ്ത് ലിങ്ക്ഡ് ഡിവൈസായി ക്രമീകരിക്കാനോ ഉപയോക്താക്കൾക്ക് സാധിക്കും.
ആപ്പിലെ 'യു' ടാബിൽ ദീർഘനേരം അമർത്തുന്നതിലൂടെ അക്കൗണ്ടുകൾ വേഗത്തിൽ മാറ്റാൻ കഴിയും. അതേസമയം, ടാബിൽ സാധാരണയായി ടാപ്പ് ചെയ്താൽ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ അക്കൗണ്ടുകളുടെയും പട്ടിക കാണാൻ സാധിക്കും. നിലവിൽ ഐഒഎസ് പ്ലാറ്റ്ഫോമിൽ രണ്ട് അക്കൗണ്ടുകൾ വരെ പിന്തുണയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ.ഓരോ അക്കൗണ്ടിലെയും സന്ദേശങ്ങൾ, അറിയിപ്പുകൾ, ക്രമീകരണങ്ങൾ എന്നിവ പരസ്പരം വേർതിരിച്ചാണ് നിലനിൽക്കുക. അതിനാൽ സ്വകാര്യവും ഔദ്യോഗികവുമായ ആശയവിനിമയങ്ങൾ ഒരേ ഉപകരണത്തിൽ കൂടുതൽ സൗകര്യപ്രദമായി കൈകാര്യം ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും.
Tech
ചാറ്റ്ജിപിടിയെ നവീകരിക്കാൻ ഓപ്പൺഎഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. സാധാരണ ചാറ്റ്ബോട്ടിൽ നിന്ന് കൂടുതൽ വിപുലമായ സേവനങ്ങൾ നൽകുന്ന ഒരു എഐ സൂപ്പർആപ്പ് ആയി ചാറ്റ്ജിപിടിയെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. കോഡിംഗ് ടൂളുകൾ, എഐ ഏജന്റുമാർ, വിവിധ ഉത്പാജനക്ഷമത വർധിപ്പിക്കുന്ന ഫീച്ചറുകൾ എല്ലാം ഒരു പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്താനാണ് പദ്ധതി.
ചാറ്റ്ജിപിടിയെ കൂടുതൽ ഉപകാരപ്രദമാക്കുന്നതിന് പുറമെ പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് എന്റർപ്രൈസ് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനായി കമ്പനി ആഭ്യന്തര തലത്തിൽ വിഭവങ്ങൾ പുനഃസംഘടിപ്പിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിലൂടെ ഓപ്പൺഎഐ ഒരു എഐ മോഡൽ നിർമാതാവ് മാത്രമല്ല, ദീർഘകാല വരുമാന വളർച്ച ഉറപ്പാക്കുന്ന സാങ്കേതിക കമ്പനിയായും സ്വയം മാറാൻ ശ്രമിക്കുന്നു.
ഓപ്പൺഎഐ അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ രഹസ്യമായി ഐപിഒ രേഖകൾ സമർപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതേസമയം, ആന്ത്രോപിക് ഇതിനകം തന്നെ രഹസ്യ എസ്-1 കരട് സമർപ്പിച്ചെന്ന് അറിയിച്ചതോടെ ഐപിഒ മത്സരത്തിന് കൂടുതൽ ചൂടേറി. എന്നാൽ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഈ വിഷയത്തെ വ്യത്യസ്തമായാണ് കാണുന്നത്. ഐപിഒയെ ഒരു മത്സരമായി കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മികച്ച സാങ്കേതികവിദ്യയും ശക്തമായ ബിസിനസും നിർമിക്കുന്നതിലാണ് കമ്പനിയുടെ പ്രധാന ശ്രദ്ധയെന്നും, ഓഹരി വിപണിയിലേക്കുള്ള പ്രവേശനം ഒരു ധനസമാഹരണ നടപടിമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ആദ്യമായി പൊതുജന ഓഹരി വിപണിയിലെത്തുന്ന വലിയ എഐ കമ്പനി മുഴുവൻ എഐ മേഖലയുടെയും മൂല്യനിർണയത്തിന് മാനദണ്ഡം നിർണയിക്കാൻ സാധ്യതയുണ്ട്. അതേസമയം ലാഭക്ഷമത, സുരക്ഷ, അടിസ്ഥാനസൗകര്യ ചെലവ് തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ പരിശോധനയും കമ്പനിക്ക് നേരിടേണ്ടിവരും. അതുകൊണ്ട് തന്നെ, ഓപ്പൺഎഐയുടെയും ആന്ത്രോപിക്കിന്റെയും അടുത്ത നീക്കങ്ങൾ സാങ്കേതിക ലോകം ഉറ്റുനോക്കുകയാണ്.
Tech
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വലിയൊരു മുന്നേറ്റത്തിന് ഒരുങ്ങുകയാണ് ജിയോ ഹോട്ട്സ്റ്റാർ. ഇന്ത്യയിൽ എഐയുമായി ബന്ധപ്പെട്ട 75 ൽ അധികം ജോലികളിലേക്ക് നിയമനം ആരംഭിച്ചുകൊണ്ട് കമ്പനിയുടെ പുതിയ എഐ വിഭാഗം രൂപപ്പെടുത്തുകയാണ്. ക്രിയേറ്റീവ് സിസ്റ്റംസ്, എൻജിനീയറിംഗ്, പ്രൊഡക്ഷൻ, ഓട്ടോമേഷൻ, പ്ലാറ്റ്ഫോം ഇന്റലിജൻസ് തുടങ്ങിയ വിവിധ മേഖലകളിലേക്കാണ് ഈ നിയമനങ്ങൾ വ്യാപിക്കുന്നത്.
ഇത് സാധാരണ ഒരു ടെക്നോളജി നിയമന പ്രക്രിയ മാത്രമല്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. കഥകൾ എങ്ങനെ രൂപപ്പെടുന്നു, പ്രൊഡക്ഷൻ സിസ്റ്റങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു, പ്രേക്ഷകർ ഉള്ളടക്കവുമായി എങ്ങനെ ഇടപെടുന്നു, വിനോദ വ്യവസായത്തിൽ മൂല്യം എങ്ങനെ സൃഷ്ടിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങൾ എല്ലാം എഐ ഉപയോഗിച്ച് മാറ്റുകയാണ് ലക്ഷ്യം.
ഈ പുതിയ മാറ്റത്തിന്റെ പ്രത്യേകത, പരമ്പരാഗത ജോബ് ടൈറ്റിലുകളിൽ നിന്ന് വ്യത്യസ്തമായ പദവികളാണ്. “വിഷൻസ്കേപ്പർ”, “സൗണ്ട് സ്കേപ്പർ”, “ക്രിയേറ്റീവ് ടെക്നോളജിസ്റ്റ്”, “നരേറ്റീവ് സ്റ്റോറിട്ടെല്ലിംഗ് ലീഡ്”, “ക്രിയേറ്റർ ഫസിലിറ്റേറ്റർ” തുടങ്ങിയ അസാധാരണമായ പേരുകളുള്ള ജോലികൾ ഇതിനകം ശ്രദ്ധ നേടുന്നു. ഇതിലൂടെ ടെക്നോളജിയും കഥപറച്ചിലും ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു പുതിയ സംവിധാനമാണ് കമ്പനി ലക്ഷ്യമിടുന്നത്.
കമ്പനിയുടെ അഭിപ്രായത്തിൽ, എഐയുടെ പ്രാധാന്യം വേഗത്തിൽ ഉള്ളടക്കം നിർമിക്കുന്നതിലല്ല. ഉപഭോക്തൃ പെരുമാറ്റം, സൃഷ്ടിപരമായ ഓപ്റ്റിമൈസേഷൻ, വരുമാന മോഡലുകൾ എന്നിവ തമ്മിലുള്ള അതിരുകൾ മങ്ങുകയും കൂടുതൽ ബന്ധിപ്പിച്ച ഒരു വിനോദ പരിസ്ഥിതി രൂപപ്പെടുകയും ചെയ്യും.
ഇതിനൊപ്പം തന്നെ, എഐ ഉപയോഗിച്ച് മൾട്ടിലിംഗ്വൽ വോയിസ് സെർച്ച് സംവിധാനം, ഉപയോക്താക്കൾക്ക് സ്വാഭാവിക ഭാഷയിൽ ഉള്ളടക്കം കണ്ടെത്താൻ സഹായിക്കുന്ന സംവിധാനങ്ങൾ എന്നിവയും നടപ്പിലാക്കി വരുന്നു. പരസ്യ സംവിധാനങ്ങൾ പ്രേക്ഷകന്റെ സാഹചര്യത്തിനും വികാരത്തിനും അനുസരിച്ച് മാറുന്ന രീതിയിലേക്കാണ് കമ്പനി മാറ്റുന്നത് എന്നാണ് റിപ്പോർട്ടുകൾ.
Tech
മെറ്റ, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഉപയോക്താക്കൾക്കായി പുതിയ പെയ്ഡ് സബ്സ്ക്രിപ്ഷൻ പദ്ധതികൾ അവതരിപ്പിച്ചു. പരസ്യ വരുമാനത്തെ മാത്രം ആശ്രയിക്കാതെ ഉപയോക്താക്കളിൽ നിന്ന് നേരിട്ട് വരുമാനം നേടാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇൻസ്റ്റഗ്രാം പ്ലസ്, ഫേസ്ബുക്ക് പ്ലസ് എന്നിവയ്ക്ക് പ്രതിമാസം 3.99 ഡോളറും വാട്സ്ആപ്പ് പ്ലസിന് 2.99 ഡോളറുമാണ് നിലവിലെ അന്താരാഷ്ട്ര നിരക്ക്. ഇന്ത്യയിലെ ഔദ്യോഗിക നിരക്കുകൾ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇൻസ്റ്റഗ്രാം പ്ലസ് ഉപയോക്താക്കൾക്ക് സാധാരണ അക്കൗണ്ടുകളിൽ ലഭിക്കാത്ത നിരവധി പ്രത്യേക സൗകര്യങ്ങൾ ലഭിക്കും. സ്റ്റോറി വീണ്ടും കണ്ടവരുടെ എണ്ണം അറിയുക, കൂടുതൽ ആളുകൾക്കായി സ്റ്റോറി പ്രദർശിപ്പിക്കുക തുടങ്ങിയ ഫീച്ചറുകൾ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. കൂടാതെ പ്രത്യേക ഫോണ്ടുകൾ, ആനിമേറ്റഡ് 'സൂപ്പർ ഹാർട്ട്' റിയാക്ഷനുകൾ, കസ്റ്റമൈസ്ഡ് ആപ്പ് ഐക്കണുകൾ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും.
ഫേസ്ബുക്ക് പ്ലസിലും സമാനമായ വ്യക്തിഗത ക്രമീകരണങ്ങളും പ്രൊഫൈൽ കസ്റ്റമൈസേഷൻ സംവിധാനങ്ങളും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, വാട്സ്ആപ്പ് പ്ലസ് പ്രധാനമായും മെസേജിംഗ് അനുഭവം കൂടുതൽ വ്യക്തിഗതമാക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ തീമുകൾ, പ്രത്യേക റിങ്ടോണുകൾ, പ്രീമിയം സ്റ്റിക്കറുകൾ, കൂടുതൽ പിൻ ചെയ്ത ചാറ്റുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
മെറ്റാ വൺ എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സബ്സ്ക്രിപ്ഷൻ പദ്ധതികളും മെറ്റ അവതരിപ്പിച്ചു. ഇമേജ് നിർമ്മാണം, വീഡിയോ ക്രിയേഷൻ, ഉയർന്ന തലത്തിലുള്ള എഐ സേവനങ്ങൾ എന്നിവയ്ക്കായി ഉപയോക്താക്കൾക്ക് പ്രത്യേക പ്ലാനുകൾ നൽകും. ഉയർന്ന ഉപയോഗ പരിധിയുള്ള പ്രീമിയം പതിപ്പുകൾക്കും കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടാതെ, കണ്ടന്റ് ക്രിയേറ്റർമാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമായി പുതിയ പ്രൊഫഷണൽ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്.
Tech
വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ, ചാനൽ അഡ്മിൻമാർക്കായി “ചാനൽ സ്റ്റാറ്റസ്” എന്ന പുതിയ സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ ഫീച്ചർ വഴി ചാനൽ ഉടമകൾക്ക് താൽക്കാലികമായി ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് അടക്കമുള്ള അപ്ഡേറ്റുകൾ സ്റ്റാറ്റസ് രൂപത്തിൽ പങ്കിടാൻ കഴിയും.
പുതിയ ഫീച്ചർ ചാനൽ അഡ്മിൻമാർക്കും അവരുടെ ഫോളോവേഴ്സുമായി കൂടുതൽ വേഗത്തിലും എളുപ്പത്തിലും ആശയവിനിമയം നടത്താൻ അവസരം ലഭിക്കും. വാബീറ്റഇൻഫോ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഈ സ്റ്റാറ്റസ് അപ്ഡേറ്റുകൾ 24 മണിക്കൂറിന് ശേഷം സ്വയം അപ്രത്യക്ഷമാകും. അതിനാൽ സ്ഥിരമായ പോസ്റ്റുകൾക്ക് പകരം താൽക്കാലിക അറിയിപ്പുകൾ പങ്കിടാൻ ഈ സംവിധാനം കൂടുതൽ അനുയോജ്യമാകും.
