Kerala
കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ചത് സംഘടന തലത്തിലെടുത്ത തീരുമാനമാണെന്ന് മന്ത്രി ഒ.ജെ.ജനീഷ്. അതിന് മറുപടിയായി തിരിച്ചും കരിങ്കൊടി കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ജനീഷ് പറഞ്ഞു.
വിവാദമായ വിദേശയാത്രയിലും മന്ത്രി പ്രതികരിച്ചു. പ്രവാസികളുടെ ക്ഷണം സ്വീകരിച്ചാണ് താൻ വിദേശയാത്ര നടത്തിയതെന്നും യാത്രയിൽ പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ടതായും ഒ.ജെ.ജനീഷ് അറിയിച്ചു.
വിദേശത്ത് ജയിലിൽ കഴിയുന്ന 32 മലയാളി കുടുംബങ്ങൾ തനിക്ക് നിവേദനം നൽകിയതായും മന്ത്രി വ്യക്തമാക്കി. എന്നാൽ ഈ പ്രധാന വിഷയങ്ങളൊന്നും വാർത്തയായില്ലെന്നും തനിക്കെതിരെ ഒരു ഫോട്ടോ മാത്രമാണ് പ്രചരിപ്പിച്ചതെന്നും ജനീഷ് കൂട്ടിച്ചേർത്തു.
Sports
കോഴിക്കോട്: കിക്കോഫ് വിസിൽ മുതൽ കളിയുടെ നിയന്ത്രണം കൈവിടാതെ, ആക്രമണവും പ്രതിരോധവും കൃത്യമായ ബാലൻസിൽ പടുത്തുയർത്തിയ കാലിക്കട്ട് എഫ്സിക്ക് സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിൽ തകർപ്പൻ തുടക്കം.
ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-0 ന് തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ തോൽപ്പിച്ചു.
ഇന്ന് ഒന്നാം റൗണ്ടിലെ അവസാന മത്സരത്തിൽ ഫോഴ്സ കൊച്ചി എഫ്സി, മലപ്പുറം എഫ്സിയെ നേരിടും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.
Kerala
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്ലിയാരെ തെരഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിലാണ് തീരുമാനം. ജനറൽ സെക്രട്ടറിയായിരുന്ന കെ.ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റുമാരായി വി.മൂസക്കോയ മുസ്ലിയാർ, എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ എന്നിവരെയും സെക്രട്ടറിയായി പനങ്കാങ്ങര ഹൈദർ ഫൈസിയെയും തെരഞ്ഞെടുത്തു. നിലവിലെ കമ്മിറ്റിയിൽ ട്രഷററായിരുന്നു കൊയ്യോട് ഉമർ മുസ്ലിയാർ.
Kerala
കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വ്യാജ സിദ്ധൻ പിടിയിൽ. പുതുപ്പാടി ആലഞ്ചേരി കളത്തിൽ അൻവർ സാദത്ത് ആണ് പിടിയിലായത്. ദാമ്പത്യപ്രശ്നം പരിഹരിക്കാൻ ഭർത്താവിനൊപ്പമെത്തിയ യുവതിക്കെതിരെയാണ് ലൈംഗികാതിക്രമം നടന്നത്.
ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാനാണ് ദന്പതികൾ അൻവർ സാദത്തിന്റെ പക്കലെത്തിയത്. തുടർന്ന് പ്രശ്നപരിഹാരമെന്ന വ്യാജേന പരാതിക്കാരിയുടെ ഭർത്താവിന്റെ കൈയിൽ മന്ത്രം ജപിച്ച് ഒരു തേങ്ങ നൽകിയ ശേഷം പുറത്തേക്ക് നോക്കി മന്ത്രം ചൊല്ലാൻ അൻവർ സാദത്ത് ആവശ്യപ്പെട്ടു.
ഭർത്താവ് മന്ത്രം ചൊല്ലുന്നതിനിടയിൽ യുവതിയെ മറ്റൊരു മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ അൻവർ സാദത്ത് കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് പൊലിസിന്റെ പിടിയിലായത്. ഇയാൾ പോക്സോ കേസിലും പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.
Kerala
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ മധ്യവയസ്കനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കൊല്ലം സ്വദേശി അഭിലാഷ്, പന്തലായനി സ്വദേശി അതുൽ എന്നിവരാണ് പിടിയിലായത്. പുതുശേരിക്കണ്ടി ലത്തീഫിനെ അക്രമിച്ച കേസിലാണ് പ്രതികൾ പിടിയിലായത്.
കൊയിലാണ്ടി മേൽപ്പാലത്തിന് കീഴിലായിരുന്നു ആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ലത്തീഫ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Kerala
കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയില് ഒഴുക്കില്പ്പെട്ട് യുവതിയെ കാണാതായി. കാലംപാറ തൂക്കുപാലത്തിന് സമീപമാണ് സംഭവം. മലപ്പുറം കീഴ്ശേരി സ്വദേശി ജെസ്നയെ ആണ് കാണാതായത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം.
സ്ഥലം കാണാനെത്തിയതായിരുന്നു ജെസ്ന ഉൾപ്പെട്ട ഒമ്പതംഗ സംഘം. ഉള്വനത്തില് മഴപെയ്തതിനെ തുടര്ന്ന് പുഴയില് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില് യുവതി ഒഴുകിപോയതായാണ് പ്രാഥമിക വിവരം. നിലവിൽ അഗ്നിശമനസേനയും പൊലിസും തെരച്ചിൽ തുടരുകയാണ്.
Kerala
കോഴിക്കോട്: തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയും തിരിച്ചടികളും ജനങ്ങൾക്ക് മുന്നിൽ ഏറ്റുപറഞ്ഞ് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. തീവ്രവലതുപക്ഷ വർഗീയ സാമുദായിക ഏകീകരണം സംസ്ഥാനത്തുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ഭാഗത്തും ചെറുതും വലുതുമായ പോരായ്മകളുണ്ടായെന്നും സിപിഎം ജനറൽ സെക്രട്ടറി വ്യക്തമാക്കി. വീഴ്ചകൾ എല്ലാം തങ്ങൾ തുറന്നു സമ്മതിക്കുമെന്നും ബേബി പറഞ്ഞു. കോഴിക്കോട് നടന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സർക്കാർ അതിദാരിദ്ര്യം തുടച്ചുനീക്കുന്നത് ഉൾപ്പെടെ നിരവധി ചരിത്രനേട്ടങ്ങൾ കൈവരിച്ചിട്ടും അതിനെയെല്ലാം മറച്ചുവച്ച് ഇടത് മുന്നണിക്കെതിരെ നഗ്നമായ കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുകയായിരുന്നുവെന്ന് എം.എ.ബേബി ആരോപിച്ചു.
Kerala
കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ സഹകരണ മേഖലയിലും തെറ്റ് തിരുത്തലിന് നിർദേശം. പാര്ട്ടി നേതാക്കളെടുത്ത വലിയ വായ്പകള് തിരിച്ചടക്കണമെന്നും തിരിച്ചടവില്ലെങ്കില് പാര്ട്ടി നടപടി സ്വീകരിക്കുമെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
സിപിഎം ഭരിക്കുന്ന ബാങ്കുകള്ക്കും നടപടിയെടുക്കാമെന്ന് നിർദേശമുണ്ട്. വായ്പ എടുക്കുമ്പോഴും സംരംഭം തുടങ്ങുമ്പോഴും പാര്ട്ടിയെ അറിയിക്കണമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു. അതേസമയം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കും സമാന അഭിപ്രായം ഉന്നയിച്ചിരുന്നു.
കരിവന്നൂർ ഉൾപ്പെടെ സഹകരണ മേഖലയിലെ തട്ടിപ്പ് കേസുകളിൽ പാർട്ടി പ്രതി സ്ഥാനത്ത് നിൽക്കുന്ന സാഹചര്യത്തിലാണ് തോമസ് ഐസക്കിന്റെ പ്രതികരണം. വായ്പ എടുക്കുന്നതിലും തിരിച്ചടവിലും കൃത്യമായ മാര്ഗ നിര്ദേശം വേണമെന്നാണ് അദ്ദേഹം പ്രതികരിച്ചിരുന്നത്.
Kerala
കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ തനിക്കെതിരെയും വിമർശനം ഉയർന്നുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വർഗീയ ശക്തികൾക്കെതിരെയും കേന്ദ്ര ഏജൻസിയായ ഇഡിക്കെതിരെയും ശക്തമായ പോരാട്ടത്തിനും പ്രചാരണങ്ങൾക്കും നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ചേർന്ന സിപിഎം വിശാല യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി. മൂന്ന് പ്രധാന പ്രമേയങ്ങൾ യോഗം അംഗീകരിച്ചതായും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ മാധ്യമങ്ങളെക്കൂടി കൂട്ടുപിടിച്ച് ഇഡി കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നും എസ്എഫ്ഐ പ്രവർത്തകരുടെ വീടുകളിൽ പോലും റെയ്ഡ് നടത്തുന്ന ഇഡിയുടെ കടന്നാക്രമണങ്ങളെ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിച്ച് തോൽപിക്കുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
മുക്കം: മസ്ജിദുകൾ കേന്ദ്രീകരിച്ച് ബാറ്ററികൾ മോഷ്ടിച്ചിരുന്ന പ്രതി പിടിയിൽ. മുക്കം തോട്ടത്തിൻകടവ് സ്വദേശി അബ്ദുൽ ജലീൽ ആണ് പിടിയിലായത്. വ്യാജ നമ്പർ ഘടിപ്പിച്ച ബൈക്കിലെത്തിയാണ് പ്രതിയുടെ മോഷണം.
