എന്തിനീ പീഡാസഹനം?
എന്തിനീ പീഡാസഹനം?
ആദത്തിന്റെയും പിൻമുറക്കാരുടെയും ഏറ്റവും വലിയ പ്രശ്നം അവിശ്വസ്തത കാണിച്ചതിനാൽ ദൈവസ്വീകാര്യത മനുഷ്യനു നഷ്ടപ്പെട്ടു എന്ന തെറ്റായ ചിന്തയാണ്. ദൈവം സ്വീകരിക്കുകയില്ല എന്നുവന്നാൽപ്പിന്നെ മനുഷ്യന് എവിടെപ്പോയി രക്ഷപ്പെടാൻ സാധിക്കും?

ദൈവം അവഗണിച്ചിരിക്കുകയാണെന്നു ധരിച്ചുവശായ മനുഷ്യന്റെ അവസ്‌ഥ എത്രയോ ഭയാനകം! ഇവിടെ മനുഷ്യൻ നിസഹായനോ നിരാശനോ ആകുന്നു. ഇങ്ങനെയുള്ള മനുഷ്യനെപ്രതി ദൈവവും വേദനിക്കുന്നുണ്ട്. താൻ അനന്തമായി ക്ഷമിക്കുന്നവനാണെന്നു മനുഷ്യനോടു പറയാൻ ദൈവം എത്ര കൊതിക്കുന്നു. പക്ഷേ, എങ്ങനെ പറയും?

മനുഷ്യനുമായി ദൈവം സമ്പർക്കത്തിലാകുന്നത് ആറാം ഇന്ദ്രിയത്തിലാണ്. ദൈവം സൃഷ്ടിച്ച ആദിമനുഷ്യന്റെ ഏറ്റവും വലിയ സിദ്ധി ഈ അതീന്ദ്രിയജ്‌ഞാനമായിരുന്നു. എന്നാൽ, ദൈവവുമായുള്ള ബന്ധം മനുഷ്യൻ വിച്ഛേദിച്ചതോടെ മനുഷ്യനുമായി ദൈവത്തിനു കമ്യൂണിക്കേഷൻ സാധ്യമല്ലാതായി. ദൈവം സർവശക്‌തനല്ലേ, പിന്നെന്തുകൊണ്ട് ഇത് അസാധ്യമാകുന്നു എന്നു ചോദിക്കുന്നവരുണ്ട്. അവരോട് പറയാനുള്ളത് ഒന്നുമാത്രമാണ്, മനുഷ്യന്റെ കഴിവുകേട്! എന്റെ മൊബൈൽ ഫോൺ എത്ര കാര്യക്ഷമമാണെങ്കിലും കോൾ എടുക്കേണ്ടയാൾ ഓഫ് ചെയ്താൽ ഞാൻ എന്തുചെയ്യും?


അതുകൊണ്ടാണു ദൈവം മനുഷ്യാവസ്‌ഥ സ്വീകരിച്ചത്. പൗലോസ് ശ്ലീഹാ പറയുന്നു, ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായിട്ടുള്ള സമാനത മുറുകെപ്പിടിക്കാതെ ആകൃതിയിൽ മനുഷ്യനായി കാണപ്പെട്ടു. സർവശക്‌തനായ ദൈവത്തിന്റെ വലിപ്പമാണ് ഇവിടെ കാണിക്കുന്നത്. ഒരു ഭക്‌തിഗാനത്തിൽ പറയുന്നതുപോലെ ഇത്ര ചെറുതാകാൻ എത്ര വളരണം... സർവശക്‌തന്റെ മഹത്വമാണ് ഈ ചെറുതാകലിൽ നാം കാണേണ്ടത്.

ദൈവം എന്നോടു കമ്യൂണിക്കേറ്റ് ചെയ്യാനാണ്–പഞ്ചേന്ദ്രിയങ്ങളിലൂടെ സംവദിക്കാനാണു മനുഷ്യനായത്. എന്റെ അവിശ്വാസം നീങ്ങത്തക്കവിധം എന്റെ കൺമുന്നിൽ പഞ്ചേന്ദ്രിയപരതയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന ദൈവം യേശുക്രിസ്തു വഴി എനിക്കു പുത്രസ്വീകാര്യത ഉണ്ട് എന്ന് ഉറപ്പുതരികയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.