ചാനൽ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുന്നതിനായി ആദ്യം അഡ്മിൻ സ്വന്തം ചാനൽ തുറന്ന് ക്രിയേറ്റ് സ്റ്റാറ്റസ് ഓപ്ഷൻ തെരഞ്ഞെടുക്കണം. തുടർന്ന് ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവ ചേർക്കാൻ സാധിക്കും. സ്റ്റാറ്റസ് എഡിറ്റിംഗ് വിഭാഗത്തിൽ ടെക്സ്റ്റ്, സ്റ്റിക്കർ, മറ്റ് ഗ്രാഫിക് ഘടകങ്ങൾ എന്നിവ ഉൾപ്പെടുത്തി കൂടുതൽ ആകർഷകമാക്കാനും കഴിയും. ഒന്നിലധികം ചാനലുകൾ കൈകാര്യം ചെയ്യുന്നവർക്ക് ഏത് ചാനലിലേക്കാണ് സ്റ്റാറ്റസ് പങ്കിടേണ്ടതെന്ന് തിരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും. എന്നാൽ ഒരേസമയം ഒരു ചാനലിൽ മാത്രമേ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാൻ സാധിക്കൂ.
ഫോളോവേഴ്സിനും ഈ ഫീച്ചറിലൂടെ കൂടുതൽ ഇടപെടൽ സാധ്യമാകും. സ്റ്റാറ്റസുകൾക്ക് ലൈക്ക് നൽകുക, അവ സ്വന്തം വാട്സ്ആപ്പ് സ്റ്റാറ്റസിലേക്ക് ഷെയർ ചെയ്യുക തുടങ്ങിയ സംവിധാനങ്ങളും പരീക്ഷണഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. വ്യക്തിഗത സ്റ്റാറ്റസുകളിൽ നിന്ന് വ്യത്യസ്തമാക്കാൻ ചാനൽ സ്റ്റാറ്റസ് എന്ന ലേബലോടെ ആയിരിക്കും ഇവ പ്രദർശിപ്പിക്കുക. നിലവിൽ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി ഘട്ടംഘട്ടമായാണ് ഫീച്ചർ പുറത്തിറക്കുന്നത്. വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tech
കാലിഫോര്‍ണിയ: ആപ്പിൾ, ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ ടിവി, വിഷൻ പ്രോ എന്നിവയ്ക്കായി പുതിയ എഐ അധിഷ്ഠിത ആക്സസിബിലിറ്റി സവിശേഷതകൾ പ്രഖ്യാപിച്ചു. ഉപയോക്താക്കൾക്ക് ശബ്ദം, കാഴ്ച, ചലനം, ഭാഷ എന്നിവയുടെ സഹായത്തോടെ കൂടുതൽ സൗകര്യപ്രദമായി ഉപകരണങ്ങൾ ഉപയോഗിക്കാൻ സഹായിക്കുന്നതിനാണ് പുതിയ അപ്ഡേറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ആപ്പിളിന്റെ ആപ്പിൾ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന പുതിയ സംവിധാനങ്ങൾ വോയിസ് ഓവർ, മാഗ്നിഫയർ, വോയിസ് കണ്ട്രോൾ, ആക്സസബലിറ്റി റീഡർ തുടങ്ങിയ പ്രധാന ആക്സസിബിലിറ്റി ടൂളുകളെ കൂടുതൽ മെച്ചപ്പെടുത്തുന്നു. വോയിസ് ഓവറിലേക്ക് ഇമേജ് എക്സ്പ്ലോറർ എന്ന പുതിയ സംവിധാനവും ചേർത്തിട്ടുണ്ട്. ഇതിലൂടെ ചിത്രങ്ങൾ, സ്കാൻ ചെയ്ത ബില്ലുകൾ, രേഖകൾ, മറ്റ് ദൃശ്യ ഉള്ളടക്കങ്ങൾ എന്നിവയുടെ കൂടുതൽ വിശദമായ വിവരണം ഉപയോക്താക്കൾക്ക് കേൾക്കാൻ സാധിക്കും.
ഐഫോൺ മോഡലുകളിൽ ആക്ഷൻ ബട്ടൺ ഉപയോഗിച്ച് ക്യാമറ കാണുന്ന ദൃശ്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും അതിന് ശബ്ദരൂപത്തിൽ മറുപടി ലഭിക്കാനും സാധിക്കും. കാഴ്ച വൈകല്യമുള്ളവർക്കും കുറഞ്ഞ കാഴ്ചശേഷിയുള്ളവർക്കും ഈ സംവിധാനം ഏറെ സഹായകരമാകുമെന്ന് കമ്പനി അവകാശപ്പെട്ടു.
മാഗ്നിഫയർ ആപ്പിലും എഐ അധിഷ്ഠിത ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സൂം ഇൻ, ടേൺ ഫ്ളാഷ് ലൈറ്റ് പോലുള്ള വോയിസ് കമാൻഡുകൾ ഉപയോഗിച്ച് മാഗ്നിഫയർ നിയന്ത്രിക്കാൻ സാധിക്കും. വോയിസ് കണ്ട്രോൾ സംവിധാനത്തിൽ കൂടുതൽ സ്വാഭാവിക ഭാഷ മനസിലാക്കുന്ന ശേഷിയും കൂട്ടിച്ചേർത്തിട്ടുണ്ട്. ഉപയോക്താക്കൾക്ക് കൃത്യമായ ബട്ടൺ പേരുകൾ ഓർമ്മിക്കാതെ തന്നെ, സാധാരണ സംസാര ഭാഷയിൽ നിർദ്ദേശങ്ങൾ നൽകാൻ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകത.
ആക്സസബലിറ്റി റീഡർ ഇനി ശാസ്ത്രീയ ലേഖനങ്ങൾ, ടേബിളുകൾ, മൾട്ടി-കോളം ഡോക്യുമെന്റുകൾ തുടങ്ങിയ സങ്കീർണ്ണ ലേഔട്ടുകൾക്കും പിന്തുണ നൽകും. ഇതിനൊപ്പം, ക്യാപ്ഷൻ ഇല്ലാത്ത വീഡിയോകൾക്കായി എഐ സബ്ടൈറ്റിൽ സംവിധാനവും അവതരിപ്പിച്ചു. ഓൺ-ഡിവൈസ് സ്പീച്ച് റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോകളിലെ സംഭാഷണങ്ങൾ സ്വയം ടെക്സ്റ്റാക്കി മാറ്റാൻ കഴിയും.
വിഷൻ പ്രോ ഉപയോക്താക്കൾക്കായി കണ്ണിന്റെ ചലനം ഉപയോഗിച്ച് പവർ വീൽചെയർ നിയന്ത്രിക്കാനുള്ള പുതിയ സംവിധാനവും ആപ്പിൾ അവതരിപ്പിച്ചു. ടോൾട്ട്, എൽയുസിഐ എന്നീ വീൽചെയർ സംവിധാനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ പിന്തുണ ലഭിക്കുക. കൂടാതെ ടിവി ഒഎസിൽ വലിയ അക്ഷരങ്ങൾ, ഹിയറിംഗ് എയിഡ് കണക്റ്റിവിറ്റിയിലെ മെച്ചപ്പെടുത്തൽ, സോണി ആക്സസസ് കണ്ട്രോളർ പിന്തുണ തുടങ്ങിയ അപ്ഡേറ്റുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
Tech
എയർടെൽ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് വേഗമേറിയ 5ജി സേവനം നൽകാനായി ‘പ്രയോറിറ്റി പോസ്റ്റ്പെയ്ഡ്’ സംവിധാനം ആരംഭിച്ചു. 5ജി സ്ലൈസിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരം സേവനം നല്‍കുന്നത്. തടസമില്ലാത്ത ഇന്റർനെറ്റ് അടക്കമുള്ള സൗകര്യങ്ങൾ ലഭിക്കാൻ പ്രയോറിറ്റി പോസ്റ്റ്പെയ്ഡ് സഹായിക്കും.
നിലവിൽ യുഎസ്, സിഗംപ്പൂർ, ബ്രിട്ടൻ, മലേഷ്യ രാജ്യങ്ങളിലാണ് സമാനമായ സേവനമുള്ളത്. ടെലികോം ശൃംഖലയുടെ നിശ്ചിത ഭാഗം നിശ്ചിത ഉപയോക്താക്കൾക്ക് മാത്രമായി അനുവദിക്കുന്ന രീതിയാണ് 5ജി സ്ലൈസിംഗ്. തിരക്കേറിയ സ്ഥലങ്ങളിൽ പോലും പ്രയോറിറ്റി കണക്ഷനുള്ളവർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ സർവീസിനായി എയർടെൽ സ്ലൈസിംഗ് സാങ്കേതിക വിദ്യയുടെ ആധുനികശേഷികൾ ഉപയോഗിച്ച് 5ജി ശൃഖലയെ നവീകരിച്ചു. അത് ശൃംഖലയ്ക്ക് കൂടുതൽ കാര്യക്ഷമതയും കൂടുതൽ ശേഷിയും നല്കി. കൂടാതെ മുൻഗണനാ ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണനിലവാരമുള്ള അനുഭവം നല്കാൻ ലക്ഷ്യമിടുന്ന തരത്തിൽ ഈ ശേഷിയെ ഉപയോഗിക്കാനുള്ള കഴിവ് നല്‍കുകയും ചെയ്യുന്നു.
പ്രതിമാസം 499 രൂപ മുതലാണ് ഈ പ്ലാനുകൾ ആരംഭിക്കുന്നത്.എല്ലാ പ്ലാനുകളിലും അൺലിമിറ്റഡ് 5ജി ഡാറ്റയും പ്രീമിയം കസ്റ്റമർ സപ്പോർട്ടും ലഭിക്കും. കൂടാതെ, പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും ഇന്റർനാഷണൽ റോമിംഗ് പാക്കുകളും ഇതിന്റെ ഭാഗമാണ്. റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയിൽ നിന്നുള്ള ഉപഭോക്താക്കളെ ആകർഷിക്കുകയാണ് എയർടെല്ലിന്റെ ലക്ഷ്യം.
നെറ്റ്വർക്ക് സ്ലൈസിംഗിലൂടെ പ്രത്യേക ഉപഭോക്താക്കൾക്കായി ഒരു 'വെർച്വൽ ലെയ്ൻ' എയർടെൽ ഒരുക്കുന്നു. തിരക്കേറിയ സമയങ്ങളിലും പ്രയോറിറ്റി പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ഏറ്റവും വേഗതയേറിയ ഡാറ്റ ലഭിക്കുമെന്ന് ഇത് ഉറപ്പാക്കുന്നു. തിരക്കുള്ള സ്ഥലങ്ങളിൽ സാധാരണ ഉപഭോക്താക്കൾക്ക് വേഗത കുറഞ്ഞേക്കാം, എന്നാൽ പുതിയ പ്ലാനുകൾ കൂടുതൽ വിശ്വസനീയമായ കണക്ഷൻ വാഗ്ദാനം ചെയ്യുന്നു.
Tech
ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് പ്രമുഖ സ്പേസ്-ടെക് സ്റ്റാര്‍ട്ടപ്പായ പിക്സല്‍, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സ്ഥാപനമായ സര്‍വം എഐയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന അത്യാധുനിക പദ്ധതിയാണ് ഓര്‍ബിറ്റല്‍ ഡാറ്റാ സെന്റര്‍.
പാത്ത്ഫൈന്‍ഡര്‍ എന്നു പേരിട്ടിരിക്കുന്ന സെന്ററിന്റെ ലക്ഷ്യം ഭൂമിയുടെ ഭ്രമണപഥത്തില്‍ (ഓര്‍ബിറ്റ്) നേരിട്ട് ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുകയെന്നതാണ്. ഭൂമിയിലെ ഡാറ്റാ സെന്ററുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സ്ഥല പരിമിതിയാണ്.
കൂടാതെ വലിയ ഊര്‍ജവും ആവശ്യമാണ്. ഇതു രണ്ടും പരിഹരിക്കുകയെന്നതാണ് ഓര്‍ബിറ്റല്‍ ഡാറ്റാ സെന്ററിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഈ ദൗത്യം 2026 അവസാനത്തോടെ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.
ബഹിരാകാശത്ത് ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നതിലൂടെ അന്തരീക്ഷത്തിലെ തടസങ്ങളില്ലാതെ സൂര്യപ്രകാശത്തില്‍നിന്ന് നേരിട്ട് ഊര്‍ജം ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യാം എന്നതാണ്.
കൂടാതെ മറ്റ് ഉപഗ്രഹങ്ങളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ബഹിരാകാശത്തുവച്ച് വിശകലനം ചെയ്യാന്‍ സാധിക്കും.
കൂടാതെ ഡാറ്റ ഭൂമിയിലേക്ക് അയച്ച് പ്രോസസ് ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാനും സാങ്കേതിക വിദ്യകള്‍ ബഹിരാകാശത്ത് ഉപയോഗിക്കുന്നതിലൂടെ ഡാറ്റാ സുരക്ഷ വര്‍ധിപ്പിക്കാനും സാധിക്കും.
ബഹിരാകാശത്ത് എത്തുന്ന ഉപഗ്രഹം സ്വയം ഒരു സൂപ്പര്‍ കംപ്യൂട്ടറായി മാറും. ഇതിലെ ഏറ്റവും വലുതും പ്രധാനവുമായ ഭാഗം ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റുകളാണ്.
സാധാരണ ഉപഗ്രഹങ്ങളില്‍നിന്ന് വ്യത്യസ്തമായി, ഡാറ്റാ സെന്ററുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഹൈ-എന്‍ഡ് ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റുകള്‍ ഉപഗ്രഹത്തിലുണ്ടാവും.
പിക്സലിന്റെ ഹൈ്പര്സപെക്ട്രല് ഇമേജിംഗ് കാമറ ഉപയോഗിച്ച് ഭൂമിയുടെ വ്യക്തമായ ചിത്രങ്ങള്‍ എടുക്കാനും അവ തത്സമയം എഐ ഉപയോഗിച്ച് വിശകലനം ചെയ്യാനും കഴിയും.
