Todays Story
ഒരു KSRTC ഓർഡിനറി ബസ്. അതിൽ കയറാൻ ഇന്ന് കേരളത്തിലെ സ്ത്രികൾക്ക് ടിക്കറ്റ് വേണ്ട. അതൊരു യാത്ര മാത്രമല്ല, കേരളം എഴുതിയ പുതിയ ചരിത്രമാണ്. ഇന്നലെ മന്ത്രിസഭയ്ക്ക് ആറു മാസം തികഞ്ഞു. ഇത് വരെയുള്ള കാലയളവിൽ ഒരു സർക്കാരിന് എന്ത് ചെയ്യാൻ കഴിയും എന്ന് ചോദിച്ചാൽ, കേരളത്തിന് പറയാൻ ഒരു ഉത്തരമുണ്ട് - ഈ ഓർഡിനറി ബസ്.മന്ത്രിസഭയുടെ ആദ്യ തീരുമാനമായി തന്നെ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചതിലൂടെ സർക്കാർ നൽകിയ സന്ദേശം വലുതാണ് - സ്ത്രീശക്തിക്ക് കരുത്തേകിയേ മുന്നോട്ട് പോകൂ എന്ന്.
സാധാരണക്കാരായ സ്ത്രീകളുടെ യാത്രാച്ചെലവ് എത്രയാണെന്ന് ആലോചിച്ചിട്ടുണ്ടോ? രാവിലെ മക്കളെ സ്കൂളിൽ വിടാൻ, ജോലിക്ക് പോകാൻ, ആശുപത്രിയിൽ പോകാൻ, റേഷൻ കട വരെ പോകാൻ... ഒരു സ്ത്രീ ,ദിവസം എത്ര തവണ ബസ് കയറുന്നു. ആ ചെറിയ ചില്ലറത്തുട്ടുകൾ കൂട്ടിവെച്ചാൽ മാസാവസാനം അതൊരു വലിയ തുകയാണ്. പല സ്ത്രീകളും ആ പണം ഇല്ലാത്തതിന്റെ പേരിൽ യാത്രകൾ മാറ്റിവെക്കാറുണ്ട്, സ്വന്തം ആവശ്യങ്ങൾ ഉപേക്ഷിക്കാറുണ്ട്.
'പ്രിയദർശിനി' എന്ന പദ്ധതി ആ ചങ്ങല പൊട്ടിക്കുകയാണ്.ഇത് വെറും സൗജന്യമല്ല, സുരക്ഷിതത്വമാണ്. രാത്രി വൈകി ജോലി കഴിഞ്ഞ് വരുന്ന പെൺകുട്ടിക്ക്, കയ്യിൽ പണമില്ലെങ്കിലും ധൈര്യമായി ബസിൽ കയറാം എന്ന ആത്മവിശ്വാസമാണ്.യാത്രാച്ചെലവ് കുറയുമ്പോൾ കൂടുതൽ സ്ത്രീകൾ ജോലിക്ക് ഇറങ്ങും, ചെറുകിട കച്ചവടങ്ങൾ ചെയ്യും. ഇത് വിദ്യാഭ്യാസമാണ്. ദൂരെയുള്ള കോളേജിൽ പഠിക്കാൻ പെൺകുട്ടികൾക്ക് ഇനി ബസ് ചാർജിനെ പേടിക്കേണ്ട.
മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം പദ്ധതികൾ വിജയിച്ചത് നമ്മൾ കണ്ടതാണ്. കർണാടകയിൽ 'ശക്തി' പദ്ധതി സ്ത്രീകളുടെ യാത്ര 30 ശതമാനത്തിലധികം വർദ്ധിപ്പിച്ചു. ഡൽഹിയിലും തമിഴ്നാട്ടിലും ഇത് വലിയ മാറ്റമുണ്ടാക്കി. കേരളത്തിൽ KSRTC എന്ന പൊതുഗതാഗത സംവിധാനത്തിന് തന്നെ ഇത് പുതിയൊരു ഉണർവ് നൽകി .ജൂൺ 15 ന് തുടങ്ങിയ പ്രിയദർശിനി പദ്ധതിയിൽ, 115 ദിവസം കൊണ്ട് മാത്രം 15 കോടി യാത്രകൾ നടന്നു. ദിവസം ശരാശരി 13.04 ലക്ഷം യാത്രകൾ. പദ്ധതിക്ക് മുൻപ് 3.5% ആയിരുന്ന സ്ത്രീ യാത്രക്കാരുടെ നിരക്ക് ഇന്ന് 7% ആയി - അതായത് 101% വർധന.ഇന്ന് KSRTC ഓർഡിനറി ബസിൽ യാത്ര ചെയ്യുന്നവരിൽ 60% ത്തിലധികം സ്ത്രീകളാണ്. ഇതിനായി സർക്കാർ ഇതുവരെ KSRTC ക്ക് നൽകിയത് 298.63 കോടി രൂപ.സെപ്റ്റംബറിൽ മാത്രം 4.16 കോടി യാത്രകൾ. ഓഗസ്റ്റിനെക്കാൾ 44.28 ലക്ഷം കൂടുതൽ.
ഒരു സർക്കാരിന്റെ മാനം അളക്കുന്നത് അത് സാധാരണക്കാരന് വേണ്ടി എന്ത് ചെയ്യുന്നു എന്നതിലാണ്. ഓർഡിനറി ബസിലെ ആ സാധാരണ സീറ്റിൽ ഇരിക്കുന്ന സ്ത്രീയാണ് ഇന്ന് കേരളത്തിന്റെ ശക്തി. അവളുടെ യാത്ര സുഗമമാക്കുക എന്നത് കേരളത്തിന്റെ യാത്ര തന്നെ സുഗമമാക്കുക എന്നതാണ്.ആറ് മാസം കൊണ്ട് 15 കോടി തവണ കേരളം ഒരു സ്ത്രീയോട് പറഞ്ഞു - "നീ മുന്നോട്ട് പോകൂ".
ഈ സൗജന്യ യാത്രയുടെ ടിക്കറ്റിൽ എഴുതിയിരിക്കുന്നത് ഒരു പേരല്ല - പ്രിയദർശിനി. കാണുന്നത് വെറുമൊരു ബസ് യാത്രയല്ല, കേരളത്തിലെ ഓരോ സ്ത്രീയും സ്വന്തം സ്വപ്നങ്ങളിലേക്ക് നടത്തുന്ന സൗജന്യ യാത്രയാണ്.
Todays Story
1928 നവംബർ 18, ന്യൂയോർക്കിലെ പ്രശസ്തമായ ബ്രോഡ്വേയിലെ 'കോളനി തിയറ്ററിലേക്ക്' അന്ന് വൈകുന്നേരം കടന്നുവന്ന പ്രേക്ഷകർ തിരശീലയിൽ പ്രതീക്ഷിച്ചത് 'ഗാംഗ് വാർ' എന്ന ക്രൈം ഡ്രാമ സിനിമയായിരുന്നു. എന്നാൽ, പ്രധാന സിനിമയ്ക്ക് മുന്നോടിയായി പ്രദർശിപ്പിച്ച വെറും ഏഴ് മിനിറ്റും 47 സെക്കൻഡും മാത്രം ദൈർഘ്യമുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കാർട്ടൂൺ അവിടെ കൂടിയിരുന്നവരുടെ മാത്രമല്ല, ലോക സിനിമയുടെ തന്നെ ചരിത്രം തിരുത്തിക്കുറിച്ചു.
ഒരു ആവിക്കപ്പലിന്റെ വളയം പിടിച്ച്, സന്തോഷത്തോടെ ചൂളംവിളിച്ചെത്തിയ ആ കുഞ്ഞൻ എലി മിക്കി മൗസ്, പ്രേക്ഷകരെ അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചു. തിരശീലയിലെ ചലനങ്ങൾക്കൊത്ത് കൃത്യമായി മുഴങ്ങിയ സംഗീതവും ശബ്ദങ്ങളും കണ്ടും കേട്ടും തിയറ്റർ ഇളകിമറിഞ്ഞു. ആനിമേഷൻ ലോകത്തെ നിശബ്ദതയുടെ യുഗത്തിന് അന്ത്യം കുറിച്ച 'സ്റ്റീംബോട്ട് വില്ലി' എന്ന വിപ്ലവത്തിന്റെ ഉദയമായിരുന്നു അത്.
ഇന്ന് 98 വർഷങ്ങൾക്കിപ്പുറവും, 1928 നവംബർ 18 മിക്കി മൗസിന്റെ ഔദ്യോഗിക ജന്മദിനമായി ലോകമെമ്പാടുമുള്ള ആരാധകർ ആഘോഷിക്കുന്നു. ഒരു സാധാരണക്കാരന്റെ തോൽക്കാൻ മനസ്സില്ലാത്ത പോരാട്ടവീര്യത്തിന്റെയും, സർഗ്ഗാത്മകതയുടെയും എക്കാലത്തെയും വലിയ പ്രതീകമായി 'സ്റ്റീംബോട്ട് വില്ലി' ഇന്നും സിനിമയുടെ ചരിത്രത്തിൽ തിളങ്ങിനിൽക്കുന്നു.
തകർച്ചയുടെ പടുകുഴിയിൽ നിന്ന് പിറന്ന സ്വപ്നം
മിക്കി മൗസിന്റെയും 'സ്റ്റീംബോട്ട് വില്ലി'യുടെയും പിറവിക്ക് പിന്നിൽ വാൾട്ട് ഡിസ്നി എന്ന 26-കാരന്റെ തളരാത്ത പോരാട്ടവീര്യത്തിന്റെ കഥയുണ്ട്. 1928-ന്റെ തുടക്കത്തിൽ വാൾട്ട് ഡിസ്നി തന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയായിരുന്നു കടന്നുപോയിരുന്നത്. അക്കാലത്ത് അദ്ദേഹം സൃഷ്ടിച്ച് വലിയ വിജയമാക്കി മാറ്റിയ 'ഓസ്വാൾഡ് ദി ലക്കി റാബിറ്റ്' എന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ ഉടമസ്ഥാവകാശം വിതരണക്കാരനായ ചാൾസ് മിന്റ്സ് തട്ടിയെടുത്തു. ഡിസ്നിയുടെ സ്റ്റുഡിയോയിലെ മിക്ക ആനിമേറ്റർമാരെയും മിന്റ്സ് തന്റെ കൂടെ കൂട്ടി.
കയ്യിൽ പണമില്ല, സ്വന്തമായി ഒരു കഥാപാത്രമില്ല, വിശ്വസിച്ചവർ പോലും കൈവിട്ടു, എല്ലാം നഷ്ടപ്പെട്ട് ന്യൂയോർക്കിൽ നിന്ന് കാലിഫോർണിയയിലേക്കുള്ള തീവണ്ടി യാത്രയിലിരിക്കുമ്പോഴാണ് വാൾട്ട് ഡിസ്നിയുടെ മനസിൽ പുതിയൊരു രൂപം തെളിയുന്നത്. വലിയ വട്ടച്ചെവികളും, നീളൻ വാലും, കുറുമ്പുനിറഞ്ഞ കണ്ണുകളുമുള്ള ഒരു എലിക്കുഞ്ഞ്! ആദ്യം 'മോർട്ടിമർ' എന്നാണ് പേരിടാൻ ഉദ്ദേശിച്ചതെങ്കിലും, ഭാര്യ ലിലിയന്റെ നിർദ്ദേശപ്രകാരം ആ പേര് മാറ്റി 'മിക്കി മൗസ്' എന്നാക്കി.
രഹസ്യമുറിയിലെ രാത്രികാല പരീക്ഷണങ്ങൾ
തന്നെ വിട്ടുപോകാതെ കൂടെനിന്ന ചീഫ് ആനിമേറ്റർ ഉബ് ഐവർക്സിനൊപ്പം ചേർന്നാണ് ഡിസ്നി മിക്കി മൗസിന് ജീവൻ നൽകിയത്. മറ്റു ജീവനക്കാർ അറിയാതെ, രാത്രികാലങ്ങളിൽ സ്റ്റുഡിയോയുടെ ഒരു രഹസ്യ മുറിയിലിരുന്നായിരുന്നു ഇവരുടെ ജോലി. ഉബ് ഐവർക്സ് ഒരു ദിവസം ഏകദേശം 700 ചിത്രങ്ങൾ വരെ വരച്ചുതീർത്തു.
ആദ്യം 'പ്ലെയിൻ ക്രസി', 'ദി ഗാലോപിൻ ഗൗച്ചോ' എന്നീ രണ്ട് നിശബ്ദ ചിത്രങ്ങളാണ് ഇവർ നിർമിച്ചത്. എന്നാൽ അവയ്ക്ക് വിതരണക്കാരെ ലഭിച്ചില്ല. 1927ൽ പുറത്തിറങ്ങിയ 'ദി ജാസ് സിംഗർ' എന്ന ചിത്രത്തിലൂടെ സിനിമയിൽ ശബ്ദവിപ്ലവം തുടങ്ങിക്കഴിഞ്ഞിരുന്നു. കാർട്ടൂണുകളിലും ശബ്ദം കൊണ്ടുവന്നാൽ എങ്ങനെയുണ്ടാകും എന്ന് ചിന്തിച്ച ഡിസ്നി, തന്റെ മൂന്നാമത്തെ ചിത്രമായ 'സ്റ്റീംബോട്ട് വില്ലി'യിൽ അത് പരീക്ഷിക്കാൻ ഉറപ്പിച്ചു.
ശബ്ദവും ചലനവും ഒന്നിച്ച മാന്ത്രികത
അക്കാലത്ത് കാർട്ടൂണുകളിൽ ശബ്ദം കൃത്യമായി സമന്വയിപ്പിക്കുക എന്നത് അസാധ്യമായ കാര്യമായാണ് സിനിമാ ലോകം കരുതിയിരുന്നത്. എന്നാൽ ഡിസ്നിയും സംഘവും അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. ഓർക്കസ്ട്രയുടെ താളത്തിനൊത്ത് ചിത്രങ്ങൾ വരയ്ക്കാൻ 'ക്ലിക്ക് ട്രാക്ക്' എന്ന നൂതന വിദ്യ അവർ ഉപയോഗിച്ചു.
നദിയിലൂടെ സഞ്ചരിക്കുന്ന 'സ്റ്റീംബോട്ട് വില്ലി' എന്ന കപ്പലിലെ ജോലിക്കാരനാണ് മിക്കി. ക്രൂരനായ ക്യാപ്റ്റൻ പീറ്റിന്റെ ന കണ്ണ് വെട്ടിച്ച് കപ്പലിന്റെ വളയം തിരിക്കുന്നതും, കപ്പലിലേക്ക് ഓടിക്കയറുന്ന മിന്നി മൗസിനെ സന്തോഷിപ്പിക്കാൻ കപ്പലിലെ പാത്രങ്ങളും, പശുവിന്റെ പല്ലുകളും, താറാവുകളെയുമെല്ലാം സംഗീതോപകരണങ്ങളാക്കി പ്രശസ്തമായ 'ടർക്കി ഇൻ ദി സ്ട്രാ' എന്ന നാടോടി സംഗീതം വായിക്കുന്നതുമായിരുന്നു കഥ. മിക്കി മൗസിന്റെ ചൂളംവിളിക്കും, ഓരോ ചലനത്തിനും കൃത്യമായി ശബ്ദം നൽകിയത് വാൾട്ട് ഡിസ്നി തന്നെയായിരുന്നു.
ഒറ്റരാത്രികൊണ്ട് പിറന്ന ആഗോള താരം
1928 നവംബർ 18ന് കോളനി തിയറ്ററിൽ 'സ്റ്റീംബോട്ട് വില്ലി' പ്രദർശിപ്പിച്ചപ്പോൾ ഉണ്ടായ പ്രതികരണം അവിശ്വസനീയമായിരുന്നു. തിരശീലയിൽ മിക്കി മൗസ് ചൂളം വിളിച്ചപ്പോഴും, ഓരോ ചലനത്തിനൊത്ത് സംഗീതം മുഴങ്ങിയപ്പോഴും പ്രേക്ഷകർ ആർപ്പുവിളിക്കുകയും കൈയ്യടിക്കുകയും ചെയ്തു. പ്രധാന സിനിമ കാണാൻ വന്നവർ പോലും മിക്കി മൗസിന്റെ പ്രകടനം കണ്ട് അമ്പരന്നു.
ഒറ്റരാത്രികൊണ്ട് മിക്കി മൗസ് ഒരു ആഗോള താരമായി മാറി. തകർച്ചയുടെ വക്കിലായിരുന്ന വാൾട്ട് ഡിസ്നി സ്റ്റുഡിയോ ലോകത്തിലെ ഏറ്റവും വലിയ വിനോദസാമ്രാജ്യമായി വളർന്നതിന്റെ തുടക്കം അവിടെനിന്നായിരുന്നു. 2024 ജനുവരി 1 മുതൽ 'സ്റ്റീംബോട്ട് വില്ലി'യും അതിലെ ആദ്യകാല മിക്കി മൗസ് രൂപവും പബ്ലിക് ഡൊമെയ്നിൽ ഉൾപ്പെടുത്തപ്പെട്ടതോടെ, ആ ചരിത്രസൃഷ്ടി ഇപ്പോൾ ലോകത്തിന് മുഴുവൻ സ്വന്തമാണ്.
Todays Story
ഒരു പെണ്ണിന്റെ വില എത്രയാണ്? 50 പവനോ? 100 പവനോ? ഒരു കാറോ? ഒരു വീടോ? കേരളത്തിലെ പല മാതാപിതാക്കളും ഇന്ന് ഈ കണക്ക് കൂട്ടലിലാണ്. പെണ്ണിന്റെ മൂല്യം പൊന്നിന്റെ തൂക്കത്തിൽ അളക്കുന്ന നാട്ടിൽ, ഇന്ന് സ്ത്രീധന വിരുദ്ധ ദിനം.
ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങളെയും, അവളുടെ ചിരിയെയും, അവളുടെ ജീവനെയും കണ്ടില്ലന്ന് നടിച്ചുകൂടാ.നമ്മൾ മറന്നോ ഉത്തരയെ? പൊന്നിന്റെ തൂക്കം കുറഞ്ഞു എന്ന് പറഞ്ഞ് അടുക്കളയിൽ തൂങ്ങി മരിക്കേണ്ടി വന്ന വിസ്മയയെ? സ്ത്രീധനത്തിന്റെ പേരിൽ കേരളത്തിൽ ഇല്ലാതായ എത്രയോ ജീവനുകൾ.ഇത് പാരമ്പര്യമാണെന്ന് പറയരുത്, പീഡനമാണ്.
ചരിത്രം പരിശോധിച്ചാൽ, 250 വർഷങ്ങൾക്ക് മുൻപ് തന്നെ മാൾവ ഭരിച്ചിരുന്ന റാണി അഹല്യാഭായി ഹോൾക്കർ തന്റെ രാജ്യത്ത് സ്ത്രീധനം നിരോധിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയും 1961 ൽ ശക്തമായ നിയമം കൊണ്ടുവന്നു. സ്ത്രീധനം വാങ്ങിയാൽ അഞ്ച് വർഷം വരെ തടവ്. പീഡിപ്പിച്ചാൽ മൂന്ന് വർഷം. സ്ത്രീധന മരണത്തിന് ജീവപര്യന്തവും.
പക്ഷെ എന്ത് പ്രയോജനം? നിയമങ്ങൾ പുസ്തകത്താളുകളിൽ തന്നെ ഇരിക്കുന്നു. സ്ത്രീധനമാകട്ടെ ഇന്നും ഒരു ആചാരമായി തുടരുകയും ചെയ്യുന്നു.നിയമം കൊണ്ട് മാത്രം ഈ തിന്മ ഇല്ലാതാകില്ല. മനസ് മാറണം.മകന് വേണ്ടി സ്ത്രീധനം വാങ്ങി മേനി നടിക്കുന്നതിന് മുൻപ് ഒന്ന് ഓർക്കുക. നാളെ നിങ്ങളുടെ മകളും മറ്റൊരു വീട്ടിൽ ഇതേ ചോദ്യത്തിന് മുന്നിൽ നിൽക്കേണ്ടി വരും എന്ന്.
സ്വർണമല്ല ഒരു പെൺകുട്ടിയുടെ സുരക്ഷ. അവളുടെ വിദ്യാഭ്യാസമാണ്. അവളുടെ ജോലിയാണ്. സ്വന്തം കാലിൽ നിൽക്കാനുള്ള ധൈര്യമാണ്.അതുകൊണ്ട് ഇന്ന് നമുക്ക് ഒരു തീരുമാനമെടുക്കാം. സ്ത്രീധനം വാങ്ങുകയുമില്ല, കൊടുക്കുകയുമില്ല എന്ന്. മക്കളെ പഠിപ്പിക്കാം, പെണ്ണിന്റെ മൂല്യം പൊന്നിന്റെ തൂക്കത്തിൽ അല്ല എന്ന്.ഒരു പെണ്ണിനെ അറിയാൻ അവളുടെ കഴുത്തിലെ മാലയുടെ തൂക്കം നോക്കിയാൽ പോരാ, അവളുടെ മനസിന്റെ നന്മയുടെ തൂക്കം നോക്കണം.
Todays Story
ഇപ്പോഴത്തെ പിള്ളേർ ചോറ് കഴിക്കില്ല - സോഷ്യൽ മീഡിയയിൽ വൈറലായ ഒരു അഭിമുഖത്തിലെ ഒരു വാചകം .കേരളത്തിലെ ഓരോ അടുക്കളയുടെയും ഇന്നത്തെ യാഥാർത്ഥ്യമാണ്.ഉച്ചയ്ക്ക് ചോറ് വിളമ്പി വെച്ച് അമ്മ കാത്തിരിക്കുന്നു. മകൻ മുറിക്കുള്ളിൽ നിന്ന് പറയും, "എനിക്ക് വേണ്ട അമ്മേ, ഞാൻ പിന്നെ കഴിച്ചോളാം." മേശപ്പുറത്തിരിക്കുന്ന ചോറ് തണുത്തു പോകും. ഇത് ഒറ്റപ്പെട്ട ഒരു വീട്ടിലെ കഥയല്ല, ഇന്നത്തെ കേരളത്തിന്റെ പൊതു ചിത്രമാണ്.
എന്തുകൊണ്ട് പിള്ളേർ ചോറ് വേണ്ടെന്ന് പറയുന്നു?
ഒരു കാലത്ത് മലയാളിയുടെ അഭിമാനമായിരുന്നു ചോറ്. ഇന്ന് അതേ ചോറിനെ പുതിയ തലമുറ പേടിയോടെയാണ് നോക്കുന്നത്. അതിന് മൂന്ന് പ്രധാന കാരണങ്ങളുണ്ട്.
ദൃശ്യഭോജനം - കണ്ണുകൊണ്ട് കഴിക്കുന്ന തലമുറ.
ഇന്നത്തെ കുട്ടികൾ ഭക്ഷണം കഴിക്കുന്നത് വായ കൊണ്ടല്ല, കണ്ണുകൊണ്ടാണ്. ഇൻസ്റ്റഗ്രാം റീൽസിൽ കാണുന്ന കുഴിമന്തിയുടെ, ഷവർമയുടെ, ചീസ് നിറഞ്ഞ ബർഗറിന്റെ നിറപകിട്ട് അവരെ ആകർഷിക്കുന്നു. വെള്ള ചോറും മോരുകറിയും അവർക്ക് ആകർഷകമല്ല. ഗ്ലാമർ ഇല്ലാത്ത ഭക്ഷണമായി ചോറ് മാറി.
തെറ്റിദ്ധരിപ്പിക്കപ്പെട്ട ആരോഗ്യ ബോധം
"ചോറ് കഴിച്ചാൽ തടി കൂടും, ചോറിൽ ഷുഗർ ആണ്." ഇതാണ് പതിനാറ് വയസ്സുകാരി പോലും പറയുന്ന ന്യായം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ പറഞ്ഞു കൊടുക്കുന്ന അരബോധമാണ് ഇതിന് കാരണം.യാഥാർത്ഥ്യം എന്തെന്നാൽ, ഒരു പ്ലേറ്റ് കുഴിമന്തിയിൽ അടങ്ങിയിരിക്കുന്ന ട്രാൻസ് ഫാറ്റും കൊഴുപ്പും പത്ത് പ്ലേറ്റ് ചോറിൽ പോലും ഇല്ല എന്നതാണ്. ചോറ് ഉപേക്ഷിച്ച് ജങ്ക് ഫുഡിലേക്ക് പോകുന്നതിലൂടെ അവർ ആരോഗ്യത്തെയാണ് ഉപേക്ഷിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു, ചോറ് ഒഴിവാക്കുന്നതിലൂടെ കുട്ടികളിൽ ഫൈബറിന്റെ കുറവും, ദഹന പ്രശ്നങ്ങളും, എല്ലുകളുടെ ബലക്കുറവും വർദ്ധിക്കുന്നു.
മാറിയ അടുക്കളകൾ
അടുക്കളകൾ മാറി. അമ്മമാർ മാറി. പണ്ട് മൂന്ന് നേരവും അടുപ്പിൽ തീ കത്തിയിരുന്ന അടുക്കളയിൽ ഇന്ന് പലപ്പോഴും തീ കത്താറില്ല. തിരക്കുള്ള ജീവിതത്തിൽ അമ്മയ്ക്ക് ചോറ് വെയ്ക്കാൻ സമയമില്ല. പകരം ബ്രെഡും, ചപ്പാത്തിയും, ഓൺലൈൻ ഭക്ഷണവും അടുക്കള കയ്യടക്കി. ചോറ് വെക്കുന്ന ശീലം തന്നെ പല വീടുകളിൽ നിന്നും ഇല്ലാതായി.
നഷ്ടമാകുന്നത് രുചിയല്ല, ബന്ധമാണ്
ഒരു അമ്മയുടെ വാക്കുകൾ ഇങ്ങനെയാണ്: ഞാൻ രാവിലെ എഴുന്നേറ്റ് മീൻ വാങ്ങി, വൃത്തിയാക്കി, കറി വെച്ചു. ഉച്ചയ്ക്ക് മേശപ്പുറത്ത് വെച്ചു. മകൻ വന്നു നോക്കി, 'എനിക്ക് വേണ്ട' എന്ന് പറഞ്ഞ് സ്വിഗ്ഗിയിൽ നിന്ന് ഓർഡർ ചെയ്തു. ആ നിമിഷം എനിക്ക് തോന്നി, എന്റെ ചോറിനല്ല, എന്റെ സ്നേഹത്തിനാണ് വിലയില്ലാതായതെന്ന്.
"ചോറ് എന്നത് വെറും കാർബോഹൈഡ്രേറ്റ് അല്ല. അത് ഒരു സംസ്കാരമാണ്. അത് അമ്മയുടെ സ്നേഹമാണ്. അച്ഛൻ വിയർപ്പൊഴുക്കി കൊണ്ടുവന്ന അരിയുടെ മണമാണ്. ആ ബന്ധമാണ് ഇന്ന് മുറിഞ്ഞു പോകുന്നത്.പിള്ളേർ ചോറ് കഴിക്കാതെ ഇരിക്കില്ല, അവർ വയറ് നിറയ്ക്കും. പക്ഷെ നഷ്ടം അവർക്ക് തന്നെയാണ്. നമ്മുടെ മണ്ണിന്റെ രുചി, നമ്മുടെ വീടിന്റെ മണം അവർക്ക് നഷ്ടമാകുന്നു.
ഇന്നുമുതൽ അമ്മ വിളിക്കുമ്പോൾ, ഫോൺ മാറ്റി വെച്ച് ചോറിന്റെ മുന്നിൽ ഇരിക്കൂ. ആ ചോറിൽ ഉപ്പ് മാത്രമല്ല, ഒരു ജീവിതത്തിന്റെ സ്നേഹം കൂടിയുണ്ടെന്ന് ഓർക്കൂ.
Todays Story
ഇന്ത്യൻ മഹാസമുദ്രത്തിലെ വിദൂര പ്രദേശമായ ഓസ്ട്രേലിയയുടെ ക്രിസ്മസ് ദ്വീപിൽ നടക്കുന്ന ചുവന്ന ഞണ്ടുകളുടെ വാർഷിക ദേശാടനം ഭൂമിയിലെ ഏറ്റവും വലിയ കരജീവി പലായനങ്ങളിൽ ഒന്നാണ്. ഏകദേശം 10 കോടിയോളം കടും ചുവപ്പ് നിറമുള്ള ഞണ്ടുകളാണ് ദ്വീപിലെ മഴക്കാടുകളിൽ നിന്ന് സമുദ്രത്തിലേക്ക് കൂട്ടത്തോടെ നീങ്ങുന്നത്. ഇതോടെ റോഡുകളും പാറക്കെട്ടുകളും കടൽത്തീരങ്ങളുമെല്ലാം ചലിക്കുന്ന ഒരു ചുവന്ന പരവതാനി വിരിച്ചതുപോലെയാകും.
എന്തിനാണ് ഇവ ദേശാടനം നടത്തുന്നത്?
ചുവന്ന ഞണ്ടുകൾ തങ്ങളുടെ ജീവിതത്തിന്റെ ഭൂരിഭാഗവും കരയിലെ മഴക്കാടുകളിലാണ് ചെലവഴിക്കുന്നതെങ്കിലും, ഇണചേരാനും മുട്ടയിടാനും ഇവയ്ക്ക് കടലിലേക്ക് മടങ്ങിയേ തീരൂ. ഇവയുടെ ലാർവകൾക്ക് വളരാനും കരയിലേക്ക് മടങ്ങുന്നതിന് മുൻപ് പൂർണവളർച്ചയെത്താനും ഉപ്പുവെള്ളം അനിവാര്യമാണ്. മണ്ണിൽ മാളങ്ങൾ കുഴിച്ചും, മണ്ണ് ഇളക്കിമറിച്ചും, വീണുകിടക്കുന്ന ഇലകളും പഴങ്ങളും ഭക്ഷിച്ചും ദ്വീപിലെ മഴക്കാടുകളുടെ ആവാസവ്യവസ്ഥയെ നിലനിർത്തുന്നതിൽ ഇവ പ്രധാന പങ്കുവഹിക്കുന്നു.
മഴക്കാലത്തെ ആദ്യത്തെ കനത്ത മഴ പെയ്യുന്നതോടെയാണ് ഇവയുടെ യാത്ര ആരംഭിക്കുന്നത്. സാധാരണയായി ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിലാണ് ഇത് സംഭവിക്കാറുള്ളത് (മഴ വൈകിയാൽ ഡിസംബറിലോ ജനുവരിയിലോ ആകാം). ചെകിളപ്പൂക്കൾ വഴി ശ്വസിക്കുന്നതിനാൽ വരണ്ട ചൂടിൽ ഇവയുടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് ചത്തുപോകാൻ സാധ്യതയുണ്ട്, അതിനാലാണ് ഇവ മഴക്കാലം തെരഞ്ഞെടുക്കുന്നത്.
മഴ എപ്പോൾ പെയ്താലും, ചന്ദ്രന്റെ അവസാന പാദത്തിലെ വേലിയേറ്റം കുറയുന്ന സമയത്ത് കൃത്യമായി മുട്ടയിടാൻ കഴിയുന്ന രീതിയിലാണ് ഇവ യാത്ര ക്രമീകരിക്കുന്നത്. ഈ സമയത്ത് തിരമാലകളുടെ ശക്തി കുറവായതിനാൽ പെൺഞണ്ടുകൾക്ക് കടലിൽ ഒഴുകിപ്പോകാതെ സുരക്ഷിതമായി മുട്ടയിടാൻ സാധിക്കും.
ആൺഞണ്ടുകളാണ് കാട്ടിൽ നിന്ന് ആദ്യം പുറപ്പെടുന്നത്; തൊട്ടുപിന്നാലെ പെൺഞണ്ടുകളും എത്തും. കടൽത്തീരത്ത് എത്താൻ ഇവയ്ക്ക് ഏകദേശം 5 മുതൽ 7 ദിവസം വരെ എടുക്കും. തീരത്തെത്തിയാൽ ആൺഞണ്ടുകൾ മണലിൽ മാളങ്ങൾ കുഴിക്കുകയും അവിടെവെച്ച് ഇണചേരുകയും ചെയ്യുന്നു. തുടർന്ന് കടലിൽ മുങ്ങി ശരീരത്തിലെ ജലാംശം വീണ്ടെടുത്ത ശേഷം ആൺഞണ്ടുകൾ ഉടൻ തന്നെ കാട്ടിലേക്ക് മടങ്ങും.
