Kerala
വിഴിഞ്ഞം: മത്സ്യബന്ധനത്തൊഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. പൂന്തുറ ഫിഡസ് സെന്ററിന് സമീപം വിനിതാ നിവാസിൽ യോഹന്നാൻ(56) ആണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു സംഭവം.
തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് യോഹന്നാൻ വള്ളത്തിൽ കുഴഞ്ഞുവീണത്. ഇതേതുടർന്ന് വിഴിഞ്ഞം ചൗക്കഭാഗത്തേക്ക് എത്തിച്ചശേഷം ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിഴിഞ്ഞം കോസ്റ്റൽ പോലീസെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.
Kerala
കൊല്ലം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബം വിമർശിച്ചതിൽ വിഷമമില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. തെരച്ചിലിൽ പൂർണ ശ്രദ്ധ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി കുടുംബത്തെ കണ്ട ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു കുടുംബത്തിലും ഉണ്ടാകാൻ പാടില്ലാത്ത ദുരന്തമാണ് ഇവിടെയുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് പേരുടെ ജീവൻ നഷ്ടമായി. ഒരാളെ കാണാതായി.
സർക്കാരിന് സാധ്യമായ വിധത്തിലെല്ലാം കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു കാലത്തും ഉണ്ടാകാത്ത രീതിയിലുള്ള തെരച്ചിലാണ് നടന്നത്.
കാലാവസ്ഥ പ്രതികൂലമായിരുന്ന ചില സമയങ്ങളിൽ മാത്രമേ തെരച്ചിൽ നടക്കാതിരുന്നുള്ളൂ. സ്കൂബ ഡൈവിംഗ് സംഘമടക്കം ഇപ്പോഴും തെരച്ചിൽ തുടരുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
ചാത്തന്നൂര്‍: കേരള തീരത്ത്നിന്നു കടലില്‍ പോയി കഴിഞ്ഞ 11 വര്‍ഷത്തിനിടെ അപകടങ്ങളില്‍പ്പെട്ട് മരണമടഞ്ഞത് 469 മത്സ്യത്തൊഴിലാളികള്‍. കടലില്‍ കാണാതായത് 160 മത്സ്യ ത്തൊഴിലാളികളെയാണ്.
10 ദിവസംമുമ്പ് കടലില്‍ കാണാതായ മുതലപ്പൊഴിയിലെ രണ്ട് മത്സ്യത്തൊഴിലാളികളുടെയും ചവറ പുത്തന്‍ തുറയില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെയും കണക്കുകള്‍ കാണാതായവരുടെ പട്ടികയില്പ്പെട്ടിട്ടില്ല. ഇവര്‍ക്ക് വേണ്ടി നാവികസേന കടലില്‍ പരിശോധന നടത്തിവരികയാണ്.
ഉപജീവനത്തിനായി കടലില്‍ മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികള്പല കാരണങ്ങളാല്‍ അപകടത്തില്‍പ്പെടുകയും മരണമടയുകയോ കാണാതാവുകയോ ചെയ്യുന്നുണ്ട്. കാണാതാവുന്ന വരെക്കുറിച്ചുള്ള അന്വേഷണം ഒരുഘട്ടം കഴിയുമ്പോള്‍ നിലയ്ക്കുകയാണ് സാധാരണ പതിവ്. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തിലോ ഫിഷറിസ് വകുപ്പില്‍നിന്നോ കാര്യമായ സഹായമൊന്നും ലഭിക്കാറില്ലെന്ന് മത്സ്യതൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.
അടുത്തിടെ കടലില്‍ രണ്ടിടങ്ങളില്‍നിന്നു കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ കാര്യക്ഷമമല്ലെന്നാരോപിച്ച് തീരദേശത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂറിന്റെ ഓഫീസില്‍നിന്ന് കണക്കുകള്‍ പുറത്തുവന്നത്.