NRI
ബെർലിൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഒരു ഗ്ലാസ് ബിയർ നിർമിച്ചാൽ എങ്ങനെയുണ്ടാകും? കേൾക്കുമ്പോൾ അല്പം വിചിത്രമായി തോന്നാമെങ്കിലും ലോകത്തെ ആദ്യത്തെ "എഐ ബിയർ' വികസിപ്പിച്ചിരിക്കുകയാണ് ഒരു അച്ഛനും മകനും.
സ്റ്റെഫാൻ എർഷെൻഡ്നറും (43), ഗെർഹാർഡും (69) ചേർന്നാണ് ഈ വിപ്ലവകരമായ പരീക്ഷണം നടത്തിയത്.
റെസിപ്പി മുതൽ വിൽപ്പന വരെ എഐ
സ്വിറ്റ്സർലൻഡിലെ ഒരു ചെറിയ ബ്രൂവറിയിലാണ് ലോബ്സ്റ്റർ ലാഗർ എന്ന പേരിൽ ഈ ബിയർ ജനിച്ചത്. വെറുമൊരു തമാശയ്ക്കല്ല ഇവർ ഇത് നിർമിച്ചത്. സാധാരണയായി ബിയർ നിർമാണത്തിന് മാസങ്ങളോളം നീളുന്ന പരീക്ഷണങ്ങളും റെസിപ്പികളും ആവശ്യമാണ്.
എന്നാൽ ഇവിടെ ഒരു എഐ ഏജന്റ് ആയിരക്കണക്കിന് റെസിപ്പികൾ വിശകലനം ചെയ്ത് ഏറ്റവും മികച്ചത് കണ്ടെത്തുകയായിരുന്നു. ബിയർ തിളപ്പിക്കേണ്ട താപനില, ചേരുവകളുടെ അളവ്, സമയം എന്നിവയെല്ലാം കമ്പ്യൂട്ടറാണ് നിർദ്ദേശിക്കുന്നത്.
ഓരോ ഘട്ടം കഴിയുമ്പോഴും അടുത്തത് ചെയ്യാനായി കമ്പ്യൂട്ടർ "വിസിൽ' അടിച്ച് അച്ഛൻ ഗെർഹാർഡിനെ അറിയിക്കും. ബിയർ നിർമാണം മാത്രമല്ല, അതിന്റെ വെബ്സൈറ്റ് നിർമിച്ചതും ഓൺലൈൻ ഷോപ്പ് തയാറാക്കിയതും ഈ എഐ ഏജന്റ് തന്നെയാണ്.
എൻവിഡിയ വേദിയെ ഞെട്ടിച്ച ബിയർ
ഈ കൊച്ചുസംരംഭം ലോകശ്രദ്ധ നേടിയത് അപ്രതീക്ഷിതമായാണ്. ആഗോള ടെക് ഭീമന്മാരായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാംഗ് തന്റെ പ്രധാന പ്രസംഗത്തിനിടെ ഈ ബിയറിനെക്കുറിച്ച് പരാമർശിച്ചു.
ലോകത്തെ ഏറ്റവും വലിയ ടെക് വേദികളിലൊന്നിൽ തന്റെ ബിയർ പ്രദർശിപ്പിക്കുന്നത് കണ്ടപ്പോൾ കാണികൾക്കിടയിലിരുന്ന ഗെർഹാർഡ് സന്തോഷം കൊണ്ട് ശബ്ദം ഉയർത്തിയതും കൗതുകമായി.
സാങ്കേതികവിദ്യയും കൈപ്പുണ്യവും
മകൻ സ്റ്റെഫാൻ ഒരു ടെക് വിദഗ്ധനാണ്, അച്ഛനാകട്ടെ പാരമ്പര്യമായി ബിയർ നിർമാണം ഇഷ്ടപ്പെടുന്ന ആളും. സാങ്കേതികവിദ്യയ്ക്ക് വ്യവസായ മേഖലയെയും ചെറുകിട തൊഴിലുകളെയും എങ്ങനെ സഹായിക്കാം എന്നതിന്റെ തെളിവാണിതെന്ന് സ്റ്റെഫാൻ പറയുന്നു.
മുൻപ് വലിയ പ്രോഗ്രാമിംഗ് അറിവുള്ളവർക്ക് മാത്രം ചെയ്യാൻ കഴിഞ്ഞിരുന്ന കാര്യങ്ങൾ ഇന്ന് സാധാരണക്കാർക്കും എഐയുടെ സഹായത്തോടെ ചെയ്യാമെന്ന് ഇവർ തെളിയിച്ചു.
ഒരു ബിയർ സാമ്രാജ്യം കെട്ടിപ്പടുക്കുക എന്നതിലുപരി, അസാധ്യമായ കാര്യങ്ങൾ എഐ ഉപയോഗിച്ച് സാധ്യമാക്കാം എന്ന് കാണിച്ചുകൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഈ അച്ഛനും മകനും പറയുന്നു.
Tech
പത്ത് വർഷങ്ങൾക്ക് അല്ലെങ്കിൽ 20 വർഷങ്ങൾക്കു മുന്‍പ് പഠനം എളുപ്പമായിരുന്നു. പരീക്ഷാ അവധിക്കാലത്ത് പാഠഭാഗങ്ങൾ മനഃപാഠമാക്കുകയും അധ്യയന വർഷാവസാനം പരീക്ഷാ പേപ്പറിൽ അത് അതേപടി പകർത്തിവെക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ ഇന്ന് പഠനരീതികൾ തികച്ചും വ്യത്യസ്ഥമാണ്. വിദ്യാർഥികൾക്ക് കാര്യങ്ങൾ മനസ്സിലാക്കുവാനും അത് ഓർത്തുവെക്കാനും സഹായിക്കുന്ന ദൃശ്യരൂപത്തിലുള്ള പഠനസഹായികളും ഉപകരണങ്ങളും ആവശ്യമാണ്.
ഈ സാഹചര്യം കണക്കിലെടുത്ത്, അഡോബി തങ്ങളുടെ അക്രോബാറ്റ് ആപ്ലിക്കേഷനിൽ "സ്റ്റുഡൻസ് സ്പേസസ്' എന്ന പേരിൽ സൗജന്യ ആർട്ടിഫിഷൽ ഇന്റലിജൻസ് ബീറ്റ ടൂൾ പുറത്തിറക്കി. വിദ്യാർഥികൾക്ക് ക്ലാസ് നോട്ടുകൾ, ലിങ്കുകൾ എന്നിവ ആപ്പിലേക്ക് ചേർക്കാൻ സാധിക്കും. ഇത് പഠനം എളുപ്പമാക്കുന്നതിനായി സ്റ്റഡി ഗൈഡുകളും മൈൻഡ് മാപ്പുകളും വേഗത്തിൽ തയാറാക്കി നൽകുന്നു. അതോടൊപ്പം, ടെക്സ്റ്റുകളെ ലളിതമായ പോഡ്കാസ്റ്റ് രൂപത്തിലുള്ള ഓഡിയോകളാക്കി മാറ്റാനും, വിഷയങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ചുരുങ്ങിയ ഓഡിയോ സംഗ്രഹങ്ങൾ നൽകാനും ഇതിന് സാധിക്കും.
വിഷയങ്ങൾ കൂടുതൽ സങ്കീർണമാണെങ്കിൽ അക്രോബാറ്റിലെ എഐ അസിസ്റ്റന്റിന് ഒരു ട്യൂട്ടറെപോലെ പ്രവർത്തിക്കാൻ സാധിക്കും. സങ്കീർണ്ണമായ വിഷയങ്ങൾ ലളിതമായി വിശദീകരിക്കാനും, നൽകുന്ന ഉത്തരങ്ങൾ വിശ്വസനീയമാണെന്ന് ഉറപ്പുവരുത്താൻ ഡോക്യുമെന്റുകളുമായി ബന്ധിപ്പിച്ച ഇന്ററാക്ടീവ് സൈറ്റേഷനുകൾ നൽകാനും ഇതിനു സാധിക്കും. കൂടാതെ, വിദ്യാർഥികൾക്ക് സ്വന്തം അറിവ് പരിശോധിക്കുന്നതിനായി ഇന്ററാക്ടീവ് ഫ്ലാഷ് കാർഡുകളും ചോദ്യോത്തരങ്ങളും ഇതിലുണ്ട്. പഠനവിഷയങ്ങളെ മനപാഠമാക്കാനും ഓർത്തുവയ്ക്കാനും വിദ്യാർഥികളെ സഹായിക്കുന്നു.
Tech
സാമ്പത്തിക പണമിടപാടുകൾ കൈകാര്യം ചെയ്യുന്നതിൽ മോശമാണോ നിങ്ങളുടെ പെർഫോമൻസ്, എന്നാലിതാ നിങ്ങളെ സഹായിക്കാൻ എഐ ഉണ്ട്. വ്യക്തിഗത സാമ്പത്തിക മാനേജ്മെന്റ് വളരെ ലളിതമാക്കാൻ മണിമൈൻഡ് എഐ നിങ്ങളെ സഹായിക്കും. മണിമൈൻഡ് എഐ എന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റ് സാമ്പത്തിക മാനേജ്മെന്റ് കാര്യങ്ങൾ ചെയ്യാൻ സഹായിക്കും.
സങ്കീർണ്ണമായ കണക്കുകളും ബജറ്റ് ആസൂത്രണവും സാധാരണക്കാർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഈ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കളുടെ ദൈനംദിന ചെലവുകൾ കൃത്യമായി നിരീക്ഷിക്കാനും അവയെ വിവിധ വിഭാഗങ്ങളായി തരംതിരിക്കാനും ഇതിലൂടെ സാധിക്കും. ലളിതമായ സംഭാഷണങ്ങളിലൂടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കാം എന്നതാണ് മണിമൈൻഡ് എഐയുടെ പ്രധാന പ്രത്യേകത.
ഓരോ വ്യക്തിയുടെയും വരുമാനത്തിനും ചെലവിനും അനുസൃതമായി പ്രത്യേക ബജറ്റുകൾ തയ്യാറാക്കാനും പരിധി ലംഘിക്കാതിരിക്കാൻ തത്സമയ നിർദ്ദേശങ്ങൾ നൽകാനും ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും. അതോടൊപ്പം, സമ്പാദ്യം വർധിപ്പിക്കുന്നതിനായി മികച്ച നിക്ഷേപ മാർഗങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും ചോദ്യങ്ങൾക്കുള്ള മറുപടിയും ഇത് നൽകുന്നു.
ഓൺലൈൻ പാർട്ട് ടൈം ജോലികൾ, ഇകൊമേഴ്സ് ഉത്പന്ന ആശയങ്ങൾ, ചെറുകിട ബിസിനസ് ആശയങ്ങൾ എന്നിവയെക്കുറിച്ചുളള അറിവുകളും സാങ്കേതികവിദ്യയ്ക്ക് നല്കാൻ സാധിക്കും.സംരംഭകർക്ക് സ്ഥിരമായ വരുമാന മാർഗങ്ങൾ കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ഒരു ടൂളായും ഈ എഐ ഉപയോഗിക്കപ്പെടാറുണ്ട്. പുതിയ ആശയങ്ങൾ കണ്ടെത്താനും, ഉള്ളടക്കം സൃഷ്ടിക്കാനും, ബിസിനസ് തന്ത്രങ്ങൾ മെനയാനും സഹായിക്കുന്ന ഒരു പ്രത്യേക അസിസ്റ്റന്റായും ഇത് പ്രവർത്തിക്കുന്നു.
ബില്ലുകൾ അടയ്ക്കാനുള്ള തീയതികൾ, സബ്സ്ക്രിപ്ഷൻ പുതുക്കലുകൾ, ഇഎംഐകൾ എന്നിവയെക്കുറിച്ച് കൃത്യസമയത്ത് ഓർമ്മപ്പെടുത്തലുകൾ നൽകുന്നതിലൂടെ ഉപയോക്താക്കൾക്ക് പിഴകൾ ഒഴിവാക്കാൻ സാധിക്കും. വ്യക്തികളുടെ ചെലവാക്കൽ രീതികൾ വിശകലനം ചെയ്ത് കൂടുതൽ പണം ലാഭിക്കാനുള്ള ബുദ്ധിപരമായ വഴികളും ഈ എഐ നിർദ്ദേശിക്കും.
സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകിക്കൊണ്ട് വികസിപ്പിച്ചിരിക്കുന്നതാണ് മണിമൈൻഡ് എഐ. ആധുനിക കാലഘട്ടത്തിൽ സാങ്കേതിക വിദ്യ എല്ലാ മേഖലകളിലും പ്രവർത്തനമാരംഭിക്കുന്നതോടെ കാര്യങ്ങൾ വേഗത്തിൽ കൈകാര്യം ചെയ്യാൻ ഇതു സഹായിക്കുന്നു. നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ ലളിതമാക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് മണിമൈൻഡ് എഐ എന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റ് പ്രവർത്തിക്കുന്നത്.
Tech
ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്, തങ്ങളുടെ വ്യാജ പതിപ്പിലൂടെ സ്പൈവെയർ ആക്രമണം കണ്ടെത്തിയതിനെതുടർന്ന് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നല്കി. ഇറ്റലിയിൽ നിന്നുള്ള 200 വാട്സ്ആപ് ഉപയോക്താക്കൾ അപകടകരമായ സോഫ്റ്റ്വെയർ അടങ്ങിയ വ്യാജ വാട്സ്ആപ് ഡോൺലോഡ് ചെയ്തതായി മെറ്റ അറിയിച്ചു.
അവരുടെ അക്കൗണ്ടുകള്ളിൽ നിന്നു പുറത്താക്കുകയും വ്യാജ ആപ്പുകൾ ഉപയോഗിക്കുന്നതിലെ സുരക്ഷാ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പുകൾ നല്‍കുകയും ചെയ്തു. വ്യാജ ആപ് നീക്കം ചെയ്യാനും ഔദ്യോഗിക ആപ് ഡോൺലോഡ് ചെയ്യാനും നിർദേശം നല്‍കിയതായി മെറ്റ അറിയിച്ചു.