പെൺഞണ്ടുകൾ ഏകദേശം രണ്ടാഴ്ചയോളം തീരത്തെ ഈർപ്പമുള്ള മാളങ്ങളിൽ തന്നെ കഴിയും. ഈ സമയത്ത് അവയുടെ ശരീരത്തിലെ പ്രത്യേക സഞ്ചിയിൽ മുട്ടകൾ വളരുന്നു. ഒരു പെൺഞണ്ടിന് ഏകദേശം ഒരു ലക്ഷം മുട്ടകൾ വരെ ഉത്പാദിപ്പിക്കാൻ കഴിയും.
കൃത്യമായ വേലിയേറ്റ സമയത്ത് പുലർച്ചെയ്ക്ക് മുൻപായി പെൺഞണ്ടുകൾ മാളങ്ങളിൽ നിന്ന് പുറത്തുവന്ന് തീരത്ത് തടിച്ചുകൂടും. തുടർന്ന് ശരീരം ശക്തമായി കുടഞ്ഞ് മുട്ടകൾ കടലിലേക്ക് നിക്ഷേപിച്ച ശേഷം ഇവ കാട്ടിലേക്ക് മടങ്ങും. കടലിൽ ഒരു മാസത്തോളം വളരുന്ന ലാർവകൾ ചെറിയ ഞണ്ടുകുഞ്ഞുങ്ങളായി മാറുന്നു. മുട്ടയിട്ട് ഏകദേശം നാലാഴ്ചയ്ക്ക് ശേഷം കോടിക്കണക്കിന് കുഞ്ഞുഞണ്ടുകൾ കടലിൽ നിന്ന് കരയിലേക്ക് കയറി മഴക്കാടുകളിലേക്ക് തിരികെ യാത്രയാകുന്നതോടെ ഈ ചക്രം പൂർത്തിയാകുന്നു.
ഞണ്ടുകളെ സംരക്ഷിക്കാനുള്ള നടപടികൾ
തടസങ്ങൾ വകവയ്ക്കാതെ നേർരേഖയിലാണ് ഇവ സഞ്ചരിക്കുന്നത് എന്നതിനാൽ, വാഹനങ്ങൾ തട്ടി ഞണ്ടുകൾ ചാകാതിരിക്കാൻ ക്രിസ്മസ് ദ്വീപിലെ താമസക്കാരും പാർക്ക്സ് ഓസ്ട്രേലിയയും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. തെരക്കേറിയ റോഡുകൾക്ക് അടിയിലൂടെ ഡസൻ കണക്കിന് പ്രത്യേക തുരങ്കങ്ങളും, പ്രധാന കവലകൾക്ക് കുറുകെ കയറിപ്പോകാൻ 5 മീറ്റർ ഉയരമുള്ള പ്രത്യേക ലോഹപ്പാലവും നിർമിച്ചിട്ടുണ്ട്.
ഞണ്ടുകളെ തുരങ്കങ്ങളിലേക്കും പാലങ്ങളിലേക്കും നയിക്കാൻ കിലോമീറ്ററുകളോളം പ്ലാസ്റ്റിക് വേലികൾ സ്ഥാപിച്ചിട്ടുണ്ട്. ഞണ്ടുകൾ കൂട്ടത്തോടെ റോഡ് മുറിച്ചുകടക്കുന്ന സമയങ്ങളിൽ പ്രധാന റോഡുകൾ പൂർണമായും അടച്ചിടും. ടയറുകൾക്കിടയിൽ നിന്ന് ഞണ്ടുകളെ പരിക്കേൽപ്പിക്കാതെ മാറ്റിവിടാനായി പ്രദേശവാസികൾ തങ്ങളുടെ കാറുകളിൽ പ്രത്യേക ചൂലുകളും കരുതാറുണ്ട്.
Todays Story
വണ്ടിയുടെ താക്കോൽ എടുക്കുന്നതിന് മുന്നെ, ഒരു പെഗ് അടിക്കുന്ന ശീലമുണ്ടോ നിങ്ങൾക്ക്? ഉണ്ടെങ്കിൽ ഇത് നിർബന്ധമായും വായിക്കണം.കാരണം വെള്ളമടിച്ച് വണ്ടിയോടിക്കുന്നത് കേരളത്തിലാണങ്കിൽ ഇനി എട്ടിന്റെ പണി കിട്ടും, ഉറപ്പാണ്.
കഴിഞ്ഞ 25 ദിവസം കൊണ്ട് മാത്രം പോലീസ് പിടിച്ചത് 23,040 പേരെ! ഒരു ദിവസം 900 പേർ വീതം! അവർ മദ്യപിച്ച് വണ്ടി ഓടിക്കുകയായിരുന്നു.അതിൽ എറണാകുളം റൂറലിൽ മാത്രം 2762 പേർ. തിരുവനന്തപുരത്ത് 2100 പേർ.മറ്റു സ്ഥലങ്ങളിലും ഇതേ പോലെ തന്നെ .ഇത് വെറും കണക്കല്ല, ഓരോ കണക്കിനും പിന്നിൽ ഒരു അപകടം ഒളിഞ്ഞിരിപ്പുണ്ട്.
കഴിഞ്ഞ ആഴ്ച കാക്കനാട് നടന്നത് ഓർമ്മയുണ്ടോ?ഒരു സ്വകാര്യ ബസ് ഡ്രൈവർ മദ്യപിച്ച് വണ്ടി ഓടിച്ച് ഒരു സ്ത്രീയെ ഇടിച്ചു കൊന്നു. പരിശോധിച്ചപ്പോൾ ആ രാവിലെ 5.30 ന് തന്നെ കൊച്ചിയിൽമൂന്ന്ബസ് ഡ്രൈവർമാർ മദ്യപിച്ചിരുന്നു! ഏറ്റവും ഞെട്ടിച്ചത് മറ്റൊന്നാണ് - നമ്മുടെ കുഞ്ഞുങ്ങളെ സ്കൂളിൽ കൊണ്ടുപോകുന്ന സ്കൂൾ ബസ് ഡ്രൈവർമാരെ പരിശോധിച്ചപ്പോൾ 57 പേരും മദ്യപിച്ചിരുന്നു! കുഞ്ഞുങ്ങളുടെ ജീവൻ പോലും പണയം വെക്കുന്ന ഈ അവസ്ഥ കണ്ടിട്ടാണ് സർക്കാർ ശക്തമായി ഇടപെട്ടത്.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞത് ഇതാണ്:"ഇനി ഒരു വിട്ടുവീഴ്ചയുമില്ല. മദ്യപിച്ച് വണ്ടി ഓടിക്കുന്നവരുടെ ലൈസൻസ് എന്നന്നേക്കുമായി റദ്ദാക്കാൻ ട്രാൻസ്പോർട്ട് മന്ത്രിയുമായി സംസാരിക്കും.
പുതിയ നിയമം അനുസരിച്ച് മദ്യപിച്ച് വാഹമോടിക്കുന്നതു പിടിച്ചാൽ ,ലൈസൻസ് പോകും, തിരിച്ചു കിട്ടില്ല!
ആദ്യ തവണ പിടിക്കപ്പെട്ടാൽ 6 മാസം ലൈസൻസ് സസ്പെൻഡ് ചെയ്യും, 10,000 രൂപ പിഴയും ആറു മാസം ജയിലും. രണ്ടാം തവണ പിടിക്കപ്പെട്ടാൽ ലൈസൻസ് ജീവിതകാലം മുഴുവൻ പോകും. പിന്നെ 15,000 രൂപ പിഴയും രണ്ടു വർഷം ജയിലും.
നവംബർ 2 മുതൽ തന്നെ പരിശോധന കർശനമാക്കിയിട്ടുണ്ട്.രാത്രി പത്തുമുതൽ രാവിലെ ആറു വരെ കേരളം മുഴുവൻ പോലീസ് റോഡിൽ ഉണ്ട്. 500 ൽ അധികം പോലീസുകാരെ ഓരോ ജില്ലയിലും ഇതിനായി മാത്രം ഇട്ടിട്ടുണ്ട്. ബാറിന്റെ മുന്നിൽ, ഹൈവേയിൽ, എല്ലായിടത്തും.
ബ്രെത്ത് അനലൈസറിനെ പറ്റിക്കാൻ നോക്കണ്ട!
ച്യൂയിംഗ് ഗം ചവച്ചാലോ, മിട്ടായി തിന്നാലോ ഒന്നും രക്ഷയില്ല. ഒരു ബിയർ കഴിച്ചാൽ പോലും മെഷീനിൽ കാണിക്കും.
പോലീസ് പറയുന്ന ഒരു കാര്യം മാത്രം ഓർക്കുക:
നിങ്ങൾ കുടിച്ചു എന്ന് നിങ്ങൾക്ക് തോന്നിയങ്കിൽ പോലും, നിങ്ങളുടെ കൈ നിയന്ത്രണം തെറ്റും.
കഴിഞ്ഞ മാസം മദ്യപിച്ച് വണ്ടി ഓടിച്ച് ഉണ്ടായ നാല് അപകടങ്ങളിൽ 11 ജീവനാണ് നമ്മൾക്ക് നഷ്ടമായത്. അതിൽ ഒരു കുഞ്ഞും ഉണ്ടായിരുന്നു.അതുകൊണ്ട് കൂട്ടുകാരോടൊപ്പം ആഘോഷിക്കൂ, പക്ഷെ വണ്ടി ഓടിക്കാൻ മറ്റൊരാളെ ഏൽപ്പിക്കൂ. അല്ലെങ്കിൽ ഒരു ഓട്ടോ വിളിക്കൂ.നിങ്ങളുടെ ഒരു പെഗ്, മറ്റൊരാളുടെ ജീവൻ എടുക്കരുത്.മദ്യപിച്ച് വണ്ടി ഓടിക്കരുത്, ജീവൻ പണയം വെക്കരുത്.
നിങ്ങൾ എന്ത് വിചാരിക്കുന്നു?മദ്യപിച്ച് വണ്ടി ഓടിക്കുന്നവരുടെ ലൈസൻസ് എന്നന്നേക്കുമായി റദ്ദാക്കുന്ന ഈ തീരുമാനം ശരിയാണോ?അതോ പിഴ മാത്രം മതിയോ? അഭിപ്രായം താഴെ കമന്റ് ചെയ്യൂ! നിങ്ങളുടെ ഒരു കമന്റ് ഒരു ജീവൻ രക്ഷിച്ചേക്കാം!
Todays Story
ബേസിലിന് വയസ് 35. 26-ാം വയസ് മുതൽ തുടങ്ങിയതാണ് കാത്തിരിപ്പ്. ആലോചനകൾ തുടങ്ങിയിട്ട്ഒമ്പത് വർഷം .എന്ത് ചെയ്യാൻ, പെണ്ണിനെ കിട്ടാനില്ല. ഈ വർഷമെങ്കിലും നടന്നാൽ മതിയായിരുന്നു. മുട്ടിപ്പായി പ്രാർത്ഥിച്ചിട്ടും നേർച്ചകൾ നേർന്നിട്ടും ഒന്നും ശരിയാകുന്നില്ല. എങ്ങനെയെങ്കിലും ഒരു പെണ്ണിനെ കിട്ടിയാൽ മതിയായിരുന്നു.കഴിഞ്ഞ ദിവസം കണ്ടപ്പോൾ ഒരു തമാശ പോലെ അവൻ പറഞ്ഞു.പക്ഷെ ആ ചിരിക്ക് പിന്നിൽ ഒമ്പത് വർഷത്തെ കാത്തിരിപ്പിന്റെ ഭാരമുണ്ടായിരുന്നു.ബേസിൽ ഒറ്റയ്ക്കല്ല. മാട്രിമോണി സൈറ്റുകളിലും വീടുകളിലും എല്ലാം ഇതേ ചർച്ചയാണ്. പുരുഷന്മാർക്ക് വധുവിനെ കിട്ടാനില്ല .
കേരളത്തിലെ വിവാഹ കമ്പോളത്തിൽ പുതിയൊരു പ്രതിസന്ധിയാണിത് .ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം.കോഴിക്കോട് ഒരു സൗജന്യ വിവാഹ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി. സംഘാടകർ കരുതിയത് പരമാവധി 1500 പേർ വരുമെന്നാണ്. എന്നാൽ സംഭവിച്ചത് ഞെട്ടിക്കുന്നതായിരുന്നു. ഏകദേശം 7000 പേർ ആണ് ജീവിതപങ്കാളിയെ കണ്ടെത്താൻ ആ ക്യാമ്പിലേക്ക് ഒഴുകിയെത്തിയത്.
എന്നാൽ ഈ ചർച്ചയുടെ മറുവശത്ത് മറ്റൊരു ചോദ്യം ഉയരുകയാണ് - പെൺകുട്ടികൾ എന്തുകൊണ്ട് വിവാഹത്തിൽ നിന്ന് പിന്മാറുന്നു?കാരണം ,
പഴയ കാലം പോലെയല്ല ഇന്ന്.
സ്വയംപര്യാപ്തത:
ഇന്ന് പെൺകുട്ടികൾ നന്നായി പഠിക്കുന്നു, നല്ല ജോലി നേടുന്നു, സാമ്പത്തികമായി സ്വയം പര്യാപ്തരാകുന്നു. വിവാഹം എന്നത് ഇനി ജീവിക്കാനുള്ള ഒരു നിർബന്ധിത ആവശ്യമല്ല.
സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്ന ഭയം:
വിവാഹം കഴിഞ്ഞാൽ തന്റെ കരിയറും വ്യക്തിസ്വാതന്ത്ര്യവും നഷ്ടപ്പെടുമോ എന്ന്പലപെൺകുട്ടികളും ഭയപ്പെടുന്നു.
ഉത്തരവാദിത്തങ്ങളുടെ ഭാരം:
വിവാഹത്തോടൊപ്പം വരുന്ന അമിതമായ ഉത്തരവാദിത്തങ്ങളും 'വീട്ടിലെ എല്ലാ ജോലിയും ചെയ്യണം' എന്ന ചിന്തയും പലരെയും പിന്നോട്ട് വലിക്കുന്നു.
സുരക്ഷിതമല്ലെന്ന തോന്നൽ:
ചുറ്റും കാണുന്ന വിവാഹമോചന വാർത്തകളും ഗാർഹിക പ്രശ്നങ്ങളും പെൺകുട്ടികളിൽ വിവാഹത്തോട് ഭീതി ഉണ്ടാക്കുന്നു.
ചിന്താഗതി മാറ്റേണ്ടത് ആരുടെ?
ഇവിടെയാണ് യഥാർത്ഥ ചർച്ച തുടങ്ങുന്നത്. ചിന്താഗതി മാറ്റേണ്ടത് പെൺകുട്ടികളുടേതാണോ? , അതോ വിവാഹത്തെ കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടാണോ?വിവാഹം എന്നത് ഒരു അടിമ-ഉടമ ബന്ധമല്ല, മറിച്ച് രണ്ട് വ്യക്തികളുടെ തുല്യ പങ്കാളിത്തമാണ് എന്ന് തിരിച്ചറിയുമ്പോഴാണ് ഈ പ്രശ്നത്തിന് പരിഹാരമാകുക.
ഭാര്യ എന്നാൽ വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്ന ഒരാൾ എന്ന പഴയ ചിന്ത മാറണം. ഭർത്താവും ഭാര്യയും തുല്യരാണ് എന്ന കാഴ്ചപ്പാട് വരണം.പെൺകുട്ടികൾക്ക് വേണ്ടത് സുരക്ഷിതത്വവും ബഹുമാനവും തുല്യതയുമാണ്. അത് ഉറപ്പ് നൽകാൻ സമൂഹവും കുടുംബവും തയ്യാറായാൽ വിവാഹത്തോടുള്ള ഈ വിമുഖത താനേ മാറും.
പുരുഷന്മാർക്ക് വധുവിനെ കിട്ടാനില്ല എന്ന് പരാതി ഉയരുമ്പോൾ, ബേസിലിന്റെ കാത്തിരിപ്പിനും ഈ 7000 പേരുടെ തിരക്കിനും ഒരു പരിഹാരമാകും.
ബേസിലിനെ പോലുള്ളവർക്കായി പ്രാർത്ഥിക്കണോ, അതോ സമൂഹത്തിന്റെ ചിന്താഗതി മാറ്റണോ? നിങ്ങളുടെ അഭിപ്രായം എന്ത്? കമന്റ് ചെയ്യൂ
Todays Story
ഒരു രാത്രി ,ട്രെയിൻ യാത്ര സങ്കൽപ്പിച്ചു നോക്കൂ.കമ്പാർട്ടുമെന്റിൽ മിക്കവരും ഉറക്കത്തിലാണ്. ആ തിരക്കിനിടയിൽ ഒരു സീറ്റിൽ ആ പെൺകുട്ടിയും ഉറങ്ങുകയായിരുന്നു.പെട്ടെന്നാണ് അവൾക്ക് ഒരു തണുപ്പ് തോന്നിയത്. ആരോ തന്നെ തൊടുന്നു.ഞെട്ടി എഴുന്നേറ്റപ്പോൾ മുന്നിൽ ഒരു മുഖം. അവൾ നിലവിളിക്കാൻ ശ്രമിച്ചു. പക്ഷെ ട്രെയിനിന്റെ ശബ്ദത്തിൽ ആരും കേട്ടില്ല.പിന്നെ നടന്നത് ക്രൂരതയായിരുന്നു.എതിർത്തപ്പോൾ അയാൾ അവളുടെ മുഖത്തടിച്ചു. മൂക്ക് പൊട്ടി ചോര വന്നു. എന്നിട്ട് ഓടുന്ന ട്രെയിനിൽ നിന്ന് അവളെ തള്ളിയിടാൻ നോക്കി.ഭാഗ്യം കൊണ്ട് മാത്രം അവൾ രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം നിങ്ങൾ പത്രത്തിൽ വായിച്ച ആ വാർത്ത ഇതാണ്. ആശുപത്രിയിൽ കിടന്ന് പെൺകുട്ടി പറഞ്ഞ ഒരു വാചകമുണ്ട് -"അയാൾ എന്നെ കൊല്ലാനാണ് നോക്കിയത്".
കേട്ടാൽ തോന്നും, ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന്. അല്ല, ഇത് തുടർകഥയാണ് .
കേരളം മറക്കാത്ത ചില യാത്രകളുണ്ട്:
1,സൗമ്യ (2011): എറണാകുളം-ഷൊർണൂർ ട്രെയിനിൽ സൗമ്യയെ ആക്രമിച്ച് ട്രാക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ്. 15 വർഷം കഴിഞ്ഞിട്ടും അതേ ഭയം തന്നെയാണ് ഇന്നും സ്ത്രീകൾക്ക്.
2. വർക്കല :
19 വയസ്സുള്ള ശ്രീക്കുട്ടി. കേരള എക്സ്പ്രസിൽ യാത്രചെയ്യുകയായിരുന്നു. പുകവലിക്കുന്നത് ചോദ്യം ചെയ്തതിന്,മദ്യപിച്ച ഒരാൾ അവളെ ഓടുന്ന ട്രെയിനിൽ നിന്ന് ചവിട്ടി താഴെയിട്ടു. നട്ടെല്ല് പൊട്ടി, തല പൊട്ടി, മാസങ്ങളോളം മെഡിക്കൽ കോളേജിൽ.
3. ചങ്ങനാശ്ശേരി :
കേരള എക്സ്പ്രസിൽ , മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തയാൾ. യാത്രക്കാർ തന്നെ അയാളെ പിടിച്ച് ഷർട്ട് കൊണ്ട് കൈകെട്ടി പോലീസിൽ ഏൽപ്പിച്ചു. കാരണം, ആ സമയത്ത് ട്രെയിനിൽ പോലീസ് തന്നെ ഉണ്ടായിരുന്നില്ല.
4. എറണാകുളം നോർത്ത്:
ട്രെയിനിൽ കയറാൻ നിന്ന പെൺകുട്ടിയെ പ്ലാറ്റുഫോമിൽ വെച്ച് കടന്നുപിടിച്ചയാൾ. പെൺകുട്ടി വീഡിയോ എടുത്ത് ഇൻസ്റ്റയിൽ ഇട്ടപ്പോഴാണ് ആളുകൾ അറിഞ്ഞത്.ഇത് ആദ്യത്തെ സംഭവമല്ല. അവസാനത്തേതുമാകില്ല, നമ്മൾ ചോദ്യം ചോദിച്ചില്ലെങ്കിൽ.
ഓരോ വർഷവും പുറത്തു വരുന്ന കണക്കുകൾ ഞെട്ടിക്കും. 2023-24 ൽ 4.57 ലക്ഷം യാത്രാ സുരക്ഷാ പരാതികളുണ്ടായിരുന്നിടത്ത് 2024-25 ൽ അത് 7.50 ലക്ഷമായി ഉയർന്നു, 64% വർധനവ്. 2026 ലെ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
എന്തുകൊണ്ട് ഇത് കൂടുന്നു?
1. തിരക്കാണ് പ്രധാന വില്ലൻ
ജനറൽ കോച്ചിൽ ആളുകൾ തിങ്ങി നിറഞ്ഞിരിക്കുകയാണ്. ഈ തിരക്കാണ് പലരും മുതലെടുക്കുന്നത്. ആരാണ് ചെയ്തതെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥ.
2.എല്ലാവരും ഫോണിൽ, ആരും ശ്രദ്ധിക്കുന്നില്ല
മുൻപ് യാത്രക്കാർ പരസ്പരം ശ്രദ്ധിക്കുമായിരുന്നു,സംസാരിക്കുമായിരുന്നു.ഇപ്പോൾ എല്ലാവരും ഇയർഫോൺ വെച്ച് ചുറ്റും എന്ത് നടക്കുന്നു ,എന്ന് നോക്കുന്നുപോലുമില്ല . ഇത് കുറ്റം ചെയ്യുന്നവർക്ക് ധൈര്യം കൊടുക്കുന്നു.
3. പരാതി പറയാൻ മടി,
മുൻപ് പലരും പരാതി പറയാൻ മടിച്ചിരുന്നു. ഇപ്പോൾ സ്ത്രീകൾ ധൈര്യമായി പരാതി പറയാൻ തുടങ്ങി. അതുകൊണ്ട് കേസുകളുടെ എണ്ണം കൂടുതലാണ് . ഇത് നല്ല കാര്യമാണ്.
സ്ത്രീകൾ എന്ത് ചെയ്യണം?
റെയിൽവേ പോലീസ് തന്നെ പറയുന്ന സുരക്ഷാ മാർഗങ്ങൾ ഇതാ:
1. ലേഡീസ് കോച്ച് ഉപയോഗിക്കുക: കഴിയുന്നതും ലേഡീസ് കോച്ചിലോ, റിസർവേഷൻ കോച്ചിലോ കയറാൻ ശ്രമിക്കുക. രാത്രി ഒന്‍പത് മണിക്ക് ശേഷം ഒറ്റയ്ക്ക് ജനറൽ കോച്ച് ഒഴിവാക്കുക.
2. ഈ നമ്പർ ഫോണിൽ സേവ് ചെയ്യുക:
139 ഇത് റെയിൽവേ സഹായ നമ്പറാണ്. ഒരു മെസ്സേജ് അയച്ചാൽ പോലും RPF നിങ്ങളുടെ കോച്ചിൽ എത്തും. RailMadad ആപ്പിൽ ലൈവ് ലൊക്കേഷൻ ഷെയർ ചെയ്ത് പരാതി കൊടുക്കാം.
3. ഉറങ്ങുമ്പോൾ സൂക്ഷിക്കുക: രാത്രി യാത്രയിൽ സീറ്റിന്റെ അറ്റത്തല്ല, നടുക്കുള്ള സീറ്റിൽ ഇരിക്കുക. ബാഗ് മടിയിൽ വെക്കുക.
4. പ്രതികരിക്കാൻ മടിക്കരുത്:
എന്തെങ്കിലും മോശം അനുഭവം തോന്നിയാൽ ഉച്ചത്തിൽ പ്രതികരിക്കുക. ചുറ്റുമുള്ളവർ സഹായിക്കും. മിണ്ടാതിരുന്നാൽ അവർക്ക് ധൈര്യം കൂടും.നിങ്ങളുടെ ഒരു ശബ്ദം നിങ്ങളെ മാത്രമല്ല, അടുത്തിരിക്കുന്ന മറ്റൊരു പെൺകുട്ടിയെയും രക്ഷിക്കും.ട്രെയിൻ യാത്ര എന്നത് വെറും യാത്രയല്ല, ആയിരക്കണക്കിന് സ്ത്രീകളുടെ ജോലിയും വിദ്യാഭ്യാസവും സ്വപ്നവുമാണ്. ആ യാത്ര സുരക്ഷിതമാക്കേണ്ടത് റെയിൽവെയുടെ മാത്രം ഉത്തരവാദിത്തമല്ല, നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.അടുത്ത തവണ ജനറൽ കമ്പാർട്ടുമെന്റിൽ ഒരു പെൺകുട്ടി ഒറ്റയ്ക്ക് ഭയന്ന് നിൽക്കുന്നത് കണ്ടാൽ, ഒന്ന് അടുത്ത് നിൽക്കുക. അതാണ് ആ നിമിഷം അവൾക്ക് കിട്ടുന്ന ഏറ്റവും വലിയ സുരക്ഷ.
നിങ്ങൾക്ക് പറയാനുണ്ടോ?
ട്രെയിൻ യാത്രക്കിടെ ഇതുപോലെ മോശം അനുഭവം നിങ്ങൾക്കോ നിങ്ങൾക്ക് പരിചയമുള്ള ആർക്കെങ്കിലുമോ ഉണ്ടായിട്ടുണ്ടോ? ഭയന്ന് മിണ്ടാതിരിക്കരുത്.നിങ്ങളുടെ അനുഭവം താഴെ കമന്റ് ആയി പറയൂ. നിങ്ങളുടെ ഒരു കമന്റ് മറ്റൊരു പെൺകുട്ടിക്ക് ധൈര്യമാകും. അതോടൊപ്പം, ഈ വാർത്ത നിങ്ങളുടെ മക്കൾക്കും സഹോദരിക്കും സുഹ്യത്തുകൾക്കും ഷെയർ ചെയ്യൂ.
Todays Story
മക്കൾ അടുത്തില്ല, പറമ്പ് ആരും നോക്കാനില്ല. ഇനി ടെൻഷൻ വേണ്ട, നിങ്ങളുടെ തൊടിയുടെ കാവലിന് ഡ്രോൺ എത്തി.
ടൊറന്റോയിൽ നല്ല തണുപ്പുള്ള ഒരു ഞായറാഴ്ച രാവിലെ. കോട്ടയം പാമ്പാടിക്കാരൻ രാജു കാപ്പിയും കുടിച്ച് ഫോൺ എടുത്തു. ഒരു ആപ്പ് തുറന്നു. പിന്നെ കണ്ടത്, തന്റെ നാട്ടിലെ പറമ്പ്! രാവിലെ തന്നെ ഡ്രോൺ എടുത്ത ഫ്രഷ് വീഡിയോ. തന്റെ റബ്ബർ മരങ്ങൾക്ക് ഇടയിൽ ആരോ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കവർ വരെ വ്യക്തമായി കാണാം. അതിരിലെ കല്ലിന് ഒരു ഇളക്കം പോലുമില്ല.രാജു ചിരിച്ചു. 20 വർഷം പ്രവാസം. നാട്ടുകാരനെ ഏൽപ്പിച്ചാൽ പകുതി കൃത്യതയില്ല. ഇപ്പോൾ എന്റെ പറമ്പ് എന്റെ കൈക്കുള്ളിൽ തന്നെയുണ്ട്.
രാജുവിന്റെ കഥ ഒറ്റപ്പെട്ടതല്ല. ഇതാണ് ഇന്ന് കേരളത്തിന്റെ പുതിയ കഥ.ബന്ധുക്കൾ പോയി, ആപ്പ് വന്നു.ഒരുകാലത്ത് നമ്മൾ നാട്ടിലെ പറമ്പ് നോക്കാൻ ഏൽപ്പിച്ചിരുന്നത് ബന്ധുക്കളെയായിരുന്നു. പിന്നെ ,അടുത്ത വീട്ടിലെ ചേട്ടനെ ഏൽപ്പിച്ചേക്കാം എന്നായി. ഇന്ന് കാലം മാറി. ചേട്ടനും തിരക്കിലാണ്.
കേരളത്തിൽ 40 ലക്ഷത്തിലധികം വീടുകളും പറമ്പുകളും പൂട്ടിക്കിടപ്പുണ്ട് എന്നാണ് കണക്ക്. ഗൾഫിലും കാനഡയിലും യൂറോപ്പിലും ഇരുന്ന്, വാട്സാപ്പിൽ "പറമ്പ് എങ്ങനെയുണ്ട്?" എന്ന് ചോദിച്ച് മടുത്ത പ്രവാസിക്ക് മുന്നിലേക്കാണ് ഈ പുതിയ കാവൽക്കാർ വന്നത്.പേര് കേൾക്കാൻ ചെറുതാണ് - പ്രോപ്പർട്ടി ഗാർഡിയൻ ആപ്പുകൾ.
അവർ എന്തൊക്കെ ചെയ്യും?
ഇത് ശരിക്കും മാജിക്കാണ്!നിങ്ങൾ ഒരു വർഷത്തേക്ക് 15,000 രൂപ അടച്ചാൽ മതി. പിന്നെ നടക്കുന്നത് ഇതാണ്: ആകാശ കാവൽ: മാസത്തിൽ രണ്ടു തവണ നിങ്ങളുടെ പറമ്പിന്റെ മുകളിലൂടെ ഡ്രോൺ പറക്കും. 4K വീഡിയോയും ഫോട്ടോയും നിങ്ങളുടെ ഫോണിലെത്തും.
കള്ളനെ പിടിക്കും: അതിരിലെ കല്ല് ആരെങ്കിലും ഇളക്കിയോ? അടുത്ത പറമ്പുകാരൻ ഒരു അടി അകത്തേക്ക് കയറിയോ? ആപ്പ് തന്നെ അലാറം അടിക്കും.
എണ്ണി തരും: പറമ്പിൽ എത്ര തെങ്ങുണ്ട്? എത്ര കമുകുണ്ട്? എത്ര റബ്ബർ ടാപ്പ് ചെയ്യാൻ പാകമായി? കൃത്യമായ കണക്ക് റിപ്പോർട്ടായി കിട്ടും.
വൃത്തിയാക്കി തരും: "ചേട്ടാ, പറമ്പൊന്ന് വെട്ടി വൃത്തിയാക്കിയിട്ട് ഫോട്ടോ അയച്ചേ എന്ന് പറയേണ്ട. ആപ്പിൽ ഒരു ബട്ടൺ അമർത്തിയാൽ ആളെത്തും, വെട്ടും, ഫോട്ടോ അയക്കും.
കൊച്ചിയിലെ ഒരു സ്റ്റാർട്ടപ്പ് നടത്തുന്ന യുവാവ് പറഞ്ഞത് ഇങ്ങനെയാണ്: ഞങ്ങൾക്ക് ഇപ്പോൾ 2000 ത്തിലധികം പ്രവാസി കസ്റ്റമേഴ്സ് ഉണ്ട്. അവരിൽ പലരും രണ്ടു വർഷമായി നാട്ടിൽ വന്നിട്ടില്ല. പക്ഷേ അവരുടെ പറമ്പ് അവർ ദിവസവും കാണുന്നുണ്ട്.
ടെക്നോളജിയോ, അതോ ബന്ധങ്ങളുടെ അവസാനമോ?
ഇവിടെയാണ് നമ്മൾ ചിന്തിക്കേണ്ടത്. മക്കൾ അടുത്തില്ലാത്തതു കൊണ്ട് സീനിയർ ലിവിംഗ് വരുന്നത് പോലെ, നാട്ടുകാരെ വിശ്വസിക്കാൻ പറ്റാത്തതു കൊണ്ടാണ് ആപ്പ് വരുന്നത്.ഒരു ഡ്രോണിന് കാണിച്ചു തരാൻ പറ്റുന്നത്, വീണുകിടക്കുന്ന തേങ്ങയുടെ എണ്ണം മാത്രമാണ്. പക്ഷേ ആ തേങ്ങ വീണപ്പോൾ അയൽവീട്ടിലെ അമ്മ പറഞ്ഞ ,മോനെ സൂക്ഷിക്കണം എന്ന സ്നേഹം ,കാണിച്ചു തരാൻ ഒരു ആപ്പിനും പറ്റില്ലല്ലോ?
അതിര് കല്ല് സംരക്ഷിക്കാൻ ഡ്രോൺ മതി. പക്ഷേ, അതിരിലെ ബന്ധം സംരക്ഷിക്കാൻ?
