കരുണയും ദയയും രണ്ടാണ്
കരുണയും ദയയും രണ്ടാണ്
പൂർണതയുടെ തോത് കരുണയുടെ തോത് തന്നെയാണ്. എന്റെ സ്വർഗീയപിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ എന്ന് ആഹ്വാനം ചെയ്ത കർത്താവ് മറ്റൊരവസരത്തിൽ പറഞ്ഞത്, എന്റെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ എന്നത്രേ! പരിപൂർണത എന്നതു ദൈവത്തിലെ കരുണയാണെന്നു സ്പഷ്ടം. അതായതു യേശുവിന്റെ കുരിശിലാണ് ദൈവത്വത്തിന്റെ പൂർണത ദർശിക്കേണ്ടത്. കുരിശിലെ ഈശോ പറയുന്നുണ്ട്,എല്ലാം പൂർണമായി എന്ന്.

അനീതി പ്രവർത്തിക്കുന്നവരോടു കരുണ കാണിക്കാൻ കഴിയുന്നതാണു പൂർണത. ദയയും കരുണയും രണ്ടാണ്. അകാരണമായി അടികൊള്ളുന്ന സാധുവിനോടു നമുക്കു ദയ തോന്നുക സ്വാഭാവികം. അമേരിക്കയിലെ 9/11 ദുരന്തം വളരെ വാർത്താപ്രാധാന്യം നേടിയതാണല്ലോ. ഈ ഇരട്ട ഗോപുരങ്ങൾ രണ്ടും വിമാനം ഇടിച്ചുകയറ്റി തകർക്കുന്നതു ദൂരെനിന്നു കണ്ട ഒരാളാണു ഞാൻ. ആ ദുരന്തത്തിൽ മരിച്ചവർക്കുവേണ്ടി ആ നാളിൽ ന്യൂയോർക്കിൽവച്ച് കുർബാന ചൊല്ലി പ്രാർഥിക്കുമ്പോൾ ഞാൻ പറഞ്ഞു, ഈ ഭീകരപ്രവർത്തനം ആസൂത്രണം ചെയ്തവരോടു നമുക്ക് കരുണയുണ്ടാകണം, അവരും ദൈവത്തിന്റെ മക്കളാണ് എന്ന്. ഇതു പറഞ്ഞപ്പോൾ പള്ളിയിൽ ജനം പരസ്പരം സംസാരിച്ചുകൊണ്ട് എന്റെ നേരേ രൂക്ഷമായി നോക്കി. പിന്നീടു കുർബാന കഴിഞ്ഞപ്പോൾ ചിലർ എന്റെ അടുത്തുവന്നു പ്രതിഷേധിച്ചു. ആ ഭീകരന്മാർ കരുണ അർഹിക്കുന്നില്ലെന്നും അവർ നരകത്തിൽ പോകണമെന്നുമാണ് അവരുടെ പക്ഷം.


ഡൽഹിയിൽ കൂട്ടമാനഭംഗത്തിന് ഇരയായ പെൺകുട്ടിയോടു തോന്നിയതു ദയ. അവളെ പീഡിപ്പിച്ചവരോടു തോന്നേണ്ടതു കരുണ. ഇവിടെ ആർക്കും അവരോട് കരുണ തോന്നിയതായി കണ്ടില്ല. യേശുവിന്റെ കുരിശ് തന്നെ ക്രൂരമായി പീഡിപ്പിച്ചവരോടു കരുണ കാണിക്കുന്ന സംഭവമാണ്. അതു ദൈവത്തിനു മാത്രം സഹജമാണ്. ദൈവചൈതന്യമുള്ളവർക്കു സാധ്യവുമാണ്, സഹജമല്ലെങ്കിലും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.