Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്ഐടി ഹൈക്കോടതിയില്‍. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
അതേസമയം, വിഗ്രഹങ്ങൾക്ക് പിന്നിൽ സ്ഥാപിക്കുന്ന പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താൻ ഹൈക്കോടതി അനുമതി നല്കി. പ്രഭാ മണ്ഡലത്തിലെയും വാതിലിലെയും സാമ്പിളുകൾ കോടതി ശേഖരിക്കും.
2019 ൽ സ്മാർട്ട് ക്രിയേഷൻസ് യഥാർഥ പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണം 'സ്ട്രിപ്പിംഗ് സാൾട്ട്' ഉപയോഗിച്ച് വേർതിരിച്ചെടുത്തു. പ്രത്യേക തരം രാസമിശ്രിതമാണ് ഇത്. ഇതിന്റെ സാമ്പിൾ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ജംഷഡ്പൂർ എന്‍എംഎലിലെ റിപ്പോർട്ട് അന്വേഷണത്തിൽ നിർണായക സഹായം ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പന്തളം കടക്കാട്, കുംബാര വീട്ടിൽ മുഹമ്മദ് അനസ് (19), ആലുമുക്ക് തടത്തരികത്തു വീട്ടിൽ അനന്ദു (19)എന്നിവരാണ് പിടിയിലായത്.
മണ്ണന്തല, തമ്പാനൂർ സ്റ്റേഷൻ പരിധികളിൽ നടന്ന മോഷണങ്ങളിലാണ് പ്രതികളെ പിടികൂടിയത്. അനസ് നാലാഞ്ചിറ സ്വദേശിയുടെ ഏകദേശം രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് പിടിയിലായത്. ജൂൺ ഒന്നിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
മേയ് മൂന്നിന് തമ്പാനൂർ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന കാട്ടായിക്കോണം സ്വദേശിയുടെ വാഹനം മോഷ്ടിച്ച കേസിലാണ് അനന്ദുവിന്റെ അറസ്റ്റ്. ഇരു കേസുകളിലും പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: കിടപ്പ് രോഗിയായ വയോധികയുടെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ രണ്ട് യുവതികൾ പിടിയിൽ. വയോധികയെ പരിചരിച്ചിരുന്ന ഹോം നഴ്സും സുഹൃത്തുമാണ് പിടിയിലായത്.
തമിഴ്നാട് മധുര സിന്ധുപ്പാട്ടിയിൽ സെംപാട്ടി സ്വദേശി ഭാഗത്ത് സുധ ശങ്കർ (38), ദിണ്ടുഗൽ മലയഗൗഡൻപാട്ടി പൊട്ടിക്കളം ഭാഗത്ത് ലക്ഷ്മി (46) എന്നിവരാണ് പിടിയിലായത്. മേയ് 24ന് രാവിലെ 8.30 ഓടെയാണ് സംഭവം.
സുധ ശങ്കർ ആയിരുന്നു വയോധികയെ പരിചരിച്ച് വന്നിരുന്നത്. സുഹൃത്തായ ലക്ഷ്മിയെയും കൂട്ടി മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു. തൊണ്ടിമുതലായ സ്വർണാഭരണങ്ങൾ പോലീസ് പ്രതികളിൽ നിന്ന് കണ്ടെടുത്തു.
Kerala
ഒതുക്കുങ്ങൽ: മലപ്പുറത്ത് ചിക്കന്‍ സ്റ്റാളില്‍ മോഷണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ഒതുക്കുങ്ങലിലെ എം.കെ. ചിക്കന്‍ സ്റ്റാളിലാണ് മോഷണം നടന്നത്. കടയുടമയും ജീവനക്കാരും പള്ളിയിൽ പോയ സമയത്താണ് സംഭവം.
ഉടമയും ജീവനക്കാരും പള്ളിയിൽ പോയ സമയത്ത് മുന്നിലെ ഷട്ടര്‍ താഴ്ത്തിയിരുന്നെങ്കിലും കടയുടെ പിന്നിലെ വാതില്‍ പൂട്ടിയിരുന്നില്ല. ഇതിലൂടെ അകത്ത് കടന്ന മോഷ്ടാവ് 5000 രൂപയും കവർന്ന് സ്ഥലംവിടുകയായിരുന്നു.
കടയ്ക്കുള്ളിൽ കയറിയ മോഷ്ടാവ് സിസി ക്യാമറ കണ്ടതോടെ ധരിച്ചിരുന്ന ബെനിയനുപയോഗിച്ച് മുഖം മറച്ചു. ജീവനക്കാര്‍ കടയിലെത്തിയ സമയത്താണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. സംഭവത്തില്‍ കോട്ടക്കല്‍ പോലീസ് അന്വേഷണം തുടങ്ങി.
Kerala
തിരുവനന്തപുരം: റെയിൽവേ എൻജിനീയറുടെ ക്വാർട്ടേഴ്സിൽ നിന്ന് കവർച്ച നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. കോൽക്കത്ത സ്വദേശി മുഹമ്മദ് പർവേഷ് നാദിർ അലി ആണ് പിടിയിലായത്. പൂജപ്പുര പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
പൂജപ്പുരയിലെ അൻവർ ഗാർഡൻസിലാണ് മോഷണം നടന്നത്. റെയിൽവേ എൻജിനീയറുടെ ക്വാർട്ടേഴ്സിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്. ഏപ്രിൽ 21ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
തൃശൂരിൽ നിന്നും ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ കൊല്ലത്ത് വച്ചാണ് പോലീസ് പിടികൂടിയത്. തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും പ്രതിക്കെതിരെ നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്.
Kerala
പേരൂര്‍ക്കട: നീറമണ്‍കര ശിവക്ഷേത്രത്തില്‍ വീണ്ടുമുണ്ടായ മോഷണം സിസിടിവി ദൃശ്യങ്ങള്‍ സ്ഥാപിക്കണമെന്ന പോലീസ് നിര്‍ദേശം അവഗണിച്ചതുമൂലമെന്നു സൂചന. 18ന് പുലര്‍ച്ചെയാണ് ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് 30,000-ഓളം രൂപ അപഹരിച്ചത്. ഇതിൽ നാണയങ്ങളും നോട്ടുകളും ഉള്‍പ്പെടുന്നു.
ക്ഷേത്ര പ്രസിഡന്റ് ഹരിയാണ് ഇതുസംബന്ധിച്ച് കരമന പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പുലര്‍ച്ചെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് മോഷണ വിവരം അറിയുന്നത്.തുടര്‍ന്ന് ഭാരവാഹികളെവിവരമറിയിക്കുകയായിരുന്നു. ക്ഷേത്രകോമ്പൗണ്ടിനുള്ളിലുണ്ടായിരുന്ന ഏഴു കാണിക്കവഞ്ചികളാണ് തകര്‍ക്കപ്പെട്ടത്.