നിസ്കരിക്കാനെന്ന വ്യാജേനയാണ് ഇയാൾ പള്ളികളിലെത്തിയിരുന്നത്. മസ്ജിദുകളിൽ കയറി ഇൻവെർട്ടർ ബാറ്ററികളാണ് പ്രതി മോഷ്ടിച്ചിരുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലെ ആരാധനായലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം.
മലയമ്മ ടൗൺ ജുമാമസ്ജിദിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഇൻവെർട്ടറും ബാറ്ററിയും കവർച്ച ചെയ്തിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചനകൾ ലഭിച്ചത്. തുടർന്ന് മുക്കം പൊലിസിനെ നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ ഇന്ന് പൊതുചർച്ച അവസാനിക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ട് ദുർബലമെന്ന് സംസ്ഥാന സമിതി യോഗത്തിന്റെ ആദ്യദിനം തന്നെ വിമർശനം ഉയർന്നിരുന്നു.
വിശാല സംസ്ഥാന സമിതി യോഗത്തിൽ ഗ്രൂപ്പ് ചർച്ചകൾക്ക് കടിഞ്ഞാണിട്ടിരുന്നു. രൂക്ഷ വിമർശനങ്ങളിലേക്ക് പോകേണ്ടെന്നാണ് ഗ്രൂപ്പ് ചർച്ചകളിൽ നൽകിയ നിർദേശം. വ്യക്തി കേന്ദ്രീകൃത വിമർശനങ്ങൾ വേണ്ടെന്നും നിർദേശമുണ്ട്.
സംഘടന നേരിടുന്ന പ്രശ്നങ്ങളിൽ കേന്ദ്രീകരിക്കാനാണ് നിർദേശം. ചര്ച്ചകളില് ജില്ലകൾക്ക് അരമണിക്കൂർ സമയമാണ് അനുവദിക്കുന്നത്. വർഗ ബഹുജന സംഘടനകൾക്ക് അഞ്ച് മിനിറ്റ് മുതൽ 10 മിനിറ്റ് വരെയാണ് സമയം അനുവദിക്കുക.
Kerala
കോഴിക്കോട്: പിഎംശ്രീയിൽ കേന്ദ്രസർക്കാരുമായി ധാരണപത്രത്തിൽ ഒപ്പുവച്ചത് പാർട്ടിനയത്തിൽ നിന്നുള്ള വ്യതിയാനമായിരുന്നുവെന്നും അതുകൊണ്ട് തന്നെയാണ് ആ എംഒയുവിൽ നിന്നും സർക്കാർ പിന്മാറിയതെന്നും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.ടി. കുഞ്ഞിക്കണ്ണൻ.
സെപ്റ്റംബർ 13 മുതൽ കോഴിക്കോട് വിശാല സംസ്ഥാന കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് ജില്ലാ കമ്മിറ്റി അംഗം വിമർശനവുമായി രംഗത്തെത്തിയത്. ഭരണത്തിൽ പാർട്ടി സംഘടന ശരിയായ രീതിയിൽ പ്രവർത്തിച്ചില്ല. തങ്ങൾ ഭരിക്കുന്നവർ മാത്രമായി മാറിയെന്നും കുഞ്ഞിക്കണ്ണൻ ആരോപിച്ചു.
ഇക്കാര്യങ്ങളെല്ലാം കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതെല്ലാം അടിസ്ഥാനമാക്കിക്കൊണ്ടുതന്നെയാവും കേരളത്തിൽ തിരുത്തൽ നടപടികൾ ആരംഭിക്കുകയെന്നതിൽ ഒരു സംശയവുമില്ലെന്നും കെ.ടി. കുഞ്ഞിക്കണ്ണൻ വ്യക്തമാക്കി.
Kerala
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ. ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പരാതി. അത്തോളി സ്വദേശി റിഷാദ് ആണ് പിടിയിലായത്.
പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി കുട്ടിയെ വൈത്തിരിയിലെ വില്ലയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രതി ഫോണിൽ പകർത്തിയതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
പെണ്കുട്ടിയുടെ പരാതിയിൽ എലത്തൂർ പൊലിസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കുന്നത്തുപാലം സ്വദേശി തച്ചാരയ്ക്കൽ മീത്തൽ വീട്ടിൽ പ്രേംരാജ്(55) ആണ് പിടിയിലായത്.
പന്തീരാങ്കാവ് പൊലിസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഓഗസ്റ്റ് മാസത്തിൽ പല തവണയായി പ്രതി അഞ്ചുവയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ച കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു.
തുടർന്ന് കുടുംബം പന്തീരാങ്കാവ് പൊലിസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ പൊലിസ് കോടതിയിൽ ഹാജരാക്കി.
Sports
കാര്യവട്ടം: നിർണായക മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിനെ വീഴ്ത്തി കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ് കേരളാ ക്രിക്കറ്റ് ലീഗ് സെമി ബർത്ത് ഉറപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്്ത കാലിക്കട്ട് ആറു വിക്കറ്റ് നഷ്ടത്തിൽ 184 റണ്സ് നേടി.
മറുപടി ബാറ്റിംഗിൽ ട്രിവാൻഡ്രത്തിന് 177 റണ്സ് നേടാനേ സാധിച്ചുള്ളൂ. കാലിക്കട്ടിന് ഏഴു റണ്സ് ജയവും സെമിയിൽ ഇടവും ഇതോടെ സ്വന്തം. സ്കോർ: കാലിക്കട്ട് ഗ്ലോബ് സ്റ്റാർസ്- 20 ഓവറിൽ 184/6. ട്രിവാൻഡ്രം റോയൽസ്- 19.3 ഓവറിൽ 177.
ആദ്യം ബാറ്റ് ചെയ്ത കാലിക്കട്ടിന് തുടക്കം പിഴച്ചു. നാലു റണ്സെടുത്ത വരുണ് നായനാർ രണ്ടാം ഓവറിൽ പുറത്തായി. തുടർന്ന് രോഹൻ കുന്നുമ്മലും അഖിൽ സ്കറിയയും ചേർന്ന് സ്കോർ മുന്നോട്ടു കൊണ്ടുപോയി.
35 റണ്സെടുത്ത രോഹനെ എം. നിഖിൽ പുറത്താക്കി. തുടർന്നെത്തിയ ജോസ് പെരയൽ കൂറ്റൻ അടികളോടെ 15 പന്തിൽ നിന്നും 31 റണ്സ് നേടി. അവസാന ഓവറുകളിൽ സൽമാൻ നിസാറും (31) അശ്വിൻ ആനന്ദും (24) ചേർന്ന് സ്കോർ 184ൽ എത്തിച്ചു.
185 റണ്സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രത്തിനെ വിഷ്ണുവിനോദിന്റെ സെഞ്ചൂറിയൻ പ്രകടനവും വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. കാലിക്കട്ടിന് വേണ്ടി വിഘ്നേഷ് പുത്തൂർ നാല് ഓവറിൽ 13 റണ്സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി.
സെമി പോരാട്ടങ്ങള് ഇന്ന്:
ആദ്യ സെമിഫൈനലില് ട്രിവാന്ഡ്രം റോയല്സ് തൃശൂര് ടൈറ്റന്സിനെ നേരിടും. മത്സരം ഉച്ചകഴിഞ്ഞ് 2.30ന്.
രണ്ടാം സെമിയില് ആലപ്പി റിപ്പിള്സ് കാലിക്കട്ട് ഗ്ലോബ് സ്റ്റാര്സിനെ നേരിടും.
Kerala
കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ അടച്ചിട്ട വീട്ടില് നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തിയ സംഭവത്തില് മൂന്ന് പേര് പിടിയിൽ. കോടഞ്ചേരി ജിതിന് മൈക്കിള്, ഈങ്ങാപ്പുഴ വെള്ളാടിക്കാവില് കെ.എം ഷാജി, താമരശേരി കമ്മാളുക്കുന്നത്ത് ബൈജു എന്നിവരാണ് പിടിയിലായത്.
താമരശേരി പൊലിസ് ആണ് പ്രതികളെ പിടികൂടിയത്. താമരശേരി കമ്മാളന്കുന്നത്ത് ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമരശേരി പൊലിസും എക്സൈസ് റേഞ്ച് സംഘവും നടത്തിയ സംയുക്ത പരിശോധനയിലാണ് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തിയത്.
