പൊതുമേഖലാ സ്ഥാപനങ്ങളില്‍ മോദിയുടെ ചിത്രം വയ്ക്കണമെന്നു കേന്ദ്ര നിര്‍ദേശം
പൊതുമേഖലാ സ്ഥാപനങ്ങളില്‍ മോദിയുടെ ചിത്രം വയ്ക്കണമെന്നു കേന്ദ്ര നിര്‍ദേശം
Wednesday, May 27, 2015 12:08 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്ഥാപിക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. സര്‍ക്കാര്‍ ഓഫീസുകളില്‍ രാഷ്ട്രപതിയുടെ ചിത്രത്തിനൊപ്പം പ്രധാനന്ത്രിയുടെ ചിത്രംകൂടി സ്ഥാപിക്കണമെന്ന സര്‍ക്കുലര്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അയച്ചിട്ടുണ്ട്. എന്‍ഡിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബ ന്ധിച്ചാണു കേന്ദ്രം പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

പ്രതിരോധ ഓഫീസുകളില്‍ സാധാരണയായി രാഷ്ട്രപതിയുടെ ചിത്രം പതിക്കാറുണ്ട്. ഇതോടൊപ്പം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും ഭരണഘടനാ ശില്പി അംബേദ്കറുടെയും ചിത്രങ്ങളും വയ്ക്കുന്നതു പതിവാണ്. എന്നാല്‍, ഇതിനൊപ്പം പ്രധാനമന്ത്രിയുടെ ചിത്രം കൂടി സ്ഥാപിക്കണമെന്നു നിഷ്കര്‍ഷിക്കുന്നതാണു സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന സര്‍ക്കുലര്‍. പ്രധാന ഉദ്യോഗസ്ഥരുടെ മുറികളിലും കോണ്‍ഫറന്‍സ് ഹാളിലും പ്രധാനമന്ത്രിയുടെ ചിത്രം സ്ഥാപിക്കണം. സ്ഥാപിക്കേണ്ട ചിത്രത്തിന്റെ മാതൃകയും ഫ്രെയിമിന്റെ വലിപ്പവുമടക്കം സര്‍ക്കുലറില്‍ വ്യക്തമായി നിഷ്കര്‍ഷിച്ചിട്ടുണ്ട്.


ചിത്രങ്ങള്‍ എത്ര ദിവസത്തിനുള്ളില്‍ സ്ഥാപിക്കണമെന്നു പറയുന്നില്ലെങ്കിലും എത്രയും പെട്ടന്ന് നടപടി കൈകൊള്ളണമെന്നാണു സര്‍ക്കുലറില്‍ പറയുന്നതെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.