മൂന്നു ശ്രീകോവിലുകളുടെ വാതിലുകളും തകര്‍ത്തിട്ടുണ്ട്. കെടാവിളക്കിനു സമീപത്തു സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയാണ് തകര്‍ക്കപ്പെട്ടവയില്‍ ഒന്ന്. ഒന്നില്‍ക്കൂടുതല്‍ മോഷ്ടാക്കള്‍ കൃത്യം നടത്താന്‍ എത്തിയിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ആയുധം ഉപയോഗിച്ച് കാണിക്കവഞ്ചികള്‍ തകര്‍ത്തതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആയുധങ്ങള്‍ കണ്ടെത്താനായിട്ടില്ല.
ദേവസ്വംബോര്‍ഡിന്റെ വകയായുള്ള ക്ഷേത്രത്തില്‍ കുറച്ചുനാള്‍ മുമ്പും മോഷണമുണ്ടായിരുന്നു. അന്നു പോലീസ് നടത്തിയ പരിശോധനയില്‍ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഈയൊരു നിര്‍ദേശം നടപ്പാക്കപ്പെട്ടില്ല.
ക്ഷേത്രത്തിന്റെ മേല്‍ക്കൂരയും ചുമരുകളും തമ്മില്‍ അധികം ദൂരമില്ലാത്തതിനാല്‍ മുഖങ്ങള്‍ വ്യക്തമാകുമെന്നതാണ് ഇതിനു കാരണം. സംഭവമറിഞ്ഞ് വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
നിരവധി വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണു സൂചന. കരമന സ്റ്റേഷന് പരിധിയിലെ പ്രാദേശിക മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ എത്രയും വേഗം പിടികൂടാനാകുമെന്നാണു പ്രതീക്ഷയെന്നും കരമന സിഐ അറിയിച്ചു.
Kerala
കൊച്ചി: എറണാകുളത്തെ ആശുപത്രിയിൽ നിന്ന് ഡോക്ടർമാരുടെ ലാപ്ടോപ്പുകളും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. മഹാരാഷ്ട്ര പുനെ സ്വദേശി വികാസ് സഞ്ജയ് ഹഗാവൻ (35) ആണ് പിടിയിലായത്. കൊച്ചി സിറ്റി പോലീസ് പുനെയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഏപ്രിൽ 27ന് രാവിലെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പാലാരിവട്ടത്തെ മെഡിക്കൽ സെന്റർ ആശുപത്രി ലൈബ്രറിയിൽ രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള രണ്ട് ലാപ്ടോപ്പുകൾ, ബ്ലൂടൂത്ത് ഹെഡ്സെറ്റ്, പേഴ്സിലുണ്ടായിരുന്ന പണം എന്നിവയാണ് പ്രതി മോഷ്ടിച്ചത്.
ഡോക്ടർമാരുടെ പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് വികാസ് എന്ന് പോലീസ് കണ്ടെത്തി.
ഇതേ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി പുനെയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കൊച്ചി സിറ്റി പോലീസ് പൂനെയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: താമരശേരിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വയറിംഗ് സാമഗ്രികൾ ഉൾപ്പെടെ മോഷ്ടിച്ച പ്രതി പിടിയിൽ. തച്ചംപൊയിൽ സ്വദേശി ഒ.പി.അനസ് ആണ് പിടിയിലായത്. കവർച്ച നടത്തി രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് അനസ് പിടിയിലായത്.
താമരശേരി കാരടി മാനിപുരം റോഡിൽ പുതിയ ബസ് സ്റ്റാന്റിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലായിരുന്നു മോഷണം. ചെമ്പുകമ്പി, വയറിംഗ് സാമഗ്രികൾ എന്നിവ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അനസിനെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
മുൻപും പലതവണ ഇതേ കെട്ടിടത്തിൽ സമാന രീതിയിൽ അനസ് കവർച്ച നടത്തിയിരുന്നു. ബാലുശേരി, കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധികളിലെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായ അനസ്. പ്രതി മോഷണം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Kerala
കൊച്ചി: മൂവാറ്റുപുഴ വാഴക്കുളത്ത് നിന്ന് മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. വാഴക്കുളത്ത് പ്രവർത്തിക്കുന്ന മൊബൈൽ ഷോറൂമിൽ ആണ് മോഷണം നടന്നത്.
പള്ളുരുത്തി രാമേശ്വരം തുണ്ടിപ്പറമ്പിൽ വീട്ടിൽ ഷാജഹാൻ എന്ന സുഭാഷ് ആണ് പിടിയിലായത്. കേസിൽ ആലുവ എടത്തല എൻഎഡി തൈപറമ്പിൽ വീട്ടിൽ സാനു സേവ്യർ നേരത്തെ പിടിയിലായിരുന്നു. വാഴക്കുളം പോലീസ് ആണ് പ്രതികളെ പിടികൂടിയത്.
കടയുടെ മുൻവശത്തുള്ള ഷട്ടറിന്റെ ലോക്ക് പൊളിച്ചാണ് പ്രതികൾ അകത്ത് കയറിയത്. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ, റിപയറിംഗിനായി കൊണ്ടുവന്ന 13 മൊബൈൽ ഫോണുകൾ, സിസിടിവി ഡിവിആർ, മൊബൈൽ ചാർജറുകൾ എന്നിവയാണ് പ്രതികൾ കവർന്നത്.
Kerala
പാലക്കാട്: വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ യുവതിയും ആൺസുഹൃത്തും പിടിയിൽ. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസുമാണ് പിടിയിലായത്.
ശ്രുതിയുടെ അമ്മയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഏഴരപ്പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച ശേഷം ഇവർ കന്യാകുമാരിയിലേക്ക് കടന്നുകളയുകയായിരുന്നു. വടക്കഞ്ചേരി പോലീസ് കന്യാകുമാരിയിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.
ശ്രുതിക്ക് ഭര്‍ത്താവും ഏഴും മൂന്നും വയസ് പ്രായമുള്ള കുട്ടികളുമുണ്ട്. ഉപേക്ഷിച്ച് പോയതിനും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിനും ശ്രുതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മോഷണത്തിന് കൂട്ടുനിന്നതിനും സ്വര്‍ണം പണയം വച്ചതിനും ലിന്റോയ്ക്കെതിരെയും കേസെടുത്തു.
