കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി വര്‍ക്ഷോപ്പിലെത്തിയ നിരവധി കേസുകളിലെ പ്രതി പിടിയിൽ. കൊയിലാണ്ടി മൂടാടി സ്വദേശി കാവാലംകുന്ന് വീട്ടില്‍ പി.കെ. ജസീല്‍ ജമാൽ(26) ആണ് കോഴിക്കോട് ടൗണ്‍ പോലീസിന്റെ പിടിയിലായത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്.
ഏപ്രില്‍ ഏഴിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കുന്ദമംഗലം സ്വദേശിയുടെ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. ഉടമയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
മോഷ്ടിച്ച ബൈക്കുമായി വര്‍ക്ഷോപ്പിലെത്തിയ ജസീല്‍ ബൈക്കിന്റെ ലോക്ക് മാറ്റിത്തരാന്‍ ആവശ്യപ്പെട്ടു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വര്‍ക്ഷോപ്പ് ഉടമ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ജസീലിനെ പിടികൂടുകയായിരുന്നു.
ജസീലിന്റെ പേരില്‍ മോഷണ കുറ്റം കൂടാതെ നിരവധി കേസുകളുണ്ട്. കോഴിക്കോട് കസബ, കൊയിലാണ്ടി, എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലായി നിരോധിത ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം, വില്പന, പോക്സോ, പൊതുസ്ഥലത്ത് കലഹം ഉണ്ടാക്കല്‍ എന്നിങ്ങനെ നിരവധി കേസുകളാണ് ഇയാളുടെ പേരിലുള്ളത്.
Tags : kerala police crime news theft case calicut