2015-16 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ കേരള മറൈന്‍ ഫിഷിംഗ് റെഗുലേഷന് എന്ഫോഴ്സസ്മെന്റിന്റെ കീഴില്‍ 23,000 പട്രോളിംഗ് പ്രവര്‍ത്തനങ്ങളും 5,072 രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുകയും 47,773 മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയും ചെയ്തിട്ടുണ്ട് 2017-18 വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. 79 പേര്. തൊട്ടുപിന്നാലെ 2025-26-ല്‍ 55 പേരും 2023-24-ല്‍ 54 പേരും മരിച്ചു. കാണാതായവരുടെ എണ്ണത്തിലും 2017-18-ല്‍ ആണ് ഏറ്റവും ഉയര്‍ന്ന കണക്ക് രേഖപ്പെടുത്തിയത്. 29 പേര്. ഈ വര്‍ഷം 55 പേര് മരണപ്പെടുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ജൂലൈ 31ന് കൊല്ലം ചവറ പുത്തന്തുറയ്ക്ക് സമീപം വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണ (26)യ്ക്കായും വിഴിഞ്ഞം മുതലപ്പൊഴിയില്‍ മറിഞ്ഞ വള്ളത്തില്‍ നിന്ന് കാണാതായ പുല്ലുവിള സ്വദേശി ജോണി (54)നായും ഒപ്പമുണ്ടായിരുന്ന ഷിജിന് എന്ന ആള്‍ക്കായും തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
Kerala
കൊച്ചി: മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതാകുന്നത് ആദ്യമായല്ലെന്ന വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്.
ധീവരസഭയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് കറുപ്പന് ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാണ്. കഴിഞ്ഞ ഒമ്പതു ദിവസമായി കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ സര്‍ക്കാര്‍ ഡോണിയര്‍ വിമാനം ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചാണു തെരച്ചില്‍ നടത്തുന്നത്. കുടുംബത്തില്‍നിന്ന് ഒരാള്‍ നഷ്ടപ്പെട്ടപോലെയാണ് ഇതിനെ കാണുന്നത്.
ഇതുവരെയും ഒരു സര്‍ക്കാരും കാണാതായവര്‍ക്കായി ഇങ്ങനെ തെരച്ചില്‍ നടത്തിയിട്ടില്ല. മുന്‍സര്‍ക്കാരിന്റെ കാലത്ത് 148 പേരെയാണു കടലില്‍ കാണാതായത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തുന്നതിലെ അധികൃതരുടെ അനാസ്ഥയ്ക്കെതിരേ പ്രതിഷേധം. മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ ഷിജിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് അഞ്ചുതെങ്ങ് തീരദേശ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
ഷിജിനെ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും ഗൗരവകരമായ ഒരു തിരച്ചിലും ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. നാട്ടുകാരും സഹപ്രവർത്തകരുമായ മത്സ്യത്തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ സ്വന്തം നിലയിൽ കടലിൽ തിരച്ചിൽ നടത്തുവാൻ മുന്നോട്ട് വന്നിട്ടുള്ളത്.
മകനെ തിരികെ ആവശ്യപ്പെട്ട് ഷിജിന്റെ മാതാവ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധം ഏവരുടെയും കരളലിയിക്കുന്നതായി. ഭർത്താവിനെ തിരികെ കിട്ടുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യയും വ്യക്തമാക്കി. സർക്കാരിന്റെയും വകുപ്പുകളുടെയും ഭാഗത്തുനിന്നും യാതൊരുവിധ സഹായവും ലഭിക്കാത്തതിനെത്തുടർന്നാണ് പ്രതിഷേധവുമായി തെരുവിലിറങ്ങാൻ നിർബന്ധിതരായതെന്ന് കുടുംബം പ്രതികരിച്ചു.
Kerala
വിഴിഞ്ഞം: തുമ്പയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. വലിയവേളി അലീന നിവാസിൽ ജോൺ ബോസ്കോ (61) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4.45 ഓടെയാണ് സംഭവം. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്.
ജോൺ ബോസ്കോയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് നാല് പേർ നീന്തികയറിയിരുന്നു. വള്ളത്തിന്റെ ഉടമ അജി, തോമസ്, ഔസേപ്പ്, സഞ്ജീവ് എന്നിവർക്കൊപ്പമാണ് ജോൺ ബോസ്കോ മത്സ്യബന്ധനത്തിന് പോയത്.
തിരയിൽപ്പെട്ട് വള്ളം മറിഞ്ഞതോടെ മറ്റുള്ളവർ നീന്തി കയറിയെങ്കിലും ജോൺ ബോസ്കോ തിരയിൽപ്പെട്ട് അവശനായിരുന്നു. ഒപ്പമുള്ളവരെത്തി ഇദ്ദേഹത്തെ കരയ്ക്ക് കയറ്റിയതിന് പിന്നാലെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Kerala
ആലപ്പുഴ: അരൂരില്‍ മത്സ്യത്തൊഴിലാളി ജീവനൊടുക്കിയ നിലയില്‍. അരൂര്‍ പളളിയോടപ്പുരയ്ക്കല്‍ സുബ്രമണ്യന്‍(71)ആണ് മരിച്ചത്.
ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന് പഞ്ചായത്ത് നമ്പര്‍ കിട്ടാന്‍ വൈകുന്നതിന്റെ വിഷമത്തിലായിരുന്നു സുബ്രമണ്യന്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിലാണ് വീട്. ഇതുമൂലം വീട്ടുനമ്പര്‍ കിട്ടാന്‍ തടസങ്ങളുണ്ട് എന്നാണ് പഞ്ചായത്ത് അറിയിച്ചത്.
വീടിന് നമ്പര്‍ ഇല്ലാത്തതിനാല്‍ അവസാന ഗഡു തുക ലഭിച്ചില്ല. രോഗവും ഭാര്യയ്ക്കുണ്ടായ അപകടവും മൂലം മാനസിക ബുദ്ധിമുട്ടിലായിരുന്നു സുബ്രമണ്യന്‍.
ലൈഫ് പദ്ധതി പ്രകാരം വീട് പണി പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ അവസാന ഗഡുവായ ഒരുലക്ഷം രൂപയ്ക്കായി ഒരുപാട് തവണ പഞ്ചായത്ത് കയറിയിറങ്ങിയെങ്കിലും ലഭിച്ചില്ല. ത്വക്ക് സംബന്ധമായ അസുഖം സുബ്രമണ്യനുണ്ടായിരുന്നു. രണ്ടാഴ്ച്ച മുന്‍പ് അത് മൂര്‍ച്ഛിച്ചു.
തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ആശുപത്രിയില്‍ പോകാനിരിക്കുകയായിരുന്നു. എന്നാല്‍ സുബ്രമണ്യനെ കാണാതായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Kerala
കൊല്ലം: കടലില്‍ കട്ടമരം മറിഞ്ഞ് പരവൂര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. പരവൂര്‍ ഖദീജ മന്‍സിലില്‍ നൗഷാദ് ജമാലുദ്ദീന്‍ (50) ആണ് മരിച്ചത്.
ഇന്നലെ രാവിലെ കൊല്ലം ബീച്ചില്‍നിന്നു കട്ടമരത്തില്‍ മത്സ്യബന്ധനത്തിനു പോയതായിരുന്നു നൗഷാദ്. രാവിലെ ഏഴോടെ ഇരവിപുരം ഭാഗത്ത് ഇദ്ദേഹത്തിന്റെ കട്ടമരവും വലയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കരയ്ക്കടിഞ്ഞു.
തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് നീണ്ടകര കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ യോദ്ധ ബോട്ടില്‍ കടലില്‍ വ്യാപക തെരച്ചില്‍ നടത്തി. രാവിലെ പത്തിന് ഇരവിപുരം കാക്കത്തോപ്പ് പള്ളിക്ക് തെക്കുഭാഗത്ത് കടലില്‍ നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്.
ഉടന്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നീണ്ടകര കോസ്റ്റല്‍ പോലീസ് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Kerala
തിരുവനന്തപുരം: മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു. വർക്കല ഒന്നാം പാലം സ്വദേശി താഹയാണ് അപകടത്തിൽപ്പെട്ടത്.
ഇഷ്കിൻ റസൂൽ എന്ന ചെറുവള്ളം തിരയിൽ പെടുകയായിരുന്നു. ഇന്ന് രാവിലെ പത്തിനായിരുന്നു സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. താഹ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുൻപും മുതലപൊഴിയിലെ ഇതേ സ്ഥലത്ത് അപകടങ്ങൾ പതിവാണ്.
District News
കുമ്പളങ്ങി: മത്സ്യത്തൊഴിലാളിയെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. കുമ്പളങ്ങി ചുടുകാട്ചിറ കൊഴിഞ്ഞവേലി കെ.ജി. വിനോദ് (46) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ആറോടെയാണ് വിനോദ് മത്സ്യബന്ധനത്തിനായി വീട്ടിൽനിന്ന് പോയത്.
തിരിച്ചെത്താറുള്ള സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ കുമ്പളങ്ങി ചുടുകാട് കായലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പൊതുശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: സുരേഖ. മക്കൾ: വിവേക്, വിഷ്ണു.
Kerala
കോഴിക്കോട്: ബേപ്പുരിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എൻജിനിൽ നിന്ന് പുക ശ്വസിച്ച് ചികിത്സയിലായിരുന്നവരിൽ ഒരാൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്.
നാല് മത്സ്യത്തൊഴിലാളികൾക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മൂന്ന് അന്യസംസ്ഥാന തൊഴിലാളികളും ഒരു മലയാളിയുമാണ്. ബേപ്പുർ പടിഞ്ഞാറ് 10 നോട്ടിക്കൽ അകലെയാണ് സംഭവം.