Kerala
കൊല്ലം: കൊട്ടിയത്ത് നിന്ന് മോഷണം പോയ ഇരുചക്ര വാഹനത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ പിടിയിലായത് സ്ഥിരം മോഷ്ടാവ്. പള്ളിമൺ വട്ടവിളയിൽ രജീല മൻസിലിൽ താമസിക്കുന്ന സെയ്ദ് അലി ആണ് പിടിയിലായത്.
ഏപ്രിൽ 30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കൊട്ടിയം മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള കല്ലുവെട്ടാൻകുഴി റോഡിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനമാണ് സെയ്ദ് അലി മോഷ്ടിച്ചത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് സെയ്ദ് അലി ആണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമാനമായ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങളിൽ ഇന്ധനം തീർന്നാൽ ഉപേക്ഷിച്ച് കടന്നുകളയുന്നതാണ് പ്രതിയുടെ രീതി. വാഹനമോഷണത്തിന് പുറമെ ലഹരിക്കടത്തുൾപ്പെടെയുള്ള കേസുകളിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളിലെ വിവിധയിടങ്ങളിൽ നടന്ന എട്ടോളം മോഷണ കേസുകളിലെ പ്രതിയും കൂട്ടാളിയും പിടിയിൽ. ഷിമോഗ കൊപ്പ സ്വദേശി ഡോളർ അനി എന്നറിയപ്പെടുന്ന അനിൽകുമാർ (38), താമരശേരി അമ്പായത്തോട് സ്വദേശി ജയിംസ്(57) എന്നിവരാണ് പിടിയിലായത്.
50ൽ അധികം മോഷണ കേസുകളിലെ പ്രതിയായ ഡോളർ അനിയുടെ പേരിൽ തമിഴ്നാട്ടിലും നിരവധി കേസുകളുണ്ട്. കോഴിക്കോട് അഴകൊടിയിൽ സൈബർ ഫോറൻസിക് വിദഗ്ധന്റെ വീട്ടിൽ നടത്തിയ മോഷണത്തിന് പിന്നാലെയാണ് പ്രതി പിടിയിലാകുന്നത്.
മാർച്ച് 24ന് ആയിരുന്നു ഡോളർ അനി സൈബർ ഫോറൻസിക് വിദഗ്ധൻ വിനോദ് ഭട്ടത്തിരിപ്പാടിന്റെ വീട്ടിൽനിന്ന് 20 പവനോളം സ്വർണം കവർന്നത്. വീട്ടുകാർ യാത്രപോയ സമയം നോക്കി വീടിന്റെ മുൻവാതിൽ പൊളിച്ചായിരുന്നു മോഷണം.
മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ചത് ജയിംസ് ആയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും സഹായത്തോടെ പ്രതി ഡോളർ അനിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇയാൾക്കായി കർണാടകയിലും തമിഴ്നാട്ടിലും പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തമിഴ്നാട്ടിലെ കമ്പത്ത് ഒളിവിലുണ്ടെന്ന് മനസിലാക്കി പോലീസ് അവിടെ എത്തിയപ്പോഴേക്കും തമിഴ്നാട് പോലീസ് മറ്റൊരു കേസിൽ പ്രതിയെ അന്വേഷിച്ചെത്തിയതോടെ ഇയാൾ അവിടെ നിന്നും മുങ്ങി. തുടർന്ന് തേനിയിൽ നിന്നാണ് പ്രതിയെ കേരള പോലീസ് പിടികൂടിയത്.
Kerala
മലപ്പുറം: സ്വർണാഭരണം വാങ്ങാനെന്ന വ്യാജേനെ ജ്വല്ലറിയിലെത്തിയ ആൾ ആഭരണങ്ങളുമായി ഇറങ്ങിയോടി. രണ്ടു ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളുമായാണ് യുവാവ് മുങ്ങിയത്. പുളിക്കല്‍ അങ്ങാടിയിലെ കനകമഹല്‍ ജ്വല്ലറിയിലാണ് സംഭവം.
ഉച്ചയോടെ ജ്വല്ലറിയിലെത്തിയ മോഷ്ടാവ് വളകൾ നോക്കാനായി കൈയിലെടുത്ത ശേഷം മൂന്ന് വളകളുമായി ഇറങ്ങിയോടുകയായിരുന്നു. ഈ സമയം പുറത്ത് മറ്റൊരാൾ ബൈക്കുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മോഷ്ടാവ് ഉടന്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
വിവരം അറിഞ്ഞയുടൻ കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
Kerala
തിരുവനന്തപുരം: കിഴക്കേക്കോട്ടയിൽ ബാറിൽ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ആലപ്പുഴ തുമ്പോളി സ്വദേശി നിതിൻ നിസാർ (21) ആണ് പിടിയിലായത്. ഫെബ്രുവരിയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
കേസിൽ നേരത്തെ മൂന്ന് പേർ പിടിയിലായിരുന്നു. പാൽകുളങ്ങര സ്വദേശി ഉണ്ണി (24), കോട്ടയം വൈക്കം സ്വദേശി ജിനു ബേബി (28), ആലപ്പുഴ സ്വദേശി വിനീത് കെ.വി. (19) എന്നിവരാണ് കേസിൽ നേരത്തെ പിടിയിലായത്.
മൂവരും നിലവിൽ റിമാൻഡിലാണ്. മോഷണം പോയ ബൈക്ക് നേരത്തെ തന്നെ പോലീസ് കണ്ടെടുത്തിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണി ആണ് ബാറിന്റെ പാർക്കിംഗ് ഏരിയയിൽ നിന്നും ജീവനക്കാരന്റെ ബൈക്ക് ലോക്ക് പൊട്ടിച്ച് ഉരുട്ടി പുറത്തിറക്കിയത്.
തുടർന്ന് രണ്ടാം പ്രതിയായ ജിനു ബേബിക്ക് നൽകുകയായിരുന്നു. ജിനു വാഹനത്തിന് പകരം ഉണ്ണിക്ക് പണം നൽകിയിരുന്നു. ജിനു വാഹനം വിനീതിന് കൈമാറുകയായിരുന്നു. വിനീതിനെ ചോദ്യം ചെയ്തപ്പോഴാണ് നിതിന്റെ പങ്ക് വ്യക്തമായത്.
Kerala
കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി വര്‍ക്ഷോപ്പിലെത്തിയ നിരവധി കേസുകളിലെ പ്രതി പിടിയിൽ. കൊയിലാണ്ടി മൂടാടി സ്വദേശി കാവാലംകുന്ന് വീട്ടില്‍ പി.കെ. ജസീല്‍ ജമാൽ(26) ആണ് കോഴിക്കോട് ടൗണ്‍ പോലീസിന്റെ പിടിയിലായത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്.