നിങ്ങൾ എന്ത് വിചാരിക്കുന്നു? നിങ്ങളുടെ പറമ്പ് നോക്കാൻ നിങ്ങൾ ആരെയാണ് ഏൽപ്പിച്ചിരിക്കുന്നത്? കമന്റ് ചെയ്യൂ.
Todays Story
കാലം മായ്ക്കാത്ത പുണ്യസ്പർശം: കനിവിന്റെ ഉറവകൾ തേടിയുള്ള സ്നേഹസാമ്രാജ്യത്തിലെ അവിസ്മരണീയ ദിനങ്ങളും അന്തിമദിനങ്ങളിലെ ആ അപൂർവ കൂടിക്കാഴ്ചയും
കോൽക്കത്തയിലെ ചേരികളിൽ വിറയ്ക്കുന്ന കൈകളും പഴുത്ത വ്രണങ്ങളുമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട മനുഷ്യ ജന്മങ്ങൾക്ക്, ഒരു തുള്ളി സ്നേഹം അമൃതായി പകർന്നുനൽകിയ കാരുണ്യത്തിന്റെ മാലാഖ, മദർ തെരേസ നമ്മോട് വിടപറഞ്ഞിട്ട് 29 വർഷം തികയുകയാണ്.
കാലം എത്ര മുന്നോട്ട് സഞ്ചരിച്ചാലും ലോകചരിത്രത്തിൽ സ്നേഹത്തിന്റെ പരമോന്നത പ്രതീകമായി ആ വെളുത്ത സാരിയും നീലക്കരയും ഇന്നും തിളങ്ങിനിൽക്കുന്നു. തന്റെ സന്യാസ ജീവിതത്തിന്റെ സുരക്ഷിതത്വം നിറഞ്ഞ നാലുചുവരുകൾ ഉപേക്ഷിച്ച്, അഗതികൾക്കും അനാഥർക്കുമായി മദർ തെരേസ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ, ദൈവം അവർക്കായി തുറന്നുകൊടുത്തത് ഒരു മതത്തിന്റെയും അതിർവരമ്പുകളില്ലാത്ത വിശാലമായ വാതിലുകളായിരുന്നു.
വിശ്വാസങ്ങളെ ആദരിച്ച "നിർമ്മൽ ഹൃദയ്' കാളീഘട്ടിലെ കാളീക്ഷേത്രത്തിന്റെ പരിസരത്തുള്ള, ഉപേക്ഷിക്കപ്പെട്ട ഒരു ധർമ്മശാല രോഗികളെ ശുശ്രൂഷിക്കാനായി കോൽക്കത്ത കോർപ്പറേഷൻ മദർ തെരേസയ്ക്ക് വിട്ടുനൽകിയപ്പോൾ അതിനുള്ളിൽ ഒരു ഹിന്ദു ക്ഷേത്രത്തിന്റെ പവിത്രമായ ശില്പങ്ങളും മനോഹരമായ കൊത്തുപണികളും ഉണ്ടായിരുന്നു.
ആ മണ്ണിൽ കാരുണ്യത്തിന്റെ ശുശ്രൂഷ ആരംഭിക്കുമ്പോഴും, ഒരു പുതിയ പ്രസ്ഥാനത്തിന്റെ അധിപയായി മാറി നിൽക്കുമ്പോഴും അവിടെയുണ്ടായിരുന്ന ഹൈന്ദവ വിശ്വാസത്തിന്റെ ഒരു അടയാളവും മാറ്റാനോ അനാദരിക്കാനോ മദർ സമ്മതിച്ചില്ല.
അവിടുത്തെ നിർമ്മിതികളും കൊത്തുപണികളും അതേപടി നിലനിർത്തിക്കൊണ്ട്, ആ മന്ദിരത്തിന് "നിർമ്മൽ ഹൃദയ്' (Home of the Pure Heart) എന്ന് മദർ നാമകരണം ചെയ്തു. ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ പൂർണമായും മാനിച്ചുകൊണ്ട് മദർ അവിടെ ചെയ്തത്, തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് സ്വന്തം അമ്മയെപ്പോലെ അഭയം നൽകുക മാത്രമായിരുന്നു.
സ്നേഹത്തിന്റെ പ്രതീകമായ ആഗോളതലത്തിൽ അറിയപ്പെടുന്ന കൊൽക്കത്തയിലെ മദർ ഹൗസ് സ്വന്തമായി ഒരു തലചായ്ക്കാൻ ഇടമില്ലാതെ മദറും കൂട്ടരും അലഞ്ഞപ്പോൾ, ആ യാത്രയിൽ അവർക്കൊപ്പം ചേർന്നത് സഹോദരതുല്യനായ ഒരു മുസ്ലീം വ്യാപാരിയായിരുന്നു - ഡോ. ഇസ്ലാം.
ഇന്ത്യ - പാക്കിസ്ഥാൻ വിഭജനത്തിന്റെ കാലത്ത് കൊൽക്കത്ത വിട്ടുപോകാൻ ഒരുങ്ങിയ ആ മുസ്ലിം സഹോദരൻ, അനാഥരെ നെഞ്ചിലേറ്റുന്ന കന്യാസ്ത്രീകളുടെ നന്മ തിരിച്ചറിഞ്ഞ് തന്റെ വലിയ കെട്ടിടം വളരെ കുറഞ്ഞ തുകയ്ക്ക് വിട്ടുനൽകാൻ തയാറായി.
കോൽക്കത്ത ആർച്ച്ബിഷപ് ഫെർഡിനാൻഡ് പെരിയറുടെ ഇടപെടലിൽ സഭ വാങ്ങിയ ആ കെട്ടിടമാണ് ഇന്ന് ലോകമെമ്പാടുമുള്ള കാരുണ്യത്തിന്റെ കേന്ദ്രബിന്ദുവായ "മദർ ഹൗസ്'. ഒരു ഹിന്ദു ക്ഷേത്രത്തിന്റെ ധർമ്മശാലയിൽ നിന്ന് തുടങ്ങിയ പരിചരണം, ഒരു മുസ്ലിം സഹോദരൻ സമ്മാനിച്ച കെട്ടിടത്തിലേക്ക് വളർന്ന്, കത്തോലിക്കാ സഭയുടെ തണലിൽ ലോകം മുഴുവൻ പടർന്നുപന്തലിച്ചപ്പോൾ അവിടെ തെളിഞ്ഞു കണ്ടത് ഏതെങ്കിലും ഒരു മതത്തിന്റെ ജയമായിരുന്നില്ല; മറിച്ച് മനുഷ്യത്വം എന്ന ഒറ്റ വികാരമായിരുന്നു.
ആരോപണങ്ങൾക്കും മേലെ ഉയർന്ന സ്നേഹസാമ്രാജ്യം മനുഷ്യന്റെ ഏറ്റവും വലിയ ദാരിദ്ര്യം വിശപ്പല്ല, മറിച്ച് തങ്ങളെ സ്നേഹിക്കാൻ ആരുമില്ലെന്ന അപകർഷതാബോധവും തങ്ങൾ ഉപേക്ഷിക്കപ്പെട്ടവരാണെന്ന തോന്നലുമാണെന്ന് മദർ തിരിച്ചറിഞ്ഞു. മരിക്കുന്ന മനുഷ്യന്റെ കണ്ണുകളിൽ ദൈവത്തെ കണ്ട മദർ, അവരെ അവരുടെ സ്വന്തം വിശ്വാസപ്രകാരം ആശ്വസിപ്പിച്ചു. മരണത്തിലേക്ക് നടന്നു നീങ്ങിയ ഓരോ മനുഷ്യന്റെയും ആത്മാവിന് ശാന്തി നൽകിയത് അവരുടെ സ്വന്തം ആചാരപ്രകാരമായിരുന്നു.
എന്നിട്ടും, കുറ്റപ്പെടുത്താൻ മാത്രം കണ്ണുകളുള്ള ചിലർ മദറിന് മേൽ "മതപരിവർത്തനം' എന്ന ആരോപണത്തിന്റെ നിഴൽ വീഴ്ത്താൻ ശ്രമിച്ചു. "ഞാൻ മതപരിവർത്തനം നടത്തുന്നുണ്ട് - ഒരു നല്ല ഹിന്ദുവിനെ അതിനേക്കാൾ നല്ല ഹിന്ദുവായും ഒരു നല്ല മുസ്ലിംമിനെ അതിനേക്കാൾ നല്ല മുസ്ലിമായും ഒരു നല്ല ക്രിസ്ത്യാനിയെ അതിനേക്കാൾ നല്ല ക്രിസ്ത്യാനിയായും ഞാൻ മാറ്റുന്നു എന്ന് പുഞ്ചിരിയോടെ മദർ മറുപടി നൽകി.
വാക്കുകളിലല്ല, പ്രവൃത്തിയിലാണ് ധർമം എന്ന് തെളിയിച്ച ആ തപസ്വിനി ആരോപണങ്ങളുടെ കല്ലെറിയലുകളെ സ്നേഹം കൊണ്ട് നേരിട്ടു. ഇന്ന്, മദർ തെരേസ നമ്മോട് വിടപറഞ്ഞിട്ട് 29 വർഷം പൂർത്തിയാകുമ്പോഴും ആ ഓർമകൾ ലോകത്തിന് നൽകുന്ന സന്ദേശം വ്യക്തമാണ്: മതങ്ങൾ മനുഷ്യനെ വേർതിരിക്കാനുള്ളതല്ല, മറിച്ച് സ്നേഹത്തിന്റെ നൂലിഴകളാൽ കോർത്തണയ്ക്കാനുള്ളതാണ്.
കാളീഘട്ടിലെ ഭക്തർക്കും വീടുവിട്ടിറങ്ങിയ ഡോ. ഇസ്ലാമിനും തെരുവിൽ ചോരയൊലിപ്പിച്ചു കിടന്ന അഗതിക്കും ഒരുപോലെ "അമ്മ'യായി മാറാൻ മദറിന് കഴിഞ്ഞത് അവർ ദൈവത്തെ അമ്പലങ്ങളിലോ പള്ളികളിലോ അല്ല, മറിച്ച് സഹ ജീവികളുടെ കണ്ണീരിലാണ് കണ്ടത് എന്നത് കൊണ്ടാണ്. ആ വിശുദ്ധ സ്മരണയ്ക്ക് മുന്നിൽ പ്രണാമം!
മദർ തെരേസയുടെ ജീവിതം അങ്ങനെ നോക്കുമ്പോൾ, അത് ഒരു വ്യക്തിയുടെ വിശുദ്ധജീവിതത്തിന്റെ മാത്രം കഥയല്ല; മനുഷ്യനിൽ മനുഷ്യനെ കാണാനും, മനുഷ്യന്റെ വേദനയിൽ ദൈവികതയെ തിരിച്ചറിയാനും പഠിപ്പിച്ച ഒരു മഹത്തായ പാഠപുസ്തകമാണ്.
ആ പാഠപുസ്തകത്തിലെ ചില വരികൾ വായിച്ചറിഞ്ഞതല്ല, ജീവിതത്തിൽ നേരിട്ടനുഭവിച്ചറിയാൻ കഴിഞ്ഞ അപൂർവ്വ ഭാഗ്യവും എനിക്ക് ലഭിച്ചിട്ടുണ്ട്. കാളീഘട്ടിലെ തെരുവുകളിൽ നിന്ന് മദർ ഹൗസിന്റെ വിശുദ്ധ പടിവാതിൽവരെ പടർന്ന ആ കാരുണ്യത്തിന്റെ ലോകത്ത്, ഒരിക്കൽ എനിക്കും ഒരു ചെറിയ ഇടം ലഭിച്ചു. ആ അനുഭവം വർഷങ്ങൾക്കിപ്പുറം ഒരു ഡോക്യുമെന്ററിയായി പുനർജനിച്ചു - മദർ തെരേസയുടെ ജീവിതത്തെയും അവരുമായി നേരിൽ പങ്കുവെക്കാൻ കഴിഞ്ഞ ആ അപൂർവ നിമിഷങ്ങളെയും ഓർമ്മകളെയും ചേർത്തൊരുക്കിയ The Angel of Tenderness എന്ന ഡോക്യുമെന്ററിയായി.
എന്നാൽ ആ ചിത്രത്തിന് പിന്നിലെ യഥാർഥ കഥ ഒരു സിനിമയുടെ കഥയല്ല; മദറിനെ കാണണമെന്ന ആഗ്രഹത്തോടെ കോൽക്കത്തയിലെത്തിയ ഒരു മനുഷ്യൻ, അവളുടെ കാരുണ്യത്തിന്റെ ലോകത്തേക്ക് പതുക്കെ കടന്നുചെന്നതിന്റെ കഥയാണ്. ആ അനുഭവത്തിന്റെ ഓർമകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അത് ഒരു കൂടിക്കാഴ്ച മാത്രമായിരുന്നില്ലെന്ന് ഇന്നും മനസിലാകുന്നു; ഒരു മനുഷ്യനെ വിശുദ്ധിയിലേക്ക് ഉയർത്തുന്നത് എന്താണെന്ന് നേരിൽ കണ്ടറിഞ്ഞ ഒരു പുണ്യനിമിഷമായിരുന്നു അത്.
ജീവിതത്തിലെ ഏറ്റവും വലിയ സാഫല്യം യാദൃച്ഛികമായി തേടിയെത്തുന്ന ചില പുണ്യനിമിഷങ്ങളാണ്. അത്തരമൊരു അപൂർവാനുഭവത്തിന്റെ പവിത്രമായ ഓർമകളിലേക്കാണ് ഈ കുറിപ്പ് വാതിൽ തുറക്കുന്നത്. അനാഥരുടെയും ആരുമില്ലാത്തവരുടെയും അത്താണി ആയിരുന്ന മദർ തെരേസയെ നേരിൽ കാണുക എന്ന ആഗ്രഹത്തോടെ 1997 ജൂലൈ മാസം കൊച്ചിയിൽ നിന്നും കൽക്കട്ടയിലേക്കുള്ള തീവണ്ടി കയറുമ്പോൾ, എന്റെ നെഞ്ചിടിപ്പുകൾക്ക് ഒരേയൊരു താളമേ ഉണ്ടായിരുന്നുള്ളൂ - മദർ തെരേസ.
ജീവിക്കുന്ന ഒരു വിശുദ്ധയായി ലോകം നെഞ്ചേറ്റിയ ആ കാരുണ്യത്തിന്റെ മാലാഖയെ ഒരുനോക്ക് കാണാൻ, ആ വിശുദ്ധകരങ്ങളാൽ അനുഗ്രഹിക്കപ്പെടാൻ എന്റെ ആത്മാവ് അത്രമേൽ ദാഹിച്ചിരുന്നു.
എന്നാൽ കൽക്കട്ടയുടെ മണ്ണിൽ ഞാൻ കാലുകുത്തുമ്പോൾ എന്നെ കാത്തിരുന്നത് കടുത്ത നിരാശയായിരുന്നു. മദർ ഗുരുതരമായ രോഗബാധയിലായിരുന്നു. സന്ദർശകർക്ക് പൂർണ്ണ വിലക്ക്! എനിക്ക് മദറുമായി ഒരു കൂടിക്കാഴ്ച ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്ന പ്രമുഖ വ്യക്തി പോലും ആ വിലക്കിന്റെ വിവരമറിഞ്ഞ് അപ്രത്യക്ഷനായി.
പിന്നീടങ്ങോട്ട് എന്റെ രാപ്പകലുകൾ പ്രാർത്ഥനകളാൽ അലിഞ്ഞു തീരുകയായിരുന്നു. കോൽക്കട്ടയിലെ ഏത് ചെറിയ ദേവാലയത്തിന്റെ പടിവാതിൽ കണ്ടാലും ഞാൻ ഓടിക്കയറി. എന്റെ ഏക ലക്ഷ്യം മദറിന്റെ സൗഖ്യമായിരുന്നു.
അത്രമേൽ തീക്ഷ്ണമായ പ്രാർത്ഥനകളിൽ ഞാൻ എന്നെത്തന്നെ മറന്നു. തിരിഞ്ഞുനോക്കുമ്പോൾ, ആ നാളുകളിലെ പ്രാർഥനകൾ പോലും എന്റെ ജീവിതത്തിലേക്ക് ഒഴുകിയെത്തിയ ദിവ്യാനുഗ്രഹങ്ങളായിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നു.
ശിശുഭവനിലേക്ക് ഞാൻ നടത്തിയ ആ യാദൃച്ഛിക യാത്രയിലാണ് വഴിത്തിരിവുണ്ടാകുന്നത്. അവിടെ പരിചയപ്പെട്ട സന്നദ്ധപ്രവർത്തകരോടും സിസ്റ്റർമാരോടും മദറിനെ കാണാൻ മാത്രം ദിനരാത്രങ്ങളോളം കോൽക്കട്ടയിൽ കഴിയുന്ന എന്റെ ആകുലത ഞാൻ പങ്കുവെച്ചു.
എന്റെ ഹൃദയനൊമ്പരം കണ്ടിട്ടാകണം സിസ്റ്റർമാർക്ക് എന്നോട് അനുകമ്പ തോന്നി. നേരിൽ കാണുക അസാധ്യമാണെങ്കിലും മദറിന്റെ ആരോഗ്യവിവരങ്ങൾ ദിവസവും അറിയാൻ അവർ എന്നെ അനുവദിച്ചു.
ദിവസവും രാവിലെ ഞാൻ അവിടെയെത്തി. വെറുതെയിരിക്കാൻ എന്റെ മനസ് അനുവദിച്ചില്ല. സിസ്റ്റർ ഷെൽവിനയുടെയും സിസ്റ്റർ ഷീലയുടെയും ഒപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഞാനും പങ്കാളിയായി.
മദർ സ്ഥാപിച്ച ജീവകാരുണ്യ സാമ്രാജ്യത്തിന്റെ ഏറ്റവും താഴെത്തട്ടിലേക്ക് ഞാൻ അറിഞ്ഞുകൊണ്ട് ഇറങ്ങിച്ചെല്ലുകയായിരുന്നു. കൽക്കട്ടയിലെ വിവിധ നഴ്സിംഗ്, ദുരിതാശ്വാസ കേന്ദ്രങ്ങൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിലെല്ലാം ഞാൻ സന്ദർശനം നടത്തി.
മരണത്തിന്റെ വക്കിലുള്ള നിരാലംബരായ മനുഷ്യരെ പരിചരിക്കുന്ന കേന്ദ്രങ്ങൾ, കുഷ്ഠരോഗികൾക്കായുള്ള സങ്കേതങ്ങൾ, ചേരി സ്കൂളുകൾ, അനാഥാലയങ്ങൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള പുനരധിവാസ കേന്ദ്രങ്ങൾ, കുട്ടികളുടെ പോഷകാഹാര ക്ലിനിക്കുകൾ, അവിവാഹിതരായ അമ്മമാർക്കുള്ള കരുതൽ വീടുകൾ, തയ്യൽ-ടൈപ്പ് റൈറ്റിംഗ് തൊഴിൽപരിശീലന കേന്ദ്രങ്ങൾ... അവിടെയെല്ലാം ഞാൻ കാരുണ്യത്തിന്റെ ദിവ്യവെളിച്ചം കണ്ടു. ഏകദേശം ഒന്നരമാസത്തോളം സിസ്റ്റർമാരോടൊപ്പം ഞാൻ ആ ശുശ്രൂഷാസേവനങ്ങളിൽ പങ്കാളിയായി.
"അവരുടെ നാളെയെക്കുറിച്ച് നിങ്ങൾ ആകുലപ്പെടൂ, അവരുടെ ഇന്നിനെ ഞാൻ നോക്കിക്കൊള്ളാം..."
വിമർശകർക്ക് മദർ നൽകിയ ശാന്തമായ ആ മറുപടി എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. ചീഞ്ഞളിഞ്ഞ മനുഷ്യശരീരങ്ങളുടെ അസഹ്യമായ ഗന്ധം നിറഞ്ഞുനിന്ന ആശുപത്രി വാർഡുകളിൽ, തെരുവിൽ ഉപേക്ഷിക്കപ്പെട്ട ജീവനുകളുടെ ശ്വാസച്ചൂടിൽ, ഞാൻ ആ വാക്കുകളുടെ മാഹാത്മ്യം അനുഭവിചറിഞ്ഞു.
സ്വന്തം സുഖസൗകര്യങ്ങളും ഭക്ഷണവും ഉറക്കവും മറന്ന് രോഗികളുടെ നാഡിമിടിപ്പുകൾ തൊട്ടറിയുന്ന സിസ്റ്റർമാരെ കണ്ടപ്പോൾ, എന്റെ സങ്കുചിതമായ ഭയങ്ങൾ എന്നെ വീണ്ടും വീണ്ടും അസ്വസ്ഥനാക്കി.
സകല സ്ഥാപനങ്ങളും സന്ദർശിച്ചപ്പോഴും ഭയം കൊണ്ട് ഞാൻ മനഃപൂർവ്വം മാറിനിന്ന ഒരിടമുണ്ടായിരുന്നു - നിർമ്മൽ ഹൃദയ്.
1952-ൽ കാളിക്ഷേത്രത്തിന് സമീപമുള്ള ഒരു പഴയ ധർമ്മശാലയിൽ മദർ തുടക്കമിട്ട, മരിക്കാറായ അനാഥരുടെ ആ സങ്കേതം... ഒരു ദിവസം വൈകുന്നേരം സേവനപ്രവർത്തനങ്ങളൊക്കെ കഴിഞ്ഞ് സിസ്റ്റർമാരോടൊപ്പം ശിശുഭവനിൽ തിരിച്ചെത്തിയപ്പോൾ അവർ എന്നോട് പറഞ്ഞു:
"നാളെ ജോയ് വരണമെന്നില്ല...'
കാരണം അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു: "നാളെ ഞങ്ങൾ പോകുന്നത് നിർമ്മൽ ഹൃദയിലാണ്, അവിടെ എയ്ഡ്സ് ബാധിതരടക്കമുള്ള രോഗികളുണ്ട്."
"ശരി, അപ്പോൾ മറ്റെന്നാൾ കാണാം,' എന്ന് പറഞ്ഞ് ഞാൻ എന്റെ മുറിയിലേക്ക് മടങ്ങി.
അവിടെ എയ്ഡ്സ് ബാധിതരും മാരകരോഗികളും ഉണ്ടെന്നറിഞ്ഞ എന്റെ ഉള്ളിലെ ഭയം, എന്റെ ആദർശങ്ങളെ തളർത്തിക്കളഞ്ഞു. എന്നാൽ, മരണത്തെ പോലും പുഞ്ചിരിയോടെ ചുംബിക്കുന്ന മദറിന്റെ രൂപവും സ്നേഹമസൃണമായ ചോദ്യങ്ങളും മനസ്സിൽ തെളിഞ്ഞു വന്നു.
എയ്ഡ്സ് രോഗികളെയും മറ്റ് മാറാരോഗികളെയും പുഴുവരിച്ച വ്രണങ്ങളുള്ള മനുഷ്യരെയും സ്നേഹപൂർവ്വം ചുംബിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ആ അമ്മയുടെ ചിത്രം ഉള്ളിൽ അലയടിച്ചപ്പോൾ, ആ സന്നിധിയിലെത്താനുള്ള യോഗ്യത തനിക്കില്ലെന്ന് എന്റെ മനസ്സാക്ഷി എന്നെ വിചാരണ ചെയ്തു.
എന്ത് ചെയ്യണമെന്നറിയാതെ അസ്വസ്ഥനായി കഴിയുമ്പോൾ എന്റെ ഉള്ളിൽ ഒരു ഉറച്ച തീരുമാനമുണ്ടായി - മദർ തെരേസയെ കാണണമെങ്കിൽ ആ എയ്ഡ്സ് രോഗികളെയും മാറാരോഗികളെയും കണ്ടതിന് ശേഷം മാത്രം!
ഒടുവിൽ, ധൈര്യപൂർവ്വം ആ തീരുമാനമെടുത്ത് പതിവുപോലെ ഞാൻ ശിശുഭവന്റെ വാതിൽ തുറന്ന് സിസ്റ്റർമാരുടെ അടുത്തെത്തി. അവർ വാഹനത്തിൽ കയറി നിർമ്മൽ ഹൃദയിലേക്ക് യാത്ര തിരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നെ കണ്ടപ്പോൾ അവർ അത്ഭുതത്തോടെ ചോദിച്ചു: "ഇന്നലെ പറഞ്ഞത് മറന്നുപോയോ? ഞങ്ങൾ നിർമ്മൽ ഹൃദയിലാണ് ഇന്ന് പോകുന്നത്."
"ഞാൻ മറന്നതല്ല, എന്റെ മനസ്സിനെ അലട്ടുന്ന വിചാരണകളെ മറികടക്കാനാണ് ഞാൻ വന്നത്," എന്ന് ഞാൻ അവരോട് തുറന്നുപറഞ്ഞു. അങ്ങനെ, ആ അനുഗ്രഹീത യാത്രയിൽ ഞാൻ അവരോടൊപ്പം പങ്കുചേർന്നു.
നിർമ്മൽ ഹൃദയിന്റെ വാതിലുകൾ തുറന്ന് ഞങ്ങൾ അകത്തുകയറി. എന്നെ അത്ഭുതത്തോടെ നോക്കിക്കൊണ്ട് അവിടെ സേവനം ചെയ്തിരുന്ന സിസ്റ്റർ എന്നോടൊപ്പമുണ്ടായിരുന്ന സിസ്റ്റർമാരോട് ചോദിച്ചു: "ഇയാൾ എന്തിന് വന്നു? ഇവിടുത്തെ കാര്യങ്ങൾ പറഞ്ഞില്ലേ?"
ഞാനാണ് അതിന് മറുപടി നൽകിയത് : "അവരെല്ലാം പറഞ്ഞിരുന്നു, ഞാൻ ഇവരെയൊക്കെ കാണാൻ വേണ്ടിത്തന്നെ വന്നതാണ്!" അവർ വളരെ അത്ഭുതത്തോടും സന്തോഷത്തോടും എന്നെ ഉള്ളിലേക്ക് ക്ഷണിച്ചു.
മരണം കാത്തുകിടക്കുന്ന രോഗികളെയൊക്കെ അവർ എനിക്ക് പരിചയപ്പെടുത്തിത്തന്നു. അപ്പോഴാണ് ഒരു കാഴ്ച എന്റെ കണ്ണിൽപ്പെട്ടത് - ഒരു സിസ്റ്റർ കുറുക്ക് പോലെയുള്ള ഭക്ഷണം ബൗളിലെടുത്ത്, സ്പൂണിൽ കോരി ഒരു രോഗിക്ക് നൽകുന്നു.
അതിനിടയിൽ സിസ്റ്റർക്ക് ഒരു ഫോൺ കോൾ വന്നപ്പോൾ ആ ബൗൾ അവിടുത്തെ സ്റ്റൂളിൽ വെച്ച് അവർ ഫോൺ അറ്റൻഡ് ചെയ്യാൻ പോയി. കിടക്കയിൽ കിടന്നിരുന്ന രോഗി ആർത്തിയോടെ തലചരിച്ച് ആ സ്റ്റൂളിലിരിക്കുന്ന ഭക്ഷണത്തിലേക്ക് നോക്കുന്നത് ഞാൻ കണ്ടു.
വിശന്നിട്ടാകാം എന്ന് കരുതി ഞാൻ അയാളുടെ കിടക്കയ്ക്കരികിലേക്ക് ചെന്നു. ആ ബൗളിൽ നിന്ന് സ്പൂണിൽ ഭക്ഷണം കോരി, മരണത്തിന്റെ താഴ്വരയിൽ കിടക്കുന്ന ആ മനുഷ്യരൂപത്തിന്റെ വായിലേക്ക് നൽകി.
അപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ ശ്രദ്ധിച്ചു. കറുത്ത് മെലിഞ്ഞ്, അസ്ഥികൂടം പോലെ കിടക്കയോട് ചേർന്നു കിടക്കുന്ന ആ മനുഷ്യനോട് ഞാൻ ചോദിച്ചു: "കരയുന്നത് എന്തിനാണ്?"
എന്റെ കൈകളിൽ തൊട്ട്, നിറകണ്ണുകളോടെ അയാൾ പറഞ്ഞു:
"ഞാൻ സന്തോഷം കൊണ്ടാണ് കരയുന്നത്...!"
അയാളുടെ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞു! ഒട്ടിയ വയറും വിശപ്പും പേറി, ശരിയായി ഭക്ഷണം കഴിക്കാൻ പോലും കഴിയാതെ മരണം കാത്തുകഴിയുന്ന ഇയാൾക്ക് സന്തോഷമോ? സംശയത്തോടെ ഞാൻ വീണ്ടും ചോദിച്ചു: "കരയുന്നത് സന്തോഷം കൊണ്ടാണെന്നോ?"
"അതെ," എന്ന് പറഞ്ഞ് സിസ്റ്റർമാരെ ചൂണ്ടിക്കൊണ്ട് അയാൾ തുടർന്നു: "അവർ ദൈവങ്ങളാണ്! എല്ലാവരും വെറുത്തുതള്ളിയ ഞങ്ങളെ ഇത്രയധികം സ്നേഹിക്കാനും ഇങ്ങനെയൊക്കെ ശുശ്രൂഷിക്കാനും വേറെ ആർക്കാണ് കഴിയുക? ഞങ്ങൾ ഇപ്പോൾ സ്വർഗത്തിലാണ്... ജീവിതത്തിലെ യഥാർത്ഥ സന്തോഷവും സ്നേഹവും ഞങ്ങൾ അനുഭവിച്ചത് ഇവിടെ വന്നതിന് ശേഷമാണ്! ഞങ്ങൾ പാപികളാണ്, പക്ഷേ, ഭാഗ്യമുള്ള പാപികൾ! ദൈവസ്നേഹം അനുഭവിച്ചുകൊണ്ട് മരണം കാത്തുകിടക്കുന്ന ഭാഗ്യവാന്മാർ!".
Todays Story
2022 ഓഗസ്റ്റ് മാസത്തിലെ ആ പെയ്തൊഴിയാത്ത മഴക്കാലത്താണ് ഞങ്ങൾ ആ വയനാട് ട്രിപ്പ് പ്ലാൻ ചെയ്തത്. വൈത്തിരിയിലുള്ള ഒരു റിസോർട്ട് ആറുപേർക്കായി നേരത്തെ തന്നെ ബുക്ക് ചെയ്ത് അഡ്വാൻസും കൊടുത്തിരുന്നു. എന്നാൽ യാത്ര പുറപ്പെടാൻ രണ്ട് ദിവസം ഉള്ളപ്പോൾ മുതൽ വീട്ടിൽ നിന്നും നാട്ടിൽ നിന്നും ഒരേ സ്വരത്തിൽ വിലക്കുകൾ വരാൻ തുടങ്ങി.
"ഈ പെരുമഴയത്ത് വയനാട്ടിലേക്ക് ഒരൊറ്റയാള്‍ പോകണ്ട, അവിടെ ഉരുൾപൊട്ടലും മണ്ണൊലിപ്പുമാണ്, ടിവിയിലൊക്കെ വാർത്ത കാണുന്നില്ലേ' എന്ന് പറഞ്ഞ് എല്ലാവരുടെയും വീട്ടുകാർ പരമാവധി തടസം നിന്നു.
പക്ഷേ, ഞങ്ങൾ അത് കേൾക്കാൻ കൂട്ടാക്കിയില്ല. അഡ്വാൻസ് കൊടുത്ത കാശ് പോകും എന്നതിനേക്കാൾ, ഈ മഴക്കാലത്ത് വയനാട്ടിൽ പോയി ചിൽ ചെയ്യുന്നതിന്റെ ആ ഒരു വൈബ് കളയാൻ ഞങ്ങൾക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. പ്രകൃതി തരുന്ന സൂചനകളെ വകവെക്കാതെ ഇറങ്ങിപ്പുറപ്പെടാൻ നേരം അടുത്ത പണി വന്നു. വരാമെന്ന് ഉറപ്പിച്ചു. വരാമെന്ന് പറഞ്ഞ് രണ്ടുപേർ പകരം ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഞങ്ങൾ അഞ്ചു പേർ.