ആയിഷ വൺ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വെസ്റ്റ് ബംഗാൾ സ്വദേശി ഷഹബേദ് ദാസ് വെൻ്റിലേറ്ററിലായിരുന്നു. മറ്റൊരു തൊഴിലാളി ബേപ്പൂർ സ്വദേശി ഹനീഫ വെൻ്റിലേറ്ററിലാണ്.
ബോട്ടിൽ വെള്ളം കയറി എന്ന സംശയത്തിൽ എൻജിൻ റൂമിലേക്ക് ഇറങ്ങിയ തൊഴിലാളിയാണ് ആദ്യം അപകടത്തിൽപ്പെട്ടത്. പിന്നീട് ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മൂന്നുപേരും അപകടത്തിൽപ്പെടുകയായിരുന്നു. മറ്റ് തൊഴിലാളികൾ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം:മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ വിധവാ പെൻഷൻ ഗുണഭോക്താക്കൾക്ക് മൂന്ന് മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിനായി അഞ്ച് കോടി ഇരുപത്തിയേഴ് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം രൂപ അനുവദിച്ചതായി മന്ത്രി സജി ചെറിയാന് അറിയിച്ചു.
സർക്കാർ ധന സഹായം ഉപയോഗിച്ച് പെൻഷൻ വിതരണം ചെയ്യുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ 8842 ഗുണഭോക്താക്കള്‍ക്കാണ് തുക ലഭിക്കുക. 2026 ഏപ്രിൽ മാസം വരെയുള്ള പെൻഷൻ വിതരണത്തിനുള്ള തുകയാണിത്.
ഫെബ്രുവരിയിലെ പെൻഷൻ വിതരണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
District News
ഹരിപ്പാട്: നിവേദ്യം വാങ്ങാൻ കടലിൽച്ചാടിയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. പഞ്ചായത്ത് എട്ടാം വാർഡിൽ തറയിൽക്കടവ് ആൽത്തറവീട്ടിൽ രവിയുടെ മകൻ രാജുവാണ് (47) മരിച്ചത്. ശനിയാഴ്ച രാവിലെ 11ന് തറയിൽക്കടവ് മഹാദേവക്ഷേത്രത്തിന് 500 മീറ്റർ പടിഞ്ഞാറ് തീരക്കടലിൽ ആയിരുന്നു സംഭവം. ക്ഷേത്രത്തിലെ ശിവരാത്രിയോടനുബന്ധിച്ചുള്ള മീനൂട്ട് ചടങ്ങിന്റെ നിവേദ്യം വാങ്ങുന്നതിനായി രാജു മത്സ്യബന്ധനത്തിനു പോയ കൈലാസം വള്ളം തീരക്കടലിൽ എത്തിയപ്പോൾ കടലിലേക്കു ചാടുകയായിരുന്നു.
കരയിലേക്കു നീന്തുന്നതിനിടെ 500 മീറ്റർ അകലെവച്ച് കടലിൽ മുങ്ങി പ്പോകുകയായിരുന്നു. ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: രാജമ്മ. ഭാര്യ: രാജി. മകൾ: അഹിമ. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ
District News
വിഴിഞ്ഞം: മത്സ്യബന്ധനം കഴിഞ്ഞ് വള്ളമടുപ്പിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. കോട്ടപ്പുറം ചരുവിള കോളനിയിൽ റിച്ചാർഡ് (48) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
മീൻ പിടിത്തം കഴിഞ്ഞ് വള്ളം വിഴിഞ്ഞം തുറമുഖത്തെ ഫിഷ് ലാൻഡിംഗ് സെന്ററിനു സമീപം അടുപ്പിക്കുന്നതിനിടെകുഴഞ്ഞ് വീണ റിച്ചാർഡിനെ കുടെയുണ്ടായിരുന്നവർ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീരദേശ പോലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ അവശനിലയിലായ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയിൽ റിച്ചാർഡ് ജോൺ (47) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒൻപതോടെ ആയിരുന്നു സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് വിഴിഞ്ഞം ഹാർബറിലെത്തിയ വള്ളത്തിൽ നിന്നാണ് അവശനിലയിലായ റിച്ചാർഡ് കടലിലേക്ക് വീണത്. തിങ്കളാഴച പുലർച്ചെ മത്സ്യബന്ധനത്തിന് പോയതായിരുന്നു റിച്ചാർഡ് ജോൺ.