ഏപ്രില്‍ ഏഴിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കുന്ദമംഗലം സ്വദേശിയുടെ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. ഉടമയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
മോഷ്ടിച്ച ബൈക്കുമായി വര്‍ക്ഷോപ്പിലെത്തിയ ജസീല്‍ ബൈക്കിന്റെ ലോക്ക് മാറ്റിത്തരാന്‍ ആവശ്യപ്പെട്ടു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വര്‍ക്ഷോപ്പ് ഉടമ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ജസീലിനെ പിടികൂടുകയായിരുന്നു.
ജസീലിന്റെ പേരില്‍ മോഷണ കുറ്റം കൂടാതെ നിരവധി കേസുകളുണ്ട്. കോഴിക്കോട് കസബ, കൊയിലാണ്ടി, എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലായി നിരോധിത ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം, വില്പന, പോക്സോ, പൊതുസ്ഥലത്ത് കലഹം ഉണ്ടാക്കല്‍ എന്നിങ്ങനെ നിരവധി കേസുകളാണ് ഇയാളുടെ പേരിലുള്ളത്.
Kerala
തിരുവനന്തപുരം: പട്ടം എസ്യുടി ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഭാഗങ്ങൾ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മധു (55), വട്ടിയൂർക്കാവ് നെട്ടയം കളത്തിങ്കര വീട്ടിൽ ഷിബു (40) എന്നിവരാണ് പിടിയിലായത്.
ഓട്ടോറിക്ഷയുടെ ബാറ്ററിയും ടയറും ഉൾപ്പെടെയാണ് പ്രതികൾ മോഷ്ടിച്ചത്. മെഡിക്കൽ കോളജ് പോലീസ് ആണ് പ്രതികളെ പിടികൂടിയത്. മധു നേരത്തെയും മോഷണ കേസുകളിലെ പ്രതിയാണ്. മെഡിക്കൽ കൊളജ് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: കോഴിക്കോട് സ്വർണവും പണവും മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റിൽ. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി പുതിയോട്ടില്‍ വീട്ടില്‍ മിനി(44) ആണ് പിടിയിലായത്. നടക്കാവ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
50,000 രൂപയും ഓരോ പവന് വീതം തൂക്കം വരുന്ന 20 സ്വര്‍ണ നാണയങ്ങളുമാണ് മിനി മോഷ്ടിച്ചത്. എരഞ്ഞിപ്പാലം സ്വദേശിയായ ഷാഹിദ് ഷൗക്കത്തലി താമസിക്കുന്ന സദനം റോഡിലുള്ള സ്കൈലൈന്‍ മെഡോസ് വില്ലയിലെ ഫ്ളാറ്റിലാണ് മോഷണം നടന്നത്.
ഇതേതുടർന്ന് ഷാഹിദ് നല്കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
മാവേലിക്കര: ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും കവർന്ന പ്രതി പിടിയിൽ. മാവേലിക്കര തഴക്കര വലിയത്തറയിൽ പുത്തൻവീട്ടിൽ രാജേഷ് (41) ആണ് അറസ്റ്റിലായത്. ഇടുക്കി വാഗമൺ പശുപ്പാറയിൽ ഒളിവിൽ കഴിയുകയായിരുന്നു രാജേഷ്.
വെൺമണി കുതിരവട്ടം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ പാറചന്ത ജംഗ്ഷനിലുള്ള മണ്ഡപത്തിൽ നിന്ന് വെള്ളി വിഗ്രഹവും പൂജാസാധനങ്ങളും കവർന്ന കേസിലാണ് അറസ്റ്റ്. ഫെബ്രുവരി 25ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
ഒന്നര ലക്ഷം രൂപ വിലവരുന്ന വെള്ളിയിൽ നിർമിച്ച അയ്യപ്പ വിഗ്രഹം, ഓട്ടുവിളക്കുകൾ, കിണ്ടി എന്നിവയും കാണിക്കവഞ്ചികളിൽ നിന്ന് 7500 ഓളം രൂപയും പ്രതി കവർന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിയുടെ പഴയ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഗമണ്ണിലെ ഒളിത്താവളം കണ്ടെത്തിയത്. അറസ്റ്റിലായ പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഭാഗത്ത് ഒളിപ്പിച്ചു വച്ചിരുന്ന വിഗ്രഹവും മറ്റ് തൊണ്ടിമുതലുകളും പോലീസ് കണ്ടെടുത്തു.
Kerala
കൊച്ചി: ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാഹനങ്ങളിൽ നിന്ന് കവർച്ച നടത്തിയ പ്രതി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആണ് പിടിയിലായത്. ആലുവ പോലീസ് ആണ് ഇമ്രാൻ ഖാനെ വൈറ്റില ഹബ്ബ് പരിസരത്ത് നിന്ന് പിടികൂടിയത്.
ഇരുചക്ര വാഹനങ്ങളുടെ ഡിക്കി തുറന്ന് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി. മാർച്ച് 14ന് പരീക്ഷയ്ക്കെത്തിയ ഉദ്യോഗാർഥിയുടെ പേഴ്സും എടിഎമ്മും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
ആലുവ, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളിൽ ഇയാൾ സമാന മോഷണം നടത്തിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി ഇരുചക്രവാഹനങ്ങളുടെ താക്കോലുകൾ, മൂന്ന് മൊബൈൽ ഫോണുകൾ, നിരവധിപേഴ്സുകൾ എന്നിവയും പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
Kerala
കോഴിക്കോട്: ജോലി അന്വേഷിച്ചെത്തിയ ഹോട്ടലില്‍ മോഷണം നടത്തിയ കേസില്‍ സ്വദേശിയായ യുവാവ് പിടിയിൽ. മണ്ണാര്‍കാട് സ്വദേശി സുരേഷ് ആണ് പിടിയിലായത്.
മുക്കം പോലീസ് പാലക്കാട് വച്ചാണ് സുരേഷിനെ പിടികൂടിയത്. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം - അരീക്കോട് പാലത്തിന് സമീപത്തുള്ള 'പുഴയോരം' ഹോട്ടലിലാണ് മോഷണം നടന്നത്. ഫെബ്രുവരി ഒന്‍പതിന് പുലര്‍ച്ചെ നാലോടെയാണ് സംഭവം നടന്നത്.
