വനിതകളുടെ ബസ് യാത്ര സുരക്ഷിതമാക്കി ഗതാഗത മന്ത്രാലയം
വനിതകളുടെ ബസ് യാത്ര സുരക്ഷിതമാക്കി ഗതാഗത മന്ത്രാലയം
Wednesday, May 25, 2016 12:04 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൊതുഗതാഗതത്തിനുള്ള ബസുകളിൽ ഇനി മുതൽ അടിയന്തര എമർജൻസി ബട്ടണും നിരീക്ഷണ കാമറകളും നിർബന്ധമാക്കി. ഇതിനു പുറമേ വാഹനങ്ങളുടെ ഗതി അറിയുന്നതിനു ട്രാക്കിംഗ് സംവിധാനങ്ങളും ഘടിപ്പിക്കണം. വനിതാ യാത്രക്കാരുടെ സുരക്ഷയെക്കരുതിയുള്ള നിർദേശങ്ങളുമായി ജൂൺ രണ്ടിനു വിജ്‌ഞാപനം ഇറക്കുമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

രാജ്യത്തെ നടുക്കിയ നിർഭയ സംഭവത്തിനുശേഷം വനിതകളുടെ സുരക്ഷ ഉറപ്പാക്കാൻ പൊതു ഗതാഗത സംവിധാനത്തിൽ ഉൾപ്പെട്ട ബസുകളിൽ എമർജൻസി പാനിക് ബട്ടണുകളും സിസിടിവി കാമറകളും ജിപിഎസ് സംവിധാനവും ഘടിപ്പിക്കുന്നതു നിർബന്ധമാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി അറിയിച്ചു.

സർക്കാർ ബസുകളുടെ നിർമാണ ഘട്ടത്തിൽ തന്നെ ഈ സംവിധാനങ്ങൾ ഉൾപ്പെടുത്തും. ഇതിനുള്ള സാങ്കേതിക സംവിധാനങ്ങൾ ഒരുമിച്ചു വാങ്ങുന്നതു ചെലവു കുറയ്ക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

ഇതുസംബന്ധിച്ച കരടു നിയമങ്ങൾ മോട്ടോർ വെഹിക്കിൾ ആക്ടിൽ ഉൾപ്പെടുത്തി മന്ത്രാലയം നേരത്തെ പുറപ്പെടുവിച്ചിരുന്നു. വാഹന നിർമാതാക്കൾ അടക്കമുള്ളവരിൽ നിന്ന് അഭിപ്രായവും ആരാഞ്ഞിരുന്നു.പുതിയ വിജ്‌ഞാപനം അനുസരിച്ച് 23 സീറ്റുകളിൽ കൂടുതലുള്ള ബസുകളിൽ നിർബന്ധമായും നിരീക്ഷണ കാമറകൾ ഘടിപ്പിച്ചിരിക്കണം. കാമറകളുടെ നിയന്ത്രണം ലോക്കൽ പോലീസ് കൺട്രോൾ റൂമിലേക്കു ബന്ധപ്പെടുത്തി നിരീക്ഷണം ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്.


വനിതാ യാത്രക്കാർക്ക് എന്തെങ്കിലും തരത്തിലുള്ള ദുരനുഭവങ്ങളുണ്ടായാൽ എമർജൻസി പാനിക് ബട്ടൺ അമർത്താം. ഉടൻ തന്നെ ജിപിഎസ് സംവിധാനത്തിലൂടെ ഏറ്റവും അടുത്തുള്ള പോലീസ്റ്റേഷനിൽ വിവരം എത്തും. അതോടെ ബസിനുള്ളിലെ സിസിടിവി കാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് കൺട്രോൾ റൂമിൽ ലൈവായി കാണാൻ കഴിയും.

മാത്രമല്ല, നിർദേശിച്ചിരിക്കുന്ന റൂട്ടിൽ നിന്നു വാഹനം വഴി തെറ്റിയാൽ ജിപിഎസ് സംവിധാനം അടുത്തുള്ള പോലീസ് കൺട്രോൾ റൂമിലേക്കു സിഗ്നൽ അയയ്ക്കുകയും ചെയ്യും. ഈ സംവിധാനങ്ങളെല്ലാം തന്നെ വിജയകരമായി ഏർപ്പെടുത്താൻ കഴിഞ്ഞാൽ വനിതകളുടെ യാത്ര കൂടുതൽ സുരക്ഷിതമാകുമെന്നും മന്ത്രി വ്യക്‌തമാക്കി. ഗതാഗത മന്ത്രാലയത്തിന്റെ പുതിയ നിർദേശങ്ങൾ വനിതകളുടെ റോഡ് യാത്രകൾ സുരക്ഷിതമാക്കുമെന്നു കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.