ഞങ്ങളുടെ വണ്ടി റെഡിയായി. ഹരിലാലിന്റെ ചുവന്ന മഹീന്ദ്ര TUV300 കാറിലാണ് യാത്ര. കാറിൽ ആവശ്യത്തിന് സ്പേസ് ഉണ്ടായിരുന്നു. പുറകിലെ സീറ്റിൽ ദിപീഷും ലാലുവും ഷിനുവേട്ടനും ഇരുപ്പുറപ്പിച്ചു. ഞങ്ങൾ വണ്ടിയിലെടുത്ത് ഇറങ്ങിയപ്പോഴേക്കും ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞിരുന്നു. ആ സമയം ആകാശം വല്ലാതെ കറുത്തിരുണ്ടിരുന്നു. ഞങ്ങൾ പോകുന്ന വഴിയിലെങ്ങോ ഒരു വലിയ അപകടം ഒളിച്ചിരിപ്പുണ്ട് എന്ന മട്ടിൽ കാറ്റ് വല്ലാതെ വീശുന്നുണ്ടായിരുന്നു.
"മഴ കൂടുന്നുണ്ട് മോനേ... അടിവാരത്ത് എത്തുമ്പോഴേക്കും നേരം വൈകും. ചുരത്തിൽ മഞ്ഞുണ്ടെങ്കിൽ വണ്ടിയോടിക്കാൻ പാടാണ്,' വൈപ്പർ പരമാവധി സ്പീഡിലിട്ട് വണ്ടി മെയിൻ റോഡിലേക്ക് ഇറക്കുന്നതിനിടയിൽ ഹരി പറഞ്ഞു. യാത്ര മുന്നോട്ട് പോകുന്തോറും ഞങ്ങളുടെ ആവേശം കൂടി വന്നു.
സ്പീക്കറുകളിലൂടെ പഴയ നല്ല മലയാളം പാട്ടുകൾ ഒഴുകാൻ തുടങ്ങിയതോടെ വണ്ടിക്കുള്ളിൽ വിശേഷങ്ങളും തമാശകളുമൊക്കെയായി കട്ട വൈബും ബഹളവുമായിരുന്നു. വഴിയിൽ നല്ല ഭംഗിയുള്ള ചില സ്ഥലങ്ങൾ കണ്ടപ്പോൾ ഫോട്ടോ എടുക്കാനും ചൂടുചായ കുടിക്കാനുമായി പലതവണ ഞങ്ങൾ വണ്ടി നിർത്തി നിർത്തിയാണ് പോയത്.
ചിരിയും കളിയുമായി സമയം പോയതറിഞ്ഞില്ല. അതുകൊണ്ടുതന്നെ, താമരശേരി ചുരത്തിന്റെ അടിവാരത്ത് എത്തിയപ്പോഴേക്കും അന്തരീക്ഷം വിചാരിച്ചതിലും ഒരുപാട് ഇരുണ്ടിരുന്നു. സമയം അഞ്ചര കഴിഞ്ഞിട്ടുണ്ടാകും, പക്ഷേ കണ്ടാൽ രാത്രി എട്ടുമണി ആയതുപോലെ തോന്നും.
അടിവാരത്തെ ആ ചെറിയ വെളിച്ചത്തിലേക്ക് ഞങ്ങളുടെ ചുവന്ന കാർ വന്നു നിൽക്കുമ്പോൾ, ബ്ലൂടൂത്തിൽ പ്ലേ ചെയ്തുകൊണ്ടിരുന്ന പാട്ടിൽ പെട്ടെന്ന് ഒരു ചെറിയ ഡിസ്റ്റർബൻസ് വന്ന് തടസപ്പെടുന്നത് പോലെ തോന്നി. മുകളിൽ ചുരത്തിന്റെ വശങ്ങളിൽ നിന്നും കറുത്ത മഞ്ഞ് അടിവാരത്തേക്ക് ഇറങ്ങി വരുന്നത് വണ്ടിയുടെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ ഞങ്ങൾക്ക് കാണാമായിരുന്നു.
ആ മഞ്ഞ് ഞങ്ങളുടെ വണ്ടിയെ മുഴുവനായി വിഴുങ്ങാൻ കാത്തുനിൽക്കുന്നത് പോലെ തോന്നിപ്പിച്ചു. ശരിക്കുമുള്ള ആ അടിയന്തിര യാത്ര അവിടെ തുടങ്ങുകയായിരുന്നു. ഞങ്ങൾ അഞ്ചുപേരും ആ ഒമ്പത് വളവുകളുള്ള ചുരത്തിന്റെ ആദ്യത്തെ വളവിലേക്ക് വണ്ടി തിരിച്ചു കയറ്റി. മുന്നോട്ട് പോകുന്നത് അത്ര നല്ലൊരു അനുഭവത്തിലേക്കല്ല എന്നൊരു തോന്നൽ ആദ്യമായി എന്റെ മനസിൽ മിന്നിമറഞ്ഞു.
ചുരത്തിന്റെ ഒന്നാമത്തെ വളവ് തിരിഞ്ഞ് വണ്ടി മുകളിലേക്ക് കയറിയതോടെ പുറത്തെ കാഴ്ചകൾ പതുക്കെ മങ്ങിത്തുടങ്ങി. എങ്കിലും വണ്ടിക്കുള്ളിലെ മൂഡ് അപ്പോഴും കട്ട ഫണ്ണായിരുന്നു. ഹരിലാൽ ഫോണിലെ പേഴ്സണൽ പ്ലേലിസ്റ്റ് ഓപ്പൺ ചെയ്ത് ബ്ലൂടൂത്തിൽ റീ-കണക്ട് ചെയ്തു. വണ്ടിയുടെ സ്പീക്കറുകളിലൂടെ പാട്ട് വീണ്ടും തെളിഞ്ഞു ഒഴുകിത്തുടങ്ങി..."പൂമകൾ വാഴുന്ന കോവിലിൽ നിന്നൊരു സോപാന സംഗീതം പോലെ...’
ആ പഴയ വരികൾ ആ ചുവന്ന വണ്ടിക്കുള്ളിൽ പടർന്നപ്പോൾ യാത്രയ്ക്ക് വല്ലാത്തൊരു വിന്റേജ് ഭംഗി കൈവന്നു. നാലാമത്തെ വളവ് കഴിഞ്ഞപ്പോൾ പുറത്തെ തണുപ്പ് വണ്ടിയുടെ ഗ്ലാസുകൾ തുളച്ച് അകത്തേക്ക് അരിച്ചുകയറാൻ തുടങ്ങി.
അതോടെ ലാലു വണ്ടിക്കുള്ളിലെ ലൈറ്റിട്ടു. ഡിക്കിയിൽ നിന്നും ഒരു ബിയർ കാൻ എടുത്ത് 'ക്ലിക്ക്...' എന്ന ആ സുഖമുള്ള ശബ്ദത്തോടെ പൊട്ടിച്ചു. ബിയറിൽ നിന്നും നുരഞ്ഞുപൊന്തിയ ആ തണുത്ത സുഗന്ധം പാട്ടിന്റെ ഈണത്തിനൊപ്പം വണ്ടിക്കുള്ളിൽ ഡ്രൈവറൊഴികെ എല്ലാവരിലും പടർന്നു.
പുറത്തെ അന്തരീക്ഷം വളരെ പെട്ടെന്നാണ് മാറിയത്. അഞ്ചാമത്തെ വളവ് കഴിഞ്ഞതോടെ മഞ്ഞിന്റെ കട്ടി വല്ലാതെ കൂടി. മഴ പേമാരിയായി .കാറിന് തൊട്ടുമുന്നിൽ പോകുന്ന വണ്ടിയുടെ ബാക്ക് ലൈറ്റ് പോലും കാണാൻ പറ്റാത്ത അത്രയും കട്ടിയുള്ള വെളുത്ത പുക പടലം പോലെ മഞ്ഞ് വണ്ടിയെ മൂടി. വൈപ്പർ പരമാവധി സ്പീഡിൽ അടിച്ചിട്ടും വിൻഡ്ഷീൽഡിൽ വെള്ളം കെട്ടിനിൽക്കാൻ തുടങ്ങി. വണ്ടിക്കുള്ളിലെ ചിരികൾ പതുക്കെ കുറഞ്ഞു വന്നു. പാട്ടിന്റെ വോളിയം ഒന്ന് കുറച്ചു.
ആറാമത്തെ വളവ് കഴിഞ്ഞ് ഏഴാമത്തെ വലിയ കയറ്റത്തിലേക്ക് ചുവന്ന കാർ കയറാൻ തുടങ്ങിയതും വണ്ടിയുടെ ഉള്ളിൽ നിന്ന് ഒരു വിചിത്രമായ മാറ്റം ഞങ്ങൾ അറിഞ്ഞു. സ്പീക്കറിലെ പാട്ടിനെപ്പോലും മുക്കിക്കൊണ്ട് വണ്ടിയുടെ എൻജിന്റെ ഉള്ളിൽ നിന്ന് ഒരു വിചിത്രമായ കരകര ശബ്ദം ഉയർന്നു കേട്ടു.
ആക്സിലറേറ്റർ ഹരി പരമാവധി കൊടുക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി, പക്ഷേ വണ്ടി മുന്നോട്ട് കയറാൻ മടിച്ച് വല്ലാതെ വിറയ്ക്കാൻ തുടങ്ങി. വണ്ടിയുടെ ബോഡി ആകെ ഒരു അസ്വസ്ഥതയോടെ കുലുങ്ങി.
"എന്താടാ ഹരീ?' ഞാൻ സീറ്റിൽ മുന്നോട്ട് ആഞ്ഞിരുന്ന് ചോദിച്ചു. "എന്തോ വലിയ മിസ്സിംഗ് വരുന്നുണ്ട് വൈശാഖെ... വണ്ടി ഒട്ടും കയറുന്നില്ല. ഗിയർ ഡൗൺ ചെയ്തിട്ടും ആർപിഎം താഴോട്ട് പോവുകയാണ്.
ഈ വലിയ കയറ്റത്തിൽ വണ്ടി ഇങ്ങനെ നിന്നാൽ പണിയാകും,' ഹരിയുടെ മുഖത്തെ ആ കൂൾ ഭാവം പൂർണമായി മാറി അവിടെ കടുത്ത ടെൻഷൻ നിറഞ്ഞു. അവൻ പരമാവധി സ്റ്റിയറിംഗിൽ മുറുക്കെപ്പിടിച്ചു.
വലിയ കയറ്റമാണ്, പുറകിൽ മൂന്ന് പേരുടെ ലഗേജിന്റേയും നല്ല വെയിറ്റുമുണ്ട്. എൻജിൻ പാതിവഴിയിൽ ഓഫ് ആയിപ്പോയാൽ ബ്രേക്കും സ്റ്റിയറിംഗു ലോക്കായി വണ്ടി പുറകോട്ട് ഉരുളുമെന്ന ഭയത്താൽ ഹരിയുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി.
വണ്ടിയുടെ ബാക്കി കിടന്ന പവർ വച്ച് അവൻ അതിനെ റോഡിന്റെ ഇടതുവശത്തെ കൊക്കയോട് ചേർന്ന് കിടക്കുന്ന ക്രാഷ് ബാരിയറിന് തൊട്ടടുത്ത് ഒതുക്കി നിർത്തി. വണ്ടി ഓഫ് ആക്കാതെ പുള്ളി ഐഡ്ലിംഗിൽ തന്നെ ഇട്ടു.
എൻജിന്റെ ആ വിചിത്രമായ മിസിംഗ് വിറയൽ വണ്ടിക്കുള്ളിൽ കൃത്യമായി അറിയാമായിരുന്നു. വണ്ടിക്കകത്തെ ബിയറിന്റെ ലഹരിയും പാട്ടിന്റെ മൂഡും ആ ഒരൊറ്റ സെക്കൻഡ് കൊണ്ട് എങ്ങോ ഒലിച്ചുപോയി. പുറത്ത് പേമാരിയാണ്. കനത്ത മഞ്ഞ് കാരണം വണ്ടിക്ക് പുറത്ത് ഒരു മീറ്റർ അപ്പുറമുള്ളത് പോലും കാണാൻ കഴിയില്ല.
ഒരു വശത്ത് ആഴമേറിയ കൊക്ക, മറുവശത്ത് കരിമ്പാറക്കൂട്ടങ്ങൾ. അതിനിടയിൽ ഒരു വലിയ കയറ്റത്തിന്റെ ഓരത്ത് പവർ നഷ്ടപ്പെട്ട് മിസിംഗായി നിൽക്കുന്ന ഞങ്ങളുടെ വണ്ടി. ആ പൂർണ്ണമായ ഇരുട്ടിലേക്ക് നോക്കി നിൽക്കുമ്പോൾ, വരാനിരിക്കുന്ന ഒരു വലിയ അപകടത്തിന്റെ സൂചന എന്നോണം ഞങ്ങളുടെ നെഞ്ചിടിപ്പ് പതുക്കെ കൂടാൻ തുടങ്ങി. ഭീകരത അതിന്റെ വഴിക്ക് ഞങ്ങളെ തേടി വരികയായിരുന്നു.
"എന്താ പ്രശ്നമെന്ന് നോക്കാടാ... ഡിക്കിയിൽ ഒരു കുടയുണ്ട്. ഞാനും ദിപീഷും കൂടി പുറത്തിറങ്ങി ബോണറ്റ് ഒന്ന് പൊക്കി നോക്കാം,' പുറകിൽ നിന്നും ലാലു പറഞ്ഞു. അങ്ങനെ വണ്ടിയിലുണ്ടായിരുന്ന ആകെ ഒരു കുടയും നിവർത്തിപ്പിടിച്ച് ലാലുവും ദിപീഷും കൂടി കാറിന്റെ പുറത്തേക്ക് ഇറങ്ങി.
അവർ രണ്ടുപേരും കൂടി ബോണറ്റിന് മുന്നിലേക്ക് നടന്നുപോയതും ആ കട്ടിമഞ്ഞിൽ അവരുടെ രൂപങ്ങൾ പെട്ടെന്ന് അദൃശ്യമായി. വണ്ടിക്കുള്ളിൽ ഞാനും ഹരിയും ഷിനുവേട്ടനും ശ്വാസമടക്കിപ്പിടിച്ചിരുന്നു. പെട്ടെന്നാണ് ആ ഇരുട്ടിലേക്ക് വന്യമായ ഒരു ഇരമ്പൽ കേട്ടത്.
ചുരത്തിന്റെ മുകളിൽ നിന്നും താഴേക്ക് വലിയ വണ്ടികൾ ചീറിപ്പാഞ്ഞു വരാൻ തുടങ്ങി. കനത്ത മണ്ണുമാന്തി വണ്ടികളും വലിയ തടി ലോറികളും ഒന്നിന് പുറകെ ഒെന്നായി ആ കട്ടിമഞ്ഞിനെ കീറിമുറിച്ചു കൊണ്ട് ഞങ്ങളുടെ വണ്ടിയുടെ തൊട്ടരികിലൂടെ ഭയപ്പെടുത്തുന്ന ശബ്ദത്തോടെ പാഞ്ഞുപോയി.
റോഡിൽ ഒട്ടും സ്ഥലമില്ല, ഞങ്ങളുടെ വണ്ടി സൈഡിൽ കിടക്കുകയാണ്. വലിയ വണ്ടികൾ കടന്നുപോകുമ്പോഴുള്ള ആ കാറ്റിലും വലിയ ശബ്ദത്തിലും ഞങ്ങളുടെ ചുവന്ന കാർ ആകെ ഉലയുന്നുണ്ടായിരുന്നു.
ആ വലിയ വണ്ടികളുടെ ഹെഡ്ലൈറ്റ് മഞ്ഞിൽ തട്ടി ചിതറുമ്പോൾ, മുന്നിൽ ബോണറ്റിനടുത്ത് നിൽക്കുന്ന ലാലുവും ദിപീഷും ആകെ പേടുത്തുവിറച്ച് വണ്ടിയുടെ ബോഡിയിലേക്ക് ഒട്ടി നിൽക്കുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു.
ഒരു ചെറിയ അശ്രദ്ധ ഉണ്ടായാൽ മതി, ചീറിപ്പായുന്ന ഏതെങ്കിലും ഒരു ലോറി വന്ന് ഞങ്ങളുടെ വണ്ടിയിലോ അല്ലെങ്കിൽ പുറത്തുനിൽക്കുന്ന അവരുടെ ദേഹത്തോ ഇടിക്കും. കനത്ത മഴ കാരണം അവർ പിടിച്ചിരിക്കുന്ന കുട കാറ്റിൽ പറക്കുന്നുണ്ടായിരുന്നു.
ലാലു വേഗം വണ്ടിയുടെ ഗ്ലാസിൽ വന്ന് ആഞ്ഞു തട്ടി: "എടാ... ഡോർ തുറക്ക്, ഡോർ തുറക്ക്!' ഞാൻ വേഗം ലോക്ക് മാറ്റി വാതിൽ തുറന്നതും അവരിരുവരും ഒരൊറ്റ ചാട്ടത്തിന് വണ്ടിക്കുള്ളിലേക്ക് കയറി വാതിൽ വലിച്ചടച്ചു.
പുറത്തെ ആ നരക തുല്യമായ അന്തരീക്ഷം വണ്ടിക്കുള്ളിലേക്കും ഇരച്ചുകയറി. രണ്ടുപേരും തലമുടി മുതൽ കാൽ വരെ നനഞ്ഞു കുതിർന്നിരുന്നു. തണുപ്പ് കൊണ്ടും പേടികൊണ്ടും അവരുടെ താടിയെല്ലുകൾ കൂട്ടിയടിക്കുന്നുണ്ടായിരുന്നു.
കാറിനുള്ളിലെ ഡാഷ്ബോർഡിന്റെ വെളിച്ചത്തിൽ ഞാൻ ദിപീഷിന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖം വിളറി വെളുത്തിരുന്നു, നെഞ്ചിൽ കൈവെച്ച് അവൻ ശ്വാസമെടുക്കാൻ പാടുപെടുകയാണ്.
"ഒരു രക്ഷയുമില്ലടാ ...' ലാലുവിന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. "പുറത്ത് കണ്ണ് കാണാൻ പറ്റില്ല. ഈ മഞ്ഞിൽ ലോറിക്കാർ വണ്ടി വശത്തേക്ക് ഒതുക്കിയിട്ടിരിക്കുന്നത് കാണുന്നുപോലുമില്ല. ബോണറ്റ് തുറന്ന് നോക്കാൻ നിന്നാൽ, ചീറിവരുന്ന ഏതെങ്കിലും ഒരെണ്ണം നമ്മളെ തട്ടിയേക്കും. വണ്ടി ഇവിടുന്ന് എടുക്കാൻ നോക്ക്!'
"ഹരീ... വണ്ടി വിടെടാ. ഇവിടെ ഇങ്ങനെ കിടന്നാൽ ഏതെങ്കിലും വലിയ വണ്ടി വന്ന് നമ്മുടെ പുറകിലിടിക്കും. അത് വലിയ ദുരന്തമാകും,' ഷിനുവേട്ടൻ സീറ്റിൽ മുന്നോട്ട് ആഞ്ഞിരുന്ന് ഹരിയുടെ തോളിൽ പിടിച്ച് ആക്രോശിച്ചു.
പക്ഷേ ഹരി ഒന്നും മിണ്ടിയില്ല. അവൻ നെറ്റിയിലെ വിയർപ്പും മഞ്ഞും കലർന്ന തുള്ളികൾ കൈകൊണ്ട് തുടച്ച്, സ്റ്റിയറിംഗിൽ ജീവൻ കൈയിലെടുത്തു പിടിച്ചുകൊണ്ട് മരണം പോലെ മുറുകെപ്പിടിച്ചു. അവൻ വണ്ടി ഫസ്റ്റ് ഗിയറിലേക്ക് ഇട്ട് പതിയെ ക്ലച്ച് വിട്ടു. പക്ഷേ, വണ്ടി മുന്നോട്ട് നീങ്ങാൻ മടിച്ച് വല്ലാതെ വിറച്ചു.
എൻജിനിൽ നിന്ന് 'ഖട്.. ഖട്..' എന്ന മാരകമായ മിസിംഗ് ശബ്ദം ഉയർന്നു. വണ്ടിക്ക് ഒട്ടും പവർ കിട്ടുന്നില്ല. ആ വലിയ കയറ്റത്തിൽ, കാറ് എപ്പോൾ വേണമെങ്കിലും ഓഫ് ആയി പുറകോട്ട് ഉരുളാം എന്ന അവസ്ഥ! ആ നിമിഷമാണ് ശരിക്കുമുള്ള ഭീകരത പുറത്തുനിന്നും വന്നത്.
Todays Story
ഞാൻ ഏഴാം ക്ലാസിൽ പഠിക്കുകയാണ്. അനിയത്തി അഞ്ചാം ക്ലാസിലും. സ്കൂൾ സമയം കഴിഞ്ഞാൽ അനിയത്തിയായിരുന്നു പ്രധാന സുഹൃത്ത്. ഒരുപക്ഷേ ഏക സുഹൃത്ത്. അക്കാലത്താണ് ഈ സംഭവം നടന്നത്.
എനിക്ക് ഒരു വയസിന് താഴെ പ്രായമുള്ളപ്പോൾ സ്ഥലംമാറ്റം വാങ്ങി സ്വന്തം ഗ്രാമങ്ങളിൽ നിന്ന് എന്നെയുമെടുത്ത് തിരുവനന്തപുരം നഗരത്തിലെത്തിയതിന്റെ പകപ്പ് അപ്പോഴും അച്ഛനും അമ്മയ്ക്കും മാറിയിരുന്നില്ല.
മുന്നിൽ റോഡും ബാക്കി വശങ്ങളിൽ നല്ല അയൽവാസികളുമുള്ള വീട്. ആ വീടിന്റെ മതിലുകളിൽ എന്റെയും അനിയത്തിയുടെയും നഗരജീവിതത്തിന്റെ അതിർത്തികൾ അവസാനിച്ചിരുന്നു. സ്കൂളിൽ പഠന ജീവിതം.
ഓണത്തിനും മറ്റുത്സവങ്ങൾക്കുമായി ചിറയിൻകീഴിലും ചിതറയിലും പോകുന്ന നീണ്ട ബസ് യാത്രകളായിരുന്നു പുറത്തെ സമൂഹത്തിലേയ്ക്കുള്ള വലിയ പാലങ്ങൾ. അവിടങ്ങളിലെ ബന്ധുക്കളായിരുന്നു ലോകം. നഗരത്തിൽ ചെറിയ വേരുകൾ ഇറങ്ങിത്തുടങ്ങിയ ഒരു അണുകുടുംബം.
അനിയത്തി അഞ്ചാം ക്ലാസിൽ. പഠിക്കാൻ മിടുക്കി. ക്ലാസ് ലീഡർ. മറ്റു കാര്യങ്ങളിലും അതിസമർത്ഥ. എനിക്ക് കൂട്ട് തരാൻ അവളും ക്രിക്കറ്റ് പഠിച്ചു. ഒരു മതിലിന്റെ മഞ്ഞ പെയിന്റിൽ ചുടുകട്ട കൊണ്ട് കോറിയ മൂന്ന് വരകളായിരുന്നു വിക്കറ്റ്.
അതിലേയ്ക്ക് അവൾ പന്തെറിയും. മുൻവശത്തെ മതിലിന് മുകളിലൂടെ ഞാൻ സിക്സർ പായിക്കുമ്പോൾ അവൾ കെെയടിക്കും. എന്റെ സിക്സറുകൾക്ക് എന്നും അവൾ കെെയടിച്ചിരുന്നു.
അച്ഛന്റെ അമ്മ, അച്ചാമച്ചി, ചിറയിൻകീഴിൽ നിന്ന് സന്ദർശനത്തിനെത്തിയ സമയം. ഒരു ഞായറാഴ്ച. അന്ന് ഉച്ചയ്ക്ക് മുമ്പായി കൗസല്യ ആന്റിയുടെ വീട്ടിൽ പോകുന്ന സന്തോഷത്താലാണ് ഞാനുണർന്നത്.
വീട്ടിൽ എന്തോ സംഭവിക്കുന്നു. അന്തരീക്ഷം പെട്ടെന്ന് മാറുന്നു. അനിയത്തിയെ ഒരു മുറിയിലേയ്ക്ക് മാറ്റുന്നു. പുറത്തു നിന്ന് കതകടയ്ക്കുന്നു. അമ്മ അച്ഛനോട് സ്വകാര്യമായി എന്തൊക്കെയോ പറയുന്നു.
എന്നിട്ട് പോയി അച്ചാമച്ചിയുടെ ചെവിയിൽ രഹസ്യം പറയുന്നു. ഉറപ്പാണ്. എന്തോ കുഴപ്പം സംഭവിച്ചിരിക്കുന്നു. വീടിനുള്ളിൽ ഭയത്തിന്റെ മണം പരക്കുന്നു. എനിക്ക് പേടിയായി.
"അനിയത്തിയ്ക്ക് എന്തുപറ്റി?' മാറി മാറി ഞാൻ എല്ലാവരോടും ചോദിച്ചു. എന്റെ ചോദ്യങ്ങൾ ആരും കേട്ടില്ല. സങ്കടം വന്ന് ഞാൻ ഉച്ചത്തിൽ കരഞ്ഞുപോയി. അമ്മ വന്ന് എന്നെ ചുറ്റിപ്പിടിച്ചിട്ട് പറഞ്ഞു അനിയത്തിക്ക് സുഖമില്ലെന്ന്.
എന്തസുഖമാണെന്ന് ചോദിച്ച് ഞാൻ വീണ്ടും കരഞ്ഞപ്പോൾ അമ്മയും അച്ചാമച്ചിയും പരസ്പരം നോക്കി. ഭയമുള്ളപ്പോഴും അവരെന്താ കരയാത്തതെന്ന് എനിക്ക് മനസിലായില്ല.
അനിയത്തിക്ക് കാൻസറാണെന്ന് ഞാൻ ഉറപ്പിച്ചു. റോഡിന് എതിർ വശത്തെ കമലയാന്റി കാൻസർ വന്ന് മരിച്ചത് ആയിടയ്ക്കായിരുന്നു. എനിക്കറിയാവുന്ന ഏറ്റവും വലിയ ആ രോഗത്തെ ഞാൻ ശപിച്ചു.
അനിയത്തിയെ കാണണമെന്ന് വാശിപിടിച്ചിട്ടും എന്നെ അനുവദിച്ചില്ല. അച്ചാമച്ചിയും അമ്മയും മാത്രം ഇടയ്ക്കിടെ അവളുടെ മുറിയിൽ കയറി.
വലിയ പെട്ടിയിൽ അലക്കി വച്ചിരുന്ന ഒരു വെള്ളമുണ്ടെടുത്ത് അമ്മ അവളുടെ മുറിയിലേയ്ക്ക് പോയി. ഇടയ്ക്ക് കുപ്പിയിൽ ലോഷനും കൊണ്ടു പോയി. അല്പം കഴിഞ്ഞപ്പോൾ ആ മുണ്ട് പല പ്രാവശ്യം വലിച്ചുകീറുന്ന ശബ്ദം ഞാൻ കേട്ടു.
ആ ശബ്ദം എന്റെ ഹൃദയത്തെയും കീറി. അവളുടെ ശരീരത്തിൽ എന്തോ മുറിവുണ്ടെന്ന് ഞാൻ മനസിലാക്കി. മുറിവ് പെട്ടെന്ന് ഉണങ്ങണേയെന്ന് അന്ന് പരിചയുള്ള ദൈവങ്ങളോട് പ്രാർഥിച്ചു.
പ്രത്യേകിച്ച് പേട്ടയിലെ മുത്താരമ്മയോട്. അസുഖങ്ങൾ വരുമ്പോൾ മുത്താരമ്മയോടായിരുന്നു അമ്മയുടെ അപേക്ഷകൾ. അച്ചന്റെ സുഹൃത്തുക്കളായ ഡോക്ടർമാരാണ് മരുന്നെഴുതി അസുഖം മാറ്റിയതെങ്കിലും.
അക്കാലത്ത് വീട്ടിൽ ഫോണൊന്നുമില്ല. ഞങ്ങളുടെയൊപ്പം താമസിച്ചിരുന്ന അമ്മാവനെ ചില അടുത്ത ബന്ധുക്കളുടെ വീട്ടിലേയ്ക്ക് അമ്മ വിട്ടു. കൈയിൽ ചില കത്തുകളുമായി. അമ്മയുടെ ചേച്ചി താമരാക്ഷിയായിരുന്നു പ്രധാനി.
അവർ വരുമ്പോൾ ഷെർളി ചേച്ചിയേയും ഷിബുവിനെയും കൊണ്ടു വരുമെന്ന് ഞാൻ ആശിച്ചു. എന്റെ സങ്കടങ്ങളെല്ലാം കേൾക്കുന്നത് ഷെർളിച്ചേച്ചിയായിരുന്നു.
അമ്മ മറ്റൊരു എഴുത്ത് എഴുതി എന്നെ ഏല്പിച്ചു. "ഇന്ന് കൗസല്യ ആന്റിയുടെ വീട്ടിൽ നമ്മൾ പോകുന്നില്ല, മോൻ പോയി ഈ കത്ത് ആന്റിയെ എല്പിച്ചാൽ മതി.'
ആന്റി നഴ്സ് ആയിരുന്നു. ഞങ്ങൾക്ക് ആവശ്യം വന്നാൽ ഡോക്ടറുമാകും. ഇത്രയും വലിയ അസുഖമുണ്ടായിട്ടും അനിയത്തിയെ ആശുപത്രിയിൽ കൊണ്ടുപോകാത്തതിന്റെ കാരണം അപ്പോഴും എനിക്ക് മനസിലായില്ല. എന്തൊരു ക്രൂരത !
ഉച്ചയ്ക്ക് ഉണ്ണാനായി എല്ലാവരെയും കാത്തിരുന്ന കൗസല്യ ആന്റിക്ക് എന്നെ മാത്രമായി കണ്ടപ്പോൾ ദേഷ്യമായി. ഞാൻ ആന്റിയെ കത്ത് ഏല്ലിച്ചു. അത് വായിച്ചപ്പോൾ ആന്റിക്ക് കൂടുതൽ കലിയായി.
ആന്റി കത്ത് യശോധരൻ അങ്കിളിനെ വായിച്ചു കേൾപ്പിച്ചു. "ചേച്ചീ, പെൺകുട്ടികൾക്ക് വരാറുള്ള വയറ് വേദന മോൾക്ക് വന്നു. അതിനാൽ ഞങ്ങൾക്ക് വരാൻ കഴിയില്ല.'
അച്ഛനോടും അമ്മയോടുമുള്ള ദേഷ്യം കാരണം എനിക്കും ഭക്ഷണം തരാൻ ആന്റി മറന്നു. ചിക്കൻ കറിയുടെ മണം മൂക്കുകളിലൂടെ ഇരച്ചുകയറി കുടലിനെ ആക്രമിച്ചു. ആന്റിയുടെ മക്കൾ ബീനയും മിനിയും ദയനീയമായിഎന്നെ നോക്കി നിന്നു. ഞാൻ യാത്ര പറഞ്ഞിറങ്ങി.
തിരികെയെത്തിയപ്പോൾ കൗസല്യയാന്റിയൊക്കെ എവിടെയെന്നായി അമ്മ. ഒരു ചെറിയ വയറുവേദനയുടെ കള്ളം പറഞ്ഞ് ആന്റിയെ പറ്റിച്ചെന്ന ആരോപണം ഞാൻ റിപ്പോർട്ട് ചെയ്തു. "മോൻ ഒന്നും പറഞ്ഞില്ലേ?" അമ്മ ചോദിച്ചു.
"ഞാനെന്ത് പറയാൻ?" ഞാൻ അമ്മയെയും അച്ചാമച്ചിയെയും മാറി മാറി നോക്കി. "മണ്ടൻ'. അച്ചാമച്ചിയുടെ ആ പ്രയോഗം എന്നെ ഇളിഭ്യനാക്കി. കാരണം അറിയില്ലെങ്കിലും.
അമ്മ അടുത്ത കത്തുമായി എന്നെ വീണ്ടും വിട്ടു. പൊതുവേ സത്യസന്ധനായ ഞാൻ പക്ഷേ ഇപ്രാവശ്യം ആ കത്ത് തുറന്നു വായിച്ചു. "ചേച്ചീ, മോൾക്ക് പ്യുബർട്ടി ആയി'. ഇതിനി കാൻസറിനേക്കാൾ വലിയ രോഗം എന്തെങ്കിലുമാണോ? എനിക്ക് വീണ്ടും കരച്ചിൽ വന്നു.
കൗസല്യ ആന്റി രണ്ടാമത്തെ കത്ത് പൊട്ടിച്ചു വായിച്ചു. എന്നിട്ട് എന്നെ തുറിച്ചൊരു നോട്ടം. "മണ്ടാ, ഇതാണെന്ന് ആദ്യമേ പറഞ്ഞുടായിരുന്നോ?'. എന്തിനാണ് അവിടെയും മണ്ടനായതെന്ന് എനിക്ക് മനസിലായില്ല.