അടച്ചിട്ട വീട്ടില് നിന്ന് 70 വെടിയുണ്ടകളും 63 കുപ്പി വിദേശമദ്യവുമാണ് കണ്ടെത്തിയത്. സംഭവത്തില് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
Kerala
കോഴിക്കോട്: ജോലി കഴിഞ്ഞ് മകനോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയുടെ സ്വര്ണമാല പൊട്ടിച്ച കേസില് യുവാവ് പിടിയില്. ബാലുശേരി തലയാട് സ്വദേശി സഹല്(28) ആണ് പിടിയിലായത്. വയനാട്ടില് നിന്നാണ് ബാലുശേരി പൊലിസ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. ബാലുശേരി സന്ധ്യാ റോഡില് വച്ച് ജോലി കഴിഞ്ഞ് മകനോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉണ്ണികുളം സ്വദേശി അനുശ്രീയുടെ രണ്ടര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത് പ്രതി കടന്നുകളയുകയായിരുന്നു.
സമീപത്തെ ഒരു കടയിലെ സിസിടിവിയില് ഇയാളുടെ ദൃശ്യങ്ങള് പതിഞ്ഞിരുന്നു. ദൃശ്യങ്ങള് കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് സഹൽ പിടിയിലായത്.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ്(37) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെയാണ് മരണം.
കടുത്ത രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഷഫീഖിനെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മലപ്പുറം ആതവനാട് പഞ്ചായത്തിലെ ചെലൂര് ഭരണികുളത്തില് കുളിച്ചതില് നിന്നാകാം രോഗബാധയുണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രാഥമിക നിഗമനം.
Kerala
കോഴിക്കോട്: മാത്തോട്ടത്ത് ട്രെയിൻ തട്ടി യുവാവ് മരിച്ചു. തിരൂർ പൂക്കയിൽ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പൂളക്കണ്ടി നൗഫൽ ആണ് മരിച്ചത്. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. തിങ്കളാഴ്ച രാത്രി 12 ഓടെയാണ് അപകടമുണ്ടായത്.
അരീക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു യുവാവ്. അപകടത്തെ തുടർന്ന് ലോക്കോ പൈലറ്റ് റെയിൽവേ പൊലിസിനെ വിവരം അറിയിച്ചിരുന്നു. പ്രദേശത്ത് പൊലിസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിരുന്നില്ല.
ഇന്ന് രാവിലെ എട്ടോടെ റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Kerala
കോഴിക്കോട്: പട്രോളിംഗ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. പൂളക്കടവ് സ്വദേശി ബെന്നി ലോയ്ഡ്(48), പരപ്പില് സ്വദേശി രജാദ്(38), രാമനാട്ടുകര സ്വദേശി നന്ദകുമാര് (25), ചാലപ്പുറം കോട്ടപ്പറമ്പ് സ്വദേശി അദ്നുല് ഷാഹിം(22) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മാനാഞ്ചിറ സ്ക്വയറിനുള്ളില് പണപ്പിരിവ് നടക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടര്ന്ന് പട്രോളിംഗ് സംഘം അവിടേക്ക് എത്തുകയായിരുന്നു. സംശയാസ്പദ സാഹചര്യത്തില് കണ്ട പ്രതികളോട് അവിടെ നിന്നും പോകാന് പോലീസ് ആവശ്യപ്പെട്ടു.
ഇതേതുടർന്നുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ മലപ്പുറം എംഎസ്പി ക്യാമ്പിലെ സിവില് പോലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ. ആദര്ശിന്റെ വലതു കൈയില് സംഘത്തിണ്ടായിരുന്ന ഒരാള് സിറിഞ്ചുകൊണ്ട് കുത്തുകയായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ പോലീസുകാരനെ പിന്നീട് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്ച്ചെയോടെയാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. പ്രതികള് സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും പോലീസ് വ്യക്തമാക്കി.
Kerala
കോഴിക്കോട്: കോഴിക്കോട് പട്രോളിംഗ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. ശനിയാഴ്ച രാത്രി കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലാണ് അക്രമസംഭവം അരങ്ങേറിയത്.
അക്രമിസംഘം പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം. കോഴിക്കോട് ടൗൺ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ലഹരിസംഘത്തിന്റെ ആക്രമണമുണ്ടായത്.
ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കല്പ്പറ്റ: കാര്ബണ് സന്തുലിത കോഫി പാര്ക്ക്, ക്ലൈമറ്റ് സ്മാര്ട്ട് കോഫി പദ്ധതികളുമായി കേരള കോഫി ലിമിറ്റഡ്(കെസിഎല്) മുന്നോട്ട്. രണ്ട് പദ്ധതികളുടെയും നിര്വഹണത്തിന് ആവശ്യമായ ശാസ്ത്രീയ പിന്തുണയ്ക്കും സാങ്കേതിക നവീകരണത്തിനും എന്ഐടി (നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കാലിക്കട്ടുമായി ധാരണാപത്രത്തില് ഒപ്പുവയ്ക്കുന്നതിന് കെസിഎല്ലിന് സര്ക്കാര് അനുമതി നല്കി.
എല്ഡിഎഫ് സര്ക്കാരിന്റെ കാലത്ത് ആവിഷ്കരിച്ചതാണ് രണ്ട് പദ്ധതികളും. ഇവയുമായി ബന്ധപ്പെട്ട പ്രവര്ത്തനം ത്വരിതപ്പെടുത്തുന്നതിനുള്ള യുഡിഎഫ് സര്ക്കാരിന്റെ തീരുമാനമാണ് ധാരണാപത്രം ഒപ്പുവയ്ക്കാനുള്ള അനുമതിയിലൂടെ പ്രകടമാകുന്നത്. സര്ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്തവിധം ധാരണയില് ഏര്പ്പെടുന്നതിനാണ് അനുവാദം.
ഉത്പാദനക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തി വയനാടന് കാപ്പി അന്താരാഷ്ട്ര വിപണിയില് കേരള കോഫി, വയനാട് ഫൈന് ഇന്ത്യന് റോബസ്റ്റ എന്നീ വാണിജ്യ നാമങ്ങളില് ലഭ്യമാക്കാനും അതുവഴി കര്ഷകരുടെ വരുമാനം വര്ധിപ്പിക്കാനും ആവിഷ്കരിച്ചതാണ് ക്ലൈമറ്റ് സ്മാര്ട്ട് കോഫി പദ്ധതി.
ഇതുമായി ബന്ധപ്പെട്ട് എന്ഐടി കാലിക്കട്ടുമായി ധാരണയിലെത്തുന്നതിന് ഓഗസ്റ്റ് ഏഴിന് ചേര്ന്ന ക്ലൈമറ്റ് സ്മാര്ട്ട് കോഫി പദ്ധതി അവലോകന യോഗം തീരുമാനിച്ചിരുന്നു. തുടര്ന്ന് കേരള കോഫി ലിമിറ്റഡ് ഡയറക്ടര് നല്കിയ അപേക്ഷയിലാണ് സര്ക്കാര് അനുമതി.
ഡോ. തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്ത് റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന് ജി. ബാലഗോപാല് മേധാവിയായി ടീം രൂപീകരിച്ചായിരുന്നു ക്ലൈമറ്റ് സ്മാര്ട്ട് കോഫി പദ്ധതിയുടെ പ്രാരംഭ നടപടികള്.
കേരള ഡെവലപ്മെന്റ് ആന്ഡ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്സിലാണ് (കെ-ഡിഐഎസി)ഇതുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയിരുന്നത്. പിന്നീട് കെ-ഡിഐഎസിയില്നിന്നു വേര്പെടുത്തിയ പദ്ധതി കെസിഎല്ലിന്റെ ഭാഗമാക്കി. കാലാവസ്ഥ സൗഹൃദ കാപ്പിക്കൃഷി പ്രോത്സാഹനം, മൂല്യവര്ധിത കാപ്പി ഉത്പന്നങ്ങളുടെ നിര്മാണം, വയനാടന് കാപ്പിക്ക് മികച്ച വില ഉറപ്പുവരുത്തല് തുടങ്ങിയവ പദ്ധതി ലക്ഷ്യങ്ങളാണ്.
കല്പ്പറ്റയ്ക്കടുത്ത് പുഴമുടിയില് ആരംഭിക്കുന്ന കാര്ബണ് ന്യൂട്രല് കോഫി പാര്ക്കില് ഇന്കുബേഷന് സെന്റര് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് കെസിഎല്ലും എന്ഐടി കാലിക്കട്ടും ധാരണാപത്രത്തില് ഒപ്പിടുന്നത്. പുഴമുടിയില് വിലയ്ക്കു വാങ്ങിയ 20 ഏക്കര് ഭൂമിയില് 112.5 കോടി രൂപ മതിപ്പുചെലവിലാണ് കാര്ബണ് ന്യൂട്രല് കോഫി പാര്ക്ക് വിഭാവനം ചെയ്തിരിക്കുന്നത്.