ഒപ്പം സുഹൃത്തുക്കളായ സോളമൻ, സ്റ്റാൻലി എന്നിവരുമുണ്ടായിരുന്നു. തിരികെ ഒൻപതോടെ വിഴിഞ്ഞം ഹാർബറിലെത്തിയ റിച്ചാർഡ് വള്ളം അടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കടലിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ ഒപ്പമുണ്ടായിരുന്ന സോളമൻ കടലിലേക്ക് ചാടി റിച്ചാർഡിനെ ഉയർത്തിയെടുത്തു. ഉടൻതന്നെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
തൃശൂർ: മത്സ്യബന്ധനത്തിനിടെ കടലിൽ തെറിച്ചു വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. എങ്ങണ്ടിയൂർ ഏത്തായികരുപ്പയിൽ ശങ്കുരു മകൻ വിജീഷാണ് മരിച്ചത്.
ഫൈബർ വള്ളത്തിൽ നിന്നും കടലിൽ തെറിച്ചു വീണു കാണാതാവുകയായിരുന്നു. മൂന്നു ദിവസം കോസ്റ്റൽ പോലീസും ഫിഷറീസ് വിഭാഗവും കടലിൽ തിരച്ചിൽ നടത്തിയെങ്കിലും വിജീഷിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് കടലിൽ അജ്ഞാത മൃതദേഹം കണ്ടതായി കോസ്റ്റൽ പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ആഴക്കടലിൽ ഒഴുകി നടന്നിരുന്ന മൃതദേഹം പോലീസ് സംഘം ബോട്ടിൽ കയറ്റുകയായിരുന്നു.
District News
മംഗലപുരം: മത്സ്യബന്ധനത്തിനു പോകാനായി കടൽ തീരത്തുള്ള ഷെഡിൽ ഉറങ്ങിക്കിടന്ന മത്സ്യത്തൊഴിലാളി പാമ്പു കടിയേറ്റ് മരിച്ചു. വെട്ടുതുറ ചാന്നാങ്കര അർ ത്തി യിൽ പുരയിടത്തിൽ സേവ്യർ ലോപ്പസ് (55) ആണ് മരിച്ചത്.
പുലർച്ചെ 1.30 നാണ് സംഭവം. "തണൽ ' ഷെഡിൽ ഉറങ്ങിക്കിടക്കവേയായിരുന്നു പാമ്പുകടിയേറ്റത്. പുലർച്ചെ മത്സ്യബന്ധനത്തിനു പോകാനായി തൊഴിലാളികൾ രാത്രി ഇവിടെയാണ് കിടക്കാറുള്ളത്.
കടലിൽ പോകാനുള്ള സമയമായപ്പോൾ തൊഴിലാളിൾ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും സേവ്യറിന് ബോധമില്ലായിരുന്നു. തുടർന്ന് തൊട്ടടുത്ത് വലയിൽ കുരുങ്ങിക്കിടക്കുന്ന മൂർഖൻ പാമ്പിനെ കണ്ടെത്തി.
Kerala
തിരുവനന്തപുരം: കഠിനംകുളത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി. സെന്റ് ആന്‍ഡ്രൂസ് സ്വദേശിയായ അലക്സ് മാന്വല്‍ പെരേര (56)നെയാണ് കാണാതായത്. ഇന്ന് രാവിലെ സെന്റ് ആന്‍ഡ്രൂസ് കടപ്പുറത്തായിരുന്നു അപകടം.
ഇദ്ദേഹം ഉള്‍പ്പെടെ ആറ് പേരടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോകവെയാണ് ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞത്. ഒപ്പമുണ്ടായിരുന്നവര്‍ നീന്തി കരയ്ക്ക് കയറി രക്ഷപ്പെട്ടെങ്കിലും അലക്സിനെ തിരയില്‍പ്പെട്ട് കാണാതാകുകയായിരുന്നു. കഠിനംകുളം പോലീസും കോസ്റ്റ്ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു.
District News
കൊല്ലം ജില്ലയിൽ ഇന്നും ശക്തമായ മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 26 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വരും ദിവസങ്ങളിൽ അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മഴ തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടു. നദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വെട്ടുകാട് പള്ളിക്ക് സമീപം കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി. പ്രദേശവാസിയായ അനില്‍ ആന്‍ഡ്രുവിനെയാണ് കാണാതായത്. കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും തിരച്ചിൽ തുടരുകയാണ്.
ഇന്ന് രാവിലെയാണ് കൂറ്റന്‍ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞത്. വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന നാല് പേര് നീന്തി രക്ഷപ്പെട്ട് കരയ്ക്ക് കയറി.