ആന്റിയുടെ മുഖത്ത് ഒരു പുഞ്ചിരി. എന്നെ ആശ്വസിപ്പിക്കുന്നതിനിടയിൽ ഒരു പ്രാവശ്യം അമ്മയും അച്ചാമച്ചിയും പരസ്പരം നോക്കി ചിരിച്ചതുപോലെ എനിക്ക് തോന്നിയിരുന്നു. കുട്ടികൾക്ക് കാൻസറോ അതിലും വലിയ രോഗങ്ങളോ വരുമ്പോൾ മനുഷ്യർ പുഞ്ചിരിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല
"മോന്റെ അനിയത്തി ഇക്കാര്യത്തിലും ഫസ്റ്റ് ആണല്ലോ?' മകൾ ബീനയെ നോക്കിക്കൊണ്ട് ആന്റി പറഞ്ഞു. ബീന കാര്യം മനസിലാകാതെ നിന്നു. അനിയത്തി പ്രായപൂർത്തിയാകുന്നത് വളരെ നേരത്തേയായി എന്നായിരുന്നു ആന്റി ഉദ്ദേശിച്ചത്. ആ കമന്റിന്റെ അർഥം മനസിലായത് വർഷങ്ങൾക്ക് ശേഷമായിരുന്നു. മെഡിസിന് പഠിക്കുമ്പോൾ.
വാലറ്റം: ഈ സംഭവത്തിന്റെ കഥകൾ ഇവിടെ തീരുന്നില്ല. സുഹൃത്തുക്കൾക്ക് കേൾക്കണമെങ്കിൽ വരുംദിവസങ്ങളിൽ ബാക്കി കൂടി എഴുതാം. ഇപ്പോൾ ഈ വിഷയം എഴുതിയതിന് കാരണം കഴിഞ്ഞയാഴ്ച അഡ്വ. ജസ്റ്റി തോമസിനെ (Adv Justy Thomas ) പരിചയപ്പെട്ടതാണ്.
"M for Menstruation' കാമ്പയിൻ നയിക്കുന്ന പ്രഗത്ഭയായ യുവ അഭിഭാഷക. ഞാനും എന്റെ ടീമും ഈ കാമ്പയിനിൽ അവർക്കൊപ്പമുണ്ട്. കാമ്പയിൻ ലോഗോ എന്നെക്കൊണ്ടാണ് പ്രകാശനം ചെയ്യിച്ചത്.
പ്രഗത്ഭരായ ആരോഗ്യ പ്രവർത്തകരായിരുന്ന അച്ഛനും അമ്മയ്ക്കും സ്വന്തം വീട്ടിൽ ഈ പ്രധാന വിഷയം അവതരിപ്പിക്കാൻ കഴിയാതെ പോയത് എനിക്ക് പാഠമാണ്. അതാണ് ഈ വിഷയത്തെപ്പറ്റി പറയാൻ എനിക്ക് എക്കാലവുമുള്ള താത്പര്യം.
Todays Story
ജനങ്ങൾ വീടിനു പുറത്തിറങ്ങാൻ മടിക്കുന്നു. വിദ്യാലയങ്ങളും പാർക്കുകളും അടച്ചുപൂട്ടിയിരിക്കുന്നു, പുൽനാമ്പുകളിലേക്കു പോലും നോക്കാൻ ആളുകൾ ഭയപ്പെടുന്നു. ദക്ഷിണ ഫ്രാൻസിലെ കാസ്റ്റൽജിനെസ്റ്റ് എന്ന ശാന്തസുന്ദരമായ കൊച്ചുനഗരം ഇപ്പോൾ ഒരു വിഷപ്പാമ്പ് വിതച്ച ഭയത്തിന്റെ കരിനിഴലിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം പ്രദേശത്ത് മൂർഖനെ കണ്ടെത്തിയതോടെയാണ് ശാന്തമായിരുന്ന ഈ നഗരം ഭീതിയുടെ മുൾമുനയിലായത്. സാധാരണയായി ഇവിടങ്ങളിൽ കാണാത്ത മാരകവിഷമുള്ള മൂർഖനാണു മേഖലയിൽ വിലസുന്നത്.
പ്രദേശവാസി പകർത്തിയ പാമ്പിന്റെ ചിത്രം വിദഗ്ധർ പരിശോധിച്ച് മൂർഖൻ തന്നെയെന്നു സ്ഥിരീകരിച്ചതോടെയാണ് നഗരസഭയും പോലീസും ഫയർഫോഴ്സും അടിയന്തരനടപടികളിലേക്കു കടന്നത്.
വിഷപ്പാമ്പിനെ കണ്ടെത്താൻ വ്യാപക തെരച്ചിലാണ് ഫ്രഞ്ച് അധികൃതർ നടത്തുന്നത്. പറമ്പുകളും കുറ്റിക്കാടുകളുമുൾപ്പെടെ നാടാകെ അരിച്ചുപെറുക്കുകയാണു സുരക്ഷാസേന. നിരീക്ഷണത്തിന് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.
പ്രദേശവാസികൾക്കു ജാഗ്രതാനിർദേശവും അധികൃതർ നൽകി. സാഹചര്യം അതീവ ഗുരുതരമാണെന്നും കുട്ടികൾ പുറത്തിറങ്ങുന്നതു പരമാവധി ഒഴിവാക്കണമെന്നും നഗരസഭാ അധികൃതർ മുന്നറിയിപ്പു നൽകി.
അപകടസാധ്യത മുന്നിൽക്കണ്ടു പ്രദേശത്തെ പ്രധാന ആശുപത്രിയിൽ ആന്റിവെനം ഉൾപ്പെടെയുള്ള അടിയന്തര ചികിത്സാസൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിലിപ്പോൾ അപ്രഖ്യാപിത ലോക്ക്ഡൗൺ അവസ്ഥയാണ്.
കുട്ടികൾ വീടിനു പുറത്തിറങ്ങുന്നതു മാതാപിതാക്കൾ വിലക്കിയിരിക്കുകയാണ്. വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയാണ്. വീടിനുള്ളിലേക്ക് പാമ്പ് ഇഴഞ്ഞെത്തുമോ എന്നാണു നാട്ടുകാരുടെ ഭയം.
ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് കട്ടിലിനടിയിൽ പാമ്പുണ്ടോ എന്നു പരിശോധിക്കുമെന്നു പ്രദേശവാസികൾ ആശങ്കയോടെ പറയുന്നു. അതേസമയം, പാമ്പ് എവിടെനിന്നു വന്നു എന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും വ്യക്തതയില്ല.
നിയമവിരുദ്ധമായി പാമ്പിനെ വളർത്തിയ ആരെങ്കിലും ഉപേക്ഷിച്ചതാണോ, അതോ വളർത്തുകേന്ദ്രത്തിൽനിന്നു ചാടിപോയതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
ശാന്തമായ ഒരു നഗരത്തിന്റെ താളം തെറ്റിച്ച അതിഥിയെ എത്രയും വേഗം പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭാ അധികൃതർ.
Todays Story
പ്രതിപക്ഷ പ്രവർത്തനത്തിനു പുതിയ മാനം നൽകിയ അഞ്ചു വർഷത്തിനു ശേഷം വിഡിഎസ് എന്ന് അനുയായികൾ സ്നേഹപൂർവം വിളിക്കുന്ന വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലേക്ക്.
ലക്ഷക്കണക്കിനു കോണ്‍ഗ്രസ്, യുഡിഎഫ് പ്രവർത്തകർക്ക് ആവേശം പകർന്നുകൊണ്ടാണ് വി.ഡി. സതീശൻ സെക്രട്ടേറിയറ്റിലേക്കു കടന്നുവരുന്നത്.
സാധാരണ കോണ്‍ഗ്രസ് നേതാവിന്റെ ശൈലിയിൽ നിന്നു വ്യത്യസ്തമായിരുന്നു സതീശന്റെ രീതികൾ. നിലപാടുകളുടെ കാര്യത്തിൽ വ്യക്തതയും കൃത്യതയുമുണ്ട്.
എതിർപ്പുകൾ വന്നാലും വിട്ടുവീഴ്ച ചെയ്യില്ല. രാഷ്ട്രീയ എതിരാളികളെ മുഖത്തു നോക്കി വിമർശിക്കും. ചാട്ടുളി പോലെ തുളഞ്ഞുകയറുന്ന വാക്കുകൾ.
ആത്മവിശ്വാസം പകർന്ന നേതാവ്
2021ലെ നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയോടെ ശരാശരി കോണ്‍ഗ്രസ് പ്രവർത്തകന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്നു. ഭരണമില്ലാത്ത മറ്റൊരു അഞ്ചു വർഷംകൂടി കോണ്‍ഗ്രസുകാർക്കും യുഡിഎഫുകാർക്കും ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു.
നിയമസഭയിലും പുറത്തും സർക്കാരിനെ ചോദ്യം ചെയ്തും വെല്ലുവിളിച്ചും സതീശൻ കളം നിറയാൻ തുടങ്ങിയതോടെ സാധാരണ കോണ്‍ഗ്രസ് പ്രവർത്തകർക്കും യുഡിഎഫ് പ്രവർത്തകർക്കും ആവേശമായി.
ഇടയ്ക്കിടെ വന്നുകൊണ്ടിരുന്ന ഉപതെരഞ്ഞെടുപ്പുകളിലെ തകർപ്പൻ വിജയം അവരുടെ ആത്മവിശ്വാസം മടക്കിനൽകി. ഭരണത്തിലേക്കു തിരിച്ചു വരാൻ കഴിയുമെന്ന ചിന്ത യുഡിഎഫ് പ്രവർത്തകരിൽ മുളപൊട്ടിത്തുടങ്ങി.
കൃത്യമായ ലക്ഷ്യം കുറിച്ച് മികച്ച ആസൂത്രണത്തിലൂടെ ഫലപ്രദമായി അതു നടപ്പിലാക്കുന്ന ശൈലിക്കു തുടക്കം കുറിച്ചത് സതീശനാണ്. ‘ടീം യുഡിഎഫ്’ എന്ന ലേബൽ തന്നെ സതീശൻ പുറത്തിറക്കി.
ജയിച്ചാൽ ടീം യുഡിഎഫിന്റെ വിജയം എന്നും പരാജയപ്പെട്ടാൽ സ്വന്തം ഉത്തരവാദിത്വം എന്നും പരസ്യമായി പറഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പുകളെ നേരിടുന്ന സതീശൻശൈലി കേരള രാഷ്ട്രീയത്തിനു പുതുമയായിരുന്നു.
കോണ്‍ഗ്രസിലെ യുവനേതാക്കളെ രംഗത്തിറക്കി ഒരു ടീമായി പ്രവർത്തിക്കുന്ന ശൈലി തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും നിലന്പൂരിലും വിജയം കണ്ടു.
മന്ത്രിമാരുടെ പടതന്നെ മണ്ഡലങ്ങളിൽ ക്യാന്പ് ചെയ്തു പ്രവർത്തിച്ചിട്ടും ടീം യുഡിഎഫിലെ ചെറുപ്പക്കാരുടെ മുന്നേറ്റത്തെ തടയാൻ സാധിച്ചില്ല.
ഉപതെരഞ്ഞെടുപ്പു നടന്ന മണ്ഡലങ്ങളിൽ സതീശൻ നടത്തിയ ഫലപ്രവചനം പോലും കൃത്യമായിരുന്നു. ഏതു വിഷയത്തിലായാലും സതീശനു വ്യക്തമായ അഭിപ്രായമുണ്ട്, നിലപാടുണ്ട്.
നന്നായി പഠിച്ചും ഗൃഹപാഠം ചെയ്തുമാണ് സതീശൻ നിയമസഭയിൽ വിഷയങ്ങൾ അവതരിപ്പിച്ചു കൊണ്ടിരുന്നത്. ആ പ്രസംഗങ്ങൾ കേട്ടിരിക്കുന്നതു തന്നെ രസമായിരുന്നു.
കോണ്‍ഗ്രസ് നേതാക്കളുടെ പരന്പരാഗത ‘ഒത്തുതീർപ്പു ശൈലി’ സതീശനില്ലായിരുന്നു. വെട്ടിത്തുറന്നു കാര്യങ്ങൾ പറയും. എതിർക്കേണ്ടതിനെ എതിർക്കും.
ഇതു സതീശന് പാർട്ടിക്കുള്ളിൽ ഉൾപ്പെടെ ശത്രുക്കളെ ഉണ്ടാക്കി. പക്ഷേ, പൊതുസമൂഹത്തിൽ അദ്ദേഹത്തിന്റെ ഗ്രാഫ് ഉയർന്നുവരികയായിരുന്നു.
നിലപാടുകളുടെ രാജകുമാരൻ
നിലപാടുകളിലെ കാർക്കശ്യം സതീശന് ഒരുപാട് അനുയായികളെ സൃഷ്ടിച്ചുകൊടുത്തു. നിലന്പൂർ ഉപതെരഞ്ഞെടുപ്പു നടന്നപ്പോൾ പി.വി. അൻവറിനെ കൈകാര്യം ചെയ്ത രീതി ഉദാഹരണം.
യുഡിഎഫുമായി ഇടഞ്ഞ അൻവർ നാമനിർദേശപത്രിക നൽകി. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു അൻവറിന്റെ തീരുമാനം.
എന്നാൽ, അൻവറിന്റെ ഭീഷണിക്കു വഴങ്ങേണ്ടെന്നായിരുന്നു സതീശന്റെ തീരുമാനം. പത്രിക പിൻവലിച്ചു വന്നാൽ ചർച്ചയാകാമെന്നു സതീശൻ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് സ്ഥാനാർഥിയെ അൻവർ തീരുമാനിക്കേണ്ടെന്നും സതീശൻ പറഞ്ഞു. എളുപ്പമുള്ള തീരുമാനമായിരുന്നില്ല അത്. അൻവറിനു മണ്ഡലത്തിൽ സ്വാധീനമുണ്ടെന്നു സതീശനും അറിയാമായിരുന്നു.
എങ്കിലും ഷൗക്കത്തിനെ ജയിപ്പിച്ചെടുക്കാമെന്ന സതീശന്റെ ആത്മവിശ്വാസം യഥാർഥത്തിൽ കോണ്‍ഗ്രസുകാരുടെ ആത്മവീര്യമാണ് ഉയർത്തിയത്. ഫലം വന്നപ്പോൾ അൻവർ നല്ല നിലയിൽ വോട്ട് പിടിച്ചിട്ടും ആര്യാടൻ ഷൗക്കത്ത് മെച്ചപ്പെട്ട ഭൂരിപക്ഷത്തോടെ വിജയിച്ചു.
ഈ സംഭവം കോണ്‍ഗ്രസ് അണികളിൽ സൃഷ്ടിച്ച ആത്മവിശ്വാസവും ആത്മാഭിമാനവും ചെറുതല്ലായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ ആരോപണം ഉയർന്നുവന്നപ്പോൾ തന്നെ സതീശൻ രാഹുലിനെ തള്ളിപ്പറഞ്ഞു. പിന്നാലെ പാർട്ടിയിൽനിന്നു പുറത്താക്കി.
ലൈംഗികാത്രിക പരാതിയിൽ കേസിൽ പെട്ടവർ വരെ ഇടതുപക്ഷത്തു സുരക്ഷിതരായി ഇരിക്കുമ്പോഴായിരുന്നു സതീശന്റെ കടുത്ത നിലപാട്. നിങ്ങൾ ഇങ്ങനെയല്ലേ എന്ന ന്യായം പറയാൻ സതീശൻ നിന്നില്ല.
സ്ത്രീകളോടു മോശമായി പെരുമാറുന്നവരോടു കോംപ്രമൈസ് ഇല്ലെന്നു സതീശൻ കാണിച്ചു കൊടുത്തു. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പു സമയത്തു രാഹുലിനെതിരേ രേഖാമൂലം പരാതി വന്നപ്പോൾ യുഡിഎഫിനു പിടിച്ചു നിൽക്കാനായത് സതീശൻ നേരത്തെ സ്വീകരിച്ച നിലപാടു മൂലമായിരുന്നു.
ഈ വിഷയത്തിൽ പാർട്ടിക്കുള്ളിൽ സതീശൻ ഒരുപാടു വിമർശനത്തിനു വിധേയനായി. ഒടുവിൽ സതീശൻ ആയിരുന്നു ശരി എന്നു കാലം തെളിയിച്ചു. ഇങ്ങനെ വന്ന്, വി.ഡി. സതീശൻ എന്ന ബ്രാൻഡ് കേരള രാഷ്ട്രീയത്തിൽ സവിശേഷ ഇടം നേടിയെടുത്തു തുടങ്ങുകയായിരുന്നു.
ജനപ്രിയനായി വളർച്ച
ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു ശേഷം നിലന്പൂർ ഉപതെരഞ്ഞെടുപ്പിലും പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് തകർപ്പൻ വിജയം നേടിയതോടെ സതീശൻ ജനപ്രീതിയിൽ മുന്നേറുകയായിരുന്നു.
പിണറായി വിജയനൊപ്പം തലപ്പൊക്കമുള്ള നേതാവില്ല എന്നതായിരുന്നു കേരളത്തിൽ യുഡിഎഫിന്റെ പരിമിതിയായി പറയപ്പെട്ടിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തെലുങ്കാനയിൽ നിലനിന്നിരുന്ന അവസ്ഥ.
അവിടെ മുഖ്യമന്ത്രി ആയിരുന്ന കെ. ചന്ദ്രശേഖർ റാവു എന്ന അതികായനൊപ്പം തലപ്പൊക്കമുള്ള നേതാക്കൾ കോണ്‍ഗ്രസിൽ ഇല്ലായിരുന്നു.
എന്നാൽ, പ്രചാരണം മുന്നോട്ടു പോയപ്പോൾ രേവന്ത് റെഡ്ഢി വൻ ജനക്കൂട്ടത്തെ ആകർഷിക്കാൻ പ്രാപ്തിയുള്ള നേതാവായി ഉയർന്നുവന്നു. തെലുങ്കാനയിൽ കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും ചെയ്തു.
വെല്ലുവിളികൾ
യുഡിഎഫ് സർക്കാരിൽ സാധാരണക്കാർക്കുള്ള ഉയർന്ന പ്രതീക്ഷ തന്നെയാണ് വി.ഡി. സതീശന്റെ ഏറ്റവും വലിയ വെല്ലുവിളി. തെരഞ്ഞെടുപ്പുകാലത്തു നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതു മറ്റൊരു വെല്ലുവിളി.
സംസ്ഥാനം കടുത്ത സാന്പത്തിക ഞെരുക്കത്തിലൂടെയാണു കടന്നു പോകുന്നത്. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര സമീപനത്തിൽ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കാനില്ല.
കൊടുത്തുതീർക്കാനുള്ള കുടിശിഖകളും വരാനിരിക്കുന്ന ശന്പള പരിഷ്കരണവും മറ്റ് ആനുകൂല്യങ്ങളും സർക്കാരിന്റെ സാന്പത്തിക സ്ഥിതി വീണ്ടും വഷളാകുന്നതിലേക്കു നയിച്ചേക്കാം.
ഇതിനെയൊക്കെ നേരിട്ടു ഭരണം മുന്നോട്ടു കൊണ്ടു പോകുക എന്നതു ദുഷ്കരമാണ്. വരുമാനം വർധിപ്പിക്കാനും വാഗ്ദാനങ്ങൾ നടപ്പിലാക്കാനും തങ്ങൾക്കു വ്യക്തമായ പദ്ധതികളുണ്ടെന്നാണു സതീശൻ പറയുന്നത്.
പൂച്ച പെറ്റുകിടക്കുന്ന ട്രഷറി തങ്ങൾ നിറയ്ക്കുമെന്നു സതീശൻ പറഞ്ഞത് ഈയടുത്താണ്. പ്രതിപക്ഷത്തിരിക്കുന്നത് ഇടതുപക്ഷമാണെന്നും ഓർക്കേണ്ടതുണ്ട്. സമരങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും കാലമായിരിക്കും വരാനിരിക്കുന്നത്.
ഒരുവശത്ത് എൽഡിഎഫും മറുവശത്ത് ബിജെപിയും കൂടിയാകുന്പോൾ സമരകോലാഹലങ്ങളിലൂടെയാകും അടുത്ത അഞ്ചു വർഷം കേരളം കടന്നുപോകുന്നത്. ഇതിനിടെ പാർട്ടിക്കുള്ളിലെ എതിരാളികളെയും കരുതിയിരിക്കേണ്ടതുമുണ്ട്.
പുതിയ കേരളത്തിനായി
പുതുയുഗ യാത്രയിലൂടെ സതീശൻ കേരളത്തിന് ഒരു ബദൽ നിർദേശിക്കുകയായിരുന്നു. ഭരണത്തിന്റെ പോരായ്മകൾ മാത്രം പറഞ്ഞു വോട്ടു നേടുന്ന പരമ്പരാഗത ശൈലിയിൽനിന്നു മാറി വിവിധ മേഖലകളിൽ എന്തു ചെയ്യാൻ കഴിയുമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ കേരളത്തിനു മുന്‍പാകെ വച്ചുകൊണ്ടായിരുന്നു വടക്കുനിന്നു തുടങ്ങിയ യാത്ര തെക്കു സമാപിച്ചത്.
നാളത്തെ കേരളം എന്തായിരിക്കണം എന്നു വ്യക്തമായ കാഴ്ചപ്പാടുള്ള നേതാവാണു താൻ എന്നു സതീശൻ തെളിയിച്ചു. വിദ്യാർഥികൾക്കും യുവാക്കൾക്കും സ്ത്രീകൾക്കുമെല്ലാം സ്വീകാര്യനായ പുതുതുലമുറ നേതാവായി വളർന്നുവരാൻ സതീശനു സാധിച്ചു.
ആ നിലയ്ക്കു പറഞ്ഞാൽ ഒരു തലമുറമാറ്റത്തിനാണു സതീശനിലൂടെ കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്. യുഡിഎഫിന്റെ പുതിയ സാമാജികരിൽ യുവരക്തത്തിനും പുതുമുഖങ്ങൾക്കും മുൻതൂക്കമുണ്ട്.
പുതിയ തലമുറയുടെ സ്വപ്നങ്ങളായിരിക്കണം ഇനിയുള്ള ഭരണാധികാരികളെ നയിക്കേണ്ടത്. അതിനു സതീശന്റെ നേതൃത്വത്തിനു സാധിക്കുമെന്നു കരുതാം. കേരളത്തിനു വേണ്ടത് ഒരു ജെൻ സി സർക്കർ തന്നെയാണ്.
Todays Story
ഡാളസിൽ, 1954-ൽ നടന്ന കൊലപാതകം അമേരിക്കയെ നടുക്കിയ സംഭവമായിരുന്നു. കറുത്ത വർഗക്കാരനായ 19കാരൻ ടോമി ലീ വാക്കർ, 31കാരിയായ വെനീസ് പാർക്കറെ ബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊന്നുവെന്നായിരുന്നു കേസ്.
പോലീസ് പിടികൂടിയ പ്രതിയെ, കോടതി നടപടികൾക്കുശേഷം 1956 മേയിൽ 21-ാമത്തെ വയസിൽ വധശിക്ഷയ്ക്കു വിധേയനാക്കി. അതു ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധങ്ങളിലൊന്നാണെന്നും ടോമി ലീ വാക്കർ വംശവെറിയുടെ ഇരയായതാണെന്നും കാലം പിന്നീടു തെളിയിച്ചു.
സത്യത്തെ വളച്ചൊടിക്കാം; വ്യാഖ്യാനിക്കാം സംശയത്തിന്റെ നിഴലിൽനിർത്താം, പക്ഷേ ഒരുനാൾ എല്ലാ മറകളും നീക്കി സത്യം പുറത്തുവരും..!
നീതിക്കു കാലഹരണപ്പെടാനാവില്ലെന്നും വാക്കറുടെ അറസ്റ്റും വിചാരണയും ശിക്ഷയും നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണെന്നും ഡാളസ് കൗണ്ടി കോടതി വ്യക്തമാക്കി.
വംശീയ വിദ്വേഷവും തെറ്റായ തെളിവുകളും നിർബന്ധപൂർവം രേഖപ്പെടുത്തിയ മൊഴികളുമാണ് 21 വയസുകാരൻ നേരിട്ട വലിയ അനീതിക്കു പിന്നിലെന്നു കോടതി നിരീക്ഷിച്ചു.
കൊലപാതകം നടന്ന 1953-ൽ 19 വയസ് മാത്രമായിരുന്നു വാക്കറുടെ പ്രായം. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയായിരുന്ന വെനീസ് പാർക്കറെ ഒരാൾ കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
കൃത്യമായ തെളിവോ, സാക്ഷികളോ ഇല്ലാതിരുന്നിട്ടും ഒരു കറുത്തവർഗക്കാരനാണ് അക്രമിയെന്ന നിഗമനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ലഭിച്ച ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാക്കറെ പ്രതിയാക്കിയത്.
താൻ കുറ്റം ചെയ്തിട്ടില്ലെന്നും കൊലപാതകം നടന്ന സമയത്ത് ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നുവെന്നും വാക്കർ കോടതിയിൽ പറഞ്ഞു. വാക്കറിനു ജനിച്ചത് ആൺകുട്ടിയായിരുന്നു.
വാക്കർ പറഞ്ഞതു ശരിയാണെന്ന് പത്തോളം പേർ കോടതിയിലെത്തി സാക്ഷിമൊഴി കൊടുത്തു. എന്നാൽ ഇതൊന്നും കോടതി പരിഗണിച്ചില്ല. ക്രൂരമായ ചോദ്യം ചെയ്യലിനൊടുവിൽ പോലീസ് തയാറാക്കിയ കുറ്റസമ്മത മൊഴിയാണ് ശിക്ഷയ്ക്ക് ആധാരമായത്.
Todays Story
മരക്കച്ചവടക്കാരെ കേന്ദ്രീകരിച്ച് അതിവിദഗ്ധമായി തട്ടിപ്പ് നടത്തുന്ന അന്തർസംസ്ഥന പ്രതിയെ ഇരിട്ടി പോലീസ് കണ്ടെത്തി കുരുക്കിയത് ഒരു മുഴുനീളൻ ക്രൈം ത്രില്ലർ കഥപോലെ. കഴിഞ്ഞ നവംബറിലാണ് പ്രതി പിടിയിലാകുന്നത്. പിടിയിലായ പ്രതിയെക്കുറിച്ച് അറിഞ്ഞ അന്വേഷണ ഉദ്യോഗസ്ഥർ തലയിൽ കൈവെച്ചു നിന്നുപോയി.
കണ്ണൂർ കാങ്കോൽ സ്വദേശി ടി.വി. ഗണേശനെ പിടികൂടുന്നതുവരെ ഇയാൾ പല ദേശങ്ങളിൽ പല പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഒരു സിനിമ ഡയലോഗ് പോലെ പലദേശങ്ങളിൽ മുസ്തഫ, ജലീൽ, വിഷ്ണു എന്നിവരായി അവതരിച്ച് കച്ചവടക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടുകയാണ് വിരുതന്റെ രീതി. പകൽ പത്തു മുതൽ അഞ്ച് വരെ മാത്രം ഫോണിൽ ബന്ധപ്പെടും.
ഒന്നുമുതൽ അഞ്ചു മിനിട്ടുവരെ നീളുന്ന സംഭാഷണം. പിന്നീട് ഫോൺ സ്വിച്ച്ഓഫ്. ഒരു ഫോൺ ലൊക്കേഷൻ മംഗലാപുരം ആണെങ്കിൽ അടുത്തത് കോഴിക്കോട്. ഇതിനിടയിൽ ഫോൺ സ്വിച്ച്ഓഫ്.
ഇരകൾ കേരളത്തിലും കർണാടകയിലും
കോളിക്കടവിലെ ഒരു മരവ്യപാരിയെ പറ്റിച്ചതിന് ഇരിട്ടി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിലൂടെയാണ് ഈ അന്തർസംസ്ഥാന തട്ടിപ്പിന്റെ ചുരുൾ അഴിഞ്ഞു തുടങ്ങുന്നത്. കേരളത്തിനകത്തും പുറത്തും തട്ടിപ്പ് നടത്തുന്ന പ്രതിക്കെതിരേ പരാതി നല്കാൻ പലരും മടിച്ചതാണ് പോലീസിന്റെയും നിയമത്തിന്റെയും പിടിയിൽപ്പെടാതെ ഇത്രയുംകാലം ഇയാൾ രക്ഷപ്പെടാൻ കാരണം.
എഴുത്തും വായയും അറിയാത്ത പ്രതി നടത്തിയ അത്യന്തം ആസൂത്രിതമായ തട്ടിപ്പ് അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചുകളഞ്ഞു. കേരളത്തിലെയും കർണാടകയിലെയും വിവിധ വ്യക്തികളുടെ ഐഡി കാർഡുകൾ ഉപയോഗിച്ച് അവരെക്കൊണ്ട് സിം കാർഡുകൾ തരപ്പെടുത്തുകയായിരുന്നു ഇയാളുടെ തട്ടിപ്പിന്റെ ആദ്യ കടമ്പ.
മംഗലാപുരത്തേക്കും പെരുമ്പാവൂരിലേക്കും മരം എത്തിക്കുന്ന കച്ചവടക്കരെ കണ്ടെത്തി അവരുടെ ഫോൺ നമ്പറുകൾ സംഘടിപ്പിച്ചു ഫോണിൽ ബന്ധപ്പെടും. മുസ്തഫ, ജലീൽ പട്ടാമ്പി, വിഷ്ണു തുടങ്ങിയ വിവിധ പേരുകളിലാണ് ഇയാൾ വ്യാപരികളെ ബന്ധപ്പെട്ടിരുന്നത്.
ഒരിക്കലും ഗണേശൻ എന്ന യഥാർഥ പേര് വെളിപ്പെടുത്തിയിരുന്നില്ല. പ്രതി പറയുന്ന സ്ഥലങ്ങളിൽ മരം എത്തിച്ചാൽ കൂടുതൽ തുക വാഗാദാനം ചെയ്ത് ഡീൽ ഉറപ്പിക്കുന്നതോടെ തട്ടിപ്പിന്റെ പകുതി ദൂരം പിന്നിട്ടു.
പണം ട്രാൻസ്ഫർ ചെയ്യിക്കുന്നത് വ്യത്യസ്ഥ ബാങ്ക് അകൗണ്ടുകളിലേക്ക്
എഴുത്തും വായനയും അറിയില്ലെങ്കിലും തട്ടിപ്പിൽ പിഎച്ച്ഡി നേടിയ പോലെയായിരുന്നു ഇയാളുടെ തട്ടിപ്പ് രീതി. അതിവിദ്ധക്തമായി വാക്ചാതുരിയിലൂടെയും പെരുമാറ്റത്തിലൂടെയുമാണ് ഇയാൾ ഇടപാടുകാരെ പാട്ടിലാക്കിയിരുന്നത്.
തട്ടിപ്പിന്റെ മറ്റൊരു ഘട്ടമായി കർണാടകയിലെയും കേരളത്തിലെയും ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരുടെ കൈയിൽ നിന്ന് ബാങ്ക് അകൗണ്ടും മറ്റ് വിവരങ്ങളും തന്ത്രപൂർവം ഇയാൾ കൈക്കലാക്കും.
പ്രമുഖ പ്ലൈവുഡ് കമ്പിനിയുടെ മാനേജറായും ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന ആളായുമൊക്കെ പരിചയപ്പെടുത്തിയാണ് എല്ലാ സ്ഥലങ്ങളിലും തട്ടിപ്പ് നടത്തുന്നത്. മരവ്യാപാരികളുമായി ഡീൽ ഉറപ്പിച്ചാൽ അടുത്തത് പ്ലൈവുഡ് കമ്പിനിയിൽ ബന്ധപ്പെടും.
ലോഡുമായി വരുന്ന ലോറി നമ്പർ ഉൾപ്പെടെ ഓഫിസിൽ അറിയിക്കും. ഒപ്പം തന്ത്രത്തിൽ ഒപ്പിച്ച ബാങ്ക് അകൗണ്ട് നമ്പറിലേക്ക് പണം അയക്കാൻ കമ്പനിയോട് ആവശ്യപ്പെടും. മരം അൺലോഡ് ചെയ്യുന്നതോടെ വ്യപാരിയെ വിളിച്ച് പണം താൻ നേരിട്ട് എത്തിക്കാമെന്നും വാഹനം മടങ്ങി പോകാനും ആവശ്യപ്പെടുന്നതോടെ അതുവരെ സംസാരിച്ചിരുന്ന നമ്പർ സ്വിച്ച്ഓഫ് ആകും.