പി. രാജീവ് വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് കിഫ്ബിയുടെ കീഴില് കോഫി പാര്ക്ക് ആരംഭിക്കുന്നതിന് നീക്കം നടന്നത്. പരിശീലന കേന്ദ്രം, പരിശോധനാകേന്ദ്രം, സര്ട്ടിഫിക്കേഷന് സെന്റര്, കോഫി മ്യൂസിയം, കാപ്പി സംസ്കരണ കേന്ദ്രം തുടങ്ങിയവ കോഫി പാര്ക്കിന്റെ ഭാഗമാണ്.
അന്താരാഷ്ട്ര ഫണ്ടിംഗിലൂടെ എന്ഐടി കാലിക്കട്ട് നടപ്പാക്കുന്ന പദ്ധതിയില് ഉള്പ്പെടുത്തിയാണ് പാര്ക്കില് ഇന്കുബേഷന് സെന്റര് സ്ഥാപിക്കുന്നത്. എന്ഐടി കാലിക്കട്ടിന്റെ സാറ്റലൈറ്റ് കേന്ദ്രമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. കാര്ഷിക മേഖലയില് തൊഴിലവസരങ്ങള് സൃഷ്ടിക്കുക, ഗവേഷണങ്ങള് നടത്തുക എന്നിവ സെന്ററിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.
Sports
കാര്യവട്ടം: രോഹൻ കുന്നുമ്മലിന്റെ ബാറ്റിംഗ് മികവും ഹരികൃഷ്ണന്റെ തകർപ്പൻ ബൗളിംഗും കാലിക്കട്ടിനു സമ്മാനിച്ചത് മിന്നും ജയം.
കേരളാ ക്രിക്കറ്റ് ലീഗ് (കെസിഎൽ) സീസണ് മൂന്നിലെ മൂന്നാം ജയം കാലിക്കട്ട് കൈപ്പിടിയിലൊതുക്കി. ആലപ്പി റിപ്പിൾസിനെതിരേ ആറുവിക്കറ്റ് ജയമാണ് കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ് സ്വന്തമാക്കിയത്.
ക്യാപ്റ്റൻ രോഹൻ കുന്നുമ്മലാണ് പ്ലയർ ഓഫ് ദ മാച്ച്. സ്കോർ: ആലപ്പി റിപ്പിൾസ്- 19.3 ഓവറിൽ 131. കാലിക്കട്ട് ഗ്ലോബ് സ്റ്റാർസ്- 16.5 ഓവറിൽ നാലിന് 135.
ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 19.3 ഓവറിൽ 131ന് പുറത്തായി.
132 റണ്സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കാലിക്കട്ട്് 16.5 ഓവറിൽ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ 47 പന്തുകളിൽ എട്ട് സിക്സും ആറു ഫോറുമടക്കം നേടിയ 93 റണ്സാണ് കാലിക്കട്ടിന് വിജയക്കരുത്തായത്.
ടോസ് നേടിയ കാലിക്കട്ട് ആലപ്പിയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ആലപ്പിക്ക് ആദ്യംതന്നെ തിരിച്ചടിയേറ്റു. ഇന്നിംഗ്സിലെ രണ്ടാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ വിശ്വസ്ത ബാറ്റർമാരായ ജലജ് സക്സേനയെയും (രണ്ട്) സച്ചിൻ ബേബിയെയെയും സ്പിന്നർ ഹരികൃഷ്ണൻ പുറത്താക്കി. മൂന്നാം ഓവറിൽ മുഹമ്മദ് അസ്ഹറുദ്ദീനെയും (12) കെ.എ. അരുണിനെയും (ഒന്ന്) അഖിൽ സ്കറിയ പവലിയനിലേക്ക് അയച്ചു. ഇതോടെ ആലപ്പി വലിയ തകർച്ച നേരിട്ടു.
നാല് വിക്കറ്റ് നഷ്ടത്തിൽ 16 റണ്സ്. ടി.കെ. അക്ഷയ് (11), ആകാശ് പിള്ള (13) എന്നിവർ വേഗത്തിൽ മടങ്ങി. അഭിജിത് പ്രവീണ് (24), സിബിൻ ഗിരീഷ് (17), ആഷിക് അലി (33) എന്നിവർ നടത്തിയ ചെറുത്തുനിൽപ്പാണ് സ്കോർ 130 കടത്തിയത്. ന ാല് ഓവറിൽ 12 റണ്സ് മാത്രം വിട്ടുകൊടുത്ത് ഹരികൃഷ്ണൻ മൂന്നു വിക്കറ്റ് സ്വന്തമാക്കി. അഖിൽ സ്കറിയയും വിഘ്നേഷ് പുത്തൂരും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
132 റണ്സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കാലിക്കട്ടിന് തുടക്കത്തിൽ കെ.എസ്. അരവിന്ദിനെയും (രണ്ട്) വരുണ് നായനാരെയും (ഒന്ന്) നഷ്ടമായി. തുടർന്ന് രോഹൻ കുന്നുമ്മൽ, അഖിൽ സ്കറിയ കൂട്ടുകെട്ട് കരുതലോടെ ബാറ്റ് വീശി.
ഇരുവരും ചേർന്ന് 106 റണ്സാണ് കൂട്ടിച്ചേർത്തത്. 47 പന്തുകളിൽ ആറ് ഫോറും എട്ട് സിക്സുമടക്കം 94 റണ്സെടുത്ത രോഹനെ അഭിജിത് പ്രവീണിന്റെ പന്തിൽ സച്ചിൻ ബേബി ക്യാച്ചെടുത്താണ് പുറത്താക്കിയത്. അഖിൽ സ്കറിയ 31 റണ്സുമായി പുറത്താകാതെ നിന്നു.
Kerala
കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ കമ്പ്യൂട്ടർ യുപിഎസിൽ നിന്ന് ഷോക്കേറ്റ് സ്വകാര്യ മെഡിക്കൽ ക്ലിനിക് ഉടമ മരിച്ചു. പെരുവട്ടൂർ താവോളിതാഴെ സുജയനിവാസിൽ സുനിൽകുമാർ (50) ആണ് മരിച്ചത്.
കൊയിലാണ്ടി മാരാമുറ്റം റോഡിൽ എൽഐസി ഓഫീസിന് മുന്നിലുള്ള ലോയൽ ഹെൽത്ത് കെയർ ക്ലിനിക്കിന്റെ ഉടമയാണ് മരിച്ച സുനിൽകുമാർ. തിങ്കളാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം. ലാബിനുള്ളിലെ കമ്പ്യൂട്ടർ യുപിഎസിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് സുനിൽകുമാറിനെ ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി പിടിയിൽ. പുതിയാപ്പ ചെറുകുഴിതാഴത്ത് വീട്ടിൽ സുജിത്ത് (31) ആണ് പിടിയിലായത്. നടക്കാവ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഷിബുവിന് നേരെയാണ് ആക്രമണമുണ്ടായത്.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം. നഗരത്തിലെ ഒരു വീടിന് മുന്നിൽ ഒരാൾ ബഹളം വയ്ക്കുന്നതായി വിവരം ലഭിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്. പട്രോളിംഗ് സംഘം സ്ഥലത്തെത്തുമ്പോൾ സുജിത്ത് ചോരയൊലിക്കുന്ന കൈയുമായി റോഡിൽനിന്ന് ബഹളം വയ്ക്കുകയായിരുന്നു.
ഇയാളെ ആംബുലൻസിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സബ് ഇൻസ്പെക്ടർ ഷിബുവിനെ ആക്രമിച്ചത്. സുജിത്തിന്റെ ചവിട്ടേറ്റ് റോഡിൽ വീണ ഷിബുവിന്റെ കൈമുട്ടിനും വയറിനും കഴുത്തിനും പരിക്കേറ്റു. തുടർന്ന് ബലം പ്രയോഗിച്ചാണ് സുജിത്തിനെ ആംബുലൻസിൽ കയറ്റിയത്.
Kerala
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരൻ (64)ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് ശശിധരന്റെ മകൻ അഭിരാമിനെ മെഡിക്കൽ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ 12.30ഓടെയാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന അഭിരാമിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ശശിധരനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ ഏഴ് വയസുകാരനെ അച്ഛന്റെ വീട്ടുകാർ ക്രൂരമായി മർദിച്ചതായി പരാതി. ചൈൽഡ് ലൈൻ അധികൃതരാണ് മർദന വിവരം പോലീസിനെ അറിയിച്ചത്. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു.
എന്നാൽ സംഭവത്തിൽ കുട്ടിയുടെ മൊഴി എടുത്തപ്പോൾ പരാതി ഇല്ലാത്തതിനാൽ നിലവിൽ കേസ് എടുത്തിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
Kerala
കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില് ഒരാള് കൂടി പിടിയില്. കോഴിക്കോട് കുരുവട്ടൂര് നമ്പ്യാത്ത് താഴത്ത് കനാല് റോഡില് കുറ്റിയില് വീട്ടില് അതുൽ ആണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. മലാപറമ്പ് സ്വദേശിയെ സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയി ചേവായൂര് പോലീസ് സ്റ്റേഷന് പരിധിയില് പടിഞ്ഞാറ്റുമുറിയിലെ ഒരു വാടകവീട്ടിലെത്തിച്ച് മർദിക്കുകയായിരുന്നു.
