യേശുവിന്റെ ബലി
യേശുവിന്റെ ബലി
യേശുവിന്റെ ബലിയോടെ മറ്റു ബലികൾക്കു സ്‌ഥാനമില്ലാതായി.
കോപിച്ച സ്രഷ്ടാവ് പ്രീതിപ്പെടാൻ മർത്യൻ പരിഹാരകർമങ്ങൾ ചെയ്തു.
കാളകളാട്ടിൻകുട്ടികൾ തൊട്ടെല്ലാം
ഹോമബലി വസ്തുവായി.
ചോരപ്പുഴകണ്ട് ദുഃഖിതനായ് യാഹ്വേ,
ചോദിച്ചു: മക്കളേ, എന്തിതെല്ലാം?
ആരാണുനിങ്ങളെ ഈ വക ചെയ്യിച്ചു
ഭാരപ്പെടുത്തുന്നതിന്നും!

തങ്ങളുടെ അകൃത്യങ്ങളുടെ പേരിൽ ദൈവം കോപിച്ചു എന്ന ധാരണയിൽ നിന്നുള്ള ബലിയർപ്പണങ്ങൾ കണ്ടു ദുഃഖിതനായ കർത്താവ് ഏശയ്യാ പ്രവാചകൻവഴി ചോദിക്കുന്നു. നിങ്ങളുടെ നിരവധിയായ ബലികൾ എനിക്ക് എന്തിന്! മുട്ടാടുകളെക്കൊണ്ടുള്ള ദഹനബലികളും കൊഴുത്ത മൃഗങ്ങളുടെ മേദസും എനിക്കു മടുത്തു (ഏശയ്യ 1:11–12) എന്നിങ്ങനെ പോകുന്നു പ്രവാചകവചനം. ബലിയർപ്പണം നിർത്തി വന്നു രമ്യതപ്പെടാനാണ് പ്രവാചകൻ വഴി ദൈവം വിളിക്കുന്നത്. പക്ഷേ, ആരിതു കേൾക്കുന്നു, സാക്ഷ്യമില്ലാത്തതാം സത്യം അസത്യമേയാകൂ.

മനുഷ്യൻ ഒരു ബലിയും അർപ്പിക്കാതെ ദുഷ്ടത തന്നെ ചെയ്യുമ്പോഴും ദൈവത്തിനു മനുഷ്യനോടുള്ള കരുതലിനോ സ്നേഹത്തിനോ കുറവുവന്നിട്ടില്ലെന്നും ദൈവം പാപിയുടെ പക്ഷത്താണെന്നും നഷ്‌ടപ്പെട്ടതിനെ കണ്ടെത്തി രക്ഷിക്കുക എന്ന ഒരു പദ്ധതിയേ ദൈവത്തിനുള്ളുവെന്നും കുരിശിലെ സാക്ഷ്യത്തിലൂടെ ഈശോ ഉറപ്പു നൽകുമ്പോൾ അതു വിശ്വാസയോഗ്യമാണ്.


ദൈവത്തെ പ്രസാദിപ്പിക്കാൻ ഒരു ബലിയർപ്പണം ആവശ്യമില്ലെന്നു യേശുവിന്റെ ബലിയർപ്പണത്തിലൂടെ സ്‌ഥാപിക്കപ്പെട്ടതിനാൽ പരിഹാരകർമങ്ങൾ ചെയ്യാനുള്ള ഉത്തരവാദിത്വത്തിൽനിന്നു മനുഷ്യൻ മോചിതനായി. അതുകൊണ്ടാണ് യേശുവിന്റെ ബലിയർപ്പണത്തോടെ മറ്റുബലിയർപ്പണങ്ങളെല്ലാം അവസാനിച്ചുവെന്നും യേശുവിന്റെ ബലിയർപ്പണം ലോകാവസാനത്തോളം തുടർന്നാൽ മതിയെന്നും പറയുന്നത്.

ദൈവം നമ്മുടെ പാപം യേശുക്രിസ്തുവഴി ക്ഷമിച്ചുതന്നത് ഏതെങ്കിലും ബലിയുടെ യോഗ്യതകൊണ്ടല്ല. പിന്നെയോ ഒരു തെറ്റും ചെയ്യാത്ത യേശു കുരിശിൽ സ്വയം അർപ്പിക്കാൻ വിട്ടുകൊടുത്തുകൊണ്ടു ദൈവത്തിന്റെ അനാദിയിലെയുള്ളതും അനന്തമായതുമായ കാരുണ്യം വെളിപ്പെടുത്തിയതുകൊണ്ടാണ്. നിത്യതയോളം കടപ്പെട്ടു പോയി ഞാൻ! കർത്താവേ, ഒ! എന്റെ ദൈവമേ! എന്നു പറയാനേ നമുക്കാവൂ!

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.