പിന്നീട് പ്രതി ബാങ്ക് അകൗണ്ട് ഉടമകളെ സ്വാധീനിച്ച് 5000 മതൽ 10,000 വരെ കമ്മീഷൻ നൽകി പണം കൈക്കലാക്കി രക്ഷപ്പെടും. ഒരിക്കൽ പോലും ഇടപാടുകാരുടെ മുന്നിൽ നേരിട്ടെത്താതെ മൊബൈൽ ഫോണിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി ആയിരുന്നു തട്ടിപ്പ്.
തട്ടിപ്പിന് പിന്നാലെ അലഞ്ഞാൽ സമയവും പണവും നഷ്ട്ടപ്പെടും എന്ന കാരണം കൊണ്ടും നാണക്കേട് ഭയന്നും തട്ടിപ്പിനിരയായവർ ആരും പരാതിയും നൽകിയില്ല.
കേരളത്തിലും കർണാടകയിലും തട്ടിപ്പ്
ഇരിട്ടി സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും പ്രതിയെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ഇല്ലായിരുന്നു. പരാതിക്കാരൻ ഒരിക്കൽപോലും പ്രതിയെ നേരിട്ട് കണ്ടിട്ടില്ല. പ്രതി കണ്മുന്നിൽ നിന്നാലും തിരിച്ചറിയാൻ കഴയാത്ത സാഹചര്യത്തിലാണ് കേസ് അന്വേഷണം ആരംഭിക്കുന്നത്. പരാതി ലഭിച്ച സ്റ്റേഷനുകളിൽ കേസ് അന്വേഷണം എവിടെ നിന്ന് തുടങ്ങണം എന്നറിയാത്ത പ്രതിസന്ധിയും.
അന്നത്തെ ഡിവൈഎസ്പി ആയിരുന്ന ധനജയ ബാബുവിന്റെ നിർദേശപ്രകാരം അന്നത്തെ ഇരിട്ടി സിഐ മെൽവിൻ ജോസഫിന്റെയും, എസ്ഐ കെ. ഷറഫുദിന്റെ നേതൃത്വത്തിൽ എസ്ഐ പ്രവീൺ, എഎസ്ഐ ജോഷി സെബാസ്റ്റ്യൻ, ഡിവൈഎസ്പിയുടെ സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ എം.എം. ഷിജോയ്, കെ.ജെ. ജയദേവ്, രതീഷ് കല്യാട് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ തേടി ഇറങ്ങുന്നത്.
Todays Story
ക്രിസ്തുവിനു മുമ്പുള്ള നാലാം നൂറ്റാണ്ട്. ഇപ്പോൾ ഇറ്റലിയുടെ ഭാഗമായ സിസിലിയിലെ സീറക്യൂസ് അന്ന് ഗ്രീക്കുകാരുടെ ഒരു നഗരമായിരുന്നു. അവിടെ ബിസി 367 മുതൽ 357 വരെയും പിന്നീട് 346 മുതൽ 344 വരെയും ഭരണം നടത്തിയിരുന്നത് ഡയനീഷ്യസ് രണ്ടാമൻ (397-343) എന്ന രാജാവായിരുന്നു. പിതാവായ ഡയനീഷ്യസ് ഒന്നാമനിൽനിന്നാണ് ഭരണാധികാരം അദ്ദേഹത്തിനു ലഭിച്ചത്.
ആ കാലഘട്ടത്തിലെ മറ്റു പല രാജാക്കന്മാരെയും പോലെ ഡയനീഷ്യസ് രണ്ടാമനും ധാരാളം സന്പത്തുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലിയ ആഡംബരജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. അക്കാലത്ത് അദ്ദേഹത്തിന്റെ അരമനസേവകരിലൊരാളായിരുന്നു ഡമോക്ലിസ്. രാജാവിന്റെ സന്പത്തും ആഡംബരവും അധികാരവുമൊക്കെ അയാളെ അദ്ഭുതപ്പെടുത്തി.
രാജാവ് എല്ലാ രീതിയിലും വലിയ ഭാഗ്യവാനാണെന്നു കരുതിയ ഡമോക്ലിസ് അക്കാര്യം ആവർത്തിച്ചുപറഞ്ഞുകൊണ്ട് രാജാവിനെ നിരന്തരം പുകഴ്ത്തിക്കൊണ്ടിരുന്നു. അയാളുടെ കണ്ണിൽ രാജാവിന്റെ ജീവിതം പരിപൂർണമായ സന്തോഷം നിറഞ്ഞതായിരുന്നു.
ഡമോക്ലിസിന്റെ പ്രശംസാവചനങ്ങൾ കേട്ടു മടുത്ത രാജാവ് അയാളെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. രാജാവ് അയാളോടു പറഞ്ഞു: ""എനിക്ക് അത്രമാത്രം ഭാഗ്യമുണ്ടെന്നു നീ കരുതുന്നുവെങ്കിൽ ഒരുദിവസം നീ എന്റെ സ്ഥാനത്ത് രാജസിംഹാസനത്തിൽ ഇരിക്കൂ.'' ഡമോക്ലിസിനു സ്വീകാര്യമായിരുന്നു ഈ നിർദേശം. ഉടനെ അയാളെ രാജകീയവസ്ത്രം ധരിപ്പിച്ച് സിംഹാസനത്തിൽ ഇരുത്താൻ രാജാവ് കല്പിച്ചു.
ഡമോക്ലിസ് ആഹ്ലാദപൂർവം രാജകീയവസ്ത്രങ്ങൾ അണിഞ്ഞ് സിംഹാസനത്തിലിരുന്നു. അപ്പോൾ സേവകർ അയാൾക്ക് രുചികരമായ ഭക്ഷണം വിളന്പി. പശ്ചാത്തലത്തിൽ മധുരസംഗീതം മുഴങ്ങി. നർത്തകർ പ്രത്യക്ഷപ്പെട്ട് ആനന്ദനൃത്തം ചെയ്തു. ആ നിമിഷം താൻ പരിപൂർണ സന്തോഷത്തിലേക്ക് പ്രവേശിച്ചുവെന്ന് അയാൾക്കു തോന്നി.
എന്നാൽ, സിംഹാസനത്തിൽ ഇരിക്കുന്പോൾ ഒരുകാര്യം അയാളുടെ ശ്രദ്ധയിൽപ്പെട്ടു. തന്റെ തലയ്ക്കു മുകളിലായി മൂർച്ചയുള്ള ഒരു വാൾ തൂങ്ങിക്കിടക്കുന്നു. അതു തൂക്കിയിട്ടിരിക്കുന്നതാകട്ടെ ഒരൊറ്റ നൂലിലും! ഏതു നിമിഷവും ആ നൂൽ പൊട്ടി വാൾ തന്റെ തലയിൽ വീഴാം! ഇക്കാര്യം ഓർമിച്ചപ്പോൾ ഡമോക്ലിസിന്റെ സന്തോഷമെല്ലാം അതിവേഗം ചോർന്നുപോയി. ഭക്ഷണത്തിനു രുചിയില്ലാതായി. സംഗീതം ശബ്ദമായി മാത്രം കേട്ടു. ഭയം അയാളെ ആകമാനം ഗ്രസിച്ചു.
സന്തോഷത്തിന്റെ സിംഹാസനം ഭയത്തിന്റെ തടവറയായി മാറി. അയാൾ രാജാവിനോടു പറഞ്ഞു: ""എനിക്ക് ഈ സിംഹാസനം വേണ്ട. എന്നെ ഇവിടെനിന്നു താഴെയിറക്കൂ.'' മറ്റുള്ളരുടെ ജീവിതവിജയം, അവരുടെ സന്പത്ത്, അവർക്കു ലഭിക്കുന്ന ആദരവും അംഗീകാരവും- ഇവയെല്ലാം കാണുന്പോൾ അവർ ഏറെ ഭാഗ്യവാന്മാരാണെന്നാവും നാം സാധാരണ കരുതുക. തന്മൂലം അവരുടെ ജീവിതം ഏറെ സന്തോഷപൂർണമാണെന്ന് നാം കണക്കുകൂട്ടുന്നു. എന്നാൽ നാം കാണുന്നത് അവർ ഇരിക്കുന്ന സിംഹാസനം മാത്രമാണ്. അവരുടെ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാൾ അല്ല.
പുറമേനിന്നു നോക്കുമ്പോൾ മറ്റുള്ളവർ എത്ര സന്തോഷവാന്മാരാണെന്നു തോന്നിയാലും അവരുടെയും ജീവിതത്തിൽ ഒട്ടേറെ ദുഃഖങ്ങളുമുണ്ടാകും എന്നതാണ് യാഥാർഥ്യം. അതുപോലെ, അവരുടെയും ജീവിതം ഏതുനിമിഷവും താളംതെറ്റാം. അവരുടെ സമ്പത്ത് നഷ്ടപ്പെടാം. ആരോഗ്യം ക്ഷയിച്ചുപോകാം. ബന്ധങ്ങളിൽ തകർച്ചയുണ്ടാകാം. അവരുടെ പദ്ധതികളും നിമിഷങ്ങൾകൊണ്ട് പാളിപ്പോകാം. ആര് എത്ര ഉന്നതരായാലും അവരുടെയെല്ലാം തലയ്ക്കുമുകളിൽ ഒരു വാൾ തൂങ്ങിക്കിടക്കുന്നുണ്ടാകുമെന്നതാണ് വസ്തുത. അതായത്, നാം അനുഭവിക്കുന്ന സന്പത്തും പ്രതാപവും ഐശ്വര്യവും ആരോഗ്യവുമെല്ലാം നൈമിഷികമാണെന്നു വ്യക്തം.
തന്മൂലമാണ് ദൈവവചനം പറയുന്നത്: ""നാളെയെച്ചൊല്ലി അഹങ്കരിക്കേണ്ട. ഒരു ദിവസംകൊണ്ട് എന്തു സംഭവിക്കാമെന്നു നീ അറിയുന്നില്ല'' (സുഭാ 27:1). ദൈവവചനം വീണ്ടും പറയുന്നു: ""നാളത്തെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങൾക്ക് അറിഞ്ഞുകൂടാ. അല്പനേരത്തേക്കു പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്ന മൂടൽമഞ്ഞാണ് നിങ്ങൾ'' (യാക്കോബ് 4:14).
ഡയനീഷ്യസ് രണ്ടാമൻ രാജാവിന്റെ കഥയിലേക്കു മടങ്ങിവരട്ടെ. അദ്ദേഹം സന്പന്നനായിരുന്നു. എല്ലാവിധ ജീവിതസൗകര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മാതുലൻ ഡയണ്‍ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി. വീണ്ടും അദ്ദേഹം തിരിച്ചെത്തി രണ്ടുവർഷംകൂടി രാജ്യം ഭരിച്ചെങ്കിലും കോറിന്തിലെ ടിമോളിയോണ് രാജാവ് അദ്ദേഹത്തെ യുദ്ധത്തിൽ പരാജയപ്പെടുത്തി രാജ്യം കീഴടക്കി. പിന്നീട് അദ്ദേഹത്തിന് ഒരു സാധാരണക്കാരനെപ്പോലെ ജീവിക്കേണ്ടിവന്നുവെന്ന് ചരിത്രം പറയുന്നു.
താൻ രാജാവാണെങ്കിലും തനിക്കു മുകളിൽ അനിശ്ചിതത്വത്തിന്റെ ഒരു വാൾ തൂങ്ങിക്കിടക്കുന്നുണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അത് അദ്ദേഹത്തിന്റെ ഉറക്കംകെടുത്തിയോ എന്നറിയില്ല. എന്നാൽ തലയ്ക്കുമുകളിൽ അത്തരമൊരു വാൾ തൂങ്ങിക്കിടക്കുകയാണെങ്കിൽ അതു നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുമെന്നു തീർച്ചയാണ്.
എത്ര കേമന്മാരായാലും നൈമിഷികമാണ് ഈ ഭൂമിയിലെ നമ്മുടെ ജീവിതം. അതുപോലെ, നാളെ നമുക്ക് എന്തു സംഭവിക്കുമെന്നു തീർച്ചയില്ലാത്ത അവസ്ഥയുമുണ്ട്. എങ്കിലും നാം ഭയപ്പെടരുത്. കാരണം ദൈവത്തിന്റെ പരിപാലനയാണ് നമ്മെ വഴിനടത്തുന്നത്. ആ വഴി നന്മയ്ക്കാണെന്നു മനസിലാക്കി അവിടന്നു കാണിച്ചുതരുന്ന വഴിയേ നമുക്കു നടക്കാം. അപ്പോൾ തലയ്ക്കുമുകളിൽ ഏതു തരത്തിലുള്ള വാൾ തൂങ്ങിക്കിടന്നാലും അതൊന്നും നമ്മെ നശിപ്പിക്കുകയില്ലെന്നു തീർച്ചയാണ്.
Todays Story
കോട്ടയം: തിരയടിച്ചുകയറുന്ന കടൽ പാലം അടുത്തു കണ്ടപ്പോൾ ആ അമ്മമാരിൽ പലരുടെയും മനവും കണ്ണും നിറഞ്ഞു. പത്രങ്ങളിലും ടിവിയിലുമൊക്കെ കണ്ടിട്ടുള്ള കടലും കടൽത്തീരവുമൊക്കെ ചുറ്റി ഒന്നു യാത്ര ചെയ്യാൻ പറ്റുമെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
എംസിഎ തിരുവല്ല അതിരൂപത സമിതിയുടെ അല്മായ ദിനാഘോഷം പുത്തനങ്ങാടി മാർ തെയോഫിലോസ് സ്നേഹഭവനിൽ ആഘോഷിക്കാൻ തീരുമാനിച്ചതോടെയാണ് അഗതികളായ അമ്മമാരുടെ ജീവിതത്തിൽ പുതിയ നിറവും സന്തോഷവും പകരുന്ന നിമിഷങ്ങൾ ഒരുങ്ങിയത്.
കടലും കടൽത്തീരവും കടൽ പാലവുമൊക്കെ അവരിൽ പലരും ആദ്യമായിട്ടായിരുന്നു നേരിട്ടു കാണുന്നത്. കോട്ടയത്തുനിന്ന് ആരംഭിച്ച് കുമരകം വഴിയായിരുന്നു യാത്ര. ഹൗസ് ബോട്ടുകളും തണ്ണീർമുക്കം ബണ്ടും ആലപ്പുഴയിലെ കടലുമൊക്കെ പലർക്കും അത്ഭുത കാഴ്ചകളായി.
പെരുന്നാൾ ആഘോഷം നടക്കുന്ന പുതുപ്പള്ളി പള്ളിയും അവിടത്തെ ദീപാലങ്കാരങ്ങളുമൊക്കെ കണ്ടപ്പോൾ സന്തോഷം ഇരട്ടി. ഇഷ്ടപ്പെട്ട ഭക്ഷണങ്ങളുമൊക്കെ കഴിച്ച് അവസാനം ഒരു ഐസ്ക്രീമും രുചിച്ച് അതിനേക്കാൾ മധുരമുള്ള ഓർമകളുമായിട്ടാണ് ഈ അമ്മമാർ തിരികെ സ്നേഹഭവനിൽ എത്തിയത്.
സ്നേഹസദൻ ഡയറക്ടർ റവ.ഫാ. വർഗീസ് പള്ളിക്കൽ എംസിഎ അതിരൂപത ജനറൽ സെക്രട്ടറി ജസ്റ്റിൻ ജോൺ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
Todays Story
രണ്ടു നിലകളിൽ നിറയെ പാമ്പുകൾ. അവയിൽ വിഷമുള്ളതും ഉണ്ട് ഇല്ലാത്തവയുമുണ്ട്. പാമ്പുകളുടെ ഷോയും ഇവിടെ കാണാം. ഇതാണ് അമേരിക്കയിലെ ദക്ഷിണ ഡക്കോട്ടയിലുള്ള റാപ്പിഡ് സിറ്റിയിലുള്ള റെപ്ടൈൽ ഗാർഡൻസ് എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉരഗ പാർക്ക്.
ഗിന്നസ് വേൾഡ് റിക്കാർഡ്സ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ഉരഗ പാർക്ക് ഇതാണ്. ഏറ്റവും കൂടുതൽ ഉരഗ വർഗങ്ങളെ പാർപ്പിച്ചിരിക്കുന്ന സ്ഥലം എന്ന നിലയിൽ 2014-ലും 2018-ലും ഗിന്നസ് വേൾഡ് റിക്കാർഡ് ലഭിച്ചു.
ഇവിടെ പാമ്പുകൾക്ക് പുറമെ മുതലകൾ, ആമകൾ, മറ്റ് ഉരഗങ്ങൾ എന്നിവയും ഉണ്ട്. ഇതിന്റെ മധ്യഭാഗത്തുള്ള സ്കൈ ഡോം ആണ് ഏറ്റവും ശ്രദ്ധേയം. ഇവിടെ രണ്ട് നിലകളിലായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളെ കാണാം..
പാമ്പുകളുടെയും മുതലകളുടെയും പ്രത്യേക ഷോകൾ സന്ദർശകർക്കായി ഇവിടെ ഒരുക്കാറുണ്ട്. മാനിയാക്' എന്ന് പേരുള്ള 16 അടി നീളമുള്ള ഭീമൻ ഉപ്പുവെള്ള മുതല ഇവിടുത്തെ പ്രധാനിയാണ്. കൂടാതെ കൂറ്റൻ ആമകളെയും ഇവിടെ കാണാം.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്നേക്ക് പാർക്കുകളിൽ ഒന്ന് ചെന്നൈയിലെ ഗിണ്ടി സ്നേക്ക് പാർക്ക് ആണ്. 1972-ൽ റോമുലസ് വിറ്റേക്കർ സ്ഥാപിച്ച ഇത് ഇന്ത്യയിലെ ആദ്യത്തെ പാമ്പ് പാർക്കാണ്. ഇവിടെ രാജവെമ്പാല, പെരുമ്പാമ്പ് എന്നിവയുൾപ്പെടെ നിരവധി ഇനങ്ങളുണ്ട്.
കേരളത്തിലെ കണ്ണൂരിൽ സ്ഥിതി ചെയ്യുന്ന പറശിനിക്കടവിലെ പാമ്പുകളത്തിൽ കേന്ദ്രം പാമ്പുകളുടെ സംരക്ഷണത്തിനും വിഷചികിത്സാ പഠനത്തിനും പേരുകേട്ടതാണ്. വിവിധയിനം വിഷപ്പാമ്പുകൾ (രാജവെമ്പാല ഉൾപ്പെടെ), വിഷമില്ലാത്ത പാമ്പുകൾ, മുതലകൾ, ഉടുമ്പുകൾ തുടങ്ങിയവയെ ഇവിടെ കാണാം. പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും ഇവിടെ നടക്കാറുണ്ട്.
ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന ബാനാർഘട്ട നാഷണൽ പാർക്കിൽ വിദേശയിനം പാമ്പുകളെയും കാണാൻ സാധിക്കും. പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് തൃശൂർ മൃഗശാല മാറിക്കൊണ്ടിരിക്കുകയാണെങ്കിലും റംബു കാവിലെ മൃഗശാലയിൽ വിശാലമായ ഒരു സ്നേക്ക് പാർക്ക് ഉണ്ട്. വിവിധയിനം പാമ്പുകളെ ഇവിടെ ചില്ല് കൂട്ടിൽ കാണാം.മൂർഖൻ, അണലി, മലമ്പാമ്പ് തുടങ്ങിയവയെ ഇവിടെ കാണാൻ സാധിക്കും.
തിരുവനന്തപുരം മൃഗശാല ഏഷ്യയിലെ തന്നെ ഏറ്റവും പഴയ മൃഗശാലകളിൽ ഒന്നാണ്. ഇവിടെ അതിവിപുലമായ ഒരു റെപ്റ്റൈൽ ഹൗസ് ഉണ്ട്. പലതരം പാമ്പുകൾ, ആമകൾ, മുതലകൾ എന്നിവയെ ഇവിടെ മികച്ച രീതിയിൽ സംരക്ഷിച്ചിരിക്കുന്നു.
മലമ്പുഴ പാമ്പ് പുനരധിവാസ കേന്ദ്രം പാലക്കാട് മലമ്പുഴ ഗാർഡന് സമീപത്തായി സ്ഥിതി ചെയ്യുന്നു. ഈ പാർക്ക് വനം വകുപ്പിന് കീഴിലുള്ളതാണ്. രാജവെമ്പാലകൾക്കായി പ്രത്യേകം എയർ കണ്ടീഷൻ ചെയ്ത കൂടുകൾ ഇവിടെയുണ്ട്. വെള്ള മൂർഖൻ, അണലി, മലമ്പാമ്പ്, ശംഖുവരയൻ, കരിമൂർഖൻ, മഞ്ഞച്ചേര തുടങ്ങി ഒട്ടേറെ വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെ ഇവിടെ കാണാം.
റെപ്റ്റൈൽ ഗാർഡൻ എന്ന നിലയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ മഹാബലിപുരത്തിന് അടുത്തുള്ള മദ്രാസ് ക്രൊക്കഡൈൽ ബാങ്ക് ആൻഡ് സെന്റർ ഫോർ ഹെർപ്പറ്റോളജി.
Todays Story
‘സത്യത്തിൽ ഡ്രാക്കുളയോട് എനിക്ക് എന്നും അസൂയ കലർന്ന ആരാധനയാണ്. ഹൊറർ കഥാപാത്രമാണെങ്കിലും എന്തൊരു അടിപൊളി ജീവിതമാണ്! ഏകമയം പരബ്രഹ്മം. ജീവിതത്തിന്റെ അല്ലലും അലച്ചിലും വല്ലതും അറിയണോ? "വീട്ടുകാര്യം നോക്കാതെ കമ്പനി കൂടി നടന്നിട്ട് കേറി വന്നോളും’ എന്നൊക്കെയുള്ള കുത്തുവാക്ക് കേൾക്കണ്ട.
ഇ.എം. ഐ മുടങ്ങിയതിന് ബാങ്കിൽ നിന്നുള്ള വിളിയില്ല. പണയം വയ്ക്കാൻ ഫിനാൻസിൽ പോകണ്ട, മകൾക്ക് കല്യാണപ്രായമായെന്നും സ്ത്രീധന കാശ് എങ്ങനെ കണ്ടെത്തും എന്നും ആധി കയറേണ്ട. ജനിച്ചാൽ ഇങ്ങനെ ജനിക്കണം.'
പത്തഞ്ഞൂറ് ഏക്കറിനു നടുവിൽ, ഒന്നാന്തരം ഒരു ഡ്രാക്കുളക്കോട്ടയിൽ സസുഖം വാഴുന്ന ഡ്രാക്കുളയെ ഇങ്ങനെ "ആരാധിക്കുന്നത് ' കൃഷ്ണ പൂജപ്പുരയാണ്.. പ്രശസ്ത നർമസാഹിത്യകാരനും തിരക്കഥാകൃത്തുമായ കൃഷ്ണ പൂജപ്പുരയുടെ "ഡ്രാക്കുള നമ്മുടെ ആളാ 'എന്ന പുതിയ പുസ്തക ത്തിലാണ് ഈ ഡ്രാക്കുള ചരിത്രം. 31 വ്യത്യസ്ത നർമ സൃഷ്ടികൾ അടങ്ങുന്ന പുസ്തകത്തിലെ ഒരു ലേഖനമാണ് പുസ്തകത്തിന്റെ ശിർക്ഷകം കൂടിയായ ഈ രചന.
ലോക ചരിത്രത്തിൽ തന്നെ ഒരു പക്ഷേ ഡ്രാക്കുളയെ ഇങ്ങനെ നർമത്തിലൂടെ കാണുന്ന മറ്റൊരു രചന ഉണ്ടാവില്ല. മുൻ തലമുറയിലെ വലിയൊരു വിഭാഗത്തെ പേടിപ്പിച്ചു വിറപ്പിച്ച കഥാപാത്രമാണ് ഡ്രാക്കുള പ്രഭു. ബ്രോം സ്റ്റോക്കറിന്റെ ഈ സൃഷ്ടി കോട്ടും പാന്റും ഒക്കെ ഇട്ട്, തലമുടി നന്നായി ചീകി ഒതുക്കി കേരളത്തിലും കുറെ ഏറെക്കാലം തന്റെ ഭീകരമായ കോട്ട കെട്ടിയിട്ടുണ്ട്. നർമലേഖനത്തിന്റെ തുടക്കത്തിൽ കൃഷ്ണ പൂജപ്പുര പറയുന്നുണ്ട്...
കാർപാത്യൻ മലനിരകളിലെ ഡ്രാക്കുളക്കോട്ടയിൽ, ചെന്നായ്ക്കളുടെ ഓരിയിടലിന്റെയും കടവാവലുകളുടെ ചിറകടികളുടെയും പശ്ചാത്തലത്തിൽ വരുന്ന ഡ്രാക്കുള, തന്റെ ഉറക്കം കെടുത്തിയ കഥ. ഈ അനുഭവം, ഏതാണ്ട് അര നൂറ്റാണ്ടിനു മുൻപ് കേരളത്തിലെ നൂറുകണക്കിന് കുട്ടികളുടെ, കൗമാരക്കാരുടെ അനുഭവം തന്നെയായിരുന്നു.
യക്ഷിക്കഥകളും പ്രേതകഥകളും കേട്ട്, അത് അപ്പാടെ വിശ്വസിച്ചു വിറപൂണ്ടിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. കാർട്ടൂണിലും മൊബൈൽ ഗെയിമുകളിലും ആനന്ദം കണ്ടെത്തുന്ന പുതിയ കാലത്തെ കുട്ടികളിൽ നിന്നു വളരെ വ്യത്യസ്തമായ ഒരു തലമുറ. ആ തലമുറയുടെ പ്രതിനിധിയായി നിന്ന് ‘ഡ്രാക്കുള നമ്മുടെ ആളാണ്' കൃഷ്ണ പൂജപ്പുര എഴുതുന്നു.
സ്ക്കൂൾ പഠനക്കാലത്ത് ഹൊറർ കഥകളും കോട്ടയം പുഷ്പനാഥിന്റേത് ഉൾപ്പെടെ നിരവധി ഡിറ്റക്ടീവ് നോവലുകളും വായിച്ചിരുന്നു കൃഷ്ണ പൂജപ്പുര. അപസർപക കഥകൾ ഏറെ ഇഷ്ടമാണെന്നും അദ്ദേഹം പറയാറുണ്ട്. അതുകൊണ്ടാവും ഡ്രാക്കുള കഥ ഒരു ഡിറ്റക്റ്റീവ് നോവലിന്റെ ഫ്രെയിം വർക്കിലാണ് എഴുത്തുകാരൻ സൃഷ്ടിച്ചിരിക്കുന്നത്.
ഏറെ രസകരമാണ് ഈ ഡിറ്റക്റ്റീവ് നോവൽ. രംഗം ഒന്നിൽ പോലീസ് ചീഫിന്റെ ആസ്ഥാനം കാണാം. ചീഫും ഉപ ചീഫുമായി കൂടിയാലോചിച്ച് ഡ്രാക്കുളക്കോട്ട സ്ഥിതി ചെയ്യുന്ന കാർപാത്യയിലേക്ക് ഡിറ്റക്റ്റീവ് ക്രോഷിനെ അയയ്ക്കുകയാണ്. ശരിക്കൊരു ഡിക്ടറ്റീവ് നോവലിന്റെ ഗൗരവവും ആവേശഭരിതമായ അന്തരീക്ഷവും ഇവിടെ ഉണ്ട്. അതിനിടയിലേക്ക് കൃഷ്ണ പൂജപ്പുരയുടെ സ്വതസിദ്ധമായ നർമം കയറി വരുന്നു.
ഡ്രാക്കുളയെ തളയ്ക്കാൻ ഡിക്ടറ്റീവ് ക്രോഷിനെ ചുമതല പ്പെടുത്തിയ ശേഷം ഉള്ള രംഗം... "ശരി ചീഫ് ഞാൻ ഇറങ്ങുന്നു ."ക്രോഷ് എണീറ്റു. "ലേഡി അസിസ്റ്റന്റിനെ വേണ്ടേ "ചീഫ് ചോദിച്ചു. "വേണ്ട ചീഫ്. ഡ്രാക്കുളയെ പിന്നെയും സഹിക്കാം." ഇനി ക്രോഷ് യാത്ര പറഞ്ഞിറങ്ങുന്ന രംഗം ആവട്ടെ. "അപ്പോൾ ശരി, രാത്രി യാത്രയില്ല."തെക്കൻ കേരളത്തിലെ നാട്ടുമ്പുറം കാരണവരെ പോലെ ക്രോഷും യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ ചീഫ് ചുമയ്ക്കാൻ തുടങ്ങി.
പോലീസ് ചീഫ് ആയാൽ ചുരുട്ട് വലിച്ചിരിക്കണം എന്ന പരമ്പരാഗതക്കാരുടെ പിടിവാശി എന്ത് കഷ്ടമാണെന്ന് പുള്ളി മനസിൽ പറഞ്ഞു. ബീഡി പോലും വലിച്ചിട്ടില്ലാത്ത താൻ ഈ തസ്തികയിൽ പ്രവേശിച്ചതോടെ ചുരുട്ട് തന്നെ വലിച്ചു തുടങ്ങി. ഇപ്പോൾ എന്താണെന്നുവച്ചാൽ ഒടുക്കത്തെ ചുമയാണ്...'
ഒറിജിനൽ ഡ്രാക്കുള നോവലിലെ കുതിരവണ്ടിക്കാരനെപ്പോലെ മുഖത്തേക്കു ചരിച്ച് തൊപ്പി ധരിച്ചിരുന്നു കാർപത്യയിലെ കുതിരവണ്ടിക്കാരനും! ഡ്രാക്കുള കോട്ടയിലേക്കാണ് തന്റെ യാത്രയെന്നു ക്രോഷ് പറഞ്ഞതും കുതിരവണ്ടികാരന്റെ കമന്റ്..."എങ്കിൽ റിട്ടേൺ തരണം അവിടെനിന്ന് തിരിച്ചിങ്ങോട്ട് ആള് കിട്ടാറില്ല’
പൈൻ കാടുകളിലൂടെ സഞ്ചരിച്ച് ഒടുവിൽ കോട്ടയിലെത്തി ഡിറ്റക്റ്റീവ് ക്രോഷ്. കോട്ടുധാരിയായ ഡ്രാക്കുളയോട് താനൊരു പത്ര പ്രവർത്തകനാണെന്നു പറഞ്ഞാണ് പരിചയപ്പെട്ടത്. ഇരുവരും സംസാരിക്കാൻ തുടങ്ങിയതും നേരം പുലർന്നു... പകൽ ഡ്രാക്കുളയ്ക്കു ചലിക്കാനാവില്ലത്രേ. അതിനാൽ കിഴക്ക് സൂര്യന്റെ തലവെട്ടം കണ്ടതും, റെയിൽവേ സ്റ്റേഷനിൽ ട്രെയിന്റെ ചൂളം വിളി കേട്ട സീസൺ ടിക്കറ്റുകാരനെ പോലെ ഡ്രാക്കുള ഓടി...അടുത്ത രാത്രി തേറ്റപ്പല്ലുകൾ കാട്ടി, ‘രണ്ട് ലിറ്റർ രക്തത്തി'നായി ക്രോഷിനെ സമീപിച്ച ഡ്രാക്കുളയെ ക്രോഷ് നിലംപരിശാക്കി. ‘മലയാളിയല്ലേ 'എന്ന ചോദ്യവുമായി..
താൻ പിടിക്കപ്പെട്ടു എന്നറിഞ്ഞ ഡ്രാക്കുള സ്വന്തം കഥ പറഞ്ഞു... സാധാരണ മലയാളിയെപ്പോലെ കുറേക്കാലം ജോലി തേടി അലഞ്ഞ് ഒടുവിൽ ഡ്രാക്കുളയായി ഉപജീവനമാർഗം കണ്ടെത്തുന്ന കഥ. ജോലി തേടി കാനഡ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കും വിമാനം കയറിയിരുന്നു ഈ പാവം ഡ്രാക്കുള. എന്ത് ചെയ്യാനാണ്, എല്ലായിടവും ഹൗസ് ഫുൾ.. മലയാളികൾ ലോകം മുഴുവൻ തമ്പടിച്ച സാഹചര്യത്തിൽ ഡ്രാക്കുളകോട്ടയിലേക്ക് താമസം മാറ്റുകയായിരുന്നു ഈ ത്രിബിൾ എംഎക്കാരൻ.