ഇറ്റാലിയൻ സ്പൈവെയർ നിർമാതാക്കളായ സിഐഒ ആണ് വ്യാജ പതിപ്പിനു പിന്നിലെന്ന് മെറ്റ ആരോപിച്ചു. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇത്തരം പ്രവർത്തനങ്ങൾ നിർത്തലാക്കാൻ ഔദ്യോഗിക നോട്ടീസ് അയക്കുമെന്നും വാട്സ്ആപ് വ്യക്തമാക്കി.
ഔദ്യോഗിക സൈറ്റുകൾ മാത്രം ഉപയോഗിച്ച് ആപ്പുകൾ ഡോൺലോഡ് ചെയ്യുക, അജ്ഞാത ലിങ്കുകൾ ഒഴിവാക്കുക, മോഡിഫൈഡ് പതിപ്പുകൾ ഒഴിവാക്കുക, ഡേവലപ്പറെ പരിശോധിക്കുക, ആപ്പ് പെർമിഷനുകൾ പരിശോധിക്കുക, ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്പോൾ ശ്രദ്ധിക്കുക തുടങ്ങിയ നിർദേശങ്ങൾ മെറ്റ പങ്കുവെച്ചു. വ്യാജചതിക്കുഴികളിൽ പെട്ട്പോകാതെയിരിക്കാൻ ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മെറ്റ അറിയിച്ചു.
Tech
പുതിയ ഫീച്ചറുകൾ പരീക്ഷിക്കാനൊരുങ്ങി വാട്സ്ആപ്. നിലവിൽ ഏറ്റവും പുതിയ പരിഷ്ക്കാരങ്ങളെക്കുറിച്ച് ഔദ്യോഗികമായി പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപിൽ ഇനി മുതൽ ഗ്രൂപ്പിൽ സജീവമായ അംഗങ്ങളുടെ പേരുകൾ കൂടി കാണാൻ സാധിക്കും. ഗ്രൂപ്പുകളിൽ നിലവിലുള്ള ആക്ടിവിറ്റി ഇൻഡിക്കേറ്റർ കൂടുതൽ വ്യക്തമാക്കാൻ അധികൃതർ ഒരുങ്ങുകയാണ്.
പുതിയ അപ്ഡേറ്റിലൂടെ ഗ്രൂപ്പിൽ സജീവമായ അംഗങ്ങളുടെ പേരുകൾ കൂടി കാണാൻ സാധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഗൂഗിൾ പ്ലേ സ്റ്റോറിലെ വാട്ട്സ്ആപ്പ് ബീറ്റ ആൻഡ്രോയിഡ് 2.26.13.3 പതിപ്പിൽ, നിലവിൽ ഓൺലൈനിലുള്ള കോൺടാക്റ്റുകളുടെ പട്ടിക കാണാൻ സഹായിക്കുന്ന പുതിയ ഫീച്ചറും വാട്ട്സ്ആപ്പ് വികസിപ്പിച്ചുവരികയാണ്. ഭാവിയിലെ അപ്ഡേറ്റുകളിൽ ഈ സൗകര്യം ഉപഭോക്താക്കൾക്ക് ലഭ്യമാകും എന്ന് അറിയിച്ചിട്ടുണ്ട്.
പുതിയ മാറ്റം വരുന്നതോടെ ഓരോ ചാറ്റുകളും പ്രത്യേകം പരിശോധിക്കാതെ തന്നെ കോൺടാക്റ്റ് ലിസ്റ്റിലൂടെ കണ്ണോടിച്ചാൽ ആരെല്ലാം ലഭ്യമാണെന്ന് മനസ്സിലാക്കാൻ സാധിക്കും.ഉപഭോക്താക്കളുടെ സ്വകാര്യതാ ക്രമീകരണങ്ങളെ പൂർണ്ണമായും മാനിച്ചുകൊണ്ടായിരിക്കും ഈ ഫീച്ചർ പ്രവർത്തിക്കുക. ആരെങ്കിലും അവരുടെ ലാസ്റ്റ് സീൻ ഓഫ് ചെയ്തിട്ടുണ്ടെങ്കിൽ അവർ ഈ ഓൺലൈൻ ലിസ്റ്റിൽ ദൃശ്യമാകില്ല. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ ആദ്യം ബീറ്റാ ടെസ്റ്റർമാർക്കും പിന്നീട് എല്ലാ ഉപഭോക്താക്കൾക്കുമായി പുറത്തിറക്കും.
Tech
ചൈനീസ് എഐ ചാറ്റ്ബോട്ടായ ഡീപ്സീക്കിന് തടസം നേരിട്ടു. കഴിഞ്ഞ വർഷം ആർ1, വി3 മോഡലുകൾ ജനപ്രീതി നേടിയ ശേഷം ഉണ്ടായ ഏറ്റവും ദൈർഘ്യമേറിയ സേവന തടസമാണ് ചൈനീസ് എഐ ചാറ്റ്ബോട്ടായ ഡീപ്സീക്കിന് തിങ്കളാഴ്ച നേരിട്ടത്.
കമ്പനിയുടെ സ്റ്റാറ്റസ് പേജ് നൽകുന്ന വിവരമനുസരിച്ച്, പുലർച്ചെ ആരംഭിച്ച ആരംഭിച്ച തടസം ഏഴ് മണിക്കൂറും 13 മിനിറ്റും നീണ്ടുനിന്നു. തടസത്തിനുള്ള കൃത്യമായ കാരണം കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സെർവർ തകരാറുകൾ, സോഫ്റ്റ്വെയർ അപ്ഡേറ്റുകളിലെ പിഴവുകൾ എന്നിവയാകാം കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
മുൻപും സമാനമായ പ്രതിസന്ധികൾ ഡീപ്സീക്ക് നേരിട്ടിട്ടുണ്ട്. 2025 ജനുവരിയിൽ ഇതിന്റെ എപിഐ സേവനങ്ങൾ ഒരു ദിവസം വരെ നീണ്ടുനിന്ന തടസങ്ങൾ നേരിട്ടിരുന്നെങ്കിലും സാധാരണ ഉപയോക്താക്കൾക്കായുള്ള വെബ് ഇന്റർഫേസിൽ രണ്ട് മണിക്കൂറിൽ കൂടുതൽ നീളുന്ന ഒരു തടസം ഇതാദ്യമാണ്.
ആർ1 മോഡൽ സൗജന്യമായി ആഗോളതലത്തിൽ ലഭ്യമാക്കിയ സമയത്ത് വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളും കമ്പനിക്ക് നേരിടേണ്ടി വന്നിരുന്നു. വി4 എന്ന പേരിൽ അറിയപ്പെടാനിടയുള്ള തങ്ങളുടെ അടുത്ത തലമുറ മോഡലിനായുള്ള കാത്തിരിപ്പിനിടയിലാണ് ഈ സേവന തടസം ഉണ്ടായിരിക്കുന്നത്.
സിപു എഐ മിനിമോക്സ് എഐ, മൂൺഷോട്ട് എഐ തുടങ്ങിയ എതിരാളികൾ ശക്തമായ മുന്നേറ്റം നടത്തുന്ന ഈ ഘട്ടത്തിൽ, ഡീപ്സീക്കിന്റെ മൗനം ആഗോളതലത്തിൽ ചർച്ചയാകുന്നുണ്ട്.
Tech
ഇൻസ്റ്റാഗ്രാമിൽ പുതിയ പ്രീമിയം സബ്സ്ക്രിപ്ഷനായ ഇൻസ്റ്റാഗ്രാം പ്ലസ് ഏതാനും രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ മെറ്റ അവതരിപ്പിച്ചതായി റിപ്പോർട്ട്. സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് മാത്രം ലഭിക്കുന്ന നിരവധി സവിശേഷതകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്റ്റോറി പോസ്റ്റ് ചെയ്ത വ്യക്തി അറിയാതെ തന്നെ അത് കാണാനുള്ള സൗകര്യം, സ്വന്തം സ്റ്റോറികൾ എത്രപേർ വീണ്ടും കണ്ടുവെന്ന് അറിയാനുള്ള ഫീച്ചർ എന്നിവ ഇതിലുണ്ട്.
നിലവിലുള്ള ക്ലോസ് ഫ്രണ്ട്സ് പട്ടികയ്ക്ക് പുറമെ അൺലിമിറ്റഡ് ഓഡിയൻസ് ലിസ്റ്റുകൾ നിർമിക്കാനും ഓരോ സ്റ്റോറിയും ആരെല്ലാം കാണണമെന്ന് പ്രത്യേകമായി തീരുമാനിക്കാനും ഉപയോക്താക്കൾക്ക് സാധിക്കും.
കൂടാതെ, സ്റ്റോറികളുടെ കാലാവധി അധികമായി 24 മണിക്കൂർ കൂടി നീട്ടാനും ആഴ്ചയിലൊരിക്കൽ ഒരു സ്റ്റോറി സ്പോട്ട്ലൈറ്റ് ചെയ്യാനും ഇതിലൂടെ കഴിയും.
മറ്റുള്ളവരുടെ സ്റ്റോറികൾക്ക് അനിമേറ്റഡ് സൂപ്പർലൈക്ക് നൽകാനും വ്യൂവർ ലിസ്റ്റിൽ പ്രത്യേക വ്യക്തികൾ ഉണ്ടോ എന്ന് സെർച്ച് ചെയ്ത് കണ്ടെത്താനുമുള്ള സൗകര്യവും ഇതിന്റെ പ്രത്യേകതയാണ്.
മെക്സിക്കോ, ജപ്പാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലാണ് നിലവിൽ ഇതിന്റെ പരീക്ഷണം നടക്കുന്നത്. വെരിഫൈഡ് ബാഡ്ജിനായി നൽകുന്ന മെറ്റാ വെരിഫൈഡ് സബ്സ്ക്രിപ്ഷനിൽ നിന്നും വ്യത്യസ്തമായി സാധാരണ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഇൻസ്റ്റാഗ്രാം പ്ലസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഓരോ രാജ്യത്തും വ്യത്യസ്ത നിരക്കിലായിരിക്കും ഈ സേവനം ലഭ്യമാകുക. മെക്സിക്കോയിൽ ഏകദേശം 2.20 ഡോളറും, ജപ്പാനിൽ രണ്ട് ഡോളറും ഫിലിപ്പീൻസിൽ ഏകദേശം 1.07 ഡോളറുമാണ് എന്ന നിരക്കിലുമാണ് ഇതിനായി ഈടാക്കുന്നത്.
പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ആഗോളതലത്തിൽ ഇത് പുറത്തിറക്കുക എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Tech
മറ്റ് ചാറ്റ്ബോട്ടുകളിൽ നിന്നുള്ള വിവരങ്ങളും സംഭാഷണങ്ങളും ജെമിനിയിലേക്ക് മാറ്റാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചു. ഇതിനെ സഹായിക്കുന്ന തരത്തിലുള്ള സ്വിച്ചിംഗ് ടൂളാണ് അവതരിപ്പിച്ചിരിക്കുന്നത്.
സ്വിച്ചിംഗ് ടൂളുകൾ എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചർ വഴി വ്യക്തിഗത വിവരങ്ങൾ, താത്പര്യങ്ങൾ, പഴയ ചാറ്റ് ഹിസ്റ്ററികൾ എന്നിവ എളുപ്പത്തിൽ കൈമാറാൻ സാധിക്കും.
നിലവിൽ ഉപയോഗിക്കുന്ന ചാറ്റ്ബോട്ടിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ കോപ്പി ചെയ്ത് ജെമിനിയിൽ പേസ്റ്റ് ചെയ്തോ, അല്ലെങ്കിൽ ചാറ്റ് ലോഗുകൾ അടങ്ങിയ സിപ്പ് ഫയലുകൾ അപ്ലോഡ് ചെയ്തോ ഈ മാറ്റം സാധ്യമാക്കാം.
പഴയ പ്ലാറ്റ്ഫോമുകളിൽ നൽകിയിരുന്ന വിവരങ്ങൾ വീണ്ടും ആവർത്തിക്കാതെ തന്നെ ഉപയോക്താവിനെക്കുറിച്ച് മനസിലാക്കാൻ ജെമിനിയെ ഇത് സഹായിക്കുന്നു.
നിലവിൽ 75 കോടിയിലധികം സജീവ ഉപയോക്താക്കളുള്ള ജെമിനി, ഇത്തരം ഫീച്ചറുകളിലൂടെ കൂടുതൽ ആളുകളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്.
പഴയ സംഭാഷണങ്ങൾ ജെമിനിയിൽ തിരയാനും തുടർന്ന് സംസാരിക്കാനും സാധിക്കുന്നത് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാണ്.
മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ ഡിജിറ്റൽ ചരിത്രം നഷ്ടപ്പെടാതെ തന്നെ ജെമിനിയിലേക്ക് വരാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന നേട്ടം.
Tech
ബംഗാളി ഭാഷയിലും സ്വാഗതം പറഞ്ഞ അമേരിക്കൻ നിർമിത ഹ്യൂമനോയ്ഡ് റോബോട്ട് ഫിഗർ 3 യെ പരിചയപ്പെടുത്തി മെലാനിയ ട്രംപ്. യുഎസിലെ പ്രഥമ വനിത വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ഫോസ്റ്ററിംഗ് ദ ഫ്യൂച്ചർ ടുഗദർ എന്ന ആഗോള ഉച്ചകോടിയിൽ, അമേരിക്കൻ നിർമിത ഹ്യൂമനോയ്ഡ് റോബോട്ട് ഫിഗർ 3 വിരുന്നുകാരെ സ്വീകരിച്ചു.
