ഉത്തരാഖണ്ഡിലെ നരഭോജി കടുവയെ വെടിവച്ചുകൊന്നു
ഉത്തരാഖണ്ഡിലെ നരഭോജി കടുവയെ വെടിവച്ചുകൊന്നു
Thursday, October 20, 2016 12:40 PM IST
ഹാൽഡ്വാനി (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിനെ വിറപ്പിച്ച നരഭോജി കടുവയെ 44 ദിവസത്തെ ശ്രമത്തിനൊടുവിൽ വെടിവച്ചു കൊന്നു. നൈനിറ്റാൾ ജില്ലയിലെ ഹാൽഡ്വാനി ടൗണിനടുത്തുള്ള കരിമ്പിൻതോട്ടത്തിൽനിന്നാണ് ഇന്നലെ ഈ കടുവയെ വെടിവച്ചു കൊന്നത്. നിരവധി വേട്ടക്കാരുടെയും നൂറുകണക്കിനു വനംവകുപ്പ് ജീവനക്കാരുടെയും നേതൃത്വത്തിൽ ഹെലികോപ്ടറും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു കഴിഞ്ഞ 44 ദിവസമായി ഈ പെൺകടുവയ്ക്കായി തെരച്ചിൽ നടത്തിവന്നിരുന്നത്. ഇതിനു പുറമെ തെർമൽ ഇമേജറും പരിശീലനം നേടിയ നായ്ക്കളുടെ സഹായവുമുണ്ടായിരുന്നു. കടുവവേട്ടയ്ക്കായി സർക്കാർ 75 ലക്ഷം രൂപയാണു ഇതിനോടകം ചെലവഴിച്ചത്. ബുധനാഴ്ച ഈ കടുവയെ കണ്ടെത്തി വെടിവച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു.


തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞു തെരച്ചിൽ സംഘത്തോടൊപ്പമുള്ള നായ്ക്കളാണു കടുവയെ കണ്ടെത്തിയത്. ഇതിനോടകം രണ്ടു പേരെ കൊലപ്പെടുത്തിയ കടുവ നിരവധി വളർത്തു മൃഗങ്ങളെയും അകത്താക്കിയിരുന്നു. വെടിവച്ചുകൊന്ന കടുവയുടെ ജഡവുമേന്തി ടൗണിലൂടെ നൃത്തം ചവിട്ടിയും ആരവം മുഴക്കിയുമാണു ഗ്രാമവാസികൾ തങ്ങളുടെ ആഹ്ലാദം പ്രകടിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ നരഭോജി കടുവ വലിയൊരു രാഷ്ട്രീയ വിഷയമായി മാറിയിരുന്നു. കോൺഗ്രസ് സർക്കാരിന്റെ കഴിവുകേടാണു കടുവ സ്വൈരവിഹാരം നടത്താൻ കാരണമെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.