പ്രതികൂല സാഹചര്യം നല്ലതാണ്
പ്രതികൂല സാഹചര്യം നല്ലതാണ്
വിലപിടിപ്പുള്ള കാറുകൾ ക്രാഷ് ടെസ്റ്റിനു വിധേയമാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.കാർ പാഞ്ഞുപോയി ഇടിച്ചു തകരാൻ അനുവദിക്കുന്നത് അതിനകത്തു സഞ്ചരിക്കുന്നവർക്ക് എത്രമാത്രം സുരക്ഷിതത്വമുണ്ട് എന്നു കണ്ടെത്താനാണ്. ഇതുപോലെ നമ്മിലെ ബാഹ്യമനുഷ്യനെ ഇടിച്ചുതകർക്കുമ്പോഴാണ് ആന്തരികമനുഷ്യൻ സുരക്ഷിതമാണോ എന്ന് അറിയാനാവുന്നത്.

എന്നെ ആരെങ്കിലും ആഴമായി കുത്തിയാൽ മാത്രമേ ആഴത്തിൽ, ആന്തരികതയിൽ, എന്താണുള്ളത് എന്ന് അറിയാനാവും. കുത്തു കിട്ടുമ്പോൾ ശാപവാക്കുകളാണ് പുറത്തുവരുന്നതെങ്കിൽ തിരിച്ചറിയുക, നിന്റെ അന്തരാത്മാവിൽ അനുഗ്രഹമല്ല ശാപമാണ് നിറഞ്ഞുകിടക്കുന്നത്. ഉപരിപ്ലവമായ ചെറിയ കുത്തുകളൊക്കെ കിട്ടുമ്പോൾ ഗൗനിക്കാതിരിക്കുകയും ആഴമായതു കിട്ടുമ്പോൾ രൂക്ഷമായി പ്രതിക്രിയ ചെയ്യുകയും ആണെങ്കിൽ അത് നമ്മെത്തന്നെ തിരിച്ചറിയാനുള്ള അടയാളമാണ്.

ഇവിടെയാണ് യേശുവിന്റെ കുരിശ് നമുക്കു സത്യത്തിന്റെ നേർക്കാഴ്ചയാകുന്നത്. എത്ര ആഴത്തിൽ കുത്തിയിട്ടും യേശുവിൽനിന്ന് അനുഗ്രഹം മാത്രമേ പുറപ്പെട്ടുവന്നുള്ളൂ. കാരണം, യേശുവിൽ അനുഗ്രഹം മാത്രമേയുള്ളൂ. അനുഗ്രഹം മാത്രമുള്ളവരെ പീഡിപ്പിച്ചാൽ അനുഗ്രഹം പുറത്തുവരുക എന്നതുസ്വാഭാവികമാണ്. എസ്തപ്പാനോസിനെ കല്ലെറിഞ്ഞു കൊല്ലുമ്പോൾ ആ ചെറുപ്പക്കാരനിൽനിന്ന് അനുഗ്രഹവാക്കുകൾ മാത്രമേ പുറത്തുവരുന്നുള്ളൂ.


സുവർണമായ ഒരു ആഭരണം ഉരച്ചുനോക്കിയാലേ പുറംപൂച്ചാണോ അതോ തനിസ്വർണമാണോ എന്നറിയാനാവൂ. പ്രതികൂല സാഹചര്യങ്ങളിൽ അസ്വസ്‌ഥരാകുന്നവരും പരാതിയും പരിഭവവും വിമർശനവും കുറ്റംവിധിക്കലും കലഹവും വ്യവഹാരവും നീരസവും എല്ലാമായി കഴിയുന്നവരും വെറും പുറംപൂച്ചുകാർ മാത്രമാണ്.

അവർ ഉള്ളിന്റെയുള്ളിൽ കൃപയോ ദൈവമഹത്വമോ കരുണയോ ഒന്നുമില്ലാതെ ജീവിച്ച് നാശത്തിലേക്കു നീങ്ങുന്നവരാണ്. യേശുവിന്റെ കുരിശിലേക്കു നോക്കുമ്പോൾ ദൈവത്വത്തിന്റെ പൂർണത മനുഷ്യത്വത്തിൽ നാം കാണുകയും സ്വന്തം അപൂർണതയെപ്രതി അനുതപിച്ച് കരയുകയും വേണം. യേശുവേ, നിനക്കിതു വന്നല്ലോ എന്നോർത്തല്ല കരയേണ്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.