ഫിഗർ 3 എന്ന ഹ്യൂമനോയ്ഡ് റോബോട്ടിനെ റോബോട്ടിക്സ് കമ്പനിയായ ഫിഗർ ആണ് നിർമിച്ചിരിക്കുന്നത്. 45 രാജ്യങ്ങളിൽ നിന്നുള്ള പ്രഥമ വനിതകൾ പങ്കെടുത്ത ചടങ്ങിൽ ബംഗാളി ഉൾപ്പെടെയുള്ള 11 വിദേശ ഭാഷകളിൽ ഫിഗർ 3, അതിഥികളെ സ്വാഗതം ചെയ്ത് വിസ്മയിപ്പിച്ചു.
ബംഗാളിയിൽ സ്വാഗതം എന്ന് അർഥം വരുന്ന വാക്കിനൊപ്പം ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, അറബിക്, ജാപ്പനീസ്, ഹീബ്രു, സ്ലോവേനിയൻ, യുക്രെയ്ൻ, ജോർജിയൻ ഭാഷകളിലും ഇത് സംസാരിച്ചു.
ഫ്രഞ്ച് പ്രഥമ വനിത ബ്രിജിറ്റ് മാക്രോൺ, ഇസ്രായേൽ പ്രഥമ വനിത സാറ നെതന്യാഹു എന്നിവരുൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് മെലാനിയ ട്രംപ് ഈ റോബോട്ടിനെ പരിചയപ്പെടുത്തിയത്.
മെഷ് തുണികൊണ്ട് പൊതിഞ്ഞ ശരീരവും കൃത്യതയാർന്ന സെൻസറുകളും കാമറകളും ഉള്ള ഈ റോബോട്ടിനെ വീട്ടുജോലികൾക്കായി രൂപകൽപ്പന ചെയ്ത ഒന്നായാണ് കമ്പനി വിശേഷിപ്പിക്കുന്നത്. വൈറ്റ് ഹൗസിലെ തന്റെ ആദ്യത്തെ ഹ്യൂമനോയ്ഡ് അതിഥിയായി ഫിഗർ 3യെ മെലാനിയ വിശേഷിപ്പിച്ചു.
വിദ്യാഭ്യാസ രംഗത്ത് ആർട്ടിഫിഷൽ ഇന്റലിജൻസ് പ്രസക്തിയെക്കുറിച്ച് സംസാരിച്ച അവർ, ഭാവിയിൽ എഐ സാങ്കേതികവിദ്യ മൊബൈൽ ഫോണുകളിൽ നിന്ന് മാറി മനുഷ്യരൂപത്തിലുള്ള ഹ്യൂമനോയ്ഡുകളിലേക്ക് മാറുമെന്നും ഇത് പഠനത്തിലും ദൈനംദിന ജീവിതത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ചൂണ്ടിക്കാട്ടി.
Tech
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഐ ഫോൺ ഉപയോക്താക്കൾ ആശങ്കയിൽ..! ഐ ഫോൺ ഹാക്ക് ചെയ്യാൻ ശേഷിയുള്ള ഡാർക്ക്സോർഡ് എന്ന സ്പൈ സോഫ്റ്റ്വെയർ ഓൺലൈനിൽ പ്രചരിക്കുന്നതാണ് ഐ ഫോൺ ഉപയോഗിക്കുന്നവരെ ആശങ്കയിലാഴ്ത്തിയത്.
ടെക് ക്രഞ്ച് എന്ന പ്രമുഖ സാങ്കേതിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്. ഐ ഫോൺ ഉപയോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ സൈബർ ഭീഷണിയാണിതെന്ന് ടെക് ക്രഞ്ച് വ്യക്തമാക്കുന്നു.
സോഫ്റ്റ്വെയറുകൾ പങ്കുവയ്ക്കുന്ന ഗിറ്റ്ഹബ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഈ സ്പൈവെയർ നിബന്ധനകളൊന്നുമില്ലാതെ ലഭിക്കും. സാങ്കേതിക വിദ്യയിൽ വലിയ പരിജ്ഞാനമില്ലാത്തവർക്കു പോലും ഇതുപയോഗിച്ച് ഹാക്കിംഗ് നടത്താൻ സാധിക്കും. ഇക്കാരണങ്ങളാൽ വലിയ സുരക്ഷാഭീഷണിയാണു നിലനിൽക്കുന്നതെന്നും സുരക്ഷാവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
മിനിറ്റുകൾക്കുള്ളിൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന ഈ സ്പൈവെയറിന് ഉപയോക്താവിന്റെ കോൺടാക്റ്റുകൾ, സന്ദേശങ്ങൾ, കോൾ ഹിസ്റ്ററി, പാസ്വേഡുകൾ എന്നിവ ചോർത്താൻ ശേഷിയുണ്ടെന്ന് ഐ വെരിഫൈയിലെ ഗവേഷകർ വ്യക്തമാക്കി.
ഐഒഎസ് 18 പോലുള്ള പഴയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളെയും ഐപാഡുകളെയും ആണ് പ്രധാനമായും ഇതു ബാധിക്കുന്നതെന്നും വിദഗ്ധർ.
അതേസമയം, ഗൂഗിളിലെ സുരക്ഷാ വിദഗ്ധരും സ്പൈ സോഫ്റ്റ്വെയർ ഭീഷണി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ആപ്പിൾ ഔദ്യോഗികമായി പ്രതികരിക്കുകയും ഉപയോക്താക്കൾ എത്രയും വേഗം സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശിക്കുകയും ചെയ്തു.
പുതിയ പതിപ്പുകളിൽ സ്പൈ സോഫ്റ്റ്വെയറുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും അതീവ സുരക്ഷ ആവശ്യമുള്ളവർ ലോക്ഡൗൺ മോഡ് ഉപയോഗിക്കണമെന്നും ആപ്പിൾ അധികൃതർ അറിയിച്ചു.
ആഗോളതലത്തിൽ 250 കോടിയിലധികം ആപ്പിൾ ഉപകരണങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ അപ്ഡേറ്റ് ചെയ്യാത്ത ദശല്ഷക്കണക്കിന് ഫോണുകൾ ഇപ്പോഴും സുരക്ഷാഭീഷണിയിലാണ്.
Tech
കഴിഞ്ഞ വർഷം ഓപ്പൺ എഐ തുടക്കം കുറിച്ച വീഡിയോ ജനറേഷൻ ആപ്പ് സോറ നിർത്തലാക്കാൻ തീരുമാനിച്ചു. ക്രിയേറ്റീവ് ടൂളുകളിലേക്കും സോഷ്യൽ മീഡിയയിലേക്കും വലിയ രീതിയിൽ സ്വാധീനം ചെലുത്താനുള്ള നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിലാണ് ആപ് പുറത്തിറക്കിയത്.
കമ്പ്യൂട്ടിംഗ് ചെലവുകൾ വർധിച്ച സാഹചര്യത്തിലും മറ്റ് മുൻഗണനാ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായാണ് ഇപ്പോൾ പിൻവലിക്കുന്നത് എന്ന് കമ്പ നി അറിയിച്ചിട്ടുണ്ട്.
റോബോട്ടിക്സ് മേഖലയെ സഹായിക്കുന്ന രീതിയിലുള്ള വേൾഡ് സിമുലേഷൻ ഗവേഷണങ്ങളിലേക്ക് സോറ ടീം ശ്രദ്ധ തിരിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു.
ലോഞ്ചിന് പിന്നാലെ വലിയ ജനപ്രീതി നേടിയെങ്കിലും പകർപ്പവകാശ ലംഘനം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സോറ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. ഡിസ്നിയുമായുള്ള കരാറുകൾ ഇതോടെ റദ്ദാക്കി.
സാധാരണ ഉപഭോക്താക്കൾക്ക് പകരം ബിസിനസ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഉത്പന്നങ്ങളിലേക്കു നിലവിലുള്ള സാഹചര്യത്തിൽ ഓപ്പൺഎഐ മാറും. ഗൂഗിൾ, ആന്ത്രോപിക് തുടങ്ങിയ കമ്പനികളിൽ നിന്നുള്ള ശക്തമായ മത്സരം നിലനിൽക്കെയാണ് ഈ പിൻമാറ്റം.
നിലവിൽ ആപ്പിലുള്ള ഉപയോക്താക്കളുടെ ഉള്ളടക്കം സുരക്ഷിതമായി മാറ്റുന്നതിനുള്ള വഴികൾ കമ്പനി ആലോചിക്കുന്നുണ്ടെന്നും അറിയിച്ചു.
Tech
വാട്സ്ആപ് ഐഫോൺ ഉപയോക്താക്കൾക്കായി പുതിയ ഓട്ടോട്രാൻസ്ലേറ്റ് ഫീച്ചർ പരീക്ഷിക്കാനൊരുങ്ങുന്നു. വാട്സ്ആപിലെ സന്ദേശങ്ങൾ 21 ഭാഷകളിലേക്ക് സ്വയമേവ വിവർത്തനം ചെയ്യാവുന്ന പുതിയ ഫീച്ചർ ഐഫോൺ ഉപയോക്താക്കൾക്കായി ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്.
ഈ പുതിയ അപ്ഡേറ്റ് വരുന്നതോടെ സ്പാനിഷ്, ഫ്രഞ്ച്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ലഭിക്കുന്ന സന്ദേശങ്ങൾ മറ്റൊരു ആപിന്റെയും സഹായമില്ലാതെ ചാറ്റ് വിൻഡോയിൽ തന്നെ വായിച്ചു മനസിലാക്കാൻ സാധിക്കും.
വാട്സ്ആപ് ബീറ്റ ഇൻഫോ നൽകുന്ന വിവരമനുസരിച്ച്, നിലവിൽ ഐഒഎസ് ബീറ്റ പതിപ്പിൽ പരീക്ഷിച്ചുവരുന്ന ഈ ഫീച്ചർ വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് സംഭാഷണങ്ങളിലും ഒരേപോലെ ലഭ്യമാകും.
ഈ ഓട്ടോട്രാൻസ്ലേറ്റ് ഫീച്ചർ നേരിട്ട് ചാറ്റ് സെറ്റിംഗിൽ ഉൾപ്പെടുത്താനാണ് വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. ഒരിക്കൽ എനേബിൾ ചെയ്താൽ വരുന്ന സന്ദേശങ്ങൾ ഉപയോക്താവ് തിരഞ്ഞെടുത്ത ഭാഷയിലേക്ക് താനേ വിവർത്തനം ചെയ്യപ്പെടും.
സന്ദേശങ്ങൾ ഫോണിനുള്ളിൽ വച്ചുതന്നെ വിവർത്തനം ചെയ്യാനായി ആപ്പിളിന്റെ ട്രാൻസ്ലേഷൻ എപിഐ ആണ് ഉപയോഗിക്കുന്നത്. അതിനാൽ സന്ദേശങ്ങൾ പുറത്തുള്ള സെർവറുകളിലേക്ക് അയക്കേണ്ടി വരുന്നില്ലെന്നും ഇത് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷിതമാക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൂടാതെ, ഇന്റർനെറ്റ് ഇല്ലാത്തപ്പോഴും വിവർത്തനം സാധ്യമാക്കാൻ ആവശ്യമായ ഭാഷാ പാക്കുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ടാകും.
നിലവിൽ സന്ദേശങ്ങൾ ഓരോന്നായി സെലക്ട് ചെയ്ത് ട്രാൻസ്ലേറ്റ് ചെയ്യേണ്ടി വരുന്നത് സമയം നഷ്ടപ്പെടുത്തുന്നതിനാൽ പുതിയ അപ്ഡേറ്റ് സന്ദേശങ്ങൾ തനിയെ വിവർത്തനം ചെയ്യുകയും യഥാർത്ഥ സന്ദേശം കാണാനുള്ള ഓപ്ഷനും ലഭ്യമാക്കും.
നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ വരും ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കളിലേക്കും എത്തും എന്ന് അറിയിച്ചിട്ടുണ്ട്.
Tech
ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺ എഐ വർഷാവസാനത്തോടെ ജീവനക്കാരുടെ എണ്ണം ഏകദേശം 8000ത്തിലെത്തിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
മാർക്കറ്റിൽ സ്വാധീനം വർധിപ്പിക്കാനും എതിരാളിയായ ആന്ത്രോപികിനെ മറികടക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിൽ 4,500 ജീവനക്കാരുള്ള കമ്പനി പ്രൊഡക്റ്റ് ഡെവലപ്മെന്റ്, എൻജിനിയറിംഗ്, റിസർച്ച്, സെയിൽസ് എന്നീ വിഭാഗങ്ങളിലാണ് പ്രധാനമായും നിയമനം നടത്തുന്നത്.
ഇതിനായി സാൻഫ്രാൻസിസ്കോയിൽ പുതിയ ഓഫീസ് സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇത് ഇന്ത്യയിലുള്ളവർക്കും പുതിയ സാധ്യതകൾ സൃഷ്ടിക്കുമെന്നും സൂചനകളുണ്ട്.
എഐ മേഖലയിൽ മത്സരം മുറുകുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾക്ക് കമ്പനി തയാറാകുന്നത്.
പെയ്മെന്റ് സ്ഥാപനമായ റാമ്പിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ ബിസിനസ് ഉപഭോക്താക്കൾ ഓപ്പൺ എഐയെക്കാൾ ആന്ത്രോപിക്കിന്റെ ഉത്പന്നങ്ങളാണ് കൂടുതൽ തെരഞ്ഞെടുക്കുന്നത്.
