കോഴിക്കോട്: ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാർ (30) ആണ് പിടിയിലായത്.
റെയിൽവേ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. എരഞ്ഞോളി താഴേക്കുനിയിൽ ഐശ്വര്യയ്ക്ക്(22) ആണ് കല്ലേറിൽ ഗുരുതരമായി പരിക്കേറ്റത്. മാർച്ച് 30ന് ആയിരുന്നു സംഭവം. പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്.
ആലുവയിലെ ഹോസ്റ്റലിൽ നിന്നും ട്രെയിനിൽ കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു പരിക്കേറ്റ ഐശ്വര്യ. ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വച്ചായിരുന്നു സംഭവം നടന്നത്.
കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടതുവശത്തെ രണ്ടു പല്ലുകൾ നഷ്ടമാവുകയും ചുണ്ടിനു മുറിവേൽക്കുകയും ചെയ്തു. ആലുവ യുസി കോളജിലെ ബയോ ഇൻഫർമാറ്റിക് പിജി വിദ്യാർഥിനിയാണ് ഐശ്വര്യ.
Tags : indian railways arrest railway police calicut