കുരിശുമരണം പാപിയുടെ വീണ്ടെടുപ്പിന്
കുരിശുമരണം പാപിയുടെ വീണ്ടെടുപ്പിന്
സാത്താനെ അനുസരിച്ചു ദൈവത്തെ ഉപേക്ഷിക്കുന്നവർ സാത്താന്റെ അടിമകളാണ്. അങ്ങനെയുള്ള മനുഷ്യരുമായി ദൈവത്തെ നഷ്‌ടപ്പെട്ട വേദന പങ്കുവയ്ക്കുമ്പോൾ സാത്താന് ആശ്വാസം ലഭിക്കും.

യേശു സാത്താനോടു മനുഷ്യനെ വിട്ടുതരാൻ ആവശ്യപ്പെട്ടപ്പോൾ അതു നീതിയല്ലെന്നു സാത്താൻ പറഞ്ഞു. കാരണം ‘ഞാൻ നൽകിയ പാപത്തിന്റെ സുഖം നുകർന്നു സ്വതന്ത്ര മനസോടെ എന്റെ കീഴിൽ അഭയം തേടിയവനാണു മനുഷ്യൻ. ഞാൻ നൽകിയ സുഖത്തിനു പകരം എന്റെ ഭീകരവേദനയിൽ മനുഷ്യൻ പങ്കുപറ്റി എന്നെ ആശ്വസിപ്പിക്കുകയാണ്. അവനെ ഞാൻ ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തതല്ല’ ഇതാണു സാത്താന്റെ നിലപാട്.

യേശു പറഞ്ഞു: എങ്കിൽ നിനക്കെതിരേ ഞാനിതാ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. നിന്റെ ആധിപത്യം തകർക്കാനാണു ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നത്. നിന്നെ പരാജയപ്പെടുത്തിക്കഴിഞ്ഞു ഞാൻ മനുഷ്യനെ വിളിക്കും. അവർ എന്നോടൊപ്പം നിന്റെ ദുരിതസ്‌ഥലത്തുനിന്ന് എന്റെ പറുദീസയിലേക്ക് സ്വതന്ത്ര മനസോടെ വരും.

എങ്കിൽ യുദ്ധം എന്നായി സാത്താൻ. മനുഷ്യനു പകരം എന്റെ പീഡകൾ നീ ഏറ്റുവാങ്ങണം. ഞാൻ ഏല്പിക്കുന്ന പീഡകളിൽനിന്നു നീ ഒഴിഞ്ഞുമാറുകയോ ഉപദ്രവിക്കല്ലേ എന്നു കേണപേക്ഷിക്കുകയോ ചെയ്താൽ നീ പരാജയപ്പെടും. എങ്കിൽ മനുഷ്യൻ എന്നും എന്റെ കീഴിൽത്തന്നെയായിരിക്കും. എന്റെ രാജ്യം ഭൂമിയിൽ നീണാൾ നിലനിൽക്കും!


മനുഷ്യമക്കൾക്കുവേണ്ടി ഈശോ സാത്താനും അവന്റെ ആളുകൾക്കുമായി സ്വയം വിട്ടുകൊടുത്ത് പീഡ സഹിക്കുമ്പോൾ തന്റെ മക്കളുടെ വീണ്ടെടുപ്പു മാത്രമാണ് ഈശോയുടെ ലക്ഷ്യം. പീഡാനുഭവത്തിനിടയിൽ പരാതിയോ പരിഭവമോ ഉണ്ടായാൽ യേശു പരാജയപ്പെടും. ഇവിടെയാണ് ഓർശ്ലേം സ്ത്രീകളുടെ കരച്ചിലും നിനക്കൊരിക്കലും ഇതു സംഭവിക്കാതിരിക്കട്ടെ എന്ന പത്രോസിന്റെ ആശംസയും ഈശോയെ വേദനിപ്പിക്കുന്നത്.

സാത്താൻ മർദകരുടെ കൂടെനിന്ന് ഈശോയെ പീഡിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് ’പാഷൻ’ ചിത്രത്തിൽ നമുക്കു കാണാം. മനുഷ്യനോടുള്ള സ്നേഹം കൊണ്ട് ഒരു പരാതിയും കൂടാതെ ഈ വേദനകൾ ഏറ്റുവാങ്ങിയതോടെ സാത്താൻ പരാജിതനായി.

സാത്താന്റെ കീഴിൽ പോയവരെ ഉത്ഥിതനായ ഈശോ തന്റെ അടുത്തേക്കു വിളിക്കുന്നു. എന്നിട്ടും പാപസുഖത്തിനുവേണ്ടി സാത്താന്റെ കൂടെ കഴിയുന്നത് എത്ര ഭയങ്കരം, എത്ര മൗഢ്യം. ഈശോയുടെ കുരിശുമരണത്തെപ്പോലും കൊഞ്ഞനം കാണിച്ച് അവർ സാത്താന്റെ രാജ്യം നിലനിർത്തുകയാണ്. ആ കൂട്ടത്തിൽ ഞാനും നീയും ഉണ്ടെങ്കിൽ!

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.