ഇതിനെ പ്രതിരോധിക്കാൻ സിഇഒ സാം ആൾട്ട്മാൻ, കന്പനിയുടെ പ്രധാന സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
കോഡിംഗ് മോഡലായ കോഡെക്സിനെ ചാറ്റ്ജിപിടിയുമായി സംയോജിപ്പിച്ച് ഉപഭോക്താക്കൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമായ ഏകീകൃത പ്ലാറ്റ്ഫോം നിർമിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
അതിവേഗത്തിലുള്ള വളർച്ചയുണ്ടെങ്കിലും ഓപ്പൺ എഐയും ആന്ത്രോപിക്കും വലിയ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
നൂതനമായ എഐ മോഡലുകൾ വികസിപ്പിക്കുന്നതിനു കമ്പ നി വലിയ തുക ചെലവാക്കുന്നത് നഷ്ടത്തിന് കാരണമാകുന്നു. അതിനാൽ വരുമാനം വർധിപ്പിക്കാനും ലാഭത്തിലേക്ക് നീങ്ങാനുമുള്ള വലിയ സമ്മർദത്തിലാണ് ഈ കമ്പനികൾ.
Tech
ബാങ്കിംഗ് സേവനങ്ങൾ മുതൽ വിദ്യാഭ്യാസം വരെ ഇന്റർനെറ്റിനെ ആശ്രയിക്കുന്ന ലോകത്ത്, ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും ഓഫ്ലൈനായി കഴിയുന്ന ഒരു രാജ്യത്തെക്കുറിച്ച് ആലോചിട്ടുണ്ടോ, അങ്ങനെയാരു രാജ്യമാണ് എറിത്രിയ.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഈ രാജ്യത്തെ ഒട്ടുമിക്ക ജനങ്ങൾക്കും ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ല. വടക്കു കിഴക്കൻ ആഫ്രിക്കയിൽ ചെങ്കടൽ തീരത്താണ് എറിത്രിയ എന്ന രാജ്യത്തിന്റെ സ്ഥാനം. ലോകത്തിലെ ഏറ്റവും കുറഞ്ഞ കണക്റ്റിവിറ്റിയുള്ള രാജ്യങ്ങളിലൊന്നായിട്ടാണ് എറിത്രിയ വിശേഷിപ്പിക്കപ്പെടുന്നത്.
പൗരന്മാർക്ക് ഇന്റർനെറ്റ് ലഭ്യത വളരെ പരിമിതമാണ്. അന്താരാഷ്ട്ര കണക്കുകൾ പ്രകാരം, ജനസംഖ്യയുടെ വളരെ ചെറിയൊരു ശതമാനത്തിന് മാത്രമേ ഇവിടെ ഇന്റർനെറ്റ് ലഭിക്കുന്നുള്ളൂ. ഭൂരിഭാഗം ആളുകളും പരമ്പരാഗത ആശയവിനിമയ മാർഗങ്ങളാണ് ഇപ്പോഴും ആശ്രയിക്കുന്നത്.
പ്രധാന നഗരങ്ങൾക്ക് പുറത്ത് ഡിജിറ്റൽ കണക്റ്റിവിറ്റി വളരെ അപൂർവമാണ്. എറിത്രിയയിലെ ഇന്റർനെറ്റ് സംവിധാനം പൂർണമായും സർക്കാരിന്റെ കർശന നിയന്ത്രണത്തിലാണ്. സർക്കാർ നടത്തുന്ന നെറ്റ്വർക്കുകൾ വഴി മാത്രമാണ് പ്രധാനമായും ഇന്റർനെറ്റ് ലഭ്യമാകുന്നത്, ഇതിന്റെ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങളുമുണ്ട്.
സ്വകാര്യ ഇന്റർനെറ്റ് സേവനങ്ങൾ പരിമിതമാണ്. അധികാരികൾ ഓൺലൈൻ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാൽ സാധാരണ പൗരന്മാർക്ക് ഇന്റർനെറ്റ് സ്വതന്ത്രമായി ഉപയോഗിക്കുന്നത് പ്രയാസകരമാണ്.
എറിത്രിയയിലെ മോശം അടിസ്ഥാന സൗകര്യങ്ങളാണ് കുറഞ്ഞ കണക്റ്റിവിറ്റിക്കുള്ള മറ്റൊരു പ്രധാന കാരണം. ബ്രോഡ്ബാൻഡ് സേവനങ്ങൾ വ്യാപകമല്ല, മൊബൈൽ ഇന്റർനെറ്റ് പരിധി പരിമിതവുമാണ്.
ഉയർന്ന ചെലവും കുറഞ്ഞ വേഗതയും കാരണം ഇന്റർനെറ്റ് ലഭ്യമാകുന്നവർപോലും അത് ഉപയോഗിക്കാൻ മടിക്കുന്നു. എറിത്രിയയിൽ ഇന്റർനെറ്റ് കഫേകൾ ഉണ്ടെങ്കിലും അവയുടെ എണ്ണം കുറവാണ്, അതൊടൊപ്പം കർശനമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവിടെയുള്ള പൗരന്മാർക്ക് സ്വന്തമായി കന്പ്യൂട്ടറുകളോ ഇന്റർനെറ്റ് സൗകര്യമുള്ള സ്മാർട്ട്ഫോണുകളോ ഇല്ലാത്തത് എറിത്രിയയും മറ്റ് രാജ്യങ്ങളും തമ്മിൽ വലിയ ഡിജിറ്റൽ വിടവ് സൃഷ്ടിക്കുന്നതിനു കാരണമാകുന്നു.
ഇന്റർനെറ്റിന്റെ അഭാവം വിദ്യാഭ്യാസം, ബിസിനസ്, ആശയവിനിമയം എന്നീ മേഖലകളെ സാരമായി ബാധിക്കുന്നുമുണ്ട്. വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമല്ല. ബിസിനസുകൾക് ആഗോള വിപണികളുമായി എളുപ്പത്തിൽ ബന്ധപ്പെടാനും സാധിക്കുന്നില്ല.
ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുന്പോൾ വിവരകൈമാറ്റങ്ങൾ ഏറെ മന്ദഗതിയിലാണ്. ലോകം അതിവേഗ ഡിജിറ്റൽ വളർച്ചയിലേക്ക് കുതിക്കുമ്പോഴും എറിത്രിയ ഇപ്പോഴും പിന്നിലാണ്.
Tech
മൈക്രോസോഫ്റ്റ് 365 ഡെസ്ക്ടോപ്പ് ആപ്പുകൾ ഉപയോഗിക്കുന്ന വിൻഡോസ് ഉപകരണങ്ങളിൽ കോപൈലറ്റ് ആപ്പ് താനേ ഇൻസ്റ്റാൾ ചെയ്യുന്നത് കമ്പനി ഇപ്പോൾ താത്കാലികമായി നിർത്തിവച്ചു.
വിൻഡോസിലും മറ്റ് സേവനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ ഉൾപ്പെടുത്തുന്ന രീതിയിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായാണ് ഈ നടപടി. മൈക്രോസോഫ്റ്റ് 365 അഡ്മിൻ ഡാഷ്ബോർഡ് വഴിയാണ് ഈ വിവരം പുറത്തുവിട്ടത്.
കോപൈലറ്റ് ആപ്പിന്റെ ഓട്ടോമാറ്റിക് ഇൻസ്റ്റാളേഷൻ പ്രൊസസ് എന്ന് പുനരാരംഭിക്കുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഉപകരണങ്ങളെ ഈ മാറ്റം ബാധിക്കില്ലെന്നും അഡ്മിനിസ്ട്രേറ്റർമാർക്ക് വേണമെങ്കിൽ മാനുവലായി ഇത് ഇൻസ്റ്റാൾ ചെയ്യാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
വേർഡ്, എക്സൽ, പവർപോയിന്റ് തുടങ്ങിയ ആപ്പുകളിൽ ഡോക്യുമെന്റുകൾ സംഗ്രഹിക്കാനും, പുതിയ ഉള്ളടക്കം നിർമ്മിക്കാനും, ക്ലൗഡ് സ്റ്റോറേജിലെ ഫയലുകൾ എളുപ്പത്തിൽ കണ്ടെത്താനും സഹായിക്കുന്ന എഐ ഫീച്ചറുകളാണ് ഈ ആപ്പിൽ പ്രധാനമായും ഉള്ളത്.
എഐ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കം. ഉപയോക്താക്കളിൽ നിന്നും ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും ഉയർന്നുവന്ന വിമർശനങ്ങളെത്തുടർന്നാണ് ഈ റോൾഔട്ട് നിർത്തിവെക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.
അതൊടൊപ്പം എഡ്ജ്, മൈക്രോസോഫ്റ്റ് 365 ആപ്പുകൾ, കോപൈലറ്റ് ചാറ്റ് തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങളിലുടനീളം കോപൈലറ്റിന്റെ സേവനം മൈക്രോസോഫ്റ്റ് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
Tech
വാട്സ്ആപ് കോളുകൾ ചെയ്യുന്പോൾ കൃത്യമായി കേൾക്കാനും പുറമെയുള്ള ശബ്ദം സംസാരിക്കുന്നത് തടസപ്പെടുത്തുന്നത് ഒഴിവാക്കാനുമുള്ള പുതിയ ഫീച്ചർ പണിപുരയിലാണ്. വാട്സ്ആപ് ഈ പുതിയ ഫീച്ചർ അടുത്ത അപ്ഡേറ്റുകളിൽ പുറത്തിറക്കുമെന്ന് അറിയിച്ചു.
വാട്സ്ആപ് ബീറ്റഇൻഫോയുടെ പുതിയ റിപ്പോർട്ട് പ്രകാരം, വാട്സ്ആപ് കോളുകൾ ചെയ്യുന്പോൾ വ്യക്തമായി കേൾക്കാൻ സാധിക്കുന്ന, പുറമെയുള്ള ശബ്ദം ഫിൽറ്റർ ചെയ്യുന്ന പുതിയ ഫീച്ചർ വരുന്നു.
അനാവശ്യമായ ശബ്ദങ്ങളെ ഇല്ലാതാക്കാൻ നോയിസ് കാൻസലേഷൻ സഹായിക്കുന്നു. ഉപയോക്താവിന്റെ ശബ്ദം മാത്രം കേൾക്കുകയും മറ്റ് ശബ്ദ സിഗ്നലുകളെ തത്സമയം കുറയ്ക്കുകയും ചെയ്തുകൊണ്ടാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്.
നിലവിൽ ഐഫോണുകളിലും ഐപാഡുകളിലും ആപ്പിൾ വോയിസ് ഐസൊലേഷൻ സൗകര്യം നേരിട്ട് നൽകുന്നുണ്ട്. ഇത് വാട്സ്ആപിന് ഫോണിലെ ഓഡിയോ സെറ്റിംഗ്സ് വഴി പ്രയോജനപ്പെടുത്താൻ സാധിക്കും.
എന്നാൽ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ഇത്തരമൊരു ബിൽറ്റ്-ഇൻ ഫീച്ചർ ലഭ്യമല്ല. പുതിയ അപ്ഡേറ്റിലൂടെയാണ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി നോയിസ് കാൻസലേഷൻ സൗകര്യം ഡിഫോൾട്ടായി ഉൾപ്പെടുത്താൻ വാട്സ്ആപ് ഒരുങ്ങുന്നത്.
ഒരു ഉപയോക്താവ് കോൾ വിളിക്കുമ്പോൾ വാട്സ്ആപ് തനിയെ നോയിസ് കാൻസലേഷൻ എനേബിൾ ചെയ്യും. ഈ മാറ്റം വാട്സ്ആപിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷയെ യാതൊരു തരത്തിലും ബാധിക്കില്ല എന്നതും ഉറപ്പ് നല്‍കുന്നുണ്ട്.
ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ കോളിംഗ് മെനുവിൽ ഈ ഫീച്ചർ എപ്പോൾ വേണമെങ്കിലും ഓഫാക്കാനുള്ള നിയന്ത്രണവും ഉണ്ടായിരിക്കും.
Auto
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് വാഹനം ഹോണ്ട ഒ ആൽഫ രാജസ്ഥാനിലെ തപുകര പ്ലാന്റിൽ നിർമിക്കുമെന്ന് കമ്പനി അറിയിച്ചു.
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമയും ഹോണ്ട കാർസ് ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ തകാഷി നക്കാജിമയും തമ്മിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഈ പ്രോജക്ട് നിർമിക്കുന്നതിനായി 1200 കോടി രൂപയുടെ നിക്ഷേപം നടത്തിയതായും ഈ വർഷം അവസാനം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കന്പനി അറിയിച്ചു.
പുതിയ പ്ലാന്റ് വരുന്നതിലുടെ ഇലക്ട്രിക് വാഹന മേഖലയിൽ രാജ്യത്തുടനീളം നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും ഭജൻലാൽ ശർമ പറഞ്ഞു.
Tech
വാട്സ്ആപ് ഇല്ലാത്തവർ വിഷമിക്കേണ്ട, നിങ്ങൾക്കും ഇനി മുതൽ വാട്സ്ആപ് സന്ദേശങ്ങൾ ലഭിക്കും. വാട്സ്ആപ് ഇല്ലാത്തവർക്കു മെസേജുകൾ വായിക്കാനും തിരികെ മറുപടി നല്‍കാനും സാധിക്കുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ് എത്തി.
വാട്സ്ആപ് ഇല്ലാത്തവർക്കു അക്കൗണ്ട് ക്രിയേറ്റ് ചെയ്യാതെ തന്നെ ഒരു ലിങ്കിലുടെ വാട്സ്ആപ് ചാറ്റിലെക്കു ജോയിൻ ചെയ്യുവാനും മെസേജുകൾക്ക് മറുപടി അയക്കുവാനും സാധിക്കും.
ഒരു ഐഡന്റിഫയർ ഉപയോഗിച്ച് എൻക്രിപ്ഷൻ കീ നിർമിക്കും, സാധാരണ വാട്സ്ആപ് ചാറ്റുകൾ പോലെ തന്നെ ഇവയും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ്, ആയിരിക്കും.
വാട്സ്ആപ് ഗസ്റ്റ് ഫീച്ചർ ആൻഡ്രോയ്ഡിലും ഐഒഎസിലും ലഭ്യമാകും. പുതിയ അക്കൗണ്ട് എടുക്കാതെ തന്നെ സാധാരണ ഉപയോക്താക്കൾക്കു ലഭ്യമാകുന്ന എല്ലാ ഫീച്ചറുകളും വാട്സ്ആപ് ഗസ്റ്റ് ഫീച്ചർ ഉപയോക്താക്കൾക്കു സാധിക്കും.