ഹോട്ടലിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് സുരേഷ് അകത്ത് കയറുകയായിരുന്നു. കൗണ്ടറിലെ ഷെല്‍ഫില്‍ ഉണ്ടായിരുന്ന 5000 രൂപയും കൗണ്ടറിന് മുകളില്‍ ഉണ്ടായിരുന്ന ധര്‍മ്മ പെട്ടി തകര്‍ത്ത് അതിലുള്ള പണവുമാണ് ഇയാള്‍ മോഷ്ടിച്ചത്.
സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. ഇയാളുടെ പേരില്‍ പാലക്കാട്ടെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു. കോഴിക്കോട്ടും കേസുകളുണ്ടെന്നാണ് സൂചന.
Kerala
കോവളം: മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും കവർച്ച നടത്തി പിടിയിലായി. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലീപ് ഖാൻ(46) ആണ് പിടിയിലായത്. കോവളം പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
പിടിയിലായ പ്രതി പോലീസിന് നൽകിയ മൊഴിയാണ് കൗതുകമുണർത്തുന്നത്. വീണ്ടും ജയിലിലേക്ക് പോകാനുള്ള ആഗ്രഹത്തെ തുടർന്നാണ് മോഷണം നടത്തിയതെന്നാണ് പിടിയിലായ ദിലീപ് ഖാൻ പോലീസിന് നൽകിയ മൊഴി.
ജയിലിൽ സൗജന്യ താമസവും വൃത്തിയും വെടിപ്പുമുള്ള ഭക്ഷണവും ഒപ്പം നല്ല ചികിത്സയും കൂലിയും ലഭിക്കും. കൂടാതെ ജയിലിലെ അടുക്കളയിലെ സീനിയർ മേസ്തിരിയുമാണ്. തിരികെ ജയിലിലേക്ക് പോകുന്നതിനാണ് കോവളം മേഖലയിലെ രണ്ടിടങ്ങളിൽ മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.
ഹാർബർ റോഡിൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ നിന്ന് 40,000 രൂപയും, മൊബൈൽ ഫോണും മോഷ്ടിച്ചു. തുടർന്ന് കോവളത്തെ ഷാനവാസിന്റെ കോഴിക്കടയിൽ നിന്ന് 4000 രൂപയും മൊബൈൽ ഫോണും കവർന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇതുകൂടാതെ വിഴിഞ്ഞം-കോവളം മേഖലയിൽ നിന്നായി 21ൽ അധികം മോഷണങ്ങൾ നടത്തിയിട്ടുള്ളതായും പ്രതി മൊഴി നൽകി.
Kerala
വിഴിഞ്ഞം: സ്വന്തം വീട്ടിൽ മോഷണം നടത്തിയ ശേഷം പോലീസിൽ പരാതി നൽകിയ യുവാവ് പിടിയിൽ. വെങ്ങാനൂർ നീലകേശി മുടിപ്പുരയ്ക്കു സമീപം ആദിത്യ വീട്ടിൽ മനോജ് (33) ആണ് പിടിയിലായത്. വിഴിഞ്ഞം പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
സ്വന്തം വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ സ്വർണാഭരണങ്ങളും 15,000 രൂപയുമാണ് മനോജ് മോഷ്ടിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. മോഷണത്തിന് ശേഷം തുടർന്ന് വീടിന്റെ പിൻവാതിൽ തുറന്നിടുകയും ജനാലയുടെ കമ്പികൾ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.
തുടർന്ന് ഓട്ടോറിക്ഷ ഓടിക്കാൻ പോയ മനോജ് തിരികെ വരുമ്പോൾ കട്ടച്ചൽക്കുഴിക്ക് സമീപം മീൻവിൽക്കുന്ന ഭാര്യയെയും ഒപ്പം കൂട്ടിയിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ വാതിൽ തുറന്നിട്ടിരിക്കുന്നതും ജനൽ കമ്പികൾ മുറിച്ചിരിക്കുന്നതും കണ്ട് ഭാര്യയ്ക്കൊപ്പം ബഹളം വച്ചു.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി മനോജ് ആണെന്ന് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
നിലമ്പൂർ: മലപ്പുറം അമരമ്പലത്തും പരിസര പ്രദേശങ്ങളിലും നിർമാണത്തിലിരിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് വയറിംഗ് സാമഗ്രികൾ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ചുള്ളിയോട് പരത സ്വദേശികളായ ഒടുക്കന് ജിത്തു (28), നറുക്കില്‍ ശ്രീജിത്ത് (28) എന്നിവരാണ് പിടിയിലായത്.
പൂക്കോട്ടുംപാടം പോലീസ് ആണ് പ്രതികളെ പിടികൂടിയത്. വയറിംഗ് പൂർത്തിയായ വീടുകളാണ് പ്രതികൾ മോഷണത്തിനായി തെരഞ്ഞെടുത്തിരുന്നത്. ടൈല്‍സ് ജോലികൾ ചെയ്തിരുന്ന പ്രതികളിലൊരാള്‍ ജോലിക്ക് പോകുന്ന വീടുകള്‍ മുന്‍കൂട്ടി കണ്ട് വച്ചാണ് മോഷണം ആസൂത്രണം ചെയ്യുന്നത്.
ഇരുവരും ചേർന്ന് മോഷ്ടിക്കുന്നത് ചെറിയ തുകയുടെ വയറുകളാണെങ്കിലും സീലിംഗ് പൊളിച്ചുമാറ്റിയുള്ള മോഷണം ഉടമസ്ഥർക്ക് ലക്ഷങ്ങളുടെ ബാധ്യതയാണ് സൃഷ്ടിക്കുന്നത്. എടവണ്ണ, എടക്കര തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 22 ഓളം വീടുകളില്‍ പ്രതികൾ മോഷണം നടത്തിയതായി കണ്ടെത്തി.
പറയങ്കാട് മേലേടത്ത് ഹസ്ക്കറിന്റെ വീട്ടിൽ നടന്ന മോഷണത്തെ തുടർന്നുള്ള പോലീസ് അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
തൃശൂർ: പൂജാരിയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി പിടിയിൽ. കൊടകര പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26)ആണ് അറസ്റ്റിലായത്.
പൂജാരിയായ മറ്റത്തൂർ മൂലംകുടം സ്വദേശി അജേഷിന്റെ വീട്ടിൽ നിന്നാണ് യുവതി സ്വർണം മോഷ്ടിച്ചത്. അജേഷിന്റെ വീട്ടിൽ പ്രശ്ന പരിഹാരത്തിനായാണ് സൂര്യ എത്തിയത്. ഫെബ്രുവരി 16ന് ആണ് കേസിനാസ്പദമായ സംഭവം.
