ഹെലികോപ്റ്റര്‍ ഇടപാടില്‍ ജെപിസി അന്വേഷണം
ഹെലികോപ്റ്റര്‍ ഇടപാടില്‍  ജെപിസി അന്വേഷണം
Thursday, February 28, 2013 11:55 PM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടിനെക്കുറിച്ചു 30 അംഗ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)അന്വേഷണത്തിനു തീരുമാനം. ലോക്സഭയി ലെ 20 അംഗങ്ങളും രാജ്യസഭയിലെ 10 അംഗങ്ങളും അടങ്ങുന്ന സംയുക്ത സമിതി രൂപവത്കരിക്ക ണമെന്നും മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നുമുള്ള സര്‍ക്കാരിന്റെ പ്രമേയം രാജ്യസഭ ഇന്നലെ അംഗീകരിച്ചു.

എന്നാല്‍, ജെപിസിയെ എതിര്‍ത്തു ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം വാക്കൌട്ടു നടത്തി. വാക്കൌട്ടില്‍നിന്നു വിട്ടുനിന്ന ഇടതുപക്ഷം ജെപിസിയെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്തില്ല. മുഖ്യപ്രതിപക്ഷം ഇറങ്ങിപ്പോയതിനാല്‍ ജെപിസി തീരുമാനം മാറ്റിവയ്ക്കണമെന്നാണ് ഇടതുനേതാക്കള്‍ ആവശ്യപ്പെട്ടത്.

രേണുക ചൌധരി, സി. രംഗരാജന്‍, രാംഗോപാല്‍ മിശ്ര, വീരേന്ദ്ര സിംഗ് തുടങ്ങിയവര്‍ ജെപിസി അംഗങ്ങളാകുമെന്നും ശേഷിച്ചവരെ പിന്നീടു നിര്‍ദേശിക്കുമെന്നും പാര്‍ലമെന്ററികാര്യമന്ത്രി കമല്‍നാഥ് പറഞ്ഞു. മുപ്പതംഗ സമിതിയുടെ തലവനായി രാജ്യസഭയിലെ ഒരംഗത്തെ ചെയര്‍മാന്‍ ഹമീദ് അന്‍സാരി നാമനിര്‍ദേശം ചെയ്യും.

ഹെലികോപ്റ്റര്‍ ഇടപാടില്‍ ഒന്നും മൂടിവയ്ക്കില്ലെന്നും കുറ്റക്കാര്‍ക്കു കര്‍ക്കശ ശിക്ഷ ഉറപ്പാക്കുമെന്നും പ്രതിരോധമന്ത്രി എ.കെ. ആന്റണി പാര്‍ലമെന്റില്‍ ഉറപ്പുനല്‍കി. കുറ്റക്കാരെ കണ്െടത്തി നിയമത്തിനു മുന്നിലെത്തിക്കുമെന്നും പ്രതിരോധ വകുപ്പിലെ അഴിമതി തടയുന്നതിനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറില്ലെന്നും ആന്റണി വ്യക്തമാക്കി. പരാതി ആദ്യം കിട്ടിയയുടന്‍ സിബിഐക്കും എന്‍ഫോഴ്മെന്റ് വകുപ്പിനും അന്വേഷണത്തിനായി പ്രതിരോധ മന്ത്രാലയം കൈമാറി. ഈ അന്വേഷണത്തെത്തുടര്‍ന്നാണു ഇന്ത്യയിലെ ഇടനിലക്കാരനെ സിബിഐ അറസ്റ് ചെയ്തതെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

പതിവില്ലാത്തവിധം ആക്രമണശൈലിയിലാണ് ആന്റണി ഹെലികോപ്റ്റര്‍ ഇടപാടിനെക്കുറിച്ചു രാജ്യസഭയില്‍ നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞത്. ക്രമക്കേടുകളെക്കുറിച്ച് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന പ്രതിപക്ഷ ആരോപണത്തിന്റെ നടുവൊടിക്കുന്നതായിരുന്നു ആന്റണിയുടെ വികാരനിര്‍ഭരമായ മറുപടി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി എന്നിവരടക്കം പ്രമുഖരെല്ലാം ആന്റണിയുടെ ഉജ്വല പ്രകടനം വീക്ഷിച്ചു.