വാട്സ്ആപ് ഗസ്റ്റ് ഫീച്ചർ ഉപയോക്താക്കൾക്കു ഒരു ലിങ്കിലുടെയോ ഇൻവിറ്റേഷനിലൂടെയോ ചേരുന്ന ചാറ്റിൽ മെസേജുകൾ അയക്കാൻ സാധിക്കും ഇതിനായി പുതിയ അക്കൗണ്ട് സൃഷ്ട്ടിക്കേണ്ടതില്ല.
എന്നാൽ ഈ ഫീച്ചറിലുടെ പരിമിതമായ സേവനങ്ങൾ മാത്രമേ ഉപയോക്താക്കൾക്കു ആസ്വദിക്കുവാൻ സാധിക്കൂ. ഉപയോക്താക്കൾക്കു എന്നു മുതൽ ഈ സേവനം ലഭ്യമാകും എന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പു ഒന്നും ലഭിച്ചിട്ടില്ല.
നിലവിൽ ആൻഡ്രോയ്ഡിലും ഐഒഎസിലും പ്രത്യേക വാട്സ്ആപ് ഉപയോക്താക്കൾക്കു മാത്രമാണ് ഈ സേവനം ലഭ്യമാകുന്നതെന്നും അടുത്ത അപ്ഡേറ്റഡ് പതിപ്പുകളിൽ മറ്റുള്ളവർക്കും ലഭ്യമാകുമെന്നും റിപ്പോർട്ടുണ്ട്.
Special News
കലിഫോര്‍ണിയ: നക്ഷത്ര നിബിഡമായ ആകാശത്തേക്ക് നോക്കുമ്പോള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഈ പ്രപഞ്ചത്തില്‍ മനുഷ്യൻ തനിച്ചാണോ എന്ന്? ഈ ചോദ്യത്തിനുള്ള ഉത്തരം തേടി മനുഷ്യകുലം നടത്തിയ ഏറ്റവും വലിയ ജനകീയ പരീക്ഷണമായിരുന്നു SETI@Home. നീണ്ട 21 വര്‍ഷത്തെ നിരീക്ഷണങ്ങള്‍ക്കും ഡാറ്റാ വിശകലനങ്ങള്‍ക്കും ശേഷം, അന്യഗ്രഹജീവികളുടെ തെളിവുകള്‍ക്കായി ശേഖരിച്ച 1200 കോടി സിഗ്നലുകളെ വിശകലനം ചെയ്തു നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണ് ഗവേഷകര്‍.
എന്താണ് SETI@home?
1999ല്‍ കലിഫോര്‍ണിയ സര്‍വകലാശാലയിലെ (ബെര്‍ക്ക്ലി) ഗവേഷകര്‍ ആരംഭിച്ച ഈ പദ്ധതി ലോകമെമ്പാടുമുള്ള സാധാരണക്കാരായ മനുഷ്യരെയാണ് ശാസ്ത്രഗവേഷണത്തിന്റെ ഭാഗമാക്കിയത്. പ്യൂര്‍ട്ടോ റിക്കോയിലെ വിഖ്യാതമായ അറെസിബോ റേഡിയോ ടെലിസ്കോപ്പ് ശേഖരിക്കുന്ന ഭീമമായ ഡാറ്റ വിശകലനം ചെയ്യാന്‍ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ക്കു പകരം ലക്ഷക്കണക്കിന് ആളുകളുടെ പേഴ്സണല്‍ കമ്പ്യൂട്ടറുകളെ ഇന്റര്‍നെറ്റ് വഴി കോര്‍ത്തിണക്കി. സന്നദ്ധസേവകര്‍ അവരുടെ കംപ്യൂട്ടറുകളില്‍ ഒരു സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്തു, അതു ബഹിരാകാശത്തുനിന്നുള്ള തരംഗങ്ങളെ തരംതിരിച്ചു.
1200 കോടിയില്‍നിന്ന് 100ലേക്ക്
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ 1200 കോടിയിലധികം -സിഗ്നലുകള്‍- ഈ പ്രോജക്ടിലൂടെ തിരിച്ചറിഞ്ഞു. പ്രോജക്ട് കോ-ഫൗണ്ടര്‍ ഡേവിഡ് ആന്‍ഡേഴ്സന്റെ അഭിപ്രായത്തില്‍- ആകാശത്തിന്റെ ഒരു പ്രത്യേക കോണില്‍നിന്നും ഒരു നിശ്ചിത ഫ്രീക്വന്‍സിയില്‍ പെട്ടെന്നുണ്ടായ ഊര്ജസ്ഫോടനങ്ങള്- ആയിരുന്നു ഇവ. നിലവില്‍ ഭീമമായ ഡാറ്റയെ അരിച്ചുപെറുക്കി ഏറ്റവും പ്രധാനപ്പെട്ട 100 സിഗ്നലുകളിലേക്ക് ഗവേഷകര്‍ എത്തിയിട്ടുണ്ട്. ഇവ അന്യഗ്രഹജീവന്റെ അടയാളങ്ങളാണോ എന്നു വീണ്ടും പരിശോധിച്ചുവരികയാണ്.
വെല്ലുവിളികള്‍
അന്യഗ്രഹ ജീവികള്‍ അയയ്ക്കുന്ന സന്ദേശങ്ങളെ ഭൂമിയിലെ റേഡിയോ തരംഗങ്ങളിൽനിന്നും ശബ്ദകോലാഹലങ്ങളില്‍നിന്നും വേര്‍തിരിച്ചെടുക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമായ ജോലിയാണ്. നമ്മള് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ മുതല്‍ സാറ്റലൈറ്റുകള്‍ വരെ ബഹിരാകാശ സിഗ്നലുകളെ വഴിതെറ്റിക്കാം. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സഹായമുണ്ടെങ്കിലും ഓരോ സിഗ്നലും കൃത്യമായി പരിശോധിക്കാന്‍ മനുഷ്യന്റെ ഇടപെടല്‍ അത്യാവശ്യമാണ്. ഞങ്ങള്‍ പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങള്‍ നടന്നത്. എന്നാല്‍, ഭാവിയിലെ ഗവേഷണങ്ങള്‍ക്ക് ഒരു പുതിയ ദിശാബോധം നല്കാന് ഈ പ്രോജക്ടിനു സാധിച്ചു...- ഗവേഷകര്‍ പറഞ്ഞു.
ഭാവിയിലേക്കുള്ള വാതില്‍
നമ്മള് ഒരുപക്ഷേ അന്യഗ്രഹ ജീവികളെ കണ്ടെത്തിയെന്നു വരില്ല, പക്ഷേ, ബഹിരാകാശത്തെ നിശബ്ദതയില്‍നിന്ന് എപ്പോഴെങ്കിലും ഒരു സന്ദേശം വന്നാല്‍ അതു തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ നമ്മള് വികസിപ്പിച്ചു കഴിഞ്ഞു. ഈ മഹാപ്രപഞ്ചത്തില്‍ നമ്മള് ഒറ്റയ്ക്കല്ല എന്ന വിശ്വാസത്തിനു ശാസ്ത്രീയമായ അടിത്തറ നല്കാന് ഗവേഷണത്തിനു കഴിഞ്ഞെന്നും ശാസ്ത്രലോകം പറയുന്നു.
Business
വാഷിംഗ്ടൺ: സാധാരണ വൈഫൈ റൂട്ടറുകൾ ഉപയോഗിച്ച് ഭിത്തിക്കപ്പുറമുള്ള മനുഷ്യചലനങ്ങളെ ത്രീഡി രൂപത്തിൽ കാണാൻ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചു ഗവേഷകലോകം. വീടുകളിലും ഓഫീസുകളിലും ഇന്റർനെറ്റ് കണക്ഷനായി ഉപയോഗിക്കുന്ന വൈഫൈ സിഗ്നലുകൾക്ക് ഇനി ഭിത്തിക്ക് അപ്പുറമുള്ള കാര്യങ്ങൾ ഒപ്പിയെടുത്തു കാണിക്കാൻ കഴിയും.
അമേരിക്കയിലെ കാർണഗീ മെലോൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യയാണ് വൈഫൈ സിഗ്നലുകൾ ഉപയോഗിച്ചു മനുഷ്യസാന്നിധ്യം കണ്ടെത്തുന്നത്. കാമറകളോ വിലകൂടിയ സെൻസറുകളോ ഇല്ലാതെതന്നെ ഒരു മുറിക്കുള്ളിലെ ആളുകളുടെ കൃത്യമായ സ്ഥാനവും ചലനങ്ങളും തിരിച്ചറിയാൻ ഇതിലൂടെ സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
പ്രവർത്തനം എങ്ങനെ
സാധാരണ വൈഫൈ റൂട്ടറുകളിൽ ഡീപ് ലേണിംഗ് അൽഗോരിതം ഉപയോഗിച്ചാണ് ഗവേഷകർ ഇതു സാധ്യമാക്കിയതെന്നു പറയാം. വൈഫൈ സിഗ്നലുകൾ തടസങ്ങളിലൂടെ കടന്നുപോകുമ്പോഴും വസ്തുക്കളിൽ തട്ടി പ്രതിഫലിക്കുമ്പോഴും ഉണ്ടാകുന്ന മാറ്റങ്ങളെ ആഴത്തിൽ വിശകലനം ചെയ്താണ് ഇതു പ്രവർത്തിക്കുന്നത്.
ഡീപ് ലേണിംഗ് അൽഗോരിതങ്ങളും ന്യൂറൽ നെറ്റ്വർക്കുകളും ഉപയോഗിച്ച് ഈ സിഗ്നലുകളെ മനുഷ്യശരീരത്തിന്റെ ത്രീഡി രൂപങ്ങളായി മാറ്റാൻ ഗവേഷകർക്കു കഴിഞ്ഞു. ഒരാൾ ഇരിക്കുകയാണോ നിൽക്കുകയാണോ എന്നും ഒരേസമയം ഒന്നിലധികം പേരുടെ സാന്നിധ്യവും തിരിച്ചറിയാൻ ഈ സംവിധാനത്തിനു സാധിക്കുമെന്നതാണ് പ്രത്യേകത.
ഏറെയാണ് ഗുണങ്ങൾ
പ്രധാനമായും സുരക്ഷാ മേഖലകളിലും ആരോഗ്യരംഗത്തുമാണ് ഈ സാങ്കേതികവിദ്യ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരിക. പ്രായമായവർ വീട്ടിൽ തനിച്ചായിരിക്കുമ്പോൾ അവർ വീഴുകയോ മറ്റോ ചെയ്താൽ ക്യാമറകൾ സ്ഥാപിക്കാതെതന്നെ അതു തിരിച്ചറിയാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഭൂകമ്പം പോലെയുള്ള അപകടങ്ങളിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ഇതു സഹായിക്കും. നിലവിലുള്ള വൈഫൈ റൂട്ടറുകൾക്കു സോഫ്റ്റ്വയർ മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതി എന്നതിനാൽ ഇതു വളരെ ലാഭകരമാണ്.
സ്വകാര്യത എന്ന വലിയ ചോദ്യം
ഈ കണ്ടുപിടിത്തം വലിയ പ്രതീക്ഷകൾ നൽകുന്നതോടൊപ്പംതന്നെ ഗൗരവകരമായ സ്വകാര്യത പ്രശ്നങ്ങളും ഉയർത്തുന്നുണ്ട്. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ വീടിനു പുറത്തുനിന്നു വൈഫൈ സിഗ്നലുകൾ വഴി അകത്തെ ചലനങ്ങൾ നിരീക്ഷിക്കാൻ സാധിക്കുമെന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്. ഇതു ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകൾ ഏറെയാണെന്ന് സാങ്കേതിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എന്നിരുന്നാലും, സാങ്കേതികവിദ്യ അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും സ്വകാര്യത ഉറപ്പുവരുത്താനുള്ള സുരക്ഷാ സംവിധാനങ്ങൾകൂടി ഇതിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഗവേഷകർ പറയുന്നു.
Tech
വണ്‍പ്ലസ് 15ആര് ആഗോള വിപണിയില്‍ പുറത്തിറങ്ങി. 7,400എംഎച്ച് ബാറ്ററിയുമായാണ് ഫോണ്‍ എത്തുന്നത്.
ആര്-സീരീസിലെ ഇതുവരെയുള്ള ഏറ്റവും ശക്തമായ സ്മാര്‍ട്ട്ഫോണ്‍ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്.
പ്രത്യേകതകള്‍
5 ജി, 4ജി ലൈറ്റ്, വൈ-ഫൈ ഏഴ്, ബ്ലൂടൂത്ത് 6.0, എന്‍എഫ്സി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, ജിപിഎസ്, ഗലീലിയോ എന്നിവയെ പിന്തുണയ്ക്കുന്നു.
അള്‍ട്രാസോണിക് ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ്, സ്റ്റീരിയോ സ്പീക്കറുകള്‍ തുടങ്ങിയവയും സവിശേഷതകളാണ്.
12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 47,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനും 52,999 രൂപയുമാണ് വില.
മിന്റ് ബ്രീസ്, ഇലക്ട്രിക് വയലറ്റ്, ചാര്‍ക്കോള്‍ ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ ലഭ്യമാണ്.
Tech
ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഒരു ഐഫോണില്‍ രണ്ട് വാട്സ്ആപ്പ് ഉപയോഗിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി മെറ്റ. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഏര്‍പ്പെടുത്തിയ ഫീച്ചറാണ് ഐഫോണ്‍ ഉപയോക്താക്കള്‍ക്കും നല്‍കുന്നത്.