തുടർന്ന് യുവാവിന്റെ നഗ്ന ചിത്രം കുടുംബത്തിന് അയച്ചുനൽകി, എട്ട് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
Kerala
കോഴിക്കോട്: കോഴിക്കോട് ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. മാവൂർ കുതിരാടം സ്വദേശി ബാസിലിനെ (23) ആണ് കാണാതായത്. ബുധനാഴ്ച പുലർച്ചെ ആയിരുന്നു അപകടം.
മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് വച്ച് ബോട്ട് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. നാട്ടുകാരും അഗ്നിശമന സേനയും സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
Kerala
പുതുപ്പാടി: ദേശീയപാതയിൽ നിയന്ത്രണംവിട്ട കാറിടിച്ച് നാല് പേർക്ക് പരിക്ക്. കോഴിക്കോട് പുതുപ്പാടി ഒടുങ്ങാക്കാട് മഖാമിന് മുന്നിലായിരുന്നു അപകടം. തിങ്കളാഴ്ച വൈകിട്ട് 6.45ഓടെയാണ് സംഭവം. നിയന്ത്രണംവിട്ട കാർ ബൈക്കിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.
ബൈക്കിലും സ്കൂട്ടറിലും യാത്ര ചെയ്തിരുന്ന നാല് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരിൽ ബൈക്ക് യാത്രക്കാരിയായ ബത്തേരി സ്വദേശിനി ബൃന്ദ (19)യുടെ പരിക്ക് ഗുരുതരമാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Kerala
കോഴിക്കോട്: ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. വെസ്റ്റ് മാഹിയിലെ രേണുക ഓയിൽ മില്ലിനാണ് തീപിടിച്ചത്. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 15ഓളം അഗ്നിശമന യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഞായറാഴ്ച രാത്രി പത്തോടെ ആയിരുന്നു തീപിടിത്തം. 95 ശതമാനം തീയണച്ചു. എന്നാൽ പ്രദേശത്ത് മുഴുവന് പുക വ്യാപിക്കുകയാണ്.
സമീപത്തുള്ള വീടുകളിലേക്കും പുക ഉയരുന്ന സാഹചര്യമുണ്ടായി. നിലവിൽ വെളിച്ചെണ്ണ കിടക്കുന്ന സ്ഥലങ്ങളിൽ തീപടരുന്നുണ്ട്. അഞ്ച് അഗ്നിശമന യൂണിറ്റുകൾ ചേർന്ന് തീ പൂർണമായും അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Kerala
കോഴിക്കോട്: ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ വൻതീപിടിത്തം. ബേപ്പൂരിലെ രേണുക ഓയിൽ മില്ലിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി പത്തോടെ ആയിരുന്നു തീപിടിത്തമുണ്ടായത്. വെളിച്ചെണ്ണ നിർമാണത്തിനായി സൂക്ഷിച്ചിരുന്ന കൊപ്രയ്ക്കാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം.
അപകടത്തെ തുടർന്ന് അഗ്നിശമനസേനയുടെ ഒൻപത് യൂണിറ്റുകൾ സ്ഥലത്തെത്തി തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. മില്ലിലെ പ്രധാന ഉപകരണങ്ങൾ കത്തിനശിച്ചതായാണ് വിവരം. അപകടത്തിൽ ആളപായങ്ങളൊന്നും ഉണ്ടായിട്ടില്ല.
Kerala
കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 81 വയസായിരുന്നു.
2003 മുതൽ 2005 വരെ കേരള സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2006 മുതൽ 2009ൽ വരെ കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയർമാനുമായിരുന്നു. 2016 മുതൽ സമസ്ത ജനറൽ സെക്രട്ടറിയാണ്.
Kerala
കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാവൂർ കുറ്റിക്കടവ് വളയന്നൂർ സ്വദേശി വടക്കേടത്ത് മിർഷാദ് (22)ആണ് മരിച്ചത്. മലപ്പുറം കോട്ടക്കലിൽ വച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായത്.
മിർഷാദ് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തുടർന്ന് ഗുരുതരമായി പരിക്കേറ്റ മിർഷാദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Kerala
കോഴിക്കോട്: വിൽപനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. കുറ്റിക്കാട്ടൂർ സ്വദേശി തടപ്പറമ്പിൽവീട്ടിൽ അബ്ദുൽ ജബ്ബാർ (38)ആണ് പിടിയിലായത്. കോട്ടൂളി സെൻട്രൽ ജംഗ്ഷന് സമീപംവച്ച് ആയിരുന്നു പ്രതി പിടിയിലായത്.
ഇയാളിൽ നിന്ന് 4.740 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പോലീസ് പട്രോളിംഗ് സംഘത്തെ കണ്ട് പരിഭ്രമിച്ച പ്രതിയെ പരിശോധിക്കുമ്പോഴായിരുന്നു ലഹരിമരുന്ന് കണ്ടെടുത്തത്. കോട്ടൂളി, തൊണ്ടയാട് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: പൂനൂര് പുഴയില് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കോഴിക്കോട് എകരൂല് സ്വദേശി ഷിജുവിനെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.
കാവുള്ളപറമ്പ് കടവിലാണ് കോണ്ക്രീറ്റ് ജോലിക്കാരനായ ഷിജു മൂന്ന് സുഹൃത്തുക്കള്ക്കൊപ്പം പുഴയില് കുളിക്കാന് ഇറങ്ങിയത്. യുവാവ് ഒഴുക്കില്പ്പെട്ടതിനെ തുടര്ന്ന് കൂടെയുണ്ടായിരുന്നവര് ബഹളം വെച്ചതോടെയാണ് നാട്ടുകാര് വിവരമറിയുന്നത്.
തുടർന്ന് നാട്ടുകാര് നരിക്കുനി അഗ്നിരക്ഷാനിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർ ആന്റ് റെസ്ക്യു അംഗങ്ങളോടൊപ്പം നാട്ടുകാരും സിവില് ഡിഫന്സ് വളണ്ടിയര്മാരും തെരച്ചില് തുടരുകയാണ്.
Kerala
കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ വഴിതര്ക്കത്തിനിടെ യുവാവിന് വെട്ടേറ്റു. കൊടിയത്തൂര് പഞ്ചായത്തിലെ പന്നിക്കോട്ടാണ് സംഭവം. പന്നിക്കോട് കുഴിയില് അനൂപ്(40) എന്ന യുവാവിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തെ തുടർന്ന് തെങ്ങുകയറ്റ തൊഴിലാളിയായ ദേവദാസനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് പന്നിക്കോട് അങ്ങാടിക്ക് സമീപമായിരുന്നു സംഭവം നടന്നത്. ഏറെ നാളായി ദേവദാസനും അനൂപും തമ്മില് വഴിതര്ക്കം നിലനിന്നിരുന്നു.
ഞായറാഴ്ച വൈകിട്ടും ഇരുവരും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് വാക്കുതർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ ദേവദാസന് കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് അനൂപിനെ വെട്ടിപ്പരിക്കേല്പ്പിക്കുകയായിരുന്നു. പരിക്കേറ്റ അനൂപിനെ നാട്ടുകാർ ഉടന് തന്നെ കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
Kerala
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ പോലീസിനും നാട്ടുകാർക്കും ലഹരിസംഘത്തിന്റെ ആക്രമണം. പേരാമ്പ്ര പാണ്ടിക്കോട് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് അക്രമസംഭവം അരങ്ങേറിയത്.
സംഭവത്തെ തുടർന്ന് രണ്ട് യുവാക്കളെയും മൂന്ന് സ്ത്രീകളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിശോധനയ്ക്കായി അടുത്തേയ്ക്ക് വന്ന ഉദ്യോഗസ്ഥരെ പ്രതികൾ തടയുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു.
സംഭവത്തിൽ സ്ക്വാഡ് അംഗങ്ങൾക്കും റിയാദ് എന്ന നാട്ടുകാരനും പരിക്കേറ്റിട്ടുണ്ട്. പിന്നാലെ കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് പ്രതികളെ കീഴടക്കിയത്. പ്രതികളിൽ നിന്ന് രാസലഹരിയും കണ്ടെടുത്തതായാണ് വിവരം.
Kerala
കോഴിക്കോട്: വയോധികനെ ആക്രമിച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. ഗോതീശ്വരം കല്ലിങ്ങൽ സ്വദേശി കോട്ടപ്പുറം കുഞ്ഞിക്കണ്ടിപ്പറമ്പിൽ രതീഷ് ആണ് പിടിയിലായത്. ജൂൺ27ന് ആണ് കേസിന് ആസ്പദമായ സംഭവം.
