വിഴിഞ്ഞം: സ്വന്തം വീട്ടിൽ മോഷണം നടത്തിയ ശേഷം പോലീസിൽ പരാതി നൽകിയ യുവാവ് പിടിയിൽ. വെങ്ങാനൂർ നീലകേശി മുടിപ്പുരയ്ക്കു സമീപം ആദിത്യ വീട്ടിൽ മനോജ് (33) ആണ് പിടിയിലായത്. വിഴിഞ്ഞം പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
സ്വന്തം വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ സ്വർണാഭരണങ്ങളും 15,000 രൂപയുമാണ് മനോജ് മോഷ്ടിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. മോഷണത്തിന് ശേഷം തുടർന്ന് വീടിന്റെ പിൻവാതിൽ തുറന്നിടുകയും ജനാലയുടെ കമ്പികൾ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.
തുടർന്ന് ഓട്ടോറിക്ഷ ഓടിക്കാൻ പോയ മനോജ് തിരികെ വരുമ്പോൾ കട്ടച്ചൽക്കുഴിക്ക് സമീപം മീൻവിൽക്കുന്ന ഭാര്യയെയും ഒപ്പം കൂട്ടിയിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ വാതിൽ തുറന്നിട്ടിരിക്കുന്നതും ജനൽ കമ്പികൾ മുറിച്ചിരിക്കുന്നതും കണ്ട് ഭാര്യയ്ക്കൊപ്പം ബഹളം വച്ചു.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി മനോജ് ആണെന്ന് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : kerala police crime news vizhinjam theft case