ഇതിലുടെ പഴ്സണല്‍ നമ്പറും ഒഫീഷ്യല്‍ നമ്പറും ഒരു ഫോണില്‍ ഉപയോഗിക്കാന്‍ കഴിയും. ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ ടെസ്റ്റിംഗിലാണെന്ന് വാട്സ്ആപ്പ് ട്രാക്കറായ വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകാതെ എല്ലാവര്ക്കും ഇതുലഭ്യമാകും.
ഐഫോണുകളിലെ വാട്സ്ആപ്പ് സെറ്റിംഗ്സില് അക്കൗണ്ട് ലിസ്റ്റ് എന്നൊരു പുതിയ ഓപ്ഷന് പ്രത്യക്ഷപ്പെടും. ഇത് കൂടാതെ ക്യുആര്‍ കോഡ് ഐക്കണിന് അടുത്തായി ഒരു + ബട്ടണും പ്രത്യക്ഷപ്പെടും. ഇതുവഴി രണ്ടാമതൊരു വാട്സ്ആപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം.
വാട്സ്ആപ്പിലെ ഓരോ അക്കൗണ്ടിനും അതിന്റേതായ ചാറ്റ് ഹിസ്റ്ററി, ബാക്കപ്പുകള്‍, പ്രൈവസി സെറ്റിംഗ്സുകള് എന്നിവ ഉണ്ടായിരിക്കും. വാട്സ്ആപ്പിലേക്ക് ഒരു സന്ദേശം വരുമ്പോള്‍, അത് ഏത് അക്കൗണ്ടിലേക്കാണെന്ന് നോട്ടിഫിക്കേഷനില്‍ സൂചിപ്പിക്കും.
അതേസമയം വാട്സ്ആപ്പ് ഉപയോക്താക്കളെ സംബന്ധിച്ച് അത്ര സുഖകരമല്ലാത്ത ഒരു റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ വാട്സ്ആപ്പില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്നും 350 കോടി ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഭീഷണിയിലായെന്നുമാണ് കണ്ടെത്തിയത്.
വിയെന്ന സര്‍വകലാശാലയിലെ സുരക്ഷാ ഗവേഷകരാണ് സുരക്ഷാവീഴ്ച കണ്ടെത്തിയത്.
Tech
ഐഫോണുകള്‍ കൊണ്ടുനടക്കാന്‍ ചെറിയൊരു തുണിസഞ്ചി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ജാപ്പനീസ് ഫാഷന്‍ ഹൗസായ ഇസേ മിയാകെയുമായി സഹകരിച്ച് ഐഫോണ്‍ പോക്കറ്റ് എന്നൊരു ഉത്പന്നമാണ് കമ്പനി പുറത്തിറക്കിയത്.
ലിമിറ്റഡ് എഡിഷന് വെയറബിള്‍ പോക്കറ്റ് ആണിത്. ഐഫോണോ അതുപോലെയോ ഉള്ള ചെറിയ ഡിവൈസുകള്‍ സൂക്ഷിക്കാന്‍ പാകത്തിലുള്ള വലിപ്പമേ ഐഫോണ്‍ പോക്കറ്റ് എന്ന ആക്സസറിക്കുള്ളൂ.
ഇത് കെെയില്‍ കൊണ്ടുനടക്കാം, ബാഗുകളില്‍ കെട്ടിവച്ച് ഉപയോഗിക്കാം, വേണമെങ്കില്‍ ശരീരത്തില്‍ തൂക്കിയിടുകയും ചെയ്യാം. രണ്ട് സ്ട്രാപ്പ് വേരിയന്റുകളാണ് പുതിയ ഐഫോണ്‍ പോക്കറ്റിനുണ്ടാവുക.
ഒന്ന് നീളം കുറഞ്ഞ സ്ട്രാപ്പുള്ളതും ഒന്ന് നീളം കൂടിയ സ്ട്രാപ്പുള്ളതും. നീളം കുറഞ്ഞതിന് 149.95 ഡോളറും (13200 രൂപയോളം) നീള മേറിയതിന് 229.95 ഡോളറും (20400 രൂപയോളം) ആണ് വില. ഇന്ത്യയില്‍ ഇത് എത്തുമോ എന്ന് വ്യക്തമല്ല.
ഐഫോണ്‍ പോക്കറ്റ് നീളം കുറഞ്ഞ സ്ട്രാപ്പ് വേരിയന്റ് ലെമണ്‍, മാന്ഡറിന്, പര്‍പ്പിള്‍, പിങ്ക്, പീക്കോക്ക്, സഫയര്‍, സിന്നാമന്‍, ബ്ലാക്ക് എന്നീ വ്യത്യസ്ത നിറങ്ങളില്‍ വില്പനയ്ക്കെത്തും. നീളമേറിയ സ്ട്രാപ്പുള്ള വേരിയന്റിന് സഫയര്‍, സിന്നാമന്‍, കറുപ്പ് നിറങ്ങളാണുണ്ടാവുക.
ഫ്രാന്‍സ്, ചൈന, ഇറ്റലി, ജപ്പാന്, സിംഗപ്പുര്‍, ദക്ഷിണ കൊറിയ, യുകെ, യുഎസ് എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ആപ്പിള്‍ സ്റ്റോറുകളിലാണ് ഐഫോണ്‍ പോക്കറ്റ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.
Tech
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ഐക്യു 15 ഇന്ത്യയിലെത്തുന്നത് 50എംപി ട്രിപ്പിള്‍ കാമറയുമായി. ഐക്യു 15ന്റെ പ്രധാന പ്രത്യേകതകള്‍ ആമസോണ്‍ മൈക്രോസൈറ്റിലൂടെ കമ്പനി പുറത്തുവിട്ടു.
നവംബര്‍ 26ന് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.
സവിശേഷതകള്‍
Tech
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണായ വണ്‍പ്ലസ് 15 ചൈനയില്‍ 27നു പുറത്തിറങ്ങും. എന്നാല്‍ ഇന്ത്യയില്‍ എപ്പോള്‍ വിപണിയില്‍ ഇറക്കുമെന്നതിനെ കുറിച്ച് കമ്പനി വ്യക്തത വരുത്തിയിട്ടില്ല. എന്നിരുന്നാലും നവംബറില്‍ ഇന്ത്യയില്‍ ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറുമായി ഫോണ്‍ വിപണിയില്‍ എത്തുന്നത്. കൂടാതെ ട്രിപ്പിള്‍ കാമറ സജ്ജീകരണവും വണ്‍പ്ലസ് 13 സീരീസിനെ അനുസ്മരിപ്പിക്കുന്ന രൂപകല്‍പ്പനയും ഇതില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവും വണ്‍പ്ലസിന് പുതിയ മോഡലിന് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഏറ്റവും വലിയ ബാറ്ററി പാക്കോടുകൂടിയാണ് വണ്‍ പ്ലസ് വിപണിയില്‍ എത്തുക. 7300 എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിന്റെ പ്രധാന ആകര്‍ഷണം.
ബാറ്ററി 100 വാട്ട്സ് വയേര്‍ഡ് ചാര്‍ജിംഗും 50 വാട്ട്സ് വയര്‍ലെസ് ചാര്ജിംഗുമായിരിക്കും ഉണ്ടാവുക. എന്നാല്‍ റിവേഴ്സ് ചാര്‍ജിംഗ് ഉണ്ടാകുമോ എന്നത് സംബന്ധിച്ച് ഒരു വിവരവും നല്‍കിയിട്ടില്ല. 6.78 ഇഞ്ച് ഡിസ്പ്ലേ ആയിരിക്കും മറ്റൊരു പ്രത്യേകത.
8.1 എംഎം കനവും 211-215 ഗ്രാം ഭാരവുമായിരിക്കും ഫോണിനുണ്ടായിരിക്കുക. വണ്‍ പ്ലസിന്റെ സാന്‍ഡ് ഡ്യൂണ്‍ നിറത്തിന് പുറമെ കറുപ്പും പര്‍പ്പിള്‍ നിറത്തിലും പുതിയ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വണ്‍പ്ലസ് 15 ഫൈവ്ജിക്ക് ഇന്ത്യയില്‍ 70,000 രൂപയ്ക്ക് അടുത്ത് വില വരുമെന്നാണ് കരുതുന്നത്.
Tech
ചെറുതും വലുതുമായി നിരവധി മാറ്റങ്ങളാണ് വാട്സ്ആപില് ദിനവും വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പുതിയ ഒരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്. മെസേജുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ തെറ്റിപ്പോകുമോ എന്ന ആശങ്കയ്ക്ക് ഇതോടെ പരിഹാരമാകുകയാണ്.
വാട്സ്ആപ് സന്ദേശങ്ങള്‍ വടിവൊത്ത ഭാഷയിലാക്കി മാറ്റുന്ന എഐ അധിഷ്ഠിത റൈറ്റിംഗ് ഹെല്പ് ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. വാട്സ്ആപില് വ്യക്തികള്‍ക്കോ ഗ്രൂപ്പുകളിലോ ഒരു മെസേജ് ടൈപ്പ് ചെയ്യുമ്പോള്‍ പേന ഐക്കണ്‍ കാണാനാകും.
നിങ്ങളൊരു മെസേജ് ടൈപ്പ് ചെയ്ത് തുടങ്ങിയാല്‍ ഈ പെന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിര്‍ദേശങ്ങളടങ്ങുന്ന വരികളുള്ള ഒരു പോപ്അപ്പ് ഉയര്‍ന്നുവരും. ഇതില്‍നിന്ന് നിങ്ങളുടെ ഏറ്റവും ഉചിതമെന്ന് തോന്നുന്ന വാചകം സെലക്ട് ചെയ്യുക.
ഇതോടെ ഈ മെസേജ്, നിങ്ങള്‍ നേരത്തെ ടൈപ്പ് ചെയ്തുവച്ച മെസേജിനെ റീപ്ലേസ് ചെയ്യും. ഗ്രാമര്‍ തെറ്റുകളും അക്ഷരത്തെറ്റുകളുമുണ്ടാകുമോ എന്നിങ്ങനെയുള്ള ആശങ്കകളും ഒഴിവാക്കാം. ഈ ഫീച്ചര്‍ വാട്സ്ആപ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങി.
പ്രൈവറ്റ് പ്രൊസസിംഗ് സാങ്കേതികവിദ്യയിലുള്ള ഈ സംവിധാനം ആരുടെയെങ്കിലും മെസേജുകള്‍ കോപ്പി ചെയ്യുകയോ സ്വകാര്യതയെ ഹനിക്കുകയോ ചെയ്യില്ലെന്നും മെറ്റ അറിയിച്ചു.
Tech
ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ്. "അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി' എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഫീച്ചര്‍ വാട്സ്ആപ്പില്‍ വരുന്ന മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍ സേവ് ആകുന്നത് തടയും.
വാട്സ്ആപ്പിന്റെ ഫീച്ചര്‍ ട്രാക്കിംഗ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. ഇതുവരെ വാട്സ്ആപ്പ് അയച്ച ഫയലുകള്‍ സ്വീകര്‍ത്താവിന്റെ ഡിവൈസില്‍ ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ അപ്ഡേറ്റിന് ശേഷം, ഓട്ടോ-സേവ് ഓപ്ഷന് ഓണാക്കണോ ഓഫാക്കണോ എന്ന് അയയ്ക്കുന്ന ഉപയോക്താവിന് സ്വയം തീരുമാനിക്കാന്‍ കഴിയും. ഒപ്പം മുഴുവന്‍ ചാറ്റും എക്സ്പോര്‍ട്ട് ചെയ്യുന്നതും ഫോര്‍വേഡ് ചെയ്യുന്നതും തടയും.
ഉപയോക്താക്കള്‍ ഈ സ്വകാര്യതാ ഫീച്ചര്‍ ഓണാക്കിയാല്‍ അവരെ "അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി'യുടെ ഭാഗമായി കണക്കാക്കും. ഇതിനുശേഷം അവര്‍ക്ക് ആ ചാറ്റില്‍ മെറ്റാ എഐ ഉപയോഗിക്കാന്‍ കഴിയില്ല.
താമസിയാതെ ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
Tech
റിയല്‍മി പി3 പ്രോ 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ ഫെബ്രുവരി 18ന് അവതരിപ്പിക്കും. ക്വാല്ക്വാമിന്റ സ്നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 3 എസ്ഒസി ചിപ്സെറ്റിലുള്ള ആദ്യ സെഗ്മെന്റ് ഫോണാണ് റിയല്‍മി പി3 പ്രോ.
മെച്ചപ്പെട്ട കാര്യക്ഷമത, 20 ശതമാനം മെച്ചപ്പെട്ട സിപിയു പ്രകടനം, മുമ്പത്തെ ശ്രേണികളെ അപേക്ഷിച്ച് ജിപിയു ശേഷികളില്‍ 40 ശതമാനം വര്‍ധന എന്നിവ വാഗ്ദാനം ചെയ്യുന്നു. ഫോണില്‍ 50 എംപി ഡ്യുവല്‍ റിയര്‍ കാമറയുണ്ടാകും.
ഇതിന് 32 എംപി സെല്‍ഫി കാമറയും ഉണ്ടാകും. 80 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് സഹിതം 6,000 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മി പി3 പ്രോയുടെ മറ്റൊരു കരുത്ത്. ഈ ഫോണ്‍ 30 മിനിറ്റിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
അത്യാധുനിക എയ്റോസ്പേസ് കൂളിംഗ് സംവിധാനത്തോടെയാണ് ഫോണ്‍ വരിക, ഇത് ഗെയിമിംഗിനെ ആശ്രയിക്കുന്നവര്‍ക്ക് ആശ്വാസം നല്കുന്ന ഫീച്ചറായിരിക്കും. ഫോണിലെ ജിടി ബൂസ്റ്റ് ടെക്നോളജിയും ഗെയിമിംഗ് മികവ് വര്‍ധിപ്പിക്കും.