അജേഷിന്റെ വീട്ടിലെ മുറിക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഭാര്യയുടെ 12 പവനോളം സ്വർണം യുവതി മോഷ്ടിക്കുകയായിരുന്നു. പ്രതി പ്രശ്ന പരിഹാരത്തിനായി ഇടയ്ക്കിടെ അജേഷിന്റെ വീട്ടിൽ എത്താറുണ്ടായിരുന്നു.
ഈ പരിചയം മുതലാക്കിയാണ് പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് പ്രതി തന്ത്രപൂർവം അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾ കൈവശപ്പടുത്തിയത്. അജേഷ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൂര്യ പിടിയിലായത്.
മോഷ്ടിച്ച സ്വർണാഭരണങ്ങൾ കൊടകരയിലെ ഫിനാൻസ് കമ്പനിയിൽ വിൽപന നടത്തി ഇതിലൂടെ ലഭിച്ച പണം കൊണ്ട് പ്രതി പുതിയ സ്വർണാഭരണങ്ങളും, വീട്ടിലേക്ക് ഗൃഹോപകരണങ്ങളും വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തി.
Kerala
തിരൂർ: മോഷണക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. തൃപ്രങ്ങോട് പൊയിലിശ്ശേരി സ്വദേശി കുറ്റിക്കാട്ടിൽ നിസാമുദ്ദീൻ (26) ആണ് വ്യാഴാഴ്ച വൈകുന്നേരം പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
കൽപ്പകഞ്ചേരി പോലീസ് പിടികൂടിയ പ്രതിയാണ് നിസാമുദ്ദീൻ. തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിന് പിന്നാലെ പോലീസിനെ വെട്ടിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.
കോടതി നടപടികൾ പൂർത്തിയാക്കി തവനൂർ ജയിലിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ. റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് ഉൾപ്പെടെ പലയിടങ്ങളിലും പോലീസ് അരിച്ചുപെറുക്കിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
District News
പെരുമ്പാവൂർ: നിരവധി മോഷണക്കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. നെല്ലിമറ്റം കവളങ്ങാട് മാങ്കുഴിക്കുന്നേൽ വീട്ടിൽ ബിജുവി(50)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
വട്ടക്കാട്ടുപടി ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ ഒന്നരപ്പവൻ തൂക്കം വരുന്ന സ്വർണമാലയാണ് പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ ഏഴിന് പുലർച്ചെയായിരുന്നു സംഭവം. വീടിന്റെ അടുക്കള ഭാഗത്തുള്ള ജനൽ കമ്പി തിക്കി പിൻവശത്തെ വാതിൽ തുറന്നാണ് അകത്ത് പ്രവേശിച്ചത്.
മോഷണത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ വട്ടക്കാടുപടി ഭാഗത്തുനിന്നാണ് പോലീസ് സാഹസികമായി പിടികൂടിയത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി 35ഓളം മോഷണ കേസുകളിലെ പ്രതിയാണ്. ഇൻസ്പെക്ടർ ജിൻസൻ ഡൊമനിക്, എസ്ഐമാരായ ശിവകുമാർ, അബ്ദുൾ ജലീൽ, എഎസ്ഐ ശ്രീജ, എം.എച്ച്. സുധീർ, എം.എം. ഷെഫീഖ്, നജ്മി, വിനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
National
ബംഗുളൂരു: കർണാടക മന്ത്രിയുടെ ഓഫീസിലെത്തിയ ആളുടെ പണവും സ്വർണവും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കർണാടകത്തിലെ നഗര വികസന മന്ത്രി ബൈരതി സുരേഷയുടെ ഓഫീസിലെത്തിയ നവീൻ എന്നയാളുടെ ബാഗ് ആണ് മോഷണം പോയത്.
സംഭവത്തിൽ ഡി ഗ്രൂപ്പ് ജീവനക്കാരൻ ആന്റണി പിടിയിലായി. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. നവീൻ മന്ത്രിയെ കാണാനായി ഓഫീസിൽ എത്തിയിരുന്നു. തിരികെ ഇറങ്ങിയപ്പോൾ കൈവശമുണ്ടായിരുന്ന ഹാൻഡ് ബാഗെടുക്കാൻ മറന്നു.
300 ഗ്രാം സ്വർണവും ഒന്നര ലക്ഷം രൂപയും ബാഗിൽ ഉണ്ടായിരുന്നു. ഇതേ തുടർന്ന് വിധാൻസൗധ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പിന്നാലെ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ആന്റണിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും സ്വഭാവിക ജാമ്യം ലഭിച്ചതോടെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിലിനു പുറത്തേക്ക്. ഇന്ന് വൈകിട്ടോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാലാണ് ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചത്. ജയിലിന് പുറത്തിറങ്ങുന്ന പോറ്റിയെ പൂട്ടാൻ ഇഡി സമൻസ് ഉടൻ നൽകും.
ഇന്ന് വൈകിട്ട് ആറരയോടെ തിരുവനന്തപുരത്തെ സ്പെഷൽ ജയിലിൽനിന്ന് പുറത്തിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിയെ കാത്ത് കുടുംബം പുറത്തുണ്ടായിരുന്നു. സഹോദരിയും ഭാര്യയുമടക്കമുള്ളവരാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കൊണ്ടുപോകാനായി എത്തിയത്. മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
ജനുവരി 21നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക പാളി കേസിൽ ജാമ്യം ലഭിച്ചത്. ഇന്ന് കട്ടിളപാളി കേസിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കം കർശന ഉപാധികളോടെയാണ് സ്വാഭാവിക ജാമ്യം.
Kerala
തിരുനാവായ: എസ്ഐആർ അപേക്ഷ പൂരിപ്പിക്കാനെന്ന വ്യാജേന സ്ത്രീവേഷത്തിലെത്തി വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. പുത്തൻപീടിയേക്കൽ ഷാക്കിർ (34) ആണ് പിടിയിലായത്.
കരിങ്കപ്പാറ ഹംസ ഹാജിയുടെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്. ഇവരുടെ അയൽവാസിയാണ് പിടിയിലായ ഷാക്കിർ. വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ഹംസ ഹാജി പള്ളിയിൽ പോയതിന് പിന്നാലെയാണ് ഷാക്കിർ സ്ത്രീ വേഷത്തിൽ വീട്ടിലെത്തിയത്.
എസ്ഐആറുമായി ബന്ധപ്പെട്ട അപേക്ഷ പൂരിപ്പിക്കണമെന്ന് പ്രതി നഫീസയോട് ആവശ്യപ്പെട്ടു. തുടർന്ന് ഇതിനാവശ്യമായ രേഖകളെടുക്കാൻ നഫീസ മുറിയിലേക്ക് പോയപ്പോൾ, പ്രതി പിന്നാലെയെത്തി വീട്ടമ്മയെ ഉപദ്രവിച്ച് ആഭരണങ്ങൾ കവരുകയായിരുന്നു.