ജെപിസി അന്വേഷണത്തെ എതിര്‍ത്ത ബിജെപി നിലപാടിനെ ആന്റണിയും പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥും പരിഹസിച്ചു. 2ജി സ്പെക്ട്രം ഇടപാടില്‍ സിബിഐ പോരെന്നും ജെപിസി അന്വേഷണം വേണമെന്നും വാശിപിടിച്ചു പാര്‍ലമെന്റിന്റെ ഒരു സമ്മേളനം മുഴുവന്‍ ഇതേ പ്രതിപക്ഷം തടസ പ്പെടുത്തി. എന്നിട്ടിപ്പോള്‍ ജെപിസി അന്വേഷണത്തില്‍നിന്നു പ്രതിപക്ഷം ഒളിച്ചോടുകയാണെന്നു പ്രതിരോധമന്ത്രി തിരിച്ചടിച്ചു. പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്താനാ ണു ജെപിസി അന്വേഷണം ആകാമെന്നു പറഞ്ഞതെന്നും ആന്റണി വിശദീകരിച്ചു. ഹെലികോപ്റ്റര്‍ ഇടപാടിലെ കുറ്റക്കാരെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.


എന്നാല്‍, പ്രശ്നത്തില്‍നിന്നു സര്‍ക്കാരിന് ഒളിച്ചോടാന്‍ വേണ്ടി യാണു ജെപിസി അന്വേഷണ മെന്നു പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി ആരോപിച്ചു. യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണു സര്‍ക്കാര്‍ ശ്രമം. പ്രതികളെ പിടിക്കാനാണു ലക്ഷ്യമെങ്കില്‍ പാര്‍ലമെന്റ് അംഗങ്ങളല്ല അന്വേഷിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കേസ് രജിസ്റര്‍ ചെയ്താല്‍ മാത്രമേ കുറ്റക്കാരെ കസ്റഡിയിലെടുത്തു ചോദ്യംചെയ്യാനും പരിശോധന നടത്താനും കഴിയൂ. ഇതാണു പ്രതിപക്ഷ വാദമെങ്കില്‍ പിന്നെന്തിനാണു 2ജിയുടെ കാര്യത്തില്‍ ജെപിസിക്കുവേണ്ടി പാര്‍ലമെന്റ് സമ്മേളനം ദിവസങ്ങളോളം തടസപ്പെടുത്തിയതെന്ന ആന്റണിയുടെ ചോദ്യത്തിനു ഫലപ്രദമായ മറുപടി നല്‍കാന്‍ പ്രതിപക്ഷത്തിനായില്ല.

ഹെലികോപ്റ്റര്‍ ഇടപാടിന്റെ പ്രക്രിയകള്‍ക്കു 11 വര്‍ഷത്തെ പഴക്കമുണ്െടന്ന് ആന്റണി ചൂണ്ടിക്കാട്ടി. ഇതിനിടെ സര്‍ക്കാരുകള്‍ മാറി. അതിനുശേഷമുള്ള അഞ്ചാമത്തെ പ്രതിരോധമന്ത്രിയാണു താന്‍. ആറു കാബിനറ്റ് സെക്രട്ടറിമാരും ആറു വ്യോമസേനാ തലവന്മാരും പ്രക്രിയകളില്‍ പങ്കാളികളായിട്ടുണ്ട്. പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്കു സഞ്ചരിക്കാനുള്ള പുതിയ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള പ്രധാന നിബന്ധനയായ പറക്കാനുള്ള ഉയരം കുറച്ചതു മുന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ്. ആറായിരം അടി ഉയരമെന്നതു 4,500 അടിയായാണു മാറ്റി നിശ്ചയിച്ചത്. അന്നത്തെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇതു നിര്‍ദേശിച്ചത്.

ഒരു വര്‍ഷം മുമ്പു പരാതി ശ്രദ്ധയില്‍പ്പെട്ടയുടന്‍ അന്വേഷണത്തിനു നിര്‍ദേശം നല്‍കി. ഇംഗ്ളീഷ് ദിനപത്രത്തില്‍ വാര്‍ത്ത വന്നതിന്റെ പിറ്റേന്നുതന്നെ അന്വേഷണത്തിനായി ജോയിന്റ് സെക്രട്ടറിയെ ഇറ്റലിയിലേക്കയച്ചു. ഇറ്റലിയില്‍ നിന്നു എട്ടു തവണ സര്‍ക്കാര്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു. കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന്റെ രേഖകള്‍ രഹസ്യമായതിനാല്‍ ഇപ്പോള്‍ തരാനാകില്ലെന്നാണ് ഇറ്റലി അറിയിച്ചത്. ഇറ്റലിയിലെ പ്രാഥമികാന്വേഷണം കഴിഞ്ഞാലുടന്‍ വിവരം കിട്ടും. അതിനിടെ സിബിഐ അന്വേഷണം പുരോഗമിക്കുകയുമാണ്.

പ്രതിരോധവകുപ്പില്‍ കോഴ സമ്മതിക്കില്ല. ഈ ഇടപാടില്‍ തനിക്കും സംശയമുണ്ട്. തനിക്കും സത്യം അറിഞ്ഞേ മതിയാകൂ. കുറ്റക്കാരെ കണ്െടത്തി ശിക്ഷിക്കണമെന്നു നിര്‍ബന്ധമുണ്ട്. ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ആന്റണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.