ചരിത്രമുറങ്ങുന്ന വീട് ശോകമൂകം
ചരിത്രമുറങ്ങുന്ന വീട് ശോകമൂകം
Thursday, July 30, 2015 12:26 AM IST
സ്റാഫ് ലേഖകന്‍

രാമേശ്വരം: രാമേശ്വരത്തിന്റെ മഹിമ ലോകത്തിനു മുന്നില്‍ കാട്ടിക്കൊടുത്ത മോസ്ക് സ്ട്രീറ്റിലെ വീട് ശോകമൂകമാണ്. ഈ വീട്ടില്‍ നിന്നായിരുന്നു എ.പി.ജെ. അബ്ദുള്‍ കലാമെന്ന മഹാമനുഷ്യന്റെ പിറവി. കലാം ഹൌസിലെ ഈ നിശബ്ദത രാമേശ്വരം പട്ടണത്തിലെങ്ങും തളംകെട്ടിനില്‍ക്കുന്നു. കലാമിന്റെ ദേഹവിയോഗ വാര്‍ത്ത അറിഞ്ഞതോടെ മത്സ്യത്തൊഴിലാളികള്‍ ഒന്നടങ്കം കലാം ഹൌസിലേക്ക് ഓടിയെത്തി. വേര്‍പാടിന്റെ വേദന തളംകെട്ടിയ അന്തരീക്ഷം. കലാം ഹൌസിനു മുന്നിലെ റോഡിന്റെ വശങ്ങളിലായി ഡോ. കലാമിന്റെ ചിത്രങ്ങള്‍ നിരത്തി അതിനു മുന്നില്‍ മെഴുകുതിരി കത്തിച്ച് ആദരവ് പ്രകടിപ്പിക്കുന്നവര്‍.

മത്സ്യത്തൊഴിലാളികളാരും ഇന്നലെ കടലില്‍ മീന്‍ പിടിക്കാന്‍ പോയില്ല. ഈ തെരുവിലെ വീടുകള്‍ക്കു മുന്നില്‍ കലാമിന്റെ പുഞ്ചിരിക്കുന്ന ചിത്രങ്ങള്‍ മാത്രം. സമീപത്തായി റോസാപുഷ്പങ്ങള്‍ അര്‍പ്പിച്ചുള്ള ആദരാഞ്ജലി. മൃതദേഹം ഉച്ചയ്ക്കു രാമേശ്വരത്ത് എത്തിക്കുമെന്ന വാര്‍ത്തയെത്തിയതോടെ ഓട്ടോറിക്ഷാത്തൊഴിലാളികള്‍ വാഹനങ്ങള്‍ നിരത്തിലിറക്കാതെ കലാമിനോടുള്ള ആദരവ് പ്രകടിപ്പിച്ചു. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഒരു വ്യാപാര സ്ഥാപനവും ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചില്ല. ഭാരതത്തിന്റെ പ്രഥമ പൌരനായപ്പോഴും നാട്ടിലെത്തിയാല്‍ നാട്ടുകാരില്‍ ഒരുവനായിരുന്നു അദ്ദേഹം.

യാതൊരു ആര്‍ഭാടങ്ങളുമില്ലാത്ത വീടായിരുന്നു അത്. ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ആ വീട്ടിലേക്കു കടന്നുചെല്ലാം. ഇതുതന്നെയായിരുന്നു ആ വീടിന്റെ വ്യത്യസ്തതയും. ഡോ. കലാമിന്റെ വസതി തന്നെ മ്യൂസിയമാക്കിയാണ് അദ്ദേഹം രാമേശ്വരംകാര്‍ക്കു സമ്മാനിച്ചത്. ഒരു വാഹനം മാത്രം കടന്നുപോകുന്ന വീതിയിലുള്ള വഴിയാണ് വീട്ടിലേക്കുള്ളത്. ഇതും അദ്ദേഹത്തിന്റെ ലളിതജീവിതം സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടുന്നു.

പ്രിയസുഹൃത്തിന്റെ ഓര്‍മയില്‍ രാമനാഥശാസ്ത്രി

രാമേശ്വരം: ഡോ. കലാമിനു എല്ലാ മതങ്ങളോടും ഏറെ സ്നേഹമായിരുന്നു. അദ്ദേഹം ഏറ്റവും കൂടുതല്‍ ബന്ധം പുലര്‍ത്തിയിരുന്നത് ഞങ്ങളുടെ കുടുംബവുമായായിരുന്നു: ഇതു പറയുന്നതു രാമനാഥക്ഷേത്രത്തിലെ പൂജാരിയായിരുന്ന രാമനാഥ ശാസ്ത്രി. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലുള്ള ആത്മബന്ധം മതത്തിന്റെ വേലിക്കെട്ടിനും അപ്പുറത്തായിരുന്നു.

ഏതു വിശേഷദിവസം വന്നാലും രണ്ടു കുടുംബങ്ങളിലെയും അംഗങ്ങള്‍ ഒത്തുചേര്‍ന്നു മധുരം പങ്കിട്ടശേഷമേ യാത്ര പറയാറുള്ളൂ. പതിറ്റാണ്ടുകള്‍ നീണ്ട ഈ ബന്ധം അദ്ദേഹം രാഷ്ട്രപതി ആയപ്പോഴും തുടര്‍ന്നു. രാഷ്ട്രപതിയായി ചുമതലയേല്‍ക്കാന്‍ ഡല്‍ഹിയിലേക്കു പോയപ്പോള്‍ രാമേശ്വരത്തുനിന്ന് 30 അംഗ സംഘത്തെയാണ് കൊണ്ടുപോയത്. ഈ സംഘത്തിലും രാമനാഥശാസ്ത്രി ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.