ബേപ്പൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വാർധക്യ പെൻഷൻ വാങ്ങി മടങ്ങുമ്പോഴാണ് ചക്കുംകടവ് നദീ നഗർ സ്വദേശി ആക്രമിക്കപ്പെട്ടത്. വയോധികന്റെ കൈവശമുണ്ടായിരുന്ന രേഖകളടങ്ങിയ പഴ്സ് പ്രതി തട്ടിയെടുക്കുകയായിരുന്നു.
ഇതേ തുടർന്ന് വയോധികൻ ബേപ്പൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ രതീഷ് നേരത്തെയും നിരവധിക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
Kerala
കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ഇന്ന് നിർണായകം. കേസിൽ അറസ്റ്റിലായ ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
ജിതിൻ ഭാസ്കറിന് ജാമ്യം നൽകരുതെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കേസിൽ വടകര കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ജിതിൻ ഭാസ്കർ ജില്ലാ കോടതിയെ സമീപിച്ചത്.
അതേസമയം കേസിൽ മുൻകൂർ ജാമ്യം തേടി ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനും അപേക്ഷ നൽകിയിട്ടുണ്ട്. കേസിൽ പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിലാണ് റിബേഷിന്റെ നീക്കം.
Kerala
മലപ്പുറം: മൊറയൂരിൽ കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് കണ്ടെത്തി. മൊറയൂർ വലാഞ്ചേരിയിലെ വി.ടി. നബീസയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നബീസയെ രാവിലെ മുതൽ കാണാനില്ലായിരുന്നു.
ഇതേ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ഇവർക്കായി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഒറ്റയ്ക്കായിരുന്നു നബീസയുടെ താമസം. അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമനസേന യൂണിറ്റ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
Kerala
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില് വന്ലഹരിവേട്ട. നിരവധി ലഹരി കേസുകളിൽ പ്രതിയായ യുവാവ് എംഡിഎംഎയുമായി പിടിയിലായി. എളേറ്റില് വട്ടോളി തടയങ്ങല് ഷിഹാബ്( 34) ആണ് പിടിയിലായത്.
ഇയാളിൽ നിന്ന് പോലീസ് 30 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എംഡിഎംഎ സ്കൂട്ടറില് വില്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്നു കളയാന് ശ്രമിച്ച പ്രതിയെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്ന് പ്ലാസ്റ്റിക്ക് പായ്ക്കറ്റുകളിലും ഡപ്പിയിലുമായി സൂക്ഷിച്ച 30 ഗ്രാം എംഡിഎംഎ ആണ് പോലീസ് കണ്ടെടുത്തത്. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ദിവസങ്ങള്ക്ക് മുന്പ് കാണാതായ വയോധികനെ മരിച്ച നിലയില് കണ്ടെത്തി. ചക്കിട്ടപ്പാറ ആലമ്പാറ ഉന്നതിയിലെ ചാത്തുവിനെയാണ് (74) വീടിന് സമീപത്തെ വനമേഖലയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. നാല് ദിവസം മുന്പ് ഇയാളെ കാണാതായതിനെ തുടര്ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്ന്ന് പ്രദേശത്തെ പുഴയിലും വനത്തിലും വ്യാപകമായ തെരച്ചില് നടത്തിയിരുന്നു.
മൃതദേഹം പുഴയോരത്തെ മരങ്ങളുടെ മറവിലായിരുന്നതിനാല് ആദ്യഘട്ട തെരച്ചിലിൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. മൃതദേഹം അഴുകിത്തുടങ്ങിയതിനെ തുടര്ന്ന് പ്രദേശത്ത് ശക്തമായ ദുര്ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര് വീണ്ടും പരിശോധനയ്ക്കിറങ്ങിയത്.
പരിശോധനയിൽ ജീര്ണിച്ച നിലയില് മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തി ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
കോഴിക്കോട്: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില് വീണ് പരിക്കേറ്റു. ആമ്പ്രമ്മല് പാലക്കല് ഹര്ഷക്(26) ആണ് കിണറ്റില് വീണത്.
ആള്താമസമില്ലാത്ത വീട്ടിലെ കിണറ്റിലാണ് യുവാവ് വീണത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. 40 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് ഹർഷക് വീണത്. ഇയാളുടെ കാലിന് പൊട്ടലുൾപ്പെടെ സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
വെള്ളിമാടുകുന്ന് നിന്ന് എത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് യുവാവിനെ പുറത്തെടുത്തത്. തുടർന്ന് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: കെപിസിസി വര്ക്കിംഗ് പ്രസിഡന്റും വടകര എംപിയുമായ ഷാഫി പറമ്പിലിനും കുറ്റ്യാടി എംഎല്എ പാറക്കല് അബ്ദുള്ളക്കും എതിരായി ഭീഷണിപ്രസംഗം നടത്തിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരേ പോലീസില് പരാതി. യൂത്ത് കോണ്ഗ്രസ് നേതാവ് വി.പി. ദുല്കിഫിലാണ് എം. മെഹബൂബിനെതിരേ വടകര റൂറല് എസ്പിക്ക് പരാതി നല്കിയത്.
കാഫിര് സ്ക്രീന് ഷോട്ടുമായി ബന്ധപ്പെട്ട് എസ്പി ഓഫീസിലേക്കു നടത്തിയ മാര്ച്ചില് എം. മെഹബൂബ് ഭീഷണി മുഴക്കിയെന്നാണ് പരാതി. കാഫിര് സ്ക്രീന്ഷോട്ട് കേസിലെ എസ്ഐടി അന്വേഷണം തടസപ്പെടുത്താനുള്ള നീക്കത്തിനെതിരേ കേസെടുക്കണമെന്നും പരാതിയില് ആവശ്യപ്പെട്ടിട്ടുണ്ട്.
കാഫിര് സ്ക്രീന്ഷോട്ട് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനെതിരേ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി കഴിഞ്ഞദിവസം പ്രതിഷേധ മാര്ച്ച് നടത്തിയിരുന്നു. റൂറല് എസ്പിയുടെ ഓഫീസിലേക്കായിരുന്നു മാര്ച്ച്. ഷാഫി പറമ്പിലിനെയും പാറക്കല് അബ്ദുള്ളയെയും പുറത്തിറങ്ങാന് അനുവദിക്കില്ലെന്ന തരത്തിലായിരുന്നു മെഹബൂബിന്റെ പ്രസംഗം.
Kerala
കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിൽനിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. താമരശേരി കോരങ്ങാട് സ്വദേശി മിഥിലാജ് ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
രണ്ട് ചാക്കുകളിലായി കാറിൽ കടത്തുകയായിരുന്ന ഏകദേശം 2,000 പാക്കറ്റ് ഹാൻസാണ് പോലീസ് പിടിച്ചെടുത്തത്. കാറിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
നിരോധിത പുകയില ഉത്പന്നങ്ങൾ നഗരത്തിൽ വിതരണം ചെയ്യാൻ എത്തിച്ചതാണെന്ന് പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
Sports
കൊച്ചി: പ്രഥമ ബാസ്കറ്റ്ബോൾ ലീഗ് കേരളയിൽ കാലിക്കട്ട് വാരിയേഴ്സ് പെൺകുട്ടികളുടെ അണ്ടർ 14, 19 വിഭാഗങ്ങളിൽ ചാന്പ്യൻപട്ടം സ്വന്തമാക്കി.
അണ്ടർ-14 വിഭാഗത്തിൽ 67-29ന് തൃശൂർ ടസ്കേഴ്സിനെ കീഴടക്കിയാണ് കാലിക്കട്ട് കിരീടം ചൂടിയത്. അണ്ടർ 19 പെൺകുട്ടികളിൽ കൊച്ചി സ്റ്റാലിയൻസിനെ 48-54നും കാലിക്കട്ട് ഫൈനലിൽ കീഴടക്കി.
അണ്ടർ-14 ആൺകുട്ടികളുടെ തീപ്പൊരി ഫൈനലിൽ കോട്ടയം ബൈസൺസ് 63-60നു കാലിക്കട്ടിനെ വീഴ്ത്തി ജേതാക്കളായി. അണ്ടർ-19 ആൺകുട്ടികളുടെ ഫൈനലിൽ തൃശൂർ ടസ്കേഴ്സ് 67-53നു കാലിക്കട്ടിനെ തോൽപ്പിച്ച് ചാന്പ്യന്മാരായി.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം രംഗത്ത്. പ്രതിരോധ പ്രവർത്തനങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് ആരോഗ്യവകുപ്പിനെതിരെ സിപിഎമ്മിന്റെ വിമർശനം.