പ്രതിയുടെ ശബ്ദത്തിൽ നിന്ന് വീട്ടിലെത്തിയത് പുരുഷനാണെന്ന് നഫീസ മനസിലാക്കിയിരുന്നു. പ്രതി വന്നു പോയപ്പോൾ മറന്നുവച്ച ബുക്ക് കേസിൽ നിർണായക തെളിവായി. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ നഫീസ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
പിടിയിലായ പ്രതിയുടെ വീട്ടിൽ നിന്ന് പോലീസ് മോഷണം പോയ ആഭരണങ്ങൾ കണ്ടെടുത്തു. ഇയാളെ തെളിവെടുപ്പിനായി ശനിയാഴ്ച സംഭവസ്ഥലത്തെത്തിച്ചു. ഷാക്കിറിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. കുറ്റ്യാടി സ്വദേശി മൂസ ആണ് പിടിയിലായത്. കോപ്പർ ഭാഗങ്ങളാണ് പ്രതി ലാബിൽ നിന്ന് മോഷ്ടിച്ചത്. ക്യാമ്പസിലെ ബിഎസ്എൽ ത്രീ ടിബി ലാബിലാണ് മോഷണം നടന്നത്.
ലാബിലെ എയർ ഹാൻഡ്ലിംഗ് യൂണിറ്റിലെ കോപ്പർ ഭാഗങ്ങളാണ് മൂസ കവർച്ച നടത്തിയത്. സുപ്രധാനമായ കോപ്പർ ഭാഗങ്ങൾ ഇളക്കി മാറ്റിയതിനെ തുടർന്ന് ലാബിന്റെ പ്രവർത്തനം താത്കാലികമായി തടസപ്പെട്ടു.
മോഷണത്തിന് പിന്നാലെ ക്യാമ്പസിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാർ തടഞ്ഞുവച്ച് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
National
ബംഗളൂരു: കർണാടകയിൽ പുരുഷവേഷം ധരിച്ച് വീടുകളിൽ മോഷണം നടത്തിയിരുന്ന രണ്ട് യുവതികൾ പിടിയിൽ. രേഷ്മ, നീലു എന്നിവരാണ് കേസിൽ പിടിയിലായത്. സമ്പിഗെഹള്ളിയിലെ വീട്ടിൽ നടന്ന മോഷണത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇരുചക്രവാഹനത്തിലെത്തിയാണ് പ്രതികൾ മോഷണം നടത്തിയത്. ഇവിടെനിന്ന് ഇവർ 30 ഗ്രാം സ്വർണവും 60 ഗ്രാം വെള്ളിയും പണവും മോഷ്ടിച്ചിരുന്നു. വീട്ടിൽ ആളില്ലാത്ത സമയം വാതിൽ കുത്തിത്തുറന്നാണ് യുവതികൾ മോഷണം നടത്തിയത്.
സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായ രേഷ്മ ഇത്തരത്തിൽ സ്ഥിരമായി മോഷണം നടത്താറുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
അന്വേഷണം വഴിതിരിച്ച് വിടാനും പിടിക്കപ്പെടാതിരിക്കാനുമാണ് പുരുഷ വേഷത്തിൽ കവർച്ച നടത്തുന്നതെന്ന് പിടിയിലായ പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
District News
കണ്ണൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ ഉൾപ്പെട്ടവർ ആരായാലും ഏത് രാഷ്ട്രീയ ബന്ധങ്ങൾ പറഞ്ഞാലും അവരെയാരെയും ഇടതുപക്ഷം സംരക്ഷിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ മുപ്പതാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെറ്റുകൾ മറയ്ക്കാനുള്ള ആവരണമല്ല ചുവപ്പുകൊടി. ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം. നേതാക്കളായാലും തന്ത്രിമാരായാലും ആർക്കും അയ്യപ്പന്റെ സ്വർണത്തിൽ അവകാശമില്ല. അത് വിശ്വാസികൾക്ക് അവകാശപ്പെട്ടതാണ്.
യഥാർഥ വിശ്വാസങ്ങളെയും വിശ്വാസികളെയും ചേർത്ത് പിടിച്ചും കപട വിശ്വാസികളെ തള്ളിയും ഇടതുപക്ഷം മുന്നോട്ടുപോകും. യഥാർഥ വിശ്വാസികളെയും വിശ്വാസങ്ങളെയും അതിന്റെ യഥാർഥ അർഥത്തിൽ മാനിക്കാനുളള ഉത്തരവാദിത്വം ഇടതുപക്ഷത്തിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് ജനങ്ങളുടെ മുന്നറിയിപ്പാണ്. അത് വിനയപൂർവം ഇടതുപക്ഷം കാണണം. എൽഡിഎഫിലാണ് പ്രതീക്ഷയെന്നും അതുകൊണ്ട് തെറ്റുകൾ തിരുത്തി മുന്നോട്ട് വരണം എന്നതാണ് ജനങ്ങൾ എൽഡിഎഫിനോട് ആവശ്യപ്പെടുന്നത്.
സംഭവിച്ച കാര്യങ്ങളിലെ പാഠങ്ങൾ ഉൾക്കൊണ്ട് തിരുത്തേണ്ടത് തിരുത്തി എൽഡി എഫ് മുന്നോട്ടുപോകുകയാണ്. ആ മുന്നോട്ട് പോക്കിനെ കുറിച്ചാണ് ഓരോ കക്ഷികളും ചർച്ച ചെയ്ത് പോകുന്നത്. അങ്ങനെ പോകുമ്പോൾ എൽഡിഎഫ് ജനഹിതത്തിന് അനുസൃതമായി കേരളത്തിൽ മൂന്നാം ഊഴവും അധികാരത്തില്‍ വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോൾ പൊതുആവശ്യങ്ങൾ ഡിജിറ്റലായി പരിഹാരം കാണപ്പെടുന്നതിനാൽ ജനങ്ങൾ ഓഫീസിനു മുന്നിൽ തടിച്ചുകൂടുന്ന സ്ഥിതിവിശേഷം മാറിയിട്ടുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കേന്ദ്രം സംസ്ഥാനത്തിന് തരാനുള്ള 17000 കോടിയുടെ കുറവ് നമ്മുടെ സാമ്പത്തികനിലയെ ബാധിച്ചിട്ടുണ്ടെങ്കിലും സാമൂഹിക വികസനം തടസങ്ങൾ ഇല്ലാതെ കേരളത്തിൽ മുന്നോട്ടു പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ.പി. രാജേന്ദ്രൻ, അധ്യാപക സർവീസ് സംഘടന സമിതി കൺവീനർ കെ.പി. ഗോപകുമാർ, സമരസമിതി ചെയർമാൻ ഒ.കെ. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. ഹാരിസ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ എം.എസ്. വിമൽകുമാർ വരവുചെലവ് കണക്കും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എസ്. സജികുമാർ ബൈലോ ഭേദഗതിയും അവതരിപ്പിച്ചു. സമാപന സമ്മേളനദിനമായ ഇന്ന് പുതിയ ഭാരവാഹി കളുടെ തെരഞ്ഞെടുപ്പ്, പ്രമേയം അവതരണം എന്നിവ നടക്കും.