‘എങ്ങനെയാണ് താനൊരു മലയാളിയാണെന്ന്' ക്രോഷ് കണ്ടെത്തിയത് എന്ന ഡ്രാക്കുളയുടെ ചോദ്യത്തിനുള്ള ഡിറ്റക്ടീവിന്റെ മറുപടി ഏറെ രസകരം. ഡ്രാക്കുള കോട്ടയ്ക്കു മുന്നിൽ ചെരുപ്പ് ഊരി ഇടാൻ തുടങ്ങിയപ്പോൾ ഡ്രാക്കുള പറഞ്ഞു.. "വേണ്ട കാലിൽ കിടക്കട്ടെ" എന്ന്. ഇത് മലയാളിയെ തിരിച്ചറിയാനുള്ള ആദ്യത്തെ അടയാളം. ( ഇങ്ങനെ അതിഥികളോട് പറയുന്നത് മലയാളികൾ) പിന്നെ സിഗരറ്റ് വലിച്ച് ചാരം മുറിക്കുള്ളിൽ കുടഞ്ഞിട്ടു വൃത്തികേടാക്കി. ടീപോയി മേൽ ആഷ് ട്ര ഉണ്ടെങ്കിലും ഇങ്ങനെ ചെയ്യുന്നത് ലോകത്ത് മലയാളികൾ മാത്രം!
ക്രോഷിനു മുൻപ് ഡ്രാക്കുളയെ തേടി എത്തിയ 43 പേർക്കു തന്റെ ‘എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ' പലവിധ ജോലികൾ നൽകിക്കഴിഞ്ഞു എന്നും ഡ്രാക്കുള. ചിലർ ചെന്നായ്ക്കളെ പോലെ ഓരിടുന്നു. ഒരാൾ കടവാവലായി പറന്നു നടക്കുന്നു. കുറച്ചു പേർ ഡ്രാക്കുള കഥകൾ പറഞ്ഞുനടന്ന് മനുഷ്യരെ പേടിപ്പിക്കുന്നു. ഈ കഥകളൊക്കെ കേട്ട് പ്രൈവറ്റ് ഡിറ്റക്ടീവിന്റെ ഒരു അഭ്യർഥനയുണ്ട്... ‘അളിയാ എനിക്കും കൂടി ഒരു ജോലി...'
നർമഭാവന മാത്രമല്ല ഇതുപോലുള്ള ധാരാളം പ്രേത കഥകളും എഴുതിയിട്ടുണ്ട് കൃഷ്ണ പൂജപ്പുര. എന്തുകൊണ്ട് പ്രേത കഥകൾ എന്ന് ചോദിക്കുമ്പോൾ എഴുത്തുകാരൻ പറയുന്നു. "എന്റെ കുട്ടിക്കാലത്ത് ധാരാളം പ്രേതകഥകൾ ഞാൻ വായിച്ചിട്ടുണ്ട്. പകൽ നേരങ്ങളിൽ വളരെ ത്രില്ലടിച്ചാണ് ഇത്തരം കഥകൾ വായിക്കുക. രാത്രിയാകുമ്പോൾ പക്ഷേ പേടിച്ചു വിറയ്ക്കും.
ചീവീടുകളുടെ ശബ്ദം പോലും ഭയാനകമായി തോന്നിയിരുന്ന യാമങ്ങൾ...എങ്കിലും അടുത്ത പകലും വീണ്ടും വായന തുടരും. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് ഞാൻ ഡ്രാക്കുള നോവൽ വായിക്കുന്നത്.
ബ്രോം സ്റ്റോക്കറിന്റെ ഇംഗ്ലീഷ് നോവലിന്റെ ഒരു പരിഭാഷ. എന്നെ വളരെയേറെ പേടിപ്പിച്ച കഥാപാത്രമാണ് ഡ്രാക്കുള. ചെന്നായ്ക്കളുടെ ഓരിയിടലും കടവാവലുകളുടെ ചിറകടിയും എല്ലാം വല്ലാത്തൊരു അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കൗമാരകാലത്ത് എന്നെ ഒരു പോലെ വശീകരിക്കുകയും പേടിപ്പിക്കുകയും ചെയ്ത ഡ്രാക്കുള പ്രഭുവിനെ ഇപ്പോൾ മറ്റൊരു തരത്തിൽ നോക്കിക്കാണുന്നു. അത്ര മാത്രം.’
പണ്ട് പണ്ടെന്നോ മനസിൽ ഉറഞ്ഞു കൂടിയ കാർപാത്യക്കാരൻ ഡ്രാക്കുളയോട് തോന്നിയ ഭയത്തിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം ആണോ പുതിയ മലയാളി ‘ഡ്രാക്കുള '? അതോ പണ്ട് കുറെ പേടിപ്പിച്ചതിനുള്ള പ്രതികാരം വീട്ടിലോ? അങ്ങനെ ചോദിക്കുമ്പോൾ ‘കൃത്യമായും അറിയില്ല 'എന്നു പറഞ്ഞു പുഞ്ചിരിക്കുന്നു നർമസാഹിത്യകാരൻ.
Todays Story
കൊടുംചൂടിൽ വെന്തുരുകുകയാണ് ഈ വേനൽക്കാലം. ഈ അമിതമായ ചൂട് മനുഷ്യരെ മാത്രമല്ല, പ്രകൃതിയിലെ ഏറ്റവും അപകടകാരികളായ ജീവികളിൽ ഒന്നായ പാമ്പുകളെയും ഒരുപോലെ ബാധിക്കുന്നുണ്ട്.
ചൂടേറുന്നതോടെ കൂടുതൽ അസ്വസ്ഥരും ആക്രമണോത്സുകരും ആകുന്ന ഇവ തണലും തണുപ്പും തേടി മനുഷ്യവാസ മേഖലകളിലേക്ക് ഇറങ്ങിവരുന്നു. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പാമ്പുകളുടെ സാന്നിധ്യവും പാമ്പുകടി സംഭവങ്ങളും ആശങ്കാജനകമാം വിധം വർധിക്കുന്നതായി ഒട്ടേറെ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ഒരൊറ്റ കടിയിൽ പാമ്പുവിഷം ശരീരത്തിൽ പ്രവേശിക്കുന്നതോടെ അത് നേരെ പോകുന്നത് നിർണായകമായ ശാരീരിക പ്രവർത്തനങ്ങളിലേക്കാണ്, പിന്നീട് ഇത് മരണത്തിനു വരെ കാരണമാകുന്നു.
ഇങ്ങനെ നിമിഷങ്ങൾക്കുള്ളിൽ ജീവൻ അപഹരിക്കാൻ ശേഷിയുള്ള ഈ ജീവികളിൽ ഏറ്റവും വിഷമുള്ളവ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
സോ-സ്കെയിൽഡ് വൈപ്പർ
ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യ ജീവൻ അപഹരിക്കുന്ന പാമ്പാണ് സോ-സ്കെയിൽഡ് വൈപ്പർ. ജീവനു ഭീഷണി നേരിടുമ്പോൾ ശരീരം ഉരസി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്നത് കൊണ്ടാണ് ഇവയെ "സോ-സ്കെയിൽഡ്' എന്ന് വിളിക്കുന്നത്.
മിഡിൽ ഈസ്റ്റിലും ദക്ഷിണേഷ്യയിലും വ്യാപകമായി കാണപ്പെടുന്ന ഈ പാമ്പ് ലോകമെമ്പാടുമുള്ള പാമ്പുകടി മരണങ്ങളിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നതായി ഡബ്ല്യുഎച്ച്ഒ രേഖപ്പെടുത്തിയിട്ടുണ്ട്.
"ഇന്ത്യൻ സോ-സ്കെയിൽഡ് വൈപ്പർ' അഥവാ ചുരുട്ടയണലി ഇവയുടെ ഒരു പ്രത്യേക ഉപജാതിയാണ്, ഇന്ത്യയിൽ പാമ്പുകടിയേറ്റ മരണങ്ങൾക്ക് പ്രധാനമായും കാരണമാകുന്ന നാല് പാമ്പുകളെയാണ് ബിഗ് ഫോർ എന്ന് വിളിക്കുന്നത്, അതിൽ ഇവയും ഉൾപ്പെടുന്നു.
വലിപ്പത്തിൽ ചെറുതാണെങ്കിലും ഇവയുടെ വിഷം രക്തം കട്ടപിടിക്കാനുള്ള ശേഷി തകർക്കുകയും ആന്തരിക രക്തസ്രാവത്തിന് കാരണമാകുകയും ചെയ്യുന്നു.
ടൈഗർ സ്നേക്ക്
ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഓസ്ട്രേലിയയിലെ ടൈഗർ സ്നേക്ക്. ഒരൊറ്റ കടിയിൽ ന്യൂറോടോക്സിൻ, കോആഗുലന്റ്, മയോടോക്സിൻ എന്നിങ്ങനെ മൂന്ന് തരം വിഷങ്ങളുടെ മാരക സംയോജനം ഇരയുടെ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നു.
നാഡീവ്യൂഹം തകരാറിലാക്കി രക്തം കട്ടപിടിക്കാനുള്ള ശേഷി നശിപ്പിച്ച് പേശികളെ അകത്തുനിന്ന് ഭേദിക്കുന്ന ഈ വിഷമിശ്രിതം ആന്റിവെനം ഇല്ലാതെ ചികിത്സിക്കുക ഏതാണ്ട് അസാധ്യമാണ്.
ആന്റിവെനം കണ്ടെത്തുന്നതിന് മുമ്പ് കടിയേറ്റവരിൽ 40 - 60 ശതമാനം പേർ മരണമടഞ്ഞിരുന്നതായി ഓസ്ട്രേലിയൻ വെനം റിസേർച്ച് യൂണിറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കോസ്റ്റൽ തായ്പ്പൻ
ഓസ്ട്രേലിയ തന്നെ മറ്റൊരു മാരക ജീവിക്കും കൂടി ആവാസഭൂമിയാണ്, കോസ്റ്റൽ തായ്പ്പൻ. ഓസ്ട്രേലിയയുടെ വടക്കൻ, കിഴക്കൻ തീരപ്രദേശങ്ങളിലും ന്യൂ ഗിനിയയിലുമാണ് ഇവയെ പ്രധാനമായും കാണുന്നത്. ഇവയുടെ വിഷം നാഡീവ്യൂഹത്തെയും രക്തചംക്രമണത്തെയും ബാധിക്കുന്നു. ഇത് വളരെ വേഗതയുള്ളതും പ്രകോപിപ്പിക്കപ്പെട്ടാൽ തുടർച്ചയായി പലതവണ കടിക്കാൻ മടിക്കാത്തതുമായ പാമ്പാണ്.
ബ്ലാക്ക് മാംബ
എന്നാൽ വേഗതയുടെ കാര്യം വരുമ്പോൾ ലോകം മുഴുവൻ ഭയക്കുന്ന പേരാണ് ബ്ലാക്ക് മാംബ. മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഇത് ലോകത്തിലെ ഏറ്റവും വേഗമേറിയ കരപ്പാമ്പാണ്. ആഫ്രിക്കയുടെ പേടിസ്വപ്നമായ ഈ ജീവിയുടെ വായ തുറക്കുമ്പോൾ ഉൾഭാഗം മഷി പോലെ കറുത്തിരിക്കുന്നതിനാലാണ് ഇവയ്ക്ക് 'ബ്ലാക്ക് മാംബ' എന്ന് പേര് ലഭിച്ചത്.
ഒരു കടിയിൽ ഒന്നിലധികം തവണ ആക്രമിക്കുന്ന ശീലമുള്ള ഇതിന്റെ ന്യൂറോടോക്സിൻ ഇരയുടെ ശ്വസനവ്യൂഹത്തെ പൂർണ്ണമായും നിശ്ചലമാക്കുന്നു, കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ 20 മിനിറ്റിനുള്ളിൽ മരണം സംഭവിക്കാം. antivenom ലഭിക്കാതെ വന്നാൽ മരണനിരക്ക് ഏതാണ്ട് 100% ആണെന്ന് African Snakebite Institute വ്യക്തമാക്കുന്നു.
ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്
ഓസ്ട്രേലിയയിലേക്ക് തിരിച്ചുവന്നാൽ, ആ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ മനുഷ്യജീവൻ അപഹരിക്കുന്നത് ഈസ്റ്റേൺ ബ്രൗൺ സ്നേക്കാണ്. ഇവയുടെ വിഷം വൃക്കകളുടെ പ്രവർത്തനത്തെയും ഹൃദയത്തെയും ബാധിക്കുന്നു.
അതിവേഗവും അങ്ങേയറ്റം ആക്രമണോത്സുകവുമായ ഈ പാമ്പ് മനുഷ്യവാസ മേഖലകളോട് ചേർന്ന് ജീവിക്കുന്നത് ഇതിനെ ഏറ്റവും അപകടകാരിയാക്കുന്നു. ഓസ്ട്രേലിയയിലെ ആകെ പാമ്പുകടി മരണങ്ങളിൽ 60% ത്തിലധികവും ഈ ഒറ്റ ഇനം കാരണമാണെന്ന് Australian Museum രേഖപ്പെടുത്തുന്നു.
റസ്സൽസ് വൈപ്പർ
ഏഷ്യയിലേക്ക് വരുമ്പോൾ, ഇന്ത്യയിലും ദക്ഷിണേഷ്യ മുഴുവനും ഭയത്തോടെ മാത്രം പറയുന്ന പേരാണ് അണലി എന്നറിയപ്പെടുന്ന റസ്സൽസ് വൈപ്പർ. വ്യാപകമായ ആവാസ മേഖലയും അക്രമോത്സുക സ്വഭാവവും ചേരുന്നതോടെ ഇത് ഏഷ്യയിലെ ഏറ്റവും മാരകമായ പാമ്പുകളിൽ ഒന്നായി മാറുന്നു.
WHOയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ വാർഷിക പാമ്പുകടി മരണങ്ങളിൽ ഏറിയ പങ്കും ഈ ഒറ്റ ഇനം കാരണമാണ് അതിനാൽ തന്നെ ഇവ ബിഗ് ഫോറിൽ ഉൾപ്പെടുന്നു. കടിയേറ്റാൽ വൃക്ക തകരാർ, ആന്തരിക രക്തസ്രാവം, കലകളുടെ നാശം എന്നിവ അതിവേഗം സംഭവിക്കുന്നു.
ഇൻലൻഡ് തായ്പ്പൻ
എന്നാൽ വിഷത്തിന്റെ തീവ്രതയിൽ ഇവരെയെല്ലാം പിന്നിലാക്കുന്നത് ഇൻലൻഡ് തായ്പ്പനാണ്, ഭൂമിയിലെ ഏറ്റവും വിഷമുള്ള പാമ്പ്. ഒരൊറ്റ കടിയിൽ നൂറ് മനുഷ്യരെ കൊല്ലാൻ ആവശ്യമായ വിഷം ഉൾക്കൊള്ളുന്ന ഈ ജീവി, ഓസ്ട്രേലിയയുടെ ഉൾനാടൻ മരുഭൂമിയിൽ മാത്രം വസിക്കുന്ന അങ്ങേയറ്റം ഏകാന്തപ്രിയമായ ഒന്നാണ്.
Antivenom ഉപയോഗിച്ച് ചികിത്സിച്ച ഒരൊറ്റ കേസിലും ഇതുവരെ മരണം സംഭവിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ഹുക്ക്-നോസ്ഡ് സീ സ്നേക്ക്
കരയിൽ നിന്ന് കടലിലേക്ക് വരുമ്പോൾ അപകടം കുറയുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും വസിക്കുന്ന ഹുക്ക്-നോസ്ഡ് സീ സ്നേക്ക് ലോകത്തിലെ അത്യന്തം വിഷമുള്ള സമുദ്ര പാമ്പുകളിൽ ഒന്നാണ്. എന്നാൽ സ്വഭാവത്തിൽ സൗമ്യവും ഒരു കടിയിൽ പുറത്തുവിടുന്ന വിഷത്തിന്റെ അളവ് വളരെ കുറവുമായതിനാൽ മനുഷ്യ മരണങ്ങൾ അപൂർവ്വമാണ്.
ഡുബോയ്സ് സീ സ്നേക്ക്
അതേ കടലിൽ തന്നെ ഒളിഞ്ഞിരിക്കുന്ന മറ്റൊരു ഭീഷണിയാണ് ഡുബോയ്സ് സീ സ്നേക്ക്. ഓസ്ട്രേലിയയുടെ പവിഴ പുറ്റുകളിൽ മറഞ്ഞിരിക്കുന്ന ഇവ ഡൈവർമാർക്ക് ഏറ്റവും ഗുരുതരമായ ഭീഷണിയാണ്. ഒരൊറ്റ കടി ഒരു ഡൈവറുടെ ജീവൻ അപഹരിക്കാൻ പര്യാപ്തമാണെന്ന് Journal of Herpetology വ്യക്തമാക്കുന്നു.
യെല്ലോ-ബെല്ലീഡ് സീ സ്നേക്ക്
പസഫിക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും വ്യാപകമായി കാണപ്പെടുന്ന യെല്ലോ-ബെല്ലീഡ് സീ സ്നേക്കാണ് ഈ പട്ടികയിലെ അവസാനത്തേത്. തിളക്കമുള്ള മഞ്ഞ-കറുപ്പ് നിറം കൊണ്ട് ഉടൻ തിരിച്ചറിയാൻ കഴിയുന്ന ഈ പൂർണ്ണ ജലജീവിയുടെ വിഷം ശക്തമാണെങ്കിലും ചെറിയ കടിക്കൊള്ളികളും കുറഞ്ഞ വിഷ അളവും കാരണം മനുഷ്യ മരണങ്ങൾ അപൂർവ്വമാണ്.
ലോകത്തിൽ ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ട സമുദ്ര പാമ്പാണിതെന്ന് National Geographic രേഖപ്പെടുത്തുന്നു. ഇങ്ങനെ വിഷത്തിന്റെ ശക്തിയാലും വേഗത്താലും സ്വഭാവത്താലും മനുഷ്യനെ നിമിഷങ്ങൾക്കുള്ളിൽ കീഴടക്കാൻ കഴിയുന്ന പാമ്പുകളുടെ ലോകം ഒരേസമയം ഭീതിജനകവും അതിശയകരവുമാണ്.
എന്നാൽ ഈ ജീവികൾ മനുഷ്യനെ തേടിയെത്തുന്നവരല്ല, അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ ജീവിക്കുന്നവരാണ്. മനുഷ്യന്റെ ഇടപെടലുകളും കാലാവസ്ഥാ മാറ്റവും വനനശീകരണവും മനുഷ്യവാസമേഖലകളുടെ വ്യാപനവും കൂടുന്തോറും, മനുഷ്യനും പാമ്പും തമ്മിലുള്ള അകലം കുറഞ്ഞുവരുന്നതായി കാണാം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ, പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണം കൂടുതൽ പ്രാധാന്യമാർജിക്കുന്നു.
Todays Story
വേട്ടക്കുറുമർ, അടിയർ, കാട്ടുനായ്ക്കർ എന്നിവരിൽ ജനസംഖ്യം അതിവേഗം കുറഞ്ഞുവരികയാണ്. നാലര ലക്ഷത്തോളം ആദിവാസികളാണ് സംസ്ഥാനത്തുള്ളത്. ഇതിൽതന്നെ ഒന്നര ലക്ഷവും വയനാട് ജില്ലയിലാണ്.
ശിശുമരണം, ഗർഭച്ഛിദ്രം, വന്ധ്യംകരണം, വന്ധ്യത എന്നിവ ഗോത്രവിഭാഗങ്ങളിൽ കൂടുതലാണ്. ഇക്കാലത്ത് വീടുകളിൽ കുട്ടികളുടെ എണ്ണം ഒന്നോ രണ്ടോ മാത്രമായി.
തരിയോട്, വെള്ളമുണ്ട , തൊണ്ടർനാട്, എടവക, പൊഴുതന, പടിഞ്ഞാറെത്തറ പഞ്ചായത്തുകളിലെ 174 കുടുംബങ്ങളിലായി കാടർ സമുദായത്തിലെ ആകെ അംഗങ്ങൾ 673 മാത്രം. കുറ്റ്യാടിക്കല്യാണം വന്നതോടെ ഇവിടെയും യുവാക്കൾക്ക് പെണ്ണു കിട്ടാതായി.
കാടർക്ക് മറ്റ് വിഭാഗങ്ങളിൽനിന്ന് പെണ്ണിനെ സ്വീകരിക്കാനാവാത്തതിനാൽ വംശം വൈകാതെ അന്യം നിൽക്കും. ആണ്‍കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗംമൂലം പഠിപ്പുള്ള പല പെണ്‍കുട്ടികളും കുറ്റ്യാടിക്കല്യാണത്തിനായി കാത്തിരിക്കുന്നു.
വയനാട്ടിൽ നിന്നു ബംഗളൂരുവിലും മൈസൂരുവിലും ഉപരിപഠനത്തിനു പോയ പെണ്‍കുട്ടികൾ കർണാടകത്തിൽനിന്നുള്ള വിവാഹം കഴിക്കുന്നതും പതിവാണ്. തമിഴ് യുവാക്കളെ വിവാഹം ചെയ്തവരും കുറവല്ല.
വലിയ ആദിവാസി വിഭാഗമായ പണിയർ വംശനാശഭീഷണിയിലാണ്. പണിയ നൃത്തത്തിലൂടെ സവിശേഷ സംസ്കാരമുള്ള ഇവരേറെയും അകാല മരണത്തിന് ഇരയാകുന്നു. പണിയെടുക്കുന്നവർ എന്നാണ് പണിയർ എന്ന വാക്കിന് അർഥം.
പണിയരിൽ 74.49 ശതമാനം പേരും വയനാട്ടിലാണ് ജീവിക്കുന്നത്. കുടകിൽ ജോലിക്കുപോയി ദുരൂഹമരണത്തിന് ഇരയാകുന്നതേറെയും പണിയ യുവതീ യുവാക്കളാണ്. ആദിവാസികൾക്കിടയിൽ ഏറ്റവും കുറഞ്ഞ ജനനനിരക്കും കുറഞ്ഞ ആയുർദൈർഘ്യവും പണിയർക്കിടയിലാണ്.
ഇരുപതിനായിരത്തിൽ താഴെയാണ് കാട്ടുനായ്ക്കരുടെ എണ്ണം. പ്രാക്തന ഗോത്ര വർഗമായ ഇവർ തേൻകുറുമർ എന്നും അറിയപ്പെടുന്നു. തേനും കാട്ടുകിഴങ്ങുകളും കായ്കളുമാണ് പ്രധാന ആഹാരം. തേൻശേഖരണമാണ് മുഖ്യതൊഴിൽ എന്നതിനാൽ കാട്ടുനായ്ക്കർ തേൻകുറുമർ അഥവാ ജ്യേനുക്കുറുമർ എന്ന് അറിയപ്പെടുന്നു.
വൻമരങ്ങളിൽ കിടക്കുന്ന തൂക്കുതേൻ, വേരിലും മരപ്പുറ്റിലും കാണുന്ന പുറ്റുതേൻ, കുറ്റിക്കാട്ടിലെ കോലു തേൻ, ചെറുതേൻ എന്നിവ ശേഖരിച്ച് ഉപജീവനം നയിക്കുന്നു. അടിയർ എന്നാൽ അടിമയെന്നും അടിയൻ എന്നമാണ് അർഥം. കർണാടകത്തിൽ കൃഷിചെയ്ത് ജീവിച്ചിരുന്ന ഇവർ വയനാട്ടിലെത്തി ജന്മികളുടെ അടിമകളായി മാറി.
ഇവരുടെ അനുഷ്ഠാന കലയാണ് നാട്ടുഗദ്ദിക. കുടകിനോട് ചേർന്ന വയനാടൻ പ്രദേശങ്ങളിലാണ് ഏറെയും താമസം. അടിയരിലും കുറ്റ്യാടിക്കല്യാണത്തിനു കുറവില്ല. കുള്ളുകൾ എന്നറിയപ്പെടുന്ന അടിയ കുടിലുകളിൽ കഴിയുന്ന പെണ്‍കുട്ടികൾക്കും താത്പര്യം നാട്ടിലെ ചെറുക്കൻമാരെയാണ്.
പാരന്പര്യപ്രകാരം അന്യജാതിക്കാരുമായി അടിയർക്ക് വിവാഹം പാടില്ല. വിവാഹം നിശ്ചയിക്കുന്നത് സമുദായ കാരണവരാണ്. താലി കെട്ടാനുള്ള അവകാശവും മൂപ്പൻ എന്ന കാരണവർക്കാണ്. പെണ്‍കുട്ടികൾ കുറ്റ്യാടിക്കല്യാണങ്ങളിലേക്ക് പോയതോടെ ആചാരമൊക്കെ ഉൗരുകൾക്ക് അന്യമാവുകയാണ്.
കുടുംബശ്രീയുടെ കരുതൽ
കുറ്റ്യാടിക്കല്യാണങ്ങൾക്ക് പ്രചാരം വർധിച്ചതോടെ വയനാട് കുടുംബശ്രീ മിഷന്റെ ശക്തമായ ഇടപെടുലുണ്ടായതായി ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ പറഞ്ഞു. 2012 ലാണ് കുറ്റ്യാടിക്കല്യാണങ്ങൾ ഊരുകളിൽ തുടക്കമായത്.
പിന്നോക്കം നിൽക്കുന്ന ഗോത്രവാസി പെണ്‍കുട്ടികളെയാണ് പുറംവാസികൾ വിവാഹം ചെയ്യാനെത്തിയത്. വിവാഹങ്ങൾ വ്യാപകമായതോടെ കുടുംബശ്രീ മിഷൻ വിഷയത്തിൽ സജീവമായി ഇടപെട്ടു.
ഒരു വിഭാഗം പെണ്‍കുട്ടികൾ ഇടനിലക്കാർ മുഖേന ഇരകളാക്കപ്പെട്ടതായി കണ്ടെ ത്തിയതോടെ കൗണ്‍സിലർമാർ ബോധവത്കരണവുമായി ഉന്നതികളിലെത്തി. ബാലസഭകൾ, യൂത്ത് ക്ലബുകൾ, സ്പോർട്സ് ക്ലബുകൾ, സഹവാസ ക്യാന്പുകൾ എന്നിവയിലൂടെ ചെറിയ പ്രായക്കാരെ ബോധവത്കരിച്ചു.
ഊരുമൂപ്പൻമാർക്കും ബോധവത്കരണം നൽകി. ഇതരവിഭാഗങ്ങളിൽപ്പെട്ടവർ വിവാഹം ചെയ്ത പട്ടികവർഗ യുവതികളുടെ ഭർതൃഗൃഹങ്ങളിലെ ജീവിതാവസ്ഥയെക്കുറിച്ചു പഠിക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നിലവിലെ തീരുമാനം.
മിഷനു കീഴിൽ രൂപീകരിച്ച വിജിലന്റ് ഗ്രൂപ്പുകളുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തുന്നു. കുറ്റ്യാടിക്കല്യാണങ്ങളിലെ ചതിയും കെണിയും തിരിച്ചറിയാൻ ഗോത്രവാസികൾക്ക് ഒരു പരിധി വരെ സാധിച്ചതായി ആശ പോൾ പറഞ്ഞു.
ഇതിൽ ചതിയുണ്ട്, കെണിയുണ്ട്
കുറ്റ്യാടിക്കല്യാണത്തിനെതിരേ ബോധവത്കണം നടത്തുന്നതിൽ പരിമിതിയേറെയുണ്ട്. ഇത്തരം കല്യാണങ്ങളിൽ ചതിവും വഞ്ചനയും ഒളിഞ്ഞിരിക്കുന്നതായി അച്ഛനമ്മമാരെ ബോധിപ്പിക്കുക എളുപ്പമല്ല. എന്റെ മകൾക്ക് നാട്ടിൽ നല്ല കാലം വരുന്നത് ഇല്ലാതാക്കാനാണോ ശ്രമം എന്ന് അച്ഛനമ്മമാർ ചോദിക്കും.
മറ്റു പലരും കെണിയിൽപ്പെട്ട കാര്യം പറഞ്ഞാൽ കല്യാണം മുടക്കാൻ വന്നതാണോ എന്നാവും മറുചോദ്യം. മാനം നഷ്ടപ്പെടാതിരിക്കാൻ പലരും ഇത്തരം ബോധവത്കരണത്തിന് പോകില്ല- വിശ്വനാഥൻ പറഞ്ഞു. പഠിപ്പുള്ള പെണ്‍കുട്ടികളിൽ ചിലർക്ക് കുറ്റ്യാടിക്കല്യാണത്തോട് അനുഭാവമാണ്.
ജോലി നേടിയവർ നാട്ടിലെ പരിഷ്കാരി പയ്യൻമാരെ കെട്ടാൻ ആഗ്രഹിക്കുന്നു. സ്വന്തം ഊരുവാസിയെ കെട്ടിയാൽ ഭർത്താവിന്റെയും അവരുടെ അച്ഛനമ്മമാരുടെയും സംരക്ഷണം ഏറ്റെടുക്കേണ്ടിവരില്ലെയെന്നതാണ് ജോലിക്കാരായ ആദിവാസി പെണ്‍കുട്ടികളുടെ കാഴ്ചപ്പാട്.
തന്നെയുമല്ല ഊരുകളിലെ പരിമിതമായ സാഹചര്യങ്ങൾ വിട്ടൊഴിയാൻ പെണ്‍കുട്ടികളിൽ ചിലരൊക്കെ ആഗ്രഹിക്കുന്നു. പാവപ്പെട്ട പിന്നോക്ക ആദിവാസി കുടുംബങ്ങളിലായിരിന്നു കുറ്റ്യാടിക്കല്യാണങ്ങൾക്ക് തുടക്കം. ഒരു പരിധിവരെ ആദിവാസികളുടെ പിന്നോക്കാസ്ഥയെ പലരും ചൂഷണം ചെയ്യുകയായിരുന്നു.
പിന്നീട് അത് എല്ലാ വിഭാഗങ്ങളേക്കും കടന്നു കയറി. നിലവിൽ അതിന് പുതിയ മാനങ്ങളും കാഴ്ചപ്പാടുകളും വന്നിരിക്കുന്നു. ഇത്തരം കല്യാണങ്ങളിൽ നിന്ന് മുതലെടുപ്പ് നടത്തുന്ന ഇടനിലക്കാരുടെ ചതിക്കെണികൾ തിരിച്ചറിയേണ്ടതുണ്ട്.
കുറ്റ്യാടിക്കല്യാണങ്ങൾ നടത്തിയ പെണ്‍കുട്ടികൾ ആകെ എത്രയെന്നതിൽ ഒരാൾക്കും തിട്ടമില്ല. എന്നാൽ നിലവിലെ അവരുടെ ജീവിത സാഹചര്യം പഠനവിഷയമാക്കേണ്ടതുണ്ട്. ചതിയിൽപെട്ട പല യുവതികളുണ്ടെന്നതിൽ സംശയമില്ല - വിശ്വനാഥൻ പറഞ്ഞു.
Todays Story
കുറ്റ്യാടിക്കല്യാണങ്ങളിലേറെയും വധുവിന് പ്രായം ഇരുപതിൽ താഴെയാണ്. വരന് പത്തും ഇരുപതും വയസ് കൂടുതലുണ്ടാകും. കല്യാണത്തിന് മുൻപ് നാട്ടിലും വീട്ടിലും വരനെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാഹചര്യമില്ല.
ഊരിനു പുറത്ത് ബന്ധങ്ങളും പരിചയവുമില്ലാത്ത ആദിവാസികൾക്ക് നഗരവാസിയായ ചെറുക്കനെക്കുറിച്ച് ഇടനിലക്കാരൻ നൽകുന്ന അറിവേ ഉണ്ടായിരിക്കൂ. പട്ടിക വർഗ ക്ഷേമസ്ഥാപനങ്ങളോ സംഘടനകളോ അറിയാതെയും അറിയിക്കാതെയുമാണ് കുറ്റ്യാടിക്കല്യാണങ്ങൾ നടക്കുക.