രോഗവ്യാപനം തടയുന്നതിൽ ആരോഗ്യവകുപ്പ് ഗുരുതര വീഴ്ച വരുത്തുന്നതായി സിപിഎം ആരോപിച്ചു. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടാകരുതെന്നും സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആരോഗ്യമന്ത്രി കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും പി.എ.മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
ഇക്കാര്യം ആരോഗ്യമന്ത്രി കെ. മുരളീധരനോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് അറിയിച്ചു. മുൻകാലങ്ങളിലെപ്പോലെ ശക്തമായ ഏകോപനം ഈ ഘട്ടത്തിൽ അത്യാവശ്യമാണെന്നും പി.എ.മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: കോഴിക്കോട് പൂനൂരില് മധ്യവയസ്കന് വെട്ടേറ്റതായി പരാതി. പൂനൂര് കക്കാട്ടുമ്മല് അബ്ദുൾ മജീദിന് ആണ് ആക്രമണമുണ്ടായത്. മജീദിന്റെ പരിചയക്കാരൻ പ്രസാദ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.
മുന്വൈരാഗ്യത്തെ തുടര്ന്ന് പ്രസാദ് ആക്രമിച്ചെന്നാണ് മജീദിന്റെ ആരോപണം. ആക്രമണത്തിൽ അബ്ദുൾ മജീദിന്റെ കൈമുട്ടിന് മുകളിലായി ആഴത്തില് മുറിവേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
പ്രശ്നങ്ങള് ഒത്തുതീർപ്പാക്കാൻ പെരിങ്ങളം വയലിലേക്ക് പ്രതി മജീദിനെ വിളിച്ചുവരുത്തി. തുടർന്ന് ഇരുവരും മദ്യപിച്ചു. പിന്നാലെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചെന്നാണ് മജീദിന്റെ ആരോപണം.
Kerala
കോഴിക്കോട്: കൊടുവള്ളിയിൽ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ച് ബലി പെരുന്നാൾ ആഘോഷിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, മുഹമ്മദ് ഷാനിദ്, കുന്ദമംഗലം സ്വദേശി വി. അർഷാദ് എന്നിവരാണ് പിടിയിലായത്.
ഗതാഗത തടസമുണ്ടാക്കിയതിനാണ് പോലീസ് നടപടി. പെരുന്നാൾ തലേന്ന് അർധരാത്രി കൊടുവള്ളി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. എംപിസി ആശുപത്രിക്ക് മുന്നിൽ ദേശീയപാതയിലായിരുന്നു യുവാക്കളുടെ അതിരുവിട്ട പെരുന്നാൾ ആഘോഷം.
സംഭവം ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പ്രതികൾ തട്ടിക്കയറുകയായിരുന്നു. ഒരു പ്രതി ഒളിവിൽ തുടരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിൽ വിദ്യാർഥികളെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകർക്കെതിരേ നടപടിക്കു സാധ്യത. ഡോക്ടർമാരായ അനിത കുമാരി, സ്മിത എന്നിവർക്കെതിരേയുള്ള അന്വേഷണ റിപ്പോർട്ട് ഡിഎംഇയോട് (ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ) ആരോഗ്യമന്ത്രി അടിയന്തരമായി ആവശ്യപ്പെട്ടു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധ്യാപകർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നു മന്ത്രി വ്യക്തമാക്കി. സൈക്യാട്രി വിഭാഗത്തിലെ 12 പിജി വിദ്യാർഥികളാണ് അധ്യാപകർക്കെതിരേ മാനസിക പീഡന പരാതി നൽകിയത്.
അന്വേഷി മൂന്നംഗ സമിതി കഴിഞ്ഞ ബുധനാഴ്ച ഡിഎംഇയ്ക്കു റിപ്പോർട്ട് സമർപ്പിച്ചു. പരാതി ശരിവയ്ക്കുന്ന അന്വേഷണ റിപ്പോർട്ടിൽ ആരോപണവിധേയരായ അധ്യാപകർക്കെതിരേ നടപടിയെടുക്കണമെന്നും ശിപാർശ ചെയ്യുന്നുണ്ട്. എന്നാൽ, സമിതി റിപ്പോർട്ട് നൽകിയിട്ടും അധ്യാപകർക്കെതിരേ നടപടി വൈകുന്നതിൽ വിദ്യാർഥികൾ പ്രതിഷേധത്തിലാണ്.
അന്വേഷണത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരുടെ മൊഴി സമിതി രേഖപ്പെടുത്തിയിരുന്നു. പൊതുവേദിയിലും രോഗികളുടെ മുന്നിലുംവച്ച് അധ്യാപകർ തങ്ങളെ നിരന്തരം അപമാനിക്കുന്നത് പതിവാണെന്നാണു വിദ്യാർഥികളുടെ പരാതി. കടുത്ത മാനസിക പീഡനം കാരണം രണ്ടു വിദ്യാർഥികൾ രണ്ടാഴ്ചയോളം അവധിയിൽ പ്രവേശിച്ചിരുന്നു. അധികൃതർക്ക് പരാതി നൽകിയിട്ടും അപമാനിക്കലും മാനസികപീഡനവും ഇപ്പോഴും തുടരുകയാണെന്നും വിദ്യാർഥികൾ പറയുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപത്ത് നിന്ന് രാസലഹരിയുമായി യുവാവ് പിടിയിൽ. നല്ലളം അരീക്കാട് സ്വദേശി കിളിച്ചേരിപറമ്പില് ടി.കെ.ഹൗസില് സാജിദ് ജമാല് അഹമ്മദ് (27) ആണ് പിടിയിലായത്.
ഒരു വർഷത്തിനിടെ നാലാം തവണയാണ് ഇയാൾ സമാന കുറ്റത്തിന് പിടിയിലാകുന്നത്. വിൽപനയ്ക്കായി എത്തിച്ച 37.170 ഗ്രാം എംഡിഎംഎയും ഇത് തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ടോണിക് ത്രാസും, മയക്കുമരുന്ന് വിറ്റ് കിട്ടിയ 4,630 രൂപയും പോലീസ് കണ്ടെടുത്തു.
സൗത്ത് ബീച്ചിലെ തെക്കിനി റൂംസ് ആന്റ് ഡോര്മെട്രീസ് എന്ന ലോഡ്ജില് നിന്നാണ് പ്രതിയെ പിടികൂടിയത്. പിടിക്കപ്പെടാതിരിക്കാനായി റോട്ട്വീലര്, ജര്മന്ഷെപ്പേര്ഡ് തുടങ്ങിയ നായകളെ പ്രതി വളർത്തിയിരുന്നതായി പോലീസ് പറയുന്നു.
സാജിദ് സ്ഥിരം മയക്കുമരുന്ന് വില്പനക്കാരാണെന്ന് പോലീസ് വ്യക്തമാക്കി. ബംഗളൂരുവിൽ മൊത്തവില്പ്പനക്കാരില് നിന്നും എംഡിഎംഎ വാങ്ങി വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതി.
Kerala
കോഴിക്കോട്: മദ്യലഹരിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിക്കായി അന്വേഷണം. കോഴിക്കോട് താമരശേരിയിലാണ് സംഭവം. പുതുപ്പാടി മണൽവയൽ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ഷിജിക്ക് നേരെയാണ് ആക്രമണം.
പ്രതി ബിജുവിനെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. വാക്കത്തി കൊണ്ടുള്ള വെട്ടിൽ ഷിജിയുടെ തലയ്ക്ക് പരിക്കേറ്റു. സ്ഥിരമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണം. ആഴത്തിൽ മുറിവേറ്റ ഷിജിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഷിജിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബിജു മദ്യപിച്ചെത്തി പതിവായി വഴക്കുണ്ടാക്കിയിരുന്നതായി നാട്ടുകാർ പറയുന്നു. പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: പാളയത്ത് യാത്രക്കാരനെ ആക്രമിച്ച് പഴ്സും പണവും കവർന്ന സംഭവത്തിൽ സ്ഥിരം കുറ്റവാളി പിടിയിൽ. കോഴിക്കോട് മേരിക്കുന്ന് സ്വദേശി ബെന്നി ലോയ്ഡ്(47) ആണ് പിടിയിലായത്. ഇയാൾ 30ലേറെ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
മേയ് ഒന്നിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പാളയത്ത് വച്ച് വയോധികനെ ആക്രമിച്ച് പഴ്സും പണവും രേഖകളും തട്ടിയെടുക്കുകയായിരുന്നു. രാത്രി ഒന്പതോടെ നല്ലളം കൊളത്തറ സ്വദേശിയായ വയോധികനെ ആക്രമിച്ച് 5,000 രൂപയും പഴ്സും തട്ടിയെടുക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നാലെ മാവൂര് റോഡില് വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: ഓമശേരിയിൽ പ്രവർത്തിച്ചുവന്നിരുന്ന അനധികൃത ഗ്യാസ് ഫില്ലിംഗ് കേന്ദ്രത്തില് നടത്തിയ പരിശോധനയിൽ 91 സിലിണ്ടറുകള് പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില് ആയിരുന്നു പരിശോധന.
ഓമശേരി പഞ്ചായത്തിലെ തെച്ച്യാട് പ്രവര്ത്തിച്ചിരുന്ന ഗ്യാസ് ഫില്ലിംഗ് കേന്ദ്രത്തിലായിരുന്നു പരിശോധന. 29 ഗാര്ഹിക സിലിണ്ടറുകള്, 31 വാണിജ്യ സിലിണ്ടറുകള്, രണ്ട് ചെറിയ സിലിണ്ടറുകള് എന്നിവയുള്പ്പെടെ 62 സിലിണ്ടറുകളാണ് പിടിച്ചെടുത്തത്.