Kerala
മലപ്പുറം: അരീക്കോട് കടകളിൽ മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം സ്വദേശി നാഗോൺ ജിയാബുർ ആണ് കേസിൽ പിടിയിലായത്. ആസാമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്.
അരീക്കോട് ബസ് സ്റ്റാൻഡ് പരിസരത്തെ മൊബൈൽ ഷോപ്പ് ഉൾപ്പെടെ നാല് കടകളിലാണ് പ്രതി മോഷണം നടത്തിയത്. കല്യാണ ചെലവിലേക്ക് പണം കണ്ടെത്താനാണ് പ്രതി മോഷണം നടത്തിയതെന്ന് പോലീസിന് മൊഴി നൽകി.
ഇയാളെ ആസാമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാഗോൺ ജിയാബുർ പിടിയിലായത്.
പ്രതിയിൽ നിന്ന് 20,000 രൂപ പോലീസ് കണ്ടെടുത്തു. ജനുവരി എട്ടിന് ആണ് പ്രതിയുടെ വിവാഹം. ഇയാൾ നേരത്തെയും മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
Kerala
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കരിയാത്തന്‍ കാവ് ക്ഷേത്രത്തില്‍ മോഷണം നടത്തിയ മുഖ്യപ്രതി പിടിയിൽ. കോഴിക്കോട് ഗുരുവായൂരപ്പന് കോളജ് എടക്കാട്ട് പറമ്പ്, മേത്തല്‍ വീട്ടില്‍ അക്ഷയ്കുമാര്‍(22) ആണ് പിടിയിലായത്.
ബുധനാഴ്ച പാളയം മാര്‍ക്കറ്റില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഒക്ടോബർ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ക്ഷേത്രത്തിന്റെ വാതില്‍ കുത്തിപ്പൊളിച്ച് ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് ആംപ്ലിഫയറും ഭണ്ഡാരങ്ങളിൽ നിന്ന് 50,00രൂപയുമാണ് കവർച്ച നടത്തിയത്.
അക്ഷയ്കുമാറിനൊപ്പമുണ്ടായിരുന്ന മറ്റ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശികളായ കെ. മുഹമ്മദ് സിനാന്(20), റിഫാന്‍ (20), എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത ഒരാളെയുമാണ് കേസിൽ ആദ്യം പിടികൂടിയത്.
Kerala
ആലപ്പുഴ: മോഷണ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി പരാതിക്കുട്ടപ്പൻ എന്ന മധു(57) ആണ് പിടിയിലായത്. ആലപ്പുഴ കുറത്തികാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
സ്ഥിരം മോഷ്ടാവായ പ്രതി കോടതിയിൽ ഹാജരാക്കുമ്പോഴെല്ലാം ജയിലിലെ സൗകര്യങ്ങളെക്കുറിച്ച് പരാതി പറയുന്നത് പതിവാണ്. കോടതിയിൽ സ്ഥിരം പരാതിക്കാരനായതോടെയാണ് മധുവിന് പരാതി കുട്ടപ്പനെന്ന പേര് വീണത്.
തെക്കൻ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ 30ൽ അധികം കേസുകളുണ്ട്. മോഷണ കേസിൽ കഴിഞ്ഞ മാസം ആലപ്പുഴ നൂറനാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും മോഷണം സജീവമാക്കി.
നീണ്ടകര ഹാർബർ പരിസരത്ത് വച്ച് പോലീസിനെ കണ്ട് കടലിൽ ചാടിയ പ്രതിയെ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് സാഹസികമായാണ് പിടികൂടിയത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
International
ലാഹോർ: പാക്കിസ്ഥാനിൽ ജഡ്ജിയുടെ ചേംബറിൽ നിന്ന് ആപ്പിളും ഹാൻഡ് വാഷും മോഷ്ടിച്ച സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പഞ്ചാബ് പ്രവിശ്യാ പോലീസ്. രണ്ട് ആപ്പിളും ഒരു ബോട്ടിൽ ഹാൻഡ് വാഷുമാണ് സെഷൻസ് കോടതി ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത്.
സംഭവത്തിന് പിന്നാലെ ലാഹോറിലെ ഇസ്ലാംപുര പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ജഡ്ജിയുടെ നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഡിസംബർ 5ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
അഡീഷണൽ സെഷൻസ് ജഡ്ജി നൂർ മുഹമ്മദ് ബസ്മലിന്റെ ചേംബറിലാണ് മോഷണം നടന്നത്. പാക്കിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 380 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Kerala
കൊച്ചി: എറണാകുളം ജില്ലാ കോടതി പരിസരത്ത് നിന്ന് സ്കൂട്ടർ മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിൽ. ചേര്‍ത്തല അരൂക്കുറ്റി സ്വദേശി ജഫീല്‍ മുഹമ്മദ്, ഫോര്‍ട്ട്കൊച്ചി സ്വദേശി റെനീഷ്.പി.എ, കൊല്ലം, വളത്തുങ്കല്‍ സ്വദേശി വിജയകുമാര്‍ എന്നിവരാണ് പിടിയിലായത്.
നവംബര്‍ 25ന് ആണ് കേസിന് ആസ്പദമായ സംഭവം. എറണാകുളം ടൗണ്‍ സെന്‍ട്രല്‍ പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ജഫീല്‍ മുഹമ്മദും വിജയകുമാറും നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി.
ഓട്ടോറിക്ഷയിലെത്തിയാണ് പ്രതികൾ വാഹനം കടത്തിക്കൊണ്ടുപോയത്. ഇത്തരത്തിൽ മോഷ്ടിക്കുന്ന വാഹനങ്ങൾ ആക്രി വിലയ്ക്ക് വിൽക്കുന്നതാണ് പ്രതികളുടെ രീതി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.