ഓരോ ഗോത്രവാസി വിഭാഗത്തിനും തനതു സംസ്കാരവും പാരന്പര്യവും ആചാരങ്ങളുണ്ട്. എന്നാൽ നാട്ടുവാസികൾക്ക് ഇത്തരത്തിലുള്ള യാതൊരു ബോധ്യങ്ങളുമില്ല. ചെറുക്കൻ കണ്ട് ധാരണയിലെത്തിയാൽ അതിവേഗം കല്യാണം നടത്തി വധുവിനെ കൊണ്ടുപോവുകയാണ് പതിവ്.
ഇടനിലക്കാരുടെ കൈവശം ഇത്തരത്തിൽ ഒട്ടേറെ പെണ്‍കുട്ടികളുടെ ഫോട്ടോയുണ്ടാകും. നാട്ടിലെ ചെറുക്കനെ ഈ ഫോട്ടോകൾ കാണിച്ചാണ് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ കണ്ടെത്തുക.
തലേന്ന് പെണ്ണിനെ കണ്ട് പിറ്റേന്ന് വിവാഹം നടത്തിയ സംഭവങ്ങളുമുണ്ട്. വധുവിന്റെ കുടുംബവുമായി പരിചയപ്പെടാൻപോലും ഇടനിലക്കാർ പെണ് വീട്ടുകാരെ സമ്മതിക്കില്ല. ഇടനിലക്കാർ പെണ്ണിനെ നാട്ടിലെത്തിച്ചു ചെറുക്കനു കൈമാറിയ സംഭവങ്ങളുമുണ്ട്.
കുറ്റ്യാടിക്കല്യാണം സാന്പത്തിക നേട്ടമുള്ള കച്ചവടമായി മാറിയതോടെ നാട്ടിൻപുറങ്ങളിൽ മാത്രമല്ല കല്യാണ ബ്രോക്കർമാർ. വിവിധ ഊരുകളിൽ ആദിവാസി സ്ത്രീകൾ ഉൾപ്പെടെ ഇടനിലക്കാരുണ്ട്.
ഊരു മൂപ്പനും പെണ്ണിന്റെ അച്ഛനമ്മാവൻമാർക്കും കാശും കള്ളും കൊടുത്ത് ഇടനിലക്കാർ പെണ്‍കുട്ടികളെ വിവാഹത്തിന് നിർബന്ധിക്കുന്നതും പതിവാണ്. വിവാഹശേഷം വൈകാതെ വരന്റെ സ്വഭാവരീതിയിലും പെരുമാറ്റത്തിലും മാറ്റം വരാം.
രക്ഷിതാക്കൾക്ക് മകൻ ഗോത്രവാസിയെ മകൻ വിവാഹം ചെയ്തതിൽ എതിർപ്പുണ്ടാകാം. കാട്ടിൽനിന്നു കൊണ്ടുവന്ന പെണ്ണിനു വൃത്തിയും അഴകും അറിവുമില്ലെന്ന അധിക്ഷേപത്തിൽ കുറ്റം ചാർത്തലും അവഹേളനവും പതിവാകും.
ഒരു കല്യാണം നടത്തിയാൽ ഇടനിലക്കാരൻ അതേ ഊരിൽ സാധ്യതയുടെ വൻ കന്പോളമുറപ്പിക്കും. മുൻപു നടത്തിയ വിവാഹത്തിൽ വധുവിനു സിദ്ധിച്ച സൗഭാഗ്യവും വരന്റെ വീട്ടിലെ സൗകര്യങ്ങളും പറഞ്ഞ് പ്രലോഭനത്തിൽ വീഴ്ത്തും.
യോഗ്യരായ ചെറുക്കനെ കൊണ്ടുവരാം എന്ന ധാരണയിൽ കൗമാരക്കാരികളുടെ ഫോട്ടോയും ഫോണ്‍ നന്പറും ഇടനിലക്കാരൻ വാങ്ങിയെടുക്കും. നാട്ടുവാസികളായ പുരുഷൻമാരുടെ ഫോട്ടോകളും ജോലി വിവരങ്ങളും വീടും കാണിച്ച് ഗോത്രവാസികളെ വലയിലാക്കും.
ഇത്തരത്തിൽ പല പെണ്‍കുട്ടികളും കെണിയിൽ വീണിട്ടുണ്ട്. ആഘോഷത്തോടെ ചെറുക്കനും പെണ്ണും കാറിൽ ഊരിലേക്കു മടങ്ങുന്നത് പലർക്കും പ്രലോഭനമാണ്. നാട്ടുവാസികൾ കൊണ്ടുപോകുന്ന പെണ്‍കുട്ടികൾക്കെല്ലാം നല്ല കാലമാണെന്ന ഇടനിലക്കാരുടെ വീന്പിളക്കലിൽ പല പെണ്‍കുട്ടികളും പ്രലോഭിതരാകുന്നു.
കുറ്റ്യാടിക്കല്യാണങ്ങളിൽ അപൂർവമായി നല്ല നിലയിൽ കഴിയുന്നവരുണ്ട്. കല്യാണങ്ങളൊന്നും ഊരിൽവച്ച് നടക്കാറില്ല. പെണ്ണിനെ നാട്ടിലെത്തിച്ചശേഷമാണ് വിവാഹം. ചിലപ്പോൾ ആചാരപരമായ നടപടികളൊന്നും ഉണ്ടാകാറില്ല. പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെയോ സഹോദരങ്ങളെപ്പോലുമോ ക്ഷണിക്കാതെ വരന്റെ വീട്ടിൽ കല്യാണം നടത്തിയവരുണ്ട്.
കല്യാണങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്നില്ലെന്നതാണ് പെണ്‍കുട്ടിക്ക് പിൽക്കാലത്തുണ്ടാകുന്ന കുരുക്ക്. കുട്ടികളുമായോ അല്ലാതെയോ ഉപേക്ഷിക്കപ്പെടുന്നവർക്ക് ജീവനാംശം കിട്ടാതെ വരും. ഇത്തരത്തിൽ തിരികെ വന്നു കൂലിവേലയെടുത്ത് ജീവിക്കുന്ന യുവതികൾ വയനാട്ടിൽ പലരാണ്.
പറ്റിയ ചതിയും കെണിയും പുറത്തുപറയാൻ താത്പര്യപ്പെടാത്തവരാണ് ഏറെയും. ചിലരാകട്ടെ ഊരിലും കുടിയിലും ഇടമില്ലാതെ തമിഴ് നാട്ടിലേക്കും കുടകിലേക്കും ജോലി തേടിപോകുന്നു.
പുനർ വിവാഹത്തിനുള്ള സാധ്യത ഗോത്ര ആചാരത്തിൽ പതിവില്ല. കുറ്റ്യാടിക്കല്യാണത്തിൽ ജനിക്കുന്ന കുട്ടികൾ അച്ഛന്റെ സമുദായാചാരങ്ങളും വിശ്വാസങ്ങളും പിന്തുടരുന്ന സാഹചര്യത്തിൽ ആദിവാസി ഗോത്രത്തിന് പിൻതുടർച്ച ലഭിക്കുന്നില്ല.
അന്യാധീനപ്പെടുന്ന ഗോത്രസംസ്കാരം
മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചു നാട്ടുവാസികളെ കല്യാണം കഴിക്കാൻ താൽപര്യപ്പെടുന്ന ഗോത്രവാസി പെണ്‍കുട്ടികളുമുണ്ട്. പഠിപ്പും ജോലിയുമുള്ള പെണ്‍കുട്ടികൾക്ക് അനുയോജ്യരായ ചെറുക്കൻമാർ സമുദായത്തിൽ കിട്ടുക എളുപ്പമല്ല.
വനംവകുപ്പിലും പോലീസിലും ഉൾപ്പെടെ വയനാട്ടിൽ ഇരുന്നൂറോളം ആദിവാസികൾക്ക് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സർക്കാർ ജോലി ലഭിച്ചതിൽ 80 ശതമാനവും പെണ്‍കുട്ടികളാണ്. ഇവർക്ക് അനുയോജ്യരായ ചെറുക്കൻമാരെ സ്വന്തം സമുദായത്തിൽ ലഭിക്കുക എളുപ്പമല്ല.
പണിയ പെണ്‍കുട്ടിക്ക് കാട്ടുനായ്ക്ക വിഭാഗത്തിലെ ചെറുക്കനെ കെട്ടാൻ അനുവാദമില്ല. സമുദായം മാറി കല്യാണം കഴിച്ചാൽ എതിർപ്പുകളുയരും. സർക്കാർ ജോലിയും ബിരുദവും നേടിയ പെണ്‍കുട്ടികൾ എട്ടാം ക്ലാസുവരെ പോലും പഠിപ്പില്ലാതെ അലസനായി ജീവിക്കുന്ന ഗോത്രവാസി യുവാക്കളെ വിവാഹം ചെയ്യാൻ തയാറല്ല.
മദ്യത്തിനും കഞ്ചാവിനും മൊബൈലിനും അടിമപ്പെട്ടവരും വനവിഭവങ്ങൾ ശേഖരിച്ചും മരം കയറിയും കൂലിവേല ചെയ്തും കഴിയുന്നവരാണ് ഏറെ യുവാക്കളും. ഈ നിലയിൽ പരിഷ്കൃതരായ നാട്ടുവാസികൾക്കൊപ്പം പോയാൽ തങ്ങൾക്കും അടുത്ത തലമുറയ്ക്കും നല്ലകാലം വരുമെന്ന തിരിച്ചറിവിലാണ് പലരിലും ഇക്കാലത്ത് കുറ്റ്യാടിക്കല്യാണത്തിന് താത്പര്യക്കാരേറുന്നത്.
സാന്പത്തിക സാമൂഹിക തലങ്ങളിൽ വന്ന മാറ്റമാണ് കുറ്റ്യാടിക്കല്യാണങ്ങൾ പ്രചാരത്തിലാകാൻ കാരണം. ഊരിലെ ചെറുക്കൻമാരെ പഠിപ്പും പ്രാപ്തിയുമുള്ള പെണ്‍കുട്ടികൾക്ക് വേണ്ട ാതായിരിക്കുന്നു.
പയ്യൻമാരുടെ അലസത മാത്രമല്ല അവരുടെ ജീവിത ശൈലിയും തൊഴിലും ഇക്കാലത്തും പഴയതുതന്നെ. പെരുമരങ്ങൾ കയറിയിറങ്ങി തേനെടുക്കുന്ന ചെറുക്കനെ സർക്കാർ ഉദ്യോഗം കിട്ടിയ ആദിവാസി പെണ്ണിന് ഉൾക്കൊള്ളാനാവില്ല.
ഈയിടെയായി വിദ്യാഭ്യാസവും ഉദ്യോഗവുമുള്ള പെണ്‍കുട്ടികളാണ് കുറ്റ്യാടിക്കല്യാണത്തിലൂടെ ഊരുവിടുന്നവരിൽ പലരും. ഇവരേറെയും ഉന്നത പഠനത്തിനും ജോലിക്കും നഗരങ്ങളിലെത്തിയപ്പോൾ വികസിത ലോകത്തിൽ ആകൃഷ്ടരുമായിരിക്കും.
സ്വന്തം ഊരിലെ ആണുങ്ങളാവട്ടെ വനജീവിതം മാത്രം പരിചയപ്പെട്ടവരും പഠനത്തിൽ പിന്നോക്കവുമായിരിക്കും. ആദിവാസി പെണ്കുട്ടികക്ക് ഉൗരുകളിൽ പുരുഷനു തുല്യമായ അധികാരവും അവകാശങ്ങളുമുണ്ട്.
മരണം, കല്യാണം ചടങ്ങുകളിൽ കർമം ചെയ്യാനുള്ള അവകാശം ഉൾപ്പെടെ പ്രത്യകം പദവിയും പരിഗണനയുമുണ്ട്. ഇത്തരത്തിൽ പെണ്‍കുട്ടി പുറത്തൊരാളെ കല്യാണം കഴിക്കാൻ താത്പര്യപ്പെട്ടാൽ കുലത്തിലും ഗണത്തിലും എതിർപ്പുകളുണ്ടാകില്ല.
ഇത്തരത്തിൽ പണിയ, കാട്ടുനായ്ക്ക, അടിയ വിഭാഗങ്ങളിൽ പെണ്ണു കിട്ടാതെയും വിവാഹം മുടങ്ങിയും കഴിയുന്ന ചെറുപ്പക്കാർ ഏറെയാണ്. ആദിവാസി ജനസംഖ്യ ഭാവിയിൽ അതിവേഗം കുറയാൻ ഇത് ഇടയാക്കും.
കുറ്റ്യാടിക്കല്യാണങ്ങളുടെ സാഹചര്യങ്ങളെപ്പറ്റി ഗൗരവമായ പഠവും ശ്രദ്ധയും വേണ്ടതുണ്ടെന്ന് ആദിവാസി ഗോത്രസഭാ നേതാവ് സി.കെ. ജാനു പറഞ്ഞു. നാട്ടിലേക്കു പോകുന്ന അപൂർവം പെണ്‍കുട്ടികൾ നന്നായി പോകുന്നുണ്ടാകാം.
എന്നാൽ ഏറെപ്പേർക്കും ദുരിതമായിരിക്കും ജീവിതം. കുറ്റ്യാടിക്കല്യാണു നടത്തിയവരുടെ ഇന്നത്തെ സ്ഥിതിയും നിലയും എന്തെന്ന് ഊരുകാർക്കും അറിയില്ല. പോയ പെണ്‍കുട്ടികളിൽ ഒരിക്കലും തിരിച്ചുവരാത്തവരുമുണ്ട്.
പിന്നോക്കം നിൽക്കുന്ന എല്ലാ ആദിവാസി വിഭാഗങ്ങൾക്കിടയിലും കുറ്റ്യാടിക്കല്യാണമുള്ളതായി ജാനു പറഞ്ഞു.
Todays Story
വയനാട്ടിലെ കുറ്റ്യാടിക്കല്യാണം ഇക്കാലത്തും ഗോത്രവാസി വിഭാഗങ്ങളിൽ ആചാരമായി തുടരുകയാണ്. പട്ടിക വർഗ ആദിവാസി പെണ്‍കുട്ടികളെ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്നുള്ള പൊതുവിഭാഗക്കാർ ഇടനിലക്കാർ മുഖേന നടത്തുന്ന കുറ്റ്യാടിക്കല്യാണങ്ങൾക്കു തടയിടാൻ നിയമ സംവിധാനങ്ങൾക്കാവുന്നില്ല.
കൂത്തുപറമ്പ്, തലശേരി, നാദാപുരം, വടകര, കുറ്റ്യാടി, താമരശേരി, പേരാന്പ്ര, വളയം, തളിപ്പറന്പ് പ്രദേശങ്ങളിൽനിന്നുള്ളവരാണ് വയനാട്ടിലെ ഊരുകളിലെത്തി പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത്. ഇരകളിൽ പലരും പതിനെട്ടു വയസ് തികയാത്തവരുമാണ്.
പോക്സോ ഉൾപ്പെടെ കേസുകളെടുക്കാവുന്ന വിവാഹങ്ങളാണ് പലതും. ഈ വിവാഹങ്ങളിൽ ഒട്ടേറെ ഗോത്രവാസികൾ ചതിക്കപ്പെടുന്നു. എന്നാൽ ഒന്നിലും അന്വേഷണങ്ങൾ നടക്കുന്നുമില്ല. തിരുനെല്ലി പഞ്ചായത്തിൽ മാത്രം 34 വിവാഹങ്ങൾ നടന്നതായി കുടുംബശ്രീ മിഷൻ സർവേയിൽ കണ്ടെത്തിയിരുന്നു.
ഇത്തരത്തിൽ ഊരുവിട്ടു വിവാഹിതരായ നിരവധി പെണ്‍കുട്ടികൾ ഭർതൃവീട്ടിൽനിന്നു മടങ്ങി എത്തിയിട്ടുമുണ്ട്. മാനന്തവാടി ബ്ലോക്കിൽമാത്രം 215 കുറ്റ്യാടി കല്യാണങ്ങൾ നടന്നു. പണിയ വിഭാഗത്തിൽ തുടങ്ങിയ കുറ്റ്യാടി കല്യാണം പിന്നീട് വയനാട്ടിലെ വിവിധ പിന്നാക്ക ഗോത്രങ്ങളിലും പ്രചാരം നേടി.
ജാതി, ജാതകം എന്നിവ പ്രശ്നമല്ലെന്നും പിന്നോക്ക പെണ്‍കുട്ടികളെ സ്ത്രീധനമില്ലാതെ കെട്ടാൻ തയാറാണെന്നുമുള്ള പതിവു പത്രപര്യങ്ങൾ കുറ്റ്യാടി കല്യാണത്തിനുള്ള ഇരകളെ ലക്ഷ്യം വച്ചുള്ളതാണ്.
കർണാടകത്തിലെ കുടകിൽ ജോലി തേടി പോയ യുവതികളായിരുന്നു ആദ്യകാലങ്ങളിൽ കുറ്റ്യാടി കല്യാണത്തിന്റെ ഇരകൾ. അതിർത്തി ഗ്രാമങ്ങളിൽനിന്നാണ് കുറ്റ്യാടിക്കല്യാണം വയനാടൻ ഉൗരുകളിലേക്ക് പടർന്നത്.
കുടകു കല്യാണത്തിന് ഇരകളായ പെണ്‍കുട്ടികളേറെയും ചൂഷണങ്ങൾക്കിരയായി. മോചനം കിട്ടാതെ പൊറുതിമുട്ടിയ പലരും ജീവനൊടുക്കി.
വയനാട്ടിൽ ആകെ എത്ര കുറ്റ്യാടിക്കല്യാണങ്ങൾ നടന്നുവെന്നും എത്രപേർ ഉപേക്ഷിക്കപ്പെട്ടു ഊരുലേക്കു മടങ്ങിവന്നുവെന്നും ഒരു ഏജൻസിയുടെയും പക്കൽ കണക്കില്ല. ഇത്തരം വിവാഹങ്ങളേറെയും രജിസ്റ്റർ ചെയ്യപ്പെടുന്നുമില്ല.
ചൂഷണത്തിന്റെ ഇരകൾ
കുടുംബശ്രീ മിഷനും പട്ടികവർഗ വകുപ്പും ജാഗ്രത പുലർത്തിയിട്ടും പുറംലോകം അറിയാതെ മാസം ഒന്നും രണ്ടും കുറ്റ്യാടിക്കല്യാണങ്ങൾ നടക്കുന്നു.
ഗോത്രവാസികളിൽ സാന്പത്തികവും സാമൂഹികവുമായി ഏറ്റവും പിന്നിലുള്ള പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ പെണ്‍കുട്ടികളെയാണ് പുറംനാട്ടുകാർ കൂടുതലായി വിവാഹം ചെയ്യുന്നത്.
വിവാഹശേഷം ഭർത്താക്കൻമാർ ഇവരെ പലതരത്തിൽ ചൂഷണത്തിനും പീഡനത്തിനും വിധേയമാക്കുന്ന സംഭവങ്ങളുണ്ട്. ഊരുകളിലേക്ക് കുഞ്ഞുങ്ങളുമായി തിരികെ വന്നവരുണ്ട്. ഒരിക്കൽപോലും മടങ്ങി വന്നിട്ടില്ലാത്തവരുമുണ്ട്.
കുറ്റ്യാടിക്കല്യാണങ്ങളിൽ ചതിവും വഞ്ചനയും ചൂഷണവും തുടർകഥയായിരിക്കെ കുടുംബശ്രീ മിഷൻ ഊരുകൾ തോറും ബോധവത്കരണം നടത്തുന്നുണ്ട്. ഇത്തരം കല്യാണങ്ങളിലൂടെ വയനാട്ടിൽ എത്ര യുവതികൾ അന്യനാടുകളിലേക്ക് പോയി എന്നതിൽ കണക്കുകളില്ല.
കണിയാന്പറ്റ, കോട്ടത്തറ, കൽപറ്റ, മുണ്ടേരി ഊരുകളിലും നിരവധി കുറ്റിയാടി കല്യാണങ്ങൾ നടന്നിട്ടുണ്ട്. ഇവിടെ മൂന്നു യുവതികൾ ഭർതൃവീട്ടിൽനിന്നു സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തി.
മുണ്ടേരിയിൽനിന്നു മേപ്പാടിക്കാരനായ ഇടനിലക്കാരൻ മുഖേന പണിയ വിഭാഗത്തിലെ രണ്ടു യുവതികളെയാണ് നാദാപുരത്തേക്കു വിവാഹം ചെയ്തു കൊണ്ടുപോയത്.
ആദിവാസികളുടെ സാമ്പത്തിക പരിമിതികളെയാണ് ഇത്തരത്തിൽ ചൂഷണം ചെയ്യുന്നത്. മറുനാട്ടിൽ നിന്നുള്ള ചെറുക്കൻ ആഭരണങ്ങളും പണവുമായി വന്ന് പെണ്ണിനെ കൊണ്ടുപോകുന്ന സാഹചര്യം. വിവാഹച്ചെലവ് വരൻ വഹിക്കുമെന്നു മാത്രമല്ല പെണ്ണിന്റെ അച്ഛനമ്മമാർക്ക് പണവും വസ്ത്രവും നൽകും.
വരന് നാട്ടിൽ വീടും സ്വത്തും കാറുമൊക്കെയുണ്ടെന്ന പ്രലോഭനത്തിൽ പെണ്‍കുട്ടികൾ ഇവർക്കൊപ്പം ഇറങ്ങിപ്പോകുന്നു. എന്നാൽ ഒന്നോ ഒന്നിലേറെയോ ഭാര്യമാരും മക്കളുമുള്ളവരാണ് പ്രായപരിധിയില്ലാതെ ഉൗരുകളിലെത്തുന്നത്.
അൻപതു വയസുകാരൻ വരെ ഇത്തരത്തിൽ വിവാഹം നടത്തി മടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘങ്ങൾക്ക് കൈമാറിയതും വിറ്റതുമായ സംഭവങ്ങൾ പലതുണ്ടായിട്ടും മനുഷ്യക്കടത്തിന് തടയിടാനാകുന്നില്ല.
പെണ്‍കുട്ടികളെ അപഹരിക്കാൻ പുറത്തുനിന്നുള്ള ഇടനിലക്കാർ ഉൗരുകൾ കയറിയിറങ്ങുകയാണ്. വീട്ടുപകരങ്ങളും വസ്ത്രവും മാസ ഗഡുക്കളായി വിൽക്കാനെന്ന പേരിലെത്തി ദല്ലാൾമാർ സാഹചര്യം നോക്കി പെണ്‍കുട്ടികളെയും രക്ഷിതാക്കളെയും വലയിലാക്കുന്നു.
ഉന്നതനിലയിൽ സ്വത്തും ജോലിയുമുള്ള നാട്ടുവാസിയുമായി വിവാഹം നടത്തിക്കൊടുക്കാമെന്ന പ്രലോഭനത്തിൽ പെണ്‍കുട്ടികളും രക്ഷിതാക്കളും വീണുപോകും. ഒരു വിവാഹം നടത്തിക്കൊടുത്താൽ അരലക്ഷംരൂപ മുതൽ ഒരു ലക്ഷം രൂപ വരെ ദല്ലാളിനു കമ്മീഷൻ ലഭിക്കും.
ആചാരപ്രകാരമല്ലാതെ നടത്തുന്ന കല്യാണങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്നില്ല. നാൽപതും അൻപതും വയസുള്ള പുരുഷൻമാർ ആദിവാസി പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിലെ ചതി തിരിച്ചറിയാൻ ഊരുവാസികൾക്കാകുന്നില്ല. ആദിവാസികളുടെ പൊതു അജ്ഞതയാണ് ഇവിടെയും ചൂഷണം ചെയ്യപ്പെടുന്നത്.
വിവാഹം ചെയ്തയച്ച ഏതാനും യുവതികൾ നല്ല നിലയിൽ കഴിയുന്നുണ്ട്. എന്നാൽ ഒറ്റപ്പെട്ട ഇത്തരം സാഹചര്യങ്ങളുടെ മറവിൽ പലരും പ്രലോഭത്തിൽപെടുന്നു. ഭർത്താവിന് വേറെയും വിവാഹ ബന്ധമുണ്ടെന്ന് ഗോത്രവാസി യുവതികൾ അറിയുക ഏറെ വൈകിയാരിക്കും.
ആദിവാസികളുടെ ശൈലിയും സംസ്കാരവുമായി നാട്ടുവാസിയായ പുരുഷനും രക്ഷിതാക്കൾക്കും ഒത്തുപോവുക എളുപ്പമല്ല. അവഹേളനവും ആക്ഷേപവും ദുരിതങ്ങളും സഹിക്കാനാവാതെ വീടുകളിലേക്ക് കണ്ണീരോടെ മടങ്ങിപ്പോന്നവർ മിക്ക ഊരുകളിലുമുണ്ട്.
പല സാഹചര്യങ്ങളാൽ നാട്ടിൽ പെണ്ണു കിട്ടാത്ത ആണുങ്ങളാണ് ആദിവാസി യുവതികളെ വിവാഹം ചെയ്യാൻ താൽപര്യപ്പെടുന്നത്. സ്വന്തം സമുദായത്തിൽനിന്നു വരനെ ലഭിക്കാത്ത ആദിവാസി യുവതികൾ നാട്ടുവാസികളെ വിവാഹം ചെയ്യാൻ നിർബന്ധിതമാകുന്ന സാഹചര്യവുമുണ്ട്.
രേഖയില്ലാത്ത കല്യാണം
കുറ്റ്യാടിക്കല്യാണം ഗോത്രത്തനിമയെയും സംസ്കാരത്തെയും അവരുടെ അംഗബലത്തെയും ദുർബലമാക്കുമെന്നതു വലിയ പരിമിതിയാണ്. ഇവരിൽ ജനിക്കുന്ന സങ്കരമക്കളുടെ ഭാവിയെക്കുറിച്ചും ആശങ്കയേറെയുണ്ട്.
കല്യാണങ്ങളിൽ പലപ്പോഴും പതിനെട്ടു വയസു തികഞ്ഞവരായിരിക്കില്ല പെണ്‍കുട്ടി. പ്രായം അറിയാതെയോ മറച്ചുവച്ചോ വിവാഹം ചെയ്യുന്ന വരൻ പോക്സോ കേസിൽപ്പെടാം. പ്ലസ്ടുവിനു പഠിക്കുന്ന പെണ്‍കുട്ടികളെ പഠനകാലത്ത് വിവാഹം ചെയ്ത സംഭവങ്ങളുമുണ്ട്.
ഹൈസ്കൂൾ കുട്ടികളെ വരെ മുൻകൂർ ബുക്ക് ചെയ്ത ഇടനിലക്കാർ ആദിവാസി ഊരുകളിൽ കച്ചവടം ഉറപ്പിച്ചുവയ്ക്കുന്ന സാഹചര്യവുമുണ്ട്. പെണ്ണിനെ കണ്ടു മടങ്ങിയാൽ കൊണ്ടുപോകാൻ പലപ്പോഴും ചെറുക്കനല്ല ഉൗരിലെത്തുക. നാട്ടുവാസിയായ ചെറുക്കൻ പട്ടും മാലയും പണവും ബന്ധുക്കൾ കൈവശം കൊടുത്തുവിടും. ഒപ്പം ഇടനിലക്കാരനും കാണും.
വധു അതണിഞ്ഞ് ബന്ധുക്കൾക്കൊപ്പം വരന്റെ വീട്ടിലേക്കു പോകും. പെണ്ണിന്റെ അച്ഛനും അമ്മയ്ക്കും കൊടുക്കാനെന്ന പേരിൽ ഇടനിലക്കാർ വരനിൽ നിന്നും പണം വാങ്ങിയെടുക്കും. പലപ്പോഴും നാലോ അഞ്ചോ പേരാണ് പെണ്ണിനെ കൊണ്ടുപോകാൻ ഊരിലേക്കു പോവുക.
അപൂർവം കല്യാണങ്ങളിൽ മാത്രമാണ് വധുവിന്റെ ബന്ധുക്കൾ കല്യാണത്തിനെത്തുക. ഭൂരിഭാഗം വിവാഹവും വരന്റെ നാട്ടിലെ അന്പലങ്ങളിലാണു നടക്കുന്നത്. ചില കല്യാണങ്ങൾ ഓഡിറ്റോറിയങ്ങളിലും. ചിലപ്പോഴാകട്ടെ താലികെട്ട് എന്നൊരു ചടങ്ങുപോലും ഉണ്ടാകാറില്ല.
രേഖകളില്ലാതെ ആദിവാസി പെണ്‍കുട്ടിയെ കൂടെ പാർപ്പിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്നവരുമുണ്ട്.
Todays Story
എല്ലാവരും ജയിക്കാന്‍വേണ്ടി മത്സരിക്കുമ്പോള്‍ തോല്ക്കാന്വേണ്ടി മാത്രം മത്സരിച്ച് "ഇലക്ഷന് കിംഗ്' എന്ന റെക്കോര്‍ഡ് നേടിയ ഒരാളുണ്ട്. തമിഴ്നാട് സേലം മേട്ടൂര്‍ ഡാമിന് സമീപത്തെ ഡോ. കെ. പത്മരാജന്.
തോല്‍വി ചരിത്രത്തിന്റെ തനിയാവര്‍ത്തനത്തിനായി 23ന് തമിഴ്നാട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ മേട്ടൂരില്‍ മത്സരിക്കാനായി 253-ാമത്തെ പത്രികയും ടിവികെ നേതാവും സിനിമാ താരവുമായ വിജയ്ക്കെതിരെ ചെന്നൈയിലെ പെരമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായുള്ള 254-ാമത്തെ നാമനിര്‍ദേശ പത്രികകൂടി നല്കിയിരിക്കുകയാണിദ്ദേഹം.
ഇതോടെ ഇദ്ദേഹത്തിന്റെ 254-ാം തെരഞ്ഞെടുപ്പ് മത്സരം കൂടിയാണിപ്പോള്‍ നടക്കുന്നത്. രാഷ്ട്രപതിക്കും പ്രധാന മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്ക്കുമെതിരെയുള്ള മത്സരത്തിലൂടെ ശ്രദ്ധേയനായ പത്മരാജന് ഇക്കുറി ടിവികെ നേതാവ് വിജയുമായാണ് മത്സരിക്കുന്നത്.
തമിഴ്നാട് തെരഞ്ഞെടുപ്പില്‍ ഇക്കുറി വിജയ് ആണ് ശ്രദ്ധിക്കപ്പെടുന്ന താരം എന്നതിനാലാണ് പത്മരാജന് വിജയ്ക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത്. എല്ലാ തെരഞ്ഞെടുപ്പിലും തോല്‍വി ഉറപ്പായതിനാല്‍ എറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റയാളെന്ന റെക്കോര്‍ഡ് കൈവിടാതിരിക്കുകയാണ് ലക്ഷ്യം.
പത്മരാജന് ചെറിയ മീനല്ല
പത്മരാജന് ജനിച്ചതും വളര്‍ന്നതുമെല്ലാം സേലത്താണ്. ഇദ്ദേഹത്തിന്റെ മാതാപിതാക്കളുടെ നാടാണ് പയ്യന്നൂരിന് സമീപത്തെ കുഞ്ഞിമംഗലം. കുഞ്ഞിമംഗലവുമായുള്ള ഈ വേരോട്ടമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കുഞ്ഞിമംഗലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള കാരണമായത്.
ഇത്തവണ നടന്ന കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനായി നാമനിര്‍ദേശ പത്രികയുടെ ഫോമുകൾ വാങ്ങിയെങ്കിലും പത്രിക സമര്‍പ്പിക്കാനായില്ല. തുടര്‍ന്നാണ് തമിഴനാട് തെരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളിലായി പത്രിക നല്‍കിയത്. 1988ല്‍ തുടങ്ങിയതാണ് ഇദ്ദേഹത്തിന്റെ തോല്‍വിക്കു വേണ്ടിയുള്ള മത്സരം.
ഇതുവരെ വാജ്പേയ്, ജയലളിത, കരുണാനിധി, വയലാര്‍ രവി, എ.കെ. ആന്റണി, യദൂരപ്പ, ബംങ്കാരപ്പ, എസ്.എം. കൃഷ്ണ, വിജയ് മല്യ, പിണറായി വിജയന്, പ്രിയന്കാ ഗാന്ധി, എടപ്പാടി പഴനിസ്വാമി തുടങ്ങി ഉപരാഷ്ട്രപതി ടി.പി. രാധാകൃഷ്ണന് വരേയുള്ളവര്ക്കെതിരെ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ലോകസഭ, രാജ്യസഭ, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പഞ്ചായത്ത് എന്നിങ്ങനെ എല്ലാ തലങ്ങളിലും മത്സരിച്ചിരുന്നു.