ഇതിൽ 29 സിലിണ്ടറുകൾ തൊട്ടടുത്ത വീട്ടില് അനധികൃതമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഗാര്ഹികാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറില് നിന്ന് ഗാര്ഹികേതര ആവശ്യത്തിനുള്ളവയിലേക്ക് ഗ്യാസ് മാറ്റി നിറയ്ക്കാൻ ഉപയോഗിക്കുന്ന അഞ്ച് മോട്ടോറുകളും പിടിച്ചെടുത്തു.
Kerala
കോഴിക്കോട്: താമരശേരിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വയറിംഗ് സാമഗ്രികൾ ഉൾപ്പെടെ മോഷ്ടിച്ച പ്രതി പിടിയിൽ. തച്ചംപൊയിൽ സ്വദേശി ഒ.പി.അനസ് ആണ് പിടിയിലായത്. കവർച്ച നടത്തി രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് അനസ് പിടിയിലായത്.
താമരശേരി കാരടി മാനിപുരം റോഡിൽ പുതിയ ബസ് സ്റ്റാന്റിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലായിരുന്നു മോഷണം. ചെമ്പുകമ്പി, വയറിംഗ് സാമഗ്രികൾ എന്നിവ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അനസിനെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
മുൻപും പലതവണ ഇതേ കെട്ടിടത്തിൽ സമാന രീതിയിൽ അനസ് കവർച്ച നടത്തിയിരുന്നു. ബാലുശേരി, കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധികളിലെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായ അനസ്. പ്രതി മോഷണം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Kerala
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില് സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് കിണാശേരി മനാത്ത് ഹൗസില് ഇബ്രാഹിം കരീം(34) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.
കോഴിക്കോട്-പെരുമണ്ണ റൂട്ടില് സര്വീസ് നടത്തുന്ന കിസ്മത്ത് ബസിലെ കണ്ടക്ടറാണ് പ്രതി. ഞായറാഴ്ചകളില് ട്യൂഷന് കഴിഞ്ഞ് വരുമ്പോള് ഇയാള് നിരന്തരം തന്നെ ഉപദ്രവിക്കാന് ശ്രമിച്ചിരുന്നതായി 17കാരൻ നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയലിന് ക്ലാസ് കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിയെ പ്രതി ബസിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതിയിൽ പറയുന്നു. ഇതേ തുടർന്നാണ് പോക്സോ വകുപ്പ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട. നഗരത്തിൽ നിന്ന് ഒരു കിലോയിലേറെ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പന്തീരങ്കാവ് ദേശീയപാത സർവീസ് റോഡിൽവച്ചാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്.
മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് ഹർഷലാൽ (25), ചേലേമ്പ്ര സ്വദേശി ആദിൽഷാ (20), ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർഹാൻ എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പോലീസും ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ഇവരിൽ നിന്ന് 1013.26 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.
Kerala
കോഴിക്കോട്: സ്ട്രോംഗ് റൂം വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റേത് ഏകപക്ഷീയമായ നടപടിയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ. നിയമപരമായി മുന്നോട്ട് പോകും. ചട്ട ലംഘനം നടന്നില്ല എങ്കിൽ സ്ട്രോംഗ് റൂമിനടുത്ത് മെറ്റീരിയൽ റൂം സ്ഥാപിച്ചത് ആരാണ്? തൊട്ടടുത്ത മുറിയിൽ ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചത് ചട്ട ലംഘനമല്ലേ ? വരണാധികാരികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമനടപടി തുടരും.
ചട്ട ലംഘനമല്ലെന്ന ഉത്തരവ് തനിക്ക് ലഭിച്ചില്ല. സംശയമുള്ള വിവിപാറ്റ് എണ്ണണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുമെന്നും പ്രവീൺകുമാർ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിൽ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം നിയന്ത്രണം ഏർപ്പെടുത്തിയതിലും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫ് ജയിക്കും എന്നറിഞ്ഞു കൊണ്ടാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര, കൊയിലാണ്ടി സ്ട്രോംഗ് റൂം വിവാദത്തില് ചട്ടലംഘനമില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര് വ്യക്തമാക്കിയിരുന്നു. ചട്ടലംഘനമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര് അറിയിച്ചതായി ജില്ലാ കളക്ടര് സ്നേഹില് കുമാര് സിങ് പറഞ്ഞു. സ്ട്രോംഗ് റും തുറന്നിട്ടില്ലെന്നും വോട്ടിങ് യന്ത്രങ്ങള് സുരക്ഷിതമാണെന്നും കളക്ടര് പറഞ്ഞു.
പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റു നടപടികളുണ്ടാകില്ലെന്നും കളക്ടര് പറഞ്ഞു. കൊയിലാണ്ടി വരണാധികാരി സ്ട്രോംഗ് റൂമിനടുത്ത് പോയത് പതിവ് പരിശോധനക്കെന്നും ചട്ട ലംഘനമുണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.
Kerala
തേഞ്ഞിപ്പലം: നാല് വർഷ ബിരുദ പരീക്ഷാ തീയതി മാറ്റുന്നതുമായി ബന്ധപ്പെട്ട എംഎസ്എഫ് ഉപരോധസമരത്തിൽ സംഘർഷം. പരീക്ഷ നീട്ടിവയ്ക്കാമെന്ന ഉറപ്പ് പരീക്ഷാ കണ്ട്രോളർ ലംഘിച്ചെന്ന് ആരോപിച്ച് എംഎസ്എഫിന്റെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾ നടത്തിയ ഉപരോധ സമരമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഇന്നലെ വൈകീട്ട് നാലോടെ തുടങ്ങിയ പരീക്ഷാഭവൻ ഉപരോധ സമരത്തിനിടെ ജീവനക്കാർ രംഗത്തുവരികയും വാക്കേറ്റം പിന്നീട് സംഘർഷത്തിലെത്തുകയുമായിരുന്നു. തേഞ്ഞിപ്പലം പോലീസ് പരീക്ഷാഭവനിൽ എത്തിയെങ്കിലും പരീക്ഷാ കണ്ട്രോളറുടെ ഓഫീസ് വിദ്യാർഥികൾ പൂട്ടിയിട്ടതിനാൽ അകത്തേക്ക് പ്രവേശിക്കാനായില്ല.
പരീക്ഷ പുനഃക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലായിരുന്നു യൂണിയൻ ഭാരവാഹികൾ. ഇതിനിടെ ഓഫീസിനുള്ളിൽ കുടുങ്ങിയ ജീവനക്കാരെ പുറത്തിറക്കണമെന്ന ആവശ്യവുമായി ഇടത് സർവീസ് സംഘടന ഭാരവാഹികൾ രംഗത്തെത്തുകയും വാക്കുതർക്കമുണ്ടാകുകയും സംഘർഷത്തിനിടയാക്കുകയുമായിരുന്നു.
തേഞ്ഞിപ്പലം സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരേ തിരിഞ്ഞ ഇടതു ജീവനക്കാരെ പോലീസ് ബലംപ്രയോഗിച്ച് തിരിച്ചയച്ചു. ബിരുദ വിദ്യാർഥികളുടെ ഇന്റേണ്ഷിപ്പ് സമയത്തുതന്നെ നാലാം സെമസ്റ്റർ പരീക്ഷകൾ മേയ് ഏഴ് മുതൽ നടത്താൻ തീരുമാനിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികളായ എംഎസ്എഫ് നേതാക്കൾ പരീക്ഷാഭവൻ ഉപരോധിച്ചിരുന്നു.
സമരത്തെത്തുടർന്ന് നടന്ന ചർച്ചയിൽ പരീക്ഷകൾ മേയ് 11ലേക്ക് മാറ്റുമെന്ന് കണ്ട്രോളർ രേഖാമൂലം ഉറപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ഈ ഉറപ്പ് പാലിക്കാനോ പരീക്ഷാ തിയതി പുനഃക്രമീകരിച്ച് ഉത്തരവിറക്കാനോ അധികൃതർ തയാറായില്ലെന്നാണ് ആരോപണം.
ഒടുവിൽ വൈസ് ചാൻസലർ ഇടപെടുകയും പരീക്ഷകൾ പുനഃക്രമീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇതിനെത്തുടർന്ന് കണ്ട്രോളറുടെ ഓഫീസിൽ ഫയൽ നടപടികൾ ആരംഭിച്ചതോടെയാണ് വൈകുന്നേരം അഞ്ചോടെ സമരം അവസാനിപ്പിച്ചത്. സർവകലാശാല യൂണിയൻ ചെയർപേഴ്സണ് പി.കെ. ഷിഫാന, ജനറൽ സെക്രട്ടറി സുഫിയാൻ വില്ലൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം സൽമാൻ കാപ്പിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.