സഹനത്തിന്റെ ഫലമാണു ക്ഷമ
സഹനത്തിന്റെ ഫലമാണു ക്ഷമ
സഹിക്കുന്നവനു മാത്രമേ ക്ഷമിക്കാനുള്ള അധികാരമുള്ളൂ. ഏതൊരു ക്ഷമയുടെ പിന്നിലും നഷ്‌ടം സഹിച്ചതിന്റെ കഥയുണ്ട്.

എനിക്കെതിരേ ചെയ്ത തെറ്റ്, തെറ്റു ചെയ്തവനെതിരേ പരിഗണിക്കാതെ അയാളെ നീതീകരിക്കുക എന്നതാണു ശരിയായ ക്ഷമ. ദൈവം മനുഷ്യരുടെ തെറ്റുകൾ അവർക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്ദേശം ഞങ്ങളെ ഭരമേൽപ്പിച്ചുകൊണ്ടു ക്രിസ്തുവഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു. 2 കൊറിന്തോസ് 5:19. ദൈവം ക്രിസ്തുവഴി ക്ഷമിച്ചു എന്നും ക്രിസ്തുവഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തി എന്നും പറയുമ്പോൾ ഇവിടെ ദൈവം പോലും ക്ഷമിക്കാനുള്ള അധികാരം മനുഷ്യന്റെ മുന്നിൽ നേടിയതു ക്രിസ്തുവിന്റെ സഹനത്തിലൂടെയാണ്.

എന്നെ ഉപദ്രവിക്കുകയും എനിക്കു പരിഹരിക്കാനാവാത്ത നഷ്‌ടം വരുത്തുകയും ചെയ്ത ഒരാൾക്കു പാപമോചനം ലഭിക്കുന്നതു നഷ്‌ടം സഹിച്ച ഞാൻ ക്ഷമിക്കുമ്പോഴാണ്. വഴിയേ വന്ന ഒരാൾ തെറ്റുകാരനോട് ഞാൻ നിന്നോടു ക്ഷമിച്ചിരിക്കുന്നു എന്നു പറഞ്ഞാൽ അതു ക്ഷമയാവുകയില്ല.


പിതാവ് ആരെയും വിധിക്കുന്നില്ലെന്നും വിധിക്കാനുള്ള അധികാരം പുത്രനെ ഏല്പിച്ചിരിക്കുന്നുവെന്നും പറയുമ്പോൾ, പുത്രൻ സഹനത്തിലൂടെ അധികാരം നേടിയെടുത്തു എന്നതാണ് അർഥമാക്കുന്നത്.

ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ട് എന്നു യേശു തെളിയിക്കുന്നു. ഈ അധികാരം സഹനത്തിലൂടെ നേടിയെടുത്തതാണ്.

സഹനത്തിലൂടെ – ബലിയാകലിലൂടെ– നേടിയെടുത്ത ഈ അധികാരം യേശുക്രിസ്തു തന്റെ സഭയ്ക്കു നൽകിയിരിക്കുന്നു.

സഭ ഈ അധികാരത്തിൽ പങ്കുപറ്റുന്നത് അവന്റെ സഹനത്തിൽ പങ്കുപറ്റുന്നതിലൂടെയും ആ ബലിയർപ്പണം തുടരുന്നതിലൂടെയുമാണ്.

അതുകൊണ്ടു നേരിട്ടു ദൈവത്തോടു ക്ഷമ ചോദിച്ചാൽ പോരേ, എന്ന ചോദ്യത്തിനു പോരാ എന്നുതന്നെയാണ് അസന്ദിഗ്ധമായ മറുപടി. ദൈവം ക്രിസ്തുവഴിയാണ് ക്ഷമിച്ചത്. അതുകൊണ്ട് ക്രിസ്തുവഴിതന്നെയാണു പാപമോചനവും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.